Friday, September 06, 2013

ഉള്‍ക്കാഴ്ചയുടെ കരിനീലം

സ്‌ക്രീനില്‍ മാത്രം പൂര്‍ത്തിയാവാതെ, തീയറ്റര്‍വിട്ടു നമ്മോടൊപ്പം പോരുന്ന സിനിമകളുണ്ട്. വായിച്ചു ദിവസങ്ങള്‍ക്കിപ്പുറവും മനസ്സില്‍ കൂടുന്ന പുസ്തകങ്ങളും. അസ്ഥിയില്‍ പിടിച്ചവ എന്നു നാം വിശേഷിപ്പിക്കുന്ന സര്‍ഗാത്മകരചനകളില്‍ നിസ്സംശയം ഉള്‍പ്പെടുത്താവുന്ന ചലച്ചിത്രരചനയാണ് ശ്യാമപ്രസാദിന്റെ ആര്‍ട്ടിസ്റ്റ്. സ്വന്തം കര്‍മമണ്ഡലത്തിനപ്പുറം യാതൊന്നും തന്നെയില്ലാത്ത ഒരു കലാകാരന്റെയും, അവന്റെ നിലനില്‍പിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന ഒരു പെണ്ണിന്റെയും കഥ. ഒറ്റവാചകത്തില്‍ ആര്‍ട്ടിസ്റ്റിനെ അങ്ങനെയൊതുക്കാം.പക്ഷേ, സിനിമ എന്ന നിലയ്ക്ക് ആര്‍ട്ടിസ്റ്റ് അങ്ങനെ ചുരുക്കപ്പെടേണ്ട ഒന്നല്ല, മറിച്ച് ആഘോഷിക്കപ്പെടേണ്ട രചന തന്നെയാണ്.
ശ്യാമിന്റെ ഭൂരിപക്ഷം സിനിമകളെയും പോലെതന്നെ, പ്രസിദ്ധീകൃതമായൊരു നോവലില്‍ നിന്നാണ് ഈ സിനിമയുടേയും കഥാവസ്തു ഉണ്ടായിരിക്കുന്നത്. എന്നാല്‍, പതിവു ശ്യാമപ്രസാദ് ചിത്രങ്ങള്‍ക്കുള്ള ഒരു ബലഹീനത-അച്ചടിവടിവില്‍ സാഹിത്യഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങള്‍- ഈ ചിത്രത്തിലില്ല. മറിച്ച്, ഋതുവിലും മറ്റും കണ്ടതുപോലെ, നിത്യവ്യവഹാര ഭാഷ അനായാസം സംസാരിക്കുന്ന കഥാപാത്രങ്ങള്‍. എഴുത്തും തനിക്ക് നന്നായി വഴങ്ങുമെന്ന് ശ്യാമപ്രസാദ് തെളിയിച്ചിരിക്കുന്നു.
കാഴ്ചയല്ല, ഉള്‍ക്കാഴ്ചയാണ് കലാകാരന്റെ സ്വത്ത്. കണ്ണുകൊണ്ടല്ല, മന:ക്കണ്ണു കൊണ്ടാണ് അവന്‍/അവള്‍ ലോകത്തെ തന്നെ കാണുന്നത്. ആര്‍ട്ടിസ്റ്റ് മൈക്കളും അങ്ങനൊരാളാണ്. കാഴ്ചയുള്ളിടത്തോളം കാലം, ആരും കാണാത്ത ലോകത്തെ അയാള്‍ ഭാവനയുടെ ക്യാന്‍വാസില്‍ കണ്ടു. അപകടത്തില്‍ കാഴ്ച പോയതില്‍ പിന്നെ, അകക്കണ്ണിന്റെ ക്യാന്‍വാസിലും. ഒരു വ്യത്യാസം മാത്രം. ഇരുട്ടില്‍ താന്‍ വരയുന്നത് വഞ്ചനയുടെ കരിനീലവര്‍ണം കൊണ്ടു മാത്രമാണെന്ന് അയാള്‍ക്കു തിരിച്ചറിയാനായില്ല.
സൂക്ഷ്മാംശങ്ങളിലാണ് കൈയടക്കമുള്ളൊരു സംവിധായകനെ തിരിച്ചറിയേണ്ടത്. അകലെയിലേതു പോലൊരു അതിസൂക്ഷ്മ രംഗമുണ്ട്, അധികമാരും ശ്രദ്ധിക്കാതെ, ആര്‍ട്ടിസ്റ്റില്‍. ആര്‍ട്ട് ക്യൂറേറ്ററോടൊപ്പം കഫേയില്‍ മൈക്കിളിനെ കാത്തിരുന്നശേഷം നിരാശയായി മടങ്ങുന്ന ഗായത്രിയുടെ ദൃശ്യത്തിനു പിന്നില്‍ റോഡില്‍ ഒരപകടത്തിന്റെ മധ്യദൂരദൃശ്യവും ആംബുലന്‍സിന്റെ സൈറണ്‍ ശബ്ദവും. വരാനിരിക്കുന്ന രംഗത്തിലേക്കുള്ള അതിവിദഗ്ധമായ ട്രാന്‍സിഷനാണ് ആ രംഗം. തികച്ചും സ്വാഭാവികമായി, സാധാരണമായി, അതിഭാവുകത്വം ഒട്ടുമില്ലാതെയുള്ള ഈ ദൃശ്യസമീപനം തന്നെയാണ് ചിത്രത്തിലൂടനീളം സംവിധായകന്‍ കാത്തുസൂക്ഷിച്ചിട്ടുള്ളത്.
ശ്യാമിന്റെ ഇഷ്ടപ്രമേയമാണ് വ്യക്തിയും വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ സൂക്ഷ്മതലങ്ങള്‍. ആര്‍ട്ടിസ്റ്റും ഈ പതിവു ലംഘിക്കുന്നില്ല. മൈക്കിളും ഗായത്രിയും തമ്മിലും ഗായത്രിയും അമ്മയും തമ്മിലും, ഗായത്രിയും അഭിയും തമ്മിലുമുള്ള ബന്ധങ്ങളിലെ വൈചിത്ര്യവും വൈവിദ്ധ്യവും തീവ്രതയും നിഗൂഡതയും ചെറുചെറു സംഭവങ്ങളിലൂടെ ഹൃദ്യമായി ആവിഷ്‌കരിച്ചിരിക്കുന്നു. എന്തിന് ശ്യാം സിനിമകളിലെ പതിവു പോലെ, (ഋതുവിലെ ശരത്, വര്‍ഷ, സണ്ണിമാരെ ഓര്‍ക്കുക) അഭിയും രുചിയും എന്നീ കഥാപാത്ര നാമകരണങ്ങള്‍ പോലും കൗതുകമുളവാക്കുന്നു. വലിയ ക്യാന്‍വാസെന്നു പ്രത്യക്ഷത്തില്‍ തോന്നുമ്പോഴും, ഒരു ത്രികോണത്തിലോ, ഒരുപക്ഷേ രണ്ടു ബിന്ദുക്കള്‍ തമ്മിലോ ഉള്ള സങ്കീര്‍ണ ബന്ധമാണ്, ആര്‍ട്ടിസ്റ്റും ആഴത്തില്‍ വിശകലനം ചെയ്യുന്നത്. അപ്പോള്‍ മൈക്കിളിന്റെ ഉള്‍ക്കാഴ്ച തന്നിലേക്കു തന്നെയാണെന്നും, ചിത്രാന്ത്യത്തില്‍ ഗായത്രിയുടെ തിരിച്ചറിവ് ജീവിതത്തെപ്പറ്റിത്തന്നെയുളളതാണെന്നും വരുന്നു. അകലെയിലും അരികെയിലും ഒരേ കടലിലും എല്ലാമെന്നോണം മനുഷ്യമനസുകള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലെ അത്ഭുതപ്പെടുത്തുന്ന സങ്കീര്‍ണത, വിശദീകരിക്കാനാവാത്ത വൈചിത്ര്യം, അതുതന്നെയാണ് ആര്‍ട്ടിസ്റ്റിന്റെയും കരുത്ത്. അതുകൊണ്ടു തന്നെയാണ്, പ്രഷന്‍ ബ്ലൂ വഞ്ചനയുടേതാണെന്നു മൈക്കിളും രുചിയും ധരിക്കുമ്പോഴും, അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അഭി ശ്രമിക്കുമ്പോഴും അത് ഗായത്രിയുടെ ത്യാഗത്തിന്റെയും സഹനത്തിന്റേയും കൂടിയായിത്തീരുന്നത്.
പലരും പ്രകീര്‍ത്തിക്കുന്നതുപോലെ, ഫഹദ് ഫാസിലിന്റെ അത്യപൂര്‍വമായ പ്രകടനമല്ല ആര്‍ട്ടിസ്റ്റിലേത്.കാരണം മൈക്കിള്‍ വാസ്തവത്തില്‍ ഫഹദിനു വേണ്ടി തുന്നിയതതുപാലത്തെ വേഷമാണ്. വെറുതെ പെരുമാറിയാല്‍ മതി, ഫഹദിന് മൈക്കിളിനെ വിജയിപ്പിക്കാന്‍. എന്നാല്‍ ആന്‍ അഗസ്റ്റിന് ഗായത്രി സത്യത്തില്‍ എടുത്താല്‍ പൊങ്ങാത്ത വേഷം തന്നെയാണ്. എല്‍സമ്മയ്ക്കു ശേഷം ഉപരിപഌവമായ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചു വന്ന ആനിന് കല്യാണം കഴിച്ച് ഇനി സ്വസ്ഥമാവാം. കാരണം, മലയാള സിനിമയുളളിടത്തോളം ഓര്‍ത്തുവയ്ക്കുന്നൊരു നായികയാണ് ഗായത്രി. ഗഌമര്‍ മേയ്കപ്പില്‍ പോലുമൊഴിവാക്കി അത്രയ്ക്ക് ഉള്‍ക്കരുത്തോടെ ഗായത്രിയിലേക്ക് പരകായപ്രവേശം ചെയ്യാന്‍ ആനിനെ പിന്തുണച്ചത്, അഭിനേതാക്കളുടെ സംവിധായകന്റെ മികവുതന്നെയാണ്. ലേശം നെഗറ്റീവ് നിഴല്‍ വീണ അഭിയായി വന്ന ശ്രീറാം രാമചന്ദ്രനായായും രുചിയായി വന്ന ശീനന്ദയായാലും കൃഷ്ണചന്ദ്രനായാലും വനിതയായാലും സിദ്ധാര്‍ത്ഥനായാലും അഭിനയത്തിന്റെ ലോലതലങ്ങളില്‍ വരെ  അതീവ ശ്രദ്ധയോടെ മിതത്വം സൂക്ഷിച്ചിരിക്കുന്നു.
ഋതുവിലൂടെ അരങ്ങത്തു വന്ന ഷാംദത്തിന്റെ ക്യാമറയാണെങ്കില്‍ ന്യൂജനറേഷന്‍ ഹാങോവറുകള്‍ക്കപ്പുറം ഇടുങ്ങിയ സ്ഥലകാലങ്ങളില്‍പ്പോലും പുതുപുത്തന്‍ വീക്ഷണകോണുകള്‍ സമ്മാനിക്കുന്നു. തിരുവനന്തപുരത്തു കരമനയിലുള്ള അഗ്രഹാര ശാപ്പാട്ടു ശാലയായ ഹോട്ടല്‍ അന്നപൂര്‍ണ പോലൊരു കുടുസില്‍ രണ്ടിലേറെ വ്യത്യസ്ത ആംഗിളുകളില്‍ ദൃശ്യധാരാളിത്തം സമ്മാനിച്ച ഷാംദത്തിനെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ? ബിജിപാലിന്റെ യുക്തിസഹജമായ പശ്ചാത്തലസംഗീതവും വിനോദ് സുകുമാരന്റെ സന്നിവേശവും എന്നോണം തന്നെ എടുത്തു പറയേണ്ട ഒന്നാണ് ആര്‍ട്ടിസ്റ്റിലെ വസ്ത്രാലങ്കാരം. പ്രത്യേകിച്ച് നായിക ഗായത്രിയുടെ വേഷവിധാനം. ഒരേ സമയം പാരമ്പര്യത്തെ ധിക്കരിക്കുകയും അതേസമയം പാരമ്പര്യത്തിന്റെ ഹാങോവറില്‍ വിങ്ങുകയും ചെയ്യുന്ന ഗായത്രിയുടെ സ്വഭാവം വ്യക്തമാക്കുന്ന വിധം സങ്കീര്‍ണമായ ടോപ്പും ചുരിദാറുകളും.
അവസാനദൃശ്യത്തിലെ ഗായത്രിയുടെ തിരിച്ചറിവ് തീര്‍ച്ചയായും ശരിയാണ്. ഒരിക്കലും മടങ്ങിവരാനാവാത്ത ചില പോയിന്റുകള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാവും. അതു മറികടക്കാതെ ജീവിതം സാധ്യമല്ല. അല്ലെങ്കില്‍ അതാണു ജീവിതം. അവിടെ മനസിലാകായ്കകളുണ്ടാവും, തിരിച്ചറിവുകളും. ആ തിരിച്ചറിവുകളാണ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോവുക. ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന ജീവിതദര്‍ശനവും മറ്റൊന്നല്ല.
ഓരോ ചിത്രവും കാഴ്ചക്കാരന്റെ കൂടി ആത്മാനുഭവങ്ങള്‍ ചേര്‍ത്ത് അവരാണു വ്യാഖ്യാനിക്കുക എന്ന് ചിത്രത്തിലൊരിടത്ത് മൈക്കിള്‍ പറയുന്നുണ്ട്. സിനിമയുടെ കാര്യത്തിലും ഇതു സാര്‍ത്ഥകമാണ്. പ്രേക്ഷകന്റെ വൈയക്തികാനുഭവത്തിന്റെ കൂടി ഈടുവയ്പിലാണ് സിനിമ പൂര്‍ണമാവുന്നത്. അതുകൊണ്ടുതന്നെയാണ് ആള്‍ക്കൂട്ടത്തിലിരുന്നു കാണുമ്പോഴും സിനിമ ഓരോ പ്രേക്ഷകനും വേറിട്ട അനുഭവമാവുന്നത്. അഭിപ്രായഭിന്നതകളുണ്ടാവാം. എന്നാലും ആര്‍ട്ടിസ്റ്റ് മലയാളത്തില്‍ ഇറങ്ങിയിട്ടുള്ള നല്ല ചിത്രങ്ങളില്‍ ഒന്നുതന്നെയാണെന്നാണ് എന്റെ കാഴ്ചാനുഭവം.

No comments: