കേരളത്തില്‍ സിഡി പ്‌ളെയര്‍ വിപ്‌ളവം തുടങ്ങിയ കാലം. അന്നത്തെ വലിയൊരാഗ്രഹമായിരുന്നു സ്വന്തമായി ഒരു സിഡി പ്‌ളെയര്‍. പക്ഷേ സാമ്പത്തികാവസ്ഥ വച്ച് ആഡംബരമായിരുന്നു അന്നത്.അപ്പോഴാണ് ഭാര്യാസഹോദരിയും ഭര്‍ത്താവും അവധിക്ക് സിംഗപ്പൂരില്‍ നിന്നു വരുന്നത്. വരുമ്പോള്‍ എന്തു കൊണ്ടുവരണമെന്ന് ചോദിച്ചപ്പോള്‍ ഏറെ സങ്കോചത്തോടെ, ആഗ്രഹമറിയിച്ചു; ഘട്ടം ഘട്ടമായി വില തന്നോളാമെന്നും. വിലയൊക്കെ അവിടെ നില്‍ക്കട്ടെ എന്നു ശാസിച്ച് അവര്‍ വന്നപ്പോള്‍ കൊണ്ടുത്തന്നതാണ് പയനീയറിന്റെ മൂന്നു സിഡികള്‍ സെലക്ട് ചെയ്യാവുന്ന, രണ്ടു കസെറ്റ് സ്‌ളോട്ടുകളുള്ള, എഫ് എം അടക്കം റേഡിയോയുള്ള, 750 പി.എം.പി.ഒ സൗണ്ട് ഔട്ട്പുട്ടുള്ള സൗണ്ട് മോര്‍ഫിങ് ഓഡിയോ സെലക്ടറുള്ള സിഡി പ്‌ളെയര്‍. ഒരുവയസു പോലും തികഞ്ഞിട്ടില്ലാത്ത മകളെ മിക്കപ്പോഴും ഉറക്കിയിട്ടുള്ളത് അവളെ കാലില്‍ കിടത്തി, കണ്ണേയുറങ്ങുറങ്ങ് എന്നോമനകുഞ്ഞേയുറങ്ങ് പാട്ടുകേള്‍പ്പിച്ചായിരുന്നു.
ആയിടയ്ക്കാണ് ഹരികൃഷ്ണന്‍സ്, പിന്നെ തരംഗിണിയുടെ തിരുവോണക്കൈനീട്ടം തുടങ്ങിയ ആല്‍ബങ്ങള്‍ പുറത്തിറങ്ങുന്നത്. ദാസേട്ടന്റെ ശബ്ദം രണ്ടു ടോണുകളില്‍ ആലേഖനം ചെയ്ത ഹരികൃഷ്ണന്‍സിലെ പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍ എന്ന പാട്ടിലെ നേരിയ ശബ്ദവ്യത്യാസം പോലും സ്ഫടികത്തികവില്‍ പയനീയര്‍ കേള്‍പ്പിച്ചു തന്നു.ഒപ്പം വിജയ് യേശുദാസ് ഗായകനായി ആദ്യം അടയാളപ്പെടുത്തപ്പെട്ട തിരുവോണക്കൈനീട്ടത്തിലെ പുത്തഞ്ചേരി-വിദ്യാസാഗര്‍ സഖ്യത്തിലെ പാട്ടുകളില്‍ അച്ഛനും മകനും പുലര്‍ത്തിയ അസാധ്യമായ ലയം. അതില്‍ ആകൃഷ്ടനായി അന്ന് മലയാള മനോരമയിലെ ക്യാംപസ് ലൈനില്‍ വിജയെ കുറിച്ച് ഒരു കുറിപ്പുമെഴുതി. അതിന്റെ പേരില്‍ അന്ന് ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു. പ്രേംനസീറിന്റെ മകനും കെ.പി.ഉമ്മറിന്റെ മകനുമൊക്കെ താരങ്ങളായപോലെ ഒരു ഒറ്റത്തവണപ്രതിഭാസം മാത്രമായ വിജയ് യേശുദാസിനൊക്കെ ഇത്രയും പ്രകീര്‍ത്തിച്ച് പത്രസ്ഥലം നീക്കിവച്ചതിന് മീറ്റിംഗുകളില്‍ വിമര്‍ശനമുയര്‍ന്നുവെന്ന് അസോഷ്യേറ്റ് എഡിറ്റര്‍ നേരിട്ടു വിളിച്ചു പറഞ്ഞു. (വിജയിനെപ്പറ്റി ഞാനെഴുതാനിരുന്നതല്ലെന്നതും, അന്നു കൗമാരം വിട്ടിട്ടില്ലാത്ത വിജയിന്റെ ശബ്ദഗാംഭീര്യത്തില്‍ ആകൃഷ്ടനായി ഈ ചെറുപ്പക്കാരന്‍ വലിയ ഉയരങ്ങള്‍ താണ്ടുമെന്നു തോന്നി അന്നത്തെ ചെന്നൈ ലേഖകനോടു പറഞ്ഞ് ഒരു ഐറ്റം സംഘടിപ്പിച്ചു കൊടുത്താല്‍ നന്നായിരുന്നു എന്ന് എന്റെ മേലധികാരിയോടു നിര്‍ദ്ദേശിക്കുകമാത്രമാണ് ചെയ്തതെന്നതും, അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം അതു ഞാന്‍ തന്നെ എഴുതിക്കൊടുത്തതാണെന്നതും വേറേ കാര്യം).
കാലം പോകെ, കസെറ്റ് തന്നെ അപ്രത്യക്ഷമായി. (വിജയ് സംസ്ഥാന അവാര്‍ഡ് നേടി കഴിഞ്ഞവര്‍ഷം ഏറ്റവുമധികം സിനിമയ്ക്കു പാടിയ ഗായകന്‍വരെയായി വര്‍ഷങ്ങള്‍ പിന്നിട്ടു!)
സിഡിയും ഇന്ന് വംശനാശഭീഷണിയില്‍ത്തന്നെ. തമ്പ് ഡ്രൈവും ബഌറേയും ഹാര്‍ഡ് ഡിസ്‌കും ഓക്‌സിലറിയും ബഌടൂത്തുമായി ശബ്ദവ്യവസായം മാറ്റത്തിന്റെ മഹാമേരുക്കള്‍ താണ്ടി. പക്ഷേ, ഗൃഹാതുരതയുടെ തിരുശേഷിപ്പായി ഹൃദയത്തോടു ചേര്‍ത്ത് എന്റെ പണിപ്പുരയില്‍ പയനീയര്‍ എന്നുമൊപ്പം കൂടി. ഏതാണ്ട് മകളുടെ അതേ പ്രായമുണ്ടതിന്. ഇടയ്ക്ക് സ്പീക്കറുകളില്‍ മൂഷികന്‍ ശല്യമുണ്ടാക്കുകയും വയര്‍ കരണ്ടുതിന്നുകയും സ്പീക്കറിനുള്ളില്‍ പാര്‍പ്പുറപ്പിക്കുയുമൊക്കെ ചെയ്‌തെങ്കിലും അതിനെയെല്ലാം അതിജീവിച്ച് അതു പിന്നെയും പാട്ടുതുടര്‍ന്നു. ഇടയ്ക്ക് അന്ന് ന്യൂ ജെനറേഷനായിരുന്ന പച്ച എല്‍ സി ഡി ഡിസ്പ്‌ളേ കേടായി. ഇപ്പോള്‍ അത് ഒറ്റക്കണ്ണനെപ്പോലെ ചില അക്ഷരങ്ങളുടെ പൊട്ടും പൊടിയും മാത്രമേ പ്രദര്‍ശിപ്പിക്കുന്നുള്ളൂ. പിന്നൊരുദിവസം നോക്കുമ്പോള്‍ സ്പീക്കറിലേക്കുള്ള വയര്‍ ഘടിപ്പിക്കുന്ന സ്‌ളോട്ടുകള്‍ കേടായി. കേബിള്‍ സംവിധാനമൊന്നുമല്ല. സ്പ്രിങ്ങൊക്കെ പിടിപ്പിച്ച ഒരു തരം സാങ്കേതികതയാണ്. ആ സ്വിച്ചെല്ലാം കാലപ്പഴക്കം കൊണ്ട് പറിഞ്ഞു പോന്നു. കുറച്ചുനാള്‍ വൃദ്ധന്‍ പാടാതായി.
സങ്കടം തോന്നി ഞാന്‍ പയനീയറന്റെ സൈറ്റ് തപ്പി സര്‍വീസിനായി ഇമെയിലയച്ചു. അതു മടങ്ങി. പിന്നീടാണ് പയനീയര്‍ ഇന്ത്യയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബന്ധപ്പെട്ടത്. അപ്പോള്‍ അവരുടെ തിരുവനന്തപുരത്ത് പോത്തന്‍കോട്ടെ സര്‍വീസ് സെന്ററില്‍ കൊണ്ടുക്കൊടുക്കാന്‍ പറഞ്ഞു. അവര്‍ക്കും സ്‌പെയറുകളുണ്ടായിരുന്നില്ല. നിര്‍മാണം തന്നെ നിലച്ച, സാങ്കേതികത തന്നെ മാറിയ സാഹചര്യത്തില്‍ എവിടെ സ്‌പെയര്‍ പാര്‍ട്‌സ്? പക്ഷേ, എന്റെ ആവേശം കണ്ട ടെക്‌നീഷ്യന്‍ ആ സ്‌ളോട്ടുകളില്‍ ഒരു ബൈപ്പാസ് സര്‍ജിക്കല്‍ ഓപ്പറേഷന്‍ നടത്തി നേരിട്ട് വയറുകള്‍ ഘടിപ്പിച്ചു തന്നു. അതില്‍ സ്പീക്കര്‍ വയറുകള്‍ ചേര്‍ത്തുചുറ്റിയപ്പോള്‍ പാവം എ 2100 (മോഡല്‍) വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ഇടാന്‍ കസെറ്റില്ലെങ്കിലും സിഡിശേഖരമുണ്ട്. റേഡിയോയും നന്നായി പ്രവര്‍ത്തിക്കുന്നു. സ്ഫടികസമാനമായ അവന്റെ ശബ്ദവിതാനത്തിനും ഒട്ടുമേ വെള്ളിവീണിട്ടില്ല. പാവം, അവനോടുള്ള ഇഷ്ടം കൂടുന്നതല്ലാതെ കുറയുന്നേയില്ല.
ഒപ്പം ജപ്പാന്റെ സാങ്കേതികമികവിനോടുള്ള മതിപ്പും.
No comments:
Post a Comment