Monday, October 29, 2012

Article in Kalakaumudi


പരമ്പരകള്‍ക്കെതിരെ പീഡനക്കേസെടുക്കണം.

എ.ചന്ദ്രശേഖര്‍

പഴയ സംസ്‌കൃതനാടകങ്ങളിലും, ഷെയ്ക്‌സ്പീയര്‍ നാടകങ്ങളിലുമൊക്കെ ഒരൂ സങ്കേതമുണ്ട്-സോളിലോക്കി അഥവാ ആത്മഗതം.നായകനോ ഇതര കഥാപാത്രങ്ങളോ, അവരുടെ മനസ് വെളിപ്പെടുത്തുന്ന സംഭാഷണങ്ങളാണിവ. അരങ്ങിന്റെ പരിമിതിയില്‍ കൊടുങ്കാറ്റും പേമാരിയും വരെ സൃഷ്ടിക്കാന്‍ കഴിഞ്ഞെങ്കിലും ഷെയ്ക്‌സ്പീയറെ പോലൊരു നാടക സംവിധായകനും ഭാസനെപ്പോലൊരു കളിയച്ഛനും മനസ്സിന്റെ അന്തര്‍നാടകങ്ങളെ പ്രേക്ഷകസമക്ഷമെത്തിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗങ്ങളുണ്ടായിരുന്നില്ല.
എന്നാല്‍, നൂറ്റാണ്ടുകള്‍ക്കിപ്പുറം സിനിമ, ദൃശ്യപരമായ അതിന്റെ മേല്‍ക്കോയ്മ സ്ഥാപിച്ചെടുത്തതുതന്നെ, അതിനു ചിത്രീകരിച്ചു കാണിക്കാന്‍ സാധിക്കാത്തതായി യാതൊന്നുമില്ല എന്ന സവിശേഷതയിലൂടെയാണ്. കംപ്യൂട്ടറിന്റെയും ഡിജിറ്റല്‍ സാങ്കേതികതയുടെയും കൂടി കടന്നുവരവോടെ, കാഴ്ചയിലെ വിപ്‌ളവം അക്ഷരാര്‍ത്ഥത്തില്‍ വിസ്മയം തന്നെയായിത്തീരുന്നു. അതിന് സ്ഥൂലവും സൂക്ഷ്മവുമായ ഏതൊരു വസ്തുവിനെയും ഏതളവിലും ചിത്രീകരിച്ചുകാണിക്കാനുള്ള കഴിവുണ്ട്. ഇങ്ങനയുള്ള സാങ്കേതിക മുന്നേറ്റത്തിനു മുമ്പും, കറുപ്പിലും വെളുപ്പിലും പരീക്ഷണങ്ങള്‍ നടത്തിയ സിനിമയുടെ ആചാര്യന്മാര്‍, അന്തര്‍സംഘര്‍ഷങ്ങളെ ആവിഷ്‌കരിക്കാനുള്ള സിനിമയുടെ മാധ്യമപരമായ കരുത്തും ശക്തിയും ദീര്‍ഘവീക്ഷണത്തോടെ തിരിച്ചറിഞ്ഞിരുന്നു.
എന്നാല്‍ സാങ്കേതികമുന്നേറ്റം വിചാരിച്ചതിലുമേറെ വളര്‍ന്നുമുറ്റിക്കഴിഞ്ഞ പശ്ചാത്തലത്തില്‍, സിനിമയുടെ തന്നെ ദൃശ്യസഹോദരനായ ടെലിവിഷനില്‍ നമുക്കു മുന്നിലെത്തുന്ന വിഴുപ്പുകാഴ്ചകളില്‍ പലതും മാധ്യമപരമായ സാധ്യതകളെല്ലാം കാറ്റില്‍പ്പറത്തി അതിന്റെ ഏറ്റവും വൃത്തികെട്ട വ്യഭിചാരവൃത്തിയിലൂടെ ജുഗുപ്‌സ സൃഷ്ടിക്കുകയാണിന്ന്.
മലയാളത്തില്‍ ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ് (ടാം) റേറ്റിംഗില്‍ മുന്‍പില്‍ നില്‍ക്കുന്ന രണ്ടു സീരിയലുകളുടെ മാത്രം ഉദാഹരണമെടുത്താല്‍ ഈ പ്രസ്താവനയുടെ പരമാര്‍ത്ഥം ബോധ്യപ്പെടാനാവും.
അമ്മ എന്ന സീരിയല്‍, കുഞ്ഞുന്നാളിലെ നഷ്ടപ്പെടുന്ന ഒരു കുഞ്ഞിന്റെയും അവളുടെ അച്ഛന്റെയും അമ്മയുടേയും കഥയാണ്. ഒറ്റവാക്യത്തില്‍ ഏത് ഉത്സവപ്പറമ്പിലും ഏപ്പോഴും നടക്കാവുന്നത് എന്ന സര്‍വസാധാരണത്വം ആരോപിക്കപ്പെടാവുന്ന പ്രമേയം, പക്ഷേ കുത്തിപ്പിഴിഞ്ഞ് ഇഴഞ്ഞുവലിഞ്ഞ് അടിച്ചുപരത്തി നീങ്ങുന്നത്, ദഹനക്കേടു പിടിച്ചതോ വിഷം ഉള്ളില്‍ ചെന്നതോ ആയ കുടലില്‍ നിന്നു പുറത്തുവരുന്ന ദഹിക്കാതെ പുളിച്ചു തെകിട്ടുന്ന ഛര്‍ദ്ദ്യതിസാര അമേധ്യത്തെപ്പോലെയാണ്.

നിരോധിക്കപ്പെട്ട ബാലവേല
വാസ്തവത്തില്‍, ബാലവേല നിയമം മൂലം നിരോധിക്കപ്പെട്ട ഇന്ത്യയില്‍ അമ്മ പരമ്പര നിരോധിക്കേണ്ടത്, അതുദ്പാദിപ്പിക്കുന്ന പ്രതിലോമകരമായ സാംസ്‌കാരിക ദുര്‍ഗന്ധം കൊണ്ടു മാത്രമല്ല, മറിച്ച് അതിലടങ്ങിയിരിക്കുന്ന പരസ്യമായ ബാലവേല കാരണമാണ്. നായികാസ്ഥാനത്തും പ്രിതനായക/നായികാ കര്‍തൃത്വങ്ങളിലും പതിനെട്ടു തികയാത്ത കുട്ടികള്‍ അഭിനയിക്കുന്നതു കൊണ്ടു തന്നെ, അവര്‍ക്കിണങ്ങാത്ത കഥാസന്ദര്‍ഭങ്ങളും, അവര്‍ക്കുള്‍ക്കൊള്ളാനാവാത്ത സംഭാഷണങ്ങളും, അവര്‍ക്കു ചെയ്യാന്‍ സാധിക്കാത്ത ശാരീരിക ചേഷ്ടകളും നിര്‍ബന്ധപൂര്‍വം ചെയ്യിക്കുന്നതുകൊണ്ടു തന്നെ, ഇത് ബാലവേലയുടെ നിയമപരിധിയില്‍ വരുമെന്നതില്‍ തര്‍ക്കം വേണ്ട. നല്ലൊരു അഭിഭാഷകന് ഇക്കാര്യം കോടതിയെ നിസ്സംശയം ബോധ്യപ്പെടുത്താന്‍ സാധിക്കുന്നതേയുള്ളൂ. തെരുവുസര്‍ക്കസ്സിലെയും സര്‍ക്കസിലെതന്നെയും കുട്ടികളുടെ അഭ്യാസപ്രകടനങ്ങളെ ബാലവേലയുടെ പരിധിയില്‍ വ്യാഖ്യാനിക്കാമെങ്കില്‍ തീര്‍ച്ചയായും ഈ പരമ്പരബാലികകളെയും ബാലന്മാരെയും അതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
അമ്മയിലെ നായിക ചിന്നുമോള്‍ സൗഭാഗ്യത്തില്‍ നിന്നു പട്ടിണിയിലേക്കും പിന്നീട് സൗഭാഗ്യങ്ങളിലേക്കും മാറി മാറി ഊയലാടുന്ന പാവമൊരു ബാലികയാണ്. അവള്‍ കടന്നുപോന്നിട്ടുള്ള നീറുന്ന ജീവിതസന്ധികള്‍ക്കു കയ്യും കണക്കുമില്ല. അവിടെ പലയിടത്തും, ഏറെ അനുഭവസമ്പത്തുള്ള മുതിര്‍ന്നവര്‍ക്കു പോലും സാധ്യമാവാത്തത്ര മാനസിക പരിപാകത്തോടെ, ഇരുത്തം വന്ന ഒരാളുടെ വീക്ഷണദൈര്‍ഘ്യത്തോടെയും വിശാലമനസ്സോടെയുമാണ് അവള്‍ പെരുമാറുന്നത്. അവളുടെ മുത്തച്ഛനു പോലുമില്ലാത്തത്ര പക്വത. രാത്രി പോയിട്ട്, വൈകുന്നേരം പോലും തലസ്ഥാനത്ത് ട്യൂഷന്‍ വിട്ട് പത്താംകഌസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് ഒറ്റയ്ക്കു നടന്നുവരാന്‍ സാധിക്കാത്ത സാമൂഹികസാഹചര്യത്തിലും, വീട്ടില്‍ നിന്നിറക്കിവിടപ്പെട്ട അവള്‍ ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ട് വഴിയരികിലെ മരച്ചോട്ടില്‍ കഴിയുന്നു. ഏറ്റെടുത്തു വളര്‍ത്തുന്ന വൃദ്ധയ്ക്ക് ദീനം വരുമ്പോള്‍ സ്വയം ഡോക്ടറെ വിളിച്ചുകൊണ്ടു വന്നു പരിശോധിപ്പിക്കുന്നു. വില്ലന്മാരോടും പലിശക്കാരോടുമെല്ലാം ഒറ്റയ്ക്ക് ഇടപെടുന്നു. അപരവ്യക്തിത്വത്തിലായാല്‍പ്പോലും തന്നെ തിരിച്ചറിയാത്ത തന്റെ അമ്മയുടെ സ്‌നേഹലാളനകള്‍ പരോക്ഷമായി ഏറ്റുവാങ്ങാനായി, വേലക്കാരിയായി വീട്ടില്‍ കഴിയുന്നു. അവള്‍ക്കു പകരക്കാരിയായി അവള്‍തന്നെ ആ വീട്ടിലേക്കു തിരുകിക്കയറ്റുന്ന പെണ്‍കുട്ടി, നിനച്ചിരിക്കാതെ വന്നു ചേര്‍ന്ന സൗഭാഗ്യങ്ങളില്‍ മതിമറന്ന്, യഥാര്‍ത്ഥ ചിന്നുവിനെ ഒഴിവാക്കി, സ്വയം ചിന്നുതന്നെയായി അവിടെ എക്കാലവും വാഴാന്‍, അവള്‍ക്കെതിരേ ചതിക്കുഴികളുടെ നെടുനീളന്‍ പരമ്പരകള്‍ തന്നെ ആസൂത്രണം ചെയ്യുന്നു.
അവളുടെ അമ്മയുടെ ബന്ധുവിന്റെ മകനാണ് അവളുടെ മറ്റൊരു ശത്രു.ചിന്നുവിനെ ഇല്ലായ്മചെയ്യാന്‍, അവളെ ഒഴിവാക്കാന്‍ അവന്‍ ചെയ്തു കൂട്ടുന്നതു പലതും, പഴയകാല സിനിമകളില്‍ കെ.പി. ഉമ്മറോ ജോസ്പ്രകാശോ,ഗോവിന്ദന്‍കുട്ടിയോ, ഇപ്പോള്‍ സിദ്ധിക്കോ, റിസബാവയോ, സായ്കുമാറോ ഒക്കെ ചെയ്യുന്നതു തന്നെയാണ്. എന്തിന് ക്വട്ടേഷന്‍ സംഘത്തെവരെ കരാര്‍ ചെയ്യുന്നത് മീശ മുളയ്ക്കാത്ത ഈ പയ്യനാണ്.കഷ്ടകാലത്തിന്, ടിവിയിലെ ഈ ബാലവേല ബിഗ്‌സ്‌ക്രീനിനെക്കൂടി ബാധിച്ചിരിക്കുകയാണിപ്പോള്‍. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍, നാടന്‍ ഭാഷയില്‍ മുട്ടയില്‍ നിന്നു വിരിയാത്ത ഒരു കുഞ്ഞന്‍ പയ്യന്റെയും പെണ്‍കുരുന്നിന്റെയും പ്രണയം വരെ ഗാനസഹിതം ചിത്രീകരിച്ചിരിക്കുന്നു.
തീര്‍ച്ചയായും ഇത് തുമ്പിയെക്കൊണ്ടുള്ള കല്ലെടുപ്പിക്കലാണ്. ബാലന്‍ മുതല്‍ നമ്മുടെ സിനിമ കൈകാര്യം ചെയ്തിട്ടുള്ള പ്രമേയം തന്നെയാണിത് എങ്കിലും, കുട്ടികള്‍ക്ക് കുട്ടിത്തമില്ലാതാക്കുന്ന ദൃശ്യസമീപനം ഇത്രത്തോളം ദുഷിച്ച് മുമ്പ് കണ്ടിട്ടില്ല. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് പോലുള്ള സിനിമകളിലെ നിഷ്‌കളങ്കമാര്‍ന്ന ബാല്യാവതരണങ്ങളുടെ മഹത്വം അമ്മ പരമ്പര ആവര്‍ത്തിച്ചു നമ്മെ ബോധ്യപ്പെടുത്തുന്നു. ഇവിടെ, കുട്ടികളെ മുതിര്‍ന്നവരുടെ കുപ്പായത്തിലേക്ക് ഇളക്കിപ്രതിഷ്ഠിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവരുടെ ചെയ്തികള്‍ക്ക് നിഷ്‌കളങ്കതയുടെ സൗന്ദര്യമോ,കൗതുകമുണര്‍ത്തുന്ന ലാളിത്യമോ അല്ല, മറിച്ച് അറപ്പിക്കുന്ന ജുഗുപസയാണുള്ളത്.
കുട്ടികളെക്കൊണ്ട് സിനിമയിലഭിനയിപ്പിക്കുന്നതോ അവരെ കേന്ദ്രീകരിച്ചു കഥകള്‍ മെനയുന്നതോ എപ്പോഴും പഴയ സോദ്ദേശസാഹിത്യ പഞ്ചതന്ത്ര ഗുണപാഠ ശൈലിയിലാവണമെന്നല്ല. തമിഴില്‍ ഏറ്റവും മികച്ച സിനിമയ്ക്കുളള ദേശീയ ബഹുമതി നേടിയ പശങ്ക തന്നെ ഉദാഹരണം.കുട്ടികളെ വച്ചു പരിപൂര്‍ണമായി നിര്‍മിച്ച ഈ സിനിമ, കുട്ടികളെ എങ്ങനെ സിനിമയ്ക്ക് അസംസ്‌കൃത വസ്തുവാക്കാമെന്നുള്ളതിന്റെ ശുഭമാതൃകയാണീ സിനിമ.

പരസ്യമായ ആത്മഗതങ്ങള്‍
മാധ്യമപരമായി സിനിമയുടെ ദൃശ്യസാധ്യതകളെ കൊഞ്ഞനം കുത്തുന്ന മറ്റൊരിനമാണ് പരമ്പരകളിലെ നീണ്ട ആത്മഗതാഖ്യാനങ്ങള്‍. അമ്മ, അമ്മക്കിളി തുടങ്ങിയ പരമ്പരകളിലെ കഥാപാത്രങ്ങളുടെ ആത്മഗതങ്ങളില്‍ പലതും അഞ്ചു മിനിറ്റെങ്കിലും നീളുന്ന ദൃശ്യാഖ്യാനങ്ങളാണ്. ചിന്നുവിനെ തകര്‍ക്കാനുള്ള അടുത്ത തന്ത്രമെന്തെന്ന് അവളുടെ ശത്രുപക്ഷത്തുള്ള വില്ലനും വില്ലത്തിയും ആലോചിക്കുന്നത്, വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയിരുന്ന കണ്ണാടി വിശ്വനാഥന്റെ കിരണ്‍ കോമിക്‌സിലെ ഇരുമ്പു കൈ മായാവി പോലുള്ള തട്ടുപൊളിപ്പന്‍ ചിത്രകഥകളിലെ സംഘര്‍ഷരംഗങ്ങളിലേതു പോലെയാണ്. അദൃശ്യനായകന്റെ ഇരുട്ടടി കൊണ്ടോ, വെടിയുണ്ടയേറ്റോ മരിച്ചുവീഴുന്ന വില്ലനോ ദുഷ്ടകഥാപാത്രമോ ചിത്രകഥയില്‍ ആ നിമിഷം നിലവിളിക്കുന്നത് ഇങ്ങനെ:' ഹാ, അമ്മേ!...അയ്യോ ഞാന്‍ ചത്തേ!' തോക്കില്‍ നിന്നു വെടിയുതിരുന്നതും വെടിയുണ്ടയേറ്റ് നെഞ്ചത്തു കൈവച്ചു വീഴുന്നതും, വെടിയുടെ ഫീല്‍ കിട്ടാനായി വരഞ്ഞുചേര്‍ത്തിട്ടുള്ള നക്ഷത്ര രൂപവുമെല്ലാമുണ്ടായിട്ടും, ഈ ഡയലോഗ് എന്തിന് എന്ന് അതു വായിച്ച് ഏറെ ചിന്തിച്ചിരുന്നു. ഇതേ അവസ്ഥ ഹാസ്യമുണ്ടാക്കാന്‍ സി.ഐ.ഡി മൂസ പോലുള്ള സിനിമകളില്‍ ഗ്രാഫിക്‌സിന്റെ സഹായത്തോടെ അതിവിദഗ്ധമായി ഉപയോഗിച്ചിട്ടുള്ളതും പിന്നീട് കണ്ടു. പട്ടിയുടെ വരെ ആത്മഗതം ആ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് ഓര്‍ക്കുമല്ലോ?
എന്നാല്‍ അമ്മയിലെ കുരുന്ന കഥാപാത്രങ്ങളും അമ്മക്കിളിയിലെ വില്ലനായ രാജേഷ് ഹെബ്ബാറും, വില്ലത്തിയായ സജിത ബേട്ടിയും മറ്റും അന്തര്‍ചോദനകള്‍ ഉറക്കെ ചിന്തിക്കുന്നവരാണ്. അവരത് നീണ്ട വെടിപ്പന്‍ ഡയലോഗായിത്തന്നെ കാല്‍ എപ്പിസോഡിലേറെ പറഞ്ഞഭിനയിച്ചുകളയും. കൊലപാതകം നടന്ന സ്ഥലത്തു നിന്നു കണ്ടെത്തുന്ന വെടിയുണ്ടയും തോക്കും തൊണ്ടിമുതലായി കൈമാറുമ്പോള്‍, സോണി ടിവിയിലെ ഹിറ്റ് കുറ്റാന്വേഷണപരമ്പരയായ സി.ഐ.ഡിയിലെ എസിപി പ്രദ്യുമ്‌നന്‍ തടിമാടന്മാരായ തന്റെ ഉപഗ്രഹസഹപ്രവര്‍ത്തകരോടു വച്ചു കാച്ചുന്ന സ്ഥിരമായൊരു പരസ്യനിഗമനമുണ്ട്:' അപ്പോള്‍ ഈ തോക്കുപയോഗിച്ച് ഈ ഉണ്ടയാണ് കൊലയാളി വെടിവച്ചത.്' എന്തൊരു കണ്ടെത്തല്‍? ഇനി, കൊലക്കളത്തില്‍ നിന്നെങ്ങാനും ഒരു സ്്ത്രീയുടെ പാദരക്ഷ കിട്ടായാലുമുണ്ടാവും ചീഫിന്റെ വക ഒരു ഡയലോഗ്-' അപ്പോള്‍, കൊലപാതകി ഒരു സ്ത്രീയായിരുന്നു.' വിഡ്ഢിത്തം നിറഞ്ഞ ഈ ഉണ്ടയില്ലാ വെടിപോലെ തന്നെയാണ് മലയാളപരമ്പരകളിലെ കഥാപാത്രങ്ങളുടെ ആത്മഗതങ്ങളും.
നാഴികയ്ക്കു നാല്‍പ്പതുവട്ടം, കൂര്‍ത്തുറപ്പിച്ച മാര്‍വിടം അരയന്നം തലകുലുക്കുന്നതു പോലെയോ, ഒട്ടകം മുന്നോട്ടായുന്നതുപോലെയോ മുന്നോട്ടും പിന്നോട്ടും ശ്വാസമെടുത്താഞ്ഞും, ആറുമാസത്തിലൊരിക്കല്‍ ദന്തിസ്റ്റിനെക്കൊണ്ടു മിനുക്കുന്ന പല്ലുകള്‍ കരുകരാ ഞെരിച്ചമര്‍ത്തിയും പറത്തിയിട്ട മുടി കൈകൊണ്ടു വകഞ്ഞുമാറ്റിയും അങ്ങോട്ടുമിങ്ങോട്ടും അഴിച്ചുവിട്ട കോഴിയെപ്പോലെ നാലഞ്ചടി നടന്നും തിരിഞ്ഞും നിന്നുതിരിഞ്ഞുകളിച്ചും സജിതാബേട്ടിയുടെ വില്ലത്തി മനസ്സില്‍ അടുത്ത കരു നീക്കുന്നത് നടുറോഡിലായാലും അരോടെന്നില്ലാതെ ഉറക്കെ സംസാരിച്ചുകൊണ്ടായിരിക്കും. ' ങാഹാ, ബേലയെ അങ്ങനെയങ്ങനെ ഒതുക്കാമെന്നവള്‍ വിചാരിച്ചോ, കാണിച്ചുകൊടുക്കും ഞാനവള്‍ക്ക്. ഈ ബേല ആരാണന്നാണവള്‍ വിചാരിച്ചെ? നോക്കിക്കോ പെണ്ണേ നിന്നെയും നിന്റെ നായരെയും ഈ നാടാകെ നാറ്റിച്ചിട്ടെ, ഈ ബേലയുടെ കലിയടങ്ങു....' എന്ന മിട്ടിലുള്ള ദീര്‍ഘ സംഭാഷണമായിരിക്കും ആത്മഗതം. സംഗതി നമ്മുടെ പാഞ്ചാലിയുടെ പുതുപ്പിറവിയും പാഞ്ചാലി ശപഥത്തിന്റെ ആധുനികാഖ്യാനവുമൊക്കെയാണെങ്കിലും, പൊതുവഴിയില്‍ നിന്ന് ഒരു പെണ്ണ്, അവള്‍ വേഷത്തിലും ഭാഷയിലും സമ്പന്നയും വിദ്യാസമ്പന്നയുമാണെന്നു തോന്നിച്ചാല്‍പ്പോലും, ഒറ്റയ്ക്കു നിന്നു ദീര്‍ഘമായി സംസാരിച്ചാല്‍ അതിന് സ്ഥിരബുദ്ധിയുള്ള സാധാരണക്കാരുടെ വ്യാഖ്യാനത്തില്‍ ഒറ്റ അര്‍ത്ഥമേയുള്ളൂ- തലയ്ക്കു സ്ഥിരതയില്ലാത്തവള്‍!. അല്ലാതെ, ആഖ്യായകാരന്മാര്‍ ഉദ്ദേശിക്കുംപോലെ തലതെറിച്ചവള്‍ എന്ന അര്‍ത്ഥമൊന്നും അതു സംവദിക്കുന്നില്ല.
അമ്മയിലെ ചിന്നുമോളാകട്ടെ, അതിലും സഹതാപമര്‍ഹിക്കുന്നു. രാത്രി അസമയത്ത് വീട്ടില്‍ നിന്നിറങ്ങേണ്ടിവന്ന അവള്‍ ഒരു മരച്ചോട്ടിലിരുന്നു ചിന്തിക്കുകയാണ് അടുത്തത് എന്താണു വേണ്ടത് എന്നതിനെപ്പറ്റി.' ഇനി എന്തു ചെയ്യും ഭഗവാനെ, മുത്തശ്ശി മരിച്ചു. ചിന്നുവിനെ അമ്മ തിരിച്ചറിയുന്നില്ലല്ലോ? ഇനിയിപ്പോള്‍ എന്താ ചെയ്ക? വീട്ടിലേക്കു തന്നെ മടങ്ങിയാലോ? പക്ഷേ അവിടെ വല്യമ്മായി വഴിമുടക്കിയാലോ, അപ്പോള്‍ എന്തു ചെയ്യും?...'  മനസ്സിലിരിപ്പ് എല്ലാം വിളിച്ചുപറയുന്ന കഥാപാത്രങ്ങള്‍ പരമ്പരകളുടെ ഏറ്റവും വലിയ തമാശയായിത്തന്നെ മാറുകയാണ്. ചിന്നുവിനെ സ്‌കൂളില്‍ പഠിപ്പിക്കാന്‍ വിടാന്‍ മുത്തശ്ശനെടുക്കുന്ന തീരുമാനം വെളിപ്പെടുത്താനായി വിളിപ്പിക്കുമ്പോള്‍, പ്രതിനായികാവേഷത്തില്‍ ചിന്നുചമഞ്ഞു കൂടിയിട്ടുള്ള കുട്ടിയുടെ ആത്മഗതം ഇങ്ങനെ:' എന്തിനാണാവോ മുത്തശ്ശന്‍ ചിന്നുവിനെ വിളിപ്പിക്കുന്നത്? ഇനി മറ്റു വല്ല അവാര്‍ഡും അവള്‍ക്കു ലഭിച്ചിട്ടുണ്ടാവുമോ?' ആടിനെ പട്ടിയാക്കുന്ന ഈ മാജിക്കില്‍ പ്രേക്ഷകനാണ് സത്യത്തില്‍ ശ്വാനരാക്കപ്പെടുന്നത് എന്ന് ഏറ്റവുമൊടുവില്‍ മാത്രം തിരിച്ചറിയുന്നതോ, പാവം പ്രേക്ഷകരും!
ആദ്യകാലത്തെ നിശ്ശബ്ദ സിനിമകളില്‍ ചാര്‍ളി ചാപഌനും മറ്റും പരീക്ഷിച്ച ഒന്നാണ് എഴുതിക്കാണിക്കുക എന്നത്. സംഭാഷണം തീര്‍ത്തും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഏറ്റവും നിര്‍ണായക മുഹൂര്‍ത്തത്തില്‍ അതിന്റെ രത്‌നച്ചുരുക്കം മാത്രം ഒരു ശീര്‍ഷകക്കാര്‍ഡാക്കി എഴുതിക്കാണിക്കുക. പ്രാരംഭ ശീര്‍ഷകത്തിനും ദ് എന്‍ഡ് കാര്‍ഡിനും ഇടയില്‍ അപൂര്‍വമായി ഇങ്ങനെ ചില എഴുതിക്കാണിക്കല്‍.പക്ഷേ അവയില്ലായിരുന്നെങ്കില്‍ക്കൂടിയും ചാപഌന്‍ സിനിമകളുടെ ഭാവമുഗ്ധത പ്രേക്ഷകരിലേക്ക് അതേ തീവ്രതയോടെ വിനിമയം ചെയ്യപ്പെടുമായിരുന്നു. ഭുതകാലമൊഴിവാക്കി ആവര്‍ത്തിക്കട്ടെ, ഇന്നും വിനിമയം ചെയ്യപ്പെടുന്നുകൊണ്ടേയിരിക്കുന്നു. നൂറ്റാണ്ടുമുമ്പേ അദ്ദേഹത്തിനു സാധിച്ചതു പോലും മറന്നുകൊണ്ടാണ് ദൃശ്യമാധ്യമത്തെ ശബ്ദഘോഷങ്ങളാക്കി നമ്മുടെ പരമ്പരാകാരന്മാര്‍ അപമാനിക്കുന്നതും പീഡിപ്പിക്കുന്നതും. ദൃശ്യപീഡനത്തിന് ഇന്ത്യന്‍ പീനല്‍ കോഡില്‍ ശിക്ഷ നിഷ്‌കര്‍ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പരമ്പരകള്‍ അവ മുന്നോട്ടു വയ്ക്കുന്ന പ്രമേയപരമായ പാപ്പരത്തത്തേക്കാളും അത് ഉത്പാദിപ്പിക്കുന്ന പ്രതിലോമകരമായ സംസ്‌കാരത്തേക്കാളും അപകടകാരികളാവുന്നത് മാധ്യമപരമായ ഈ കടന്നാക്രമണം വഴിയാണ്. അവയ്‌ക്കെതിരേ ഒരാത്മഗതം പരസ്യമാക്കിക്കൊള്ളട്ടേ-'... ഈ നരകത്തില്‍ നിന്നെന്നെ കരകേറ്റീടണം ശിവശംഭോ ശംഭോ ശിവശംഭോ!No comments: