Sunday, October 27, 2019

ഇന്ത്യന്‍ മുഖ്യധാരാസിനിമയുടെ അംബാസഡര്‍

 chalachitra sameeksha october 2019

എ.ചന്ദ്രശേഖര്‍
ഒരു സിനിമാക്കഥ പോലെ എന്ന വിശേഷണവാക്യം ഏറ്റവും കൂടുതലിണങ്ങുന്നതാണ് കപൂര്‍ ഖാന്ധാന്‍ കഴിഞ്ഞ് ഇന്ത്യന്‍ സിനിമയിലെ രണ്ടാമത്തെ താരകുടുംബം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന അമിതാഭ് ബച്ചന്റെ തിര/വ്യക്തി ജീവിതം. കെട്ടിയാടിയ അനേകം നായകവേഷങ്ങളുടെ നാടകീയതെ വെല്ലുന്ന ജീവിതസന്ധികളെയും പ്രതിബന്ധങ്ങളെയും വിധിവൈപരീത്യങ്ങളെയും അതിജീവിച്ചതാണ് എണ്‍പതുകളിലെത്തി നില്‍ക്കുന്ന ബച്ചന്റെ ജൈത്രയാത്ര. അതില്‍ പ്രണയമുണ്ട്, പ്രണയനൈരാശ്യമുണ്ട്, ത്യാഗമുണ്ട്, ട്രാജഡികളുണ്ട്, വീഴ്ചകളുണ്ട്, ഉയിര്‍ത്തെഴുന്നേല്‍പ്പുകളുമുണ്ട്. ബോളിവുഡ് മസാലയ്ക്കുവേണ്ടതെല്ലാമുള്ള അമിതാഭ് ബച്ചന്റെ ജീവിതം അതുകൊണ്ടുതന്നെ സംസ്‌കാരപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഇഷ്ടവിഷയവുമാണ്.
കെ.എ.അബ്ബാസിന്റെ സാഥ് ഹിന്ദുസ്ഥാനി (1969)എന്ന സിനിമയിലൂടെ മലയാള നടന്‍ മധുവിനൊപ്പമാണ് ഹിന്ദിയിലെ നവകവിതാപ്രസ്ഥാനത്തിലെ പ്രമുഖനായ കവി ഹരിവംശറായ് ബച്ചന്റെയും രണ്ടാം ഭാര്യ തേജിബച്ചന്റെയും രണ്ടുമക്കളില്‍ മൂത്തവനായ അമിതാഭ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. പിതാവിന്റെ വഴിയില്‍ ലഭിച്ച ഭാഷാവഴക്കവും അദ്ദേഹത്തിന്റെ നിര്‍ബന്ധത്താല്‍ ബിരുദവുമൊക്കെ നേടിയെങ്കിലും സിനിമയായിരുന്നു ആറടിയിലധികം ഉയരമുള്ള കൊലുന്നു മെലിഞ്ഞ ചെറുപ്പക്കാരന്റെ മോഹവും ലക്ഷ്യവും. കൗമാരം വിട്ടു യൗവനത്തിലേക്കു കടക്കുകയായിരുന്ന ഹിന്ദി സിനിമയുടെ കാഴ്ചശീലങ്ങള്‍ക്ക് ദഹിക്കുന്നതായിരുന്നില്ല ഫ്രെയിമിനു വഴങ്ങാത്ത ആ കിളിരവും രൂപവും. പറ്റിയ ഉപനായകനെയോ സഹനായകനെയോ കിട്ടില്ല, പിന്നല്ലേ ഇണങ്ങുന്ന നായിക! എന്നിട്ടും ചെറിയ ഉപനായകവേഷങ്ങളില്‍ തുടങ്ങിയ ആ ചെറുപ്പക്കാരന്‍ തനിക്കൊപ്പം വളര്‍ന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യാപാരമൂല്യമുള്ള താരരാജാക്കന്മാരിലൊരാളായി. വിദേശത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമുദ്രതന്നെയായി!
അമിതാഭ് ബച്ചന്റെ അഭിനയജീവിതത്തെ ഖണ്ഡങ്ങളായി വേര്‍തിരിക്കുന്നത് പ്രധാനമായി മൂന്നു ദശാസന്ധികളാണ്. ബഹുതാരചിത്രങ്ങളിലൊരുവനായി പിന്നെ സോളോ ഹീറോയായി തിളങ്ങിനില്‍ക്കുന്ന കാലത്തെ മാരകമായൊരു അപകടമാണ് ആദ്യത്തേത്. മറ്റേതൊരാളും മടങ്ങിവരാന്‍ സാധ്യതയില്ലാത്തത്ര തീവ്രമായൊരു സാമ്പത്തികപ്രതിസന്ധിയാണ് രണ്ടാമത്തേത്. അതൊക്കെ മറികടന്നു വന്നശേഷം ജീവിതത്തിന്റെ മൂന്നാംപാദത്തില്‍ കൈവന്ന അസൂയാവഹമായ അവസരങ്ങളും അതിലൂടെ ലഭ്യമായ അസുലഭാവസരങ്ങളുമടങ്ങുന്ന വര്‍ത്തമാനകാലമാണ് മൂന്നാമത്തേത്. ഇതിനിടെ ആദ്യപാദത്തിന്റെ പിന്നണിശ്രുതിയായി ഒരപൂര്‍വപ്രണയത്തിന്റെ ലോലനാദവുമുണ്ടായിരുന്നെന്നതു മറന്നുകൂടാ. എങ്കിലും അമിതാഭ് എന്ന അഭിനേതാവിനെ വിലിയിരുത്തുന്ന ഏതൊരാളും ഭിന്നതയില്ലാതെ സമ്മതിക്കുന്ന ഒരു വസ്തുതയുണ്ട്. ആദ്യ രണ്ടുഘട്ടങ്ങളും താരപദവി ഉണ്ടാക്കാനും നിലനിര്‍ത്താനുമൊക്കെ ഉതകിയിട്ടുണ്ടെങ്കിലും സമാനതകളില്ലാത്ത തിരിച്ചുവരവിന്റെ ആ മൂന്നാംപാദത്തിലാണ് അമിതാഭ് ബച്ചന്‍ താരത്തിലുപരി നടന്‍ എന്ന നിലയ്ക്ക് തിരിച്ചറിയപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും.
ഇന്ത്യയില്‍ എഴുപതുകളുടെ ഉത്തരാര്‍ത്ഥം അസ്തിത്വവാദത്തിന്റെയും അന്യവല്‍ക്കരണത്തിന്റെയും ഉഷ്ണത്തീയില്‍ എരിഞ്ഞുണങ്ങിയതായിരുന്നല്ലോ. അക്കാലത്താണ് യുവത്വത്തിന്റെ തിരപ്രതിനിധിയെന്ന നിലയ്ക്ക് ഹിന്ദിസിനിമയില്‍ അമിതാഭിന്റെ അരങ്ങേറ്റം. ഏറെയൊന്നും ശ്രദ്ധിക്കപ്പെടാത്ത ആദ്യചിത്രത്തിനു ശേഷം അത്യപൂര്‍വമായൊരു സ്‌നേഹബന്ധത്തിന്റെ കഥ പറഞ്ഞ ഋഷികേശ് മുഖര്‍ജിയുടെ ആനന്ദി(1971)ലെ ഹിന്ദിയിലെ ആദ്യത്തെ കാല്‍പനിക സൂപ്പര്‍ താരം രാജേഷ് ഖന്നയ്‌ക്കൊപ്പമഭിനയിച്ച ഉപവേഷത്തിലൂടെയാണ് സത്യത്തില്‍ അമിതാഭ് എന്ന പേര് പ്രേക്ഷകശ്രദ്ധയില്‍ പതിയുന്നത്. അര്‍ബുദബാധിതനായ നായകനെ ശുശ്രൂഷിക്കുന്ന ചങ്ങാതിയായ യുവ ഡോക്ടറുടെ ആ വേഷം ആ വര്‍ഷത്തെ മികച്ച ഉപനായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് കരസ്ഥമാക്കിയതോടെ അമിതാഭ് ബച്ചന്‍ എന്ന നടന്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. രാജ് കപൂറിന്റെയും മറ്റും കാല്പനികതയില്‍ നിന്നു കുതറിമാറാന്‍ ഹിന്ദി സിനിമ വ്യഗ്രതയോടെ കാത്തിരുന്ന കാലം കൂടിയായിരുന്നു അത്. തിരക്കഥാകൃത്തായ സലീം ഖാനും കവികൂടിയായ ജാവേദ് അഖ്തറും ചേര്‍ന്ന് അതുവരെയുള്ള വ്യാകരണം തിരുത്തിക്കുറിച്ചുകൊണ്ടെഴുതിയ സഞ്ജീര്‍ (1973) എന്ന പ്രകാശ് മെഹ്‌റ ചിത്രത്തിലൂടെ ക്ഷണത്തില്‍ ക്ഷുഭിതയൗവനത്തിന്റെ തീഷ്ണതയാവഹിക്കുന്ന തിരപ്രത്യക്ഷമായിത്തീരുകയായിരുന്നു അമിതാഭ്. അടങ്ങാത്ത ആത്മരോഷത്താല്‍ തിളയ്ക്കുന്ന പൊലീസ് ഓഫീസറായി അമിതാഭ് അക്ഷരാര്‍ത്ഥത്തില്‍ തിളങ്ങി. അതുവരെ ചെയ്ത സുന്ദരസുശീല വേഷങ്ങളില്‍ നിന്നൊരു കുതറിമാറലായിരുന്നു അത്. തുടര്‍ന്ന് സലീം-ജാവേദ് സഖ്യത്തിന്റെ തൂലികയിലുതിര്‍ന്ന ക്ഷോഭിക്കുന്ന നായകന്മാരിലൂടെ അമിതാഭ് വച്ചടിവച്ച് തന്റെ കമ്പോള മൂല്യം ഉയര്‍ത്തുകയായിരുന്നു. അവരുടെ തിരക്കഥയില്‍ പുറത്തുവന്ന ഇന്ത്യയുടെ ഗോഡ്ഫാദര്‍ എന്നു വിശേഷിപ്പിക്കാവുന്ന ദീവാര്‍(1975), ഇന്ത്യ കണ്ട ഏറ്റവും വലിയ പണംവാരിപ്പടവും കച്ചവടസിനിമയിലെ ചോദ്യം ചെയ്യപ്പെടാത്ത ഇതിഹാസവുമായ രമേശ് സിപ്പിയുടെ ഷോലെ(1975) തുടങ്ങിയവയിലൂടെ ആ പ്രതിച്ഛായ അരക്കിട്ടുറപ്പിക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്തിറങ്ങിയ ഈ രണ്ടു ചിത്രങ്ങളിലും തുടര്‍ന്നു വന്ന ഹിറ്റുകളായ യാശ് ചോപ്രയുടെ ത്രിശൂല്‍(1978), മന്‍മോഹന്‍ ദേശായിയുടെ അമര്‍ അക്ബര്‍ ആന്റണി(1977), രമേശ് സിപ്പിയുടെ ശക്തി (1982) എന്നിവയിലും പക്ഷേ അമിതാഭ് ഏകനായകനായിരുന്നില്ല. ശശികപൂര്‍, ധര്‍മ്മേന്ദ്ര ദിലീപ് കുമാര്‍, രാജ് കുമാര്‍, വിനോദ് ഖന്ന, തുടങ്ങിയ മഹാമേരുക്കളുടെ സാന്നിദ്ധ്യം മൂലം അവയുട വിജയത്തിന്റെ ഫലം അവര്‍ക്കു കൂടി പങ്കുവയ്ക്കപ്പെട്ടു.
എന്നാലും അവയിലെല്ലാം ബച്ചന്റെ കഥാപാത്രങ്ങള്‍ പങ്കുവച്ച പൊതുവായ ചില വൈകാരികമൂല്യങ്ങളുണ്ടായിരുന്നു. അതാവട്ടെ എഴുപതുകളിലെ ഇന്ത്യയെ ബാധിച്ച ദാരിദ്ര്യം തൊഴിലില്ലായ്മ, അഴിമതി, വര്‍ഗീയത തുടങ്ങിയ സാമൂഹികപ്രശ്‌നങ്ങളോടുള്ള ശരാശരി ഇന്ത്യന്‍ യൗവനത്തിന്റേതുമായിരുന്നു! ഇന്ത്യന്‍ സിനിമയില്‍ ഒരു അധോലോക നായകന്‍ ആദ്യമായി ന്യായീകരിക്കപ്പെടുന്നതും നായകനാക്കപ്പെട്ടതും ദീവാറിലാണ്. ഒരു പക്ഷേ, അമിതാഭിന്റെ താരപരിവേഷത്തിലേക്കുള്ള പ്രയാണം അനായാസമാക്കിയതും സലീം-ജാവേദുമാര്‍ തിരിച്ചറിഞ്ഞ ഫോര്‍മുലയിലുടലെടുത്ത ഈ പ്രതിനിധാനങ്ങളായിരുന്നിരിക്കണം. എന്നാല്‍ അമര്‍ അഖ്ബര്‍ ആന്റണിയിലെ തുല്യ പ്രാധാന്യമുള്ള മൂന്നു നായകന്മാര്‍ക്കിടയിലും (വിനോദ് ഖന്ന, ഋഷികപൂര്‍) 'മൈ നെയിം ഈസ് ആന്റണി ഗൊന്‍സാല്‍വസ്..' എന്ന ഗാനവും അതിനിടയിലെ റാപ്പ് ഛായയുള്ള കടുകുവറുക്കല്‍ ഇംഗ്‌ളീഷ് സംഭാഷണവുമൊക്കെയായി അമിതാഭ് തലപ്പൊക്കത്തില്‍ വേറിട്ടു നിന്നത് ഏകനായകനിരയിലേക്കുള്ള വളര്‍ച്ചയുടെ സൂചകമായിരുന്നു.
അധികം വൈകാതെ തന്നെ അമിതാഭ് ബച്ചന്‍ എന്ന നടന് ബഹുനായകത്വം വിട്ട് ഏകനായകകര്‍തൃത്തിലൂന്നിയുള്ള ചലച്ചിത്രങ്ങളില്‍ നെടുനായകത്വം വഹിക്കാനായി. വാണിജ്യവിജയത്തെ സ്വന്തം ഭുജങ്ങളില്‍ താങ്ങാനുളള പ്രാപ്തി അപ്പോഴേക്ക് അദ്ദേഹം നേടിയെടുത്തിരുന്നു. സലീം ജാവേദുമാരുടെ രചനയില്‍ ചന്ദ്ര ബാരോട്ട് സംവിധാനം ചെയ്ത ഡോണ്‍ (1978) ആണ് അമിതാഭിനെ സൂപ്പര്‍താരമാക്കിമാറ്റിയ ചിത്രം.മലയാളത്തിലടക്കം പകര്‍പ്പുകളും ഹിന്ദിയില്‍ തന്നെ ഷാരൂഖ് ഖാനെ വച്ചു പോലും പതിപ്പുകളുമുണ്ടായ ഇതിഹാസസിനിമയായിരുന്നു ഡോണ്‍.  തരംഗമായ 'ഡോണ്‍ കോ പകട്‌നാ മുശ്കില്‍ നഹീ, നമുംകിന്‍ ഹൈ!' എന്ന പഞ്ച് ഡയലോഗും 'കൈകെ പാന്‍ ബനാറസ് വാല' എന്ന സൂപ്പര്‍ഹിറ്റ് പാട്ടുമെല്ലാം ആ താരപരിവേഷം ഊട്ടിയുറപ്പിക്കുന്ന അസ്ഥിവാരമായി. ഇരട്ടവേഷത്തില്‍ നായകനും പ്രതിനായകനുമായി പ്രത്യക്ഷപ്പെടുക വഴി അമാനുഷികപരിവേഷത്തിലേക്ക് ചുവടുവയ്ക്കുകയാരുന്നു അമിതാഭ് എന്ന താരം. ഷോലെയിലും ദീവാറിലുമൊക്കെ ഒടുവില്‍ കൊല്ലപ്പെടുകയോ പൊലീസ് പിടിയിലാവുകയോ ചെയ്ത അമിതാഭ് നായകന്‍ ഡോണോടെ അതിമാനുഷികനായി എന്നെന്നേക്കുമായി രക്ഷപ്പെടുന്നവനായി.
മിസ്റ്റര്‍ നട്‌വര്‍ലാല്‍, ദ് ഗ്രെയ്റ്റ് ഗാംബ്‌ളര്‍, കാലാ പത്ഥര്‍, കാലിയ, ലാവാറിസ്, നസീബ്, ഷാന്‍ തുടങ്ങി കുറേയേറെ ചിത്രങ്ങളില്‍ പൊലീസുകാരനായും കള്ളനായും അധോലോകനായകനായുമെല്ലാം ഒറ്റയ്ക്കും ബഹുതാരകൂട്ടായ്മകളിലുമായി തുടര്‍ന്നദ്ദേഹം പകര്‍ന്നാടുകയും ചിലപ്പോഴെങ്കിലും സ്വയമാവര്‍ത്തിക്കുകയും ചെയ്തു. അഭിനേതാവ് താരമായി മാറുമ്പോഴുണ്ടാവുന്ന അനിവാര്യമായ സ്വാഭാവിക പരിവര്‍ത്തനം മാത്രമായിരുന്നു അത്.
അതിനിടെയിലാണ് വ്യക്തിജീവിതം പൊതു ചര്‍ച്ചയ്ക്കു വിഷയമായിത്തീരുന്ന ഒരാത്മബന്ധത്തില്‍ അമിതാഭിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്. ഹിന്ദി സിനിമയില്‍ മിന്നുന്ന താരസാന്നിദ്ധ്യാമായി തുടരുന്ന തമിഴ് വേരുകളുള്ള നടി രേഖയുമായുള്ള ഒരപൂര്‍വ സൗഹൃദമാണ് അത്തരമൊരപവാദത്തിലേക്ക് അദ്ദേഹത്തിന്റെ പേരു വലിച്ചിഴയ്ക്കുന്നത്. ഒന്നിനു പിറകെ ഒന്നായി നായകനും നായികയുമായി എന്നതുമാത്രമല്ല, ആ ചിത്രങ്ങളില്‍ അവര്‍ പുലര്‍ത്തിയ ഇഴയടുപ്പം അതിനു ബലം നല്‍കുകയും ചെയ്തു. ആരംഭകാലത്തു തന്നെ മിലി എന്ന ചിത്രത്തില്‍ ഒപ്പമഭിനയിച്ച, പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സന്തതിയും നടിയുമായ ജയാഭാദുരിയെ 1973ലേ പ്രണയിച്ചു വിവാഹം കഴിച്ച അമിതാഭിന്റെ തിരയ്ക്കു പുറത്തുള്ള ഗ്രഹസ്ഥപ്രതിച്ഛായയില്‍ നിഴല്‍ വീഴ്ത്തുന്നതായി രേഖയുടെ സ്വാധീനം പരക്കെ വ്യാഖ്യാനിക്കപ്പെട്ടു. അതിന്റെ സത്യമെന്തായാലുംശരി, അമിതാഭ്-ജയ-രേഖ എന്നീ ത്രികോണത്തില്‍ യാഷ് ചോപ്ര അണിയിച്ചൊരുക്കിയ സില്‍സില(1981) വന്‍ പ്രദര്‍ശനവിജയം നേടിയയെന്നു മാത്രമല്ല, ക്ഷോഭിക്കുന്ന യുവത്വമെന്ന ആവര്‍ത്തിത ബിംബത്തില്‍ നിന്ന് അമിതാഭ് എന്ന നടനെ വീണ്ടെടുക്കുകയും കഭീ കഭീ (1976)യിലൂടെയും മറ്റും എക്കാലത്തെയും കാല്‍പനിക നായകന്മാരില്‍ ചിലരെക്കൂടി വെളളിത്തിരയ്ക്കു സമ്മാനിക്കുകയും ചെയ്തു.
പക്ഷേ, ഏതൊരു താരത്തെയും ബാധിക്കുന്നതുപോലെ ദേശ്‌പ്രേമി, സത്തേ പെ സത്തെ, ബേമിസാല്‍(1982), അന്ധാ കാനൂന്‍(1983), മര്‍ദ്  (1986) ആഖ്രി രാസ്ത(1986) തുടങ്ങിയ ചിത്രങ്ങളിലെ പ്രവചനാത്മക നായകസ്വത്വങ്ങളിലൂടെ അമിതാഭ് ബച്ചന്‍ എന്ന താരബിംബം ഇന്ത്യന്‍ തിരയിടത്ത് ആവര്‍ത്തിക്കപ്പെടുകയായിരുന്നുവെന്നതാണ് നേര്. അതിനിടയ്ക്കാണ് 1982ല്‍ അമിതാഭ് ബച്ചന്‍ എന്ന വ്യക്തിയുടെ, താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിസന്ധി. മന്‍മോഹന്‍ ദേശായിയുടെ കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ ബംഗളൂരില്‍ വച്ച് ഒരു സംഘട്ടനരംഗത്തുണ്ടായ മാരകമായ അപകടത്തെത്തുടര്‍ന്ന് അദ്ദേഹം തീവ്രപരിചരണവിഭാഗത്തിലായി. ഇന്ത്യന്‍ വിനോദ ലോകം മുഴുവന്‍ ഉദ്വേഗത്തിലായ ദിവസങ്ങള്‍. 1982 ലായിരുന്നു അത്. മഹാഭാരതം പരമ്പരയില്‍ ദുര്യോധനനായി പ്രശസ്തി നേടിയ പുനീത് ഇസ്സാറുമായുള്ള ഒരു സംഘട്ടനരംഗത്ത് കരണംമറിയുന്നതിനിടെ മേശയുടെ കൂര്‍ത്ത അഗ്രം വയറ്റില്‍ തറഞ്ഞു കയറിയുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അന്നദ്ദേഹം കരകയറിയത്. മാസങ്ങളോളം നീണ്ട ആശുപത്രിവാസം. അമിതാഭ് എന്ന താരരാജാവിനെ മാത്രം മുന്നില്‍ക്കണ്ട് ലക്ഷങ്ങള്‍ മുതല്‍മുടക്കിയ നിര്‍മാതാക്കള്‍ മുതല്‍, അതിനോടകം ബാര്‍ബര്‍ഷാപ്പുകളില്‍ പോലും തരംഗമായിക്കഴിഞ്ഞിരുന്ന ബച്ചന്‍ സ്‌റ്റൈല്‍ ഹെയര്‍ക്കട്ട് മുതല്‍ 'മെരേ അംഗനേ മെം' ശൈലിയിലെ സവിശേഷമായ ചുവടുപയ്പ്പടക്കം ഹൃദയത്തിലേറ്റെടുത്തു കഴിഞ്ഞിരുന്ന ദശലക്ഷക്കണക്കായ ആരാധകരും ഒരേപോലെ അദ്ദേഹത്തിന്റെ ജീവനു വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച നാളുകള്‍. അപകടത്തെ തുടര്‍ന്ന് വിട്ടുമാറാതെ പിടികൂടിയ കരള്‍രോഗം. എല്ലാം കൂടി ആരും തളര്‍ന്നുപോകാവുന്ന സന്ദിഗ്ധഘട്ടം. സിനിമയോട് നിശബ്ദമായി അകലുകയായിരുന്നു അമിതാഭ്. അതേസമയം, ബാല്യകാലസുഹൃത്തും സഹപാഠിയുമെല്ലാമായ രാജീവ് ഗാന്ധിയുടെ സ്‌നേഹനിര്‍ബന്ധത്തിനുവഴങ്ങി രാഷ്ട്രീയക്കളരിയില്‍ ചില ഗസ്റ്റ് അപ്പിയറന്‍സുകള്‍. സഹോദരന്‍ അജിതാഭിനു നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍കൊണ്ടോ, രാഷ്ട്രീയം ഒരിക്കലും തനിക്കിണങ്ങാത്ത വേഷമാണെന്ന തിരിച്ചറിയല്‍കൊണ്ടോ ഏറെ വൈകാതെ അതിനോട് വിടപറയാനായിരുന്നു തീരുമാനം.
ഇനിയാണ് അടുത്ത വന്‍ ദുരന്തത്തിനു മുമ്പായ അദ്ഭുതാവഹമായ ഒരു കുതിച്ചു ചാട്ടമുണ്ടാവുന്നത്. നടന്‍ കൂടിയായ ടിന്നു ആനന്ദ് സംവിധായകനായ ആദ്യ ചിത്രം ഷെഹന്‍ഷാ(1988)യിലൂടെ രാജകീയമായ മടങ്ങിവരവ്. അതൊരു ഒന്നൊന്നര തിരിച്ചുവരവു തന്നെയായിരുന്നു. വെള്ളിത്തിരയുടെ ചതുരവടിവിനപ്പുറത്തേക്ക് ആകാരം വളര്‍ന്ന താരപ്രതിഷ്ഠയായിത്തീര്‍ന്നു അത്.
മാര്‍വല്‍ കോമിക്‌സ് സൂപ്പര്‍ഹീറോകളുടെ മാതൃകയില്‍ ഇന്ത്യയ്ക്ക് ആദ്യമായി കിട്ടിയ ഒരു അതിമാനുഷ തിരനായകകഥാപാത്രമായിരുന്നു ഷെഹന്‍ഷാ. അഴിമതിക്കാരുടെ പേടിസ്വപ്നം. പാവങ്ങളുടെ പടത്തലവന്‍. പകല്‍ പാവം പിടിച്ച ഒന്നിനും കൊള്ളാത്തൊരു പോലീസുകാരനും ഇരുളിന്റെ മറവില്‍ അതിമാനുഷശേഷികളുള്ള കള്ളന്മാരുടെയും കൊള്ളക്കാരുടെയും നിത്യശത്രുവുമായ യഥാര്‍ത്ഥ ഹീറോ. ഷെഹന്‍ഷാ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വെള്ളിത്തിര വിട്ട് ഇന്ത്യയുടെ സാംസ്‌കാരികജീവിതത്തിലേക്ക് പകര്‍ന്നാട്ടം നടത്തി. അമിതാഭ് ബച്ചന്റെ ഷെഹന്‍ഷായുടെ പാത്രസവിശേഷതകളുള്‍ക്കൊണ്ട് അതില്‍ നിന്നു പ്രചോദനമേറ്റെടുത്ത് ഇന്ത്യയിലാദ്യമായി അദ്ദേഹത്തെ നായകനാക്കി ഇന്ത്യാ ബുക്ക് ഹൗസ് സ്റ്റാര്‍ കോമിക്‌സിന്റെ ബാനറില്‍ സുപ്രീമോ എന്ന ഇംഗ്‌ളീഷ് /ഹിന്ദി ചിത്രകഥാ പരമ്പര തന്നെ പുറത്തിറങ്ങി. മാര്‍വല്‍ ചിത്രകഥാപുസ്തകങ്ങളുടെ മാതൃകയില്‍ മാസം തോറുമെന്ന കണക്കില്‍ ഒന്നര വര്‍ഷത്തോളം സുപ്രീമോ, അഡ്വഞ്ചേഴ്‌സ് ഓഫ് അമിതാഭ് ബച്ചന്‍ മുടങ്ങാതെ ഇറങ്ങി. അതില്‍ത്തന്നെ അച്ചടിയുടെ സാങ്കേതികവികാസത്തിനനുസൃതമായി ത്രീഡി ചിത്രകഥകളും പുറത്തിറങ്ങി. അമിതാഭ് അങ്ങനെ ആ തലമുറയിലെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും 'ഐക്കോണിക്' എന്നു വിശേഷിപ്പിക്കാനാവുംവിധം മഹാനായകനായി. ഇന്ത്യയിലാദ്യമായും ഒരു പക്ഷേ അവസാനമായും ഒരു ചലച്ചിത്ര നടന്‍ ഇങ്ങനെ ചിത്രകഥാ നായകനാവുന്നത് അമിതാഭ് എന്ന താരം നേടിയ ജനപിന്തുണയുടെ ദൃഷ്ടാന്തമല്ലാതെ മറ്റൊന്നുമല്ല. സിനിമാതാരം തിരയ്ക്കുപുറത്ത് കച്ചവടമൂല്യം നേടുന്നതിന്റെ ഇന്ത്യന്‍ ഉദാഹരണമായിരുന്നു അത്. കൂട്ടുകാരനും സഹപ്രവര്‍ത്തകനുമായിരുന്ന ശശികപൂര്‍ ആദ്യമായി സംവിധാനം ചെയ്ത അജൂബ (1991) പോലും ഈ മഹാനായകപ്രതിച്ഛായയെ മുന്‍നിര്‍ത്തിയതായിരുന്നു.
തുടര്‍ന്ന് പുറത്തിറങ്ങിയ ജാദൂഗര്‍, തൂഫാന്‍, (1989), മുകുള്‍ എസ് ആനന്ദ് സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ താരരാജാവ് രജനീകാന്തുമൊത്ത് പ്രത്യക്ഷപ്പെട്ട ഹം (1991) ഒക്കെത്തന്നെ ഈ സുപ്രീമോ ഇമേജ് ആവര്‍ത്തിച്ചുറപ്പിക്കുന്നതായിരുന്നു. താരമെന്നതിലുപരി നടന്‍ എന്ന നിലയ്ക്ക് അമിതാഭിനെ വെല്ലുവിളിക്കാന്‍ തക്ക ആഴമോ തലങ്ങളോ ആ കഥാപാത്രങ്ങളിലൊന്നുമുണ്ടായിരുന്നില്ല. അതില്‍ നിന്ന് ഏറെയൊന്നും വേറിട്ടതായിരുന്നില്ല 1990ല്‍ പുറത്തുവന്ന മുകുള്‍ എസ് ആനന്ദിന്റെ തന്നെ അഗ്നീപഥിലെ 'വിജയ്' എന്ന കഥാപാത്രവും. (അമിതാഭ് ജീവനേകിയ കൂടുതല്‍ കഥാപാത്രങ്ങളുടെയും പേര് 'വിജയ്' എന്നായിരുന്നു എന്നതും കൗതുകകരമായ വൈരുദ്ധ്യമാണ്.) ഗ്രാമത്തിലെ മയക്കുമരുന്ന് വ്യാപാരശ്രംഖലയെ ചെറുക്കുന്നതിനിടെ കൊല്ലപ്പെട്ട പിതാവിന്റെ മകനായ വിജയ് സമൂഹത്തോടുള്ള അമര്‍ഷവും പകയും ഉള്ളില്‍ കെടാതെ കരുതി അധോലോകത്ത് പടിപ്പടിയായി ഉയരുന്നതും അതിനിടെ ഒരു വധശ്രമത്തില്‍ സ്വയം നാടുകടത്തപ്പെടുന്നതും വര്‍ഷങ്ങള്‍ക്കുശേഷം ശത്രുക്കളെ ഒന്നൊന്നായി വകവരുത്തി പകവീട്ടുന്നതുമായിരുന്നു, ഹരിവംശറായി ബച്ചന്റെ കൃതിയുടെ നാം കടംകൊണ്ട് നിര്‍മിക്കപ്പെട്ട അഗ്നീപഥിന്റെ പ്രമേയം.
വര്‍ഷങ്ങള്‍ക്കു മുമ്പ് ദീവാറിലും മറ്റും കാഴ്ചവച്ച പ്രകടനത്തോളം പോലുമെത്താത്ത അഗ്നീപഥിലെ വിജയ് യ്ക്ക് പക്ഷേ ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ അധികമാരും അതേപ്പറ്റി വിമര്‍ശിക്കാത്തത്, ആ കഥാപാത്രത്തിനല്ലെങ്കില്‍ക്കൂടിയും ആ അവാര്‍ഡ് അമിതാഭിനെപ്പോലൊരു നടന് നല്‍കുന്നതില്‍ തെറ്റില്ലെന്ന ബോധ്യത്താലായിരുന്നിരിക്കണം. ശ്രീദേവിയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ട ഖുദാഹവാ (1992) തുടങ്ങിയ വിരളിലെണ്ണാവുന്ന ചിത്രങ്ങളോടെ അമിതാഭ് സ്വന്തം താരപ്രഭാവത്തിന്റെ പുറം മോടിയില്‍ ഭ്രമിച്ചിട്ടോ എന്തോ ഇന്ത്യയിലെ ആദ്യത്തെ 'ഒറ്റയാള്‍ കോര്‍പറേറ്റ്'എന്ന ആശയവുമായി രംഗത്തെത്തി.
ചലച്ചിത്രനിര്‍മാണവും വിനോദവ്യവസയാത്തില്‍ ഈവന്റ് മാനേജ്‌മെന്റുമൊക്കെ ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ട അമിതാഭ് ബച്ചന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എബിസിഎല്‍) ഒരു താരത്തെ മാത്രം മൂലധനമാക്കി, അദ്ദേഹത്തിന്റെ താരപ്രഭാവം മുഖ്യ പ്രചാരകവസ്തുവും ഉല്‍പന്നവുമാക്കി സ്ഥാപിതമായ ഇത്തരത്തിലുള്ള ആദ്യത്തെ സ്വകാര്യസ്ഥാപനമായി. ബിഗ് ബി എന്ന ബ്രാന്‍ഡിങോടെ ബോളിവുഡിലെ വല്യേട്ടനായി അദ്ദേഹത്തെ വിപണനം ചെയ്യാനായിരുന്നു എബിസിഎല്ലിന്റെ ശ്രമം.സിംറാനെയും അര്‍ഷാദ് വര്‍സിയേയും ചന്ദ്രചൂഡ് സിങിനെയും പ്രിയ ഗില്ലിനെയും പരിചയപ്പെടുത്തിയ തേരേ മേരേ സപ്‌നെ(1996), സ്വയം നായകനായ മൃത്യുദാദ (1997) തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചെങ്കിലും വിജയം നേടിയില്ല. അതേത്തുടര്‍ന്നാണ് ഇന്ത്യയിലാദ്യമായും അവസാനമായും അരങ്ങേറിയ ലോകസുന്ദരി മത്സരമാമാങ്കം ബംഗളൂരുവില്‍ സംഘടിപ്പിക്കുന്നതിന്റെ ചുമതല കോടികള്‍ മുതല്‍മുടക്കി എബിസിഎല്‍ സ്വന്തമാക്കുന്നത്. സുസ്മിതാ സെന്നും ഐശ്വര്യ റായുമൊക്കെ വിശ്വ, ലോക സുന്ദരിപ്പട്ടം തുടര്‍ച്ചയായി നേടി തരംഗമായി നില്‍ക്കുന്ന സമയത്തായിരുന്നു പ്രിയദര്‍ശനെ സംവിധായകനാക്കിക്കൊണ്ടുള്ള എ.ബി.സി.എല്ലിന്റെ,മുമ്പെങ്ങും ഇന്ത്യ കണ്ടിട്ടില്ലാത്തത്ര ബജറ്റിലുള്ള സംരംഭം. എന്നാല്‍, മാനേജ്‌മെന്റിലെ കെടുകാര്യസ്ഥതമൂലം എബിസിഎല്‍ കൂപ്പുകുത്താന്‍ അധികമെടുത്തില്ല. കോടീശ്വരനായ അമിതാഭ് ബച്ചന്‍ മാസങ്ങള്‍ക്കുള്ളില്‍ പാപ്പര്‍ ഹര്‍ജി കൊടുക്കേണ്ട അവസ്ഥയിലേക്ക് നിപതിച്ചു. പ്രതീക്ഷ എന്ന ബംഗ്‌ളാവു പോലും വില്‍ക്കേണ്ട പരിതാപകരമായ അവസ്ഥ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഷൂട്ടിങിനിടെയുണ്ടായ അപകടത്തില്‍ മരണവക്ത്രത്തോളമെത്തിയ മഹാനടന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിച്ച ആരാധകരോ സിനിമാക്കാരോ ആരും താരത്തിന്റെ സ്വയംകൃതാനര്‍ഥത്തില്‍ ഒപ്പമുണ്ടായില്ല. ഒരുപക്ഷേ അപ്പോഴേക്ക് ഹിന്ദിയില്‍ ശക്തിപ്രാപിച്ചു കഴിഞ്ഞിരുന്ന സല്‍മാന്‍-ആമീര്‍-ഷാരൂഖ് പ്രഭാവങ്ങളുടെ കൂടി സ്വാധീനംകൊണ്ടാവണം അമിതാഭ് ബച്ചന്‍ എന്ന നടന്റെ അസാന്നിദ്ധ്യം സിനിമ അറിഞ്ഞ മട്ടു കാണിച്ചില്ല.
സാമ്പത്തിക കെണിയില്‍ നിന്ന് കരകയറുക ഏറെ ശ്രമകരമായിരുന്നു ഇന്ത്യന്‍ സിനിമയുടെ താരചക്രവര്‍ത്തിക്ക്. തെലുങ്ക്-തമിഴ് സൂപ്പര്‍ഹിറ്റുകളായ സൂര്യവംശത്തിന്റെ ഹിന്ദിപതിപ്പ് തിരയിടത്ത് ആശ്വസിക്കാന്‍ വകനല്‍കിയതൊഴിച്ചാല്‍, ശരാബിയി(1984)ലെയും മറ്റും ദുരന്തനായകന്മാര്‍ക്കു നേരിടേണ്ടിവന്ന ട്രാജടിക്കു സമാനമായിരുന്നു അമിതാഭിന്റെ വിധി. അതില്‍ നിന്ന് ഒരു ഫിനിക്‌സാവാന്‍ ഏറെ കാലം അദ്ദേഹത്തിനു നിശബ്ദമായി കാത്തിരിക്കേണ്ടിയും വന്നു.
പിന്നീട്, സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് കോന്‍ ബനേഗ ക്രോര്‍പതിയും ബിഗ്‌ബോസും പോലുള്ള രാജ്യാന്തര റിയാലിറ്റി ഷോകളുടെ ഇന്ത്യന്‍ പകര്‍പ്പുകള്‍ക്ക് ഉപഗ്രഹടിവികള്‍ തുടക്കമിട്ടത് അമിതാഭ് ബച്ചന്‍ എന്ന ബ്രാന്‍ഡിനെ മുന്‍നിര്‍ത്തിക്കൊണ്ടാണ്. ബച്ചനെ സംബന്ധിച്ചും അതൊരു പിടിവള്ളിയായി. വിനോദവ്യവസായത്തില്‍ ഒറ്റയാള്‍ കോര്‍പറേഷനായി സര്‍വതും തുലച്ചയിടത്തു നിന്നുതന്നെ ഒരൊറ്റയാള്‍ അവതാരകവേഷപ്പകര്‍ച്ചയിലൂടെ ജീവിതത്തിലേക്ക്...പിന്നീട് തിരയിടത്തേക്കും...അത് സമാനതകളില്ലാത്ത ഒരുയര്‍ത്തെഴുന്നേല്‍പ്പുതന്നെയായിരുന്നു. മിനിസ്‌ക്രീനില്‍ അന്നോളം ആരും ആവശ്യപ്പെട്ടിട്ടില്ലാത്ത പ്രതിഫലത്തിനാണ് സ്റ്റാര്‍പ്‌ളസ് അമിതാഭ് ബച്ചനുമായി കരാറിലേര്‍പ്പെട്ടത്. ഇന്ത്യന്‍ ടെലിവിഷനിലെ മെഗാഹിറ്റുകളിലൊന്നായ കോന്‍ ബനേഗാ ക്രോര്‍പതി(കെ.ബി.സി.)യിലൂടെ, ലോകസുന്ദരി സംപ്രേഷണത്തിന്റെ പേരില്‍ ദൂരദര്‍ശനുകൊടുക്കാനുണ്ടായിരുന്നതടക്കം കടങ്ങളില്‍ പ്രധാനപ്പെട്ടതെല്ലാം അദ്ദേഹം വീട്ടിത്തീര്‍ത്തു.
തുടര്‍ന്നുള്ള എല്ലാവര്‍ഷവും ഒരു സീസണിലൊഴികെ അമിതാഭ് തന്നെയായിരുന്നു കെ.ബി.സി.യുടെ മുഖ(ഭാഗ്യ)മുദ്ര. ഒരുപക്ഷേ, കവിയായ അച്ഛന്റെ മകനായി ജനിച്ചതിന് അമിതാഭ് വിധിയോട് നന്ദിപറഞ്ഞത് ടിവി അവതാരകനായപ്പോഴാവണം. ആരെങ്കിലും എഴുതിവച്ച സംഭാഷണങ്ങള്‍ക്കുപരി, സംസ്‌കാരചിത്തനായ, ജീവിതത്തില്‍ നിന്നാര്‍ജിച്ച പക്വതയില്‍ നിന്നുള്ളഅനുഭവങ്ങള്‍ അനര്‍ഗനിര്‍ഗളമായ ഹിന്ദിയും സ്വാരസ്യമുള്ള ഇംഗ്‌ളീഷും ഒരുപോലെ ചാലിച്ച് അദ്ദേഹത്തില്‍ നിന്ന് പുറത്തുവരുന്നത് ടിവിപ്രേക്ഷകര്‍ കോരിത്തരിപ്പോടെയാണ് കണ്ടിരിക്കുന്നത്. ഇത്രകാലം ഇതെവിടെയായിരുന്നു എന്നുപോലും അന്വേഷിക്കാന്‍ മറന്ന് ബിഗ്ബിയില്ലാതെ എന്ത് ബോളിവുഡ് എന്ന തലത്തിലേക്ക് അദ്ദേഹത്തിന്റെ പ്രതിഛായ വീണ്ടുമുയര്‍ന്നു. ജീവിതത്തെപ്പറ്റി പുതിയൊരവബോധത്തോടെ മാറിയ കാലത്തിന്റെ സ്പന്ദനങ്ങളും ചുവരെഴുത്തുകളും തിരിച്ചറിഞ്ഞുകൊണ്ട് മൂന്നാംവട്ടവും സിനിമാലോകത്തേക്കൊരു മടക്കയാത്ര.
ഇതിനിടെ, താന്‍കൂടി അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കിയ കഭി കഭി മെരെ ദില്‍ മേം ഘയാല്‍ ആത്താ ഹെ എന്ന മനോഹരഗാനം സ്വയമാലപിച്ച് ഒരു റീമിക്‌സ് ആല്‍ബത്തിലും അദ്ദേഹം സഹകരിച്ചു. ദേശീയ ബഹുമതി നേടിയ നടി ശോഭനയായിരുന്നു ആ വീഡിയോയിലെ നര്‍ത്തികയായ നിഗൂഢനായിക. ഗായകനായി പല ചിത്രങ്ങള്‍ക്കും തട്ടുപൊളിപ്പന്‍ പാട്ടുകള്‍ക്ക് ശബ്ദം പകര്‍ന്ന അമിതാഭ് ബച്ചന്റെ താരപരിവേഷം തിരികെവരുന്നതിന്റെ തെളിവായിരുന്നു ഈ സംഗീതവീഡിയോയുടെ അഭൂതപൂര്‍വമായ വിജയം.
അപ്പോഴേക്കു പക്ഷേ, ഇന്ത്യന്‍ സിനിമ അതിനിടെ ഒരുപാടു മാറിക്കഴിഞ്ഞിരുന്നു. മുഖ്യധാരാ കമ്പോളസിനിമയുടെ ഛന്ദസും ചമത്കാരവും ഒരുപറ്റം പുത്തന്‍കൂറ്റുകാരിലൂടെ ലോകനിലവാരത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു. ഷാരൂഖിനൊപ്പം ആദിത്യ ചോപ്രയുടെ മൊഹബത്തേന്‍(2000) പോലുള്ള സിനിമകളില്‍ പ്രായത്തിനൊത്തുള്ള കഥാപാത്രങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധനാവുന്നതോടെ ബച്ചന്‍ വീണ്ടും ബോളിവുഡ്ഡിന്റെ അനിവാര്യതയായിത്തീരുകയായിരുന്നു. ജയാഭാദുരിക്കും ഹൃതിക് റോഷനും ഷാരൂഖിനുമൊപ്പംകഭി കരണ്‍ ജോഹറിന്റെ കഭി ഖുഷി കഭി ഗം (2001) തുടങ്ങിയ വന്‍കിട ബഹുതാരചിത്രങ്ങളില്‍ സജീവമാകുന്നതിനൊപ്പം രാകേഷ് ഓം പ്രകാശ് മെഹ്‌റയുടെ അകസ്(2001),രാജ്കുമാര്‍ സന്തോഷിയുടെ കാക്കി (2004), സഞ്ജയ് ലീല ബന്‍സാലിയുടെ ബ്‌ളാക്ക് (2005), രാംഗോപാല്‍ വര്‍മ്മയുടെ സര്‍ക്കാര്‍ (2005)തുടങ്ങിയ ചിത്രങ്ങളില്‍ പ്രതിനായകനോളം വിഭിന്നമായ തിരപ്രത്യക്ഷങ്ങള്‍ക്ക് സന്നദ്ധനായ അമിതാഭ്ബച്ചന്‍ എന്ന നടനെ പെട്ടെന്നു തന്നെ യുവചലച്ചിത്രലോകം ഉള്‍ക്കൊണ്ടു.. ബ്‌ളാക്കില്‍ അന്ധയും ബധിരയുമായ മിഷേലിന്റെ(റാണി മുഖര്‍ജി) മറവിരോഗം ബാധിച്ച അധ്യാപകന്‍ ദേബ് രാജ്‌സഹായ് ആയുള്ള അസൂയാര്‍ഹമായ പകര്‍ന്നാട്ടം അദ്ദേഹത്തിന് മികച്ച നടുള്ള ദേശീയ ബഹുമതി രണ്ടാംവട്ടം, എതിര്‍പ്പുകളില്ലാതെ എത്തിച്ചുകൊടുത്തു.
തുടര്‍ന്നാണ് ഒരുപക്ഷേ അമിതാഭിനെപ്പോലെ കുടുംബപ്രേക്ഷകരുള്ള, ഉത്തമപുരുഷ പ്രതിച്ഛായയുള്ള ഒരു നായകതാരത്തില്‍ നിന്ന് പ്രതീക്ഷിക്കാനേ വയ്യാത്ത വിധം വേറിട്ട ബാല്‍കിയുടെ ചീനി കം(2007), നിശബ്ദ് (2007) എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. യാഥാസ്ഥിതിക ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാരമൂല്യവിചാരങ്ങളെ തന്നെ കടപുഴകിക്കുന്ന പ്രമേയങ്ങളവതരിപ്പിച്ച പ്രസ്തുത ചിത്രങ്ങളിലെ പ്രായത്തിനൊത്ത നായകവേഷങ്ങള്‍ പക്ഷേ കാലത്തിന്റെ തിരിച്ചറിവുകള്‍ പ്രതിധ്വനിച്ച ധീരമായ നടനസംരംഭങ്ങള്‍ തന്നെയായിരുന്നു.ആ ധൈര്യം കൊണ്ടായിരിക്കണമെല്ലോ താരപ്രതിച്ഛായ പോലും കണക്കിലെടുക്കാതെ താന്‍കൂടി ഭാഗഭാക്കായി ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ ഷോലെ എന്ന സര്‍വകാല ഹിറ്റിന്റെ രാംഗോപാല്‍ വര്‍മ്മ റീമേക്കില്‍ (ആഗ്-2007) ഒറിജിനലില്‍ അംജദ് ഖാന്‍ അനശ്വരമാക്കിയ ഗബ്ബാര്‍സിങിന്റെ ഛായ വീണ കൊടുംകൂരനായ ബബ്ബന്‍ സിങാവാന്‍ അമിതാഭിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരാത്തത്.  അര്‍ജുന്‍ സജ്ഞാനി സംവിധാനം ചെയ്ത അഗ്നിവര്‍ഷയിലെ ഇന്ദ്രന്റെ വേഷവും അതുപോലെയായിരുന്നു.
ദേവ്, ലക്ഷ്യ, കഭി അല്‍വിദ നാ കെഹ്ന തുടങ്ങിയ മള്‍ട്ടീപ്‌ളക്‌സ് ചിത്രങ്ങള്‍ക്കു ശേഷം ബാല്‍കിയുടെ തന്നെ പാ.(2009) അകാലവാര്‍ധക്യമെന്ന ജനിതകരോഗം ബാധിച്ച കൗമാരക്കാരനായ സ്‌കൂള്‍വിദ്യാര്‍ത്ഥിയായി പ്രോസ്‌തെറ്റിക് ചമയസാധ്യതകളുടെ പിന്തുണയോടെ അവിസ്മരണീയമായൊരു പകര്‍ന്നാട്ടം. അതും സ്വന്തം മകന്‍ അഭിഷേക് ബച്ചന്റെ മകനായി! പായിലെ ഔരോയിലൂടെ വീണ്ടുമൊരു ദേശീയ അവാര്‍ഡ്. നാളിതുവരെ ബച്ചനിലേക്കെത്താന്‍ മടിച്ച ബഹുമതികളോരോന്നായി പടലപ്പടലയായി അദ്ദേഹത്തിലേക്കെത്തിച്ചേരുകയായിരുന്നു. എന്നാല്‍ പായുടെ പുരസ്‌കാരത്തിന്റെ പേരിലും നടനെന്ന നിലയില്‍ അമിതാഭ് വിമര്‍ശനമേറ്റുവാങ്ങേണ്ടിവന്നു. മേക്കപ്പിനപ്പുറം ഭാവപ്രകടനത്തിലെ സൂക്ഷ്മാംശങ്ങള്‍ ഓരോയില്‍ പ്രതിഫലിച്ചില്ല എന്നതായിരുന്നു വിമര്‍ശനങ്ങളുടെ കാമ്പ്. പിന്നീട് ആകര്‍ഷന്‍ (2011), ഗൗരി ഷിന്‍ഡേയുടെ ഇംഗ്‌ളീഷ് വിംഗ്‌ളീഷ് (2012),പ്രകാശ് ഝായുടെ സത്യഗ്രഹ(2013), സ്വയം നിര്‍മിച്ച ബാല്‍കിയുടെ തന്നെ ഷമിതാഭ് (2014)....
2015ല്‍ ഭാസ്‌കര്‍ ബാനര്‍ജി സംവിധാനം ചെയ്ത പികു റിലീസായതോടെ അന്നോളം കണ്ടതില്‍ നിന്നെല്ലാം വേറിട്ട ഒരു ബച്ചനെയാണ് ലോകസിനിമ വീക്ഷിച്ചത്. ഗ്യാസ്ട്രബിളിന്റെ അസ്‌കിതയുള്ള ഒരു വൃദ്ധന്റെ ചാപല്യങ്ങള്‍ അത്രമേല്‍ അനായാസവും ആസ്വാദ്യവുമായാണ് അമിതാഭ് പൊലിപ്പിച്ചത്. തലമുറകള്‍ക്കിപ്പുറം യുവതലമുറ പ്രേക്ഷകരുടെ കൂടി ഇഷ്ടം പിടിച്ചുപറ്റാന്‍ സാധിച്ചെന്നു മാത്രമല്ല, പികുവിലൂടെ തന്റെ നാലാമത്തെ ദേശീയ അവാര്‍ഡും നേടിയെടുക്കാനായി.കോമാളിത്തമല്ല ഉത്തമ ഹാസ്യവും തനിക്കു വഴങ്ങുമെന്ന് പികുവിലും തുടര്‍ന്ന് 102 നോട്ടൗട്ടിലും അമിതാഭ് തെളിയിക്കുകയും ചെയ്തു. തുടര്‍ന്നു വന്ന വാസിര്‍ (2016), ടീന്‍(2016), പിങ്ക് (2016) ഒക്കെയും ബച്ചനിലെ നടന്റെ വിസ്മയ സാധ്യതകള്‍ നിര്‍വചിച്ച ചിത്രങ്ങളായിത്തീര്‍ന്നു. ബാലചിത്രമായ ഭൂത്‌നാഥി(2008)ലും രണ്ടാം ഭാഗമായ ഭൂത്‌നാഥ് റിട്ടേണ്‍സി(2014)ലും അനിതരസാധാരണമായിട്ടാണ് ഫ്രണ്ട്‌ലി ഗോസ്റ്റായി കുട്ടികളുടെ തോഴനാവാന്‍ അദ്ദേഹത്തിനു സാധിച്ചത്.
മലയാളസിനിമയിലും ബച്ചന്റെ സാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടു. രാംഗോപാല്‍ വര്‍മ്മയുടെ ഷോലെ റീമേക്കില്‍ സഹനായകനായിരുന്ന പരിചയത്തില്‍ നടന്‍ മോഹന്‍ലാലാണ് ബച്ചനെ മലയാളത്തിലേക്കു കൊണ്ടുവരാന്‍ മുന്‍കൈ എടുത്തത്. മേജര്‍ രവി സംവിധാനം ചെയ്ത ഖാണ്ഡഹാര്‍ (2010) എന്ന ചിത്രത്തിലെ റിട്ട പട്ടാളക്കാരന്റെ വേഷത്തിലേക്ക് മോഹന്‍ലാല്‍ നേരിട്ട് ബിഗ്ബിയെ ക്ഷണിക്കുകയായിരുന്നു. പ്രതിഫലം പോലും വേണ്ടെന്നു വച്ചിട്ടാണ് അദ്ദേഹം ആ ഓഫര്‍ സ്വീകരിച്ചത്.
ഹോളിവുഡിലെ അല്‍ പാചിനോയുടെ കരിയറിനോടു വേണമെങ്കില്‍ അമിതാഭ് ബച്ചന്റെ അഭിനയജീവിതത്തെ താരതമ്യപ്പെടുത്താവുന്നതാണ്. ഗോഡ്ഫാദര്‍ പോലൊരു അധോലോക ഗാങ്‌സ്റ്റര്‍് ക്‌ളാസിക്കിലഭിനയിച്ച് ഐക്കോണിക് സാന്നിദ്ധ്യമായിട്ടും അഭിനയജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകളുടെ കയ്പം ചവര്‍പ്പും ഒട്ടേറെ അനുഭവിച്ച നടനാണ് പാച്ചിനോ. തുടര്‍ച്ചയായ വീഴ്ചകള്‍ക്കൊടുവില്‍ ജീവിതത്തിന്റെ രണ്ടാം പകുതിയിലാണ് അല്‍ പാച്ചിനോ സെന്റ് ഓഫ് എ വുമണ്‍ അടക്കമുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ പകര്‍ന്നാട്ടം നടത്തിയത്. സമാനമാണ് ബോളിവുഡില്‍ അമിതാഭിന്റെ അവസ്ഥയും.
എന്നാല്‍ രണ്ടാംവരവില്‍ ബ്രാന്‍ഡ് ബച്ചന്റെ മൂല്യം മുമ്പെങ്ങുമില്ലാത്തവിധം വര്‍ദ്ധിക്കുകയായിരുന്നുവെന്നത് നിഷേധിക്കാനാവാത്ത വസ്തുത. 1984ല്‍ പത്മശ്രീയും 2001ല്‍ പത്മഭൂഷണും 2015ല്‍ പത്മവിഭൂഷണും ഇപ്പോഴിതാ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും, രാജ്യത്തിനകത്തും പുറത്തുമുള്ള ഒരുമാതിരി സ്വകാര്യ ചലച്ചിത്ര അവാര്‍ഡുകളിലെയും സമഗ്രസംഭാവനാ പുരസ്‌കാരങ്ങളുമടക്കം നേടിക്കഴിഞ്ഞ അമിതാഭിന്റെ താരമൂല്യത്തെ ചലച്ചിത്രവിപണി മാത്രമല്ല, ഇതര വാണിജ്യസ്ഥാപനങ്ങളും സര്‍ക്കാര്‍ ദൗത്യങ്ങളും ഒരുപോലെ ആശ്രയിക്കുന്നു. ഇന്ത്യയിലെ മുന്‍നിര കോര്‍പറേറ്റുകളില്‍ അരഡസണിലധികമെങ്കിലും അമിതാഭ് ബച്ചനെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ എത്ര കോടി വേണമെങ്കിലും ചെലവിടാന്‍ സന്നദ്ധ കാണിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വയം ബ്രാന്‍ഡായി തന്നെ വില്‍ക്കാന്‍ ശ്രമിച്ചു പരാജിതനായ അമിതാഭ് ബച്ചന്‍ ഇപ്പോഴിതാ ലോകമംഗീകരിച്ച സൂപ്പര്‍ ബ്രാന്‍ഡായി ഇതര ബ്രാന്‍ഡുകളെ പ്രചരിപ്പിക്കുന്നു. മുഴക്കമുള്ള ആ ശബ്ദത്തിനുവേണ്ടി മാത്രം കോടികള്‍ മുടക്കാന്‍ ആളുകള്‍ കാത്തുനില്‍ക്കുന്നു. കാലം കരുതിവച്ച പ്രായശ്ചിത്തം!
എണ്‍പതുകളുടെ പടിവാതുക്കലില്‍, മാറാരോഗത്തിന്റെ അസ്‌കിതകൡും കണ്ണുകൡ കുസൃതിയും ഭാവഹാവാദികളില്‍ കുറുമ്പും ശബ്ദത്തില്‍ അടിമുടി കുട്ടിത്തവുമായി തനിക്കു വഴങ്ങാത്ത കഥാപാത്രത്തെയും ആ കിളിരം കൂടിയ ശരീരത്തിലേക്കും ഗാംഭീര്യം മുറ്റിയ ശാരീരത്തിലേക്കും ഉള്‍ക്കൊണ്ട് അതിന് സമാനതളോ മാതൃകകളോ ഇല്ലാത്ത മാനം നല്‍കുന്നതെങ്ങനെ എന്നന്വേഷിക്കുന്ന അടിമുടി പ്രൊഫഷനലായൊരു നടനായി അമിതാഭ് ബച്ചന്‍ താരാപഥം കൊതിക്കുന്ന പ്രതിഭകള്‍ക്കും താരക്കുമിളകള്‍ക്കും പാഠപുസ്തകമായി തുടരുന്നു. നടനജീവിതത്തിന്റെ ആദ്യപാദങ്ങളിലൊന്നും പ്രകടമാക്കാനാവാതെ പോയ ഫ്‌ളെക്‌സിബിലിറ്റിയോടെ കഥാപാത്രത്തിന്റെ സൂക്ഷ്മഭാവങ്ങളിലേക്ക് ആണ്ടിറങ്ങുന്ന വിസ്മയത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു. ഒരു കഥാപാത്രത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് എത്രത്തോളം എങ്ങനെ ആഴ്ന്നിറങ്ങാമെന്ന് സുജോയ് ഘോഷിന്റെ ബദ്‌ല(2018)ലൂടെയും ഉമേഷ് ശുക്‌ളയുടെ 102 നോട്ടൗട്ടിലും കൂടി നമുക്ക് ബോധ്യപ്പെടുത്തി തരുന്നു. അങ്ങനെയാണ് അമിതാഭ് ബച്ചന്‍ ഇതിഹാസമാവുന്നത്. അതുകൊണ്ടാണ് അമിതാഭ് ബച്ചന്‍ ബോളിവുഡിന്റെ പകരം വയ്ക്കാനാവാത്ത ബിഗ് ബി ആവുന്നത്.

ബോക്‌സ്
ബച്ചന്‍ ഖാന്ധാന്‍
ഇന്ത്യന്‍ ചലച്ചിത്രകുടുംബങ്ങളില്‍ സമാനതകളില്ലാത്ത ഒന്നാണ് ബച്ചന്‍ ഖാന്ധാന്‍. മകള്‍ ശ്വേതയൊഴികെ ബച്ചന്‍ കുടുംബത്തിലെല്ലാവരും സിനിമയ്ക്കായും സിനിമകൊണ്ടും ജീവിക്കുന്നവരാണ്. ബന്‍്‌സി ബിര്‍ജു (1972),  ഏക് നസര്‍ (1972) ബാവര്‍ച്ചി (1972), ചുപ്‌കെ ചുപ്‌കെ (1975), അഭിമാന്‍ (1973), സ്ഞ്ജീര്‍ (1975), ഷോലെ (1975),മിലി (1975), സില്‍സില(1981), കഭി ഖുഷി കഭി ഗം (2001) തുടങ്ങിയ ചിത്രങ്ങളിലെല്ലാം ജയഭാദുരിക്കൊപ്പം അഭിനയിച്ചു.എം.പി.യും ബാലചലച്ചിത്രസൊസൈറ്റി ചെയര്‍പഴ്‌സണുമൊക്കെയായിരുന്ന സഹപ്രവര്‍ത്തകയും നടിയുമായ ജയാഭാദുരിയോ അമിതാഭോ മകന്‍ അഭിഷേകിനു സിനിമയില്‍ വരാന്‍ കാര്യമായ ശുപാര്‍ശകളൊന്നും ചെയ്തിട്ടില്ല. തുടക്കം പാളിയ അഭിഷേക് ഏറെ പൊരുതിത്തന്നെയാണ് വിജയത്തിന്റെ മധുരം സ്വന്തമാക്കിയത്. കപൂര്‍ കുടുംബത്തില്‍പെട്ട കരിഷ്മയുമായാണ് വിവാഹം നിശ്ചയിച്ചതെങ്കിലും വിധി അഭിഷേകിനു ഭാര്യയാക്കിയത് ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായിയെയാണ്.
ബണ്ടി ഔര്‍ ബബ്‌ളി(2005), സര്‍ക്കാര്‍ (2005), ഏക് അജ്‌നബി(2005), കഭി അല്‍വിദ നാ കെഹ്ന(2006), ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്വാല (2007), സര്‍ക്കാര്‍ രാജ് (2008), ആഗ്(2008), ഡല്‍ഹി-6 (2009), പാ (2009), ബോല്‍ ബച്ചന്‍ (2012) തുടങ്ങിയ ചിത്രങ്ങളില്‍ മകന്‍ അഭിഷേകിനൊപ്പം തിരയിടം പങ്കിട്ട അമിതാഭ് മൊബമത്തേന്‍ (2000),കാക്കി (2004) ക്യോം ഹോ ഗയാ നാ!(2004), ബണ്ടി ഔര്‍ ബബ്‌ളി(2005), സര്‍ക്കാര്‍ രാജ് (2008) തുടങ്ങിയ ചിത്രങ്ങളില്‍ മരുമകള്‍ ഐശ്വര്യ റായിക്കൊത്ത് അഭിനയിച്ചു. വ്യവസായിയായ നിഖില്‍ നന്ദയുടെയും ശ്വേതബച്ചന്റെയും മകള്‍ നവ്യ നവേലി നന്ദയും ഇപ്പോള്‍ മൂന്നാം തലമുറയില്‍ നിന്ന് സിനിമയില്‍ ഭാഗ്യപരീക്ഷണത്തിന് തുനിയുകയാണ്.

No comments: