Friday, December 07, 2012

First Impression on IFFK 2012


പലപ്പോഴും ആലോചിച്ചിട്ടുള്ളതാണ്. കഥകളി സമാരോഹം കഥകളിയെപ്പറ്റിയുള്ള ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്താല്‍ എങ്ങനെയിരിക്കും? നാടകോത്സവം യവനിക സിനിമകാണിച്ച് ഉദ്ഘാടനം ചെയ്യുന്നതു പോലെ. മുമ്പ് നടന്ന എഡിഷനിലും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളകളുടെ ഉദ്ഘാടനച്ചടങ്ങുകള്‍ കണ്ടപ്പോള്‍ ഇങ്ങനെതോന്നിയിട്ടുണ്ട്. നാടന്‍/തനതു കലാരൂപങ്ങളും സംഗീത നൃത്തനൃത്യങ്ങളുമൊക്കെ ചേര്‍ന്നൊരു സാംസ്‌കാരിക കലാശം.ഒടുവില്‍ വിളക്കു കത്തിക്കലും പ്രസംഗങ്ങളും. പിന്നീട് ഒരു സിനിമാപ്രദര്‍ശനം. സിനിമ തന്നെ ലോകത്തെ ഏറ്റവും മികച്ചതും ജനസ്വാധീനമുള്ളതുമായ എന്റര്‍റ്റെയ്ന്‍മെന്റ് മീഡിയ ആയി നിലനില്‍ക്കെ, അതിന്റെ ഉത്സവം എന്തുകൊണ്ട് മറ്റ് എന്റര്‍റ്റെന്‍മെന്റുകള്‍ കൊണ്ടു നിര്‍വഹിക്കുന്നു? സിനിമ കൊണ്ടു തന്നെ സാംസ്‌കാരികമായി ഇത്തരമൊരു ചടങ്ങിനെ ധന്യമാക്കിക്കൂടേ? (മികച്ച സിനിമാപ്പുസ്തകം മുതല്‍ മികച്ച സിനിമ വരെ തെരഞ്ഞെടുക്കുന്ന സമിതികളില്‍ പേരിനൊരു കഥയെഴുതിയ ആളെയും ഉള്‍പ്പെടുത്തും. എന്നാല്‍, മികച്ച കഥ തെരഞ്ഞെടുക്കാനുളള ഒരു സമിതിയിലും അടൂര്‍ ഗോപാലകൃഷ്ണനെപ്പോലൊരു സിനിമാക്കാരനെ പോലും ഉള്‍പ്പെടുത്തി കണ്ടിട്ടില്ലാത്തതോര്‍ക്കുക)
ഏതായാലും പതിനേഴാമത് ഐ.എഫ്.എഫ്.കെ. ആ സങ്കോചങ്ങളും സംശയങ്ങളുമൊക്കെ അസ്ഥാനത്താക്കി. ഉദ്ഘാടനത്തിന് ശബ്ദിക്കാത്തൊരു സിനിമ കൊണ്ട് ലൈവ് ഓര്‍ക്കസ്ട്രയുടെ തല്‍സമയ സംഗീതവിന്യാസത്തിന്റെ ഇന്ദ്രജാലം സൃഷ്ടിച്ച്, സിനിമാപ്രേമികളെ വിസ്മയകരമായൊരു മായാലോകത്തേക്കു കൂട്ടിക്കൊണ്ടുപോയി. നിശാഗന്ധിയിലെ ഇക്കഴിഞ്ഞ ഒന്നരമണിക്കൂര്‍, ഞാനും ഒപ്പം എന്നേപ്പോലെ ചിന്തിക്കുന്നവരും മറ്റൊരു ലോകത്തായിരുന്നു. ലണ്ടനിലോ, അമേരിക്കയിലോ ഉള്ള ഏതൊ ഒരു തീയറ്ററില്‍ തൊള്ളായിരത്തി നാല്‍പതുകളില്‍ എത്തിയ പ്രതീതി. തീര്‍ച്ചയായും ഇതൊരനുഭവം തന്നെയാണഅ. ഭാഗ്യവും. ഒരു നിശ്ശബ്ദ സിനിമ, അതും ഹിച്ച്‌കോക്കിന്റേതുപോലൊരു മാസ്റ്ററിന്റെ, തത്സമയസംഗീതവുമായി ചേര്‍ന്ന് ഈ ജന്മം കാണാനാവുമെന്നു സ്വപ്‌നേപി കരുതിയിരുന്നതല്ല. ഹോളിവുഡിലെ യൂണിവേഴ്‌സലില്‍ പോലും ഇത്തരമൊന്നു കാണാന്‍ ഭാഗ്യംകിട്ടിയിട്ടുമില്ല.
പക്ഷേ, യഥാര്‍ത്ഥ്യ ഭാഗ്യം അതൊന്നുമല്ല. ബ്രിട്ടിഷ് ഫിലിം ആര്‍ക്കൈവ്‌സ് പുനര്‍നവീകരിച്ചെടുത്ത ദ് റിംഗ് എന്ന സിനിമയുടെ പ്രിന്റിനൊപ്പം, ഇതാദ്യമായി ലണ്ടനു പുറത്തൊരു സ്ഥലത്ത് ജാസ് മാന്ത്രികന്‍ സൊവെറ്റോ കിഞ്ചിന്റെ പശ്ചാത്തല സംഗീതവിന്യാസം എത്തിയപ്പോള്‍ അതിനു സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളില്‍ ഒന്നു തന്നെയായി. ഒരുപക്ഷേ, ലോസ് ആഞ്ചലസിലെ കൊഡാക്ക് തീയറ്ററില്‍ നിന്നപ്പോഴും, സ്റ്റാര്‍ വാക്കില്‍ നടന്നപ്പോഴും ഉണ്ടായതുപോലൊരു അനുഭവം.ഹിച്‌കോക്കിന്റെ ഏറ്റവും മികച്ച ഈ നിശബ്ദ ചിത്രമായാണ് 'ദ് റിങ്' അറിയപ്പെടുന്നത്. ആല്‍ഫ്രഡ് ഹിച് കോക്കിന്റെ സ്വന്തം തിരക്കഥയില്‍ വന്ന ഒരേയൊരു ചിത്രം എന്ന നിലയിലും 'ദ് റിങ്ങി'ന് പ്രാധാന്യമുണ്ട്.
നന്ദിയുണ്ട്. ഇതു സാധ്യമാക്കിയ ബീന പോളിനോട്. അതിന് പിന്തുണ നല്‍കിയ ടി.കെ. രാജീവ് കുമാറിന്. പിന്നെ രാഷ്ട്രീയപരമായ ഇച്ഛാശക്തി പ്രകടമാക്കിയ മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനും പ്രിയദര്‍ശനും. ഗണേഷിനെ, ഒരു കാര്യത്തിനു കൂടി അഭിനന്ദിക്കാതെ വയ്യ. ഇന്നും മനസ്സമാധാനത്തോടെ കേരളത്തിലെ ബസ് സ്റ്റാന്‍ഡുകളില്‍ പണം കൊടുത്ത് മലമൂത്രവിസര്‍ജ്ജനം നടത്താനുള്ള അടിസ്ഥാന സൗകര്യമൊരുക്കിത്തന്നതും, മൊബൈല്‍ ഫോണിലൂടെ സീറ്റു ബുക്കുചെയ്ത് വോള്‍വോ ഗരുഢ പോലൊരു ദീര്‍ഘദൂര ബസില്‍ യാത്രചെയ്യുന്നതും ഗണേഷിന്റെ ഇച്ഛാശക്തികൊണ്ടാണ്. അത്തരത്തില്‍, സിനിമാവ്യവസായത്തിന്റെ അടിസ്ഥാനങ്ങളിലേക്ക്, സിനിമാമന്ത്രിയായിട്ടുള്ള ഈ അവതാരകാലത്ത് അദ്ദേഹമെടുക്കുന്ന ശുഷ്‌കാന്തിയും ശ്രദ്ധയും തിരിച്ചറിയാതെ വയ്യ. കാരണം ഗണേഷിനെങ്കിലും തിരിച്ചറിയാനായി ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ എന്ന്. നല്ല തീയറ്ററുകളും അവിടെയെത്തുന്ന പ്രേക്ഷകരുമുണ്ടെങ്കിലേ സിനിമ നിലനില്‍ക്കൂ എന്ന്.തിരുവനന്തപുരത്തെ സര്‍ക്കാര്‍ തീയറ്ററുകളെ രാജ്യാന്തരനിലവാരത്തിലുള്ള മള്‍ട്ടീപഌകസുകളാക്കാനുള്ള ആ ഇച്ഛാശക്തിക്കുമിരിക്കട്ടെ ഒരു ഹാറ്റ്‌സോഫ്!No comments: