Monday, December 11, 2017

കച്ചവടത്തിനപ്പുറം അര്‍ത്ഥം തേടിയ അഭിനയസിദ്ധാര്‍ത്ഥന്‍


ചന്ദ്രശേഖര്‍
നാലു വയസു കൂടുതലുണ്ടെങ്കിലും തന്റെ അനിയനായും ചങ്ങാതിയായുമെല്ലാം സിനിമകളില്‍ വേഷമിട്ട പ്രിയസുഹൃത്തിന്റെ വിയോഗത്തെത്തുടര്‍ന്ന് ബോളിവുഡിന്റെ ബിഗ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ച ചരമോപചാരത്തില്‍ ഒരു വരി ശ്രദ്ധേയമാണ്. ഭാര്യ ജെന്നിഫറിന്റെ വേര്‍പാടിനെത്തുടര്‍ന്ന് ''ഇനി എന്റെ കാര്യം എങ്ങനെയായാലെന്ത്?'' എന്നൊരു നിലപാടിലായിരുന്നു ശശികപ്പൂര്‍ ശിഷ്ടകാലം ജീവിച്ചത്. രോഗങ്ങളെക്കുറിച്ചായിരുന്നില്ല അദ്ദേഹത്തിന്റെ വേവലാതി. ജീവിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കല്ലേ അസുഖങ്ങളെപ്പറ്റിയോര്‍ത്ത് ആശങ്കപ്പെടേണ്ടതുള്ളൂ. തന്റെ പ്രിയതമ ഇല്ലാത്ത ലോകത്ത് പിന്നെ ജീവിക്കുന്നതിലര്‍ത്ഥമില്ലെന്നു കരുതിയ ശശിയുടെ മനസിനെ പിന്നെ രോഗങ്ങള്‍ക്കെങ്ങനെ പീഡിപ്പിക്കാനാവും? നല്ല നടന്‍ മാത്രമല്ല, നല്ല മനുഷ്യനുമാണെന്ന് ജീവിതം കൊണ്ടു തെളിയിച്ച ഭര്‍ത്താവെന്ന നിലയ്ക്കാണ് ശശികപൂര്‍ വിലയിരുത്തപ്പെടേണ്ടത്.
അച്ഛനും സഹോദരന്മാരും ഉണ്ടാക്കിവച്ച ഐതിഹാസികമായ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയില്ലായിരുന്നെങ്കിലും നിശ്ചയമായും ബല്‍ബീര്‍ നടന്‍ തന്നെയായിത്തീരുമായിരുന്നു. അതൊരുപക്ഷേ, നാമിന്നറിയുന്ന ചലച്ചിത്രതാരമെന്ന നിലയ്ക്കായിരിക്കണമെന്നില്ല, മറിച്ച് ശശികപ്പൂറിന്റെ എക്കാലത്തെയും താല്‍പര്യമായിരുന്ന അരങ്ങിലായിരുന്നിരിക്കും. ക്‌ളാസിക്കുകളും കാലികങ്ങളുമായ നാടകവേദികളില്‍ കപൂര്‍ഖാന്ദാനില്‍ നിന്നുള്ള ആ നുണക്കുഴികള്‍ തിളങ്ങിനിന്നേനെ, നിശ്ചയം. കാരണം, ശശി കപൂറില്‍ കറകളഞ്ഞ, അനുഗ്രഹിതനായ ഒരു നടന്‍ ഉണ്ടായിരുന്നു.മുഖ്യധാരയുടെ ഛന്ദസിനും ചമത്കാരത്തിനുമൊത്ത് യുക്തിക്കുനിരക്കാത്ത നൂറുകണക്കിനു വേഷങ്ങളില്‍ സ്വയം പ്രതിഷ്ഠിക്കുമ്പോഴും, ശശി തന്റെ അഭിനയസിദ്ധിയുടെ പൂര്‍ണത തേടാന്‍ അരങ്ങിലേക്കു മടങ്ങുകയായിരുന്നല്ലോ? പിതാവിന്റെ പേരില്‍ പൃഥ്വി തീയറ്റര്‍ സ്ഥാപിച്ചതും ഭാര്യയുമായിച്ചേര്‍ന്ന് ശ്രദ്ധേയമായ ഒട്ടുവളരെ നാടകങ്ങള്‍ക്ക് ആവിഷ്‌കാരനം നല്‍കിയതുമെല്ലാം അതിന്റെ പ്രത്യക്ഷങ്ങള്‍ തന്നെ.
ജ്യേഷ്ഠന്മാരായ ഷമ്മിയും രാജും നിര്‍മിച്ചുവച്ച തിരപ്രതിച്ഛായകളില്‍ നിന്നു വേറിട്ട് സ്വന്തമായൊരു ശൈലിയും മാര്‍ഗവും സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു നടനെന്ന നിലയ്ക്ക് ഒരു പക്ഷേ ശശി കപൂറിനു നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി. രാജിന്റെ ചാപ്‌ളിനിസ്‌ക നിഷ്‌കളങ്കത്വവും ഷമ്മിയുടെ ഷോമാന്‍ഷിപ്പും രാജേഷ് ഖന്നയുടെ പ്രണയനായകത്വവും സ്വന്തം വേഷപ്പകര്‍പ്പുകളില്‍ കടന്നുവരാതിരിക്കാന്‍ ബോധപൂര്‍വം ശ്രദ്ധിക്കേണ്ടിവന്നപ്പോഴും അമിതാഭ് അടക്കമുള്ള സമകാലികര്‍ക്കൊപ്പം പിടിച്ചുനില്‍ക്കേണ്ട ഉത്തരവാദിത്തം, ഒരുപക്ഷേ പാരമ്പര്യം ബാധ്യതയാകുന്നതിന്റെ ഉദാഹരണമായിക്കൂടി ശശി കപൂറിന്റെ തിരജീവിതത്തെ വിലയിരുത്തുന്നതില്‍ തെറ്റില്ല.
അച്ഛന്റെ നാടകവേദിയുടെ സഹസംവിധായകനും മാനേജറുമായിരുന്നു ശശി. അക്കാലത്തുതന്നെ ഷെയ്ക്‌സ്പീരിയന്‍ നാടകങ്ങളുമായി ജെഫ്രി കെന്‍ഡലിന്റെ നാടകസംഘവും കല്‍ക്കത്ത മുംബൈ വേദികളില്‍ സജീവമായിരുന്നു. അരങ്ങിലെ പരിചയത്തില്‍ നിന്നാണ് ജെഫ്രിയുടെ മകളും നടിയുമായ ജെന്നിഫറിനെ ശശി കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതും. എന്നാല്‍ ശശിയുമായുള്ള മകളുടെ അടുപ്പത്തെ അംഗീകരിക്കാന്‍ ജെഫ്രിയും ഭാര്യയും വിസമ്മതിക്കുകയായിരുന്നു. ഷമ്മിയുടെ ഭാര്യ ഗീതാബാലിയായിരുന്നു യുവമിഥുനങ്ങള്‍ക്കു പിന്തുണയുമായി മുന്നോട്ടു വന്നത്. അവരുടെ ശ്രമഫലമായി 1958ല്‍ നീണ്ട പ്രണയത്തിനൊടുവില്‍ ശശി, ജെന്നിഫറെ വിവാഹം കഴിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ചേര്‍ന്ന് പൃഥ്വി തീയറ്റര്‍ പുനരുജ്ജീവപ്പിച്ച് മുംബൈ നാടകവേദിയില്‍ സജീവമായി.
അഭിനേതാവിനപ്പുറം നാടകത്തിലെന്നപോലെ സിനിമയുടെ പിന്നണിയില്‍ സര്‍വവ്യാപിയായിരുന്നു ശശി കപൂര്‍. സുനില്‍ ദത്തിന്റെ അരങ്ങേറ്റ ചിത്രമായ പോസ്റ്റ് ബോക്‌സ് 999 ലും, ഗസ്റ്റ് ഹൗസിലും (1959) തുടര്‍ന്ന് രാജ് നായകനായ ദുല്‍ഹ ദുല്‍ഹനിലും (1964) സംവിധായകന്‍ രവീന്ദ്ര ദാവെയുടെ സംവിധായകസഹായിയായിരുന്നു ശശി. എസ്.എം.അബ്ബാസിന്റെ ശ്രീമാന്‍ സത്യവാദിയുടെയും സഹസംവിധായകന്‍ ശശികപൂറായിരുന്നു.നായകനടനായുള്ള ശശിയുടെ ചലച്ചിത്രപ്രവേശം 1961ല്‍ ധര്‍മപുത്രയിലൂടെയായിരുന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ശശിക്ക്.
വെള്ളിത്തിരയിലെ ചോക്കലേറ്റ് നായകസ്വത്വത്തിനപ്പുറം ഒറ്റപ്പെട്ടതും ധീരവുമായ ചില ചലച്ചിത്രോദ്യമങ്ങളാണ് ശശി കപൂറിനെ കാലാതീതനാക്കുന്നത്. ജീവചരിത്രക്കുറിപ്പുകളില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ രാജ്യാന്തര താരമായിരുന്നു ശശികപൂര്‍. ഹെര്‍മ്മന്‍ ഹെസ്സെയുടെ വിഖ്യാത നോവലിന്റെ തിരാഖ്യാനമായ സിദ്ധാര്‍ത്ഥ, മര്‍ച്ചന്റ് ഐവറി പ്രൊഡക്ഷന്‍സിന്റ ദ് ഹൗസ് ഹോള്‍ഡര്‍ (1963), ഷെയ്ക്‌സ്പിയര്‍ വാലാ(1965), ബോംബെ ടാക്കീ (1970), റൂത്ത് പ്രവര്‍ ജാബ്വാലയുടെ നോവലിനെ അധികരിച്ച് ജയിംസ് ഐവറി സംവിധാനം ചെയ്ത ഹീറ്റ് ആന്‍ഡ് ഡസ്റ്റ്(1982), ദ ഡിസീവേഴ്‌സ് (1988), സൈഡ് സ്ട്രീറ്റ്‌സ് (1998) പ്രെറ്റി പോളി (1967), സാമി ആന്‍ഡ് റോസീ ഗെറ്റ് ലെയ്ഡ് (1987), മുഹാഫിസ് (1994), ഇന്‍ കസ്റ്റഡി (1993) തുടങ്ങിയ യു എസ്., ബ്രിട്ടീഷ് ചിത്രങ്ങളില്‍ മുഖ്യകഥാപാത്രം കൈയാളിയ ശശി, അവയില്‍ ഡിസീവേഴ്‌സിലും സൈഡ് സ്ട്രീറ്റിലും ജന്നീഫറിനൊപ്പവും ഷെയ്ക്ക്‌സ്പിയര്‍വാലയില്‍ ഭാര്യയുടെ നാത്തൂനായ ഫെലിസിറ്റിക്കുമൊപ്പമാണ് അഭിനയിച്ചത്. സിമി ഗാരേവാളിന്റെ നായകനായി അഭിനയിച്ച സിദ്ധാര്‍ത്ഥ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി നിലനില്‍ക്കുകയും ചെയ്യുന്നു.1972ല്‍ കോണ്‍റാഡ് റൂക്‌സ് സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥമോക്ഷം തേടിയുള്ള സമ്പന്നയുവാവായ സിദ്ധാര്‍ത്ഥയുടെ ജീവിതയാത്രയുടെ കഥയാണു പറഞ്ഞത്. ശരീരകാമനകളെയും ഭൗതികസമ്പത്തിനെയുമൊക്കെ ത്യജിച്ചിട്ടും, സ്വന്തം ഉള്ളു കണ്ടെത്താതെ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താനാവില്ലെന്ന ആത്മബോധത്തിലേക്കു കടക്കുന്ന സിദ്ധാര്‍ത്ഥനെ അവതരിപ്പിക്കാന്‍ ഹോളിവുഡ് സംവിധായകന്‍ കണ്ടെത്തിയത് ശശി കപൂറിനെയാണ്.ചിത്രത്തില്‍ പരിപൂര്‍ണ നഗ്നരായി ശശി കപൂറും സിമിഗരേവാളും കൂടിയുള്ള രംഗങ്ങള്‍ അക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
സിനിമാരംഗത്തെ പല കീഴ്‌വഴക്കങ്ങളെയും പതിവുകളെയും അതിലംഘിച്ച നടനും വ്യക്തിയുമാണ് ശശി കപൂര്‍. കമ്പോള മുഖ്യധാരാനായകനായിരിക്കുമ്പോഴും അഭിനയത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍ തേടുന്ന ഒരു അഭിനയസിദ്ധാര്‍ത്ഥന്‍ അദ്ദേഹത്തിനുള്ളിലുണ്ടായിരുന്നു.കപൂര്‍ കുടുംബത്തില്‍ നിന്ന് ഏറ്റവുമധികം സിനിമകളില്‍ നായകനായഭിനയിച്ച ശശി, കലാകാരന്റെ വ്യക്തിശുദ്ധിയില്‍ ഏറെ ശ്രദ്ധവച്ചു. അതുകൊണ്ടുകൂടിയാണ് ജെന്നിഫറിന്റെ വേര്‍പാടോടെ ശശിയിലെ മനുഷ്യനും നടനും ആടിയുലഞ്ഞുപോയത്. മടങ്ങിവരാനാവാത്തവിധം ഒരു കടപുഴകലായിരുന്നു അത്.
കമ്പോള, സമാന്തര വേര്‍തിരിവുകള്‍ക്കപ്പുറം ഗൗരവമുള്ള സിനിമകളുടെ സഹയാത്രികനായിരുന്നു എന്നും ശശി കപൂര്‍.ഒരു പക്ഷേ മുഖ്യധാരയില്‍ രാജസമാനം തിളങ്ങി നില്‍ക്കുന്നതിനിടെ അര്‍ത്ഥവത്തായ സിനിമകള്‍ക്കു വേണ്ടി നിര്‍മാതാവും നടനായും സ്വയം മാറ്റി വച്ച അഭിനേതാക്കള്‍ അന്നോളമുള്ള ഇന്ത്യന്‍ സിനിമയില്‍ ശശികപൂറല്ലാതെ മറ്റൊരാളുണ്ടാവില്ല. എന്നാല്‍ ഹിന്ദി മുഖ്യധാരയിലെ പ്രണയഗാനങ്ങള്‍ക്കൊത്ത് ചുവടുവച്ച് നായികമാരോടൊത്ത് ആടിപ്പാടി മരംചുറ്റിപ്രണയിക്കുന്ന നിത്യകാമുകവേഷങ്ങളുടെ പേരില്‍ മാത്രം ചരമക്കുറിപ്പുകളില്‍ വിശേഷിപ്പിക്കപ്പെടാന്‍ വിധിക്കപ്പെടുന്നതിനിടെ ശശി കപൂര്‍ ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ നിര്‍ണായകങ്ങളായ സംഭാവനകള്‍ ഏറെയൊന്നും സ്മരിക്കപ്പെട്ടില്ലെന്നതാണ് ദുര്യോഗം
ഒരു പക്ഷേ ശശി കപൂര്‍ എന്ന നിര്‍മ്മാതാവുണ്ടായിരുന്നില്ലെങ്കില്‍ മൃച്ഛകടികം എന്ന സംസ്‌കൃത നാടകത്തെ അധികരിച്ച് ഗിരീഷ് കര്‍ണാട് സംവിധാനം ചെയ്ത ഉത്‌സവ(്1984) എന്ന ഹിന്ദി സിനിമ യാഥാര്‍ത്ഥ്യമാകുമായിരുന്നില്ല. ശേഖര്‍ സുമനും രേഖയും നായികാനായകന്മാരായ ഈ സിനിമയില്‍ വിടനും രാജാവിന്റെ പ്രതിനായകവേഷത്തില്‍ അന്നുവരെ ചെയ്തിട്ടില്ലാത്തവണ്ണം ധീരമായൊരു പകര്‍ന്നാട്ടത്തിനാണ് ശശി കപൂര്‍ മുതിര്‍ന്നത്. ഒരുപക്ഷേ ശശി കപൂറിന്റെ മൂന്നു പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തില്‍ അത്തരമൊരു വേഷം അതൊന്നുമാത്രമായിരുന്നിരിക്കണം. വസന്തസേനയ്ക്കായി എന്തും ത്യജിക്കാനൊരുക്കമായി മുന്നോട്ടുവരുന്ന വിഡ്ഢിയും ക്രൂരനുമായ സംസ്ഥാനകനെ അനിതരസാധാരണമായ പൂര്‍ണതയോടെയാണ് ശശികപൂര്‍ പകര്‍ന്നാടിയത്.കയ്യില്‍ മദ്യച്ചഷകവും കണ്ണില്‍ കത്തുന്ന കാമവുമായി നിറഞ്ഞുനില്‍ക്കുന്ന കപ്പടാ മീശക്കാരനായ അധികാരവിടന്‍. സംസ്ഥാനകന്റെ ശരീരഭാഷപോലും അനനുകരണീയമായിരുന്നു.
രമേഷ് ശര്‍മ്മയുടെ ന്യൂഡല്‍ഹി ടൈംസ് (1986 )ആണ് ശശി കപൂറിനെ ഓര്‍ക്കുമ്പോള്‍ പെട്ടെന്ന് ഓര്‍മ്മയിലെത്തുന്ന അര്‍ത്ഥവത്തായ സിനിമകളിലൊന്ന്. താന്‍ കണ്ടെത്തിയ വലിയൊരു കൊലപാതകത്തിന്റെ വാര്‍ത്ത തേടി ആഴങ്ങളിലേക്കന്വേഷണവുമായി പോകുന്ന ഉത്തര്‍പ്രദേശുകാരനായ അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ വികാസ് പാണ്ഡേയുടെ ധര്‍മസംഘട്ടനങ്ങളാണ് ന്യൂ ഡല്‍ഹി വരഞ്ഞുകാട്ടിയത്. ഡല്‍ഹിയില്‍ ഒരു പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ വികാസ് ചുരുളഴിക്കുന്ന രാഷ്ട്രീയ കൊലപാതകത്തിന്റെ ഉളളുകള്ളികള്ളികളിലൂടെ അനാവരണം ചെയ്യപ്പെടുന്ന രാഷ്ട്രീയ അന്തര്‍നാടകങ്ങളും അധോലോകത്തിന്റെ രാഷ്ട്രീയ ബാന്ധവവുമെല്ലാമാണ് ന്യൂഡല്‍ഹി ടൈംസ് ആവിഷ്‌കരിച്ചത്. വെളുക്കും വരെ വെള്ളം കോരിയിട്ട് ഒടുവില്‍ തത്വദീക്ഷയില്ലാത്ത രാഷ്ട്രീയവടംവലികള്‍ക്കിടെ താന്‍പോലും ഇരയും ഉപകരണവുമായിത്തീരുന്നത് വിശ്വസിക്കാനാവാതെ അന്തം വിട്ടു നില്‍ക്കുന്ന വികാസ് എന്ന പത്രപ്രവര്‍ത്തകന്റെ വ്യഥ, അഭിഭാഷകയായ ഭാര്യ നിഷയുടെ റോളിലെത്തുന്ന ഷര്‍മിള ടാഗോറുമായി ചേര്‍ന്ന് ശശികപൂര്‍ പങ്കിടുന്ന രസതന്ത്രം.. ഇന്ത്യകണ്ട എക്കാലത്തെയും മികച്ച പൊളിറ്റിക്കല്‍ ത്രില്ലറിലൊന്നായി ന്യൂഡല്‍ഹി ടൈംസ് മാറുന്നുണ്ടെങ്കില്‍ മധ്യവയസ്‌കനായ വികാസായുള്ള ശശികപൂറിന്റെ പ്രകടനം അതില്‍ ചെറിയ പങ്കൊന്നുമല്ല നിര്‍വഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ആ വര്‍ഷം ഏറ്റവും മികച്ച നടനുള്ള ദേശീയ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തിയതും.
സമാന്തര സിനിമയില്‍ ഇന്ത്യയുടെ മേല്‍വിലാസം സുവര്‍ണരേഖകളില്‍ കുറിച്ചിട്ട ശ്യാം ബനഗലിന്റെ മികച്ച രണ്ടു ചിത്രങ്ങള്‍, റസ്‌കിന്‍ ബോണ്ടിന്റെ എ ഫ്‌ളൈറ്റ് ഓഫ് പീജിയന്‍സ് എന്ന ലഘുനോവലിനെ അധികരിച്ച് ശ്യാം ബനഗല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജുനൂണ്‍ (1978), മഹാഭാരതത്തിന്റെ സമകാലിക ദൃശ്യവ്യാഖ്യാനമെന്നു വിശേഷിപ്പിക്കാവുന്ന കലിയുഗ് (1981), നിര്‍മിച്ചത് ശശികപൂറാണ്. ഓര്‍ക്കുക, കമ്പോള മുഖ്യധാരയില്‍ വിലയുള്ള താരമായി തിളങ്ങി നില്‍ക്കുമ്പോഴാണ് രേഖയുമൊത്ത് ഇത്തരമൊരു വേറിട്ട ചലച്ചിത്രത്തിന് താങ്ങും തണലുമാവാന്‍ ശശികപൂര്‍ തയാറാവുന്നത്.അതില്‍ ജുനൂണില്‍ ജന്നീഫറുമൊത്ത് അഭിനയിക്കുകയും ചെയ്തു. ശിപായി ലഹളക്കാലത്ത് വിപ്‌ളവകാരികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന ഒരു ബ്രിട്ടീഷുകാരിയെയും മക്കളെയും കൊടുത്ത വാക്കു പാലിക്കാന്‍ വേണ്ടി മാത്രം സ്വന്തം ജീവിതം പണയപ്പെടുത്തി രക്ഷിക്കുന്ന മാടമ്പിയുടെ കഥാപാത്രത്തെയാണ് ശശി കപൂര്‍ ആ ചിത്രത്തില്‍ അവതരിപ്പിച്ചത്. ജന്നിഫറായിരുന്നു അയാള്‍ രക്ഷപ്പെടുത്തുന്ന ഇംഗ്‌ളീഷുകാരി. മികച്ച സിനിമയ്ക്കും, ഛായാഗ്രഹണത്തിനും (ഗോവിന്ദ് നിഹലാനി), ശബ്ദലേഖനത്തിനുമുള്ള ദേശീയ അവാര്‍ഡ് നേടിയ ജുനൂണ്‍ ആയിരുന്നു ആ വര്‍ഷത്തെ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രം. 1980ല്‍ സ്വന്തമായി തുടങ്ങിയ ഫിലിം വാലാസ് എന്ന ഈ നിര്‍മ്മാണ കമ്പനിയുടെ ബാനറിലാണ് തുടര്‍ന്ന് അദ്ദേഹം സിനിമകള്‍ നിര്‍മിച്ചത്.
ശശി കപൂറിന്റെ മനസറിഞ്ഞ സംവിധായക-നിര്‍മാതാക്കളായിരുന്നു ജയിംസ് ഐവറിയും ഇസ്മയില്‍ മെര്‍ച്ചന്റും. ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ഇംഗ്‌ളീഷ് ചിത്രങ്ങളിലൂടെയാണ് അവര്‍ ലോകസിനിമയില്‍ പേരെടുത്തത്. അവരുടെ ആദ്യകാലചിത്രങ്ങളില്‍ പലതിലും ശശികപൂറായിരുന്നു നായകന്‍. എന്നു മാത്രമല്ല, 1965 ല്‍ അവര്‍ നിര്‍മിച്ച ഷെയ്ക്‌സ്പിയര്‍വാല(1965)യാകട്ടെ ശശിയുടെയും ഭാര്യാപിതാവ് ജഫ്രി കെന്‍ഡലിന്റെയും ആത്മകഥാപരമായ സിനിമകൂടിയായിരുന്നു. കെന്‍ഡലുകളുടെ സഞ്ചരിക്കുന്ന ഷെയ്ക്‌സ്പിയര്‍ നാടകസംഘത്തിന്റേതുപോലെ സ്വതന്ത്രാനന്തര ഭാരതത്തില്‍ പര്യടനം നടത്തുന്ന ഒരു ഇംഗ്‌ളീഷ് ഷെയ്ക്‌സ്പിയര്‍ നാടകസംഘത്തിന്റെയും അതിലൊരു പെണ്‍കുട്ടിക്ക് ഇന്ത്യക്കാരനായ സഞ്ജു(ശശി കപൂര്)വിലുണ്ടാവുന്ന പ്രണയബന്ധത്തിന്റെയും കഥയായിരുന്നു, സത്യജിത് റേ സംഗീതം പകര്‍ന്ന ചിത്രത്തിന്റേത്. ജന്നിഫറുടെ നാത്തൂനായിരുന്നു ശശിയുടെ കാമുകിയായിട്ടഭിനയിച്ചത്.
ശശി കപൂര്‍ ഇന്ത്യന്‍ സിനിമയ്ക്കു നല്‍കിയ ഏറ്റവും വലിയ സംഭാവന എന്താണെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം, അത് അപര്‍ണ സെന്നിനെ സംവിധായക ആയി അവതരിപ്പിച്ചതാണ്. സത്യജിത് റേയുടെ വരെ നായികയായ അപര്‍ണ ശശി കപൂറില്ലായിരുന്നെങ്കിലും സംവിധായക ആയേനെ. എന്നാല്‍,അതൊരുപക്ഷേ 36 ചൗരംഗീ ലെയിനി(1981)ലൂടെ ആവുമായിരുന്നില്ലെന്നു മാത്രം. കല്‍ക്കട്ടയിലെ ആംഗ്‌ളോ ഇന്ത്യന്‍ പരമ്പരയിലെ ഒറ്റപ്പെട്ട ഒരു സ്ത്രീയുടെ ജീവിതത്തില്‍ പേയിങ് ഗസ്റ്റായി കടന്നു വരുന്ന ഒരു പെണ്‍കുട്ടിയുണ്ടാക്കുന്ന മാറ്റങ്ങളായിരുന്നു 36 ചൗരംഗീ ലെയിന്‍. ഏകാന്ത ജീവിതം നയിക്കുന്ന ആംഗ്ലോ ഇന്ത്യന്‍ മധ്യവയസ്‌കയുടെ കഥാപാത്രം അഭിനയിച്ചത് ജന്നിഫറായിരുന്നു. സത്യജിത് റേയാണ് ചിത്രം നിര്‍മിക്കാന്‍ ശശി കപൂറിനെ സമീപിക്കാന്‍ അപര്‍ണയോടു നിര്‍ദ്ദേശിക്കുന്നത്. ജന്നിഫറെ നായികയാക്കാന്‍ നിര്‍ദ്ദേശിക്കുന്നതാകട്ടെ ബംഗാളി സിനിമയിലെ മഹാനടന്മാരിലൊരാളായിരുന്ന ഉത്പല്‍ ദത്തും. നാടകങ്ങള്‍ വഴിയുള്ള ദൃഢബന്ധങ്ങളില്‍ നിന്നുടലെടുത്ത വിശ്വാസങ്ങളില്‍ നിന്നാണ് ഇതൊക്കെ സംഭവിച്ചത്. അങ്ങനെ അപര്‍ണ സെന്‍ എന്ന ഇന്ത്യയുടെ കരുത്തുറ്റ സ്ത്രീ സംവിധായകയെ അവതരിപ്പിക്കാനുള്ള നിയോഗം 1981ല്‍ ശശി കപൂറില്‍ വന്നു ചേരുകയായിരുന്നു.മികച്ച സംവിധായക, ഛായാഗ്രഹണം (അശോക് മെഹ്ത) മികച്ച ഇംഗ്‌ളീഷ് ഭാഷാ ചിത്രം തുടങ്ങി ഒട്ടേറെ ദേശീയ ബഹുമതികള്‍ വാരിക്കൂട്ടിയ ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
സ്വന്തം മകനെ കുനാല്‍ കപൂറിനെ നടനായി അവതരിപ്പിച്ചുകൊണ്ട് 1983ല്‍ ശശി കപൂര്‍-രേഖ കൂട്ടുകെട്ടിനെ വച്ച് ഗോവിന്ദ് നിഹ്ലാനിയെ സംവിധായകനാക്കി ശശി കപൂര്‍ നിര്‍മിച്ച വിജേത, ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട ഏറ്റവും മികച്ച പട്ടാളക്കഥകളില്‍ ഒന്നാണ്. വ്യോമസൈനികപശ്ചാത്തലത്തില്‍ കുടുംബബന്ധങ്ങളുടെ ആഴവും സങ്കീര്‍ണതകളും വിശകലനം ചെയ്യുന്ന ചിത്രം ശശി കപൂറിലെ നടന്റെ മറ്റൊരു മുഖം അനാവരണം ചെയ്തു.
സ്വയം സംവിധായക കുപ്പായമണിയാന്‍ നിശ്ചയിച്ചപ്പോഴും ശശി കപൂര്‍ അതില്‍ നായകനാവാന്‍ തുനിഞ്ഞില്ലെന്നു ശ്രദ്ധിക്കണം. അമിതാഭ് ബച്ചനെയും അനന്തരവന്‍ ഋഷി കപൂറിനെയും നായകന്മാരാക്കിക്കൊണ്ടാണ് ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ അജൂബ (1991) അദ്ദേഹം സംവിധാനം ചെയ്തത്. ഒരു പക്ഷേ, അമിതാഭുമായുള്ള തന്റെ ആഴമുള്ള ഹൃദയബന്ധത്തിന് അദ്ദേഹം നല്‍കിയ സമ്മാനമായിക്കൂടി അജൂബയെ കണക്കാക്കാം.അതോ,1984ല്‍ ജന്നിഫറെ ക്യാന്‍സര്‍ അപഹരിച്ചതിനു ശേഷം മനസും ശരീരവും സ്വസ്ഥമല്ലാതെ വല്ലാതെ അസ്വസ്ഥനായിരുന്ന സുഹൃത്തിനെ സംവിധായകനെന്ന നിലയ്ക്ക് കര്‍മനിരതനാക്കി കര്‍മമണ്ഡലത്തിലേക്ക് സജീവമായി മടക്കിക്കൊണ്ടുവരാമെന്ന ബച്ചന്റെ കൂടി നിര്‍ബന്ധമായിരുന്നിരിക്കുമോ അത്?
എന്തായാലും, ജന്നിഫറോടുള്ള ശശിയുടെ ബന്ധം അനിര്‍വചനീയമായിരുന്നു, അതിഭൗതികവും. ആ വേര്‍പാടിനു ശേഷം ന്യൂഡല്‍ഹി ടൈംസിലടക്കം പക്വതയുള്ള ചില പ്രകടനങ്ങളുണ്ടായെങ്കിലും ശശി കപൂര്‍ എന്ന മനുഷ്യന് പിന്നീട് ജീവിതത്തിലുണ്ടായ വിടവ് നികത്താനായില്ല. 2011 ല്‍ രാജ്യം നല്‍കിയ പദ്മഭൂഷണും 2014 ല്‍ നല്‍കിയ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരവുമൊന്നും ജന്നിഫറിനു പകരമാവില്ലല്ലോ. അതുകൊണ്ടാവണം കസേരവണ്ടിയില്‍ വന്നിരുന്ന് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയശേഷവും അവ്യക്തമായ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞത്: ഇതു കാണാന്‍ അവള്‍ കൂടിയുണ്ടായില്ലല്ലോ!


No comments: