Wednesday, December 12, 2012

സാര്‍വലൗകികമാകുന്ന ചലച്ചിത്രക്കാഴ്ചകള്‍

നുഷ്യന്റെ പ്രതിസന്ധികള്‍ക്കും ആശങ്കകള്‍ക്കും ആസക്തികള്‍ക്കും ലോകത്തെവിടെയായാലും ഒരേ സ്വഭാവമാണ്. ഭക്ഷണം, ഉറക്കം, രതി എന്നിങ്ങനെ അവന്റെ ആവശ്യങ്ങള്‍ക്കും മാറ്റമില്ല. സാംസ്‌കാരികവും സാമ്പത്തികവുമായ മാറ്റങ്ങള്‍ക്കൊന്നും അടിസ്ഥാന ചോദനകളെയും അസ്തിത്വപ്രതിസന്ധികളെയും അവന്റെ വേദനകളെയും രോദനങ്ങളെയും പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുകയുമില്ല. ഇക്കാര്യം അടിവരയിട്ടുറപ്പിക്കുന്നവയാണ്, പതിനേഴാമത് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രങ്ങളില്‍ ഭൂരിഭാഗവും.

ലോകമെമ്പാടുമുള്ള മനുഷ്യാവസ്ഥകള്‍, അത് ആഗോളവല്‍കരണത്തിന്റെ പ്രഭാവത്തിനുള്ളിലോ പുറത്തോ ഉള്ളതാവട്ടെ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും സമാനമാണെന്ന് ഈ സിനിമകള്‍ കാട്ടിത്തരുന്നു.നാഗരികതയുടെ ഭ്രാന്തവേഗത്തില്‍ ആത്മാവു നഷ്ടമാവുന്നവരുടെ വ്യഥകള്‍ക്കു സമാനനിറങ്ങളാണ്. എഴുപതുകളുടെ അവസാനം, ഇന്ത്യന്‍ യുവത്വം നേരിട്ട അസ്തിത്വഭീഷണിയ്ക്കു സമാനമാണിത്. കേവലമുതലാളിത്തത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത അജന്‍ഡകള്‍ക്കുള്ളില്‍ നിന്ന് സ്വത്വം വീണ്ടെടുക്കാനാവാതെ ഉഴറുന്നവരുടെ ദുരവസ്ഥകള്‍ക്ക് കേരളത്തിലെ ഐ.ടി.പാര്‍ക്കെന്നോ പോളണ്ടിലെ വ്യവസായമെന്നോ വ്യത്യാസമില്ല. വ്യക്തിയും സമൂഹവും തമ്മിലുള്ള ഘര്‍ഷണസംഘര്‍ഷങ്ങളുടെ ഇതിഹാസം അനുസ്യൂതം, അഭംഗുരം തുടരുന്നുവെന്നുള്ളതിന്റെ പ്രത്യക്ഷീകരണങ്ങളാണ് ഈ സിനിമകള്‍.

മറിയാനാ സ്പാദയുടെ ഇറ്റാലിയന്‍ സിനിമയായ മൈ ടുമോറോ (2011) തന്നെയെടുക്കുക. സ്വന്തം തൊഴിലില്‍ അതിവിദഗ്ധയായൊരു കോര്‍പറേറ്റ് ട്രെയിനറുടെ ജീവിതാനുഭവങ്ങളാണ് സിനിമ വിനിമയം ചെയ്യുന്നത്. കമ്പനികളുടെ പ്രവര്‍ത്തനക്ഷമത കൂട്ടാനുദ്ദേശിച്ചുള്ള പരിശീലനം, കോര്‍പറേറ്റുകളുടെ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കനുസൃതമായി തൊഴിലാളികളെ പിരിച്ചുവിടാനുളള ആയുധമാകുന്നതു നിസ്സഹായയായി നോക്കി നില്‍ക്കേണ്ടിവരുന്ന നായിക മോണിക്ക ഒടുവില്‍, തന്റെ പ്രൊഫഷന്‍ തന്നെ വേണ്ടെന്നുവച്ച് ഇറ്റലിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ചരിത്രം വിവരിച്ചുകൊടുക്കുന്ന ഗൈഡിന്റെ പണി സ്വയം സ്വീകരിക്കുകയാണ്. കോര്‍പറേറ്റ് സാമ്പത്തികക്രമത്തിലെ കടുത്ത മത്സരങ്ങള്‍ക്കിടയില്‍ സ്വത്വം നഷ്ടപ്പെട്ടുപോകുന്ന മനുഷ്യരുടെ ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യമാണ് എന്റെ നാളെ കൈകാര്യം ചെയ്യുന്നത്.

സ്വന്തം പിതാവിനോടുള്ള എല്ലാത്തരത്തിലുമുള്ള ആസക്തി, അച്ഛന്റെ വിയോഗത്തിനു ശേഷം നായികയായ പിലാറിന്റെ ജീവിതത്തില്‍ കൊണ്ടുവരുന്ന മാറ്റങ്ങളാണ് മെക്‌സിക്കന്‍ ചിത്രമായ നോസ് വെമോസ് പപ്പ (2011) ആവിഷ്‌കരിക്കുന്നത്. ലൂക്കാ കരേരാസ് രചിച്ച് സംവിധാനം ചെയ്ത ഈ സിനിമ, തന്റെ ഓര്‍മ്മകളുടെ കളത്തൊട്ടിലില്‍ നിന്ന് നാഗരികതയുടെ മറ്റൊരു ഇടത്തിലേക്കു പറിച്ചുനടാനുള്ള സഹോദരന്റെ പരിശ്രമങ്ങളെ അവള്‍ക്കുള്‍ക്കൊള്ളാനാവുന്നില്ല. അച്ഛന്റെ മണവും രൂപവും നിലനില്‍ക്കുന്ന താന്‍ ജനിച്ചു വളര്‍ന്ന വീട് സഹോദരനുകൂടി അവകാശപ്പെട്ടതാണെന്ന സത്യം അനുവദിച്ചുകൊടുക്കാന്‍ പോലുമവള്‍ തയാറല്ല. സ്‌കീസോഫ്രീനിയയുടെ അതിരുകള്‍താണ്ടുന്ന പിലാറിനെ ഒടുവില്‍ അവളല്ലാതാക്കുന്നു. അവളുടെ അസ്തിത്വം ആ വീടാണെന്നും അവളുടെ ഓര്‍മകളാണെന്നും തിരിച്ചറിയുന്ന സഹോദരന്‍ അവളെ തറവാട്ടില്‍ അവള്‍ക്കിഷ്ടമുളള ജീവിതം നയിക്കാനുളള സ്വാതന്ത്ര്യവുമായി കൊണ്ടുചെന്നാക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

സെയ്ന്റ് നീന എന്ന ഫീലിപ്പിനോ സിനിമയാവട്ടെ, ഭക്തിയോടും അന്ധവിശ്വാസത്തോടുമുള്ള ആധുനിക മനുഷ്യന്റെയും അതിരുവിട്ട ആസക്തിയുടെയും ആശ്രയത്തിന്റെയും നേര്‍ചിത്രീകരണമാണ്.ഭൗതികമായ പ്രതിസന്ധികളെപ്പോലും വിശ്വാസത്തിന്റെ ബലത്തില്‍ മറ്റൊന്നായി കണ്ട് തങ്ങളുടെ ജീവിതദുരിതങ്ങള്‍ക്കുള്ള മോചനമായി ആശ്രയിക്കാനുള്ള ആധുനിക മനുഷ്യന്റെ നിരാശ്രയത്വത്തില്‍ നിന്നുടലെടുക്കുന്ന നിസ്സഹായവസ്ഥയുടെ പ്രതിഫലനമാണീ സിനിമ.

ചിലിയില്‍ നിന്നുള്ള ഇവാന്‍സ് വുമണ്‍ ആണെങ്കിലും പോളണ്ടില്‍ നിന്നുള്ള ടു കില്‍ ഏ ബീവര്‍ ആണെങ്കിലും വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളുടെ സങ്കീര്‍ണതകളാണ് വെളിവാക്കുന്നത്. സ്വാതന്ത്ര്യവും ലൈംഗികതയും ഓര്‍മ്മയും പാരതന്ത്ര്യവും അധികാരവും അതിര്‍ത്തികളുമെല്ലാം ഇവിടെ ചിന്തയ്ക്കു വിഷയമാവുന്നു.

നാഗരീകതയുടെ മടുപ്പിക്കുന്ന ഏകാന്തതയില്‍ ഒപ്പം വന്നു താമസിക്കാന്‍ കൂട്ടുന്ന സഹോദരന്റെ മകന്‍/ മകള്‍ തുടങ്ങിയ കഥാവസ്തുക്കളും കുടുംബത്തിലേക്കുള്ള തിരിച്ചുപോക്കും, വിശ്വാസത്തിലേക്കുള്ള മടക്കവും, ഗൃഹാതുരത്വത്തിന്റെ സ്വാധീനവും, ആള്‍ക്കൂട്ടത്തിലെ ഏകാന്തതയും, നാഗരീകജീവിത്തിന്റെ നിരര്‍ത്ഥകതയുമെല്ലാം അച്ചാണി മുതല്‍ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് വരെയുള്ള മലയാളസിനിമകളെ എവിടെയെങ്കിലുമൊക്കെ ഓര്‍മിപ്പിക്കും. ഒന്നുകില്‍ ലോകമെമ്പാടുമുള്ള സിനിമകളുടെ പൊതുസമീപനം ഏകതാനമായിക്കൊണ്ടിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ സിനിമയുടെ നിലവാരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു ( വിദേശസിനിമകളുടേത് താഴേക്കും?)സെവന്‍ ഡേസ് ഇന്‍ ഹവാനയാകട്ടെ പണ്ടേക്കു പണ്ടേ ഇന്ത്യന്‍ സിനിമയില്‍ ദസ് കഹാനിയാമിലും മലയാളത്തില്‍ കേരള കഫേയിലുമെല്ലാം പരീക്ഷിച്ചു വിട്ടതിന്റെ ബാക്കിയും. എമിര്‍ കോസ്തുറിക്കയെ പ്പോലെ വിഖ്യാതനായ സംവിധായകനെ അഭിനേതാവാക്കാന്‍ സാധിച്ചുവെന്നല്ലാതെ ഹവാനയും ആഹഌദിക്കാന്‍ മാത്രമൊന്നും സമ്മാനിക്കുന്നില്ല.പിന്നെയും ഇറാന്‍ സിനിമതന്നെയാണ് ഘടനയിലെങ്കിലും ചില പരീക്ഷണങ്ങള്‍ക്കൊരുങ്ങിക്കണ്ടത്.മറ്റെല്ലാ സിനിമകളും ഇന്ത്യ വര്‍ഷങ്ങള്‍ക്കുമുന്നേ കൈവിട്ട മന്ദതാളം വരെ ഏറ്റെടുത്തതുപോലെ...
എന്നാല്‍, പതിവു മാധ്യമ പിരികയറ്റക്കാരുടെ കണ്ണില്‍പ്പെട്ടില്ലെങ്കിലും, ഇക്കുറി വന്ന ഒരുപാടു സിനിമകളില്‍ യഥേഷ്ടം ഉണ്ടായിരുന്നത്, സ്പഷ്ടവും വ്യക്തവുമായ ലൈംഗികതയായിരുന്നു. ബഌഫിലിമിനോളം പച്ചയായ മൈഥുന്യരംഗങ്ങള്‍. പഴയകാല ഫയറും കാമസൂത്രയുമൊന്നും പക്ഷേ ഇക്കുറി പ്രേക്ഷകസമീപനത്തില്‍ സ്വാധീനമായിട്ടില്ലെന്നുമാത്രം. ഇന്റര്‍നെറ്റ് പ്രൈവസിക്കു നന്ദി.ബ്യൂട്ടിഫുളും ട്രിവാന്‍ഡ്രം ലോഡ്ജും സംസാരിക്കുന്നത് ചിലിയും പോളണ്ടുമൊക്കെ കാണിക്കുന്നുവെന്ന വ്യത്യാസം മാത്രം.

എന്തായാലും ഒരു കാര്യം സത്യം. ഐ.എഫ്.എഫ്.കെ 2012 പ്രേക്ഷകര്‍ക്ക് ഞെട്ടലൊന്നുമുണ്ടാക്കുന്നില്ല, ആന്റി ക്രൈസ്റ്റ് പോലെ. അല്ലെങ്കില്‍ അസ്ഥിയില്‍ പിടിക്കുന്ന സ്വാധീനവുമാവുന്നില്ല, കിം കി ഡുക്ക ചിത്രങ്ങളുണ്ടാക്കിയതു പോലെ. തരംഗങ്ങളൊന്നുമുണ്ടാക്കാത്ത പരന്ന സിനിമകള്‍. പലപ്പോഴും ഒരേ പ്രമേയത്തിന്റെ പല ടോണുകളിലുള്ള ആവിഷ്‌കാരങ്ങള്‍ പോലെ തോന്നിക്കുന്ന സിനിമകള്‍. അതുണ്ടാക്കുന്ന ഒരുതരം മാന്ദ്യം പറയാതെ വയ്യ

No comments: