Monday, July 22, 2019

അംബുജവിലാസത്തിലെ ശ്രീ ധന്വന്തരിമഠം

അനന്തപുരി സ്‌ട്രോക്‌സ്-1
കൊളോണിയല്‍ ഹാങോവര്‍ പോലെ തിരുവനന്തപുരത്തുകാര്‍ക്കു മാത്രം അവകാശപ്പെടാവുന്ന ഗൃഹാതുരത്വങ്ങളില്‍ ചിലതുണ്ട്. മറ്റെവിടെയും കിട്ടാത്ത ക്വാളിറ്റിയില്‍ മേല്‍ത്തരം ഇഴനെയ്തുണ്ടാക്കുന്ന കറാള്‍ക്കട കൈത്തറിമുണ്ടുകളും ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ പൈങ്കുനി-ആറാട്ട്-മുറജപം-ലക്ഷദീപ ആഘോഷങ്ങളും, മേത്തന്‍മണിയും നവരാത്രി ആഘോഷവുമൊക്കെ അതില്‍ ചിലതു മാത്രം. എന്റെയൊക്കെ തലമുറക്കാര്‍ക്ക് അത്തരം ഗൃഹാതുരത്വം പകര്‍ന്നു തന്നിരുന്ന സ്ഥാപനങ്ങളിലൊന്നായിരുന്നു പുളിമൂട് ജംക്ഷനില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി ഓഫീസ് നിലനില്‍ക്കുന്ന കേസരി സ്മാരക ബില്‍ഡിങിനോടു ചേര്‍ന്ന് വഞ്ചിയൂര്‍ക്ക് പോകുന്ന അംബുജവിലാസം റോഡില്‍ പ്രതാപൈശ്വര്യങ്ങളോടെ നിലനിന്നിരുന്ന ശ്രീ ധന്വന്തരിമഠം ആര്യവൈദ്യശാല. കറാള്‍ക്കട തിരുവിതാംകൂര്‍ കൊട്ടാരത്തിലേക്ക് മുണ്ടു നെയ്യുന്ന കൊട്ടാരം നെയ്തുകാരുടെ കുടുംബമായിരുന്നെങ്കില്‍, ശ്രീ ധന്വന്തരിമഠം കൊട്ടാരം വൈദ്യന്മാരുടേതായിരുന്നു. ചെറുപ്പത്തില്‍ എന്റെ അമ്മുമ്മ (അമ്മയുടെ അമ്മ)യും മറ്റും എന്തസുഖം വന്നാലും തിരുവനന്തപുരത്താണെങ്കില്‍ അവിടെ പോയി പ്രധാന വൈദ്യനെ മാത്രമേ കാണിക്കുകയുള്ളായിരുന്നു.എന്റെ കുഞ്ഞുനാളുകളില്‍ അമ്മുമ്മയ്‌ക്കൊപ്പം അവിടെ പോയിരുന്ന കൃത്യമായ ഓര്‍മ്മകളുണ്ട്. കുമരകം പരമേശ്വരന്‍ പിള്ള ആയിരുന്നു സീനിയര്‍ വൈദ്യന്‍. അദ്ദേഹത്തെപ്പറ്റി അമ്മുമ്മ പറഞ്ഞുകേട്ട ഓര്‍മകളേയുള്ളൂ. ഓര്‍മ്മയില്‍ നിറഞ്ഞുനില്‍ക്കുന്നത് അദ്ദേഹത്തിന്റെ മകനും ചീഫ് ഫിസിഷ്യനുമായിരുന്ന ഡോ.സി.പി.ആര്‍.നായരെയാണ്. നടന്‍ ടി.പി.മാധവന്റെ സഹോദരീഭര്‍ത്താവ്. വല്ലാത്തൊരു മണവും ഐശ്വര്യവുമായിരുന്നു ധന്വന്തരിമഠത്തിനകത്തു കയറുമ്പോള്‍.
ഇപ്പോഴിതൊക്കെ ഓര്‍ക്കാന്‍ കാരണം, ഇക്കഴിഞ്ഞദിവസം അതുവഴിയും കറാള്‍ക്കടയ്ക്കു മുന്നിലൂടെയും നടന്നു പോകേണ്ടിവന്നപ്പോള്‍ രണ്ടു സ്ഥാപനങ്ങളുടെയും സമകാലികാവസ്ഥ കണ്ടതാണ്.വെബ്‌സൈറ്റ് വിവരങ്ങള്‍ പ്രകാരം ശ്രീ ധന്വന്തരിമഠം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് ഹെഡ് ഓഫീസ് വിലാസവും അംബുജവിലാസം റോഡ് തന്നെ. പക്ഷേ വൈദ്യശാലയുടെ പ്രധാന കെട്ടിടത്തിന്റെ മുന്‍വശവും ഗേറ്റും സ്ഥിരമായി പൂട്ടിയിട്ട നിലയിലാണ്. മതിലിലും ഗേറ്റിലുമൊക്കെ പോസ്റ്ററുകളൊട്ടിച്ചിരിക്കുന്നു. വസ്തുവില്‍പനയ്ക്ക് എന്ന പോസ്റ്റര്‍ വരെയുണ്ട്. പൈതൃകശൈലിയില്‍ പണിതുയര്‍ത്തിയിരുന്ന ഇരുനില മാളികക്കെട്ടിടം മാസങ്ങളായി തുറന്ന ലക്ഷണമില്ല.ഡോ.സി.പി.ആര്‍ നായരുടെ ഭാര്യയുടെ നേതൃത്വത്തില്‍ ദേവകി ആയുര്‍വേദിക് ഫൗണ്ടേഷന്‍ കുക്കിലിയാര്‍ ലെയിനില്‍ ഇടപ്പഴഞ്ഞിക്കടുത്തായി പ്രവര്‍ത്തിക്കുന്നുണ്ട്.
കറാള്‍ക്കടയുടെ കാര്യമാണെങ്കില്‍, കൈതമുക്ക് ജംക്ഷനില്‍ നിന്ന് പഴയ പാസ്‌പോര്‍ട്ട് ഓഫീസിലേക്കു പോകുന്ന ചെറിയ റോഡിന്റെ ഇടതുവശത്തുള്ള നിരയും പുരയുമടങ്ങുന്ന പഴയ കട ഇപ്പോള്‍ ബോര്‍ഡൊക്കെ വച്ച് നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും പാല്‍ക്കുളങ്ങര റോഡിലുളള ബഹുനില കെട്ടിടത്തിലാണ് കട പ്രവര്‍ത്തിക്കുന്നത്. പഴയ കടയില്‍ നിലത്തിരുന്നാണ് വാങ്ങാനെത്തുന്നവര്‍ പുടവയും കവണിയും(മുണ്ടും നേര്യതും എന്നതിനുള്ള തെക്കന്‍ തിരുവിതാംകൂര്‍ പ്രയോഗം) മുണ്ട്, കേരളാ സാരി തുടങ്ങിയവയൊക്കെ തെരഞ്ഞെടുത്തിരുന്നത്. കൈതമുക്കെന്നാല്‍ കറാള്‍ക്കടയെന്നായിരുന്നു അക്കാലത്തറിയപ്പെട്ടിരുന്നത്. കേരളത്തിനു പുറത്തും ഇതരജില്ലകളിലുമുള്ള പല മേലധികാരികളും സഹപ്രവര്‍ത്തകരും കറാള്‍ക്കട മുണ്ടുകളോടു കാണിച്ചിട്ടുള്ള പ്രതിപത്തിയില്‍ നിന്ന് ഈ കടയുടെ ഇതിഹാസമൂല്യം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴാകട്ടെ ഏറ്റവും നല്ല ചിക്കനും ബീഫും കിട്ടുന്ന ഏറ്റവും വലിയ നാടന്‍ ടേക്ക് എവേ തട്ടുകടയുടെ പേരിലാണ് ഉപ്പ്‌ളാംമൂട് പാലത്തിനപ്പുറമുള്ള ഈ ചെറിയ കവല തലസ്ഥാനവാസികള്‍ക്ക് അറിയപ്പെടുന്നത്. തിരുവനന്തപുരത്തുകാര്‍ക്ക് ഗവ. ആയുര്‍വേദ കോളജിനേക്കാള്‍, അഷ്ടവൈദ്യപാരമ്പര്യമുള്ള ഒല്ലൂര്‍ മൂസതിന്റെ തമ്പാനൂരിലുള്ള വൈദ്യശാലയും ശ്രീ ധന്വന്തരിമഠവുമായിരുന്നു പഥ്യം. ആ ധന്വന്തരിമഠം മൂലം പ്രസിദ്ധമായിരുന്ന അംബുജവിലാസം റോഡാകട്ടെ ഇപ്പോള്‍ കുറേ എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളുടെ ആസ്ഥാനമായിരിക്കുന്നു, പിന്നെ ചിന്മയ വിദ്യാലയത്തിന്റെയും.

No comments: