Thursday, July 19, 2012

കണ്ണെത്തൊറക്കണം സാമീ....


വീണ്ടുമൊരു സിനിമാ അവാര്‍ഡ് പ്രഖ്യാപനമുണ്ടായി. സിനിമാക്കാരന്‍ സിനിമാമന്ത്രിയായിരിക്കെ, ഭേദഗതി ചെയ്ത ചട്ടങ്ങള്‍ നിലവില്‍ വന്നശേഷമുള്ള ആദ്യത്തെ അവാര്‍ഡ് നിര്‍ണയം എന്ന സവിശേഷതകള്‍ക്കുമപ്പുറം, പുതുതലമുറ സിനിമകള്‍ക്കും സിനിമാക്കാര്‍ക്കും മുന്‍തൂക്കം ലഭിച്ച അവാര്‍ഡ് നിര്‍ണയം എന്ന നിലയ്ക്കാണ് ഭാഗ്യരാജിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ വിലയിരുത്തലുകളെ മാധ്യമങ്ങള്‍ ആഘോഷിച്ചു കണ്ടതും കേട്ടതും. പക്ഷേ, ഇന്നത്തെ പത്രങ്ങളില്‍ വായിച്ചറിഞ്ഞ ചില ജൂറി വിലയിരുത്തലുകള്‍ (അവയുടെ വാസ്തവം എത്രത്തോളമെന്നത് പത്രങ്ങളുടെ വിശ്വാസ്യതയുടെ ബ്രാന്‍ഡ് നെയിമിനു വിടുന്നു-വിശ്വാസം അതല്ലേ എല്ലാം) വായിച്ചപ്പോള്‍ തോന്നിയതു മാത്രം പങ്കിടട്ടെ.


പ്രണയത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് അഭിനയിക്കാന്‍ പരിമിതികളുണ്ടായിരുന്നു എന്ന വാദം എന്തോ വിചിത്രമായി തോന്നി. മറ്റു പലര്‍ക്കും അത് അങ്ങനെതന്നെയായിരിക്കും എന്നും എനിക്കു തോന്നുന്നു. രണ്ടു വ്യത്യസ്ത ജീവിതകാലയളവുകളെ പ്രതിനിധാനം ചെയ്യുക വഴി കഥാപരമായ ഏറെ സാധ്യതകളുള്ള വേഷമായിരുന്നത്രേ ദിലീപിന്റേത്. (ജൂറി ചെയര്‍മാന്റെ ഈ പ്രസ്താവന വാസ്തവത്തില്‍ ദിലീപിന് മാനനഷ്ടത്തിനു കേസുകൊടുക്കാന്‍ മാത്രം ഗൗരവമുള്ളതാണോ എന്ന് ദിലീപിന്റെ നിയമവിദഗ്ധര്‍ നിശ്ചയമായും അന്വേഷിക്കണം.) അതായത് ദിലീപിന്റെ അവാര്‍ഡ് ലബ്ധി മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പരിമിതികള്‍ കൊണ്ടും, ദിലീപിന് കഥും കഥാപാത്രവും മേയ്ക്കപ്പും ചേര്‍ന്നുള്ള പിന്തുണ ലഭിച്ചതുകൊണ്ടുമാത്രവുമാണെന്നാണല്ലോ ഈ വിശദീകരണത്തിന്റെ ധ്വനി.സലീംകുമാറിന് ദേശീയ ബഹുമതി കൊടുത്തപ്പോള്‍, അത് സലീമിന്റെ മാത്രം മികവല്ലെന്നും കഥയും കഥാപാത്രാവിഷ്‌കരണവും ചമയവും നല്‍കുന്ന പിന്തുണകൊണ്ടാണെന്നും ഒരാരോപണമുണ്ടായിരുന്നതോര്‍ക്കുക.

പിന്നൊന്ന് ഫഹദ് ഫാസിലിന്റെ അവാര്‍ഡ് നിര്‍ണയത്തെച്ചൊല്ലിയുള്ളതാണ്. ഫഹദിന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കാനും മാത്രം പ്രായമായിട്ടില്ലെന്ന് ജ്യൂറിയില്‍ വാദഗതിയുണ്ടായത്രേ!. പക്ഷേ, ചലച്ചിത്ര അക്കാദമിയുടെ പുതുക്കിയ നിയമാവലി പരിശോധിച്ചപ്പോഴും മികച്ച നടനോ നടിക്കോ അപേക്ഷിക്കാന്‍ പ്രായപരിധിയോ കുറഞ്ഞ പ്രായമോ നിബന്ധനയാക്കിയിട്ടുള്ളതായി കണ്ടില്ല. അതോ, ഇനി ഭരതമുനി, നാട്യശാസ്ത്രത്തില്‍ നടന്, അഭിനേതാവിന് ഇത്രവയസ്സെങ്കിലും പ്രായപൂര്‍ത്തിയാവണമെന്നു നിഷകര്‍ഷിച്ചിട്ടുണ്ടോ എന്തോ, വായിച്ചിട്ടാല്ലാത്തതുകാരണം അറിയില്ല, പൊറുക്കുക.

പക്ഷേ എന്റെ സംശയം അതല്ല. പതിനാറു വയസു മാത്രമുണ്ടായിരുന്ന മോണിഷയ്ക്കും, അത്രമാത്രം പ്രായമുണ്ടായിരുന്ന മഞ്ജു വാര്യര്‍ക്കും ദേശീയ ബഹുമതി കൊടുക്കുമ്പോള്‍ ഇങ്ങനൊരു പരിഗണന ഉണ്ടായിരുന്നില്ലല്ലോ? സംസ്ഥാനതലത്തില്‍ തന്നെ, അതല്ല, ഇങ്ങനെയാണോ ഇനി പുതുതലമുറ സിനിമാക്കാരെ അംഗീകരിക്കാനുറച്ച് ഈ സമിതി കച്ചകെട്ടിയിറങ്ങിയത്? പൃഥ്വിരാജിനു വാസ്തവം എന്നൊരു സിനിമയുടെപേരില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കൊടുക്കുമ്പോള്‍ എത്രയായിരുന്നു അദ്ദേഹത്തിന്റെ പ്രായം? ഇളക്കങ്ങള്‍ എന്നൊരു സിനിമയിലഭിനയിച്ച പ്‌ത്തൊമ്പതു കഴിഞ്ഞ നായിക സുധയ്ക്ക് ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കൊടുത്ത നാട്ടില്‍ ഇതും ഇതിലപ്പുറവും നടന്നില്ലെങ്കിലാണദ്ഭുതം.

ഇത്രയും എഴുതിയതുകൊണ്ട് അവാര്‍ഡ് നിര്‍ണയം അനീതിയായിപ്പോയി എന്നേയല്ല. ഏതൊരു ജൂറിക്കും അവരുടെ ഭാവുകത്വത്തിനനുസരിച്ചു വിധി നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, അവകാശവുമുണ്ട്. അതിനെച്ചൊല്ലി പിന്നെ കലഹിച്ചിട്ടും പരിഭവിച്ചിട്ടും യാതൊരു കാര്യവുമില്ല. സംസ്ഥാന അവാര്‍ഡ് സമ്മാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നു പോലുമറിയാതെ, സാംസ്‌കാരിക മന്ത്രിയില്‍ നിന്ന് അതേറ്റുവാങ്ങാന്‍ താനില്ലെന്നു പ്രതികരിച്ച ഷെറിയുടേതിനു സമാനമായ വൈകാരികവും അപക്വവുമായ ഭിന്നതകള്‍ മാത്രമായിരിക്കും അത്തരത്തിലുളളത്. എന്നാല്‍, തങ്ങളുടെ നിര്‍ണയങ്ങളെ ന്യായീകരിക്കാന്‍ കണ്ടെത്തുന്ന വാദമുഖങ്ങള്‍ തരംതാണതും തങ്ങള്‍ അംഗീകരിച്ചവരെ തന്നെ കരിവാരിയെറിയുന്നതുമാവാതിരിക്കാന്‍ ജൂറികള്‍ ശ്രദ്ധിക്കേണ്ടതില്ലേ?

ഉണ്ടെന്നാണ് എന്റെ അഭിപ്രായം.

No comments: