Sunday, May 31, 2015

ടോപ് ടെന്നിനൊരു ചരമഗീതം


കേട്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി. അമൃത ടിവി വാര്‍ത്തകള്‍ വീണ്ടും വെട്ടിച്ചുരുക്കുന്നു. അതിലും വേദനിച്ചത് ടോപ് ടെന്‍ അറ്റ് ടെന്‍ ചുരുക്കി സാധാരണ അരമണിക്കൂര്‍ വാര്‍ത്തയാക്കുന്നു എന്നറിഞ്ഞപ്പോഴാണ്. ഇന്ത്യയിലെതന്നെ (വിദേശത്തെപ്പറ്റി വിവരമില്ല) ആദ്യത്തെ ടോപ് ടെന്‍ ന്യൂസ് ഷോ ആയിരുന്നു ടോപ് ടെന്‍ അറ്റ് ടെന്‍. ദൃശ്യമാധ്യമത്തിലെ ഒരു പക്ഷേ ആദ്യത്തെ എഡിറ്റോറിയല്‍ അഥവാ പത്രാധിപക്കുറിപ്പ് (എഡിറ്റേഴ്‌സ് ചോയ്‌സ്) അടക്കം പല പ്രത്യേകതകളും അവകാശപ്പെടാവുന്ന ഒരു വാര്‍ത്താ പാക്കേജ്. ഒരു ദിവസത്തെ വാര്‍ത്തകള്‍ പ്രേക്ഷകന് വേണ്ടുംവണ്ണം 10 സെഗ്മെന്റുകളായി ചടുലമായി കോര്‍ത്തിണക്കി പത്തുമണിക്ക് സമഗ്രമായൊരു വാര്‍ത്താവതരണം (അതേ വാര്‍ത്തയല്ല വാര്‍ത്താ ഷോ) എന്ന ആശയം സംവിധായകനും അമൃതയുടെ പ്രോഗ്രാംസ് വിപിയുമായിരുന്ന ശ്യാമപ്രസാദിന്റേതായിരു്ന്നു. ഹോട്ട്‌റെഡ് എന്നൊരു തീം കളറും അതിനിണങ്ങുന്ന പശ്ചാത്തലസംഗീതവുമൊക്കെയായി ഒരു ഹോട്ട് ന്യൂസ് പ്രോഗ്രാം. ഒരു ദിവസത്തെ വാര്‍ത്താസംഭവങ്ങളെല്ലാം രാത്രി റിപ്പോര്‍ട്ടര്‍മാര്‍ നേരിട്ടു വന്ന് വാര്‍ത്തയ്ക്കു പിന്നിലുണ്ടായ സംഭവങ്ങള്‍ വരെ വിവരിക്കുന്ന രീതി. നിഷ്പക്ഷത വിട്ട് ഒരു പരിധിവരെ ജനപക്ഷത്തു നിന്നുകൊണ്ട് ഓരോ സെഗ്മെന്റിനും കമന്റുകളോടെ വൈന്‍ഡ് അപ്പ് ചെയ്യുന്ന അവതരണം. അങ്ങനെ പലവിധ സവിശേഷതകളുണ്ടായിരുന്നു ടോപ് ടെന്നിന്. ഏറ്റവും പ്രധാനം അതിന്റെ ഗതിവേഗമായിരുന്നു. 50 സെക്കന്‍ഡിനപ്പുറം നീളുമായിരുന്നില്ല ഒരു വാര്‍ത്തപോലും. കിട്ടാവുന്നിടത്തുനിന്നെല്ലാം ലൈവോ ഡിഫേഡ് ലൈവോ.. ഏറെ അധ്വാനിച്ച്, വളരെയേറെ ബുദ്ധിമുട്ടി, പല പ്രതിസന്ധികളെയും തരണം ചെയ്ത്, പലരുടെയും അപ്രീതികളെ ബുദ്ധിപൂര്‍വം പ്രീതിപ്പെടുത്തി സാഹസപ്പെട്ടാണ് ടോപ് ടെന്‍ എന്ന വാര്‍ത്ത എയര്‍ ചെയ്തത്. 3 മാസത്തോളം റിഹേഴ്‌സല്‍. മുഖ്യഅവതാരകനായി പിന്നീട് ഗള്‍ഫില്‍ ഹിറ്റ് എഫ് എമ്മില്‍ പോയ കൃഷ്ണകുമാര്‍. പിന്നണിയില്‍ ഇപ്പോള്‍ ടിവി ന്യൂവിലുള്ള പി.ആര്‍ പ്രവീണ്‍, നവോദയ അധ്യാപകനായി പോയ ശ്രീജിത്ത്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ പോയ ആശ നായര്‍ തുടങ്ങിയ ഒരു വന്‍ സംഘം. നീലന്‍ സാറിന്റെ സര്‍ഗാത്മകപിന്തുണ.വളരെയേറെ പുതുമകളുളള സ്‌ക്രിപ്റ്റിംഗ്. ഡസ്‌കും സ്റ്റുഡിയോയുടെ വാതിലും വരെ സെറ്റുകളാകുന്ന വിവിധ സെഗ്മെന്റുകള്‍. ടോപ് ടെന്‍ ശ്യാംജി ആഗ്രഹിച്ചതുപോലെ നിര്‍വഹിച്ചെടുക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നിട്ടുണ്ട് എനിക്ക്. സഹപ്രവര്‍ത്തകനായിരുന്ന, ഇപ്പോള്‍ തുമ്പ സെന്റ് സേവ്യേഴ്‌സിലെ അധ്യാപകന്‍ ഡോ.ടി.കെ.സന്തോഷ് കുമാറെഴുതിയ മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഈ വാര്‍ത്താവതരണത്തിനു പിന്നിലെ പ്രയത്‌നങ്ങളെ ചെറുതോതിലെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ടോപ് ടെന്‍ ആദ്യമായി എയര്‍ ചെയ്ത രാത്രി ഇന്നും കൃത്യമായോര്‍മ്മയിലുണ്ട്. ആദ്യം മുതല്‍ക്കെ ഇത്തരമൊരു വാര്‍ത്ത സ്വീകരിക്കപ്പെടില്ല എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ഭൂരിപക്ഷശ്രമം. സി.ഇ.ഒ സുധാകര്‍ ജയറാമിനും ശ്യാംജിക്കുമൊഴികെ ബഹുഭൂരിപക്ഷത്തിനും ഞങ്ങളോട് പുച്ഛം. എന്തോ ചില വട്ടുകള്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. പുത്തനച്ചിയെപ്പോലെ എന്നൊരു മനസ്ഥിതി. ടോപ് ടെന്‍ എയര്‍ ചെയ്യുന്ന ദിവസം ആറരമണി വാര്‍ത്തകഴിഞ്ഞ് എഡിറ്റോറിയല്‍ മീറ്റിംഗിനു ശേഷം ഭക്ഷണം പോലും കഴിക്കാതെ ടോപ് ടെന്നിന്റെ മുഴുവന്‍ സ്‌ക്രിപ്റ്റും ഇ എന്‍ പി.എസില്‍ അടിച്ചു കഴിഞ്ഞ് ഡിഫേഡ് റെക്കോര്‍ഡിങ്ങുകളും കഴിച്ച് ഡസ്‌ക്, പ്രമോ എ്ന്നിവയുടെ ഷൂട്ടും കഴിച്ച് ഞാന്‍ പി.ആറിനെ വിളിച്ചു. ഒന്നും പറയാതെ എന്റെ കാറിലിരുത്തി നേരെ പഴവങ്ങാടിയിലേക്ക്. 9 മണിയായിക്കാണണം. 11 തേങ്ങ വാങ്ങി ഗണപതിക്കടിച്ച ശേഷം സ്റ്റുഡിയോയിലേക്ക്. അപ്പോള്‍ കൃഷ്ണന്‍ ഫ്‌ളോറില്‍ കയറിക്കഴിഞ്ഞിരുന്നു. ഹെഡ്‌ലൈന്‍സിനായി മായച്ചേച്ചിയും (മായ ശ്രീകുമാര്‍) ശ്രീജിത്ത് പ്രൊഡ്യൂസറായിരുന്നെന്നാണോര്‍മ്മ. ആശ ഡസ്‌കിലോ ഗ്രാഫിക്‌സിലോ. അല്ലെങ്കില്‍ ടി.കെ. സന്തോഷ് ഡസ്‌കില്‍. അതോ പട്ടാമ്പിയോ? ഒരു വല്ലാത്ത ദിവസമായിരുന്നു അത്.
പിന്നീട് അമൃത ടിവിയുടെ പതാകവാഹക വാര്‍ത്താപരിപാടിയായി മാറി ടോപ് ടെന്‍ അറ്റ് ടെന്‍. എന്റെ അറിവില്‍, പല ഇന്ത്യന്‍ ദേശീയ ചാനലുകളുടെ വരെ കണ്ടന്റ് കണ്‍സള്‍ട്ടന്‍ുകളായ റെഡ് ബീ അടക്കമുള്ളവര്‍ ഏറെ ശ്രദ്ധയോടെ വീക്ഷിച്ചൊരു വാര്‍ത്താവതരണം. പിന്നെ കാലക്രമേണ ടോപ് ടെന്നിന്റെ പ്രതാപത്തിന് വൃദ്ധിക്ഷയമുണ്ടായി. ഒന്നോ രണ്ടോ അവതാരകരില്‍ മാത്രമായി എക്‌സകഌസിവിറ്റി സൂക്ഷിച്ചിരുന്ന ടോപ് ടെന്‍ ആര്‍ക്കും അവതരിപ്പിക്കാമെന്നായി. ചടുലമായ ശൈലി മാറി. കമന്റുകള്‍ക്കു മൂര്‍ച്ച പോയി അവസാനം തീരെയില്ലാതായി. ഗ്രാഫിക്‌സിന്റെ തീമും തീം മ്യൂസിക്കും മാറി, ചുവപ്പ് മഞ്ഞയായി. അതിനും എത്രയോ മുമ്പേ ഞാന്‍ അമൃത ടിവി വിട്ടിരുന്നെങ്കിലും, ശ്യാമപ്രസാദിന്റെ ദീര്‍ഘവീക്ഷണത്തിനു ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ഏതാണ്ട് സമാനമായ നയന്‍ അറ്റ് നയന്‍ എന്ന ന്യൂസ് പ്രോപ്പര്‍ട്ടിയുമായി ഏതാനും മാസങ്ങള്‍ക്കു മുമ്പേ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പ്രേക്ഷകസമക്ഷം എത്തിയത്. അതിനു പ്രചോദനം ടോപ് ടെന്‍ അറ്റ് ടെന്‍ അല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിലാരെങ്കിലും പറയുമോ എന്നറിയില്ല. എന്നിട്ടും ടോപ് ടെന്‍ അറ്റ് ടെന്നിന് അമൃതയില്‍ തിരശ്ശില വീഴുകയാണ്. അതൊരു നീറ്റല്‍ തന്നെയാണെനിക്ക്, തൊഴില്‍പരമായും വ്യക്തിപരമായും.
വ്യക്തിപരമാവാന്‍ ഒരു കാരണം കൂടിയുണ്ട്. അച്ചടി മാധ്യമത്തില്‍ നിന്നു കടന്നു ചെന്ന സീനിയര്‍ ന്യൂസ് എഡിറ്ററെ സംശയത്തോടെ നോക്കി കണ്ടവരാണ് അമൃതയില്‍ അന്നുണ്ടായിരുന്ന ഭൂരിപക്ഷം പേരും. വാര്‍ത്താ വിഭാഗത്തില്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും ഈ വരുത്തനെ അത്തരമൊരു മനോഭാവത്തോടെ തന്നെയാണ് നോക്കിക്കണ്ടത്. ഇന്റര്‍വ്യൂവില്‍പ്പോലും പത്രത്തില്‍ നിന്നു വന്ന എനിക്ക് ഏറ്റവും കുറച്ചു മാര്‍ക്കേ ഇട്ടിരുന്നുള്ളൂ എന്നു നീലന്‍ സാര്‍, സൗഹൃദം ഊട്ടിയുറപ്പിച്ച പില്‍ക്കാല രാവുകളിലൊന്നില്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. അങ്ങനെയുള്ള നിലയ്ക്ക് പുതിയ മാധ്യമത്തിന്റെ സാധ്യതകളും വെല്ലുവിളികളും പഠിച്ചെടുത്തു വഴക്കുക ഒരാവേശമായിരുന്നു എനിക്ക്. ടോപ് ടെന്‍ അതു സ്ഥാപിച്ചെടുക്കാനുള്ള സുവര്‍ണാവസരവും. ഈശ്വരാധീനം കൊണ്ട് ടോപ് ടെന്‍ ഹിറ്റായി. അതേത്തുടര്‍ന്ന് അമൃതയിലെ ബുള്ളറ്റിനുകള്‍ക്കെല്ലാം ഇത്തരത്തില്‍ സവിശേഷസ്വഭാവവും സ്വത്വവും നല്‍കാന്‍ സുധാകറും ശ്യാംജിയും പിന്നീട് നീലന്‍ സാറും ചേര്‍ന്നു തീരുമാനിക്കുന്നു. അങ്ങനെ രാവിലെ ബുള്ളറ്റിന്‍് പച്ചയും മഞ്ഞയും കലര്‍ന്ന ഇന്റര്‍ ആക്ടീവ് ശൈലിയിലുള്ള ഇന്നു രാവിലെ ആയും (ഈ പേരും ശ്യാമപ്രസാദിന്റേതായിരുന്നു), ബ്രേക്കിംഗ് ന്യൂസിന്റെ ശൈലിയില്‍ നീലയും മഞ്ഞയും കളര്‍സ്‌കീമില്‍ വൈകിട്ടത്തെ ആറരമണിവാര്‍ത്ത ന്യൂസ്ട്രാക്കായും, പാതിരാ വാര്‍ത്ത അമൃതന്യൂസ് മിഡില്‍ ഈസ്റ്റായുമെല്ലാം പുനരവതരിക്കാന്‍ പ്രേരണയായത് ടോപ് ടെന്‍ തന്നെയാണ്. അതൊക്കെയും പക്ഷേ ടോപ് ടെന്നിനെ അപേക്ഷിച്ച് എത്രയോ അയാസരഹിതമായിരുന്നെന്നും ഓര്‍ക്കുന്നു.
ആ വാര്‍ത്താഘടനയാണ് ഇല്ലാതാവുന്നത്. എന്തിന് യൂ ട്യൂബില്‍ പോലും ടോപ് ടെന്നിന്റെ ആദിരൂപം ലഭ്യമല്ല. (എന്റെ കൈവശമിരുന്ന സിഡികള്‍ നോക്കിയപ്പോഴല്ലേ ദുരന്തം, റെക്കോര്‍ഡ് ചെയ്തു എന്നു കരുതി സൂക്ഷിച്ചിരുന്നതിലൊന്നും യാതൊന്നുമില്ല!)
എനിക്കറിയാം, കൃഷ്ണയ്ക്കും പീയാറിനും ശ്രീജിത്തിനും ഈ വാര്‍ത്ത എന്നെപ്പോലെ വേദനാജനകമായിരിക്കും, തീര്‍ച്ച.

4 comments:

PRAVEEN PRASARA said...

ചന്ദ്രേട്ടന്‍ പറഞ്ഞത് ശരിയാണ്.ഈ വാര്‍ത്ത വേദനാജനകം തന്നെ..അമൃതയുടെ ആദ്യ നാളുകള്‍ മുതല്‍ അതിനോടൊപ്പം നടന്ന ആളുകളില്‍ ഒരാളെന്ന നിലയില്‍ പ്രത്യേകിച്ചും..എങ്കിലും ആ അനുഭവങ്ങള്‍ മധുരതരമായിരുന്നു.

sailendran said...

ടോപ് ടെന്‍ തുടങ്ങുന്നതിനു മുന്‍പ് അമൃതയില്‍ നിന്നും ഞാന്‍ പോന്നിരുന്നു. എന്നാല്‍ ടോപ് ടെന്‍ ആദ്യയാഴ്ച കൃത്യമായി കണ്ട് ഓരോ ഒരാഴ്ചയ്ക്കു ശേഷം ഒരു കത്തെഴുതിയിരുന്നു, അമൃതയിലേക്ക് (അതെ കത്തുതന്നെ, ഇ മെയിലല്ല). ന്യൂസ് ഡെസ്‌കിന്റെ ഭാഗമായി കുറച്ചുനാള്‍ ജീവിച്ചിരുന്നതിനാല്‍ അപ്പോഴും ആ ടീമിനൊപ്പം മനസ്സുകൊണ്ട് ഞാനുമുണ്ടായിരുന്നു. നീലന്‍ സാറും ആശയും ശ്രീജിത്തുമൊക്കെ കത്ത് കണ്ട് വിളിച്ചിരുന്നുവെന്നാണോര്‍മ.

Unknown said...

ടോപ്‌ ടെന്‍ തുടങ്ങിയ ആദ്യ ദിനം ലൈവില്‍ നിന്ന അനുഭവം മറന്നിട്ടില്ല. കൃഷ്ണകുമാറിന്റെ ചോദ്യങ്ങളും . എക്സിസുകരുടെ വ്യാജ വാറ്റുകാരുടെ കേന്ദ്രത്തിലേക്കുള്ള റൈഡ് ആയിരുന്നു വാര്‍ത്ത. പിന്നീടു പലപ്പോഴും വാര്‍ത്തകള്‍ പറയുമ്പോള്‍ നമുക്ക് അത് ടോപ്‌ ടെന്നില്‍ പൊട്ടിക്കാം എന്ന് പറഞ്ഞത് മറന്നിട്ടില്ല. ശൈലെന്ദ്രന്റെ കത്ത് അന്ന് അമൃത ടി വി യുടെ ഡെസ്കില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതില്‍ ഒരു വാചകം ഇങ്ങനെ ആയിരുന്നു..വിഷ്വല്‍ മുഴുവനായും കാണിക്കണേ സാറേ എന്ന് നീളന്‍ സാറിനോടുള്ള ഒരു അപേക്ഷ. അന്ന് ലൈവ് നില്‍ക്കുന്ന റിപ്പോര്‍ട്ടര്‍ ഒരു ബോക്സിലും വിഷ്വല്‍ മറ്റൊരു ബോക്സിലും കാണിക്കുമായിരുന്നു.

Unknown said...

എന്റെ കൈവശമിരുന്ന സിഡികള്‍ നോക്കിയപ്പോഴല്ലേ ദുരന്തം, റെക്കോര്‍ഡ് ചെയ്തു എന്നു കരുതി സൂക്ഷിച്ചിരുന്നതിലൊന്നും യാതൊന്നുമില്ല!-ആരാണ് പൂച്ച സന്യാസി എന്ന് ചോദിച്ചാല്‍ നമുക്ക് ഈ വാചകം കുറിക്കുന്നവരെന്ന് ധൈര്യമായി പറയാം. സ്വയം വീമ്പു പറഞ്ഞു നടക്കുന്നവരുടെ അവസ്ഥയാണ് ഇത്. ജോലി ചെയ്യുന്നിടത്തുനിന്നെല്ലാം വേണ്ടാത്തത് കക്കാന്‍ ശ്രമിക്കും. അവര്‍ക്ക് ദൈവം പണിയും കൊടുക്കും. അതാണ് ഇവിടേയും സംഭവിച്ചത്. ഞങ്ങളാണ് വലുതെന്ന് തോന്നുന്നവരാണ് പൂച്ച സന്യാസിമാര്‍. അങ്ങനെ ഒരാളുടെ അബ്ദമാണ് - (എന്റെ കൈവശമിരുന്ന സിഡികള്‍ നോക്കിയപ്പോഴല്ലേ ദുരന്തം, റെക്കോര്‍ഡ് ചെയ്തു എന്നു കരുതി സൂക്ഷിച്ചിരുന്നതിലൊന്നും യാതൊന്നുമില്ല!)-വാചകങ്ങള്‍

ഇവന്മാര്‍ എഴുതുന്നതൊന്നും സത്യമാവില്ല. ചെയ്യുന്നതും. അതുമാത്രമാണ് ആശ്വാസം. പണ്ട് യാഹുവിന്റെ ഒരു കാലമുണ്ടായിരുന്നു. അന്ന് യാഹു ചാറ്റുപയോഗിച്ച് പലതും ചെയ്തിട്ടുണ്ട് ഈ പൂച്ച സന്ന്യാസി. അത് ആവര്‍ത്തിക്കാന്‍ ശ്രീ മാതാ അമൃതാനന്ദമയീ ദേവിയുടെ സ്ഥാപനത്തിലെത്തി. പക്ഷേ എല്ലാം അറിയാവുന്ന ആ ശക്തി ചെവിക്ക് പിടിച്ച് പുറത്താക്കി. ഈ പൂച്ച സന്ന്യാസിയുടെ കണ്ണ് അന്ന് മുതല്‍ ഈ ചാനലിലാണ്. അതിന് എന്തും ചെയ്യും. കൂടിന് ഒരു ചെന്നൈക്കാരനും. ഹരിപ്പാട്ടെ ഇയാളുടെ മോന്‍. ഇവര്‍ക്കൊന്നും ഇന്ന് ഉറക്കമില്ല. പലതും എഴുതും. യാഹു ചാറ്റെന്ന് കേട്ടാലേ പൂച്ച സന്ന്യാസിക്ക് പേടിയാ. പലരുടെ കൈയ്യിലും ഇപ്പോഴും രേഖയുണ്ട്. ദീപക് ധര്‍മ്മടത്തിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് പോലെ അല്ലത്. ഒര്‍ജിനലാണ്.

ആര്‍ക്കും ഒന്നും മനസ്സിലായിട്ടില്ലെന്ന് കരുതുന്നില്ല. പക്ഷേ യാഹൂ ചാറ്റ് അത് മനസ്സിലാകില്ല. വേണ്ടി വന്നാല്‍ പ്രയോഗിക്കാന്‍ ദൈവം തന്ന മുതലാണ് അത്. പൂച്ച സന്യാസിയ്ക്ക് പറ്റിയ അമിളികള്‍ ഒരു പാടുണ്ട്. ഈയിടെ ഹൊറൈസണിലും അതുണ്ടായി. പൂച്ച സന്യാസിമാരുടെ വാക്കുകള്‍ക്ക് ദൈവം വിലനല്‍കില്ല. അവര്‍ ആഗ്രഹിക്കുന്നത് നടക്കുകയുമില്ല. ഇനി അമൃതാ ടിവിയിലെ ടോപ് ടെന്‍ നിറുത്തിയാല്‍ അത് ഞങ്ങള്‍ അമ്മയുടെ ഇച്ഛയായി കണ്ട് അംഗീകരിക്കും. അതെല്ലാം അമ്മ വിചാരിക്കും പോലെ നടക്കും. അങ്ങനെയേ നടക്കൂ. പൂച്ച സന്ന്യാസിമാര്‍ ക്ഷമിക്കുക. ഒരിക്കലും നിങ്ങളുടെ സമയം വരികയില്ല.