Friday, April 21, 2017

ഹരിതസിനിമയെപ്പറ്റി സതീഷ്ബാബു പയ്യന്നൂര്‍


ഏപ്രില്‍ ലക്കം കേരള പനോരമയില്‍ നോട്ടം എന്ന പംക്തിയിലെ അഞ്ചുതരം വിഷുവായനകള്‍ എന്ന കുറിപ്പില്‍ പ്രിയപ്പെട്ട കഥാകൃത്തും എന്റെ അഭ്യുദയകാംക്ഷിയുമായ സതീഷ് ബാബു പയ്യന്നൂര്‍ ഹരിതസിനിമയെക്കൂടി ഉള്‍പ്പെടുത്തി കുറേ നല്ല വാക്കുകള്‍ എഴുതിയിരിക്കുന്നു. തീര്‍ച്ചയായും പ്രചോദനാത്മകമാണീ വാക്കുകള്‍. നന്ദി സതീഷ്ബാബുസാര്‍...



 നോട്ടം
സതീഷ്ബാബു പയ്യന്നൂര്‍
അഞ്ചു തരം വിഷുവായനകള്‍
ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ മികച്ച സാഫല്യങ്ങളിലൊന്നാണ് ഹരിതസിനിമ എന്ന കൃതിക്കു ലഭിച്ച അംഗീകാരം. മികച്ച ചലച്ചിത്രഗ്രന്ഥമായി തെരഞ്ഞെടുക്കപ്പെട്ടത് എന്റെ പ്രിയ സുഹൃത്ത് എ.ചന്ദ്രശേഖറിന്റെ ഈ നിരൂപണഗ്രന്ഥത്തിനാണ്. അവാര്‍ഡുകള്‍ ചന്ദ്രശേഖറിന് പുത്തനല്ല. 2008 മുതല്‍ സംസ്ഥാന അവാര്‍ഡുകളും 1999 മുതല്‍ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും അദ്ദേഹത്തിന്റെ കൂടെയുണ്ട്. നിരവധി പഠനഗ്രന്ഥങ്ങളും നിരൂപണഗ്രന്ഥങ്ങളും എഴുതി മലയാളിയുടെ ചലച്ചിത്രാവബോധത്തെ പ്രചോദിപ്പിച്ച ചന്ദ്രശേഖറിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു കൃതിയാണ് ഹരിത സിനിമ-സിനിമയിലെ പ്രകൃതിയും പരിസ്ഥിതിയും.
പച്ച കുത്തിയ സിനിമ എന്ന ആദ്യ അധ്യായത്തില്‍ത്തന്നെ ഇക്കോ ക്രിട്ടിസിസം അഥവാ ഹരിത നിരുപണം എന്ന തന്റെ അന്വേഷണത്തിന് ചന്ദ്രശേഖര്‍ വിശദീകരണം നല്‍കുന്നുണ്ട്: പരിസ്ഥിതിയുടെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങളെ ചലച്ചിത്രങ്ങളില്‍ എങ്ങനെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് ഈ പുസ്തകത്തില്‍ വിശകലനം ചെയ്യാന്‍ ശ്രമിക്കുന്നത്. അതിന് പാരിസ്ഥിതികമായി സാധ്യമായ എല്ലാ വീക്ഷണകോണുകളെയും ഉപാധികളാക്കിയിട്ടുണ്ട്.
ചലച്ചിത്രങ്ങളുടെ പശ്ചാത്തലമായി വന്നണയുന്ന പ്രകൃതിയേയും അവ ദൃശ്യഭാഷയ്‌ക്കേകുന്ന നവചാരുതയേയുമൊക്കെ ചന്ദ്രശേഖര്‍ സൂക്ഷ്മമായി പഠനവിധേയമാക്കുന്നു. ഷൊര്‍ണ്ണൂര്‍-ഒറ്റപ്പാലം ഭാഗങ്ങളില്‍ ചിത്രീകരിച്ച മിക്കവാറും കമല്‍, സുന്ദര്‍ദാസ്, ലോഹിതദാസ് ചിത്രങ്ങളിലെ ഗാനരംഗങ്ങളില്‍ റയില്‍പ്പുല്ല് എന്നറിയപ്പെടുന്ന നീണ്ട പുല്ലുകളും അതിന്റെ പൂക്കളും വരെ പരാമര്‍ശിക്കപ്പെട്ടത് കൗതുകകരമായിത്തോന്നി. ചന്ദ്രശേഖറിന്റെ വരികളിങ്ങനെ: ദൃശ്യപ്രണയത്തിന് മലയാളസിനിമയുടെ നിര്‍ണായകമായൊരു സംഭാവനയാണ് റയില്‍പ്പുല്ല്. സത്യജിത് റേയുടെ പാഥേര്‍ പാഞ്ചാലി(1955)യിലെ ദുര്‍ഗയും അപുവും തീവണ്ടി കാണുന്ന വിഖ്യാതമായ സീനിലുള്ള ആള്‍പ്പൊക്കത്തിലുള്ള പഞ്ഞിപ്പുല്ല്. കളവര്‍ഗത്തില്‍പ്പെട്ട ഈ പുല്ല്, മണ്ണിട്ടുയര്‍ത്തിയ റയില്‍പ്പാതയില്‍ മണ്ണൊലിപ്പ് തടയാന്‍ വച്ചു പിടിപ്പിക്കുന്നതാണ്. പ്രണയഗാനരംഗത്ത് നായികാനായകന്മാര്‍ ഈ പുല്ലിലൊന്നിനെ കൈയിലേന്തി ആടിപ്പാടുമ്പോഴുള്ള ദൃശ്യചാരുത കണ്ടിട്ടാവണം ഭരതനും കമലും സുന്ദര്‍ദാസും മുതല്‍ ലാല്‍ജോസ് വരെയുള്ളവര്‍ അതിനെ ഗാനരംഗങ്ങളിലുള്‍പ്പെടുത്തിയത്.
എ.ചന്ദ്രശേഖറിന്റെ പത്താമത്തെ ചലച്ചിത്രപഠന കൃതിയാണിത്. ഇത് സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്നത് മുന്നോട്ടുവയ്ക്കുന്ന ആശയത്തിന്റെ വ്യത്യസ്തതകൊണ്ടുതന്നെയാണ്. കാടുകയറിയ സിനിമയിലെ പച്ചിലപ്പടര്‍പ്പുകള്‍ എന്ന അവതാരികയില്‍ നടനും ചലച്ചിത്രസംവിധായകനും എഴുത്തുകാരനുമായ ജോയി മാത്യു ഇങ്ങനെ കുറിച്ചിടുന്നു: പ്രകൃതിയെ, പരിസ്ഥിതിയെ, കാടിനെ, കാട്ടറിവിനെ, കാടിന്റെ നിയമങ്ങളെ നമ്മള്‍ മറന്നു എന്നു വിളിച്ചോതാനല്ല ഈ പുസ്തകത്തില്‍ ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്. വൈകിയാണെങ്കിലും മനുഷ്യന്റെ കുറ്റബോധം ഉണരുന്നു എന്നോ അല്ലെങ്കില്‍ ഇനിയും ഉണരേണ്ടതുണ്ട് എന്ന നിലപാടോ ഇതിലെ ഓരോ ലേഖനവും ലക്ഷ്യം വയ്ക്കുന്നുണ്ട്. പ്രകൃതിയെ നിര്‍വീര്യവും ഫലശൂന്യവുമായിപ്പോകുന്നതില്‍ നിന്നു രക്ഷിക്കാന്‍ സമയമായി എന്ന ശ്രദ്ധയിലേക്കു കൊണ്ടുവരാന്‍ ഈ പുസ്തകത്തിലെ ഒട്ടാകെ പഠനങ്ങള്‍ക്കും കഴിയുന്നുണ്ട്.
മനുഷ്യനും പ്രകൃതിയും സിനിമയും കെട്ടുപിണയുന്ന വിചിത്രവും വ്യത്യസ്തവുമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഈ കൃതി ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകം കൂടിയായി മാറുന്നുണ്ട്.

No comments: