തുടക്കത്തില്‍ സിനിമാമന്ത്രിക്കു കാല്‍ വഴുതുന്നോ എന്നു തോന്നിയ സംശയം, ചലച്ചിത്രമേളയുടെ നടത്തിപ്പോടുകൂടിയും, അതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളോടുകൂടിയും അതിന്റെ മുകളറ്റംവരെ എത്തിയതാണ്. എന്നാല്‍ ഗണേഷ്‌കുമാറിന്റെ പുതിയ പ്രവൃത്തികളില്‍, ചില ദീര്‍ഘവീക്ഷണത്തിന്റെയും സുവ്യക്തതയുടെയും രജതരേഖകള്‍ കാണാനാവുന്നുവെന്നതില്‍ സന്തോഷമുണ്ട്. ചലച്ചിത്ര അക്കാദമിയില്‍ നിന്ന് ബീനാ പോളിനെ മാറ്റുന്നു എന്നു കേട്ടിട്ടും ഏറെ ആശങ്കപ്പെട്ടിട്ടുണ്ട് ഞാന്‍. കാരണം, 2000-2003 കാലയളവില്‍ മേളയുടെ ശരിക്കും ചെറുപ്പക്കാലത്തു മേളയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതു മുതല്‍ തന്നെ അവരുടെ സംഭാവന എന്തെന്ന് നേരിട്ടറിയാന്‍ കഴിഞ്ഞ ആളെന്ന നിലയ്ക്ക്, അവരെ മാറ്റുന്നത് മേളയ്ക്ക് എന്തുമാത്രം ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞിരുന്നതാണ്. എല്ലാ പ്രവര്‍ത്തിയിലും കാണുമല്ലോ പ്രതിപ്രവര്‍ത്തനങ്ങള്‍. എല്ലാ നല്ലതിലും കാണും ചില അരുതായ്കകള്‍. ബീനയുടെ പ്രവര്‍ത്തികളെ മാനിക്കുകയും അവരില്‍ നിന്നുള്ള അരുതായ്കകളെന്തെങ്കിലുമുണ്ടെങ്കില്‍ അവയെ നിയന്ത്രിക്കുകയുമാണ് ശരിയായ മാനേജ്‌മെന്റ് വൈദഗ്ധ്യം. അതേതായാലും കെ.ബി.ഗണേഷ്‌കുമാര്‍ തിരിച്ചറിഞ്ഞുവല്ലോ, സന്തോഷം.
മുമ്പ് പലകുറി, മാറിമാറി വന്ന അവാര്‍ഡ് ജൂറികളുണ്ടാക്കിയ വിവാദങ്ങളെ വിലയിരുത്തിയിട്ടുള്ളപ്പോള്‍, സിനിമയെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് എനിക്കു തോന്നിയിട്ടുള്ള സംശയം അന്നേ എഴുതുകയും പറയുകയും ചെയ്തിട്ടുള്ളതാണ്. സാഹിത്യ അക്കാദമി മികച്ച രചനകള്‍ക്ക് അവാര്‍ഡ് കൊടുക്കുമ്പോള്‍ അതു നിര്‍ണയിക്കാനുള്ള സമിതിയില്‍ സംഗീതജ്ഞരെയോ സിനിമാക്കാരെയോ ഉള്‍പ്പെടുത്താറില്ലല്ലോ. ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ജൂറിയില്‍ എഴുത്തുകാരെയോ ചലച്ചിത്രകാരന്മാരെയോ ഉള്‍പ്പെടുത്താറുമില്ല. എന്നാല്‍ സിനിമാ അവാര്‍ഡ് നിര്‍ണയ സമിതിയില്‍ മാത്രമാണ് എല്ലാ മേഖലകളിലും നിന്നുള്ളവരെ ഉള്‍പ്പെടുത്തിക്കാണാറുള്ളത്. ഇതിന്റെ നൈതികതയേപ്പറ്റിയാണ് പലപ്പോഴും എനിക്കു സംശയം തോന്നിയിട്ടുള്ളത്. ഏതായാലും ഗണേഷ്‌കുമാറിന്റെ പുതിയ പരിഷ്‌കാരത്തില്‍ അതിനും മറുപടിയുണ്ടാവുകയാണ്. സിനിമാരംഗത്തു നിന്നുള്ളവരെ മാത്രമേ ഇനിമുതല്‍ ജൂറിയിലുള്‍പ്പെടുത്തൂ എന്ന തീരുമാനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശരികളില്‍ ഒന്നുതന്നെയാണ്. ചലച്ചിത്രപ്രവര്‍ത്തകരെ മാത്രമല്ല, നിരൂപകരെയും അതിലുള്‍പ്പെടുത്തണം. നിലവില്‍, അക്കാദമിയുടെ സ്ഥിരം കുറ്റികളില്‍ പെടാതെ അവാര്‍ഡ് വാങ്ങുന്ന ഏതെങ്കിലും ഒരു നിരൂപകനോ ഗ്രന്ഥകര്‍ത്താവോ ഉണ്ടായിപ്പോയാല്‍ പിന്നീട് അയാളെ അക്കാദമിയുടെ ഏഴയലത്തുകൂടി അടുപ്പിക്കാത്ത അവസ്ഥയാണുള്ളത്. സിനിമയെ സ്‌നേഹിക്കുന്നവരെയും സിനിമ സ്‌നേഹിക്കുന്നവരെയുമാണ് അക്കാദമി അടുപ്പിച്ചുനിര്‍ത്തേണ്ടത്. അല്ലാതെ സിനിമയുടെ പരാന്നഭോജികളെയല്ല.
No comments:
Post a Comment