Monday, January 23, 2017

മേനോനും മലയാള സിനിമയും


കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2002ല്‍ പുറത്തിറക്കിയ പി.എന്‍.മേനോന്‍-കാഴ്ചയെ പ്രണയിച്ച കലാപം എന്ന ലഘുജീവചരിത്രപുസ്തകത്തിന് വിശ്വവിഖ്യാത ചലച്ചിത്രകാരനും ചലച്ചിത്ര അക്കാദമിയുടെ അന്നത്തെ ചെയര്‍മാനുമായ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതിയ ആമുഖക്കുറിപ്പ്. ഇതിലാണ് ആദ്യമായി ചന്ദ്രശേഖര് നിരൂപകന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നത്.

മലയാളസിനിമയെ ആധുനികതയിലേക്കു നയിച്ചവരില്‍ പ്രഥമസ്ഥാനീയനാണ് പി.എന്‍.മേനോന്‍. സിനിമ സംവിധാനം ചെയ്യുന്നതിന് എത്രയോ മുമ്പു തന്നെ തന്റെ പോസ്റ്റര്‍-പരസ്യ ഡിസൈനുകളുടെ പ്രത്യേകതകൊണ്ട് ചലച്ചിത്രപ്രേമികളുടെയിടയില്‍ മേനോന്‍ ശ്രദ്ധേയനായിക്കഴിഞ്ഞിരുന്നു. വ്യത്യസ്തത മേനോന്റെ കലയുടെ മുഖമുദ്രതന്നെയാണ്. നിയോ റിയലിസ്റ്റ് സിനിമയില്‍ ആവേശം കൊള്ളുകയും ക്യാമറയുടെ കലാസാദ്ധ്യതകളെക്കുറിച്ച് അസ്വസ്ഥസ്വപ്‌നങ്ങള്‍ കണ്ട് ഉറക്കമുണരുകയും ചെയ്ത മേനോന് ഏതാണ്ട് അതേതരം സ്വപ്‌നങ്ങള്‍ താലോലിച്ചിരുന്ന സുഹൃത്ത് മണിസ്വാമി ഒരുക്കിക്കൊടുത്ത കന്നിസന്നാഹമായിരുന്നു, റോസി. പതിവുകള്‍ പലതിനെയും നിര്‍ദ്ദാക്ഷിണ്യം ചോദ്യം ചെയ്തുകൊണ്ടുതന്നെയായിരുന്നു മേനോന്റെ ചരിത്രപ്രാധാന്യമുള്ള രംഗപ്രവേശം. ഇ.എന്‍.ബാലകൃഷ്ണനുമായി ചേര്‍ന്നൊരുക്കിയ വൃത്തിയും ഭംഗിയുമുള്ള പുറംകാഴ്ചകളില്‍ ജീവന്‍ തുടിക്കുന്ന ഗ്രാമാന്തരീക്ഷവും നല്ല നാടകീയമൂഹൂര്‍ത്തങ്ങളും എല്ലാംകൂടി റോസി ഓര്‍മിക്കപ്പെടാനര്‍ഹതയുള്ള ഒരു നല്ല സിനിമയായി മാറി.
തുടര്‍ന്ന് മലയാളസിനിമയിലെ അപൂര്‍വചാരുതയുള്ള ഓളവും തീരവും എം.ടി-രവിവര്‍മ്മ കൂട്ടുകെട്ടില്‍ സാധിതമാക്കി. മറക്കാനാവാത്ത മറ്റൊരുചിത്രമായിരുന്നു കുട്ട്യേടത്തി. അടുക്കളക്കത്തികൊണ്ട് അരിമ്പാറ ചെത്തുന്ന കുട്ട്യേടത്തിയെ ഒരിക്കല്‍ കണ്ടവര്‍ മറക്കില്ല.
ഒത്തുതീര്‍പ്പുകള്‍ക്കൊരുങ്ങാത്ത ഈ കറുപ്പ്-വെളുപ്പ് ചിത്രങ്ങള്‍ക്ക് കാലം കനിഞ്ഞുനല്‍കിയ ഒരാവരണ ശോഭകൂടി വന്നണയുന്നത് തെല്ലൊരു വിസ്മയത്തോടെ നാമറിയുന്നു.
സാഹസികമായിരുന്നു പി.എന്‍.മേനോന്റെ ഇനിയും തുടരുന്ന ചലച്ചിത്രസപര്യ.സാമ്പത്തിക ഭദ്രതയിലേക്ക് കുറുക്കുവഴികള്‍ തേടാത്ത ഈ മനുഷ്യന്‍ അടങ്ങാത്തൊരു കലാപകാരിയാണ്. കലാപം പതിവുകളോടും സാധാരണത്വത്തോടും അനുരഞ്ജനങ്ങളോടുമാണെന്നതിനാല്‍ വിവേചനബുദ്ധിയുള്ള ആസ്വാദനകനിലത് അസാമാന്യമായ മതിപ്പുമുളവാക്കുന്നു.
യുവപത്രപ്രവര്‍ത്തകനും നിരൂപകനുമായ എ.ചന്ദ്രശേഖര്‍ എഴുതിത്തയ്യാറാക്കിയ ഈ ചെറുഗ്രന്ഥം പി.എന്‍.മേനോന്റെ കലയേയും പ്രതിഭയേയും വ്യക്തിത്വത്തെയും മലയാളികളായ ചലച്ചിത്രകുതുകികള്‍ക്ക് അഭിമാനപുരസരം പരിചയപ്പെടുത്തുന്നു.
ചലച്ചിത്രരംഗത്ത സമഗ്രസംഭാവനകള്‍ക്കുള്ള ഈ വര്‍ഷത്തെ ജെ.സി.ഡാനിയല്‍ അവാര്‍ഡിനര്‍ഹനായ സര്‍ഗ്ഗധനനായ പി.എന്‍.മേനോന് ചലച്ചിത്ര അക്കാദമിയുടെ ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍


അടൂര്‍ ഗോപാലകൃഷ്ണന്‍
ചെയര്‍മാന്‍


കഥാപുരുഷനെ നേരില്‍ക്കണ്ടപ്പോള്‍
 


No comments: