Wednesday, March 20, 2019

മാറുന്ന മാധ്യമങ്ങള്‍ മായാത്ത മൂല്യങ്ങള്‍

സിനിമ വിട്ട് ഒരു പുസ്തകവുമായി ഇതാദ്യമായി സഹകരിക്കുകയാണ്. മുമ്പ് ശിഷ്യരുടെയും സുഹൃത്തുക്കളുടെയും ഒരുപിടി പുസ്തകങ്ങള്‍ക്കു പിന്നില്‍ നിന്നു പിന്തുണച്ചിട്ടുണ്ടെ ങ്കിലും ഇതാദ്യമായി നേരിട്ടു ബന്ധപ്പെടുകയും അതില്‍ ഭാഗഭാക്കാവുകയുമാണ്. സജീവ പത്രജീവിതം വിട്ട് പത്രപ്രവര്‍ത്തന പരിശീലകനായശേഷമുള്ള ആദ്യത്തെ സംരംഭം. മാധ്യമപഠനസമാഹാരമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ദക്ഷിണേന്ത്യന്‍ ശാഖയില്‍ നിന്നുള്ള ആദ്യപ്രസാധന സംരംഭം. കേരളത്തിലെ മാധ്യമസാഹചര്യങ്ങളുടെ ചരിത്രപരവും സാമൂഹികവുമായ സമകാലികാവസ്ഥ വിശകലനം ചെയ്യുന്ന വിദഗ്ധരുടെ ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തില്‍. സര്‍ക്കാരിന്റെ ഒറ്റപ്പൈസ പോലും കൈപ്പറ്റാതെ പൂര്‍ണമായും പരസ്യത്തിലൂടെ പ്രസാധനച്ചെലവു കണ്ടെത്തി പുറത്തിറക്കിയ ഒന്ന്. ഒരു കേന്ദ്ര സര്‍ക്കാര്‍ അക്കാദമിക് സ്ഥാപനത്തില്‍ നിന്ന് ഇത്തരത്തിലൊരു സംരംഭത്തില്‍ അതും കേരളശാഖയില്‍ ആദ്യത്തേതിന്റെ നിര്‍ണായകമായൊരു ഭാഗമാകാനായതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.
ഇന്റര്‍നെറ്റ് പരസ്യം കണ്ടപേക്ഷിച്ച്, അഭിമുഖങ്ങള്‍ക്കു ശേഷം നിയമിക്കപ്പെട്ട് മുന്നിലെത്തിയ എന്നോട് ഐഐഎംസി റീജനല്‍ ഡയറക്ടറും അക്കാദമിക് ഹെഡ്ഡുമായ ഡോ. അനില്‍കുമാര്‍ വടവാതൂര്‍ പങ്കുവച്ച ആഗ്രഹങ്ങളിലൊന്നാണ് മലയാളമാധ്യമപരിശീലനത്തിന് പാഠപുസ്തകനിലവാരത്തില്‍ ഇത്തരത്തിലൊരു പുസ്തകം പുറത്തിറക്കിയാല്‍ കൊള്ളാമെന്നത്.പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് മൂന്നു മാസം കൊണ്ട് അതു നിവര്‍ത്തിച്ചെടുത്തത്. ഇപ്പോള്‍ പുസ്തകം അച്ചടി പൂര്‍ത്തിയാക്കി പ്രകാശനത്തിനു തയാറെടുക്കുമ്പോള്‍ ഗുരുതുല്യരായ മഹാപത്രപ്രവര്‍ത്തകരോട് എഴുത്തുകാരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. മുഖചിത്രം രൂപകല്‍പന ചെയ്തു തന്ന പഴയ സഹപ്രവര്‍ത്തകന്‍ ബിജു ആന്‍ഡ്രൂസ്, പ്രസിനെപ്പറ്റിയുള്ള വിവരങ്ങള്‍ തന്ന പ്രസാധകന്‍ അനില്‍ വേഗ എന്നിവരോടും നന്ദി മാത്രം.
19 വര്‍ഷം മുമ്പ് മലയാള മനോരമയില്‍ നിന്ന് സബ് എഡിറ്ററായിത്തന്നെ പടിയിറങ്ങിയ ശേഷം ഇതാദ്യമായി ഗുരുകാരണവരായ മനോരമയുടെ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ ശ്രീ തോമസ് ജേക്കബ് സാറിനെ വീട്ടില്‍ ചെന്നു കണ്ട് അദ്ദേഹത്തെ കൊണ്ട് എഴുതിക്കാനായത് സുകൃതം. വര്‍ഷങ്ങളായുള്ള പരിചയക്കാരും അഭ്യുദയകാംക്ഷികളുമായ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ശ്രീ സണ്ണിക്കുട്ടി ഏബ്രഹാം, ശ്രീ സി.ഗൗരീദാസന്‍ നായര്‍, ശ്രീ എന്‍.പി.രാജേന്ദ്രന്‍,വര്‍ഷങ്ങളായി ദൂരെനിന്ന് ആരാധിച്ച അടുത്തിടെ മാത്രം ഏറെ അടുത്തുപരിചയപ്പെട്ട ദൂരദര്‍ശന്‍ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ശ്രീ കെ.കുഞ്ഞികൃഷ്ണന്‍ സാര്‍, അധ്യാപകന്‍ കൂടിയായ ശ്രീ എം.വി.തോമസ് സാര്‍, ആകാശവാണിയിലുണ്ടായിരുന്ന ശ്രീ എ.പ്രഭാകരന്‍ സാര്‍, എന്റെ മാനസഗുരു ചലച്ചിത്ര നിരൂപകനും സംവിധായകനുമായ ശ്രീ വിജയകൃഷ്ണന്‍ സാര്‍, പത്രപ്രവര്‍ത്തനത്തില്‍ നേര്‍ഗുരുവായിരുന്ന ശ്രീ ജോസ് പനച്ചിപ്പുറം എന്നിവരെല്ലാം പ്രകടിപ്പിച്ച വാത്സല്യവും കരുതലും നന്ദിവാക്കുകള്‍ക്കതീതമാണ്. ഏറ്റെടുത്ത വാക്കു പാലിക്കാനായില്ലെങ്കിലും പത്രരൂപകല്‍പനാവിദഗ്ധരായ മുംബൈ ഐഐടിയിലെ ഐഡിസിയുടെ മേധാവി ശ്രീ ജി.വി.ശ്രീകുമാറും, ശിഷ്യന്‍ കൂടിയായ ശ്രീ അനൂപ് രാമകൃഷ്ണനും ഡല്‍ഹിയില്‍ പത്രരൂപകല്‍പകനായ ഷാജന്‍ സി കുമാറിനെ പരിചയപ്പെടുത്തി തന്ന് സഹായിച്ചു. പത്രഭാഷയെപ്പറ്റി എഴുതിത്തരാമെന്നു പറഞ്ഞ കാര്യവട്ടം മലയാളവിഭാഗം മുന്‍ മേധാവി ഡോ.പത്മറാവുസാറാവട്ടെ കാരണമൊന്നും കൂടാതെ പറഞ്ഞുപറ്റിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടും കേട്ടും കൊണ്ടും അച്ചടിക്കൂലിക്കുള്ള പരസ്യമെങ്കിലും കിട്ടുമോ എന്നു പോലും വ്യക്തമാവാത്ത നാളുകളിലും ആത്മവീര്യം പകര്‍ന്നു മുന്നോട്ടു നയിച്ചത് ഡോ. അനില്‍കുമാര്‍ വടവാതൂരിന്റെ ആത്മവിശ്വാസം മാത്രമാണ്. എന്തായാലും ഇതാ ഇപ്പോള്‍ ഇങ്ങനെയൊരു പുസ്തകം പുറത്തുവന്നിരിക്കുന്നു. കുറവുകളുണ്ടായിരിക്കും. അല്ല, തീര്‍ച്ചയായും ഉണ്ട് എന്നു തന്നെ സമ്മതിക്കുന്നു. കുറ്റമറ്റതായി ലോകത്ത് യാതൊന്നുമില്ലല്ലോ. ഇതൊരു മഹത്തായ പ്രസിദ്ധീകരണമാണെന്ന തരത്തിലുള്ള അവകാശവാദങ്ങള്‍ക്കും മുതിരില്ല. കാരണം ഇതേപോലെ വേറെയും പ്രസിദ്ധീകരണങ്ങളുണ്ടായിരിക്കാം. പക്ഷേ ഈ പുസ്തകം വായിക്കുന്നവര്‍ക്ക്, ഇതിലെ പ്രൗഢഗംഭീരങ്ങളായ ലേഖനങ്ങള്‍ വായിക്കുന്നവര്‍ക്ക് ഈ പുസ്തകത്തിനു പിന്നിലെ ആത്മാര്‍ത്ഥത തീര്‍ച്ചയായും ബോധ്യമാവും എന്നു തന്നെയാണ് 16 പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള അനുഭവത്തില്‍ നിന്ന് എനിക്കു തോന്നുന്നത്. അത് സംവദിക്കാന്‍ സാധിച്ചാല്‍ സന്തോഷം, സംതൃപ്തി.
എല്ലാറ്റിനുമുപരി സ്വകീയമായൊരു ചാരിതാര്‍ത്ഥ്യം കൂടി എനിക്കു വ്യക്തിപരമായിട്ടുണ്ട്. എന്റെ രണ്ടാമത്തെ പുസ്തകം മുതല്‍ എല്ലാം നേരിട്ടു ടൈപ് ചെയ്തതും പലതിന്റെയും പേജ് രൂപകല്‍പന വരെ സ്വയം ചെയ്തതുമാണെങ്കില്‍ക്കൂടിയും അവയുടെ അവസാനവട്ട മിനുക്കുപ്പണിയും പിഡിഎഫ് ആക്കുക എന്ന സാങ്കേതികപ്രവൃത്തിയും പേജ് നമ്പറിങ് പോലുള്ള സാങ്കേതികതയുമെല്ലാം വിദഗ്ധരാണു പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍ മാറുന്ന മാധ്യമങ്ങള്‍ മായാത്ത മൂല്യങ്ങള്‍ എന്ന ഈ ഗ്രന്ഥത്തില്‍ പക്ഷേ അതെല്ലാം സ്വയം ചെയ്യാനായെന്നു മാത്രമല്ല ഇനിയൊരു പുസ്തകം സ്വന്തമായി ചെയ്യാനുള്ള കൈവഴക്കവും ആത്മവിശ്വാസവും അതെനിക്കു സമ്മാനിക്കുകയും ചെയ്തു.

No comments: