രണ്ടു ചങ്ങാതിമാര്‍. രണ്ടാളും രണ്ടു പ്രസിദ്ധീകരണങ്ങളില്‍ വേറിട്ട രണ്ടു പംക്തികളുമായി നീണ്ട മൗനം ഭഞ്ജിക്കുന്നു. രണ്ടുപേരുടെ എഴുത്തും ഹൃദയത്തില്‍ കോരിയിടുന്നതോ രോമാഞ്ചത്തിന്റെ ഹര്‍ഷാതിരേകങ്ങള്‍. പറഞ്ഞുവരുന്നത് കേരളത്തില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരിക്കാവുന്ന നിരൂപകന്‍ ഡോ.പി.കെ.രാജശേഖരനെയും, അന്തരിച്ച അതുല്യപ്രതിഭ പി.പത്മരാജന്റെ മകനും എഴുത്തുകാരനും തിരക്കഥാകൃത്തും എന്റെ മുന്‍ സഹപ്രവര്‍ത്തകനുമായ അനന്തപത്മനാഭനെയും പറ്റിയാണ്. പി.കെ.ആര്‍. എഴുതുന്നത് ഡിസിബുക്‌സിന്റെ പച്ചക്കുതിരയിലാണ്. ഇരുള്‍സഞ്ചാരങ്ങള്‍. തുടക്കത്തില്‍ ഓ, രാജശേഖരന്റെ കടുകട്ടി സാഹിത്യം എന്ന തോന്നലുളവാക്കിയ പംക്തിയാണ്. പക്ഷേ പോകെപ്പോകെ, ഇതാ ഇപ്പോള്‍ പച്ചക്കുതിര മാസികയല്ല, വാരികയായെങ്കില്‍ എന്നാശിച്ചുപോകുന്നത്ര പാരായണക്ഷമമായ പംക്തിയായിത്തീര്‍ന്നിരിക്കുന്നു. വിദേശയാത്രയും മറ്റു തിരക്കുകളും പിന്നെ പി.കെ.യുടെ സ്വതസിദ്ധമായ ചില പിടിവാശികളുമൊക്കെയായി ഇരുള്‍സഞ്ചാരങ്ങള്‍ ഇടിച്ചു നില്‍ക്കാതിരുന്നാല്‍ മതിയായിരുന്നു. ലോകത്തെ പരമവിശിഷ്ട സാഹിത്യത്തെപ്പറ്റിയൊന്നുമല്ല, മറിച്ച് ജനപ്രിയമായ മുഖ്യധാരാ സാഹിത്യത്തിലെ ഗൂഢാലോചനാസിദ്ധാന്തത്തിന്റെയും അപസര്‍പകത്വത്തിന്റെയും അടിവേരുകള്‍ തേടി പരിചയപ്പെടുത്തുന്ന എഴുത്ത്. ഇന്റര്‍നെറ്റ് കാല സാഹിത്യനിരൂപണം വിക്കീപീഡിയയുടെ വിവര്‍ത്തനമായിത്തീരുന്ന വിരസകാലത്തും വായനക്കാരെ പിടിച്ചിരുത്താനുള്ള മാജിക്ക് രാജശേഖരനറിയാം. അതാണ് ഈ പംക്തിയുടെ വിജയം.ജീവിതത്തില്‍ ആദ്യമായി ഒരു ജോലിക്ക്, അതും ഇഷ്ടപ്പെട്ട ജോലിക്ക് അഭിമുഖത്തിനു പോയപ്പോള്‍ അവിടെ വച്ചു പരിചയപ്പെട്ടതാണ് ഡോ.പി.കെ.രാജശേഖരനെ. ഡിഗ്രിക്കാലത്ത് യൂണിവേഴ്‌സിറ്റി കോളജില്‍ സൂപ്പര്‍ സീനിയറായിരുന്ന ആളാണെങ്കില്‍ക്കൂടി, വ്യക്തിപരമായ കാരണങ്ങളാല്‍ (ഞാന്‍ പഠിച്ച രസതന്ത്രം ഡിപ്പാര്‍ട്ട്‌മെന്റില്‍ എന്റെ തന്നെ അധ്യാപകനായിരുന്നു എന്നേക്കാള്‍ 20 വയസിനു മുതിര്‍ന്ന, എന്റെ ഏക അളിയന്‍. രാവിലെ ഒരേ വീട്ടില്‍ നിന്ന് രണ്ടു സ്‌കൂട്ടറുകളില്‍ കോളജില്‍ പോകുകയും അദ്ദേഹത്തിന്റെ അളിയന്‍ എന്ന ലേബലില്‍ മറ്റധ്യാപകരുടെ കൂടി നോട്ടപ്പുള്ളിയായി കഴിയുകയും ചെയ്യുന്ന ഒരാള്‍ക്ക് ക്യാംപസ് ജീവിതം എങ്ങനെ ആസ്വാദ്യമാകും? കഴിയുന്നത്ര ക്യാംപസിനു പുറത്തു ജീവിക്കാനാണ് ഞാനന്നു ശ്രമിച്ചത്. സുഹൃത്തുക്കളായ സഹാനിയും വിനോദും ആനന്ദ്കുമാറുമൊക്കെയായി സ്വന്തമായി നടത്തിപ്പോന്ന ചലച്ചിത്രപ്രസിദ്ധീകരണത്തിന്റെ കാര്യവും നോക്കി നടന്നതുകൊണ്ട് ഇപ്പറഞ്ഞ കലാലയകാലം ഒട്ടുമേ പുഷ്‌കരമായിരുന്നില്ല എന്റെ ജീവിതത്തില്‍.)സ്വയം അന്യനായിരുന്ന ഞാന്‍ പി.കെ.യെ എന്നല്ല അക്കാലത്ത് കോളജില്‍ സമകാലികരായ പലരുമായും പിന്നീടാണ് പരിചയപ്പെടുന്നത്. അങ്ങനെയാണ് 1991ല്‍ കേരളകൗമുദിയില്‍ പത്രപ്രവര്‍ത്തക ട്രെയിനിക്കുളള ഉദ്യോഗാര്‍ത്ഥികളായി ഞങ്ങള്‍ മൂന്നുപേര്‍ പേട്ടയിലെ കൗമുദിയുടെ സ്വീകരണമുറിയില്‍ ഒന്നിച്ചൊരുനാള്‍ എത്തുന്നത്. അതില്‍ പി.കെ.രാജശേഖരനും ജി.എ.ലാലിനും വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. അവര്‍ യൂണിവേഴ്‌സിറ്റി കോളജ് കാല ചങ്ങാതികളാണ്. ലാലിനെ പക്ഷേ എനിക്കുമറിയാം.കാരണം, ഡിഗ്രി കഴിഞ്ഞ് തിരുവനന്തപുരത്തെ ഭാരതീയ വിദ്യാഭവനില്‍ ജേര്‍ണലിസം ഡിപ്‌ളോമയ്ക്കു പഠിക്കുമ്പോള്‍ സഹപാഠിയാണ് ചിത്രകാരനായ ലാല്‍. രാജശേഖരനാവട്ടെ അപ്പോഴേക്ക് രാധികയുടെ ഭര്‍ത്താവാണ്. ക്രിക്കറ്റിനെപ്പറ്റി ഒരു പുസ്തകമെഴുതിക്കഴിഞ്ഞിരിക്കുന്നു (ആഴ്ചകള്‍ക്കു ശേഷമാണ് അതു പുറത്തിറങ്ങിയത്) ഇന്റര്‍വ്യൂവില്‍ ഞങ്ങള്‍ മൂന്നാള്‍ക്കും സെലക്ഷന്‍ കിട്ടി. മാസം 550 രൂപയാണ് സ്‌റ്റൈപ്പന്റ്. ലാലൊഴികെ പി.കെ.യും ഞാനും ചേര്‍ന്നില്ല. എനിക്കപ്പോഴേക്ക് കാര്യവട്ടം യൂണിവേഴ്‌സിറ്റി ജേര്‍ണലിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ എം.സി.ജെക്ക് പ്രവേശനം കിട്ടി. (എം.എ.ഇംഗ്‌ളീഷ് കഴിഞ്ഞിട്ടാണെന്നോര്‍ക്കണം). രാജശേഖരന് മറ്റെന്തോ പരിപാടികളുണ്ടായിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞാണ് രാജശേഖരന്‍ മാതൃഭൂമിയില്‍ ചേരുന്നത്. ലാല്‍ മാത്രം ചേര്‍ന്നു. വെള്ളിനക്ഷത്രത്തിലായിരുന്നു നിയമനം. തിരക്കഥാ സ്വപ്‌നങ്ങള്‍ അന്നേയുള്ള ലാലിന്റെ ഹിറ്റുകളുടെ കഥ എന്ന പരമ്പര വമ്പന്‍ ഹിറ്റായിത്തീരുകയും ചെയ്തു. തിരക്കഥാ തിരുത്തല്‍ വാദി (ലാലിന്റെ തന്നെ പ്രയോഗം) ആയി കടന്നു വന്ന്, മധുപാലിന്റെയും മറ്റും പരമ്പരകളിലൂടെ ശ്രദ്ധേയനായ ലാല്‍ പക്ഷേ അകാലത്തില്‍ ഒരു തീവണ്ടിയപകടത്തില്‍ ഓര്‍മ്മയായിത്തീര്‍ന്നു.
ആമുഖത്തില്‍ പറഞ്ഞ രണ്ടാമത്തെ ആളെയും ഞാന്‍ ആദ്യം കാണുന്നത് യൂണിവേഴ്‌സിറ്റി കോളജില്‍ വച്ചു തന്നെയാണ്. ഞങ്ങളുടെ തൊട്ടു താഴത്തെ ഡിഗ്രി ബാച്ചിലായിരുന്നു അനന്തപത്മനാഭനും നര്‍ത്തകി നീനാ കുറുപ്പുമൊക്കെ അടങ്ങുന്ന സംഘം. മൂന്നാലഞ്ചു വട്ടം ക്യാംപസില്‍ വച്ചു കണ്ടിട്ടുണ്ടെങ്കിലും അടുത്ത പരിചയമൊന്നുമില്ലായിരുന്നു. ഞാന്‍ കണ്ടിട്ടുള്ളത് പപ്പന് ഓര്‍മ്മകൂടി കാണണമെന്നുമില്ല. പക്ഷേ പപ്പനെ പിന്നീട് അടുത്തു കാണുന്നതും ഇടപഴകുന്നതും ഞാന്‍ അമൃതടിവിയില്‍ സീനിയര്‍ന്യൂസ് എഡിറ്ററാവുമ്പോഴാണ്. എന്റെ ചുമതലയിലുള്ള കറന്റ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഡ്യൂസറായിരുന്നു പപ്പന്‍. അര്‍ത്ഥവത്തായ രണ്ടുമൂന്നു പരിപാടികളുടെ സ്രഷ്ടാവ്. ഞാന്‍ ഭാഗഭാക്കേ ആവാത്ത ഒരു സംഭവത്തില്‍ എന്നെ പ്രതി ഉണ്ടായ ഒരു തെറ്റിദ്ധാരണയിലൂടെയാണെന്നു തോന്നുന്നു, സ്ഥാപനം വിട്ടു പോന്ന ശേഷം മാത്രം ഞാനും പപ്പനും തമ്മില്‍ കുറച്ചുകൂടി പരസ്പരബഹുമാനത്തിലുള്ള സൗഹൃദം ഉടലെടുക്കുന്നത്. അതിനു കാരണക്കാരനായതോ, അമൃതയില്‍ റിപ്പോര്‍ട്ടറായിരുന്ന ഇപ്പോള്‍ മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടറായ ഡോ.ജി.പ്രസാദ്കുമാറും. പപ്പന്‍ തിരക്കഥയെഴുതിയ ചിത്രത്തെക്കുറിച്ച് ഞാനെഴുതിയതു വായിച്ച് പപ്പന്‍ എന്നെ വിളിച്ചിട്ടുണ്ട്. പപ്പനെഴുതുന്നതെന്തും ഞാന്‍ താല്‍പര്യത്തോടെ വായിക്കാറുമുണ്ട്. പ്ത്മരാജന്‍ എന്ന ഔറയില്ലാതെ തന്നെ ഞാന്‍ ബഹുമാനിക്കുന്ന ആളാണ് അനന്തപത്മനാഭന്‍. പപ്പന്‍ മാതൃഭൂമിയിലെഴുതുന്ന പിതാവിനെക്കുറിച്ചുള്ള കുറിപ്പുകള്‍ സത്യത്തില്‍ ഒരുതരം ആവേശത്തോടെയാണ് വായിക്കുന്നത്. ഇങ്ങനെയും ഹൃദയം കൊണ്ടെഴുതാമല്ലോ എന്നോര്‍ത്ത് അസൂയപ്പെടാറുണ്ട്, അതിലേറെ അത്ഭുതപ്പെടാറുമുണ്ട്. ഇക്കഴിഞ്ഞ പത്മരാജന്‍ ഫൗണ്ടേഷന്‍ മീറ്റിങ്ങില്‍ ഇക്കാര്യം പപ്പന്റെ അമ്മയോടു പരസ്യമായി പറയുകയും ചെയ്തതാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അടുത്തകാലത്തു വന്ന ഏറ്റവും ജനപ്രിയമായതും ശ്രദ്ധിക്കപ്പെടുന്നതുമായ വായനാവിഭവം തന്നെയാണ് മകന്‍ എഴുതിയ പത്മരാജന്‍. ഏറെ തിരുത്തലുകള്‍ക്കും ഒഴിവാക്കലുകള്‍ക്കും ശേഷമാണ് മാതൃഭൂമയില്‍ അതു വരുന്നതെന്നാണു മനസിലാക്കുന്നത്. പുസ്തകരൂപത്തില്‍ പപ്പന്റെ ഒറിജിനല്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് കേട്ടത്. അങ്ങനെയെങ്കില്‍ അതു മറ്റൊരു വായനാനുഭവമാകുമെന്ന സന്തോഷത്തിലാണു ഞാന്‍. നമ്മുടെ സുഹൃത്തുക്കള്‍ എഴുതുന്നതും ചെയ്യുന്നതും കാണാനും കേള്‍ക്കാനും സാധിക്കുക എന്നത് ധന്യതയാണ്. ആ ധന്യത അപൂര്‍വതയുമാണ്. ആ അപൂര്‍വധന്യതയിലാണു ഞാന്‍.

No comments:
Post a Comment