ഒലീവ് പോസ്റ്റ് മാസികയില്‍ പുനഃപ്രസിദ്ധീകരിച് എന്റെ പുസതകത്തിന്റെ ആമുഖം
മുന്നുര
എന്റെ ഏറ്റവും വലിയ ബലഹീനതയെന്താണെന്നു ചോദിച്ചാല്‍ നിശ്ചയമായും എനിക്കൊറ്റ ഉത്തരമേ ഉള്ളൂ. സിനിമ. എപ്പോഴാണതു തുടങ്ങിയതെന്നു ചോദിച്ചാല്‍ അറിയില്ല, ഓര്‍മ്മവച്ച കാലം തൊട്ടെ തീയറ്ററില്‍ കൂട്ടിക്കൊണ്ടു പോയി സിനിമ കാണിക്കുമായിരുന്ന അച്ഛനും അമ്മയ്ക്കും അതിനവരെ പ്രേരിപ്പിക്കുമായിരുന്ന പത്തുവയസിനു മൂപ്പുള്ള ഒരേയൊരു ചേച്ചിക്കും നന്ദി മാത്രം പറയട്ടെ. വളര്‍ന്നപ്പോള്‍, സൗഹൃദങ്ങളുണ്ടായതും സിനിമ വഴിക്കു തന്നെയാണ്. ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയായ സഹാനിയുമായും വിനോദുമായുമെല്ലാം കേവലസൗഹൃദത്തിനപ്പുറമൊരു ബന്ധമുണ്ടായതും സിനിമാചര്‍ച്ചകളിലൂടെയും തര്‍ക്കങ്ങളിലൂടെയും തന്നെ. പത്രപ്രവര്‍ത്തകനാവണമെന്ന ചെറുപ്പം മുതല്‍ക്കേയുള്ള ആശയ്ക്കും മനസിന്റെ അടിത്തട്ടില്‍, സിനിമയെക്കുറിച്ചെഴുതാമല്ലോ, സിനിമാക്കാരെ നേരിട്ടു കണ്ട് അഭിമുഖങ്ങളും മറ്റും നടത്താമല്ലോ എന്ന ഉദ്ദേശ്യം തന്നെയായിരുന്നിരിക്കണം.
സിനിമയ്ക്ക് ഒരാളുടെ വ്യക്തിത്വം രൂപപ്പെടുത്താനാവുമെങ്കില്‍, അങ്ങനെ രൂപപ്പെട്ടൊരു വ്യക്തിത്വമാണ് എന്റേത്. സ്‌കൂളില്‍ പഠിക്കുന്നതു മുതല്‍, കളിക്കളത്തോട് യാതൊരു മമതയുമില്ലാതിരുന്ന എനിക്ക് സ്വന്തമായി ചലച്ചിത്ര മാസിക വരച്ചെഴുതിയുണ്ടാക്കുകയായിരുന്നു ഒഴിവുവേളയിലെ വിനോദം. ഞാന്‍ തന്നെ ലേഖകന്‍, ഞാന്‍ തന്നെ പത്രാധിപര്‍ ഞാന്‍ തന്നെ ഫോട്ടോഗ്രാഫര്‍ ഞാന്‍ തന്നെ ലേ ഔട്ട് ആര്‍ട്ടിസ്റ്റ്, ഞാന്‍ തന്നെ വായനക്കാരന്‍. പിന്നീട് അടുത്ത ചില കൂട്ടുകാര്‍ കൂടി അതു വായിച്ചു തുടങ്ങിയപ്പോഴാണ് സത്യത്തില്‍ ഞാനതു തിരിച്ചറിഞ്ഞത്; എന്റെ മേഖല സിനിമയെപ്പറ്റി എഴുത്താണെന്ന്. എനിക്കു പറ്റിയ തൊഴില്‍ പത്രപ്രവര്‍ത്തനവുമാണെന്ന് തോന്നിത്തുടങ്ങിയതും അതിനെത്തുടര്‍ന്നാണ്. 49ലക്കം കൈകൊണ്ട് വരച്ചെഴുതിയുണ്ടാക്കിയ ചലച്ചിത്രമാസിക, പിന്നീട് ഡിഗ്രിക്കു പഠിക്കുന്ന കാലത്ത് സഹാനിയും വിനോദും ചേര്‍ന്ന് അച്ചടിച്ചു പുറത്തിറക്കിത്തുടങ്ങിയതോടെയാണ് സത്യത്തില്‍ ആദ്യമായി ഞാന്‍ മാധ്യമരംഗത്തെത്തുന്നത്. അപ്പോഴേക്ക് സൂര്യ, ചലച്ചിത്ര, തലസ്ഥാനത്തു നടന്ന ഫിലിമോത്സവ് 88 തുടങ്ങിയവ സമ്മാനിച്ച കാഴ്ചപ്പകര്‍ച്ചകളും വിജയകൃഷ്ണന്‍ സാറിന്റെയും എം.എഫ് തോമസ് സാറിന്റെയും മണര്‍കാട് മാത്യു സാറിന്റെയും വി രാജകൃഷ്ണന്‍ സാറിന്റെയും വി.കെ.ജോസഫ് സാറിന്റെയും ഡോ. അരവിന്ദന്‍ വല്ലച്ചിറയുടെയുമൊക്കെ പുസ്തകങ്ങള്‍ സമ്മാനിച്ച കാഴ്ചപ്പാടുകളുമായി സിനിമയെ ഒട്ടൊക്കെ ഗൗരവമായി കണ്ടാല്‍ തിരിച്ചറിയാവുന്ന അവസ്ഥയായിരുന്നു.
പിന്നീട് മലയാള മനോരമയിലൂടെ സജീവ പത്രപ്രവര്‍ത്തകനായശേഷമാണ് രാജ്യാന്തര ചലച്ചിത്രമേളകള്‍ തുടര്‍ച്ചയായി റിപ്പോര്‍്ട്ട് ചെയ്യുന്നതും ആ അനുഭവങ്ങളില്‍ നിന്ന് കണ്ട സിനിമകളില്‍ നിന്നും ഗൗരവങ്ങളായ ചില പഠനങ്ങള്‍ എഴുതിത്തുടങ്ങുന്നത്. ഭാഷാപോഷിണിയുടെ ആദ്യ വാര്‍ഷികപ്പതിപ്പില്‍ ഡോ. കെ.എം.വേണുഗോപാലിന്റെ മുന്‍കൈയില്‍ മഖ്മല്‍ബഫ് സിനിമകളെക്കുറിച്ച് പ്രസിദ്ധീകരിച്ച കുറിപ്പാണ് പിന്നീട് ആദ്യ പുസ്തകമായ നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവരിലേക്കെത്തിക്കുന്നത്. കോട്ടയം പ്രസ് കഌബില്‍ വച്ച് ഗുരുസ്ഥാനീയന്‍ ശ്രീ എം.എഫ് തോമസ് സാറിന്റെയും ശ്രീ. തോമസ് ജേക്കബ്, ജോസ് പനച്ചിപ്പുറം എന്നിവരുടെ സാന്നിദ്ധ്യത്തില്‍അതു പ്രകാശിപ്പിക്കുന്ന വേളയില്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ ഒരു കാര്യമേ ആശംസാരൂപേണ ആവശ്യപ്പെട്ടുള്ളൂ. സിനിമയെക്കുറിച്ച് എഴുതിത്തുടങ്ങി പിന്നീട് മൂന്നാംകിട സീരിയലുകളും സിനിമകളും സംവിധാനം ചെയ്യുന്ന നിലയ്‌ക്കെത്താതെ, സിനിമയെ ഗൗരവപൂര്‍വം കാണുന്ന ഒരാളായിത്തന്നെ എക്കാലത്തും നിലനില്‍ക്കാനാവട്ടെ. കൃതാര്‍ത്ഥതയോടെ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ നാളിതുവരെയും പാലിക്കാനായി എന്നോര്‍ക്കട്ടെ. കാരണം, എനിക്കിഷ്ടം സിനിമയുടെ പിന്നാമ്പുറമല്ല, തിരക്കാഴ്ചകള്‍ തന്നെയാണ്. സ്രഷ്ടാവ് കാണാതെ പോയൊരു അര്‍ത്ഥവ്യാപ്തി അതില്‍ കണ്ടെത്താനായെങ്കില്‍ അതിലാണ് എനിക്ക് സന്തോഷം.
സിനിമ എഴുത്തില്‍ പിന്നീടെനിക്ക് അവസരങ്ങളിലൂടെ ദിശാബോധം നല്‍കിയത് ചിത്രഭൂമിയുടെ പത്രാധിപരായിരുന്ന എ.സഹദേവന്‍ ആയിരുന്നു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായും ഐ.എഫ്.എഫ്.കെ.യുമായും അവാര്‍ഡ് കമ്മിറ്റികളുമായുമെല്ലാം പ്രവര്‍ത്തിക്കാനിട വന്നത് ശ്രീ.എ. മീരാസാഹിബിലൂടെയാണ്. ശ്രീ. ഷാജി എന്‍.കരുണിന്റെ കാലത്ത് അദ്ദേഹമാണെന്നെ ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ബുക്കിന്റെ ചുമതലക്കാരനാക്കുന്നത്. പിന്നീട്, അടൂര്‍ സാര്‍ ചെയര്‍മാനായപ്പോള്‍, എന്റെ മുന്‍കാല സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ശ്രീ കെ.വി.മോഹന്‍കുമാറിന്റെ താല്‍പര്യപ്രകാരം മേളയുടെ മീഡിയ വിഭാഗം കൈകാര്യം ചെയ്തു. ഈ അനുഭവങ്ങളെല്ലാം പിന്നീട് എന്റെ സിനിമഎഴുത്തില്‍ വലിയ സ്വാധീനങ്ങളായി. പി.എന്‍.മേനോനെക്കുറിച്ചുള്ള അക്കാദമിയുടെ ഓര്‍മ്മപ്പുസ്തകമാണ് രണ്ടാമതിറങ്ങിയത്. ചലച്ചിത്ര അക്കാദമിയുടെ ആദ്യ ഫെലോഷിപ്പ് ലഭിച്ച അഞ്ചുപേരില്‍ ഒരാളായി സമര്‍പ്പിച്ച വിഷയമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ മൂന്നാമത്തെ പുസ്തകമായത്. മികച്ച ചലച്ചിത്ര പുസ്തകത്തിന് സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന്റെ 25-ാം വര്‍ഷം, അതേര്‍പ്പെടുത്തിയ വര്‍ഷം നേടിയ വിജയകൃഷ്ണന്‍ സാര്‍ അധ്യക്ഷനായ ജൂറിയില്‍ നിന്നു ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ എന്ന ആ പുസ്തകത്തിന് തന്നെ അവാര്‍ഡ് വാങ്ങാനായതും സുകൃതം.
അതിനുശേഷമാണ് ഞാനെഴുതിയതില്‍ വച്ച് ഏറ്റവും കൂടുതല്‍ പ്രതികള്‍ വിറ്റ മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം എന്ന പുസ്തകം സംഭവിക്കുന്നത്. അതിലേക്ക് വഴിനടത്തുന്നതോ, പഴയകാല സഹപാഠിയും ചിന്തയുടെ മാര്‍ക്കറ്റിംഗ് മാനേജറുമായ ഗോപി നാരായണനും മാധ്യമപ്രവര്‍ത്തക ആര്‍.പാര്‍വതിദേവിയും. അതു സാര്‍ത്ഥകമാക്കാന്‍ സഹോദരസ്ഥാനത്തു നിന്നു പിന്തണച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ശ്രീ എം.ബി.സനില്‍കുമാര്‍, അതിന്റെ പ്രകാശനം നിര്‍വഹിച്ച പത്മശ്രീ മോഹന്‍ലാല്‍ എന്നിവര്‍ക്കും എന്റെ നന്ദി.
ഇതുവരെ സ്മരിച്ച വ്യക്തികള്‍ക്കുപുറമെ എന്റെ സിനിമ എഴുത്തിനെ പ്രോത്സാഹിപ്പിച്ചവര്‍ ഒരുപാടുണ്ട്. പലപ്പോഴും ഒരു എഡിറ്ററുടെ റോളില്‍ വഴിനയിക്കാറുള്ള ഡോ.രാധിക സി.നായര്‍, ശ്രീ മധു ഇറവങ്കര, വിമര്‍ശനബുധ്യേ കൈയെഴുത്തുപ്രതി വായിച്ചു നിര്‍ദ്ദേശങ്ങള്‍ നല്‍കാറുള്ള ശിഷ്യന്‍ കൂടിയായ ബി.ഗിരീഷ് കൂമാര്‍, മംഗളം ദിനപ്പത്രത്തിന്റെ മാനേജിംഗ് എഡിറ്ററും ഡയറക്ടറുമായ ശ്രീ ബിജു വര്‍ഗീസ്, കന്യക മാനേജിംഗ് എഡിറ്റര്‍ ശ്രീമതി റ്റോഷ്മ ബിജു വര്‍ഗീസ്, പത്രസ്ഥലം തന്നു പിന്തുണച്ചിട്ടുള്ള കലാകൗമുദി ഡപ്യൂട്ടി എഡിറ്റര്‍ ഡി.ശെല്‍വരാജ്, സമകാലികമലയാളം എഡിറ്റര്‍ ഇന്‍ ചാര്‍ജ് സജി ജെയിംസ്, ന്യൂ ഇന്ത്യന്‍ എക്പ്രസിലെ ടി.പി.ജയിംസ്, കലാപൂര്‍ണ എഡിറ്റര്‍ ശ്രീ ജെ.ആര്‍ പ്രസാദ്, മാധ്യമം പത്രാധിപസമിതിയംഗം ശ്രീ എന്‍.പി.സജീഷ്, സിനിമാമംഗളം എഡിറ്ററായിന്ന ശ്രീ മധു വൈപ്പന, പ്രഫ. ശ്രീവരാഹം ബാലകൃഷ്ണന്‍, പ്രഫ.ജോര്‍ജ് ഓണക്കൂര്‍, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി അന്തരിച്ച ശ്രീ മണ്ണാറക്കയം ബേബി, പ്രസിഡന്റ് ശ്രീ തേക്കിന്‍കാട് ജോസഫ്, കൈരളി ടിവിയിലെ പി.ഒ മോഹന്‍, ജയ്ഹിന്ദിലെ ന്യൂസ് എഡിറ്റര്‍ രാജ്‌മോഹന്‍, മാതൃഭൂമിയിലെ ഡോ.പി.കെ.രാജശേഖരന്‍, പ്രേംചന്ദ്, അനില്‍ വേഗ, അര്‍ഷാദ് ബത്തേരി, ഡോ.പോള്‍ മണലില്‍, അന്തരിച്ച പ്രസാധകന്‍ ശ്രീ എന്‍.രാജേഷ്‌കുമാര്‍, എസ്.കെ.ഗിരീശന്‍ തുടങ്ങി അവര്‍ക്കെല്ലാമുള്ള നന്ദിയോതാതെ ഒരു പുതിയ പുസ്തകവും ആലോചിക്കാനാവില്ലെന്നതുകൊണ്ടു മാത്രമാണ് മുഖവുര എഴുതാനുള്ള വലിപമുണ്ടെന്നു സ്വയം വിശ്വസിക്കാത്ത ഞാന്‍ ആദ്യമായി ഇതിനു മുതിരുന്നത്. ഓരോരുത്തരെയും ഓര്‍ത്തെടുത്തു നന്ദിയോതുമ്പോള്‍ അവര്‍ ബന്ധപ്പെട്ട സംഭവങ്ങള്‍ ആത്മപ്രശംസയായി തോന്നുന്നങ്കില്‍ സദയം പൊറുക്കുക.
ചലച്ചിത്രകാരനും പൂര്‍വകാല സഹപ്രവര്‍ത്തകനുമായ ശ്രീ ശ്യാമപ്രസാദ്, അന്തരിച്ച സംവിധായകന്‍ ശ്രീ ലോഹിതദാസ്, കവിയും മാധ്യമപ്രവര്‍ത്തകനുമായ ശ്രീ നീലന്‍, സംവിധായകനും നടനുമായ ശ്രീ മധുപാല്‍, തിരക്കഥാകൃത്ത് ശ്രീ ജോണ്‍പോള്‍, ഛായാഗ്രാഹകന്‍ ശ്രീ സണ്ണി ജോസഫ്, കഥാകൃത്ത് ബി മുരളി ശ്രീ ജോര്‍ജ് മാത്യു തുടങ്ങിയവരെയും നന്ദിയോടെ ഓര്‍ക്കുന്നു.
എന്റെ ഏഴാമത്തെ പുസ്തകമാണിത്. ഇതിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്ത കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അധ്യക്ഷന്‍ ഡോ. എ.ആര്‍.തമ്പാന്‍, പത്രാധിപസമിതിയംഗം ശ്രീ ആരോമല്‍ എന്നിവരോടുള്ള എന്റെ കടപ്പാട് അക്ഷരത്തിലൊതുങ്ങില്ല. ഒപ്പം, എന്റെ സമയം മുഴുവന്‍ എനിക്കു മാത്രമായി തന്ന് സിനിമ കാണാനും എഴുതാനുമായി സ്വസ്ഥമായി വിട്ട ഭാര്യ അമ്പിളിക്കും, മകള്‍ അപര്‍ണയ്ക്കും കൂടി മനസു കൊണ്ട് ഒരു നമസ്‌കാരം.
അവകാശവാദങ്ങളൊന്നുമില്ല. സിനിമകളില്‍ ഞാന്‍ കണ്ടത് നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ്. സദയം സ്വീകരിക്കുക, അനുഗ്രഹിക്കുക.
No comments:
Post a Comment