Friday, June 29, 2018

മേരിക്കുട്ടിയെപ്പറ്റി ചിലത്

കഴിഞ്ഞദിവസം ഒരു അടുത്ത യുവസൂഹൃത്തു വിളിച്ചു. വൈകിട്ടൊരു സിനിമയ്ക്കു പോകാനാണ്. എന്റെ അഭിപ്രായമന്വേഷിച്ചുവിളിച്ചതാണ്. ഞാന്‍ മേരിക്കുട്ടി കണ്ടോ എന്നാണറിയേണ്ടത്. ഞാന്‍ കണ്ടെന്നു പറഞ്ഞപ്പോള്‍ മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന മകളുമൊത്തു കാണാന്‍ പോകാവുന്ന സിനിമയാണോ എന്നായി. ട്രാന്‍സ്‌ജെന്‍ഡര്‍ സിനിമ എന്നൊക്കെ കേട്ടപ്പോഴുള്ള അങ്കലാപ്പാണ്. ട്രാന്‍സ്‌ജെന്‍ഡറിസത്തെപ്പറ്റിയല്ലെന്നും ഇത് ട്രാന്‍സ് സെക്ഷ്വാലിറ്റിയെപ്പറ്റിയാണെന്നും മകളുടെ പ്രായത്തിലുള്ള ആണും പെണ്ണും തീര്‍ച്ചയായും കാണുകയും ഇത്തരം സാമൂഹികാവസ്ഥകളെപ്പറ്റി ബോധമുണ്ടാകുകയും അതുവഴി വരുംതലമുറയുടെയെങ്കിലും കാഴ്ചപ്പാടുകള്‍ നേരിന്റെതായിത്തീരേണ്ടതുണ്ടെന്നും അങ്ങനെമാത്രമേ സമൂഹത്തെ നമുക്കു മാറ്റിയെടുക്കാനാവുകയുള്ളൂവെന്നുമൊക്കെ പറഞ്ഞിട്ടാണ് അദ്ദേഹം ഭാര്യയും മകളുമൊത്ത് ഞാന്‍ മേരിക്കുട്ടി കാണാന്‍ പോയത്. ഞാനും ഭാര്യയുമാകട്ടെ, വാസ്തവത്തില്‍ ഞാന്‍ മേരിക്കുട്ടി കണ്ടതിന്റെ ചെറിയൊരു ഹാങോവറില്‍ നിന്നു വിടുതലനേടിയിട്ടുമുണ്ടായിരുന്നില്ല.
മലയാള സിനിമയില്‍ ബാലചന്ദ്രമേനോനും സന്ത്യന്‍ അന്തിക്കാടും വേണുനാഗവള്ളിയും തുറന്നിട്ട ഇടസിനിമയുടെ പാതയില്‍ കാലിടറാതെ മുന്നോട്ടുപോവുന്ന പുതുതലമുറസംവിധായകനാണ് രഞ്ജിത്ശങ്കര്‍. എന്നാല്‍ രഞ്ജിത്തിന്റെ സിനിമ അവരുടേതില്‍ നിന്നു വ്യത്യസ്തമായി ഒരു പുതിയ ഭാവുകത്വം തേടുന്നത് അവതരണത്തിലെ ഏകാഗ്രതകൊണ്ടാണ്. ധ്യാനാത്മകമായ ഏകാഗ്രത എന്നതിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. മുഖ്യകഥാവസ്തുവില്‍ നിന്ന് തെല്ലും വ്യതിചലിക്കാതെ, തന്റെ കഥയ്ക്കാവശ്യമില്ലാത്ത ഒരു സീനോ കഥാപാത്രമോ പോലും സൃഷ്ടിക്കാതെ കഥാനിര്‍വഹണത്തിന്റെ പുരോഗതിയില്‍ മാത്രം കണ്ണും മനസുമുറപ്പിച്ചുള്ള സ്‌ക്രിപ്റ്റിങ് ആണ് രഞ്ജിത്ശങ്കര്‍ സിനിമകളുടെ ശക്തി.ഒന്നു കഴിഞ്ഞാല്‍ അടുത്തത് എന്ന നിലയ്ക്ക് ഒരുവിരല്‍ അകലം പോലുമില്ലാതെ ഇഴചേര്‍ത്തുകെട്ടിമുറുക്കിയ തിരക്കഥാശൈലിയാണത്.അതു പാസഞ്ചര്‍ മുതല്‍ വെളിവായതാണെങ്കിലും രാമന്റെ ഏദന്‍തോട്ടമായപ്പോഴാണെന്നു തോന്നുന്നു പൂര്‍ണത കൈവരിക്കുന്നത്. വിഷയമേതായാലും അതിലൊരു ശുഭാപ്തിവിശ്വാസം തൊട്ടു നല്‍കാന്‍ ശ്രദ്ധിക്കുന്ന ചലച്ചിത്രകാരനാണ് രഞ്ജിത്. അതുകൊണ്ടു തന്നെ, ട്രാന്‍സ്‌ജെന്‍ഡര്‍ സിനിമ എന്ന ലേബലില്‍ നിന്നു വേറിട്ട്, സുസുസു വാത്മീകത്തിന്റെയും  രാമന്റെ ഏദന്‍തോട്ടത്തിന്റെയും ഒക്കെ പിന്തുടര്‍ച്ചയായി ഒരു പോസിറ്റീവ് സിനിമയായി ഞാന്‍ മേരിക്കുട്ടിയെ കാണണമെന്നാണ് എന്റെ പക്ഷം. കാരണം ഞാന്‍ മേരിക്കുട്ടി കേവലമൊരു ട്രാന്‍സ്‌സെക്ഷ്വലിന്റെ പ്രശ്‌നമല്ല. അതു പ്രതികൂല ജീവിതാവസ്ഥകളെ മനഃക്കരുത്തും ഇച്ഛാശക്തിയും കൊണ്ടു മറികടന്ന് ലക്ഷ്യപ്രാപ്തിയിലെത്തുന്ന സാധാരണ മനുഷ്യനെപ്പറ്റിയുള്ള കഥയാണ്. അതില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പിന്‍തിരിപ്പന്‍/പ്രതിലോമ ആശയങ്ങളുണ്ട്. സാമൂഹികവിരുദ്ധമെന്നു വിവക്ഷിക്കാവുന്ന ആള്‍ക്കൂട്ടവിചാരണകളുടെ കാപട്യം തുറന്നുകാട്ടുന്നുണ്ട്. അധികാരദുര്‍വ്യവസ്ഥ എങ്ങനെയാണ് കണ്ണും കാതും കെട്ടിയ നിലയില്‍ നിര്‍ജീവമായിട്ടുള്ളതെന്നുമുണ്ട്. അതൊക്കെ തളരാത്ത ഇച്ഛാശക്തിയും തെളിഞ്ഞ ചിന്തയും ആത്മവിശ്വാസവും കൊണ്ട് ഒരാള്‍ക്കു മറികടക്കാനാവുന്നതെങ്ങനെയെന്നുമുണ്ട്.
നമ്മോടൊപ്പം സഞ്ചരിക്കുന്ന, സിനിമ കാണുന്ന, ഭക്ഷണം കഴിക്കുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡറും ട്രാന്‍സ് സെക്ഷ്വലും നമ്മുടെയും ചുറ്റുപാടുകളുടെയും തുറിച്ചു നോട്ടത്തില്‍ നിന്നു ശാശ്വതമായി രക്ഷപ്പെടണമെങ്കില്‍ മാറേണ്ടത് നമ്മുടെ കാഴ്ചപ്പാടാണ്. മാറ്റേണ്ടത് നമ്മുടെ മക്കളുടെ അവരോടുള്ള സമീപനവുമാണ്. കൗതുകമുണ്ടാക്കുകയല്ല, അവരെപ്പറ്റിയുള്ള ശാസ്ത്രീയ വിശദീകരണം നല്‍കി അവരും നമ്മളെപ്പോലെതന്നെയാണെന്ന് സ്വന്തം കുഞ്ഞുങ്ങള്‍ക്കടക്കം പറഞ്ഞു മനസിലാക്കിക്കൊടുക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡറുകളോടും ട്രാന്‍സ് സെക്ഷ്വലുകളോടും നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ നീതി. അതിന് ഞാന്‍ മേരിക്കുട്ടി ഒരു നല്ല തുടക്കമാണ്, അല്ല, ആരോഗ്യകരവും ഫലപ്രദവുമായ തുടക്കം തന്നെയാണ്.
ജയസൂര്യയെ സംബന്ധിച്ച്, കഥാപാത്രവ്യത്യാസത്തിനു വേണ്ടി ഏതളവുവരെയും പരിശ്രമിക്കുന്ന നടനാണെന്ന് പ്രേക്ഷകര്‍ക്കറിയാവുന്നതാണ്. എന്നാല്‍ മേരിക്കുട്ടി വ്യത്യസ്തമാവുന്നത്, അതില്‍ മിമിക്രിയുടെ അംശവും കൃത്രിമത്വത്തിന്റെ അംശവുമില്ലെന്നിടത്താണ്. രഞ്ജിത്തും ജയസൂര്യയും കൂടി വിഭാവനചെയ്ത മേരിക്കുട്ടി സ്‌ത്രൈണത ശരീരത്തിലോ ശബ്ദത്തിലോ വഹിക്കുന്ന ആളല്ല, മറിച്ച് മനസുകൊണ്ട് സ്ത്രീയായി ജീവിക്കുന്ന പുരുഷനാണ്. ആ ശരീരഭാഷ സ്വായത്തമാക്കാന്‍ ജയസൂര്യയ്ക്ക് സാധിച്ചു. അതുകൊണ്ടാണ് അതില്‍ വക്രീകരണങ്ങളോ, ക്യാരക്കേച്ചറിങോ, മാനറിസങ്ങളോ ഒന്നും ഇല്ലാതെപോയത്, അത് ഹൃദയത്തില്‍ നിന്നുള്ളതായതും!
ക്‌ളീഷേകളെ കഴിവതും പിന്‍പറ്റാതിരിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട് രഞ്ജിത് ശങ്കര്‍ എങ്കിലും രാമന്റെ ഏദന്‍തോട്ടത്തിനു ശേഷം ജോജു ജോര്‍ജിന്റെ കാര്യത്തില്‍ മാത്രം സാമ്പ്രദായിക കാഴ്ചപ്പാടുകളെ അദ്ദേഹം പിന്തുടരുന്നുണ്ടോ എന്നു സംശയം. ഒരു പക്ഷേ ജോജുവല്ലാതെ ഒട്ടും പ്രെഡിക്ടബിള്‍ അല്ലാത്ത ഒരഭിനേതാവിനായിരുന്നു ആ പൊലീസ് വേഷം നല്‍കിയതെങ്കില്‍ അല്‍പം കൂടി നന്നായേനെ, ജില്ലാ കളക്ടറായി സുരാജിനെ നിര്‍ണയിച്ചതിലെ ആര്‍ജ്ജവം പോലെ. സുരാജിന്റെ സമകാലിക ചലച്ചിത്രജീവിതത്തില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും സവാരി എന്നീ സിനിമകള്‍ക്കുശേഷമുള്ള ഏറ്റവും സെന്‍സിബിളായ കഥാപാത്രാവിഷ്‌കാരമാണ് ഞാന്‍ മേരിക്കുട്ടിയിലേത്. അതുപോലെ എടുത്തുപറയേണ്ടതാണ് അജുവര്‍ഗീസിന്റെയും. സ്വയം ആവര്‍ത്തിച്ച് സ്റ്റീരിയോടൈപ്പിലേക്കു വീണുകൊണ്ടിരുന്ന അജുവിന്റെ വേറിട്ട വേഷമാണ് ഈ സിനിമയില്‍. എല്ലാം മണ്ണില്‍ ചവിട്ടി നില്‍ക്കുന്നവര്‍, സാധാരണക്കാര്‍. അതാണ് ഈ സിനിമയുടെ സവിശേഷത.
ഞാന്‍ മേരിക്കുട്ടി കാണാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന് അതു മുന്നോട്ടു വയ്ക്കുന്ന തീര്‍ത്തും പുരോഗമനപരവും ശുഭാപ്തിവിശ്വാസപരവുമായ ജീവിതവീക്ഷണം. രണ്ടാമത്തേത് സമൂഹത്തില്‍ ദിവ്യാംഗരെ കണക്കാക്കുന്നതുപോലെ ലൈംഗികന്യൂനപക്ഷങ്ങളെക്കൂടി നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നതുകൊണ്ട്. ഈ രണ്ടു കാരണങ്ങള്‍ മതി ഈ സിനിമ നിര്‍ബന്ധമായും തീയറ്ററില്‍ പോയി കാണാന്‍. എന്നാല്‍ അതിലും വലിയ കാര്യം, ഞാന്‍ മേരിക്കുട്ടി തറവളിപ്പും പ്രതിലോമകരവുമായ യാതൊന്നും സംഭാവചെയ്യുന്നില്ല എന്നതുകൂടിയാണ്!

No comments: