Saturday, November 30, 2019

ഗോവ 2019 അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍

Janayugom sunday supplement 01/12/2019
എ.ചന്ദ്രശേഖര്‍
ഗോവയില്‍ സമാപിച്ച അമ്പതാമത് ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയെ വിലയിരുത്താ നൊരുങ്ങും മുമ്പ് പരിശോധിക്കേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യമുണ്ട്.
1. ഗോവ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ(ഇഫി) യുടെ സ്ഥിരം വേദിയാക്കിയത് സിനിമയ്ക്ക് എന്തു നേട്ടമുണ്ടാക്കി?
2. ഇഫി ഗോവയുടെ ടൂറിസം വികസനത്തിന് എന്തു ഗുണമുണ്ടാക്കി?
ഈ രണ്ടു ചോദ്യങ്ങള്‍ക്കും വസ്തുനിഷ്ഠമായ മറുപടി അന്വേഷിക്കുമ്പോഴാണ്, അമ്പതു വര്‍ഷത്തെ ചരിത്രത്തില്‍ ഗോവ സ്ഥിരം വേദിയായ ശേഷം മേളയ്ക്കുണ്ടായിട്ടുണ്ടെന്ന് ചലച്ചിത്രപ്രേമികള്‍ ആരോപിക്കുന്ന നിലവാരത്തകര്‍ച്ചയും കമ്പോളമേല്‍ക്കോയ്മയുമൊക്കെ എന്തു കൊണ്ടുണ്ടായി എന്നു തിരിച്ചറിയാനാവുക. ടോട്ടല്‍ ധമാക്ക, സെലിബ്രേറ്റിങ് 50 ഇയേഴ്‌സ് ഓഫ് ഇഫി എന്നിങ്ങനെയുള്ള ടാഗ് ലൈനുകളിലാണ് 2019ലെ ചലച്ചിത്രമേള വിപണനം ചെയ്യപ്പെട്ടത് എന്നതില്‍ തന്നെ അതിന്റെ വീക്ഷണവും ഉദ്ദേശ്യലക്ഷ്യവും വ്യക്തമാണ്. സംഘാടനത്തില്‍ അതിഥികളെയും ചിത്രങ്ങളെയും കൊണ്ടുവരുന്നതിലൊഴികെ മറ്റെല്ലാം എന്റര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ (ഇസിജി)യുടെ ചുമതലയാണെന്നു കൂടി പരിഗണിക്കുമ്പോള്‍ അടിസ്ഥാനപരമായി ചലച്ചിത്രമേളയെന്നത് വിനോദസഞ്ചാരം മുഖ്യ വരുമാനസ്രോതസായിട്ടുള്ള ഗോവയ്ക്ക് വര്‍ഷാന്ത്യത്തില്‍ ഒരു കാര്‍ണിവല്‍ സീസണു കൂടിയുളള വകുപ്പുമാത്രമായിട്ടാണ് അവര്‍ വിഭാവനചെയ്യുന്നതെന്നു മനസിലാക്കാം. അതവര്‍ ആത്മാര്‍ത്ഥമായും വിട്ടുവീഴ്ചകൂടാതെയും നടപ്പാക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ സുവര്‍ണജൂബിലി ചലച്ചിത്രമേള കഴിഞ്ഞ മേളപ്പറമ്പിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഒരുപാടു വര്‍ണക്കടലാസുകളും തീറ്റാവശിഷ്ടങ്ങളും ഒക്കെ കാണാം. രണ്ടാഴ്ച അര്‍മാദിച്ച തദ്ദേശിയരും വിദേശികളുമായ സഞ്ചാരികളുടെ സന്തോഷവും കാണാം. പക്ഷേ സിനിമയ്ക്ക്, ഗൗരവമുള്ള ഇന്ത്യന്‍ സിനിമയ്ക്ക്, അതിലേറെ തീര്‍ത്ഥാടകവിശുദ്ധിയോടെ ചലച്ചിത്രമേളയ്‌ക്കെത്തുന്ന ഗൗരവമുള്ള പ്രേക്ഷകര്‍ക്ക് മേള എന്തു ബാക്കിയാക്കി എന്നതാണ് പ്രസക്തം. അതു പരിശോധിക്കുമ്പോള്‍, കോടികള്‍ ചെലവിട്ട ആഘോഷങ്ങളുടെ കെട്ടുകാഴ്ചകള്‍ക്കപ്പുറം മേളയുടെ ഈ അധ്യായം പ്രേക്ഷക ഹൃദയങ്ങളില്‍ അത്രമേല്‍ ആഴത്തില്‍ മുദ്രകളൊന്നും അവശേഷിപ്പിച്ചിട്ടില്ലെന്നു തന്നെ വിലയിരുത്തേണ്ടി വരും.
ടിക്കറ്റ് വിതരണത്തിലും വേദി നിര്‍ണയത്തിലും സുരക്ഷാനിയന്ത്രണങ്ങളിലും വരുത്തിയ, തീര്‍ത്തും അശാസ്ത്രീയമായ തുഗ്‌ളക്ക് പരിഷ്‌കാരങ്ങളൊക്കെയും കാത്തിരുന്നു പരമാവധി സിനിമകള്‍ കാണാനെത്തിയ പ്രേക്ഷകരെ തീയറ്ററുകളില്‍ നിന്ന് എങ്ങനെയെല്ലാം അകറ്റിനിര്‍ത്താം എന്നതില്‍ ഗവേഷണം ചെയ്തപ്പോള്‍ ഇത്തരം സംഘാടനപ്പിഴവുകള്‍ക്കിടെ, ഡിപ്ലോമാ നിലവാരം പോലുമില്ലാത്ത അര്‍ത്ഥവും മൂല്യവുമില്ലാത്ത ആമയിഴഞ്ചാന്‍ സിനിമകളുടെ ഭൂരിപക്ഷം കൊണ്ട് പ്രദര്‍ശനശാലകളിലെത്തിയവരെ ഉറക്കത്തിലാഴ്ത്താന്‍ മാത്രമേ സാധിച്ചുള്ളൂ.
ഫോക്കസ് രാജ്യമായി അവതരിപ്പിച്ച റഷ്യയില്‍ നിന്നുള്ള ചിത്രങ്ങളും ശരാശരിക്കു താഴെ മാത്രം നിലവാരമാണു പുലര്‍ത്തിയത്, ഏറെ പ്രതീക്ഷയോടെ കാണികള്‍ സമീപിച്ച അബിഗിലാവട്ടെ, രാജമൗലിക്ക് ശങ്കറില്‍ ജനിച്ച ഹാരിപ്പോട്ടറിനപ്പുറം പോയില്ല. ജര്‍മ്മനി സൈബീരിയന്‍ സംയുക്ത സംരംഭമായ ഐ വാസ് അറ്റ് ഹോം ബട്ട് ആവട്ടെ പ്രദര്‍ശനം തുടങ്ങി മുക്കാല്‍ മണിക്കൂറോടെ ബഹുഭൂരിപക്ഷം പ്രേക്ഷകരും തീയറ്റര്‍ വിട്ടിറങ്ങുന്നത്ര ബോറായി. കാന്‍, ബര്‍ളിന്‍, കാര്‍ലോവിവാരി മേളകളില്‍ അംഗീകരിക്കപ്പെട്ടവ എന്ന നിലയ്ക്ക് പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ പോലും ശരാശരിയോ അതില്‍ത്താഴെയോ മാത്രം നിലവാരം പുലര്‍ത്തുന്നവയായിരുന്നു. അതില്‍ പ്രധാനപ്പെട്ടതായിരുന്നു ബ്‌ളാങ്കോ എന്‍ ബളാങ്കോ എന്ന സ്പാനിഷ് ചിത്രം. ഹംഗേറിയന്‍ ചിത്രമായ എക്സ്-ദ് എക്സപ്ളോയിറ്റഡ്, ടര്‍ക്കി ചിത്രമായ ക്രോണോളജി, ഐസ്‌ലാന്‍ഡ്/ ഡെന്‍മാര്‍ക്ക് /സ്വീഡന്‍ സംയുക്ത സംരംഭമായ എ വൈറ്റ് വൈറ്റ് ഡേ എന്നിവ കണ്ടിരിക്കാവുന്ന ചിത്രങ്ങളായിരുന്നെങ്കിലും ഇവയൊക്കെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇണങ്ങുന്ന തെരഞ്ഞെടുപ്പായിരുന്നോ എന്നതില്‍ എതിരഭിപ്രായമുണ്ട്. അതേസമയം മാസ്റ്റര്‍ ഫ്രെയിംസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സമകാലിക ഇതിഹാസങ്ങളുടെ സിനിമകള്‍ ഉള്ളടക്കത്തിലും അവതരണത്തിലും ശരാശരിക്കും മുകളില്‍ നിലവാരം പുലര്‍ത്തിയെന്നത് മറക്കാനാവില്ല.
ഒരു പക്ഷേ, സെല്ലുലോയ്ഡില്‍ നിന്ന് ഡിജിറ്റലിലേക്ക് ചലച്ചിത്ര നിര്‍മ്മാണം ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതിന്റെ പ്രതിഫലനമായിവേണം ലോകമെമ്പാടുമുളള സിനിമകളുടെ ശരാശരി ദൈര്‍ഘ്യത്തിലുണ്ടായിട്ടുള്ള യുക്ത്യാതീത വര്‍ധനയെ കണക്കാക്കാന്‍. ഒതുക്കി പറയേണ്ടത് പരത്തിയും ഒഴിവാക്കേണ്ടത് ഉള്‍പ്പെടുത്തിയും പറഞ്ഞതാവര്‍ത്തിച്ചും സിനിമകളുടെ നീളമങ്ങനെ കൂടുമ്പോള്‍ ഉള്‍ക്കനത്തിന്റെ കാര്യത്തില്‍ അതു ശുഷ്‌കമായിത്തീരൂന്നു. പുതുതലമുറയുടെ അനുഭവവ്യാപ്തിയുടെ അഭാവവും തീവ്രതക്കുറവുമൊക്കെ ഇതിനു കാരണമായിരിക്കാം. കനമുളള ഉള്ളടക്കമുളള പ്രസക്തമായ ചുരുക്കം സിനിമകളുണ്ടായിരുന്നതു മറക്കാത്തപ്പോഴും, ബഹുഭൂരിപക്ഷവും എഴുപതുകളിലും മറ്റും കേരളത്തിലെ സമാന്തര-ഗൗരവ ചലച്ചിത്രസംരംഭങ്ങളുടെ നിഴലില്‍ മുളപൊന്തിയ ഉച്ചപ്പടങ്ങളുടെ വ്യാജത്വം പ്രകടിപ്പിച്ചവയായിരുന്നെന്നത് വാസ്തവാനന്തര പ്രഹേളികകളിലൊന്നാണോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മേളച്ചിത്രങ്ങളിലധികവും വ്യക്തികേന്ദ്രീകൃതവും ആത്മനിഷ്ഠവുമാണെന്നതും ചില നിലപാടില്ലായ്മകളുടെയോ നിലപാടുമാറ്റങ്ങളുടെയോ സ്വാധീനമായും വായിക്കാം. കുഴപ്പമില്ലാത്ത മൂന്നു നാല് ചിത്രങ്ങളുണ്ടായെങ്കിലും അവയൊന്നും നവഭാവുകത്വ മലയാള സിനിമകളെ അതിശയിക്കുന്നതല്ല.
അമ്മയും മകനും, അച്ഛനും മകനും, അച്ഛനും മകളും, രണ്ടാനമ്മയും മകനും തുടങ്ങി മനുഷ്യ ബന്ധങ്ങളുടെ ആഴസങ്കീര്‍ണതകളെയും പ്രവചനാതീത വൈരുദ്ധ്യങ്ങളെയും ആവിഷ്‌കരിക്കുന്ന ചിത്രങ്ങളുടെ പട്ടികതന്നെയുണ്ടായിരുന്നു ഇക്കുറി. അതില്‍ത്തന്നെ ക്വീന്‍ ഓഫ് ഹാര്‍ട്‌സ്(ഡെന്‍മാര്‍ക്ക്), സണ്‍ മദര്‍(ഇറാന്‍), എ സണ്‍(ലബനന്‍), ഫാദര്‍ ആന്‍ഡ് സണ്‍സ് (ഫ്രാന്‍സ്, ബല്‍ജിയം), സമാപന ചിത്രമായിരുന്ന മാര്‍ഘേ ആന്‍ഡ് ഹെര്‍ മദര്‍ (ഇറ്റലി, യു.കെ. പേര്‍ഷ്യന്‍) തുടങ്ങിയവ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ഇതില്‍ അവയവ വിപണിയുടെയും കലാപങ്ങളിലെ അതിജീവനത്തിന്റെയും തീവ്രത വരച്ചു കാണിച്ച എ സണ്‍ ആഖ്യാനമികവിലും ഉള്ളടക്ക നിറവിലും മികച്ച ദൃശ്യാനുഭവമായി.
അതേസമയം, ഫാസിസം, വര്‍ഗീയത, ലിംഗ/വര്‍ണ വിവേചനം, മതം, ഭിന്നലൈംഗികത, ഭീകരവാദം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്ത ഒരുപിടി ചിത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് അല്‍പമെങ്കിലും ആശ്വാസമായത്. അവയില്‍ത്തന്നെ പ്രകട ലൈംഗിക രംഗങ്ങളും കടുത്ത രാഷ്ട്രീയ പ്രഖ്യാപനങ്ങളുമൊന്നും അത്രമേല്‍ പ്രത്യക്ഷമായില്ലെന്നതിന്റെ മാധ്യമരാഷ്ട്രീയവും പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയം വിഷയമാക്കിയ ചിത്രങ്ങളായിരുന്നു മുന്‍കാല ചലച്ചിത്രമേളകളെയെല്ലാം ശ്രദ്ധേയമാക്കിയിരുന്നത്. ഗുഡ്‌ബൈ ലെനിന്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, യങ് കാള്‍ മാര്‍ക്‌സ് പോലുള്ള ചിത്രങ്ങള്‍ സമ്മാനിച്ച ഇഫിയില്‍ ഇക്കുറി അതിന്റെ നാലയലത്തു നില്‍ക്കുന്ന രാഷ്ട്രീയ സിനിമകള്‍ ഉണ്ടായില്ല. കൂട്ടത്തില്‍, ക്രിസ്‌തോഫ് ഡീക്ക് സംവിധാനം ചെയ്ത ഹംഗേറിയന്‍ ചിത്രമായ ക്യാപ്റ്റീവ്‌സ്,  നിക്കോളസ് പാരിസറിന്റെ ബെല്‍ജിയം ഫ്രാന്‍സ് സംരംഭമായ ആലീസ് ആന്‍ഡ് ദ് മെയര്‍, മരിഘേല (ബ്രസീല്‍), തുടങ്ങിയവ ഈ ജനുസില്‍ ശരാശരിക്കുമേല്‍ നിലവാരം പുലര്‍ത്തിയപ്പോള്‍, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇഴകീറി വിമര്‍ശിക്കുന്ന വാംപയര്‍ ജനുസില്‍ക്കൂടി പെടുത്താവുന്ന കോമ്രേഡ് ഡ്രാക്കുളിച്ച്  ആ തലത്തിലേക്കുയരാതെ കേവലം ഉപരിപ്‌ളവം മാത്രമായി ചുരുങ്ങുകയായിരുന്നു.
മതവും സമൂഹവും എന്ന ദ്വന്ദ്വവൈരുദ്ധ്യത്തെ അസാമാന്യ ധൈര്യത്തോടെ വരഞ്ഞിട്ട ചിത്രങ്ങളായിരുന്നു യങ് അഹമ്മദ് (ബല്‍ജിയം, ഫ്രാന്‍സ്), ഗോഡ് എക്‌സിസ്റ്റ്‌സ്, ഹെര്‍ നെയിം ഈസ് പ്രെട്രോണിഷ്യ (ബെല്‍ജിയം, ക്രൊയേഷ്യ, സ്‌ളോവേനിയ) തുടങ്ങിയ ചിത്രങ്ങള്‍. വയലാര്‍ അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍ കെ.വി.മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടിയതുപോലെ, കേരളത്തിലെ നീറുന്ന രാഷ്ട്രീയ വിഷയമായിത്തീര്‍ന്ന ശബരിമല സ്ത്രീ പ്രവേശനവിവാദത്തിന്റെ പശ്ചാത്തലത്തില്‍ മലയാളിക്ക് വളരെയേറെ സാത്മ്യം സാധ്യമാകുന്ന ഒന്നാണ് ഗോഡ് എക്‌സിസ്റ്റ്‌സ്, ഹെര്‍ നെയിം ഈസ് പ്രെട്രോണിഷ്യ എന്ന ചിത്രം.കുരിശിന്റെ പരിശുദ്ധിക്കു മുന്നില്‍ സ്ത്രീക്ക് എന്താണ് അയിത്തമെന്നും ദൈവം സ്ത്രീയായിരുന്നെങ്കിലോ എന്നീ ചോദ്യങ്ങളാണ് സിനിമ മുന്നോട്ടു വയ്ക്കുന്നത്. കോമ്രേഡ് ഡ്രാക്കുളച്ചി(ഹംഗറി)യിലും മതവും രാഷ്ട്രീയവും തമ്മിലെ വൈരുദ്ധ്യങ്ങള്‍ പരാമര്‍ശവിഷയമായി. മതം എങ്ങനെ വ്യക്തിയെ വഴിതെറ്റിക്കുന്നു എന്നതിന്റെ ദശ്യവിശകലനമായിരുന്നു അല്‍മ ഹരേല്‍ സംവിധാനം ചെയ്ത ഹണി ബോയി. രക്ഷിതാക്കളുടെ ദുരന്ത മരണത്തിന്റെ ആഘാതത്തില്‍ നിന്നു കരകയറാനാവാതെ ഒടുവില്‍ അവരുടെ ഘാതകര്‍ക്ക് മാപ്പു നല്‍കാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടികളുടെ കഥ പറഞ്ഞ ക്‌ളിയോ (ബല്‍ജിയം), സമ്മര്‍ ഈസ് ദ് കോള്‍ഡസ്റ്റ് സീസണ്‍ (ചൈന) എന്നിവ ഒറ്റപ്പെടുന്നവരുടെ വേദനയുടെ ആഴങ്ങള്‍ തേടുന്ന ചലച്ചിത്രാനുഭവങ്ങളായിരുന്നു.തീവ്രവാദത്തിന്റെയും മറ്റും നിഴലാട്ടങ്ങളുണ്ടായിട്ടും സിനോണിംസ് (ഫ്രാന്‍സ് ഇറ്റലി,ജര്‍മ്മനി, ഇസ്രയേല്‍) മനം മടുപ്പിക്കുന്ന ദൃശ്യാഖ്യാനമായപ്പോള്‍ ഇറാനില്‍ നിന്നുള്ള ദ് വാര്‍ഡന്‍ അതിജീവനത്തിന്റെ മറുവശം കാണിച്ചു തന്നു ശ്രദ്ധേയമായി.
അതിജീവനഗാഥകളാണ് മേളച്ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന മറ്റൊരു പ്രമേയം. അതിജീവനത്തിന്റെ പോരാട്ടങ്ങളുടെ ദൃശ്യാഖ്യാനങ്ങളില്‍,നാസികള്‍ തകര്‍ത്ത കുടുംബത്തില്‍ നിന്നു രക്ഷപ്പെട്ടോടിയ സാറ ഗോറല്‍നിക്കിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നു പ്രചോദിതമായ സ്റ്റീവന്‍ ഓറിറ്റിന്റെ മൈ നെയിം ഈസ് സാറ, ന്യൂയോര്‍ക്കില്‍ നിന്ന് റഷ്യയിലേക്ക് ഒറ്റയ്ക്ക് കാല്‍നടയായി പ്രയാണമാരംഭിച്ച് എവിടെയോ അപ്രത്യക്ഷയായ റഷ്യന്‍ പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദിതമായ ലിലിയന്‍ (ഓസ്ട്രിയ), സിറിയയില്‍ ഐഎസ്‌ഐഎസ് ഭീകരര്‍ തടവിലാക്കിയ ഡാനിഷ് ഫോട്ടോഗ്രാഫര്‍ ഡാനിയല്‍ റെയുടെ സാഹസികത പറഞ്ഞ ഡെന്‍മാര്‍ക്ക്-നോര്‍വേ-സ്വീഡിഷ് സംയുക്ത സംരംഭമായ നീല്‍സ് ആര്‍ഡന്‍ ഒപ്‌ളേവിന്റെ ഡാനിയല്‍, റ്വാണ്ടയിലെ വര്‍ഗീയതയുടെ ഫലമായി ഉണ്ടായ നിഷ്ഠുരമായ മനുഷ്യക്കുരുതിയില്‍ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട ഹുതു-തുത്സി ദമ്പതികളായ അഗസ്റ്റിന്റെയും സിസിലിയുടെയും യഥാര്‍ത്ഥ ജീവിതം പറഞ്ഞ ഇറ്റാലിയന്‍ ചിത്രമായ റ്വാണ്ട, ഓസ്‌ട്രേലിയന്‍ ചിത്രമായ ബോയന്‍സി എന്നിവയും താരതമ്യേന മികച്ച ദൃശ്യാനുഭവങ്ങള്‍ പകര്‍ന്നു. അവയില്‍ത്തന്നെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട, റഷ്യന്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ അമ്മ നഷ്ടപ്പെട്ട ഒരു മംഗോളിയന്‍ ബാലനും അവന്റെ കൈവിട്ടുപോയ കുതിരയും ജന്മദേശത്ത് പണിപ്പെടുന്നതിന്റെ സാഹസികത ചിത്രീകരിച്ച എര്‍ഡന്‍ബ്ലിഗ് ഗാന്‍ബോള്‍ഡിന്റെ സിനിമ അവിസ്മരണീയമായി. തിരസ്‌കൃതരുടെയും പെണ്ണിന്റെയും എല്‍.ജി.ടി ക്യൂവിന്റെയും ജീവിതം ലബനണിലായാലും സൗദി അറേബ്യയിലായാലും ആധുനിക റഷ്യയിലായാലും സമാനമാണെന്നു കാണിച്ചു തന്ന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള റോഡ് ടു ഒളിംപ്യയും മാറുന്ന ലോകത്തെ മാറാത്ത മനസുകളെ കാണിച്ചു തന്നു.
കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കപ്പെട്ട ട്രോംഫാബ്രിക്ക്, പാരസൈറ്റ് എന്നിവയാണ് മേളയില്‍ ശ്രദ്ധിക്കപ്പെട്ട വേറിട്ട രണ്ടു സിനിമകള്‍. വിഭക്ത ജര്‍മ്മനിയിലെ ഒരു ഫിലിം സ്റ്റുഡിയോ കേന്ദ്രീകരിച്ച് മാര്‍ട്ടിന്‍ ഷ്രെരര്‍ സംവിധാനം ചെയ്ത ട്രോംഫാബ്രിക്ക് പ്രണയേതിഹാസമായ ടൈറ്റാനിക്കിനെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ത്രികോണ പ്രണയകഥയാണ്. ഗാനങ്ങളും ഡാന്‍സുമൊക്കെയായി തീര്‍ത്തും ബോളിവുഡ് ശൈലിയോട് അടുത്തുനില്‍ക്കുന്ന സ്വാഭാവിക നര്‍മ്മത്തില്‍ പൊതിഞ്ഞ ആഖ്യാനത്തിലൂടെയാണ് ട്രോഫാബ്രിക്ക് ശ്രദ്ധിക്കപ്പെട്ടതെങ്കില്‍, വക്രോക്തിയിലൂടെയാണ് കൊറിയന്‍ ചിത്രമായ പാരസൈറ്റ് ശ്രദ്ധിക്കപ്പെട്ടത്. കാന്‍ മേളയില്‍ പാം ഡി ഓര്‍ ലഭിച്ച ചിത്രമായിരുന്നു അത്.
മലയാള സിനിമയില്‍ നിന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടും രാജീവ് കുമാറിന്റെ കോളാംബിയും മറ്റും ശ്രദ്ധിക്കപ്പെട്ടെങ്കിലും പൊതുവേ ബോളിവുഡ്ഡിന്റെ അതിപ്രസരത്തില്‍ അവയുടെയൊക്കെ സ്വാഭാവിക പ്രസക്തിക്ക് ഊന്നല്‍ ലഭിക്കാതെ പോയി എന്നതാണ് വാസ്തവം. സിനിമാപ്രേമികളിലാരോ ചൂണ്ടിക്കാട്ടിയതു പോലെ, വിഖ്യാതമായ ഷാങ്ഹായി ചലച്ചിത്രമേളയില്‍ മത്സരിച്ച ഒന്നു രണ്ടു ചിത്രങ്ങള്‍ വിവിധ വിഭാഗങ്ങളില്‍ വന്‍ പ്രചാരണത്തോടെ കെട്ടിയെഴുന്നള്ളിക്കപ്പെട്ടപ്പോള്‍, അതേ മേളയില്‍ പ്രധാനപ്പെട്ട അവാര്‍ഡ് നേടിയ വെയില്‍മരങ്ങള്‍ എന്ന മലയാള ചിത്രവും അതിന്റെ സംവിധായകന്‍ ഡോ.ബിജുവും മറ്റും ഒരുവിധത്തിലുള്ള ഔപചാരിക പരിഗണനയും ലഭിക്കാതെ തിരസ്‌കൃതരായി. ജെല്ലിക്കെട്ടിന്റെ മാധ്യമപരമായ സവിശേഷതയും ഉള്ളടക്കത്തിന്റെ രാഷ്ട്രീയവും തിരിച്ചറിഞ്ഞ ദക്ഷിണേന്ത്യന്‍ നടനും നാടകപ്രവര്‍ക്കകനുമായ പശുപതിയെപ്പോലൊരാള്‍ അതിന്റെ പ്രചാരകനായി സ്വയം അവരോധിക്കാന്‍ കാട്ടിയ ആര്‍ജ്ജവവും പ്രതിബദ്ധതയും പോലും മലയാള സിനിമയോട് പൊതുവേ ഗോവന്‍ മേളയില്‍ മറ്റാരും പുലര്‍ത്തിക്കണ്ടില്ല. ഉദ്ഘാടനച്ചടങ്ങിലും മേളയുടെ സുവര്‍ണജൂബിലി ബഹുമതിയാല്‍ അംഗീകരിക്കപ്പെടാന്‍ തെരഞ്ഞെടുക്കപ്പെട്ടത് തെന്നിന്ത്യന്‍ സിനിമയുടെ ഇതിഹാസമായ രജനീകാന്തായിരുന്നെങ്കിലും അദ്ദേഹത്തിനു സമ്മാനം കൊടുക്കാന്‍ അമിതാഭ് ബച്ചനെ ക്ഷണിക്കുക വഴി ബോളിവുഡ്ഡിന്റെ മേല്‍ക്കൈ ആവര്‍ത്തിച്ചു സ്ഥാപിച്ചെടുക്കാനായിരുന്നു ശ്രമമെങ്കിലും രജനീകാന്ത് എന്ന പേര് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ ഉയര്‍ന്ന നിലയ്ക്കാത്ത കരഘോഷത്തിലൂടെ രജനീകാന്ത് എന്ന പ്രതിഭാസത്തിന് ഉത്തരദിക്കിലുമുളള വിവരണാതീതമായ ജനസ്വാധീനത്താല്‍ അതു മറികടക്കാനായി എന്നതാണ് വസ്തുത.  എന്നാലും, ഉദ്ഘാടനവേദിയില്‍ ഷാജി എന്‍ കരുണിന്റെയും പ്രിയദര്‍ശന്റെയും സജീവ സാന്നിദ്ധ്യത്തിലൊഴികെ സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന മേളയിലപ്പാടെ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള ഇന്ത്യന്‍ സിനിമയ്ക്ക് നിര്‍ണായക സംഭാവന നല്‍കിയ മലയാള ചലച്ചിത്രകാരന്മാര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നതാണു സത്യം.
ചലചിത്ര മേളയിലെ ചില നല്ല കാര്യങ്ങളും ചൂണ്ടിക്കാണിക്കാതെ തരമില്ല. സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കലാ അക്കാദമി സമുച്ചയത്തില്‍ ഒരുക്കിയ മള്‍ട്ടി മീഡിയ ഇന്ററാക്ടീവ് പ്രദര്‍ശനമാണ് അതിലൊന്ന്. ഇന്ത്യന്‍ സിനിമയെ കുറിച്ച് എന്നതിലുപരി ഇന്ത്യന്‍ ചലചിത്രമേളയെ കുറിച്ചുള്ളതായിരുന്നു അത്. വീഡിയോ വാള്‍, ഇന്ററാക്ടീവ് ദൃശ്യ ശ്രാവ്യ സാകേതിക വിദ്യ എന്നിവയും വിര്‍ച്ച്വല്‍ റിയാലിറ്റിയും ഉപയോഗിച്ചാണ് രസകരമായ ഈ പ്രദര്‍ശനം ഒരുക്കിയത്. അലക്‌സ ഒരുക്കിയ ബോളിവുഡ് ക്വിസ് മേളച്ചരിത്രത്തിന്റെ വര്‍ഷാനു ചരിതം പ്രതിപാദിക്കുന്ന ദശ്യ ഇന്റര്‍ ആക്ടിവിറ്റി, സദര്‍ശകര്‍ കൂടി ഉള്‍പ്പെടുന്ന രസകരമായ അനിമേഷന്‍ പരിപാടി 360 ഡിഗ്രി ഫോട്ടോഗ്രാഫി തുടങ്ങി വൈവിധ്യമാര്‍ന്ന ഇനങ്ങളും മണ്ഡോവി മുതല്‍ കലാ അക്കാദമി വരെയുള്ള രണ്ടു കിലോമീറ്റര്‍ മുഴുവന്‍ ഗോവ എറര്‍ടെയ്ന്‍മെന്റ് സൊസൈറ്റി ഒരുക്കിയ, മേളയുടെ ഭാഗ്യദയായ മയില്‍ മുതല്‍ ബാഹുബലി വരെയുള്ള വിഷയങ്ങളിലെ പ്രതിഷ്ഠാപനങ്ങളുമെല്ലാം, സിനിമ കാണാന്‍ മുമ്പെന്നുമില്ലാത്ത ബഹുതല ക്യൂ പോലെ പുതിയ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയും പ്രദര്‍ശനം എട്ടു കിലോമീറ്റര്‍ ദൂരെയുള്ള തീയറ്ററിലേക്ക് വരെ പടരുകയും ചെയ്തതോടെ വേണ്ടത്ര ശ്രദ്ധിക്കപെടാതെ പോകുകയായിരുന്നു. ഇതേപ്പറ്റിയുള്ള മെസേജ് പോലും പ്രതിനിധികള്‍ക്കു കിട്ടുന്നത് മേളയവസാനിക്കാന്‍ ഒരുനാള്‍ ബാക്കിയുള്ളപ്പോഴാണ്.
എല്ലാം കഴിയുമ്പോള്‍ വീണ്ടും ചില ചോദ്യങ്ങള്‍ പ്രസക്തമാവുന്നു. എന്തിനാണ് ഈ മേള? എന്താണ് അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍? അത് പൂര്‍ത്തീകരിക്കുന്നതില്‍ മേള ലക്ഷ്യം കാണുന്നുണ്ടോ? കലാമൂല്യവും മാധ്യമബോധവും പുലര്‍ത്തുന്ന ഇന്ത്യന്‍ സിനിമയെ ലോകസിനിമാഭൂപടത്തില്‍ അടയാളപ്പെടുത്തുക എന്ന് നിലയ്ക്ക് പ്രധാനമന്ത്രി ജവഹാര്‍ലാല്‍ നെഹ്രുവിന്റെ കാലത്തു വിഭാവന ചെയ്ത ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേള അതിന്റെ നിക്ഷിപ്ത ദൗത്യത്തോട് എത്രമാത്രം നീതിപുലര്‍ത്തുന്നുണ്ട്? വ്യവസായമെന്ന നിലയ്ക്ക് ഇന്ത്യന്‍ സിനിമയുടെ വാണിജ്യസാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം അര്‍ത്ഥവത്തായ കലാമൂല്യമുള്ള സിനിമകളുടെ പരിപോഷണത്തിന് ഇഫിയുടെ സംഭാവന എന്താണ്? ഇന്ത്യന്‍ സിനിമയെ മുന്‍നിര്‍ത്തി ഉത്തരം വേണ്ടതായ ഇത്തരം ഒരു പിടി ചോദ്യങ്ങള്‍ ബാക്കിയാവുന്നതിനിടെ വിദേശസിനിമകളുടെ തെരഞ്ഞെടുപ്പിനെച്ചൊല്ലിയും ചില സന്ദേഹങ്ങളും പ്രതിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ലോക സിനിമയിലെ പുതുചലനങ്ങളും നവഭാവുകത്വപരിണാമങ്ങളും ഇന്ത്യന്‍ പ്രേക്ഷകര്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും നിരൂപകര്‍ക്കും പരിചയപ്പെടുത്തുക എന്ന ദൗത്യം കൂടി ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളതാണല്ലോ. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ഇഫിയില്‍ പ്രദര്‍ശനത്തുന്ന ചിത്രങ്ങളുടെ തുടര്‍ച്ചയായി താഴേക്കു കുതിക്കുന്ന നിലവാരം എന്തിന്റെ സൂചനയാണ് എന്നതാണ് മുഖ്യമായി അഭിസംബോധന ചെയ്യപ്പെടേണ്ട പ്രശ്‌നം. ഡിജിറ്റല്‍ സിനിമാ പ്‌ളാറ്റ്‌ഫോമുകളില്‍ ആമസണും നെറ്റ്ഫ്‌ളിക്‌സും പോലുള്ളവയിലടക്കം പ്രചരിക്കപ്പെടുന്ന ലോകസിനിമകളില്‍ പലതും പ്രേക്ഷകനെ അദ്ഭുതപ്പെടുത്തുന്ന കരുത്തുറ്റ ഉള്ളടക്കവും അനിതരസാധാരണമായ അവതരണശൈലിയും വച്ചുപുലര്‍ത്തുന്നതാണ്. എന്നിട്ടും ഇഫിയിലടക്കം വരുന്ന ചിത്രങ്ങള്‍ മാത്രം എങ്ങനെ അറുബോറനും പഴഞ്ചനുമാവുന്നു? ചലച്ചിത്രമേള വിനോദസഞ്ചാര സീസണുണ്ടാക്കാനുള്ള ഒരു സാംസ്‌കാരിക മറയായി തീരേണ്ട ഒന്നാണോ, അതോ അതിനു സ്വതന്ത്രമായൊരു അസ്തിത്വം നല്‍കി സിനിമാ പ്രേമികളെയും സാങ്കേതികവിദഗ്ധരെയും അക്കാദമിക്കുകളെയും മാത്രം മുഖ്യമായും ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒന്നായാല്‍ പോരേ?കാലത്തിന്റെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ സംഘാടകര്‍ തയാറാവാത്തപക്ഷം തുടര്‍ കാലങ്ങളില്‍ ഇഫിയുടെ സാംസ്‌കാരിക പ്രസക്തി തന്നെ മെല്ലെ ഇല്ലാതാവുമെന്നതില്‍ തര്‍ക്കമില്ല.


No comments: