Monday, November 16, 2015

ചെമ്മീന്‍ സിനിമ ബാക്കിവച്ചത്

article appeared in SNEHABHUMI November issue

ഒരു വാചകത്തില്‍ തീര്‍ക്കാവുന്നൊരു ത്രികോണപ്രണയകഥ. പക്ഷേ, സാഹിത്യത്തില്‍ ചെമ്മീനിന് സവിശേഷമായ പരിഗണനയും ഇരിപ്പിടവും സിദ്ധിച്ചത്, അതുള്‍ക്കൊള്ളുന്ന ദേശീയതയുടെയും ദലിതജീവിതത്തിന്റെയും സാമൂഹികവും രാഷ്ട്രീയവുമായ സാംസ്‌കാരികഭിന്നത്വത്തിന്റെ പേരിലാണ്. തീര്‍ച്ചയായും, പാര്‍ശ്വവല്‍കൃതമായ മത്സ്യബന്ധനത്തൊഴിലാളികളുടെ, അരയസമുദായത്തിന്റെ അരികുജീവിതങ്ങളുടെ ആഴവും പരപ്പുമാണ് തകഴി ചെമ്മീനിലൂടെ വരഞ്ഞിട്ടത്. ആ അര്‍ത്ഥത്തില്‍ അതൊരു ചരിത്രരചനയുടെ കൂടി പ്രാധാന്യം ആവഹിക്കുന്നുണ്ട്. കാരണം,ദേശജീവിതത്തിന്റെ ഋതുഭേദങ്ങളെയാണ്, ഇതിഹാസമാനത്തില്‍ അദ്ദേഹം അക്ഷരങ്ങളിലൂടെ ആലേഖനം ചെയ്തത്. തുറയുടെ തുറസും കടലിന്റെ ജലധിയും കാലഭേദങ്ങളില്‍ വറുതിയും ഊഷരവുമാവുന്നതുപോലെ, അരയന്മാരുടെ ജീവിതത്തിലെയും ഋതുപരിണാമങ്ങളും സ്വത്വസന്ധികളുമാണ് ചെമ്മീന്‍ അനാവരണംചെയ്തത്. അരയന്‍ തോണിയില്‍ പോയാല്‍, അവനു കടലില്‍ തുണയാവാന്‍, കരയില്‍ അരയത്തിയുടെ പാതിവൃത്യശുദ്ധിയോടെയുള്ള പ്രാര്‍ത്ഥന കൂട്ടായിവേണമെന്നൊരു ഐതീഹ്യം മിത്തായി സ്ഥാപിച്ചുകൊണ്ടാണ്, മനുഷ്യജീവിതങ്ങളില്‍, സമ്പത്തും പദവിയുമെല്ലാം കൊണ്ടുവരുന്ന പരിവര്‍ത്തനങ്ങളെയും മറ്റും തകഴി വിശകലനം ചെയ്യുന്നത്.
സാഹിത്യരൂപത്തില്‍ എന്തായിരുന്നു എന്നതല്ല, ദൃശ്യാഖ്യാനത്തില്‍ ചെമ്മീന്‍ എന്തായിത്തീര്‍ന്നു എന്നതാണ് ശ്രദ്ധേയം. സിനിമാപരമായ അതിന്റെ പ്രസക്തിയും അതുതന്നെയാണ്. നോവല്‍ സിനിമയാക്കുമ്പോഴുള്ള അനുവര്‍ത്തനപ്രക്രിയയില്‍ ചെമ്മീന് മൂല്യപരമായി എന്തു സംഭവിച്ചുവെന്നു ചിന്തിച്ചാല്‍ സിനിമയെന്ന നിലയ്ക്കുള്ള അതിന്റെ കാലാതിവര്‍ത്തിത്വത്തിന്റെ രഹസ്യം മനസിലാവും.
മലയാള സിനിമയുടെ, ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തില്‍, നാഴികക്കല്ലെന്ന നിലയില്‍ അടയാളപ്പെടുത്തപ്പെട്ട ചെമ്മീന്‍ ചലച്ചിത്രരൂപാന്തരം അതുകൊണ്ടുതന്നെ പലതരത്തിലും തലത്തിലും വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയുമുണ്ടായിട്ടുണ്ട്. ബഌക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ ഈസ്റ്റ്മാന്‍ കളറില്‍ നിര്‍മിക്കപ്പെട്ട ചെമ്മീന്റെ സാങ്കേതികമികവിനെപ്പറ്റിയും, ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ സാങ്കേതികവിദഗ്ധരുടെ സഹകരണം കൊണ്ട് ദൃശ്യപരമായ പുതുതലങ്ങള്‍ തേടിയതുമെല്ലാം വിദഗ്ധര്‍ വിലയിരുത്തിയിട്ടുണ്ട്.  കടലിന്റെ കട്ട് എവേ ഷോട്ട്‌സ് ആവര്‍ത്തിത ബിംബമാക്കിക്കൊണ്ട് സന്നിവേശവേളയില്‍ ചെമ്മീനിന്റെ ആഖ്യാനശില്‍പത്തിന് അസാധാരണവും അനന്യവുമായൊരു ഭാവുകത്വം പ്രദാനം ചെയ്ത ഋഷികേശ് മുഖര്‍ജിയുടെ ഇന്ദ്രജാലമൊക്കെ അങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതാണ്.
എന്നാല്‍ ഇതിലൊക്കെ അപ്പുറം ചെമ്മീന്‍ സിനിമ, സാധാരണ മലയാളി പ്രേക്ഷകര്‍ക്ക് അസ്ഥിയില്‍പ്പിടിച്ചതെന്തുകൊണ്ടായിരിക്കും? തീര്‍ച്ചയായും അവര്‍ അതുവരെ കണ്ടുശീലിച്ച ചലച്ചിത്രസമീപനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തവും വേറിട്ടതുമായൊരു കാഴ്ചയുടെ ആഴവും പരപ്പും അതു പ്രദാനം ചെയ്തതുകൊണ്ടുതന്നെയാണ്. വായനയിലൂടെ തങ്ങള്‍ ഹൃദയങ്ങളിലേക്കാവഹിച്ച കഥാപാത്രങ്ങള്‍ക്കൊപ്പം പ്രകൃതിയെ അന്നാദ്യമായി പ്രേക്ഷകര്‍ കാഴ്ചശീലങ്ങളില്‍ ഒപ്പം കൂട്ടി. അതിനു നാം മാര്‍ക്കസ് ബര്‍ട്ട്‌ലിയോടും ഋഷികേശ് മുഖര്‍ജിയോടും കടപ്പെട്ടിരിക്കുന്നു. മലയാളത്തില്‍ മുന്‍മാതൃകകളില്ലാത്ത കാലത്ത്, രാമൂ കാര്യാട്ട് ഇവരുടെ സഹായത്തോടെ മലയാളസിനിമയെ ദൃശ്യതലത്തില്‍ അനേകകാതം മുന്നോട്ടു കൈപിടിച്ചുനടത്തുകയായിരുന്നു ചെമ്മീനിലൂടെ. അതുതന്നെയാണ് കാഴ്ചപ്പാടില്‍ പ്രേക്ഷകനും വൈവിദ്ധ്യമായി തോന്നിപ്പിച്ചതും. യഥാര്‍ത്ഥത്തില്‍ ചെമ്മീനിന്റെ ഏറ്റവും വലിയ വിജയം, അതു സിനിമയാക്കാന്‍ തീരുമാനിക്കുന്നിടത്തോ, ബുദ്ധിമുട്ടി അതിനു നിര്‍മാതാവിനെ തിരഞ്ഞതോ, ഒടുവില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നിര്‍മാതാവായ കണ്‍മണി ബാബുവിലൂടെ അതു സാക്ഷാത്കാരതലത്തിലെത്തിക്കുന്നിടത്തോ ഒന്നുമായിരുന്നില്ല. മറിച്ച്, സിനിമയുടെ ചിത്രീകരണം തുടങ്ങും മുമ്പേ നിര്‍ണയിക്കപ്പെട്ടിരുന്നുവെന്നു പറയാം. ചെമ്മീന്റെ ഭാഗധേയം പൂര്‍വനിശ്ചിതമാകുന്നത്, അതിന്റെ സംവിധായകന്റെ ദീര്‍ഘവീക്ഷണത്തിലാണ്; സാങ്കേതികരംഗത്ത് ഭാഷകളുടെ അതിരുകള്‍ ഭേദിച്ച് ഇന്ത്യ കണ്ട ഏറ്റവും മികച്ച ചലച്ചിത്ര പ്രതിഭകളെ കൊണ്ടുവരാനും അവരെ വിശ്വസിച്ച് തന്റെ സിനിമയെ ഏല്‍പ്പിച്ചുകൊടുക്കാനുമുള്ള തീരുമാനത്തിലാണ്. കൊട്ടകകളില്‍ ഇതിഹാസവിജയം കൈവരിച്ച മധുമതിയുടെയും  മറ്റും സ്വാധീനം അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടായേക്കാമെങ്കിലും, തന്റെ സിനിമയ്ക്ക് ഋഷികേശിനെയും മര്‍ക്കസ് ബര്‍ട്ട്‌ലിയെയും സലീല്‍ ചൗധരിയേയും പോലുള്ള പ്രതിഭകളെ തേടാന്‍ നിശ്ചയിച്ച ആ നിമിഷത്തില്‍, ചെമ്മീന്‍ വിജയിച്ചുകഴിഞ്ഞിരുന്നു.പ്രകൃതിയും ആകാശവും കടലുമെല്ലാം ദൃശ്യ ചാരുതയ്ക്കുള്ള ചാകരയായിരുന്നു ചെമ്മീനില്‍.
ഉള്ളടക്കത്തിന്റെ മികവിനെ ചെറുതാക്കിക്കാണിച്ചുകൊണ്ടുളള ഒരു നിരീക്ഷണമായി ഇതിനെ ലഘൂകരിച്ചേക്കാം. പക്ഷേ, സാങ്കേതികമായി ചെമ്മീന്‍ പിന്നീടുള്ള പരശ്ശതം മലയാള സിനിമകള്‍ക്ക് വാര്‍പ്പുമാതൃകയായതെങ്ങനെ എന്നു ചിന്തിച്ചാല്‍ ഈ സ്വാധീനങ്ങളുടെ പങ്കു വ്യക്തമാകും. മലയാളത്തില്‍ പിന്നീടിന്നോളം, തീരദേശജീവിതം വിഷയമാക്കി വന്നിട്ടുള്ള സിനിമകളിലെല്ലാം ബോധപൂര്‍വമോ അല്ലാത്തതോ ആയ ചെമ്മീന്‍ സ്വാധീനം ഒളിഞ്ഞും തെളിഞ്ഞും കാണാവുന്നതാണ്. ജയരാജിന്റെ തുമ്പോളി കടപ്പുറത്തിലും, ഭരതന്റെ അമരത്തിലും ചമയത്തിലും എന്തിന് ഏറെ വിദൂരഭൂതത്തിലല്ലാതെ പുറത്തിറങ്ങിയ സന്ത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങളില്‍ വരെ ഈ സ്വാധീനം പകല്‍പോലെ വ്യക്തവുമാണ്. അമരത്തില്‍ കടലിന്റെയും കടപ്പുറത്തിന്റെയും പശ്ചാത്തലമുറപ്പിക്കാനുള്ള ദൃശ്യതന്ത്രമായി പുലരേ പൂന്തോണിയില്‍ ചെറുമീന്‍ വെള്ളാട്ടമായി പാടുന്നതു പണ്ട്, മലയാളിയല്ലാത്ത സലീല്‍ദാ ബംഗാളി പുഴയാഴങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ നാടോടി പാരമ്പര്യത്തില്‍ നിന്നു നെയ്‌തെടുത്ത ചാകര കടപ്പുറത്തിന്നുത്സവമായിയെന്ന സംഗീതവീചികളുടെ അനുരണനങ്ങള്‍ തന്നെയാണല്ലോ.
ലൈല മജ്‌നുവും രമണനും ചന്ദ്രികയും പോലെ പരീക്കുട്ടിയും കറുത്തമ്മയും മലയാളിയുടെ ഭാവുകത്വപരിസരങ്ങളില്‍ ഇതിഹാസമാനം കൈവരിച്ച പ്രണയജോഡികളായത് തീര്‍ച്ചയായും മധു-ഷീല താരജോഡികളുടെ കൂടി സ്വാധീനത്താലാണെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. അതുകൊണ്ടുതന്നെയാണ് കാല്‍നൂറ്റാണ്ടിനിപ്പുറവും മിമിക്രിയെന്ന ആധുനിക അവതരണകാലത്തും അരങ്ങുകളില്‍ പരീക്കുട്ടിയും കറുത്തമ്മയും മധു-ഷീല അനുകരണങ്ങളിലൂടെ അനശ്വരമായിത്തുടരുന്നത്. തലമുറകള്‍കടന്നുള്ള ആത്മീയവും സ്വത്വപരവുമായ സ്വാധീനമാണിത്. പ്രണയകഥയെന്ന നിലയില്‍ മലയാളസാഹിത്യത്തില്‍ രമണന്റെ സ്ഥാനമാണ് സിനിമയില്‍ ചെമ്മീനിന്. അതങ്ങനെ അനശ്വരമായത് ത്രികോണബന്ധങ്ങള്‍ക്കിടയില്‍ ഇഴനെയ്ത്തുചേര്‍ത്ത മിത്തുകളുടെ മഹത്വം കൊണ്ടുകൂടിയാണ്. പിന്നീട് മലയാളത്തില്‍ പ്രദര്‍ശനവിജയം നേടിയ ജനപ്രിയ പ്രണയസിനിമകളിലെല്ലാം അതീന്ദ്രിയവും ആത്മീയവും അതിഭൗതികവുമായ ഇത്തരം ചില നാടോടിവിശ്വാസങ്ങളുടെ/ മിത്തുകളുടെ സാന്നിദ്ധ്യവും സാമീപ്യവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
നീലനിലാവില്‍ പ്രണയാര്‍ദ്രമായി പാടിയലയുന്ന കാമുകനെ തേടി അടക്കാനാവാത്ത പ്രണയചോദനയുമായി പുരകടന്നുവരുന്ന കാമുകിയുടെ ഗാനാവിഷ്‌കാരം ചെമ്മീനിനു ശേഷം മലയാളത്തില്‍ എണ്ണമറ്റ സിനിമകളിലെങ്കിലും ആവര്‍ത്തിച്ചു കണ്ടിരിക്കുന്നു. നഖക്ഷതങ്ങളില്‍ നിളയുടെ നീലപ്പരപ്പില്‍ നിലാവിനെ സാക്ഷിനിര്‍ത്തി നീരാടാന്‍ പൂന്തിങ്കളെ പാടിക്ഷണിക്കുന്ന രാമുവനെ തേടിയെത്തുന്ന ഗൗരിയിലും, ഒരു വടക്കന്‍ വീരഗാഥയിലെ സാന്ദ്രരാവില്‍ ആര്‍ച്ചയെ കാണാന്‍ പുഴകടന്നെത്തുന്ന ചന്തുവിലുമെല്ലാം പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും പ്രണയാര്‍ജ്ജവത്തിന്റെ നോവും നിറവും കാണാനാകുന്നെങ്കില്‍ അതിനെ അനുകരണമായല്ല മറിച്ച പ്രചോദനമായിത്തന്നെ കണക്കാക്കണം. അങ്ങനെ പില്‍ക്കാല രചനകളെ പ്രചോദിപ്പിക്കാന്‍മാത്രം കഌസിക്കല്‍ തലത്തിലേക്ക് ഉയര്‍ത്തപ്പെടാനുള്ള സാധുതയും വലിപ്പവും ചെമ്മീനിനുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതും.
അച്ചടിവടിവില്‍ നാടകവേദികളിലേതിനു സമാനമായ മലയാളം സംസാരിച്ചിരുന്ന കഥാപാത്രങ്ങളുടെ സ്ഥാനത്ത് പ്രാദേശികമായ വാമൊഴിവഴക്കത്തെ ഇണക്കത്തോടെ ചലച്ചിത്രസ്വത്വത്തിലേക്ക് സ്വായത്തമാക്കിയത് എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയൊരുക്കിയ സിനിമകളായിരുന്നുവെങ്കിലും, വള്ളുവനാടന്‍ ഭാഷണഭേദത്തിന്റെ വരേണ്യവഴക്കമായിരുന്നു അവയ്ക്ക്. അടുക്കളഹാസ്യത്തില്‍പ്പോലും പ്രാദേശികത വികലമാക്കപ്പെട്ട മാപ്പിളമലയാളത്തില്‍ ഒതുക്കപ്പെട്ടിരുന്ന കാലത്താണ് ദേശീയമായും തൊഴില്‍പരമായും സവിശേഷമായൊരു ഭാഷാസവിശേഷത ചെമ്മീനില്‍ ഉപയോഗിക്കപ്പട്ടു നാം കാണുകയും കേള്‍ക്കുകയും ചെയ്തത്. നീലക്കുയിലിലെ നീലിപ്പുലയി പോലും അക്ഷരവടിവില്‍ സംസാരിച്ചിരുന്ന കാലത്താണ് കറുത്തമ്മയും ചെമ്പന്‍കുഞ്ഞും ചക്കിയും നല്ലപെണ്ണും അച്ചന്‍കുഞ്ഞും തുറമലയാളം പറഞ്ഞത്. അതിന്റെ ചുവപുടിച്ചു തന്നെയാണ് അമരത്തിലെ അച്ചൂട്ടിയും തുമ്പോളി കടപ്പുറത്തിലെ നായകനും ചമയത്തിലെ എസ്തപ്പാനാശാനും ആന്റോയും, കുട്ടിസ്രാങ്കിലെ ലോനിയാശാനും ജോപ്പനും അനയത്തിപ്രാവിലെ ചെല്ലപ്പനുമെല്ലാം സംസാരിച്ചത്. തീരദേശമലയാളത്തിന്റെ നാട്ടുവഴക്കം നമുക്കു പരിചയപ്പെടുത്തിയത് ചെമ്മീനാണ്. ആധുനിക ന്യൂജനറേഷന്‍ സിനിമയിലെ ഇളംനായകന്മാരും നായികമാരും തീര്‍ത്തും പ്രാദേശികമലയാളം പറയുന്നതിന് കാട്ടിയ ധൈര്യമായിരുന്നില്ല, അവതരണത്തിലെ സവര്‍ണാധിപത്യക്കാലത്ത് ചെമ്മീന്‍ പോലൊരു സിനിമയിലൂടെ സംവിധാകന്‍ കാണിച്ചതെന്നോര്‍ക്കണം. വള്ളുവനാടന്‍ വരേണ്യഭാഷയുടെ നീട്ടും കുറുക്കും പോലും ബോക്‌സോഫീസിനു നിരക്കുന്നതല്ലെന്നു വിധിയെഴുതിയ നിര്‍മാണശീലമുള്ളൊരു വ്യവസായത്തില്‍ നിന്നുകൊണ്ടാണ് രാമൂ കാര്യാട്ട് അരയസമൂദായത്തോട് നീതി പുലര്‍ത്തിക്കൊണ്ട് ഇത്തരമൊരു പരീക്ഷണത്തിനു മുതിര്‍ന്നത്.
ഇതൊക്കെ ഇപ്പോള്‍ നോക്കുമ്പോള്‍ ചെറിയ കാര്യങ്ങളായിത്തോന്നാം. പക്ഷേ 25 വര്‍ഷം മുമ്പ് ഇതൊക്കെയും സ്വയം വഴിവെട്ടിത്തുറക്കലായിരുന്നു എന്നതുകൊണ്ടാണ് ചെമ്മീന്‍ ചലച്ചിത്രം വഴിത്തിരിവായി മാറിയത്. പക്ഷേ, എല്ലാറ്റിനുമുപരി തകഴി വാക്കുകള്‍ കൊണ്ടു വരച്ചിട്ട കഥാപാത്രങ്ങളുടെ നാടകീയവും അനിവാര്യവുമായ ദശാസന്ധികളും പ്രതിസന്ധികളും ആത്മസംഘര്‍ഷങ്ങളും അണുവിട ചോരാതെ തന്നെ ദൃശ്യങ്ങളിലേക്കാവഹിക്കാന്‍ സാധിച്ചതാണ് സിനിമ എന്ന നിലയ്ക്ക് ചെമ്മീനിന്റെ ഏറ്റവും വലിയ വിജയം. പച്ചയായ ജീവിതത്തിന്റെ ചൂടും ചൂരുമാണ് ചെമ്മീനിന്റെ ഏറ്റവും വലിയ കരുത്ത്. ജീവിതഗന്ധിയായ അതിന്റെ സാമൂഹികതലത്തെ ഉള്‍ക്കാഴ്ചയോടെ, ആത്മസത്ത ചോരാതെ സെല്ലുലോയ്ഡില്‍ പരാവര്‍ത്തനം ചെയ്യുകവഴിയാണ് രാമൂ കാര്യാട്ട് എന്ന ചലച്ചിത്രകാരന്‍ ഇതു സാധ്യമാക്കിയത്. മാധ്യമസവിശേഷമായ ദൃശ്യപരിധിയില്‍ വര്‍ണപ്പകിട്ടിന്റെ സാധ്യതകള്‍ പരമാവധി തിരയുമ്പോഴും പ്രമേയതലത്തില്‍ തുറജീവിതത്തിന്റെ സത്യസന്ധതയില്‍ വെള്ളം ചേര്‍ക്കാന്‍ മുതിര്‍ന്നിട്ടില്ല സംവിധായകന്‍. ആര്‍ജ്ജവത്തോടെ അരികുജീവിതങ്ങളുടെ യാഥാര്‍ത്ഥ്യം പകര്‍ത്താനാണ് ചെമ്മീന്‍ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടാണ് പണത്തോടുള്ള അത്യാര്‍ത്തി കൊണ്ട് ചെമ്പന്‍കുഞ്ഞ് സ്വയം മറക്കുന്നതും പുത്തന്‍ പണക്കാരനായശേഷം പണം കൊണ്ട് ജീവിതത്തില്‍ യാതൊരര്‍ത്ഥവുമില്ലെന്ന വൈകിയുള്ള തിരിച്ചറിവില്‍ നോട്ടുകെട്ടുകള്‍ തുറയാകെ പറത്തിക്കൊണ്ട് സമനിലവിട്ടുപോകുന്നതും. നടനമികവുകൊണ്ടുമാത്രമല്ല, ചിത്രീകരണ മികവുകൊണ്ടും ഫ്രെയിമിനുള്ളിലെ സ്ഥലകാലപരിധികളുടെ യുക്തിസഹമായ വിനിയോഗം കൊണ്ടും ശ്രദ്ധേയമായ രംഗം തന്നെയാണത്. അതുപോലെതന്നെയാണ് അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫിയോ വാട്ടര്‍പ്രൂഫ് ഫോട്ടോഗ്രഫിയോ മറീന്‍ ഫോട്ടോഗ്രാഫിയോ ഒക്കെ കേട്ടുകേള്‍വിപോലുമല്ലാതിരുന്ന കാലത്ത് ഉള്‍ക്കടല്‍ ദൃശ്യങ്ങളും കൊമ്പനെകുടുക്കാന്‍ ചാളവഞ്ചിയിലുള്ള പളനിയുടെ അതിസാഹസികയാത്രയുടെയും ചുഴിയിലകടപ്പെടുന്നതിന്റെയും ദൃശ്യവല്‍ക്കരണവും. ഛായാഗ്രഹണമികവിനാലും വിന്യാസമിതത്വത്താലും ഏറെ ശ്രദ്ധേയമായ ദൃശ്യാഖ്യാനമാണിത്.പിന്നീട് നിര്‍മിച്ച നെല്ലിലോ, ദ്വീപിലോ ഒന്നും ഈ ഐന്ദ്രജാലികമായ സംവിധാനമികവ് കാര്യാട്ടിന് ആവര്‍ത്തിക്കാന്‍ സാധിച്ചുവോ എന്ന ചോദ്യവും പ്രസക്തമാണ്. ഒരു പക്ഷേ, സൃഷ്ടിയുടെ ഏതോ മുഹൂര്‍ത്തത്തില്‍ എല്ലാം ഒത്തുവരുന്നൊരു അപൂര്‍വത, അതായിരിക്കാം ചെമ്മീനിനെ നാം കണ്ട സിനിമയാക്കി മാറ്റിയത്.
ചില സര്‍ഗാത്മകരചനകള്‍ക്ക് അങ്ങനൊരു ഭാഗ്യമുണ്ട്. പില്‍ക്കാല രചനകള്‍ക്കുള്ള വാര്‍പ്പുമാതൃകയാകാനുളള ചരിത്രനിയോഗം. അത്തരത്തില്‍ മലയാളസിനിമയ്ക്ക് മാതൃകയായി എന്നുള്ളതാണ് ചലച്ചിത്രപരമായി ചെമ്മീനിനുള്ള പ്രസക്തി.

No comments: