Thursday, March 09, 2017

നിലപാടുകളിൽ കാർക്കശ്യം നിലവാരത്തിൽ കൊടിയിറക്കം

എൺപത്തൊമ്പതാമത് ഓസ്‌കർ താരനിശയുടെ രാഷ്ട്രീയത്തിലേക്ക്.

എ.ചന്ദ്രശേഖർ

അംഗീകാരത്തിന്റെ നിഷ്പക്ഷതയേക്കാളേറെ വർണവിവേചനത്തിനും ഭരണദൗർബല്യങ്ങൾക്കുമെതിരായ പക്ഷപാതിത്വത്തോടെയു്ള്ള രാഷ്ട്രീയ പ്രതിരോധത്തിന്റെയും നിലപാടുകളുടെയും പേരിലാണ് ഇക്കുറി അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസസിന്റെ ഓസ്‌കർ താരമാമാങ്കം ശ്രദ്ധിക്കപ്പെട്ടത്. ഒപ്പം, കടുകിടെ തെറ്റാത്ത സംഘാടനമികവിന്റെ പേരിൽ ലോകപ്രസിദ്ധിയാർജ്ജിച്ച താരനിശ അതിന്റെ ഏറ്റവും മികച്ച അവാർഡിന്റെ പ്രഖ്യാപനത്തിൽ തന്നെ ഹിമാലയൻ മണ്ടത്തരവും വീഴ്ചയും വരുത്തിക്കൊണ്ട് 89 വർഷത്തെ ചരിത്രത്തിലിടം നേടുകയായിരുന്നു.
സിനിമയുടെ രാഷ്ട്രീയത്തിനപ്പുറം ഒരു താരരാവ് അപ്പാടെ രാഷ്ട്രീയം പറയുകയും വ്യക്തമായ രാഷ്ട്രീയ പ്രതിരോധനിലപാടെടുക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഓസ്‌കർ അവാർഡ്‌നിശയിൽ തെളിവായത്. അതാവട്ടെ ജനാധിപത്യത്തിന്റെ ഏറ്റവും ധൈര്യവും ഇച്ഛാശക്തിയും പ്രകടമാക്കുന്നതുമായി. സമാനമായൊരു നിലപാട് സ്വന്തം കൂട്ടത്തിലൊരാൾക്ക് ഗുണ്ടാ ആക്രമണം നേരിടേണ്ടി വന്ന സാഹചര്യത്തിൽപ്പോലും കേരളം പോലൊരു നാട്ടിലോ എന്തിന് ഇന്ത്യപോലൊരു രാജ്യത്തോ ഫിലിം ഫെയർ/ ദേശീയ/സംസ്ഥാന പുരസ്‌കാര രാവുകളിൽ സംഭവിക്കുമോ എന്നാലോചിക്കുമ്പോഴാണ് അമേരിക്കൻ ഐക്യനാടുകളിലെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിശുദ്ധി വെളിപ്പെടുക. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതുമുതൽ തുടങ്ങിയതാണ് ഡോണൾഡ് ട്രംപിനും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോടുമുള്ള ഒരു വിഭാഗത്തിന്റെ എതിർപ്പ്. അദ്ദേഹത്തിന്റെ വർണവർഗ വിവേചനപരമായ നയങ്ങളോടുള്ള അഭിപ്രായഭിന്നതയും പ്രതിഷേധവും കലാകാരന്മാരെന്നോ സിനിമാക്കാരെന്നോ ഗായകരെന്നോ വ്യത്യാസമില്ലാതെ പറയേണ്ടവർ കിട്ടാവുന്ന ഏതവസരത്തെയും ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടു ശക്തമായിത്തന്നെ വ്യക്തമാക്കുന്നതാണ് കുറച്ചുകാലമായി അമേരിക്കയിൽ കാണുന്നത്. സമൂഹമാധ്യമങ്ങളിലെ ട്രോൾ സമാനമായ പോസ്റ്റുകളും ട്വീറ്റുകളും തുടങ്ങി വ്യക്തിഹത്യയോളം താണ ആക്ഷേപങ്ങൾക്കുവരെ ട്രംപ് ഇരയായിക്കൊണ്ടേയിരിക്കുന്നു. എന്നാൽ ഓസ്‌കർ താരനിശയിലെ ട്രംപ് വിമർശങ്ങളും ട്രംപ് വിരുദ്ധ നിലപാടുകളും കുറേക്കൂടി കടന്ന് ആവിഷ്‌കാരസ്വാതന്ത്ര്യത്തിലൂന്നിനിന്നുകൊണ്ട് സർഗസൃഷ്ടിയെ അംഗീകരിക്കുന്നതിലൂടെ ചില പുതിയ കീഴ് വഴക്കങ്ങൾക്കും സാധ്യതകളിലേക്കും വഴിമാറുകയാണ്. പ്രതിരോധം കലയെയും കലാകാരനെയും ഉപയോഗിച്ചുകൊണ്ടുമാത്രമല്ല, പുരസ്‌കാരങ്ങളെക്കൊണ്ടുകൂടി സാധ്യമാണെന്ന് 89-ാം ഓസ്‌കർ താരരാവ് തെളിയിക്കുമ്പോൾ പുരസ്‌കാരം മടക്കിക്കൊണ്ടുള്ള നാടൻ പ്രതിഷേധങ്ങൾ ഓർത്തുപോവുക സ്വാഭാവികം.
എങ്ങനെയാണ് ഇത്തവണത്തെ ഓസ്‌കർ ചരിത്രത്തിലിടം നേടുന്നത് എന്നന്വേഷിക്കുമ്പോൾ, നെഗറ്റീവും പോസിറ്റീവുമായ ഒന്നുരണ്ടു കാര്യങ്ങളെങ്കിലും പരിഗണിക്കേണ്ടിവരും. അതിൽ പ്രധാനമായത് മികച്ച ചിത്രത്തിനുള്ള ബഹുമതി നേടിയ മൂൺലൈറ്റിന്റെ കഥാതന്തുവാണ്. മിയാമിയിൽ കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് സമൂഹത്തിന്റെ കാരുണ്യത്തിലും പിന്തുണയിലും വളർന്നുവരുന്ന ഷിറൺ എന്നൊരു കറുത്തവർഗ്ഗക്കാരന്റെ ജീവിതമാണ് ബാരി ജെൻകിൻസ് സംവിധാനം ചെയ്ത മൂൺലൈറ്റ്. ഇതിലെ അഭിനയത്തിന് കലിഫോർണിയൻ സ്വദേശിയും കറുത്തവർഗ്ഗക്കാരനായ മുസഌമുമായ മഹർഷാല അലിക്കാണ് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ്. ഷിറണെ വളർത്താൻ പാടുപെടുന്ന മയക്കുമരുന്നു കച്ചവടക്കാരനായ ജുവാന്റെ റോളിലെ അനന്യ പ്രകടനത്തിലൂടെ അലി സ്വന്തമാക്കിയത് ഒരു റെക്കോർഡാണ്; തിരുത്തിക്കുറിച്ചത് 89 വർഷത്തെ ചരിത്രമാണ്. കാരണം ഓസ്‌കർ ചരിത്രത്തിലാദ്യമായി ഒരവാർഡ് നേടുന്ന ആദ്യത്തെ ഇസ്ലാം വിശ്വാസിയായ അഭിനേതാവാണ് നാല്പത്തിമൂന്നുകാരനായ അലി. ഇസഌമിക് രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കെതിരേയും സിറിയയിൽ നിന്നടക്കമുള്ള അഭയാർത്ഥികൾക്കെതിരേയുമുള്ള ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളുടെ പശ്ചാത്തലത്തിൽ പറയാതെ പറയുന്ന ചില നിശബ്ദതകളാണ് ഈ പുരസ്‌കാരങ്ങൾ. കറുത്തവർഗ്ഗക്കാരായ ഏഴുപേർക്ക് ഇക്കുറി വിവിധ വിഭാഗങ്ങളിൽ ഓസ്‌കർ ലഭിച്ചുവെന്നതിലും ചില രാഷ്ട്രീയമാനങ്ങൾ ഒളിയിരിപ്പുണ്ട്.
അതിലും പ്രധാനപ്പെട്ട മറ്റൊന്ന് മികച്ച വിദേശ ചിത്രത്തിനുള്ള അവാർഡാണ്. ഇറാനിൽ നിന്നു മുമ്പും ഇതേ വിഭാഗത്തിൽ ചിത്രങ്ങൾ ഓസ്‌കറിന് അർഹമായിട്ടുണ്ടെങ്കിലും ഇറാനിൽ നിന്നടക്കമുള്ളവർക്ക് വിസ നിഷേധിച്ചുള്ള ട്രംപിന്റെ വിധി നിലനിൽക്കെ, അവാർഡ് നിശയ്‌ക്കെത്താൻ കഴിയാഞ്ഞിട്ടുകൂടി അസഗർ ഫർഹദിയുടെ ദ സെയിൽസ്മാൻ എന്ന സിനിമയ്ക്കു തന്നെ ബഹുമതി നൽകുകവഴി അക്കാദമി ഒരിക്കൽക്കൂടി രാഷ്ട്രീയപ്രതിരോധം കടുപ്പിക്കുകയായിരുന്നുവെന്നു തന്നെവേണം അനുമാനിക്കാൻ. കാരണം, ദ് സെയിൽസ്മാൻ നിശ്ചയമായും ഇറാനിൽ പോയവർഷമിറങ്ങിയ ഏറ്റവും മികച്ച സിനിമയല്ലതന്നെ. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം നിലവാരത്തിന്റെ മാനദണ്ഡങ്ങൾ വച്ചളക്കുമ്പോൾ ശരാശരിക്കും മുകളിലുള്ള വൈകാരികമായൊരു ചിത്രമാണെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. ഇറാനിൽ നിന്നുതന്നെയുള്ള ഘടനയിലും അവതരണത്തിലും വിസ്മയിപ്പിച്ചിട്ടുള്ള സിനിമകളുടെ കൂട്ടത്തിലൊന്നും ദ് സെയിൽസ്മാന് ഇടമുണ്ടാവുമെന്നു കരുതുന്നില്ല. ദ് സെപ്പറേഷന്റെയൊന്നും അയലത്തു വരില്ല ഉള്ളടക്കത്തിലോ അവതരണത്തിലോ ഈ ചിത്രം. എന്നിട്ടും ഓസ്‌കറിൽ ചിത്രം തെരഞ്ഞെടുക്കപ്പെടാൻ കാരണം സ്വാഭാവികമായും രാഷ്ട്രീയപരിഗണനകൂടിയാവാമെന്നു കരുതിയാൽ തെറ്റില്ല. അസ്ഗർ ഫർഹദിയുടെ സന്ദേശവും ചടങ്ങിൽ വായിച്ചു.
സ്ത്രീവിരുദ്ധതയുടെ പേരിലും ഒരു നാടകത്തിന് ഓസ്‌കർ നിശ രംഗവേദിയായതിനും ഇത്തവണ ഡോൾബി തിയറ്റർ സാക്ഷ്യംവഹിച്ചു. മാഞ്ചസ്റ്റർ ബൈ സീ എന്ന ചിത്രത്തിലെ വേഷത്തിലൂടെ മികച്ച നടനുള്ള അവാർഡ് നേടിയ കേസീ അഫ്‌ളെക്കിനെ, അദ്ദേഹം മുമ്പ് പ്രതിചേർക്കപ്പെട്ട സ്ത്രീപീഡനക്കേസുകളുടെ വെളിച്ചത്തിൽ അവാർഡ് ദാതാവും സദസിലെ സഹതാരങ്ങളിൽ ചിലരും വരെ അപമാനിച്ചത് സിനിമയെ വെല്ലുന്ന നാടകമായി. 2010ൽ ബെൻ അഫ്‌ളെക്കിന്റെ ഈ ഇളയ സഹോദരൻ സംവിധാനം ചെയ്തഭിനയിച്ച ഐ ആം സ്റ്റിൽ ഹിയർ എന്ന സിനിമയുടെ സെറ്റിൽവച്ച് അതിൽ സഹകരിച്ച രണ്ടു വനിതകളെ പീഡിപ്പിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിനെതിരേ പരാതിയും കേസുമുയർന്നത്. ഈ പശ്ചാത്തലത്തിലാണ് നടിയും സംവിധായികയും ഗായികയുമെല്ലാമായ ബ്രീ ലാർസൺ മികച്ച നടനുള്ള അവാർഡ് പ്രഖ്യാപിച്ചശേഷം അതേറ്റുവാങ്ങാനെത്തിയ കേസിയെ ഒന്നു നോക്കുകയോ കൈയടിക്കുകയോ ചെയ്യാതെ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഓസ്‌കറിന്റെ മുൻഗാമിയായ ഗോൾഡൺ ഗ്‌ളോബ് പുരസ്‌കാരവേദിയിലും സമാന നാടകം തന്നെ ഇവരിരുവർക്കുമിടയിൽ അരങ്ങേറിയിരുന്നതും ശ്രദ്ധേയമായി. കേസി അവാർഡ് ഏറ്റുവാങ്ങുമ്പോൾ സദസിലിരുന്ന മുതിർന്ന നടൻ ഡെൻസൽ വാഷിങ്ടൺ അടക്കമുളളവരുടെ പ്രതികരണങ്ങളും ഒട്ടുമേ ഊഷ്മളമായിരുന്നുമില്ല.
അമേരിക്കൻ ടിവി അവതാരകനായ ജിമ്മി കിമ്മൽ ആയിരുന്നു താരനിശയുടെ അവതാരകൻ. തന്റെ കന്നി പ്രകടനത്തിൽ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം ഡോണൾഡ് ട്രംപിനെ വിമർശിക്കാനും കളിയാക്കാനും അവസരമുപയോഗിച്ചത് മുൻകൂട്ടിത്തയാറാക്കിയ താരനിശയുടെ പ്രമേയത്തിനും ഉള്ളടക്കത്തിനുമനുസരിച്ചായിരുന്നുവെന്നോർക്കുക. ഈ ചടങ്ങു ലോകമെമ്പാടുമുള്ള 225 രാജ്യങ്ങളിലിരുന്ന കാണുന്നവരെല്ലാം ഇപ്പോൾ നമ്മെ വെറുക്കുകയായിരിക്കും' എന്ന ട്രംപ് വിരുദ്ധ പരാമർശത്തോടെയാണ് ജിമ്മി അവതരണം ആരംഭിച്ചതു തന്നെ. ട്രംപിന്റെ വിസാ നയങ്ങൾക്കെതിരേ താരങ്ങളിൽ പലരും നീല റിബൺ വസ്ത്രങ്ങളിൽ കുത്തിയാണ് അവാർഡ് നിശയ്‌ക്കെത്തിയത്. എന്നാൽ ഇതിനെല്ലാമൊടുവിൽ ഇതേപ്പറ്റി ട്രംപിന്റെ പ്രതികരണമായിരുന്നു രസകരം. മികച്ചചിത്രത്തിന്റെ പ്രഖ്യാപനത്തിനടക്കം സംഘാടകർക്കു ശ്രദ്ധിക്കാനാവാതെ പോയത് തന്നെ വിമർശിക്കാനുള്ള പോയിന്റുകൾ തപ്പി നടന്നതുകൊണ്ടാണെന്നായിരുന്നു പ്രസിഡന്റിന്റെ ഉരുളയ്ക്കുപ്പേരി. അതേന്തായാലും ശരി, ഇത്തവണ ഓസ്‌കർ അവാർഡുനിശ രണ്ടു കാര്യങ്ങളിൽ ദുരന്തസ്മരണയായി. താരനിശയുടെ സംഘാടനപാടവത്തിലും പ്രൊഫഷനൽ നിലവാരത്തിലും വന്ന നിർണായകവും ഗൗരവവുമായ പാളിച്ചയാണതിൽ പ്രധാനം. അവാർഡ് നേടിയതും ഏറ്റവുമധികം നാമനിർദ്ദേശം നേടിയതുമായ ചിത്രങ്ങളുടെ നിലവാരത്തിലുള്ള ഭിന്നാഭിപ്രായമാണ് ഇനിയൊന്ന്.
വിശ്വപ്രശസ്ത ഓഡിറ്റ് നികുതി ഉപദേശക സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ്‌കൂപ്പേഴ്‌സിനാണ് ഓസ്‌കർ അവാർഡുകളുടെ വോട്ടെണ്ണൽ/ ഫലപ്രഖ്യാപന ചുമതല. അമേരിക്കൻ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിലെ അംഗങ്ങളോരോരുത്തരും അമേരിക്കയിൽ ഒരു വർഷം പുറത്തിറങ്ങുന്ന ചിത്രങ്ങളോരോന്നും കണ്ടു വിലയിരുത്തി രേഖപ്പെടുത്തുന്ന രഹസ്യ വോട്ടുകൾ വിശകലനം ചെയ്ത് നിർണിയിക്കുന്നതാണ് ഓസ്‌കർ അവാർഡുകൾ. വേദിയിൽ വച്ച് പ്രഖ്യാപിക്കപ്പെടുമ്പോൾ മാത്രമേ അവാർഡുകൾ വെളപ്പെടുന്നുള്ളൂ എന്ന സസ്‌പെൻസാണ് ഓസ്‌കർ നിശയുടെ സവിശേഷത. അതുകൊണ്ടുതന്നെ വേദിയിൽ വച്ച് ജേതാക്കൾക്കു നൽകുന്ന അവാർഡ് ശിൽപം ഒരു ഡമ്മി മാത്രമാണ്. പ്രഖ്യാപനം വന്നശേഷം അവരുടെ പേരും ചിത്രത്തിന്റെ പേരുമടങ്ങുന്ന ഫലകം ഉൾപ്പെടുത്തിയുള്ള ശിൽപം മൂന്നാഴ്ചയ്ക്കകം ജേതാക്കൾക്കു നേരിട്ടെത്തിച്ചുകൊടുക്കുകയാണു കീഴ് വഴക്കം. ഇത്രയും സസ്‌പെൻസോടെ നിർവഹിക്കപ്പെടുന്ന ഓസ്‌കർ അവാർഡ് പ്രഖ്യാപനത്തിന്റെ രഹസ്യസ്വഭാവം നിലനിർത്തുന്നതും കുറ്റമറ്റ നിലയ്ക്ക് അവാർഡുകൾ വിലയിരുത്തി അവതാരകർക്ക് പ്രഖ്യാപിക്കാനുള്ള കാർഡുകൾ കൈമാറുന്നതുമെല്ലാം പ്രൈസ് വാട്ടർഹൗസ്‌കൂപ്പേഴ്‌സിലെ ഓഡിറ്റർമാരാണ്. എന്നാൽ ഇക്കുറി, നാട്ടിലെ മിഡിൽ സ്‌കൂൾ വാർഷികാഘോഷങ്ങളുടെ നിലവാരത്തിൽ ആദ്യം അവാർഡ് ലാ ലാ ലാൻഡിനെന്നു പ്രഖ്യാപിക്കപ്പെടുകയും അതിന്റെ അണിയറശിൽപികൾ അവാർഡ് കൈപ്പറ്റി പ്രസംഗവും പൂർത്തിയാക്കിയ നിമിഷം, യഥാർത്ഥത്തിൽ അവാർഡ് ആ സിനിമയ്ക്കല്ല എന്ന പ്രഖ്യാപനവുമായി ലാ ലാ ലാൻഡിന്റെ നിർമാതാവു കൂടിയായ ജോർഡൻ ഹോറോവിറ്റ്‌സ് രംഗത്തുവരികയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച ഏതോ തമാശയായി കരുതിയ സദസിനെ നോക്കി ശബ്ദം കടുപ്പിച്ച് നോമിനേഷൻ കാർഡ് ഉയർത്തിക്കാട്ടേണ്ടിവന്നു ജോർഡന്, അവാർഡ് മൂൺലൈറ്റിനാണെന്നു ബോധ്യപ്പെടുത്താൻ.
പതിനാലു നാമനിർദ്ദേശങ്ങളുമായി ഏറെ പ്രതീക്ഷകളുയർത്തിയ ലാ ലാ ലാൻഡ് എന്ന ശരാശരി മ്യൂസിക്കിൽ സിനിമയ്ക്ക് മികച്ച സംവിധായകൻ, അഭിനേത്രി (എമ്മ സ്റ്റോൺ) എന്നിവയിലടക്കം ആറു സമ്മാനങ്ങൾ നേടാനുമായി. ഇതിൽ ഡാമിയൻ ഷസെലിനു ലഭിച്ച സംവിധായക പുരസ്‌കരാത്തിനുമുണ്ട് ഒരു റെക്കോർഡ്. മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടുന്ന ഏറ്‌റവും പ്രായം കുറഞ്ഞ ആളാണ് ഡാമിയൻ.
പതിവുപോലെ ചില ഇന്ത്യൻ മുഖങ്ങൾ തിളങ്ങിയ രാവായിരുന്നു ഓസ്‌കറിലേത്. ലയൺ എന്ന ചിത്രത്തിലൂടെ സഹനടനുള്ള അവാർഡിന് നാമനിർദ്ദേശം നേടിയിരുന്ന ഇന്ത്യൻ വംശജനായ ദേവ് പട്ടേൽ (സ്‌ളംഡോഗ് മില്ലണെയർ ഫെയിം) അമ്മയോടൊപ്പം സദസിലുണ്ടായിരുന്നെങ്കിലും അവാർഡ് കനിഞ്ഞില്ല. എന്നാൽ ചിത്രത്തിൽ ബാലതാരമായ സണ്ണി പവാർ അക്ഷരാർത്ഥത്തിൽ താരരാവിന്റെ ശ്രദ്ധകവർന്നു. എട്ടുവയസുകാരനായ പവാറിനെ അവതാരകൻ ജിമ്മി സദസിലെത്തി വാരിയെടുത്ത് ചോദ്യങ്ങൾ ചോദിച്ചു പുന്നാരിച്ചത് ഓസ്‌കർ പാരമ്പര്യത്തിൽ പുതുമയായി. അമേരിക്കൻ ടിവി പരമ്പരയിലൂടെ ശ്രദ്ധേയയായ പാതി മലയാളികൂടിയായ പ്രിയങ്കാ ചോപ്രയും ഏറെ സവിശേഷവും വളരെ തുറന്നതുമായ ഡിസൈനർ ഗൗണുമണിഞ്ഞെത്തി കാണികളുടെ കണ്ണും കരളും കവർന്നു.
ഫലത്തിൽ രാഷ്ട്രീയ/സാമൂഹിക നിലപാടുകളിലെ കാർക്കശ്യത്തിനപ്പുറം, കാൻ മേളയിലെന്നോണം രചനയുടെ നിലവാരത്തിൽ ഓസ്‌കറും പിന്നോട്ടാവുകയാണോ എന്ന സന്ദേഹമാണ് എൺപത്തൊമ്പതാമത് താരനിശ ബാക്കിയാക്കുന്നത്. ഒപ്പം ഏറെ പാടിപ്പുകഴ്ത്തപ്പെട്ട അതിന്റെ സംഘാടനമികവും ചോദ്യംചെയ്യപ്പെടുകയാണ്.

No comments: