Friday, November 23, 2012

ഒരു യാത്രയുടെ ഓര്‍മയ്ക്ക്


 എ.ചന്ദ്രശേഖര്‍
2012 മെയ് 27.അന്നൊരു ഭാഗ്യദിനമായിരുന്നു.ശരാശരി മലയാളിയുടെ സ്വപ്‌നമായ അമേരിക്കന്‍ യാത്ര സഫലമാകുന്നതിലുമപ്പുറം, അമേരിക്കയിലെത്തുന്ന ഭൂരിപക്ഷം ഇടത്തരം വിനോദസഞ്ചാരികള്‍ക്കും ലഭിക്കാത്ത ഒരപൂര്‍വ ഭാഗ്യം കൈവരുന്ന ദിവസം. ക്യാനഡയിലെ പ്രമുഖ നഗരമായ ടൊറന്റോയിലെ മിസിസൗഗയില്‍ നിന്ന് നയാഗ്ര വഴി അമേരിക്കന്‍ ഐക്യനാടുകളിലെ ന്യൂജര്‍സിയിലേക്കൊരു കാര്‍യാത്ര! അമേരിക്കയിലേക്കുള്ള എമിഗ്രേഷന്‍ കരമാര്‍ഗത്തില്‍! കഥകളില്‍ വായിച്ചിട്ടുളള പെന്നിസില്‍വാനിയയിലൂടെ തെക്കോട്ട് 805.6 കിലോമീറ്റര്‍.
ആദ്യത്തെ അദ്ഭുതം ഈ ദൂരം തന്നെയായിരുന്നു. നാട്ടിലാണെങ്കില്‍ ജന്മനാടായ തിരുവനന്തപുരത്തുനിന്ന് കേരളത്തിന്റെ മറ്റേയറ്റമായ മഞ്ചേശ്വരം വരെ ദൂരം 610 കിലോമീറ്റര്‍. എങ്ങും നിര്‍ത്താതെ, ഒന്നിറങ്ങി റോഡുവക്കത്തെ വിശാലതയില്‍ മൂത്രമൊഴിക്കാന്‍ പോലും നില്‍ക്കാതെ (ഒരു മാസത്തോളം നീണ്ട ക്യാനഡ-യു.എസ് വാസത്തില്‍ സാധിക്കാതെ പോയ ഒരേയൊരു നാടന്‍ ഗൃഹാതുരത്വം!) പാഞ്ഞാല്‍ 11 മണിക്കൂറും 26 മിനിറ്റുംകൊണ്ട് ഓടിക്കിതച്ചെത്താവുന്ന ദൂരം. ട്രാഫിക്കിനും ഇടയ്‌ക്കെല്ലാമുള്ള റോഡിന്റെ 'മെച്ചപ്പെട്ട' അവസ്ഥയും കണക്കിലെടുത്താല്‍ പന്ത്രണ്ടു പന്ത്രണ്ടര മണിക്കൂര്‍ കണിശം. പക്ഷേ, മിസിസ്സൗഗയില്‍ നിന്ന് യാത്ര ചാര്‍ട്ട് ചെയ്യുമ്പോള്‍, സാരഥികൂടിയായ സഹോദരീഭര്‍ത്താവും എന്റെ മുന്‍ അധ്യാപകനുമെല്ലാമായ ഡോ.രാധാകൃഷ്ണന്‍ കണക്കൂകൂട്ടി പറഞ്ഞതു കേട്ടപ്പോഴുണ്ടായത് കൗതുകത്തേക്കാള്‍ ഞെട്ടലായിരുന്നോ-ട്രാഫിക്കും മഴയുമില്ലെങ്കില്‍ ഒമ്പതര മണിക്കൂറില്‍ താഴെ. പിന്നെ യാത്ര അതിരാവിലെ (അതോ അര്‍ധരാത്രിയിലോ) ആസൂത്രണം ചെയ്യുന്നതുകൊണ്ടൊരുപക്ഷേ എട്ടെട്ടര മണിക്കൂറേ എടുക്കൂ;അതും ഒന്നു രണ്ട് നിര്‍ത്തലുകളും വിശ്രമവും സഹിതം. അന്തം വിടാതിരിക്കുന്നതെങ്ങനെ?
അവധിക്കാല യാത്രയുടെ ആദ്യപാദം അറ്റ്‌ലാന്റിക് തീരമായ ടൊറന്റോയില്‍ നിന്നായതുകൊണ്ടാകാം, റോഡുകളുടെ വീതിയിലും വെടിപ്പിലും വിശ്വാസമുണ്ടായത്. അതുകൊണ്ടുതന്നെ ദൂരവും സമയവും തമ്മിലുള്ള ഈ ആശയക്കുഴപ്പത്തെയോര്‍ത്ത് അത്രയ്ക്കും ആധിയിലാവേണ്ടിവന്നില്ല. ഒരുപക്ഷേ, പിന്നീട് അമേരിക്കന്‍ വന്‍കരയിലേക്കു കടന്നിട്ടും റോഡുകള്‍ അദ്ഭുതമാവാത്തതും, അവയുടെ പരിപാലനവും പുറമ്പോക്കിന്റെ വൃത്തയും വെടിപ്പും അമ്പരപ്പിക്കാത്തതും, ക്യാനഡയിലെ റോഡുകള്‍ നേരത്തേ കണ്ടതുകൊണ്ടാവാം. പറയാതെ വയ്യ, അടിസ്ഥാനവികസനത്തില്‍ ക്യാനഡയോട് അമേരിക്ക സുല്ലു പറയും നിശ്ചയം!
നേരത്തേ ഒരു ദിവസം മുഴുവന്‍ ചെലവിട്ട നയാഗ്രയുടെ ക്യാനഡപാര്‍ശ്വത്തിലേക്കുള്ള വഴിദൂരം സുപരിചിതമായിരുന്നു. ലേക്ക് ഒണ്ടാരിയോയിലും ലേക്ക് സിറ്റിയിലും അതുവഴി നയാഗ്രയിലുമൊക്കെയായി കുറച്ചു നേരം ചെലവഴിച്ചതാണല്ലോ. പക്ഷേ രാത്രിയാത്രയുടെ അമ്പരപ്പു മറക്കാന്‍ വയ്യ. അതികാലെ ഒന്നരമണിയോടെയാണ് ഞങ്ങള്‍ മിസിസ്സൗഗ വിട്ടത്. വാടകയ്‌ക്കെടുത്ത 'ഷെവി'യില്‍. നയാഗ്രയ്ക്കു കുറുകെ മൂന്നൂ നാലിടങ്ങളിലായുള്ള അതിര്‍ത്തി പാലങ്ങളിലൊന്നിലൂടെ മറുകരയ്ക്ക്. നാലുമണിയോടെ പാലം കടന്ന് അമേരിക്കന്‍ അതിര്‍ത്തിരക്ഷാസേനയുടെ താവളത്തിലെത്തി. അവിടെയാണ് ഞങ്ങള്‍ വിദേശികള്‍ക്കുള്ള എമിഗ്രേഷന്‍ കഌയറന്‍സ്. ചേച്ചിക്കും ചേട്ടനും അതൊന്നും ബാധകമല്ല. ക്യാനഡയും അമേരിക്കയും ചേട്ടനും അനിയനും പോലെ, ഇന്ത്യയും നേപ്പാളും പോലെ. വാരാന്ത്യം ചെലവിടാന്‍ അങ്ങോട്ടുമിങ്ങോട്ടും പോയിവരുന്നവര്‍.അവര്‍ക്കു പരിശോധനകള്‍ ബാധകമല്ല. പക്ഷേ ഞങ്ങളുടെ സ്ഥിതി അതല്ലല്ലോ.
ഞായറാഴ്ചയായതിനാല്‍ നല്ല തിരക്കുണ്ടാവേണ്ടതാണ് അതിര്‍ത്തിയിലെന്നു നേരത്തേ അറിഞ്ഞിരുന്നു. ചേച്ചിയും ചേട്ടനും മുമ്പു രണ്ടുമൂന്നുവട്ടം പോയിട്ടുള്ള വഴിയാണ്. എന്നാല്‍ അതിരാവിലെയായതുകൊണ്ട് കാവല്‍ക്കാരും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുമല്ലാതാരുമില്ല താവളത്തില്‍. ചെക്ക്‌പോസ്റ്റില്‍ വണ്ടി നിര്‍ത്തി വണ്ടിയിലിരുന്നു തന്നെ കാര്യം പറഞ്ഞു (ജാഗ്രത, ട്രാഫിക് പോലീസ് തടഞ്ഞാലും വണ്ടിയൊതുക്കി അകത്തുതന്നെ ഇരുന്നേക്കണം.പുറത്തിറങ്ങാനോ, ഗ്ലൗവ് ബോക്‌സ് തുറക്കാനോ മറ്റോ തുനിഞ്ഞാല്‍, ചിലപ്പോള്‍ വെടിയേല്‍ക്കാനും മതി. കാരണം അങ്ങനെയാണ് നിയമലംഘകരും തീവ്രവാദികളും കുറ്റവാളികളും പെരുമാരാറ്. ഗഌവ് ബോക്‌സില്‍ തോക്കായിരിക്കും. നാട്ടിലെ കാര്യമോര്‍ത്തു. സിഗ്നല്‍ തെറ്റിച്ചതിന് പോലീസ് ഊതി നിര്‍ത്തിയാല്‍ വണ്ടിയില്‍നിന്നിറങ്ങാത്ത ഡ്രൈവറെ അയാളുടെ മുതുമുത്തച്ഛന്റെ പൈതൃകം വരെ നീളുന്ന മുഴുത്ത തെറി വിളിച്ച് അമര്‍ഷം തീര്‍ക്കുന്ന ട്രാഫിക്ക് കോണ്‍സ്റ്റബിള്‍മാരെപ്പറ്റി,ക്ഷമിക്കുക, മാറിയ ഭാഷയില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെപ്പറ്റി ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?)
നാട്ടിലെ ഹൈവേ ടോള്‍ ഗേറ്റിലെ പിരിവുകേന്ദ്രത്തിലെപേപോലെ മെഷിട്ട ചെറുകൂട്ടിലാണ് ഓഫിസര്‍. ഹോളിവുഡ് സിനിമയില്‍ കണ്ട പൊലീസുകാരുടെ എല്ലാ കെട്ടും മട്ടും തോക്കടക്കമുള്ള വച്ചുകെട്ടുമുണ്ട്. അയാള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പാസ്‌പോര്‍ട്ടും വീസയും കൈമാറി. അയാളത് തൊട്ടുമുന്നിലുള്ള ഒരു പൈപ്പിലേക്കു വച്ചു സ്വിച്ചമര്‍ത്തി, മൈക്കിലൂടെ എന്തോ ആരോടോ പറഞ്ഞു. കാറ്റു വലിക്കുന്ന ശബ്ദം മാത്രം കേട്ടു, ഒപ്പം കാര്‍ മുന്നോട്ടെടുത്തു പാര്‍ക്കില്‍ നിര്‍ത്തി ഓഫീസിലേക്കു പോകാനുള്ള നിര്‍ദ്ദേശവും. പോകും മുമ്പ് അയാളൊന്നു കൂടി ചോദിച്ചു-ചെടികളോ പച്ചക്കറിയോ മറ്റോ ഉണ്ടോ കാറില്‍? (ജൈവമായതൊന്നും കടത്തിക്കൂടെന്നാണ് യു.എസില്‍. പകര്‍ച്ചവ്യാധിയും വൈറസും ബാക്ടീരിയയുമടക്കം എന്തെല്ലാം ഇങ്ങനെ കടന്നുകയറിയേക്കാം? കടന്നുകയറ്റക്കാര്‍്‌ക്കെതിരെ നല്ല ജാഗ്രതയുണ്ട് അമേരിക്കയ്ക്ക്. അതുകൊണ്ടുതന്നെയാവണമല്ലോ, ഒരാള്‍ക്കും ജലദോഷം അല്ലെങ്കില്‍ വൈറല്‍പ്പനി എന്ന കാരണത്താല്‍ തൊഴിലിടത്ത് ഒരൊറ്റ പ്രവൃത്തിദിവസം പോലും നഷ്ടമാവാത്തത്. കാഷ്വല്‍ ലീവിന്റെ മെഡിക്കല്‍ സാധ്യത മുതലെടുത്ത് ബിവറേജില്‍ പോയി തലേന്നേ രണ്ടെണ്ണം കരുതി പകല്‍മുഴുവന്‍ കിടന്നാസ്വദിക്കുന്ന നാട്ടിലെ ചങ്ങായിമാരെ അസൂയയോടെ ഓര്‍ത്തുപോയി) കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ ചേട്ടന്‍ പറഞ്ഞു: രേഖകളെല്ലാം വാക്വം സക്ക് വഴി പൈപ്പിലൂടെ ഇപ്പോള്‍ ഉദ്യോഗസ്ഥരുടെപക്കലെത്തിയിട്ടുണ്ടാവും.
കാര്‍പ്പാര്‍ക്കിനപ്പുറം ഫ്യൂവല്‍ സ്റ്റേഷനിലേതിനു സമാനമായ ചെറിയൊരു ഷോപ്പിംഗ് സെന്റര്‍ പിന്നൊരു ടിം ഹോര്‍ട്ടന്‍സും. വലിയ വീപ്പകളും ഡിവൈഡറുകളും വച്ച് ക്രമപ്പെടുത്തിയ സുരക്ഷാമേഖല. പുറത്തിറങ്ങിയപ്പോഴാണ് തണുപ്പിന്റെ കാഠിന്യമറിഞ്ഞത്. രണ്ടു വര്‍ഷം മുമ്പ് ഹിമാലയത്തിലെ ചതുര്‍ധാമില്‍ പോയപ്പോള്‍പ്പോലും അനുഭവിക്കാത്ത തണുപ്പ്. കമ്പിളിയടക്കം രണ്ടടുക്കു വസ്ത്രമിട്ടിട്ടും മകളുടെ പല്ലുകള്‍ തണുപ്പുകൊണ്ട് പരസ്പരമിടിക്കുന്നു. മൈനസ് പതിനാറോ മറ്റോ ആണ് താപനില. നില്‍ക്കക്കള്ളിയില്ലാതെ ഓടിയാണ് ഓഫീസിനകത്തേക്കു കയറിയത്. മൂന്നു കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. അവരിലൊരാള്‍ ഞങ്ങളെ വിളിച്ചു. കംപ്യൂട്ടറിലെ വീസ വിശദാംശങ്ങളില്‍ നോക്കി എങ്ങോട്ട് എന്താവശ്യത്തിനു പോകുന്നു, കൂടെയുള്ളതാരാണ് എന്നെല്ലാം തിരക്കി. മറുപടികള്‍ വ്യക്തവും രേഖയിലേതിനു സമാനവുമായതുകൊണ്ട് കുഴപ്പമേ ഉണ്ടായില്ല. ആളൊന്നിന് 16 ഡോളര്‍ വീതം ഫീസടയ്ക്കാന്‍ പറഞ്ഞു രേഖകള്‍ തിരികെ തന്നു-ഒപ്പമൊരാശംസയും-ഹാപ്പി സ്റ്റേ ഇന്‍ യു.എസ്!
അല്‍പദൂരം കൂടി മുന്നോട്ടുപോയപ്പോഴാണ് ദുരന്തമുണ്ടായത്. അമേരിക്കയില്‍ അശനിപാതം പോലും ഇത്രയേറെ കുഴപ്പിക്കുന്ന പ്രശ്‌നമാവില്ല. ഇതുപക്ഷേ എത്ര പരിചിതനെയും കുഴകുഴാ കുഴപ്പിക്കും. കാറില്‍ ഘടിപ്പിച്ച ' കല്യാണിക്കുട്ടി' പണിപറ്റിച്ചു. അവള്‍ പ്രവര്‍ത്തിക്കുന്നില്ല. ജി.പി.എസ് വഴികാട്ടിയ്ക്ക് മിസ്സിസൗഗയിലെ മലയാളികളിട്ടിരിക്കുന്ന ചെല്ലപ്പേരാണ് കല്യാണിക്കുട്ടി. നേരത്തെ സ്‌റ്റോര്‍ ചെയ്തു വയ്ക്കുന്ന റൂട്ട് മാപ്പിലെ ഓരോ വഴിയും എത്തും മുമ്പ് വിളിച്ചുപറഞ്ഞുതരുന്ന യന്ത്രം. ചെറിയ എല്‍.ഇ.ഡി ഡിസ്പ്േളയ്‌ക്കൊപ്പം കൃത്യമായിട്ടുള്ള ഈ പറച്ചിലും കൂടിയാണ് ഡ്രൈവറെ ഇവിടെ വഴിതെറ്റാതെ കാക്കുന്നത്. വഴിയറിയാപ്പൈതങ്ങളെ കാത്തുരക്ഷിക്കും പൊന്നു കല്യാണിക്കുട്ടിക്ക് അമേരിക്കയിലെ ബന്ധിക്കളിട്ടിട്ടുള്ള പേര് 'വഴിയാന്റി'. പറഞ്ഞ വഴി മിസ്സായാല്‍ വഴിയാന്റി മുന്നറിയിപ്പു തരും:' റീ കാല്‍ക്കുലേറ്റിംഗ്...പഌസ് വെയിറ്റ്...' നേരത്തെ കണക്കുകൂട്ടി നിശ്ചയിച്ചതില്‍ നിന്നു മാറി നമ്മുടെ അപഥ സഞ്ചാരം കണ്ടെത്തിക്കഴിഞ്ഞെന്നുസാരം. പിന്നീട് തൊട്ടടുത്തുകൂടി ലക്ഷ്യത്തിലെത്താനുള്ള വഴി കണ്ടെത്തി കണക്കൂകൂട്ടുകയാണ് മൂപ്പത്തി. സംഗതിയെന്തായാലും ഈ വഴികാട്ടിയില്ലാതെ വന്‍കരയിലെങ്ങും ഒരിടത്തുമെത്താന്‍ പോകുന്നില്ല. എന്തിന് ഒന്നു മുള്ളാനുള്ള സ്ഥലം പോലും കണ്ടെത്താനും പോവുന്നില്ല. രാവു വെളുത്തിട്ടുമില്ല. ഭഗവാനെ, ഇനി യാത്ര മുന്നേറുന്നതെങ്ങനെ? ഗൂഗിള്‍ മാപ്‌സില്‍ നിന്ന് തലേന്നേ എടുത്തു വച്ച റൂട്ട് മാപ്പിന്റെ പ്രിന്റൗട്ടുണ്ട് കയ്യില്‍. ഓരോ വഴിയും എവിടെയെത്തുമ്പോള്‍ നില്‍ക്കണം, ഏതെല്ലാം സബ് വേ എടുക്കണം, എവിടെയെല്ലാം എക്‌സിറ്റെടുക്കണം, എങ്ങോട്ടു തിരിയണം, ഏതൂ റോഡെടുക്കണം...എന്നതെല്ലാം വ്യക്തമായിട്ടതിലുണ്ട്. എന്നാലും ഒരു സംശയം. ദിശാസൂചി നഷ്ടമായ കപ്പല്‍ പോലെ ഈ മഹാകയത്തില്‍....ക്യാനഡയിലെയും യു.എസിലെയും (മറ്റു ലോകരാഷ്ട്രങ്ങളിലും മുന്നിലുള്ളിടത്തെല്ലാം അങ്ങനെയായിരിക്കണം) റോഡുകള്‍ക്കെല്ലാം നമ്പരുകളുണ്ട്. അവയെല്ലാം വ്യക്തമായി എഴുതിവച്ചിട്ടുമുണ്ട്. ദിശാസൂചകങ്ങളല്ലാതെയുള്ള ബോര്‍ഡുകള്‍ അധികമൊന്നും ഹൈവേകളില്‍ ഇല്ലാതാനും.
ഒടുവിലൊരു മാര്‍ഗം കണ്ടു. തൊട്ടടുത്ത എക്‌സിറ്റെടുത്ത്, റെസ്റ്റ് ഏരിയയിലേക്കു പോയി. ഹൈവേ പാര്‍ശ്വങ്ങളില്‍ മൈലുകള്‍ക്കിടയില്‍ പാര്‍ശ്വവഴികളില്‍ സജ്ജമാക്കിയിട്ടുളള നമ്മുടെനാട്ടില്‍ പട്ടണം എന്നു തന്നെപ്പറയാവുന്ന വിശ്രമകേന്ദ്രങ്ങളാണ് റെസ്റ്റ് ഏരിയ. മക് ഡൊണാള്‍ഡ്‌സ്, ടിം ഹോര്‍ട്ടന്‍, ചിലപ്പോള്‍ വാള്‍മാര്‍ട്ടോ മറ്റോ, ഗ്യാസ് സ്‌റ്റേഷന്‍, റെസ്റ്റ് റൂം എന്ന് ക്യാനഡയിലും വാഷ് റൂം എന്ന് അമേരിക്കയിലെങ്ങും അറിയപ്പെടുന്ന കക്കൂസ്-കുളിപ്പുരകളുമടങ്ങുന്ന സമുച്ചയങ്ങള്‍. ഇഷ്ടം പോലെ വാഹനം നിര്‍ത്തിടാനുള്ള സൗകര്യവും. റോച്ചസ്റ്റര്‍ റോഡിലാണ്.അവിടെയൊരു ഗ്യാസ് സ്‌റ്റേഷനിലെത്തി പാര്‍ക്ക് ചെയ്തിരുന്നൊരു ട്രക്ക് ഡ്രൈവറോട് (അവിടത്തെ പതിനാറു ചക്രമുള്ള ട്രെയിലറുകള്‍ വഹിക്കുന്ന ഹെവി ട്രക്കുകള്‍ക്ക് കിളിമാരില്ല, സാരഥിമാത്രം) തകരാറു പറഞ്ഞു. പുള്ളി വന്ന് കാര്‍ പരിശോധിച്ചശേഷം കൈമലര്‍ത്തി-ഫ്യൂസടിച്ചു പോയതാണ്. അതുമാറ്റാന്‍ തനിക്കറിയില്ല.
ഇനിയെന്തുണ്ടു മാര്‍ഗം? ഗ്യാസ് സ്‌റ്റേഷനിലെ മിനി ഷോപ്പില്‍ കയറി ഒരു റൂട്ട് മാപ്പ് വാങ്ങി. ഞാനും ഭാര്യയും പിന്‍ സീറ്റിലിരുന്ന് മാപ്പു നോക്കി കൈയിലുള്ള പ്രിന്റൗട്ടില്‍ പറഞ്ഞിട്ടുള്ള വഴി തെരഞ്ഞെടുത്തു.പിന്നീട് കല്യാണിക്കുട്ടിയും വഴിയാന്റിയുമെല്ലാം ഞങ്ങളായിരുന്നു. ഓരോ വഴിത്തിരിവിലും മാപ്പ് നോക്കി ഞങ്ങള്‍ പറയും: 'ചേട്ടാ ഇനി 27 എ യില്‍ നിന്ന് 27 ബിയിലേക്ക്. ഇനി വരുന്ന വളവില്‍ നിന്ന് ഐ-80 ഈസ്റ്റിലേക്കു തിരിയണം....!' (നാട്ടിലെ വഴികള്‍ പോലും നേരെചൊവ്വേ തിട്ടമില്ലാത്ത ഞങ്ങളിതാ ഏഴുകടലും കടന്നുവന്നിട്ടിവിടെ വഴികാട്ടികളുടെ റോളില്‍ എന്താ കഥ?)ചുമ്മാതല്ല കൊളമ്പസ് ഇന്ത്യയെന്നും പറഞ്ഞു വെസ്റ്റിന്‍ഡീസില്‍ ചെന്നിറങ്ങിയത്. കരയിലായിട്ട് ഈ പ്രയാസം അപ്പോള്‍ കടലിലാകുമ്പോഴോ?
തലേന്നേ വീട്ടില്‍ നിന്നു കരുതിയിരുന്ന ഭക്ഷണങ്ങള്‍ ഒന്നൊന്നായി കാലിയായിക്കൊണ്ടിരിക്കുന്നു. സാന്‍ഡ് വിച്ച്. പിന്നെ ക്യാനഡയില്‍ കാലുകുത്തിയതു മുതല്‍ എനിക്കൊരുമാതിരി ഭ്രാന്തുതന്നെയായിക്കഴിഞ്ഞിരുന്ന ക്രൊസാന്‍ ബ്രഡ് (കോസ്റ്റ്‌കോയില്‍ നിന്ന് ചേച്ചി അല്‍പം ചീസ് ചേര്‍ത്തതാണ് വാങ്ങിയതെന്നതിനാല്‍ ഉച്ചയ്ക്കു മുമ്പ് ആ കാര്‍ട്ടണ്‍ മുഴുവന്‍ തീരുമെന്നതില്‍ എനിക്കു സംശയമില്ല) ഇഷ്ടം പോലെ ജ്യൂസ്. അണ്ടിപ്പരിപ്പും കപ്പലണ്ടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കിയ കപ്പലണ്ടിമിഠായി പോലുള്ള ഒരു സൂത്രം സ്‌നാക്ക്. മകള്‍ക്കു വേണ്ടി വാങ്ങി സ്‌റ്റോക്ക് ചെയ്ത പ്രിങ്കിള്‍സും ലെയ്‌സും. കുടിക്കാന്‍ ഇഷ്ടം പോലെ ജ്യൂസും കോളയും. ചേച്ചിക്കു പക്ഷേ കുടിക്കാന്‍ കടുത്ത കാപ്പി തന്നെവേണം. അതും ഡബിള്‍ ലാര്‍ജ്ജ്. ടിം ഹോര്‍ട്ടനാണ് പ്രിയ ബ്രാന്‍ഡ്. മക് ഡൊണാള്‍ഡിന്റേതിന് ടിം ഹോര്‍ട്ടന്റെയത്ര കടുപ്പിമില്ലെന്നാണ് ചേച്ചിയുടെ പക്ഷം. ദോഷം പറയരുതല്ലോ, സ്വതവേ കാപ്പി അധികം കുടിക്കാത്ത എനിക്കും ബ്രൂക്കാപ്പി മാത്രം കുടിക്കുന്ന ഭാര്യയ്ക്കും വ്യത്യാസമേ തോന്നിയില്ല, രണ്ടും മൂന്നും എക്‌സ്ട്രാ മില്‍ക്ക് സാഷെ ചോദിച്ചുവാങ്ങി ഒഴിച്ചിട്ടും മാറാത്ത കവര്‍പ്പായി കാപ്പി എന്ന പേടിസ്വപ്നം. പക്ഷേ, ക്യാനഡ കഴിഞ്ഞാല്‍ ടിം ഹോര്‍ട്ടന്‍ അധികമില്ല. കൂടുതലും മക് ഡൊണാള്‍ഡ് മാത്രം. പിന്നീട്, ന്യൂയോര്‍ക്കില്‍ 625 ത് അവന്യുവില്‍ പോര്‍ട്ട് അതോറിട്ടി ബസ് ടെര്‍മിനലിനു മുന്നിലൂടെ അലഞ്ഞു തിരിയവേ, മാഡം തുസാഡ്‌സിനെതിര്‍ വശത്തായി ഒരു ടിം ഹോര്‍ട്ടന്‍ കണ്ടെത്തിക്കൊടുത്തപ്പോള്‍ ചേച്ചിയുടെ ഒരു സന്തോഷം ഒന്നു കാണേണ്ടതായിരുന്നു. അമേരിക്ക കണ്ടെത്തിയ കൊളംബസിനു പോലും ഇത്രയും സന്തോഷമുണ്ടായിക്കാണില്ല. 'എടാ ഞാന്‍ രണ്ടു മൂന്നു തവണ വന്നിട്ടുപോലും ഇവിടെയൊരു ടിം ഹോര്‍ട്ടന്‍ കണ്ടിട്ടില്ലായിരുന്നല്ലോ, നീയൊരു സംഭവം തന്നെ' ചേച്ചി ആ സന്തോഷം ആഘോഷിച്ചത് രണ്ട് എക്ട്രാ ലാര്‍ജ് കാപ്പി വാങ്ങി കൈയിലും ഭാര്യയുടെ കൈയിലുമായി സ്റ്റോക്ക് ചെയ്തുകൊണ്ടായിരുന്നു.
ഭക്ഷണത്തെപ്പറ്റി പറഞ്ഞപ്പോഴാണ്, ഞങ്ങള്‍ മൂന്നു പേരും, ഞാന്‍, ഭാര്യ, മകള്‍ ശുദ്ധ പച്ചക്കറികളാണ്. കുട്ടനാട്ടുകാരിയായ ഭാര്യക്കു മത്സ്യം പഥ്യമാണ്. ഏതുതരം മത്സ്യവും ഒ.കെ. പക്ഷേ, ടൊറന്റോയില്‍ വച്ച് ചേച്ചിയുടെ മക്കള്‍ പച്ച മത്സ്യം ഏതോ നാവില്‍ കൊള്ളാത്ത പേരും പറഞ്ഞ് സോസും പച്ചിലകളും മാത്രം ചേര്‍ത്തു കഴിക്കുന്നതു കണ്ട് ഒരു നുള്ള് വാങ്ങി കഴിച്ചതു മുതല്‍ മീനെന്നു കേട്ടാല്‍ സൗകര്യപ്പെട്ടാല്‍ ഛര്‍ദ്ദിക്കാം എന്ന അവസ്ഥയിലാണ് പുള്ളിക്കാരി. അതുകൊണ്ടാണു പറഞ്ഞത്, മൂവരും ശുദ്ധ വെജിറ്റേറിയന്‍സ്. പച്ചക്കറികള്‍ ദിവസവും പല രൂപത്തില്‍ ധാരാളം അകത്താക്കുന്നവരാണെങ്കിലും അമേരിക്കയില്‍ ശുദ്ധ സസ്യഭുക്കുകള്‍ വശംകെടുമെന്നതു സത്യം. മക് ഡൊണാള്‍ഡ്‌സിലുമൊന്നും പച്ചക്കറി വെറൈറ്റികളധികമില്ല. ഉള്ളതാണെങ്കില്‍ കവര്‍പ്പുള്ള കാപ്പിപോലെ, അമേരിക്കന്‍ യാത്രയില്‍ ഇനിയൊരു ഭയാനകസ്വപ്‌നമായി മാറിയ മഫിന്‍. നാട്ടില്‍ നാട്ടുമ്പുറത്തെ പഴയ ടീപ്പാര്‍ട്ടികളിലെ സ്ഥിരം ഇനമായിരുന്ന കപ് കേക്കിന്റെ മുഴുത്ത ചേട്ടനോ മൂത്തമ്മാവനോ ആണുകക്ഷി. പല രൂപത്തില്‍ ചോക്കലേറ്റുമുതല്‍ മള്‍ട്ടിഗ്രെയിന്‍ വരെ കൊണ്ടുണ്ടാക്കിയ ഭീമന്‍ കെയ്ക്കുകള്‍. പക്ഷേ, സാധനത്തെ ഞങ്ങളുടെ രുചിമുകുളങ്ങള്‍ക്കുള്‍ക്കൊള്ളാനായില്ല. മകള്‍ ചോക്കലേറ്റ് മഫിനില്‍ പകുതിയെങ്കിലും സംതൃപ്തി കണ്ടെത്തിയത് അസൂയയോടെയാണ് ഞാനും ഭാര്യയും നോക്കിക്കണ്ടത്. ഭാര്യ അതിനൊരു വട്ടപ്പേരുമിട്ടു മഫന്‍! കാപ്പിയും കുടിച്ച് മഫിനും തിന്നാല്‍ മൂന്നുനാലു മണിക്കൂറത്തേക്കു വിശപ്പെന്ന വികാരമേയില്ല. കുടല്‍ കോണ്‍ക്രീറ്റിട്ടു വെള്ളം നനച്ചതുപോലെ...
മക് ഡൊണാള്‍ഡ്‌സില്‍ നിന്നു തന്നെ ബര്‍ഗറില്‍ ശൈവം ഒഴിവാക്കി പച്ചിലയും പച്ചക്കറിയും മാത്രം മതിയെന്നു പ്രത്യേക നിര്‍ദ്ദേശം കൊടുത്ത് ഞങ്ങള്‍ക്കുവേണ്ടി ഒരു ലാര്‍ജ് കോളയും വാങ്ങി ഞങ്ങളിരുന്നു. ഇന്ത്യക്കാരെയും ചീനരെയും കാണുമ്പോഴെ ഇത്തരം ഭക്ഷണശാലകളിലെ എടുത്തുകൊടുപ്പുകാര്‍ക്കറിയാം. ഒരു ലാര്‍ജ്ജെന്നു പറഞ്ഞാല്‍ സകുടുംബം റീഫില്‍ ചെയ്തു കുടിക്കാനുള്ള കോളയാണ് എന്ന്. ഫൗണ്ടനില്‍ നിന്ന് കോള എത്രതവണ വേണമെങ്കിലും വീണ്ടും നിറയ്ക്കാമെന്നാണു കണക്ക്. ആദ്യം ഞാന്‍ പോയി. പിന്നീട് ഭാര്യ. അതുകഴിഞ്ഞു മകള്‍...(വെളളം ഏതു രൂപത്തിലായാലും കുടിക്കുന്നതുകൊള്ളാം, പിന്നീടു മുള്ളണമെന്നു പറഞ്ഞേക്കരുതെന്നു ചേട്ടന്‍!)
കല്യാണിക്കുട്ടിയായി അഭിനയിക്കുമ്പോഴും എന്റെ ശ്രദ്ധമുഴുവന്‍ വഴിയിലെവിടെങ്കിലും വര്‍ക് ഷോപ്പെന്നോ ഗരാഷെന്നോ മറ്റോ അര്‍ത്ഥം വരുന്ന ബോര്‍ഡുകളുണ്ടോ എന്നാണ്. എവിടെ? ഞായറാഴ്ചയല്ലേ. ശനിയും ഞായറും അമേരിക്കയില്‍ ആളുകള്‍ക്ക് ആഘോഷം മാത്രമേ ഉണ്ടാവൂ. ഓഫീസും ജോലിയുമില്ല.ഫിലിം ഫെസ്റ്റിവലില്‍ പണ്ടെന്നോ കണ്ടു മറന്ന അരിസോണ സണ്‍ എന്ന സിനിമയിലെ ദൃശ്യങ്ങള്‍ക്കു തുല്യമായി കണ്ണത്താ പാടങ്ങള്‍ക്കു നടുവിലൂടെ നെടുകെ പരന്നു കിടക്കുന്ന ദേശീയ പാത. ഇരുവശവും പലവിധ പാടങ്ങളാണ്. ഗോതമ്പുണ്ട്. ചോളമുണ്ട്. മുന്തിരിയുണ്ട്. ആപ്പിളുണ്ട്. കാപ്പിയുണ്ട്. ചിലയിടങ്ങളില്‍ ഇക്കോ കൃഷിയാണ്. ചെടികള്‍ മുഴുവന്‍ പുഴുപ്രാണി കയറാതെ വലകൊണ്ടു മൂടിയിട്ടുണ്ട്. ജൈവകൃഷി. അതിന്റെ ഉല്‍പന്നങ്ങള്‍ക്കു തീവിലയാണ്. പൂര്‍ണമായും യന്ത്രവല്‍കൃത കൃഷിരീതി. തോട്ടം നനയ്ക്കുന്നത് സ്പ്രിങ്കഌ വഴിയാണ്. അതുതന്നെ ഒരു കാഴ്ച.കുന്നുകളോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങള്‍.ഏക്കറുകളോ ഹെക്ടറുകളോ അല്ല, കുന്നുകള്‍തന്നെ...ചിലയിടത്തെല്ലാം ബോര്‍ഡുകളുണ്ട്. 'എസ്‌റ്റേറ്റ് ഫോര്‍ സെയില്‍-സിംഗിള്‍ പേയ്‌മെന്റ് ഒണ്‍ലി' നാട്ടിലായിരുന്നെങ്കില്‍ ഒന്നിറങ്ങി വിലപേശാമായിരുന്നു.രണ്ടുമൂന്നു കുന്നുകള്‍ വാങ്ങിയിട്ടാല്‍ മകളുടെ കാലമാകുമ്പോള്‍ അതു മതി, നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍!
ഇടയ്ക്കിടെ നാട്ടിന്‍പുറം മാറി നഗരം കടന്നുവരും. വിസ്തൃതി, ജനസംഖ്യ എന്നിവയെല്ലാം വെളിവാകുന്ന ചൂണ്ടുപലകകളിലൂടെയല്ലാതെതന്നെ നഗരം അനുഭവിച്ചറിയാം. കണ്ടും മണത്തും കേട്ടും. രണ്ടു മൂന്നു തവണ മൂത്രശങ്ക വന്ന് എക്‌സിറ്റ് പിടിച്ച് റസ്റ്റ് ഏരിയയിലേക്കു കടക്കേണ്ടിവന്നതുകൊണ്ടാവാം(ഹൈവേ വിട്ട് ഒരു റസ്റ്റ് ഏരിയ പിടിക്കണമെങ്കില്‍ കുറഞ്ഞത് അഞ്ചു കിലോമീറ്ററെങ്കിലും വട്ടം ചുറ്റണം) അതോ കടലാസു കല്യാണിക്കുട്ടിക്കു തെറ്റിയതോ, പത്തു മണിക്കൂറോളമെടുത്തു ന്യൂജഴ്‌സിയിലെത്താന്‍. ന്യൂ ബ്രണ്‍സ് വിക്ക് കഴിഞ്ഞപ്പോഴോ മറ്റോ ആണ്, ഒരു ജംക്ഷന്‍ തിരിയാന്‍ നില്‍ക്കെ, വലതുവശത്തായി ഞാനൊരു ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് സൂപ്പര്‍ സറ്റോര്‍ കണ്ടത്. കട തുറന്നിരിക്കുന്നു.അവര്‍ക്കെങ്ങനെങ്കിലും നമ്മുടെ കാറിന്റെ ഫ്യൂസ് ശരിയാക്കിത്തരാനാവുമെങ്കിലോ? പറഞ്ഞപ്പോഴേക്കും സിഗ്നല്‍ വന്നു. പിന്നില്‍ വന്ന വാഹനങ്ങളുടെ ഹോണടി വകവയ്ക്കാതെ (ഇവിടെ വാഹനങ്ങള്‍ ഹോണ്‍ മുഴക്കുക അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. മുന്നിലെ വാഹനം നിയമംതെറ്റിച്ചാലോ അത്യാവശ്യമുണ്ടെങ്കിലോ തെറിവിളിക്കാനാണ് ഹോണ്‍ മുഴക്കുക) ചേട്ടന്‍ തനി നാടന്‍ സറ്റൈലില്‍ വരിതെറ്റിച്ച് സിഗ്നലും തെറ്റിച്ച് വണ്ടി തിരിച്ച് ഷോപ്പിന്റെ മുന്നിലെത്തി നിര്‍ത്തി. ഞങ്ങളിറങ്ങി പതിയെ നിന്നു തിരിഞ്ഞുകളിച്ചു നോക്കി. കൗണ്ടറില്‍ ഒരു കുള്ളന്‍ ചില സാധനങ്ങള്‍ വാങ്ങി ബില്ലടിപ്പിക്കുകയാണ്. കണ്ടപ്പോള്‍ ആളൊരു ഇന്ത്യക്കാരനെപ്പോലെ തോന്നി. അല്ലെങ്കില്‍ ബ്ംഗഌദേശിയോ പാക്കിസ്ഥാനിയോ. പതിയെ പറ്റിക്കൂടി ചോദിച്ചു-ഇന്ത്യക്കാരനാണോ?  അല്ല, ആള്‍ ലാറ്റിനമേരിക്കനാണ്. ഇവിടെ വന്നു ജോലിയെടുക്കുന്നെന്നേയുള്ളൂ. ഇന്ത്യയെപ്പറ്റി കേട്ടിട്ടുണ്ട്, ഇന്ത്യയില്‍ വരാനിഷ്ടവുമാണ്. കാര്യം പറഞ്ഞപ്പോള്‍ കക്ഷി വന്നു നോക്കി. ആദ്യം ബോണറ്റ് തുറന്ന് ഫ്യൂസ് ബോക്‌സ് പരിശോധിച്ചു. പിന്നീട് യൂസേഴ്‌സ് മാന്വലെടുത്തു നോക്കി. പിന്നീട് ഡ്രൈവിംഗ് സീറ്റില്‍ സ്റ്റിയറിംഗിനു താഴെയുള്ള മറ്റൊരു ഫ്യൂസ് ബോക്‌സ് കണ്ടെത്തി, കരിഞ്ഞുപോയ ഫ്യൂസ് വേര്‍തിരിച്ചെടുത്തു. പുതിയ ഫ്യൂസ് വേണം എങ്കിലെ സംഗതി ശരിയാവൂ. സൂപ്പര്‍ സ്‌റ്റോറില്‍ ഒന്നായി കിട്ടില്ല. 11 ഡോളര്‍ മുടക്കി പത്തെണ്ണത്തിന്റെ പായ്ക്കറ്റ് വാങ്ങി. പുള്ളിയെക്കൊണ്ടുതന്നെ മാറ്റി്ച്ചു. സന്തോഷത്തിന് 20 ഡോളര്‍ പോക്കറ്റില്‍ വച്ചുകൊടുത്തപ്പോള്‍ ചെക്കന് നാണം-വാങ്ങാന്‍ വളരെ വിഷമം കാണിച്ചു-ഈ ജോലിക്കൊക്കെ എങ്ങനെയാ പണം വാങ്ങുക? (നാട്ടിലായിരുന്നെങ്കില്‍, ഫ്യൂസ് മാറ്റിയിടുന്നതു കാണാന്‍ ചുറ്റും കൂടുന്നവര്‍ക്കു വരെ കൊടുക്കേണ്ടി വന്നേനെ, നോക്കുകൂലി!) പക്ഷേ ഏറെ നിര്‍ബന്ധിച്ചപ്പോള്‍ പയ്യന്‍ പണം വാങ്ങി, താണുവണങ്ങി പിന്‍വാങ്ങി. കല്യാണിക്കുട്ടി സജീവമായി. റീ കാല്‍ക്കുലേറ്റു ചെയ്തു തുടങ്ങി. ഇനി കുറച്ചു ദൂരം കൂടിയെയുള്ളൂ ലക്ഷ്യത്തിലെത്താന്‍.
സന്ധ്യയായിട്ടും സൂര്യന് അഹങ്കാരത്തിന് ഒട്ടും കുറവില്ല. ടൊറന്റോയില്‍ എട്ട് എട്ടേകാലെങ്കിലുമാവും ആദിത്യന്‍ അസ്തമയത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കിത്തുടങ്ങാന്‍. അഞ്ചരപ്പരപരപ്പിനു തന്നെ തിരികെയെത്തുകയും ചെയ്യും. ഇവിടെ അല്‍പം കൂടി ഭേദമാണ് ഏഴര കഴിയുമ്പോഴേക്ക് ഭാണ്ഡം കെട്ടിത്തുടങ്ങും, രാത്രിയാത്രയ്ക്ക്. അതുകൊണ്ടുതന്നെ ഇരുട്ടും മുമ്പ്, എത്തേണ്ട വീടു കണ്ടെത്താന്‍ സാധിച്ചു. കല്യാണിക്കുട്ടിക്കു,ക്ഷമിക്കണം അവളിനി വഴിയാന്റിയാണ്, നന്ദി. കാരണം, അവളില്ലെങ്കിലും ഒരു രാജ്യത്തു നിന്നു മറ്റൊരിടത്തേക്കു ഹൈവേ പിടിച്ചു പോരാം,കൈയിലൊരു ഭൂപടമുണ്ടെങ്കില്‍. എന്നാല്‍ മഹാനഗരവാരിധിയില്‍ ഒരു വീടു തപ്പിപ്പിടിക്കണമെങ്കില്‍ വഴിയാന്റിയില്ലെങ്കില്‍ വലഞ്ഞതു തന്നെ.
എത്രയോ ചരിത്രസ്ഥലികള്‍ പിന്നിട്ടായിരുന്നു അന്നത്തെ യാത്ര. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല തന്നെയായിരുന്നു അവയില്‍ പ്രധാനം. സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പഠിപ്പിച്ച സ്ഥലം. എത്രയോ ലോക പ്രതിഭകള്‍ക്കു ജന്മം പകര്‍ന്ന അറിവിന്റെ ഇരിപ്പിടം.ഓര്‍ത്തപ്പോള്‍ കുളിരുകോരി, പുറത്തെ കടുത്ത തണുപ്പിനിടയിലും, അഭിമാനം കൊണ്ട്.


No comments: