Friday, April 13, 2018

കഥ കടഞ്ഞെടുത്ത രസഭാവുകത്വം

About National Award winning movie Bhayanakam, published in Mangalam newspaper on 14th April 2018

എ.ചന്ദ്രശേഖര്‍
 നവരസങ്ങളെ അധികരിച്ച് ഒരു ചലച്ചിത്ര പരമ്പര. ഒറ്റവാചകത്തില്‍ കേള്‍ക്കുമ്പോള്‍ എളുപ്പമെന്നോ ഇതിലെന്ത് അദ്ഭുതമെന്നോ തോന്നാവുന്ന ഒരാശയം.എന്നാല്‍ ഓരോ ഭാവത്തെയും കഥാവസ്തുവിലുള്‍പ്പെടുത്തി അതിന്റെ ഭാവുകത്വം, അന്തസത്ത ഉടനീളം നിലനിര്‍ത്തി ഒന്‍പതു വ്യത്യസ്ത സിനിമകള്‍ സൃഷ്ടിക്കുക എന്നു പറയുന്നത് ലോകസിനിമയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു മാത്രമല്ല ദുര്‍ഘടങ്ങളില്‍ ദുര്‍ഘടവുമാണ്. ക്രിസ്റ്റോഫ്് കീസ്ലോവ്‌സ്‌കിയെ പോലുള്ള സംവിധായകപ്രതിഭകള്‍ നേരത്തെ സമാനമായ സിനിമാപരമ്പരകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഡെക്കലോഗ് എന്ന ആ സിനിമാശ്രംഖല പത്തുകല്‍പനകളെ ഉള്‍ക്കൊണ്ടു പ്രാഥമികമായി ടിവിക്കു വേണ്ടി നിര്‍മിക്കപ്പെട്ട ചിത്രങ്ങളായിരുന്നു. കാലത്തിന്റെ ക്‌ളിപ്ത ബാധ്യതയില്ലാതെ നവരസങ്ങളിലെ ഓരോ ഭാവത്തെയായെടുത്ത് ഇതിവൃത്തമാക്കി പ്രമേയം കണ്ടെത്തി ഒരു ചലച്ചിത്രപരമ്പരയൊരുക്കുക എന്ന സാഹസം ജയരാജ് പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിഭില്‍ ഉത്തമവിശ്വാസമുണ്ടായിരുന്നലര്‍ക്കു പോലും മതിയായ വിശ്വാസമുണ്ടായിരുന്നോ എന്നു സംശയം. പക്ഷേ, കരുണം, ശാന്തം, ബീഭത്സ (ഹിന്ദി), അദ്ഭുതം, വീരം എന്നിവ കഴിഞ്ഞ് ഭയാനകത്തിലെത്തി നില്‍ക്കുമ്പോള്‍ ജയരാജ് സ്വയം ഒരദ്ഭുതമാവുകയാണ് മലയാള സിനിമയില്‍. അവയില്‍ മൂന്നെണ്ണം രാജ്യ,രാജ്യാന്തര ബഹുമതിള്‍ സ്വന്തമാക്കുകയും ചെയ്തു. അതിശയോക്തി കൂടാതെ പറഞ്ഞാല്‍, ഭയാനകം ജയരാജ് സിനിമകളില്‍ പുരസ്‌കാരവേട്ടകളിലൂടെ രാജ്യാന്തരകീര്‍ത്തി നേടിയ ഒറ്റാല്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച രചനകളിലൊന്നുതന്നെയാണ്.
ഭാവത്തിനനുസരിച്ച് ഒരു ദൃശ്യാഖ്യാനമൊരുക്കുമ്പോള്‍ അതിന്റെ ഇതിവൃത്തമെന്തെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നവരസങ്ങളില്‍ ഒരു പക്ഷേ ഹാസ്യവും കരുണവുമൊക്കെ കഥയിലാവഹിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ ഘടനയ്ക്കപ്പുറം അതിന്റെ അന്തരാത്മാവില്‍ ഭയാനകം പോലൊരു ഭാവത്തെ വിളക്കിച്ചേര്‍ക്കുക എന്നത് ക്ഷിപ്രസാധ്യമല്ല. വേണമെങ്കില്‍ ഒരു ഹൊറര്‍ ചിത്രമെടുത്ത് ജയരാജിന് ഭയാനകം എന്ന ഭാവത്തെ ആവിഷ്‌കരിക്കാമായിരുന്നു. അതാണെളുപ്പവഴി. എ്ന്നാല്‍ മനുഷ്യകഥാനുഗായികളെ എന്നെന്നും ഇഷ്ടപ്പെടുന്ന, അവന്റെ വ്യഥകളെ വേപഥുവിനെ, പ്രത്യാശകളെ, പ്രണയത്തെ, ഇവയെല്ലാം ചേര്‍ന്ന സങ്കീര്‍ണ മനസുകളുടെ അന്തരാളങ്ങളെ ദൃശ്യവല്‍ക്കിരിക്കാന്‍ എന്നും താല്‍പര്യം കാണിച്ച ജയരാജിനെപ്പോലൊരു തിരക്കഥാകൃത്ത് തേടിപ്പോയത് സാഹിത്യപൈതൃകത്തിലേക്കാണെന്നതാണ് അംഗീകാരത്തിന്റെ മാറ്റുകൂട്ടുന്നത്. തകഴിയുടെ ബൃഹത്തായ കയര്‍ എന്ന നോവലിലെ ഏതാനും അധ്യായങ്ങളില്‍ നിന്നാണ് ജയരാജ് ഭയാനകം നെയ്‌തെടുത്തിരിക്കുന്നത്. അതാകട്ടെ യുദ്ധങ്ങളുടെ നിരര്‍ത്ഥകത ചര്‍ച്ച ചെയ്യുന്നു. യുദ്ധക്കെടുതിയുടെ ഭീകരതയ്‌ക്കൊപ്പം യുദ്ധം സാധാരണ മനുഷ്യരിലുണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവും വ്യ്കതിപരവുമായ പരിവര്‍ത്തനങ്ങളെ വിശകലനം ചെയ്യുന്നു.
ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് ഒരു കാലിന് പരുക്കേറ്റ് പോസ്റ്റ് മാന്‍ ജോലിയുമായി കുട്ടനാട്ടിലേക്കു സ്ഥലം മാറിയെത്തുന്ന പോസ്റ്റ്മാന്‍ എന്നതിനപ്പുറം പേരില്ലാത്ത നായകകഥാപാത്രത്തിലൂടെയാണ് ഭയാനകം ഇതള്‍വിരിയുന്നത്. യുദ്ധാനന്തര സാമൂഹികാവസ്ഥ ഏറെയൊന്നും ബാധിച്ചിട്ടില്ലാത്ത കുട്ടനാടുപോലെ തനി കര്‍ഷക കുഗ്രാമപരിസരങ്ങളിലെ ശരാശരിയിലും താഴെയുള്ള പിന്നോക്കക്കാരന്റെയും ഇടത്തരക്കാരന്റെയും മറ്റും ജീവിതം പട്ടിണി മാറ്റാന്‍ പട്ടാളത്തില്‍ച്ചേര്‍ന്ന അവരുടെ ഇളംമുറക്കാരുടെ മണിയോര്‍ഡറുകളിലൂടെ എങ്ങനെ മാറിമറിയുന്നുവെന്നാണ് പോസ്റ്റ്മാന്റെ അനുഭവങ്ങളിലൂടെ ആദ്യപകുതിയില്‍ ചിത്രം തുറന്നുകാണിക്കുന്നത്. കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും ദൂരെങ്ങോ കാണാദിക്കുകളിലുള്ള മക്കളില്‍ നിന്നും മരുമക്കളില്‍ നിന്നും കൊച്ചുമക്കളില്‍ നിന്നുമെല്ലാം വന്നെത്തുന്ന ചില്ലിക്കാശും അണപൈസകളും കൊണ്ടെത്തിക്കുന്ന പോസ്റ്റ്മാന്‍ സ്വാഭാവികമായി അവര്‍ക്ക് ബന്ധുവാകുന്നു, ശുഭശകുനമാവുന്നു, ഭാഗ്യം കൊണ്ടുവരുന്ന വിശിഷ്ടാതിഥിയാവുന്നു. വിഷുവും ഓണവും പൊലിപ്പിക്കാന്‍ വന്നെത്തുന്ന ദൈവദൂതനാണവര്‍ക്കയാള്‍. അപ്പോഴാണ് ലോകം രണ്ടാമതൊരു യുദ്ധത്തിന്റെ കൊലവിളിയിലേക്കു നീങ്ങുന്നത്. യൂദ്ധഭൂമി കരുതിവച്ചിട്ടുള്ള ചതിവറിയാതെ വയറു നിറയ്ക്കാന്‍ ബ്രിട്ടീഷ് കൂലിപട്ടാളത്തില്‍ ചേരാനൊരുങ്ങുന്ന യുവാക്കളുടെ നീണ്ട നിര കണ്ട് നിസഹായനായി നില്‍ക്കാന്‍ മാത്രമേ അയാള്‍ക്കാവുന്നുള്ളു.
കണ്ണടച്ചുതുറക്കുന്നതിനകം പോസ്റ്റ്മാന്‍ ആ നാടിന്റെ മുഴുവന്‍ ദുശ്ശകുനമായിത്തീരുകയാണ്. മുമ്പ് പ്രതീക്ഷിക്കാത്ത സമയം മക്കളുടെ കാശുമായി എത്തിയിരുന്ന അയാള്‍ ഇപ്പോള്‍ കൊണ്ടുവരുന്ന കമ്പിസന്ദേശങ്ങളിലെല്ലാം ഉള്ളടക്കം ഒന്നാണ്. വിലാസയുടമയുടെ പട്ടാളത്തിലെ ബന്ധുവിന്റെ വിയോഗം. ആര്‍ക്കുവേണ്ടിയെന്നോ എവിടെയാണു നടക്കുന്നതെന്നോ അറിയാത്ത ഒരു യുഗം ഭൂഖണ്ഡങ്ങള്‍ക്കിപ്പുറം ഒരു കൊച്ചു ഗ്രാമത്തിലെ മനുഷ്യര്‍ക്ക് ശവപ്പറമ്പാകുന്നതെങ്ങനെ എന്നു ഭയാനകം കാണിച്ചുതരുന്നു.
കമ്പോള സിനിമകളില്‍ മാത്രം കണ്ടറിഞ്ഞ, കമ്പോള സിനിമകളെഴുതി സ്ഥിതപ്രതിജ്ഞനായ രഞ്ജി പണിക്കരുടെ ഒരുഗ്രന്‍ മേക്കോവറാണ് ഭയാനകത്തിന്റെ ഏറ്റവും വലിയ പ്‌ളസ് പോയിന്റ്. ചിത്രത്തെ അപ്പാടെ തോളിലേറ്റുന്ന പ്രകടനമികവാണ് ജയരാജിന്റെതന്നെ ആകാശക്കോട്ടയിലെ സുല്‍ത്താനിലൂടെ തിരക്കഥാകൃത്തായി രംഗത്തു വന്ന രഞ്ജി പണിക്കരുടെ പോസ്റ്റ്മാന്‍. ആശാ ശരത്,വാവച്ചന്‍, സബിത ജയരാജ്, ഷൈനി ജേക്കബ്, ആന്റണി കളത്തില്‍, കേശവ് വിജയരാജ്, വൈഷ്ണവി വേണുഗോപാല്‍, ബിലാസ് നായര്‍ തുടങ്ങിയവരാണ് താരനിരയില്‍. ഒരു തകഴിക്കഥയില്‍ നിന്ന് നൂറുക്കു നൂറും സംവിധായകന്റേതായ ഒരു സിനിമ എങ്ങനെയുണ്ടാക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഭയാനകം. അതിസൂക്ഷ്മമായ സംവിധാനമികവാണ് ഭയാനകത്തില്‍ ജയരാജ് പ്രകടിപ്പിച്ചിട്ടുള്ളത്. ഒരുപക്ഷേ, തിരക്കഥാകൃത്തിനെ അതിശയിപ്പിക്കുന്നുണ്ട് ജയരാജിലെ സംവിധായകന്‍ എന്നതാണ് വാസ്തവം.
സാങ്കേതിക ശാഖയില്‍ ഭയാനകം കരുതി വച്ചിട്ടുളള രണ്ട് അദ്ഭുതങ്ങള്‍ കൂടി പരാമര്‍ശിക്കാതെ പോയ്ക്കൂടാ. അതിലൊന്ന് നവാഗതനായ നിഖില്‍ എസ് പ്രവീണിന്റെ ഛായാഗ്രഹണവും മറ്റൊന്ന് അതിശയിപ്പിക്കുന്ന എം.കെ.അര്‍ജുനന്റെ പശ്ചാത്തലസംഗീതവുമാണ്. സവിശേഷമായ വര്‍ണപദ്ധതിയിലൂടെ കഥയുടെ ഊടും പാവും ആവഹിച്ച ഛായാഗ്രണമികവിലൂടെ നിഖില്‍ എസ്. പ്രവീണ്‍ നാളെയുടെ വാഗ്ദാനമാവുമ്പോള്‍ ചെറുപ്പക്കാരെ പോലും ബഹുദൂരം പിന്നിലാക്കുന്ന സംഗീതമികവാണ് അര്‍ജുനന്‍ മാസ്റ്റര്‍ പ്രകടമാക്കിയിരിക്കുന്നത്. അര്‍ജുനന്‍ മാസ്റ്റര്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന ബഹുമതി കിട്ടാന്‍ ഇത്രയും വൈകിയതെന്തെന്ന ചോദ്യത്തനുത്തരം തേടിയാല്‍ അത് ഭംഗ്യന്തരേണ ജയരാജ് എന്ന സംവിധായകന്റെ മികവിലേക്കാണ് എത്തിച്ചേരുക. കഴിവുള്ളൊരു പ്രതിഭയെ എങ്ങനെ ഉപയോഗിക്കണമെന്ന കരുതലാണ് ഒരു നല്ല ചലച്ചിത്രകാരന്റെ തെളിവ്. ആ ബോധ്യമാണ് ജയരാജിനെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അംഗീകാരങ്ങളുടെ നെറുകയിലെത്തിക്കുന്നത്.

No comments: