വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കൈരളി ടിവി തുടങ്ങിയ കാലം. സ്ഥിരം സീരിയലുകളുടെ സ്ഥാനത്ത് അല്‍പസ്വല്‍പം വ്യത്യസ്തതയുള്ള ചില പരമ്പരകളും ഹ്രസ്വചിത്രങ്ങളുമൊക്കെ അതില്‍ പ്രത്യക്ഷപ്പെട്ടു.അതില്‍ എന്തുകൊണ്ടും വ്യത്യസ്തമായിരുന്നു (നിലവാരമുള്ളത് എന്നര്‍ത്ഥമില്ലെന്ന് അടിവരയിടുന്നു) ധന്വന്തരി സംവിധാനം ചെയ്ത ജഗപൊഗ. മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ചലച്ചിത്രതാരങ്ങളുടെ സാമ്യമുള്ള ബോഡിഡബിള്‍സിനെയും ഡ്യൂപ്പുകളെയും വച്ച് ഒരു തട്ടിക്കൂട്ട്. ജയനും പ്രേം നസീറും സത്യനും മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ മിമിക്രി സ്‌കിറ്റ് വേദികളില്‍ നിന്ന് കഥാപാത്രങ്ങളായി മാറിയ സീരിയല്‍. പില്‍ക്കാലത്ത് ദേശീയ ബഹുമതി വരെ നേടിയെടുത്ത അഭിനേതാവ് സുരാജ് വെഞ്ഞാറമ്മൂടിന്റെ അരങ്ങേറ്റം വാസ്തവത്തില്‍ ഈ പരമ്പരയിലെ മമ്മൂട്ടിയുടെ വേഷത്തിലൂടെയായിരുന്നു. ദാദാസാഹിബ് പുറത്തിറങ്ങിയ സമയത്ത് മമ്മൂട്ടിയായി ഡബിള്‍ ആക്ട് വരെ നടത്തിയിട്ടുണ്ട് സുരാജ് ആ പരമ്പരയില്‍. അതിലെ സുരാജിന്റെ പ്രകടനം ശ്രദ്ധിച്ച ചാനല്‍ ചെയര്‍മാന്‍ കൂടിയായ സാക്ഷാല്‍ മമ്മൂട്ടിയുടെ ക്ഷണപ്രകാരം ബല്ലാരി രാജയുടെ തിരുവനന്തപുരം ഭാഷ പറഞ്ഞുകൊടുക്കാന്‍ ചെല്ലുന്നതോടെയാണ് സുരാജിന്റെ സിനിമാജാതകം തന്നെ മാറിമറിയുന്നത്. ജനപ്രീതിയില്‍ വച്ചടിവച്ചു കയറിയ ജഗപൊഗയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് അതേ പേരില്‍ ധന്വന്തരി ഒരു സിനിമയും പുറത്തിറക്കി 2001ല്‍. കാര്യമായ നിലവാരമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു തറവളിപ്പന്‍ സിനിമ മാത്രമായിരുന്നു അത്. ഇപ്പോള്‍ ഇതെല്ലാം ഓര്‍ക്കാന്‍ കാരണം ദ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ഹിന്ദി സിനിമ കണ്ടതാണ്. ഡോ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിത്തീര്‍ന്നതിനെപ്പറ്റിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെപ്പറ്റിയും മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ മാധ്യമോപദേഷ്ടാവുമായിരുന്ന സഞ്ജയ ബാരു എഴുതിയ പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമെന്ന നിലയില്‍ ഏറെ മാധ്യമശ്രദ്ധ നേടിയ ചിത്രം. പുസ്തകമായപ്പോള്‍ വിവാദങ്ങള്‍ ആളിക്കത്തിച്ച ഇതിവൃത്തം സിനിമയായപ്പോള്‍ നനഞ്ഞ പടക്കമായെങ്കില്‍ അതിനു കാരണം ജഗപൊഗയിലേതു പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാം ഏറെ അറിയുന്ന സൂപ്പര്‍ മെഗാ താരങ്ങളുടെ ലുക്ക് എലൈക്കുകളെ അണിയിച്ചൊരുക്കി ചെയ്ത ഒരു മിമിക്രിക്കപ്പുറം ഒരു സിനിമയായി വളരാന്‍ അതിനു സാധിക്കാതെ പോയതുകൊണ്ടാണ്. അനുഗ്രഹീതരായ അനുപം ഖേറിനെയും അക്ഷയ് ഖന്നയെയും പോലുള്ള അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ടായിട്ടും ഹിന്ദിയിലൊരു ജഗപൊഗയ്ക്കപ്പുറം സിനിമാത്മകമാവാന്‍ ദ് ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ക്കായില്ല. ഒരു കഥേതര പുസ്തകത്തെ സിനിമയിലേക്ക് ആവഹിക്കുന്നതെങ്ങനെ എന്നറിയാതെ പോയ തിരക്കഥാകൃത്തും അത്തരമൊരു തിരക്കഥ വച്ചൊരു സിനിമ തട്ടിക്കൂട്ടാമെന്നു നിനച്ച സംവിധായകനും തന്നെയാണ് ഇതിന്റെ ഉത്തരവാദികള്‍. ഫലമോ, ഒന്നാംതരമൊരു സിനിമയ്ക്കു വേണ്ട കോപ്പുകളുണ്ടായിട്ടും എങ്ങുമെത്താതെ അവസാനിക്കേണ്ടി വന്ന ഒരു ചലച്ചിത്രസ്വപ്‌നം മാത്രമായി അതു പ്രേക്ഷകന്റെ വിലയേറിയ സമയം വെറുതേ അപഹരിച്ചു.
No comments:
Post a Comment