Saturday, December 14, 2019

ചലച്ചിത്രമേളയിലെ ഫോട്ടോക്കാഴ്ചകള്‍-ചില മാധ്യമ നൈതിക ചിന്തകള്‍

ഒരു ചലച്ചിത്ര മേളയ്ക്കു കൂടി തിരുവനന്ത പുരത്ത് കൊടിയിറ ങ്ങുകയാണ്. തെരഞ്ഞെ ടുപ്പിലെ അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഏറെക്കുറെ കുറ്റമറ്റ നടത്തിപ്പിനും ശ്രദ്ധിക്കപ്പെട്ട മേള രജതജൂബിലിയിലേക്ക് കൗണ്ട് ഡൗണ്‍ തുടങ്ങിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, മേളയുമായി ബന്ധപ്പെട്ട, എന്നാല്‍ നേരിട്ട് ബന്ധമില്ലാത്ത ഒന്നു രണ്ടു കാര്യങ്ങളെപ്പറ്റി എഴുതാതെ തരമില്ലെന്നു കരുതുകയാണ്. ഒന്നാമത്, കേരളത്തിന്റെ രാജ്യാന്തരചലച്ചിത്രമേള അതിന്റെ 24-ാം വയസില്‍ പ്രേക്ഷകരുടെ കാര്യത്തില്‍ വല്ലാത്ത പക്വത കാണിച്ചു തുടങ്ങിയിരിക്കുന്നു എന്നുള്ളതാണ്. പങ്കാളിത്തത്തിന്റെ സജീവതയില്‍ മാത്രമല്ല, സിനിമാമന്ത്രിയും വിശ്വോത്തര ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനും അടക്കം ചൂണ്ടിക്കാണിച്ചതുപോലെ അച്ചടക്കത്തിന്റെ കാര്യത്തിലും ആത്മാര്‍പ്പണത്തിന്റെ കാര്യത്തിലും ക്ഷമയുടെ കാര്യത്തിലും പ്രേക്ഷകര്‍ വല്ലാത്ത പക്വതയാണ് പ്രകടമാക്കിയത്. അതുകൊണ്ടു തന്നെയാണ് ഇക്കുറി മേള പ്രശ്‌നങ്ങളില്ലാതെ നടന്നുപോയതും.

കേരളത്തില്‍ ചലച്ചിത്രമേള തുടങ്ങുന്ന കാലത്ത് പത്രങ്ങള്‍, വിശേഷിച്ച് മലയാള പത്രങ്ങള്‍ മേളയെ സമീപിച്ചത് ഒരല്‍പം നെഗറ്റീവായിട്ടാണ്. റിപ്പോര്‍ട്ട് ചെയ്തിരുന്നതോ അതിന്റെ ഉള്ളടക്കത്തേക്കാളേറെ അതിനു ചുറ്റും നടക്കുന്ന ഉത്സവക്കാഴ്ചകളും അബദ്ധങ്ങളും പിഴവുകളുമൊക്കെയായിരുന്നു. ഒരുതരം സദാചാര/മോറല്‍ പൊലീസിങ് മനസ്ഥിതിയോടെ, ചലച്ചിത്രമേളപ്പറമ്പുകളിലെ ഏറെക്കുറേ വിവേചനരഹിതവും സമത്വപരവുമായ തുറന്ന ഇടപെടലുകളെ ചിത്രീകരിക്കുകം അയ്യപ്പകവിയുടെയും മറ്റും അരാജകാവസ്ഥകളെ പര്‍വതീകരിക്കുകയും വഴി, ചലച്ചിത്രമേളയെന്നാല്‍ എന്തോ പ്രശ്‌നമുളള ഒന്ന് എന്ന് സാധാരണക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു അവര്‍. സെന്‍സര്‍ ചെയ്യാത്ത ലൈംഗികതയും മറ്റും ആണ്‍-പെണ്‍ ഭേദമന്യേ ഒന്നിച്ചിരുന്നു കാണാനും കള്ളും കഞ്ചാവുമടിച്ച് കറങ്ങിനടക്കാനുമൊക്കെയായി ആള്‍ക്കൂട്ടം തിക്കിത്തിരക്കുന്നയിടം എന്ന തരത്തിലുള്ള പ്രതിച്ഛായയാണ് മാധ്യമങ്ങള്‍ സൃഷ്ടിച്ചത്. മേളയ്‌ക്കെത്തുന്ന നൂറുകണക്കിനു സിനിമകളില്‍ അങ്ങനെ ലൈംഗികരംഗങ്ങളുള്ളവ തിരഞ്ഞുപിടിച്ച് അതേപ്പറ്റിയെഴുതുകയും അതിനുവേണ്ടിയുള്ള തിരക്കിനെപ്പറ്റി വീണ്ടും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട് പത്രങ്ങള്‍. മേളയ്‌ക്കെത്തുന്ന പ്രതിനിധികളുടെ വേഷവിതാനത്തെപ്പോലും അവര്‍ വെറുതേ വിട്ടില്ല.മേളപ്പറമ്പിലെ നെഗറ്റീവ് കാഴ്ചകള്‍ മാത്രം ഒപ്പിയെടുത്ത് സര്‍ക്കാസ്റ്റിക്കായി റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന വിമര്‍ശന പംക്തികള്‍ പോലുമുണ്ടായിരുന്നു മിക്ക പത്രങ്ങളിലും. വ്യാജപ്പേരില്‍ അവയൊക്കെ എഴുതിയിരുന്നതാവട്ടെ, മേളയുടെ സംഘാടകസമിതിയംഗങ്ങള്‍ പോലുമായ മുന്‍നിര പത്രലേഖകരും.

തീര്‍ച്ചയായും ശൈശവത്തില്‍ ചലച്ചിത്രമേളയില്‍ അത്തരം അപക്വതകള്‍ ഉണ്ടായിട്ടുണ്ട്. സ്വതന്ത്രമായൊരു ഇടത്തിന്റെ പരിമിതി അനുഭവിച്ചിരുന്ന കേരളത്തിലെ യുവത്വം ഐഎഫ്എഫ്.കെയെ അത്തരമൊരു സ്വതന്ത്ര ഇടമായി കണ്ട് ഇടപഴകിയിരുന്നു എന്നതു സത്യം. പക്ഷേ, മേള കൗമാരയൗവനങ്ങള്‍ പിന്നിട്ടതോടെ, സത്യത്തില്‍ ഉള്ളടക്കത്തിനു മാത്രമായി സ്ഥാനം. വിമതശബ്ദങ്ങള്‍ക്കു പോലും ശ്രദ്ധ കിട്ടിത്തുടങ്ങി.അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള തുറന്ന വേദിയായി അതുയര്‍ന്നു. ലൈംഗികതയും ലോക സിനിമയും വിരല്‍ത്തുമ്പില്‍ കിട്ടുന്ന സൈബര്‍തലമുറയ്ക്ക് ചലച്ചിത്രമേളകളോടുളള സമീപനം തന്നെ മാറി. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷമായി മേളയ്‌ക്കെത്തുന്നവര്‍ക്കറിയാം, യുവതീയുവാക്കളുടെ തിക്കും തിരക്കും മേളപ്പറമ്പിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്കല്ല മറിച്ച് തീയറ്ററുകള്‍ക്കുമുന്നിലും ഉള്ളിലുമാണെന്ന്. കഴിയുന്നത്ര സിനിമകള്‍ കാണാനാണ് അവര്‍ ഈ സമയം വിനിയോഗിക്കുന്നത്. സംഘാടകര്‍ നല്‍കുന്ന സിനോപ്‌സിസിനുമപ്പുറം നെറ്റില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചും ട്രെയ്‌ലര്‍ വരെ കണ്ടും സിനിമകളെപ്പറ്റി മുമ്പില്ലാത്തവണ്ണം മുന്‍ധാരണയോടെ കൃത്യമായി ചാര്‍ട്ട് ചെയ്ത് സിനിമയ്‌ക്കെത്തുന്നവരാണധികം. അതിന്റെ തെളിവാണ് പാതിരാത്രി തുടങ്ങുന്ന സീറ്റ് ബുക്കിങ് നിമിഷങ്ങള്‍ക്കകം പൂര്‍ത്തിയാവുന്നതും! തുറന്ന ലൈംഗികതയുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നിടത്തല്ല, തുറന്ന രാഷ്ട്രീയവും വിവാദരാഷ്ട്രീയവും ചര്‍ച്ചചെയ്യുന്ന സിനിമകളുടെ പ്രദര്‍ശനശാലകള്‍ക്കുമുന്നിലാണ് ഇപ്പോഴത്തെ തിരക്കും ബഹളവും. ഇത്തവണ തന്നെ പ്രേക്ഷകര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് സംഘാടകര്‍ ഇടപെട്ട് പുനര്‍പ്രദര്‍ശനം ഏര്‍പ്പെടുത്തിയ മൂന്നു സിനിമകളേതൊക്കെയെന്നു പരിശോധിച്ചാല്‍ ഇപ്പറഞ്ഞത് ബോധ്യപ്പെടും.
ചലച്ചിത്രമേളയുടെ പങ്കാളിത്തത്തില്‍ വന്നിട്ടുള്ള ഈ മാറ്റങ്ങളെ,കാലത്തിന്റെ ചുവരെഴുത്തിനെ, ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ മലയാള പത്രങ്ങളൊന്നും കാര്യമായി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നതിലാണ് സങ്കടം. 

ടൈംസ് ഓഫ് ഇന്ത്യ മുംബൈ ചലച്ചിത്രരംഗത്തെ നോക്കിക്കാണുന്ന 'പേജ് ത്രീ' മാനസികാവസ്ഥയോടെയാണ് മലയാള മനോരമയടക്കമുള്ള മുഖ്യധാരാപത്രങ്ങള്‍ ഇപ്പോഴും ഐഎഫ്.എഫ്.കെ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേള തുടങ്ങി ഏഴുദിവസവും മേളപ്പറമ്പില്‍ നിന്ന് എന്ന അടിക്കുറിപ്പില്‍ സുന്ദരികളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് പ്രധാനമായും അവരുടെ റിപ്പോര്‍ട്ടിങ് ശൈലി. ഈ ശൈലിയിലെ നൈതിക പ്രശ്‌നങ്ങള്‍ പോലും അവര്‍ തിരിച്ചറിയുകയോ മനസിലാക്കുകയോ ചെയ്യാതെ പോവുന്നു എന്നതാണ് മാധ്യമധാര്‍മികതയുടെ പശ്ചാത്തലത്തില്‍ ചൂണ്ടിക്കാണിക്കപ്പെടേണ്ടത്.
ചലച്ചിത്രമേളയിലെ ജനകീയ പങ്കാളിത്തം വെളിപ്പെടുത്താന്‍ മാത്രമല്ല, കേവലം ഒരു സൂപ്പര്‍താരചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ആരാധകത്തിരക്ക് വെളിപ്പെടുത്താന്‍ പോലും പ്രദര്‍ശനശാലയ്ക്കു പുറത്തെ ആള്‍ക്കൂട്ടത്തിന്റെ ഒരു ചിത്രം വലുതാക്കി പ്രസിദ്ധീകരിക്കുന്നതില്‍ ദാര്‍ശനികവും നൈതികവുമായ യാതൊരു തകരാറുമില്ല. ഒരു സംഘര്‍ഷം നടക്കുമ്പോഴോ യുദ്ധഭുമിയില്‍നിന്നോ അത്യാഹിതത്തിന്റെയോ മറ്റോ ചിത്രം പോലെ മാത്രമേയുള്ളൂ പത്രത്താളില്‍ അതിന്റെ സാംഗത്യം. എന്നാല്‍, ഫോക്കസ് ചെയ്യുന്നത് ആള്‍ക്കൂട്ടത്തില്‍ ചിലരിലേക്ക്, വിശേഷിച്ച് സുന്ദരികളായ യുവതികളിലേക്ക്, അതിലുമുപരി വ്യത്യസ്തമായി വേഷം ധരിച്ചവരിലേക്ക് മാറുമ്പോഴാണ് മാധ്യമനൈതികതയില്‍ 'കാഴ്ചപ്പാട് ' പുനര്‍ക്രമീകരിക്കപ്പെടുന്നത്. ദുരന്തഭൂമിയില്‍ അപായപ്പെടുന്നതോ രക്ഷപ്പെടുന്നതോ ആയ ഒരാളിലേക്ക് കാഴ്ച കേന്ദ്രീകരിക്കപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമാണിത്. പ്രളയകാലത്ത് നിറഗര്‍ഭിണിയെ കൈക്കുഞ്ഞുമായി സാഹസികമായി രക്ഷിക്കുന്നതിന്റെ നേര്‍ച്ചിത്രത്തിന്റെ കാഴ്ചക്കോണ്‍ അല്ല വ്യക്തിപരമായ പല ഒത്തുതീര്‍പ്പുകള്‍ക്കുമൊടുവില്‍ ചലച്ചിത്രമേള പോലെയുള്ള അസുലഭ സാംസ്‌കാരികസംഗമത്തിന്റെ ഭാഗമാകാനെത്തുന്ന ഒന്നോ രണ്ടോ യുവതികളുടെ ചിത്രത്തിന്റെ ഫോക്കസ്. ആദ്യത്തേത് വാര്‍ത്തയാണ്. അതിലുള്‍പ്പെട്ട ആളുടെ മുന്‍കൂട്ടിയുള്ള സമ്മതമോ അനുമതിയോ അതു ഷൂട്ട് ചെയ്യുന്നതിലോ പ്രസിദ്ധീകരിക്കുന്നതിലോ ആവശ്യവുമല്ല. സെക്രട്ടേറിയറ്റ് പടിക്കലെ സംഘര്‍ഷത്തില്‍ പൊലീസ് അതിക്രമത്തിനിരയാവുന്ന സിന്ധു ജോയിയുടെ ചിത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിക്കുന്നതിന് പത്രത്തിന് സിന്ധുവിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. കാരണം അടിസ്ഥാനപരമായി അതൊരു വാര്‍ത്താചിത്രമാണ്. അവിടെ അവരുണ്ടാകുമെന്നത് പരസ്യവിവരമാണ്; അവരുണ്ടാവേണ്ടിയിരുന്നത് അത്യന്താപേക്ഷിതവും. അതുകൊണ്ട് പൊലീസ് അതിക്രമത്തിന്റെ വാര്‍ത്താചിത്രത്തില്‍ സിന്ധു പ്രധാന വിഷയമായി എന്നതില്‍ നൈതികമായ അപാകതയില്ല. എന്നാല്‍ അതല്ല, ചലച്ചിത്രമേളയ്‌ക്കെത്തുന്ന ആയിരങ്ങളില്‍, ഒന്നോ രണ്ടോ, ഒരു പക്ഷേ ഒരു കൂട്ടമോ മാത്രമായ പെണ്‍കുട്ടികളിലേക്ക്/യുവതികളിലേക്ക് തുറന്നടയുന്ന ക്യാമറാക്കാചം പകര്‍ത്തുന്ന ദൃശ്യത്തിന്റെ രാഷ്ട്രീയം. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് അത്. ഏതാള്‍ക്കൂട്ടത്തിലും ഒരാളെ-വിശേഷിച്ച് അയാള്‍ ഒരു സെലിബ്രിറ്റിയല്ലാതിരിക്കുന്നിടത്തോളം-മാത്രം ഫോക്കസ് ചെയ്ത് ചിത്രമെടുക്കുന്നതും അയാളുടെ അനുമതി കൂടാതെ അതു പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും ഭരണഘടനാപരമായ മൗലികാവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റമാണ്. 

വ്യക്തിയുടെ സ്വകാര്യതയ്ക്ക് വളരെ വലിയ സ്ഥാനമാണ് ഇന്ത്യന്‍ ഭരണഘടന കനിഞ്ഞു നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയും അതിനെ പരിപാവനമായിത്തന്നെ നിലനിര്‍ത്തിപ്പോരുന്നു. അതുകൊണ്ടാണ് ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പോലും സ്വകാര്യമാണെന്ന് സുപ്രീം കോടതി നിലപാടെടുക്കുന്നത്. സൈബറിടങ്ങളിലെ പ്രധാന നൈതികപ്രശ്‌നമായി കണക്കാക്കപ്പെടുന്നതും വ്യക്തിസ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും സ്വകാര്യ വിവരങ്ങളുടെ അനുമതി കൂടാതെയുള്ള ദുരുപയോഗവും തന്നെയാണ്. വ്യക്തിയുടെ പാസ്‌വേഡ് അടക്കമുള്ള സ്വകാര്യ രഹസ്യവിവരങ്ങള്‍ അട്ടിമറിയിലൂടെ സ്വന്തമാക്കുന്ന ഹാക്കര്‍മാരുടേതിനു സമാനമാണ്, അവരറിയാതെ ചലച്ചിത്രമേളയ്‌ക്കെത്തുന്ന സുന്ദരികളുടെ ചിത്രങ്ങള്‍ ക്‌ളോസപ്പിലും മധ്യദൂരദൃശ്യത്തിലും പകര്‍ത്തി ബ്‌ളോ അപ്പ് ചെയ്ത് നഗരപ്പേജുകളില്‍ പ്രസിദ്ധീകരിക്കുന്ന പത്ര ഛായാഗ്രാഹകരുടെയും പത്രാധിപന്മാരുടെയും പ്രവൃത്തി. ദൗര്‍ഭാഗ്യവശാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടാന്‍ ആര്‍ജ്ജവമുള്ള ഒരു പത്രാധിപമേലാളന്‍ പോലുമുണ്ടാവുന്നില്ലെന്നതിലാണ് ആശങ്കപ്പെടേണ്ടത്.

തീയറ്ററിനു മുന്നിലെ അപ്രതീക്ഷിത ക്യൂവോ, ഒരു പ്രശ്‌നത്തെത്തുടര്‍ന്നുണ്ടാകുന്ന തിക്കും തിരക്കുമോ, ഒരു താരത്തെ കണ്ടപ്പോഴുണ്ടാവുന്ന ആള്‍ക്കൂട്ടമോ, ഒരു കലാപ്രകടനമോ ഒക്കെ വാര്‍ത്താചിത്രമാക്കുന്നതില്‍ വൈരുദ്ധ്യം ലേശവുമില്ല. കാരണം അതിനൊക്കെ ഒരു വിശദീകരണമുണ്ട്.അത് അടിക്കുറിപ്പില്‍ വ്യക്തമാക്കാനാവുന്നതുമാണ്. ഈ വിശദീകരണം തന്നെയാണ് ആ ചിത്രത്തിന്റെ വാര്‍ത്താമൂല്യവും. ഇനി തീര്‍ത്തും അക്കാദമികമായി മാത്രം കഴിഞ്ഞ ഒരാഴ്ചത്തെ മലയാള മനോരമയുടെ തിരുവനന്തപുരം മെട്രോയില്‍ വന്ന മേളച്ചിത്രങ്ങളും അവയുടെ അടിക്കുറിപ്പുകളും ഉദാഹരണമായി എടുത്തൊന്നു പരിശോധിക്കുക. മിക്ക ദിവസങ്ങളിലും ആദ്യപുറത്തും ഉള്‍പ്പേജുകളിലും പ്രസിദ്ധീകരിക്കപ്പെട്ട ചലച്ചിത്രമേളച്ചിത്രങ്ങളില്‍ എന്തു വാര്‍ത്തയാണുള്ളത്. ഒന്നോ അതിലധികമോ സുന്ദരികള്‍ മേളപ്പറമ്പിലൂടെ നടന്നു വരുന്നതോ, കൂട്ടം കൂടി നിന്നു സംസാരിക്കുന്നതോ, ചിരിച്ച് അര്‍മാദിക്കുന്നതോ ആയ സുന്ദരമായ ഫ്രെയിമുകള്‍ അവരറിയാതെ ക്‌ളിക്ക് ചെയ്ത് '' ചലച്ചിത്രമേളയിലെ പ്രധാന വേദിയില്‍ നിന്ന്'' അല്ലെങ്കില്‍ ''ഐഎഫ് എഫ് കെയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍''  എന്നോ ഉള്ള ഒഴുക്കന്‍ ക്യാപ്ഷനുമായിട്ടാണ് പ്രസ്തുത ചിത്രങ്ങളിലധികവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ''നായ മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ല, മനുഷ്യന്‍ നായയെ കടിച്ചാല്‍ അതു വാര്‍ത്ത'' എന്ന വാര്‍ത്താമൂല്യത്തിന്റെ തേഞ്ഞുപഴകിയ നിര്‍വചനമെടുത്താല്‍ പോലും എങ്ങനെ ന്യായീകരിക്കപ്പെടും ഇത്? കാരണം ചലച്ചിത്രമേളയെന്നത് ജനാധിപത്യപരമായ ഒരിടമാണ്. അവിടെ ചുറ്റിക്കറങ്ങാന്‍ പ്രായപൂര്‍ത്തിയാവണമെന്നു പോലുമില്ല. പാസെടുത്ത് തീയറ്ററിനുള്ളില്‍ കയറാന്‍ മാത്രം മതി പ്രായപൂര്‍ത്തി നിബന്ധന പോലും എന്നിരിക്കെ മേളയിലെത്തിയവര്‍ എന്ന നിലയ്ക്ക് പെണ്‍കുട്ടികളെ മാത്രം കേന്ദ്രീകരിച്ചു ചിത്രമെടുത്തു പ്രസിദ്ധീകരിക്കുന്നതില്‍ ലിംഗവിവേചനവും സ്ത്രീവിരുദ്ധതയും പോലും ആരോപിക്കുന്നതില്‍ തെറ്റില്ല. എന്നു തന്നെയല്ല ആര്‍ട്ടിക്കിള്‍ 19-1 ന്‍മേലുള്ള കടന്നുകയറ്റം കൂടിയായിത്തീരുന്നുണ്ട് ഈ ചിത്രങ്ങളുടെ പ്രസിദ്ധീകരണം. പത്രങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്ന ചിത്രങ്ങളില്‍ ഒന്നു പോലും സെലിബ്രിറ്റികളല്ലാത്ത ആണ്‍കുട്ടികളുടെ/പുരുഷന്മാരുടെ ആവുന്നില്ല എന്നതും ശ്രദ്ധിക്കുക. സിനിമ എന്ന മാധ്യമം ദൃശ്യപരമായി സ്ത്രീയെ/പെണ്ണുടലിനെ എത്രത്തോളം കമ്പോളവല്‍ക്കരിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്നുവോ അത്രത്തോളം ദുഷ്ടലാക്കോടെ അവയെ വില്‍പനച്ചരക്കാക്കുക തന്നെയാണ് പത്രങ്ങളും ഇത്തരം 'വാര്‍ത്താ'ചിത്രങ്ങളിലൂടെ!

മേളയ്‌ക്കെത്തുന്ന കുറച്ച് സുന്ദരികള്‍ക്ക് സ്വന്തം ചിത്രം പിറ്റേന്നത്തെ പത്രത്തില്‍ വലിപ്പത്തില്‍ അച്ചടിച്ചുവരുന്നതില്‍ താല്‍പര്യമെന്നല്ല ഇഷ്ടം തന്നെ ഉണ്ടായേക്കാം. അതില്‍ തെറ്റില്ല. അതവരുടെ ഇച്ഛയും ഇഷ്ടവുമാണ്. അവരുടെ അനുമതിയോടെ അവരുടെ ചിത്രമെടുക്കുകയോ മുഴുപ്പേജ് വലിപ്പത്തില്‍ പ്രസിദ്ധീകരിക്കുകയോ ആവാം. യാതൊരപാകതയുമില്ല. എന്നാല്‍ അതുപോലല്ല, സാധാരണക്കാരുടെ കാര്യം. ചലച്ചിത്രമേളയ്‌ക്കെത്തുന്ന എല്ലാ യുവ പ്രതിനിധികളും സ്വന്തം വീടുകളില്‍ പറഞ്ഞ് അനുമതിയോടെ പങ്കെടുക്കുന്നവരാകണമെന്നില്ല. വീട്ടില്‍ പറയാതെ ചലച്ചിത്രമേളയ്‌ക്കെത്തുക എന്നത് ഇന്ത്യന്‍ ഭരണഘടനയനുസരിച്ചോ പീനല്‍ കോഡനുസരിച്ചോ കുറ്റകൃത്യവുമല്ല. സാംസ്‌കാരികവും സാമുദായികവും സാമൂഹികവുമായ ദുഷ്പ്രവണതയുമല്ലത്. കാര്യങ്ങളിങ്ങനായിരിക്കെ സിനിമയെന്ന മാധ്യമത്തോടും അതുല്‍പാദിപ്പിക്കുന്ന രാഷ്ട്രീയ-സാമൂഹിക നിലപാടുകളോടുമുളള താല്‍പര്യം കൊണ്ടോ ഇതൊന്നും കൂടാതെ കേവലം ജിജ്ഞാസ കൊണ്ടോ ചലച്ചിത്രമേളയില്‍ പാസെടുത്തു പങ്കാളിയാവുകയും മേളപ്പറമ്പുകളില്‍ സജീവമാവുകയും ചെയ്യുന്നതിലും ഇപ്പറഞ്ഞ നിയമ -നീതി പ്രശ്‌നങ്ങളില്ല. ജനാധിപത്യ ഇന്ത്യയില്‍ പൗരന് അവകാശപ്പെട്ട മൗലിക സ്വാതന്ത്ര്യം തന്നെയാണത്. ഈ ഇഷ്ടത്തിന്മേലാണ് അവരറിയാതെ മാധ്യമ ഛായാഗ്രാഹകര്‍ കടന്നു കയറി അതിക്രമം കാട്ടുന്നത്. കാരണം വീട്ടുകാരറിയാതെ സുഹൃത്തുകള്‍ക്കൊപ്പമോ ഒറ്റയ്‌ക്കോ ചലച്ചിത്രമേളയ്‌ക്കെത്തുന്ന യുവതിയുടെ ചിത്രം വലിപ്പത്തില്‍ പിറ്റേന്നത്തെ ദിനപത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു എന്നു കരുതുക. അതുണ്ടാക്കാവുന്ന സാമൂഹിക-ഗാര്‍ഹിക-പ്രത്യാഘാതങ്ങളുടെ വൈകാരികതയ്ക്ക് ആര് ഉത്തരവാദിത്തം പറയും? ഇവിടെയാണ്, പ്രസ്തുത ചിത്രം നഗ്നമായ സ്വകാര്യതാ ലംഘനവും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാകുന്നത് എന്നു തിരിച്ചറിയാന്‍ വലിയ വിവരമൊന്നുമാവശ്യമില്ല, സാമാന്യ ബുദ്ധിയേ വേണ്ടൂ. 

ജനാധിപത്യ ഇന്ത്യയില്‍ വീട്ടില്‍ പറഞ്ഞോ പറയാതെയോ സ്വേച്ഛ പ്രകാരം, കുറ്റകൃത്യമൊഴികെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ലിംഗഭേദമന്യേ ഏതൊരു വ്യക്തിക്കുമുണ്ട്. ആ നിലയ്ക്ക് ആരോടും പറയാതെ ചലച്ചിത്രമേള പോലൊരു സാംസ്‌കാരിക കൂട്ടായ്മയില്‍ പങ്കെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും പ്രായപൂര്‍ത്തിയായ ഏതു പെണ്‍കുട്ടിക്കുമുണ്ട്. അതു പോലും ഒരു സദാചാര കുറ്റകൃത്യം പോലെ പര്‍വതീകരിക്കുകയും വക്രീകരിക്കപ്പെടുകയുമാണ് ഇത്തരം ഫോട്ടോഗ്രാഫുകളിലൂടെ. ഇവിടെ അവരുടെ ശരീരത്തിന്റെ ദൃശ്യം അവരുടെ സമ്മതം കൂടാതെ ദുരുപയോഗിക്കുകതന്നെയാണ്.
മുംബൈ പത്രങ്ങളുടെയും മറ്റും പേജ് ത്രീ ഗ്‌ളാമര്‍ ചിത്രങ്ങളുടേതില്‍ നിന്ന്  ഇവ വ്യത്യസ്തമാവുന്നതെങ്ങനെ എന്നു നോക്കാം. സ്വകാര്യ പാര്‍ട്ടികള്‍ക്കടക്കം പങ്കെടുക്കാനെത്തുന്ന താരങ്ങളുടെയും താരതുല്യരായ ഇതര വ്യക്തിത്വങ്ങളുടെയും ഫാഷന്‍ ചിത്രങ്ങളാണ് സാധാരണ പേജ് ത്രീ അലങ്കരിക്കുക. ഇതാവട്ടെ അത്തരം ചടങ്ങുകളില്‍ സംഘാടകര്‍ തന്നെ ഒരുക്കുന്ന റെഡ് കാര്‍പ്പറ്റ് ബാക്ക് സ്റ്റേജില്‍ വച്ചുള്ള അനുമതിയോടു കൂടിയുള്ള ചിത്രീകരണം തന്നെയാവും. വസ്ത്രവും മേക്കപ്പുമൊക്കെ ശരിയാക്കി തീര്‍ത്തും പ്രൊഫഷനലായിത്തന്നെയാണ് അവര്‍ ചിത്രങ്ങള്‍ക്കു പോസ് ചെയ്യുന്നതും. പോസ് ചെയ്യുക എന്നതില്‍ തന്നെ ചിത്രീകരിക്കപ്പെടുന്ന വ്യക്തിയുടെ സമ്മതം സ്പഷ്ടവുമാണ്.എന്നാല്‍, ഐഎഫ്എഫ്‌കെയിലെത്തുന്ന പാവം പെണ്‍കുട്ടികളില്‍ പലരും ആള്‍ക്കൂട്ടത്തില്‍ അവര്‍ ഫോക്കസ് ചെയ്യപ്പെടുന്നു എന്നുപോലും തിരിച്ചറിയുന്നുണ്ടാവില്ല. ചിത്രമെടുക്കുന്നുണ്ടെന്നറിഞ്ഞ സ്വന്തം വസ്ത്രത്തിന്റെ സ്ഥാനം തെറ്റല്‍ പോലും ഒന്നു ശരിയാക്കാന്‍ അതിലുള്‍പ്പെടുന്ന സബ്ജക്ടുകള്‍ക്ക് ഇവിടെ അവസരം ലഭിക്കുന്നില്ല. ഫലത്തില്‍, ഇത്തരം വാര്‍ത്താചിത്രീകരണം പരോക്ഷമായ വോയറിസ്റ്റിക്ക് ഒളിഞ്ഞുനോട്ടമായി പര്യവസാനിക്കുന്നു. അവരുദ്ദേശിച്ച തരം പെണ്‍കുട്ടികളുടെ ചിത്രം കിട്ടാത്തപക്ഷം പലപ്പോഴെടുത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൂട്ടിയൊട്ടിച്ചു കൊടുക്കുന്ന പ്രവണത പോലും പത്രങ്ങളില്‍ കാണുന്നുണ്ട്.
മാധ്യമധാര്‍മികതയുടെ ഏതളവുകോല്‍ വച്ചു വിലയിരുത്തിയാലും ന്യായീകരിക്കാനാവാത്തതാണത്. കാരണം ഒളിക്യാമറാ പത്രപ്രവര്‍ത്തനം വഴി വെളിപ്പെടുത്തേണ്ട യാതൊരു വാര്‍ത്താപ്രാധാന്യവും ചലച്ചിത്രമേളപോലെ തുറന്ന ഒരു വേദിയിലെത്തുന്ന സാധാരണ പ്രതിനിധിയായൊരു യുവതിയിലോ ഒരു കൂട്ടം യുവതികളിലോ ഇല്ല എന്നതു തന്നെ.


മറ്റൊരു ദുര്യോഗം കൂടി ചൂണ്ടിക്കാണിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ഇത്തരം ചിത്രങ്ങളൊക്കെയും നാളത്തേക്കുള്ള ചരിത്ര

ശേഷിപ്പുകളാണെന്നതാണത്. അതിന്റെ വ്യാപ്തിയറിയണമെങ്കില്‍ ഇത്തവണത്തെ ഭാഷാപോഷിണി നോക്കിയാല്‍ മതി. ചലച്ചിത്രമേള പതിപ്പായി പുറത്തിറക്കിയ ഭാഷാപോഷിണിയുടെ ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചിത്രങ്ങളിലധികവും മുന്‍വര്‍ഷത്തെ മേളക്കാലത്ത് പകര്‍ത്തിയിട്ടുള്ള മേളപ്പറമ്പിലെ സുന്ദരികളുടെ ചിത്രങ്ങളാണ്. ചരിത്രം ഇവിടെ ചലച്ചിത്രത്തെ മറികടന്ന് പെണ്ണുടലുകളിലേക്ക് ചുരുക്കപ്പെടുന്നു. പെണ്ണുടലാവട്ടെ ചലച്ചിത്രമേളയെക്കുറിച്ചുള്ള വിശകലനങ്ങളുടെ വില്‍പനമൂല്യമായിത്തീരുകയും ചെയ്യുന്നു.
(photos courtesy manoramaonline.)


No comments: