Tuesday, December 10, 2013

ചലച്ചിത്രമേളയിലെ താളപ്പിഴകള്‍

പതിനെട്ടു വര്‍ഷമായി മുടങ്ങാതെ നടത്തുന്ന കേരളത്തിലെ രാജ്യാന്തരചലച്ചിത്രമേള മലയാള സിനിമയ്‌ക്കു ക്രിയാത്മകമായി എന്തു സമ്മാനിച്ചു? ജനപ്രിയ ബ്രാന്‍ഡിംഗില്‍ വര്‍ഷംതോറും വര്‍ധിച്ചു വരുന്ന പ്രേക്ഷക പങ്കാളിത്തത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ലോകസിനിമ, രചനാത്മകമായി നമ്മുടെ ചലച്ചിത്രകാരന്മാരെ ഏതുവിധത്തില്‍ സ്വാധീനിക്കുന്നു?. നമ്മുടെ സിനിമയ്‌ക്കു ലോകവിപണിയില്‍ ഇടം കണ്ടെത്താന്‍ മേള ഏതുവിധത്തില്‍ സഹായിക്കുന്നു? ഇതെല്ലാം ലോകമെമ്പാടുമുള്ള വിവിധ ചലച്ചിത്രമേളകളില്‍ പങ്കെടുത്ത യുവസംവിധായകന്‍ ഡോ.ബിജുവിന്റെ ഫേസ്‌ബുക്ക്‌ സന്ദേഹങ്ങളാണ്‌. അവ അവഗണിച്ചാലും ഇത്തവണത്തെ മേളയെപ്പറ്റി ചിലതു പറയാതിരിക്കാനാവില്ല; അപ്രിയമെന്നറിഞ്ഞിട്ടും. തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന പരിചയസമ്പന്നരായ ഒരു ടീം തന്നെ പിന്നണിയിലുള്ളപ്പോള്‍ തീര്‍ച്ചയായും ഇതു ലോകനിലവാരത്തില്‍ എത്തേണ്ടതാണ്‌. എന്നിട്ടും മേള താളപ്പിഴകളുടെ ഉത്സവം കൂടിയായതെന്തുകൊണ്ട്‌?
മേളയില്‍ രണ്ടോ മൂന്നോ അതിമഹത്തായ സിനിമകളുണ്ടെങ്കില്‍ പ്രേക്ഷകനു സാര്‍ഥകമായ അനുഭവമാകും. എന്നാല്‍, പതിനെട്ടാമതു മേളയുടെ മത്സര, ലോക വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടവയില്‍ മഹാഭൂരിപക്ഷവും ഇന്ത്യന്‍ നവസിനിമയുടെ നിലവാരം പോലും പുലര്‍ത്തിയില്ല. ഏറെയും ഇന്ത്യ എഴുപതുകളില്‍ പരീക്ഷിച്ചു വലിച്ചെറിഞ്ഞ ഘടനയും രൂപശില്‍പവും പ്രമേയധാരകളും പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍. സ്വാഭാവികമായി നവലോകത്തിന്റെ സാംസ്‌കാരികലോപത്തിന്റെ ഭാഗമായി ലോകസിനിമയ്‌ക്കു വന്നുഭവിച്ചിട്ടുള്ള പൊതു അപചയത്തിന്റെ ദൃഷ്‌ടാന്തമായി ഇതിനെ കാണുന്നതില്‍ തെറ്റില്ല.
അങ്ങനെ കരുതിയാല്‍ നമ്മുടെ ചലച്ചിത്രമേളയ്‌ക്ക്‌ ഒരു തകരാറും കണ്ടെത്താനുമാവില്ല. പക്ഷേ, അപ്പോഴാണു ഡോ.ബിജുവിന്റെ ഒരു ചോദ്യം പ്രസക്‌തമാവുന്നത്‌. നല്ല സിനിമയെ ഇഷ്‌ടപ്പെടുന്ന, ഫിലിം സൊസൈറ്റി പ്രസ്‌ഥാനത്തിന്‌ അത്യധികം ആഴത്തില്‍ വേരോട്ടമുള്ള കേരളത്തിലെ പ്രേക്ഷകര്‍ക്ക്‌, അത്യാവശ്യം ലോകസിനിമയെപ്പറ്റി കണ്ടും കേട്ടും വായിച്ചും ധാരണയുണ്ട്‌.
ഗൂഗിളിലും യൂട്യൂബിലും ജീവിക്കുന്ന നവജനുസിനെപോലും ഘടനാപരമായോ, ശില്‍പപരമായോ പ്രമേയതലത്തിലോ ഒരു രീതിക്കും വിസ്‌മയിപ്പിക്കുന്ന ഒറ്റ സിനിമപോലും ഇക്കുറിയുണ്ടായില്ല. അതിനു കാരണം ലോകസിനിമയുടെ മൂല്യച്യൂതിയാണെന്ന സാമാന്യവല്‍കരണവാദം അല്‍പം അതിരുകടന്ന ന്യൂനവല്‍കരണം തന്നെയായേക്കും. കാരണം, കമ്പോളത്തില്‍ വന്‍ വിജയം നേടിയ ഗ്രാവിറ്റി എന്ന ഹോളിവുഡ്‌ സിനിമ പോലും ചലച്ചിത്രാചാര്യനായിരുന്ന ആ്രന്ദേ തര്‍ക്കോവ്‌സ്‌കി എടുക്കേണ്ടിയിരുന്ന സിനിയാണെന്ന്‌ അടൂര്‍ ഗോപാലകൃഷ്‌ണനെപ്പോലെ ലോകം അംഗീകരിക്കുന്ന സംവിധായകന്‍ തുറന്നു സമ്മതിക്കുന്നു. ഉള്‍പ്പെടുത്തിയ സിനിമകളില്‍ തന്നെ മത്സരവിഭാഗത്തിലെ ഭൂരിപക്ഷവും വൃദ്ധരുടെയോ കുട്ടികളുടെയോ മാത്രം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്‌തവ.
ഇതിനു വിവിധ വിഭാഗങ്ങളിലേക്കു ചിത്രങ്ങള്‍ തെരഞ്ഞെടുത്തവരെ ഒരുതരത്തിലും കുറ്റപ്പെടുത്താന്‍ വയ്യ. കാരണം ലഭ്യമായവയില്‍ നിന്നാണു പ്രിവ്യൂ കമ്മിറ്റി ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്‌. അപ്പോള്‍ കിട്ടുന്ന സിനിമയുടെ നിലവാരത്തിലാണു പ്രശ്‌നം. ടി.കെ.രാജീവ്‌ കുമാര്‍ അക്കാദമി ചെയര്‍മാനായിരുന്നകാലത്ത്‌ മത്സരവിഭാഗം തെരഞ്ഞെടുപ്പു സമിതി അധ്യക്ഷസ്‌ഥാനത്തിരുന്ന്‌ ഏറ്റവും മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ചെയര്‍മാന്‍ പ്രിയദര്‍ശന്‌ ഇെതന്തുകൊണ്ടു തിരിച്ചറിയാനാവുന്നില്ല?
ഇത്‌ അടിപൊളി സിനിമ കാണുന്ന മാനസികാവസ്‌ഥയുള്ള പ്രേക്ഷകര്‍ക്കായുള്ളതല്ല. സൗജന്യമായിട്ടാണെങ്കിലും അതില്‍ താല്‍പര്യമുള്ളവരെയാണു ്രപതിനിധികളാക്കുക. വന്‍ ജനപങ്കാളിത്തം ഉത്തമമേളയുടെ നിലവാര സൂചികയാകുമോ? അതോ, വിസ്‌മയിപ്പിക്കുന്ന സിനിമകളെ പരിചയപ്പെടുത്തുന്ന മേളയാണോ നല്ലത്‌? സിനിമയിലെ ജംപ്‌കട്ടിനു തുല്യമായിരുന്നു പ്രദര്‍ശനശാലകളിലെയും മറ്റും സംഘാടകരുടെ പാടവം. പരസ്‌പരം കാര്യമായ ഏകോപനമോ ബന്ധമോ ഇല്ലാത്ത അവസ്‌ഥ. ഇക്കാര്യത്തില്‍ ഇത്രവലിയ അലംഭാവം കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ആദ്യമാണെന്നു തോന്നുന്നു. കുറേ വര്‍ഷങ്ങളായി വിജയകരമായി നടത്തിപ്പോന്ന റിസര്‍വേഷന്‍ സംവിധാനം ഇക്കുറി താറുമാറായി.
വലിയ തിയേറ്ററുകളെല്ലാം മള്‍ട്ടിപ്ലക്‌സുകളായതിന്റെ ദുര്യോഗം. കൈരളിയില്‍ മുന്‍കൂട്ടി സീറ്റു കിട്ടിയവര്‍ക്കു രണ്ടാം ദിവസം മൊബൈലില്‍ ഇരുട്ടടി വന്നു. റിസര്‍വേഷന്‍ സമ്പ്രദായം പിന്‍വലിക്കുന്നുവെന്നും നേരത്തേ നടത്തിയ ബുക്കിംഗ്‌ ഇതോടെ അസാധുവാകുന്നുവെന്നും! ഇനി റിസര്‍വേഷനുള്ള തിേയറ്ററുകളിലാകട്ടെ, ഇതു ഫലപ്രദമായി ലഭ്യമാക്കാനും വോളണ്ടിയര്‍മാര്‍ക്കായില്ല.
മേള സംസ്‌കാരത്തിന്റെ അച്ചടക്കം നമ്മുടെ സംസ്‌ഥാനം ആദ്യം കാണുന്നത്‌ അടൂര്‍ ഗോപാലകൃഷ്‌ണനിലൂടെയാണ്‌. ഈ മേളയ്‌ക്ക്‌ പ്രവേശന ഫീസുള്‍പ്പെടുത്തിയതു മുതല്‍ എത്രയോ അച്ചടക്കം അദ്ദേഹം കൊണ്ടു വന്നതാണ്‌. 10 വര്‍ഷത്തിനു ശേഷമുള്ള മേള എങ്ങനെയായിരിക്കും എന്നായിരുന്നു അതിനും മുമ്പ്‌ ഷാജി എന്‍. കരുണ്‍ ശ്രദ്ധിച്ചത്‌. കെ.ബി.ഗണേഷ്‌ കുമാറിനെപ്പോലൊരു ദീര്‍ഘദര്‍ശിയെ മന്ത്രിയായി കിട്ടിയപ്പോള്‍ സംഘാടനമികവു കൊണ്ട്‌ ഏറ്റവും കുറ്റമറ്റതായിരുന്ന കഴിഞ്ഞ വര്‍ഷത്തെ മേളയും നാം കണ്ടു.
അക്കാദമിക സ്വഭാവത്തില്‍ ഇടിവു വന്നതാണു മേളയ്‌ക്കു പറ്റിയ മറ്റൊരു താളഭ്രംശം. ലോകോത്തരമായ കാന്‍ മേളപോലും മുഖ്യധാരാസിനിമയുടെ അതിപ്രസരവുമായി കമ്പോളത്തിന്റെ പുതിയൊരു ഭാവമാറ്റം പ്രകടമാക്കിയിട്ടുണ്ട്‌. അടിസ്‌ഥാനപരമായി മൂലധനനിക്ഷേപം വേണ്ടുന്ന, കമ്പോളത്തിന്റെ ഇടപെടലുള്ള സിനിമ പോലൊരു മാധ്യമത്തിനു തീര്‍ച്ചയായും കമ്പോളത്തെ മാറ്റിനിര്‍ത്തിക്കൊണ്ടൊരു നിലനില്‍പ്പില്ല. ഇത്തവണ ഉദ്‌ഘാടനവേളയിലെന്നോണം, ബാലിശമായ അവതരണം കൊണ്ടു ചരിത്രത്തെ തമസ്‌കരിക്കാനും അവഹേളിക്കാനും ആര്‍ക്കും അതൊരവകാശമാകുന്നില്ല. സിനിമാമേളയുടെ ഉദ്‌ഘാടനത്തിനു കലാപരിപാടികള്‍ കൂടിയേ തീരൂ എന്നില്ല.
ചരിത്രത്തെ അവഹേളിക്കുന്നതായിരുന്നു ഉദ്‌ഘാടനവേളയിലെ ഇന്ത്യന്‍ സിനിമ 100 വര്‍ഷം എന്ന ഹ്രസ്വചിത്രം. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോംബെ, പിന്നെ പേരിനല്‍പം ചെന്നൈ എന്ന ഉത്തരേന്ത്യന്‍ ഗോസായികളുടെ മുന്‍വിധിക്കു കുടപിടിക്കുന്നതായിരുന്നു ആ ഓഡിയോവിഷ്വല്‍ അവതരണം. ഇതു ഗോവ ചലച്ചിത്രമേളയിലായിരുന്നെങ്കില്‍ സാരമില്ല. ഇന്ത്യന്‍ സിനിമയെന്നാല്‍ കപൂര്‍ കുടുംബമെന്നും സിപ്പി സാമ്രാജ്യമെന്നും സത്യജിത്‌ റേയെന്നാല്‍ ഓസ്‌കര്‍ നേടിയതുകൊണ്ട്‌ മഹാനെന്നും എ.ആര്‍.റഹ്‌മാനൊപ്പം വരുമെന്നും മറ്റും തോന്നിപ്പിക്കുന്ന, നടന്‍ മാധവനവതരിപ്പിച്ച പ്രസ്‌തുത ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയുടെ പ്രതിനിധികളായി ബിജുമേനോനും ജയസൂര്യയും വരെ പ്രത്യക്ഷപ്പെട്ടപ്പോള്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍, ജി.അരവിന്ദന്‍, ജോണ്‍ ഏബ്രഹാം, ഷാജി എന്‍.കരുണ്‍...അങ്ങനെ ചിലരെ കണ്ടതേയില്ല.
ശ്യാം ബനഗലും മൃണാള്‍ സെന്നും ഗൗതം ഘോഷുമൊന്നും ചിത്രസാന്നിധ്യമായിപ്പോലും ചിത്രത്തിലുണ്ടായില്ല. നമ്മുടെ മുറ്റത്തുവച്ച്‌ മലയാള സിനിമയുടെ 85-ാം വര്‍ഷം (അതിനെ 75 വര്‍ഷമാക്കി അക്കാദമി ചരിത്രമാക്കാന്‍ ശ്രമിച്ചതിനെതിരേ ശക്‌തമായി പ്രതികരിച്ചതു മറ്റാരുമല്ല, സെല്ലുലോയ്‌ഡ്‌ കമല്‍ തന്നെയായിരുന്നു!) നടത്തുന്ന ചലച്ചിത്രമേളയില്‍വച്ച്‌ നമ്മുടെ ആചാര്യന്മാരെ, ഒരു പക്ഷേ, നമ്മുടെ സിനിമയെ ഇന്നു നാലുപേര്‍ വിദേശങ്ങളില്‍ കേട്ടിരിക്കാനെങ്കിലും (കാണുക പോകട്ടെ) ഇടയാക്കിയ അടൂരിനെയും ഷാജിയെയും പോലുള്ളവരെ അവഗണിച്ചുകൊണ്ടും അവമതിച്ചുകൊണ്ടും പോകുന്നതു മലയാളി പൊറുക്കുമെന്നു തോന്നുന്നില്ല. ഉദ്‌ഘാടനത്തിന്‌ അരമണിക്കൂര്‍ മുമ്പു തിരുവനന്തപുരം കനകക്കുന്നില്‍ മറ്റൊരു ചടങ്ങില്‍ അതിഥിയായെത്തിയ ഷാജി എന്‍. കരുണ്‍ മേളയുടെ ഉദ്‌ഘാടനത്തിനു വന്നുകണ്ടതുമില്ല.
മലയാളസിനിമയുടെ 85-ാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമാണു നമ്മുടെ സിനിമയോടുള്ള ഈ അവഗണന എന്നോര്‍ക്കണം. ഗ്യാപ്‌ ഫില്ലറയായാണ്‌ ഈ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചതെങ്കില്‍ ഇങ്ങനൊരു അപമാനം വരുത്തിവയ്‌ക്കുന്നതിനേക്കാള്‍ അതുള്‍പ്പെടുത്താതിരിക്കുന്നതായിരുന്നു ഭേദം. അതിനു തക്ക പക്വതയും അതിലേറെ വിവേചനവുമാണു സംഘാടനത്തില്‍ ഇല്ലാതെപോയത്‌.
ലോകപ്രശസ്‌തമായ മറ്റു മേളകള്‍ പോലെ സ്വകാര്യസംരംഭകര്‍ സംഘടിപ്പിക്കുന്നതല്ലിത്‌. സര്‍ക്കാര്‍ നികുതിപ്പണം മുടക്കി സംഘടിപ്പിക്കുന്നതാണ്‌. ചലച്ചിത്ര അക്കാദമി സെക്രട്ടറി പറയുന്നതനുസരിച്ചാണെങ്കില്‍ നാലര കോടിയിലേറെ രൂപയാണു സംഘാടകച്ചെലവ്‌. അതില്‍ പ്രിതിനിധി ഫീസായ 400 രൂപവച്ച്‌ 9000 പേരില്‍ നിന്നീടാക്കുന്നതും കുറേ സ്‌പോണ്‍സര്‍ഷിപ്പുമൊഴിച്ചാല്‍ ബാക്കിമുഴുവന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്‌. അപ്പോള്‍ സ്വാഭാവികമായി, മേളയ്‌ക്ക്‌ ജനങ്ങളോട്‌ ഉത്തരവാദിത്വമുണ്ട്‌. എന്തിന്‌ ഒരു സോഷ്യല്‍ ഓഡിറ്റിംഗിനു പോലും അവകാശവുമുണ്ട്‌.

No comments: