Monday, August 25, 2014

അശാന്തതീരങ്ങളിലെ അസ്തമയനിറവിലേക്ക്

 എ.ചന്ദ്രശേഖര്‍

പുതുമുഖ സംവിധായകനായ സജിന്‍ ബാബുവിന്റെ അണ്‍ ടു ദ ഡസ്‌ക് എന്ന വേറിട്ട ചലച്ചിത്രം പകര്‍ന്ന ദൃശ്യാനുഭവത്തെപ്പറ്റി...

സിനിമയുടെ നടപ്പുശീലങ്ങള്‍ക്ക് കാഴ്ചയെ വഴക്കിയെടുത്തവര്‍ക്ക് അത്രവേഗം ദഹിക്കുന്നതാവില്ല സജിന്‍ ബാബു എന്ന നവാഗതന്റെ അണ്‍ ടു ദ ഡസ്‌ക് (അസ്തമയത്തിലേക്ക്). കാരണം, പ്രമേയതലത്തിലെ അതിസാധാരണത്വത്തിലൂടെ നിര്‍മിച്ചെടുക്കുന്ന സമകകാലികയാഥാര്‍ത്ഥ്യങ്ങളുടെ അത്യസാധാരണത്വത്തില്‍ നിന്നു കൊണ്ട്, നിര്‍വഹണത്തില്‍ വച്ചു പുലര്‍ത്തുന്ന അതിസൂക്ഷ്മമായ വഴിമാറിനടക്കലാണ് സജിന്റെ സിനിമ. അതുകൊണ്ടു തന്നെ അതു കാലികമായ അസ്വസ്ഥതകള്‍ക്കൊപ്പം, അനുകാലിക ലോകസിനിമയുടെ വ്യാകരണവ്യഞ്ജനങ്ങളെയാണ് അനുയാത്ര ചെയ്യുന്നത്. ദാര്‍ശനികതലത്തില്‍ ഒരേ സമയം അത് ബൈബിളിനെയും ബുദ്ധനെയും പിന്തുടരുന്നു. സമകാലിക സാമൂഹികയാഥാര്‍ത്ഥ്യങ്ങളെ നഗ്നമായി ആവിഷ്‌കരിക്കുന്നു. അതുണര്‍ത്തുന്ന തീപ്പൊള്ളലില്‍ പ്രേക്ഷകഹൃദയം വിങ്ങുമ്പോള്‍, ചലച്ചിത്ര ഭാഷയുടെ തലത്തില്‍ അണ്‍ ടു ദ ഡസ്‌ക് രാജ്യാന്തരമായൊരു നിലവാരത്തിലേക്കു മലയാള സിനിമയെ വഴിനടത്തുകയും ചെയ്യുന്നു. അതാണ് ഈ കൊച്ചു വലിയ സിനിമയുടെ കാലികപ്രസക്തി.
ഒറ്റവാചകത്തില്‍, സെമിനാരി വിട്ടു പോകുന്ന ഒരു ശെമ്മാശന്റെ ധര്‍മ്മ സങ്കടങ്ങളുടെ കഥ എന്നു വിവരിക്കാമെങ്കിലും, അസ്തമയത്തിലേക്ക് അതിലുമെത്രയോ ഗഹനമായ പ്രമേയത്തെയാണ് കഥാവസ്തുവായി തോളില്‍ പേറുന്നത്. മൂല്യം നഷ്ടമായ സമകാലിക സാമൂഹികവ്യഥകളില്‍ സ്വയം നഷ്ടപ്പെട്ട് ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്നു പോലും തിരിച്ചറിയാനാവാതെ, അശാന്തിയുടെ കടുത്ത മന:സംഘര്‍ഷങ്ങളില്‍ സ്വത്വം തേടിയലയുന്ന ഒരു ആധുനിക രാഹൂലനാണ് ഇതിലെ നായകന്‍. അവനില്‍ ഒരു പക്ഷേ ഖസാക്കിലെ രവിയെ കണ്ടെത്താം. ഉത്തരായനത്തിലെ രവിയേയും! ജീവിതത്തിന്റെ പൊരുളന്വേഷിച്ചുള്ള അനന്തയാത്രകളാണല്ലോ രണ്ടു രവിമാരുടേതും. രവിയുടെ ആത്മാന്വേഷണം അവസാനിക്കേണ്ടത് അസ്തമയത്തില്‍ത്തന്നെയാവണമല്ലോ. ശരിക്കും ഓരോ മനുഷ്യന്റെയും ആന്തരികവും ആത്മീയവുമായ ജീവിതയാത്രകളെല്ലാം ചെന്നെത്തുക തിരിച്ചറിവുകളുടെയോ വെളിപാടുകളുടെയോ അസ്തമയങ്ങളിലാവും.
അണ്‍ ടു ദ ഡസ്‌കിലെ നായകനു പക്ഷേ രവിയെന്നല്ല പേര്. അങ്ങനെയല്ല പറയേണ്ടത്, നായകനെന്നല്ല, കഥാപാത്രങ്ങള്‍ക്കൊന്നും പേരില്ല എന്നാണു പറയേണ്ടത്. അല്ലെങ്കില്‍ത്തന്നെ സമൂഹത്തിന്റെ പച്ചയായ തുറന്നുകാട്ടലുകളില്‍ പേരിനോ നാളിനോ ആളിനോ തന്നെ എന്തു പ്രസക്തി? അവിടെ നീയും ഞാനും ഒന്നാവുന്നു, അങ്ങനെ അണ്‍ ടു ദ ഡസ്‌ക് നല്‍കുന്ന ദൃശ്യാനുഭവം നമ്മുടേതായിത്തീരുന്നു. ശവഭോഗം, ജാരബന്ധം, പിതൃ-പുത്രീ ബന്ധം, വ്യഭിചാരം, അഗമ്യഗമനം തുടങ്ങി സമകാലികസമൂഹത്തിന്റെ മൂല്യച്ച്യുതിയുടെ എല്ലാ തീവ്രതകളും ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും, അണ്‍ ടു ദ ഡസ്‌കിനെ വേറിട്ടൊരു ചലച്ചിത്രാനുഭവമാക്കുന്നത് അതിന്റെ പാരിസ്ഥിതിക പ്രതിനിധാനം കൊണ്ടാണ്. ബന്ധങ്ങളുടെ വൈചിത്ര്യത്തെപ്പറ്റി ചിത്രാവസാനത്തിലൊരിടത്ത് നായകന്റെ പിതാവ് പറയുന്നുണ്ട്-ബന്ധങ്ങളുടെ പവിത്രത എന്നൊക്കെ പറയുന്നത് കാണുന്നവന്റെ മാനസിക നിലയുടെ പ്രശ്‌നമാണ്.
പ്രകൃതിയില്‍ മറ്റൊരു ജീവിക്കുമില്ലാത്ത കൃത്രിമ മൂല്യങ്ങള്‍ സ്വയം ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ട് അതു പാലിക്കാന്‍ വിഷമിക്കുന്ന മനുഷ്യന്‍, അതിന്റെ പേരില്‍ പാപ പുണ്യങ്ങളുടെ തീരാഭാണ്ഡവും ചുമലിലേറ്റി ഒരിക്കലുമണയാത്ത ഉള്‍ത്തീയുമായി മോക്ഷമാര്‍ഗത്തിലലയുന്നു. അവന്റെ ജീവിതം പാപ പുണ്യങ്ങള്‍ക്കിടയിലൂടെയുള്ള ഒരൂ തീര്‍ത്ഥാടനമാണ്. സത്യത്തിലേക്ക്, ഉണ്‍മയിലേക്കുള്ള തീര്‍ത്ഥാടനം. ആ ആത്മാന്വേഷണത്തിനിടയില്‍ ചുറ്റുമുള്ള പ്രകൃതി അതിന്റെ സര്‍വ ഹരിതാഭയുമായി അവനുമുന്നില്‍ ബോധിവൃക്ഷമാകുന്നു. അതു നല്‍കുന്ന പാഠങ്ങളില്‍ അവന്‍ സ്വയം സ്‌നാനപ്പെടുന്നു. അണ്‍ ടു ദ ഡസ്‌കിന്റെ ആദ്യഭാഗത്തു തന്നെ സെമിനാരി വിട്ടു പോകുന്ന അശാന്തമനസ്‌കനായ നായകന്‍ പിതാവിനോടു പറയുന്നുണ്ട്- മറ്റുള്ളവര്‍ക്കു വേണ്ടി ചില വേദനകള്‍ സ്വയം എറ്റെടുത്തില്ലെങ്കില്‍ പിന്നെ ജീവിതം കൊണ്ടെന്ത് അര്‍ത്ഥം എന്ന്? അടക്കാനാവാത്ത ആത്മകാമനകളുടെ വേപഥുവില്‍ മനുഷ്യകുലത്തിനു വേണ്ടി കുരിശേന്തിയ ദൈവപുത്രന്റെ കുരിശുമലകയറ്റത്തെ ഓര്‍മ്മയില്‍ക്കൊണ്ടുവരുന്നൊരു അതിവിദൂര ദൃശ്യത്തിലാണ് ചിത്രം അവസാനിക്കുന്നതെന്നതും ശ്രദ്ധേയം.
ഘടനാപരമായ പല പരീക്ഷണങ്ങള്‍ക്കും ധൈര്യപ്പെട്ടിട്ടുളള സിനിമ കൂടിയാണ് അണ്‍ ടു ദ ഡസ്‌ക്. മുഖ്യധാരാ സിനിമയെ അതിന്റെ ദൃശ്യലക്ഷ്യങ്ങളില്‍ നിന്നു തന്നെ വഴിതെറ്റിക്കുന്ന പശ്ചാത്തല സംഗീതം അപ്പാടെ ഒഴിവാക്കിക്കൊണ്ടാണ് സിനിമയുടെ ദൃശ്യപരിചരണം. കയ്യേന്തിയ ക്യാമറയുടെ ചലനധാരാളിത്തമാണ് അതിന്റെ വ്യാകരണത്തെ മാറ്റിമറിക്കുന്ന മറ്റൊരു മികവ്. തത്സമയ സിങ്ക് ശബ്ദാലേഖനമല്ലെങ്കില്‍ക്കൂടിയും, അതീവ ശ്രദ്ധയോടെ, സൂക്ഷ്മാംശങ്ങളിലുള്ള കരുതല്‍ നല്‍കിയുള്ള ശബ്ദലേഖനം ആ ദൃശ്യപരിചരണത്തിന് അടിവരയിടുന്നു. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീനടന്മാരുടെ തെരഞ്ഞെടുപ്പാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.
മാറ്റങ്ങളുണ്ടാക്കുന്നു എന്നവകാശപ്പെടുന്ന സിനിമകളുടെ നവധാരപ്പാച്ചിലുകള്‍ക്കിടയില്‍, ശരിക്കും മാറ്റങ്ങളുമായി ഈ കൊച്ചുസിനിമ. ഇതിന്റെ പിന്‍കരുത്ത് കാര്‍ത്തിക് മുത്തുകുമാറിന്റെ ക്യാമറയും കാര്‍ത്തിക് ജോഗേഷിന്റെ എഡിറ്റിംഗും എന്‍ ഹരികുമാറിന്റെ ശബ്ദമിശ്രണവുമാണ്. എം.പി. ഷീജയും എല്‍.ഗീതയും ചേര്‍ന്നു നിര്‍മിച്ച്, ജോസ് ജോണും സജിന്‍ ബാബും ചേര്‍ന്നെഴുതി സജിന്‍ സംവിധാനം ചെയ്ത അണ്‍ ടു ദ ഡസ്‌ക് അതുകൊണ്ടുതന്നെ ആ മലവെള്ളപ്പാച്ചിലില്‍ ശ്രദ്ധിക്കപ്പെടാതെ പോകരുതെന്നുള്ളത് മലയാള സിനിമയെ സ്‌നേഹിക്കുന്നവരുടെയെല്ലാം ബാധ്യതയാണ്.

No comments: