Saturday, April 27, 2019

പറന്ന് പറന്ന് പറന്ന്!


ചില സിനിമകള്‍ കണ്ടാല്‍ അതേപ്പറ്റി പറയാതിരി ക്കാന്‍ ആവാതെ വരും. അസ്ഥിയില്‍ പിടിക്കുന്ന തരം സിനിമകള്‍. തീര്‍ച്ചയായും തീയറ്ററില്‍ വിട്ടു പോരാവുന്ന സിനിമകളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നല്ല മനു അശോകന്റെ ഉയരെ.അതൊരു മഹത്തായ ചലച്ചിത്രസൃഷ്ടിയൊന്നുമല്ല. പക്ഷേ ദിവസങ്ങളോളം കാണിയുടെ മനസില്‍ തങ്ങിനില്‍ക്കുന്ന സിനിമ തന്നെയാണ്.
ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ വൈരൂപ്യങ്ങള്‍ക്കു മുന്നില്‍ അന്തം വിട്ടു നില്‍ക്കാതെ അതിനെ സുന്ദരമായൊരു ജീവിതശില്‍പമാക്കിമാറ്റുന്നുവരെക്കുറിച്ചെഴുതുന്നതില്‍ മിടുക്കരാണ് ബോബി-സഞ്ജയ്മാര്‍. അതവര്‍ എന്റെ വീട് അപ്പൂന്റേയും മുതല്‍ കാണിച്ചു തരുന്നതുമാണ്. ട്രാഫിക് ഇറങ്ങിയപ്പോഴും ഞാന്‍ എന്റെ ബ്ലോഗിലും പിന്നീട് പുസ്തകത്തിലും അവരുടെ ക്രാഫ്റ്റിന്റെ മികവിനെയും തികവിനെയും കുറിച്ച് വിലയിരുത്തിയി ട്ടുള്ളതാണ്. മുഹമ്മദ് റാഫിയുടെ കരുത്ത് മെലഡിയാണെന്നു പറയുന്നതുപോലെയാണത്. തട്ടുപൊളിപ്പന്‍ പാട്ടുകള്‍ക്ക് കിഷോര്‍ദായായിരുന്നു ഒരു പടി മുന്നില്‍. അതുപോലെ ചില ശക്തീസവിശേഷതകള്‍ ഗായകര്‍ക്കുണ്ട്. സഞ്ജയ് ബോബിമാരുടെ കരുത്ത് കാസനോവയോ കായംകുളം കൊച്ചുണ്ണിയോ എഴുതുന്നതിലല്ല. അതെഴുതാന്‍ മറ്റുപലരുമുണ്ട്.ആരുമില്ലെങ്കില്‍ എഴുതിയില്ല എന്നേയുള്ളൂ എന്നുമുണ്ട്. പക്ഷേ ഉയരെ എഴുതാന്‍, നിര്‍ണായകം എഴുതാന്‍, നോട്ട് ബുക്ക് എഴുതാന്‍, മുംബൈ പൊലീസ് എഴുതാന്‍, ഹൗ ഓള്‍ഡ് ആര്‍ യൂ എഴുതാന്‍ നിങ്ങളേ ഉള്ളൂ. നിങ്ങളുടെ ശക്തി നിങ്ങള്‍ തിരിച്ചറിയേണ്ടതാണ്.
പാര്‍വതി തെരുവോത്തിനെപ്പറ്റി എന്ന്‌ സ്വന്തം മൊയ്തീന്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ എഴുതിയതാണ്. ആ വര്‍ഷം ദേശീയ അവാര്‍ഡ് നേടേണ്ടിയിരുന്നത് പാര്‍വതി തന്നെയാണെന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കങ്കണയേക്കാള്‍ ആ വര്‍ഷം മികച്ച അഭിനയം കാഴ്ചവച്ചത് പാര്‍വതി തന്നെയാണ്. അന്നു നഷ്ടപ്പെട്ട ഭാഗ്യമാണ് പിന്നീട് ടേക്കോഫിലൂടെ അവര്‍ക്ക് ഐ എഫ് എഫ് ഐയില്‍ വരെ വന്നു ചേര്‍ന്നത്. അവാര്‍ഡ് ദാതാക്കളുടെ വക പ്രായശ്ചിത്തമായാണ് ഞാനതിനെ കാണുന്നതും. കരീബ് കരീബ് സിംഗ്ള്‍ എന്ന ഹിന്ദി ചിത്രത്തിലടക്കം അസൂയാവഹമായ പ്രകടനം കാഴ്ചവച്ച പാര്‍വതി, മലയാളത്തില്‍ ലേഡീ സൂപ്പര്‍സ്റ്റാറാക്കി അവരോധിക്കാന്‍ ആരാധക മാധ്യമങ്ങള്‍ മത്സരിക്കുന്ന നടിയേക്കാള്‍ എത്രയോ ഉയരെയാണ്. ഉയരെയിലെ പല്ലവി ഒരു പക്ഷേ പാര്‍വതിയുടെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കില്ല. പക്ഷേ അത് മറ്റു പല സമകാലികരുടേതിനേക്കാള്‍ ഉയരെത്തന്നെയാണ്.പല മാമൂലുകളും സിനിമ തച്ചുടയ്ക്കുന്നുണ്ട്. അതിലൊന്നാണ് ആസിഫിന്റെ കഥാപാത്രം. ഇനിയൊന്ന് ടൊവിനോയുടേതാണ്. ഇടയ്ക്ക് ചില ഏകതാനവേഷങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുകയോ പ്രസക്തി നഷ്ടപ്പെടുകയോ ചെയ്ത നടനാണ് ടൊവിനോ. അദ്ദേഹത്തിന്റെ വീണ്ടെടുപ്പു കൂടിയാണ് ഉയരെ.
ഒറ്റ കാര്യത്തിലേ വിഷമമുള്ളൂ. അത് കഥയുടെ മര്‍മ്മമറിയാതെ സംഗീതം വാരിത്തൂറ്റുന്ന (സംഗീത വയറിളക്കം എന്നതാവും കൂടുതല്‍ ഉചിതം) ഗോപി സുന്ദറിന്റെ സംഭാവന. അത് ഈ ചിത്രത്തിന് യോജിച്ചതാണോ എന്ന് ആത്മപരിശോധന നടത്തേണ്ടത് സംവിധായകനാണ്. ഉറപ്പായും കാണേണ്ട, എന്നെപ്പോലെ പെണ്‍കുട്ടികളുള്ള അച്ഛനമ്മമാര്‍ അവരുടെ മക്കളെ നിര്‍ബന്ധമായും കാണിച്ചിരിക്കേണ്ട സിനിമയാണിത്. കുടുംബസമേതം എന്ന പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്ന ഒന്ന്.
(വ്യക്തിപരമായി ഒരു വലിയ കടപ്പാടു കൂടുയുള്ളത് രേഖപ്പെടുത്താതെ പോയ്ക്കൂടാ എനിക്കീ സിനിമയുടെ അണിയറപ്രവര്‍ത്തകരോട്. അതെന്താണെന്നു വച്ചാല്‍, റിലീസിന്റെ രണ്ടാം ദിവസം അഭിപ്രായങ്ങള്‍ കേട്ട് തീയറ്ററില്‍ ബുക്ക് ചെയ്തു പോയി കണ്ട ഷാജിമാരുടെ സിനിമ നല്‍കിയ തലവേദനയും ശരീരവേദനയും മാനനഷ്ടവും ധനഹാനിയും അതുമൂലമുണ്ടായ കടുത്ത വിഷാദരോഗവും മാറ്റി തന്നു റിലീസിന്റെ രണ്ടാം ദിവസം അതേ തീയറ്ററില്‍ ബുക്ക് ചെയ്തു പോയി കണ്ട ഉയരെ! തീര്‍ത്താല്‍ തീര്‍ത്ത കടപ്പാടുണ്ട് മലയാളത്തിലെ പുത്തന്‍ സിനിമയില്‍ ഇനിയും പ്രതീക്ഷയ്ക്കു വക ബാക്കിയാക്കിയതിന്)


No comments: