Sunday, October 10, 2010

ദേവഭൂമിയുടെ പുണ്യകവാടത്തില്‍ദേവഭൂമിയിലേക്കുള്ള സ്വര്‍ഗകവാടം- അതാണ് ഹരിദ്വാര്‍. ഗഡ്‌വാള്‍ ഹിമാലയത്തിലേക്കുള്ള വാതായനഭൂമിയാണത്. പുരാണവും ചരിത്രവും, സത്യവും മിഥ്യയും, വിശ്വാസവും പൊരുളും ഇടകലര്‍ന്ന ജൈവസാന്നിദ്ധ്യമുള്ള പുണ്യഭൂമി. ഹൈന്ദവരുടെ പുണ്യസ്ഥലങ്ങളിലൊന്ന്. നിറയേ കടുംചായം ചാലിച്ച പുരാണങ്ങളുടെ ഇതിഹാസഭൂമിക.
കഥകളിലും കവിതകളിലും നിറഞ്ഞുനില്‍ക്കുന്ന ഹരിദ്വാര്‍. എം.മുകുന്ദന്റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു വായിച്ചതില്‍ വിരിഞ്ഞ ശ്‌ളഥചിത്രങ്ങളുടെ മനോരേഖകള്‍ കണ്‍മുന്നില്‍...സഖറിയയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും എം.കെ.രാമചന്ദ്രനും വാക്കുകളിലൂടെ വരഞ്ഞിട്ട ഹരിദ്വാര്‍. കുംഭമേളയുടെ കാവിഭൂമിക. ഹരിദ്വാര്‍ ആത്മീയതയുടെ വിശുദ്ധകാശികളില്‍ പ്രഭാമയം തന്നെയാണ്. പുണ്യാശ്രമങ്ങളുടെ ഹൃശികേശും കൂടിയാകുമ്പോള്‍ ധ്യാനഭൂമിക സമ്പൂര്‍ണമാവുന്നു. ഇത് ഭാരതത്തിന്റെ പുണ്യം.ഹൈമവതത്തിന്റെ പ്രാസാദം.
തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് 200 കിലോമീറ്ററുണ്ട് ഹരിദ്വാറിലേക്ക്. രാത്രിയിലാണെങ്കില്‍ ആറുമണിക്കൂര്‍ യാത്ര. പക്ഷേ രാത്രി 12 മണി കഴിഞ്ഞേ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തേക്കുള്ള ചെക്ക്‌പോസ്റ്റ് തുറക്കൂ. നേരത്തേ ചെന്നാല്‍ വഴിയോരത്ത് പാതിരാത്രി വരെ കാത്തുകിടക്കേണ്ടി വരും. അന്തര്‍സംസ്ഥാന ചുങ്കപ്പിരിവിനുള്ള ഉത്തരാഖണ്ഡ് ഉദ്യോഗസ്ഥന്‍ അപ്പോഴേ കനിഞ്ഞെഴുന്നള്ളുകയൂള്ളൂ. നേരിട്ടാണെങ്കില്‍ ഡല്‍ഹിയില്‍നിന്ന് ഹരിദ്വാറിലേക്ക് തീവണ്ടിയിലും പോകാം.
പഴയ ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്നു ഉത്തരാഖണ്ഡ്. പ്രത്യേക സംസ്ഥാന പദവി ലഭിച്ചപ്പോള്‍ ഉത്തരാഞ്ചലായിത്തീര്‍ന്നെങ്കിലും പിന്നീട് ഉത്തരാഖണ്ഡായി ഉറയ്ക്കുകയായിരുന്നു. അല്ലെങ്കിലും ദേവഭൂമിക്കെന്തിന് പേരിന്റെ തിരിച്ചറിയല്‍ കാര്‍ഡ്? ഗംഗയും യമുനയും ഹിമവാനും ചേര്‍ന്ന് കനിഞ്ഞരുളിയ പ്രകൃതി തന്നെ ഉത്തരാഖണ്ഡിന് സ്വന്തമായൊരു അസ്തിത്വമുണ്ടാക്കിക്കൊടുക്കുന്നുണ്ട്.
ഹിമാലയത്തിന്റെ ശിവാലിക് ഗിരിനിരകളിലേക്കുള്ള പ്രവേശനദ്വാരമാണ് ഹരിദ്വാര്‍. സമൂദ്രനിരപ്പില്‍ നിന്ന് 951 അടി ഉയരത്തില്‍ സ്ഥിതിടചെയ്യുന്ന താഴ്‌വാരം.ഗംഗാതടത്തിലെ ഒരു ചെറിയ നഗരം. പഴമയുടെ പ്രൗഢി അലങ്കാരമാകുന്ന പട്ടണം. ആധുനികതയുടെ ഒഴുക്കിലും ഒലിച്ചുപോകാത്ത ഭൂതാവശിഷ്ടങ്ങള്‍ പോലെ കെട്ടിടങ്ങളും നിരത്തുക്കളും എന്തിന് വാഹനങ്ങള്‍ വരെ. ന്യൂ ജനറേഷന്‍ കാറുകള്‍ക്കൊപ്പം സാധാരണക്കാരുടെ വാഹനമായി സൈക്കിള്‍ റിക്ഷകളും ധാരാളം. ദോ ബീഘാ സെമീനിലും ഓടയില്‍നിന്നിലുമൊക്കെ മാത്രം മലയാളികളുടെ പുതിയ തലമുറ കണ്ടിട്ടുള്ള സൈക്കിള്‍ റിക്ഷകള്‍ മുഖ്യനിരത്തുകളിലൂടെ തലങ്ങും വിലങ്ങും. ഓട്ടോ റിക്ഷയ്ക്ക് നൂറു രൂപ കൊടുക്കേണ്ടിടത്ത് സൈക്കിള്‍ റിക്ഷയില്‍ ആളൊന്നിന് 20 രൂപ മാത്രം. എന്നാലും ഒരുമനുഷ്യന്‍ മൂന്നും നാലും പേരെ, അവരുടെ ഭാണ്ഡങ്ങളടക്കം ചവിട്ടിവലിക്കുന്നതിലെ നീചത്വമോര്‍ക്കുമ്പോള്‍ റിക്ഷാവാലകളോട് സഹതാപമാണ് തോന്നുക. തദ്ദേശീയരൊഴികെ, പുറമേ നിന്നു വരുന്നവരെല്ലാം ഇവര്‍ക്ക് പറഞ്ഞുറപ്പിച്ച തുകയ്ക്കുപുറമേ ഒരു തുക കൂടി പ്രതിഫലമായി കൊടുത്തുകൊണ്ട് അവരുടെ കരുണ പ്രകടമാക്കുകയും ചെയ്യുന്നു. ഇതാണ് വാസ്തവത്തില്‍ റിക്ഷാവാലകളുടെ ലാഭം.കുതിരവണ്ടിയാണ് മറ്റൊരു അത്ഭുതക്കാഴ്ച. പരമ്പരാഗതമായ തടിച്ചക്രമുള്ളതും വായുനിറച്ച ടയറുള്ളതുമായ കുതിരവണ്ടികളും നിരത്തുകളിലെ സ്വാധാരണ കാഴ്ചയാണ്.ഇവ ട്രാഫിക്കിനിടയില്‍ക്കൂടി ഇടകലര്‍ന്നുപോകുന്നത് സന്ദര്‍ശകര്‍ക്ക് കൗതുകക്കാഴ്ചതന്നെ.
ഹരിയുടെ ഭൂമിയിലേക്കുള്ള കവാടം അഥവാ ദ്വാരം എന്ന അര്‍ഥത്തിലാണ് ഹരിദ്വാര്‍ എന്ന പേരെന്നാണ് പൊതുവേ ഉള്ള വിശ്വാസം. ബദരീനാഥന്റെ പ്രാസാദത്തിലേക്കുള്ള വഴി തുടങ്ങുന്നത് ഇവിടെനിന്നാണല്ലോ. മോക്ഷകവാടം എന്ന വ്യംഗ്യാര്‍ഥവുമുണ്ട് ഹരിദ്വാര്‍ എന്ന നാമത്തിന്. ഹരിയിലേക്കുള്ള വഴി എന്നതാണത്.എന്നാല്‍ ഹരന്റെ നിവാസഭൂമികയിലേക്കുള്ള പ്രവേശനദ്വാരം എന്ന അര്‍ഥത്തില്‍ ശൈവര്‍ ഹരിദ്വാറിനെ കണക്കാക്കിപ്പോരുന്നുണ്ട്. ഹരദ്വാരമാണ് പിന്നീട് കാലാന്തരത്തില്‍ ഹരിദ്വാറായി മാറിയത് എന്നാണ് ശൈവവിശ്വാസം.രണ്ടായാലും ഹരിദ്വാര്‍ ഹൈന്ദവര്‍ക്ക് പുണ്യഭൂമിതന്നെയാണ്. അതിന്റെ വിശ്വാസ പ്രസക്തി അവിടത്തെ ക്ഷേത്രങ്ങളുടെ എണ്ണം മാത്രമെടുത്താല്‍ വ്യക്തമാകും. മൂന്നൂറിലേറെ വലുതും ചെറുതുമായ അമ്പലങ്ങളാണ് ഹരിദ്വാറിനും ചുറ്റുപാടുമായി ഉള്ളത്. അവയില്‍ വിഖ്യാതമായ മനസാദേവീ ക്ഷേത്രമുണ്ട്. ചണ്ഡികാദേവീ ക്ഷേത്രവുമുണ്ട്.
കപിലമുനി വര്‍ഷങ്ങളോളം തപസ്സനുഷ്ഠിച്ച ഭൂമിയാണ് ഹരിദ്വാര്‍ എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഇതിന് കപിലസ്ഥാനം എന്നും പേരുകാണാം പുരാണങ്ങളില്‍. മയന്‍ നിര്‍മിച്ചതാകയാല്‍ മായാപുരി എന്നൊരു അപരനാമവും ഹരിദ്വാറിനുണ്ട്. ഹരിദ്വാറിന് എപ്പോഴും പീതവര്‍ണ്ണമാണ്. കാരണം സന്യാസികളുടെ വിഹാരഭൂമിയാണ് ഇത്. എവിടെത്തിരിഞ്ഞാലും ആശ്രമങ്ങള്‍.ധര്‍മ്മസ്ഥലികള്‍.വിവിധ ഗോത്രങ്ങളില്‍ വിവിധ പരമ്പരകളിലുള്ള സന്യാസിവര്യന്മാര്‍. അവരുടെ സമാധിസ്ഥലികള്‍. ഗംഗയുടെ നീലവര്‍ണ്ണത്തിനു സമാന്തരമായി കാവിയുടെ ഒരു കരനിര. കുംഭമേളയില്‍ ഇതു കടലാകുമെന്നുമാത്രം.
ഏപ്രിലിലെ വിശാഖനാളിലും (ബൈശാഖി), ഗംഗ ദസറയ്ക്കും ഏപ്രിലില്‍ തന്നെയുള്ള മഹാകുംഭമേളയ്ക്കുമാണ് ഹരിദ്വാര്‍ ദേശവിദേശങ്ങളില്‍ നിന്നുള്ള ഭക്തസഹസ്രങ്ങളെക്കൊണ്ട് നിറയുക. അന്ന് കരകവിഞ്ഞൊഴുകുന്ന ഗംഗയും കരയില്‍ മനുഷ്യമഹാഗംഗയും തമ്മില്‍ ഒരു ബലാബലം തന്നെ നടക്കും. വ്യാഴവട്ടത്തിലൊരിക്കലുളള മഹാകുംഭമേളയ്ക്കും ആറു വര്‍ഷം കൂടുമ്പോഴുള്ള അര്‍ഥകുംഭമേളയ്ക്കും ഹരിദ്വാറിലെ ഓരോ മണല്‍ത്തരിയും ഭക്തപാദങ്ങളിലെ ദിവ്യധൂളികളായി മാറും. കങ്കല്‍ ഹൃശികേശ് തുടങ്ങിയ പ്രദേശങ്ങളെല്ലാം സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. ഇവിടെ തദ്ദേശീയര്‍ക്കൊഴികെ ആര്‍ക്കും ഭൂമി സ്വന്തമാക്കാനാവില്ല. ആശ്രമസ്ഥാപനങ്ങള്‍ മാത്രമാണ് സര്‍ക്കാരിതരമായി ഭൂമി സ്വന്തമായിട്ടുള്ളവര്‍.ഇന്ത്യയിലെ മഹാ സന്യാസി പ്രസ്ഥാനങ്ങളുടെയെല്ലാം മുഖ്യ ആശ്രമങ്ങളില്‍ മിക്കതും ഹരിദ്വാറിലാണ്. അവര്‍ പോലും കുംഭമേളക്കാലത്ത് അത് ഭക്തര്‍ക്കു വിരി വയ്ക്കാന്‍ വിട്ടുകൊടുക്കും. ഗംഗാതീരം മുഴുവനും സന്യാസിശ്രേഷ്ഠരെക്കൊണ്ടു പീതവര്‍ണമാര്‍ജ്ജിക്കുന്ന മഹാകുംഭമേള കഴിഞ്ഞിട്ട് ഇപ്പോള്‍ മാസങ്ങളാവുന്നതേയുള്ളൂ.അതിന്റെ ആലസ്യത്തില്‍ നിന്ന് ഗംഗ വിട്ടുണരുന്നതേയുള്ളൂ.
ക്ഷേത്രങ്ങളുടെ ഭൂമിയെന്നതിനേക്കാള്‍ ഹരിദ്വാറിനെ പ്രശസ്തവും പ്രസക്തവുമാക്കുന്ന മറ്റൊരു സാന്നിദ്ധ്യം മാ ഗംഗാ ദീ എന്ന് ഭക്തര്‍ പ്രാര്‍ഥനയോടെ വിളിക്കുന്ന ഗംഗാമാതാവിന്റേതാണ്. ഹിമവാന്റെ നെറുകയിലെ ഹിമാനികളില്‍ നിന്നുറവയെടുത്ത്, പല പേരുകളില്‍ അഞ്ചുവഴിക്ക് ഒഴുകി, ഇടയ്ക്ക് അഞ്ചു പ്രയാഗുകളില്‍ സംഗമിച്ച് ആര്‍ത്തുലച്ചൊഴുകിയെത്തുന്ന ഗംഗ ഹരിദ്വാറിന് 24 കിലോമീറ്റര്‍ മുകളില്‍ ഹൃഷികേശില്‍ വച്ചാണ് ഒന്നിച്ച് മഹാപ്രസ്ഥാനമായി ശിവഗംഗയായി ഹരിദ്വാറിലെ മണിഘട്ടുകളെ തഴുകി പാഞ്ഞൊഴുകുന്നത്. ഒരു സംസ്‌കാരം ഒട്ടാകെ തന്നെ ഇവിടെ ഗംഗയിലധിഷ്ഠിതമായിരിക്കുന്നു. അല്ലെങ്കില്‍ ഗംഗയെ ആശ്രയിച്ചു കഴിയുന്നു. ഗംഗ ഇവര്‍ക്ക് മാതാവാകുന്നത്, മുലപ്പാല്‍ പോലെ പരിശുദ്ധമായ തെളിനീര്‍ പകര്‍ന്നു നല്‍കുന്നതുകൊണ്ടാണ്. അവരുടെ കൃഷിയും കാലിയും വളര്‍ത്തുന്നതുകൊണ്ടുമാണ്.അമ്മ ഗംഗയുടെ സാന്നിദ്ധ്യം കൊണ്ടു പരിപാവനമായ ഹരിദ്വാറിനെ ഗംഗാദ്വാരം എന്നു വിശേഷിപ്പിക്കുന്നതും അപൂര്‍വമല്ലനദീതീരത്തെ ബ്രഹ്മകുണ്ഡില്‍ ഗംഗാദേവിയാണ് പ്രതിഷ്ഠ
ഹരിദ്വാറിലെ ഏറ്റവും വലിയ പുണ്യ ദര്‍ശനങ്ങളിലൊന്ന് എന്നും ത്രസന്ധ്യയ്ക്ക് ഹരി കീ പൗഡി എന്ന പുണ്യസ്‌നാനഘട്ടിലുള്ള ഗംഗാ ആരതിതന്നെയാണ്. (ഹരിയുടെ പടവുകള്‍ എന്നാണ് ഈ പേരിന്റെ അര്‍ഥം. ഹരിയിലേക്കുള്ള സ്‌നാനഘട്ടം എന്നു സാരം.ഇവിടെ പടവുകളില്‍ വിഷ്ണുപാദം പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.) അക്ഷരാര്‍ഥത്തില്‍ അതൊരു കാഴ്ചതന്നെയാണ്. കണ്ണിനെ പുണ്യമാക്കുന്ന, മനസ്സില്‍ ദീപം തെളിയിക്കുന്ന കാഴ്ച. ദിവസവും സാന്ധ്യവേളയില്‍ ലക്ഷങ്ങള്‍ ഗംഗയുടെ ഇരുകരകളിലും ഹരി കി പൗഡിയോട് ചേര്‍ന്ന് അണിനിരക്കുന്നു. ഇലക്കുമ്പിളില്‍ പൂജാദ്രവ്യങ്ങളും പൂക്കളും മണ്‍ചെരാതില്‍ കത്തിച്ച ദീപവുമായി അവര്‍ ഗംഗാമാതാവിനെ വന്ദിക്കുന്നു. ക്ഷേത്രമണി മുഴങ്ങുന്നതോടെ ഗംഗാ ആരതിക്കു തുടക്കമാവുകയായി. അമ്പലത്തില്‍ നിന്നുള്ള വെടിപൊട്ടുന്നതോടെ പാണ്ഡേകള്‍ നിറദീപവുമായി ഗംഗയെ ദീപാരാധനചെയ്യുമ്പോള്‍ ഇരു കരകളിലും നിന്നായി ഭക്തലക്ഷങ്ങള്‍ തങ്ങളുടെ ദീപക്കുമ്പിളുകള്‍ ഗംഗയിലേക്ക് ഒഴുക്കിവിടുകയായി.എങ്ങും ബോല്‍ ഗംഗാ മയ്യാ കീ ജയ് വിളികളുടെ ഭക്തപ്രഹര്‍ഷം ക്ഷണനേരത്തേക്കെങ്കിലും നീലനിറമാര്‍ന്ന ഗംഗ അന്തിവെയിലിന്റെ സുവര്‍ണപ്രഭയില്‍ ദീപങ്ങളുടെ മഹാപ്രവാഹമായി മാറുന്ന കാഴ്ച ഹൃദയത്തില്‍ തട്ടുന്നതാണ് .ഗംഗയുടെ കരയില്‍ പൂര്‍ണാകാരമായ ശിവപ്രതിമ അനുഗ്രഹം ചൊരിഞ്ഞു നില്‍ക്കുന്നു.
അമ്മ-ദേവീ സങ്കല്‍പങ്ങളാല്‍ സമൃദ്ധമത്രേ ഹരിദ്വാറിലെ ക്ഷേത്രങ്ങള്‍. അവയില്‍ പ്രധാനമായ മനസാ ദേവീക്ഷേത്രവും ചണ്ഡികാ ക്ഷേത്രവുമെല്ലാം ഗംഗയുടെ കരകളില്‍ത്തന്നെയുള്ള മലമുകളിലാണ് സ്ഥിതിചെയ്യുന്നത്.പഴനിയോ തിരുപ്പതിയോ പോലൊരു കുന്നാണ് ബില്‍വ. അതിന്മേലാണ് മനസാ ദേവിയുടെ ഇരിപ്പിടം. നഗരത്തില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാറിയാണ് ഈ കുന്നുംപുറം
ദക്ഷയാഗത്തെത്തുടര്‍ന്ന് അപമാനഭാരത്താല്‍ ആത്മത്യാഗം ചെയ്യുന്ന സതിയുടെ ശരീരവുമായി വര്‍ഷങ്ങളോളം നീണ്ട പ്രചണ്ഡതാണ്ഡവം നടത്തുന്ന മുക്കണ്ണന്റെ കോപത്തീയണയ്ക്കാന്‍ ദേവന്മാര്‍ വിഷ്ണുവിനെ ആശ്രയിക്കുന്നു. മഹാവിഷ്ണു തന്റെ ചക്രായുധം കൊണ്ട്, ഹരിഹരന്റെ കൈയില്‍ കിടക്കുന്ന സതിയുടെ ശരീരത്തെ തുണ്ടം തുണ്ടമാക്കുന്നു. ഈ തുണ്ടുകളില്‍ പലതും ഭൂമിയില്‍ പലയിടത്തായി ചിതറിവീഴുകയും പ്രാണസഖിയുടെ ശരീരം അവശേഷിക്കാതായതോടെ ശിവകോപം മെല്ലെമെല്ലെ തണുത്തടങ്ങിയെന്നുമാണ് പുരാവൃത്തം. ഇങ്ങനെ ഛേദിക്കപ്പെട്ട സതിയുടെ മാറിടവും ഹൃദയവും വന്നു പതിച്ചത് ഈ കുന്നിരിക്കുന്ന സ്ഥലത്താണെന്നാണ് വിശ്വാസം. അങ്ങനെ സതിയുടെ മനസ്സുവന്നുവീണിടം മനസാ ദേവീ ക്ഷേത്രമായി. പരാശക്തിയുടെ മറ്റൊരു ഭാവത്തില്‍ മനസാദേവി ആരാധിക്കപ്പെടുന്നു.ഇന്ത്യയിലെ പ്രധാന സിദ്ധപീഠങ്ങളിലൊന്നാണിത്.
മനസാ ദേവീ ക്ഷേത്രത്തിലേക്കുള്ള യാത്രതന്നെ ഏറെ വിശേഷപ്പെട്ടതാണ്. ഒന്നുകില്‍ താഴ് വാരം മുതല്‍ കാല്‍നടയായി കുന്നേറണം. അല്ലെങ്കില്‍ ജര്‍മ്മന്‍ സാങ്കേതികതയുപയോഗിച്ച് നിര്‍മിച്ച റോപ് വേയെ ആശ്രയിക്കണം. രാവിലെ തന്നെ നടതുറക്കുമെങ്കിലും ഏഴരമുതല്‍ക്കേ റോപ് വേ പ്രവര്‍ത്തനമാരംഭിക്കുകയുള്ളൂ. മനസാദേവിയിലേക്കുള്ള ടിക്കറ്റുമാത്രമായും മനസാ ദേവിയിലേക്കും ഇതേ പോലെ റോപ് വേയുള്ള ചണ്ഡികാദേവിയിലേക്കും ഒന്നിച്ചും ടിക്കറ്റെടുക്കാനാവും. ആളൊന്നിന് മുകളിലേക്കും താഴേക്കുമായി48 രൂപയാണ് നിരക്ക്.540 മീറ്റര്‍ അഥവാ 1770 അടി ആണ് ഈ റോപ് വേയുടെ മൊത്തം നീളം. 178 മീറ്ററാണ് ഉയരം. നാലുപേര്‍ വീതം കയറാവുന്ന അടച്ചുറപ്പുള്ള റോപ് കാറുകളിലായാണ് ഇവിടെ സന്ദര്‍ശകരെ മലമുകളിലെത്തിക്കുന്നത്. രാവിലെ തന്നെ തുറക്കുന്ന റോപ് വേ പാതയില്‍ ടിക്കറ്റെടുത്തവരെ പ്രതീക്ഷാലയത്തില്‍ ഇരുത്തുന്നു. പിന്നീട് നാലുപേരെ വീതം റോപ് കാറുകളില്‍ സുരക്ഷിതമാക്കി ഉയര്‍ത്തുന്നു. അഞ്ചുമിനിറ്റോളം അന്തരീക്ഷത്തില്‍ ഉരുക്കുകയറിലൂടെ തൂങ്ങിക്കിടന്നുള്ള ആകാശസഞ്ചാരം സാഹസികതമാത്രമല്ല സമ്മാനിക്കുന്നത്. ഈ റോപ് കാറിലൂടെ, അങ്ങു താഴെ ഗംഗയുടെ ഇരുകരകളിലുമായി പടര്‍ന്നു കിടക്കുന്ന ഹരിദ്വാര്‍ പട്ടണത്തിന്റെ ഗരുഡവീക്ഷണം ഒരിക്കലും മായാത്ത ദൃശ്യമായിത്തന്നെ ഉള്ളില്‍ പതിയും. വൈകിട്ട് ആറുമണിവരെയേ റോപ് വേ പ്രവര്‍ത്തിക്കുകയൂള്ളൂ. ദക്ഷിണായനത്തിന്റെ മഞ്ഞുകാലത്ത് രാവിലെ ഒരു മണിക്കൂറു വൈകിയും വൈകിട്ട് അത്ര തന്നെ നേരത്തേയും റോപ് വേ പ്രവര്‍ത്തിക്കും.
വൈഷ്‌ണോ ദേവി അടക്കം ഒട്ടേറെ ഉപദേവതാ പ്രതിഷ്ഠകളുള്ള ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠകള്‍ മൂന്ന് വായും അഞ്ചു കൈകളുമുള്ള ദേവീരൂപത്തിന്റെയും മറ്റൊന്ന് അഷ്ടകരങ്ങളുള്ള ദേവീസ്വരൂപത്തിന്റേയുമാണ്.വസുകിയുടെ പത്്‌നിയും കശ്യപമഹര്‍ഷിയുടെ മാനസപുത്രിയുമായിരുന്ന മനസാദേവിയാണ് പിന്നീട് സതിയായി ജന്മമെടുത്തത് എന്നാണ് ഐതീഹ്യം. ഇതില്‍ മനസയുടെ വിഗ്രഹമാണ് മൂന്ന് വായുള്ള രൂപമെന്നാണ് വിശ്വാസം
ക്ഷേത്രപരിസരത്തുള്ള ഒരു പുണ്യവൃക്ഷത്തില്‍ വര്‍ണനൂലുകള്‍ മാടിക്കെട്ടുക ഇവിടത്തെ ഒരാചാരമാണ്. പ്രസാദം, മറ്റ് ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളിലേതുപോലെ, പഞ്ചസാരക്കല്‍ക്കണ്ടവും ലഡ്ഡുവുമൊക്കെയത്തന്നെയാണ്. തൊടുന്ന പ്രസാദത്തേക്കാള്‍ ഉത്തരേന്ത്യയില്‍ നിവേദ്യപ്രസാദത്തിനാണ് പ്രസക്തി. വഴിയരികിലെ ചിന്തുകടകളിലെല്ലാം പല വിലയ്ക്കു വില്‍ക്കാന്‍ കിട്ടുന്ന ഈ പ്രസാദക്കൂട്ടു വാങ്ങി ശ്രീകോവിലില്‍ കൊടുത്താല്‍ നിവേദിച്ചു തിരികെത്തരും. കുങ്കുമമാടിക്കുന്നതും ഇവിടെ വിശേഷമാണ്.
കങ്കല്‍ എന്ന താഴ്‌വാരത്തിനു വലതുമാറി നീലപര്‍വതം എന്ന കുന്നിന്മുകളിലാണ് ചണ്ഡികാദേവീ ക്ഷേത്രം. കടല്‍നിരപ്പില്‍ നിന്ന് 9500 അടി ഉയരത്തിലാണ് ക്ഷേത്രം നാല്‍പത്തഞ്ചോളം മിനിറ്റ കാല്‍നടയായി കുന്നുകയറുകയോ റോപ് വേയിലൂടെ ക്ഷേത്രത്തിലെത്തുകയോ ആവാം. 740 മീറ്ററാണ് റോപ് വേയുടെ നീളം1929ല്‍ കശ്മീര്‍ രാജാവ് സുചാത് സിംഗ് പുതുക്കിപണികഴിപ്പിച്ചതാണീ ക്ഷേത്രം. ഇവിടത്തെ പ്രധാന മൂര്‍ത്തി പ്രതിഷ്ഠിച്ചത് ആദി ശങ്കരനാണെന്നാണ് ഐതീഹ്യം
ദേവലോകം കീഴ്‌പ്പെടുത്തിയ അസുരരാജാക്കന്മാരായിരുന്നു ശുഭനും നിശുംഭനും. അവര്‍ ഇന്ദ്രപുരിയില്‍ നിന്ന് ദേവന്മാരെ ഒട്ടാകെ തുരത്തിയോടിച്ചു. തുടര്‍ന്ന് ശിവപാര്‍വതിമാരെ ആശ്രയിച്ച ദേവസഭാംഗങ്ങളെ രക്ഷിക്കാന്‍ പാര്‍വതി സ്വന്തം കോശകലകളില്‍ നിന്നു സൃഷ്ടിച്ച ചൈതന്യമാണ് ചണ്ഡിക. ചണ്ഡികയെ വിവാഹം കഴിക്കാന്‍ ശുംഭന്‍ ആശിച്ചെങ്കിലും ദേവി കൂട്ടാക്കിയില്ല. കോപാന്ധനായ ശുംഭന്‍ ദേവിയുടെ കഥകഴിക്കാന്‍ സ്വന്തം അനുചരന്മാരായ ചണ്ഡനെയും മുണ്ഡനെയും നിയോഗിക്കുന്നുവെങ്കിലും ഇരുവരും ചണ്ഡികാദേവിയുടെ കോപാഗ്നിയില്‍ വെണ്ണീറാവുകയാണ്.തുടര്‍ന്ന് ദേവിയോടേറ്റുമുട്ടാന്‍ നേരിട്ടെന്നു ശുംഭനിശുംഭന്മാരെ ചണ്ഡിക നിഗ്രഹിക്കുകയും ദേവലോകം ഇന്ദ്രപരമ്പരയ്ക്ക് വീണ്ടെടുത്തുനല്‍കുകയും ചെയ്യുന്നു. ഈ ഐതീഹ്യത്തിലെ ചണ്ഡികാദേവീയുടേതാണ് നീല പര്‍വതത്തിലെ പ്രതിഷ്ഠ. മാ സന്തോഷിയുടെ ഉപപ്രതിഷ്ഠയും ഇവിടെ കാണാം.
ഇവിടെ നിന്ന് 200 മീറ്റര്‍ മാത്രമകലെയാണ് അഞ്ജനാദേവിയുടെയും ഹനുമാന്റെയും ഉപക്ഷേത്രം.ഐതീഹ്യസമ്പത്താല്‍ അനുഗ്രഹീതമാണ് ഈ അമ്പലം. ഇവിടെ വച്ചാണ് അഞ്ജന ഹനുമാന് ജന്മം നല്‍കിയത് എന്നാണ് വിശ്വാസം. അതുകൊണ്ടേതന്നെ ചണ്ഡികാ ദേവീ ക്ഷേത്രത്തിലെ ഈ ഉപക്ഷേത്രം മുഖ്യക്ഷേത്രത്തേക്കാള്‍ പ്രശസ്തമായിരിക്കുന്നു.
ഈ പര്‍വതമുകളില്‍ നിന്നുള്ള താഴ് വാര ദൃശ്യവും അനുപപമാണ്. ഒപ്പം തിരികെവരാന്‍ റോപ് വേ പാതയില്‍ കാത്തുനില്‍ക്കുമ്പോള്‍ ഓരത്തെ ഭക്ഷണശാലയില്‍ ഇലക്കുമ്പിളില്‍ പകര്‍ന്നു വച്ച് പത്തിന പഴവര്‍ണ്മ പ്രാതല്‍ ഏറെ കൗതുകം നല്‍കും. ഹിമാലയത്തില്‍ സുലഭമായ ആപ്പിള്‍, സബര്‍ജില്ലി, കപ്‌ളങ്ങ, വാഴപ്പഴം, മുസമ്പി, മുന്തിരി, പിഞ്ചുവെള്ളരി, കൈതപ്പഴം തുടങ്ങി 10 പഴയിനങ്ങളുടെ ഏതാനും കഷണങ്ങള്‍ ചേര്‌ന്നൊരു സമീകൃത ഫ്രൂട്ട് സാലഡിന് വില വെറും 10 രൂപ. വയറു കേടാകാതെ വിശ്വസിച്ചു കഴിക്കാവുന്ന ഈ ഫ്രൂട്ട് മീല്‍ തയാറാക്കുന്നതു കാണാന്‍ തന്നെ ഒരു കലയാണ്.
ക്ഷേത്രനഗരിയായ ഹരിദ്വാറിലെ മലയാളി സാന്നിദ്ധ്യവും ചെറുതല്ല. മുഖ്യ വ്യാപാരകേന്ദ്രമായ ജസ്സാ മാര്‍ഗില്‍ത്തന്നെയാണ് വിഖ്യാതമായ അയ്യപ്പക്ഷേത്രം.തീര്‍ത്തും മലയാളി ശൈലിയില്‍ പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രത്തിന്റെ ബാഹ്യരൂപം പക്ഷേ തികച്ചും ഉത്തരേന്ത്യനാണ്. ഹരിദ്വാര്‍ റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അഞ്ചു മിനിറ്റ് നടന്നാല്‍ ഇവിടെയെത്താം.
ഈ മലയാളീ ക്ഷേത്രത്തില്‍ നിന്ന് വാരകള്‍ മാത്രമകലെയാണ് കേരളാ ഹോട്ടല്‍.കോട്ടയം ജില്ലയിലെ മണിമലയില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഹരിദ്വാറിലെത്തി ഹോട്ടല്‍ തുടങ്ങിയ ശശിധരന്‍ നായര്‍ തന്നെയാണ് ഇന്നും ഇവിടത്തെ ചീഫ് കുക്കും സപ്ലൈയറും എല്ലാം. ഉത്തരേന്ത്യന്‍ ഭക്ഷണത്തിന്റെ കടുകെണ്ണ ചുവ രുചിക്കാത്ത ദക്ഷിണേന്ത്യന്‍ സന്ദര്‍ശകരുടെയും തീര്‍ഥാടകരുടെയും അന്ത്യാശ്രയമാണ് ഈ ചെറിയ ഹോട്ടല്‍. നല്ല വെളിച്ചെണ്ണയില്‍ പാചകം ചെയ്ത ഉഴുന്നുവടയും, ഇഡ്ഡലിയും ദോശയും ഏത്തയ്ക്കാപ്പവുമെല്ലാം ശശിധരന്‍ നായരുടെ കൈപുണ്യം വിളിച്ചോതുന്നവ. രാത്രി പത്തുമണിവരെ ഏതു സമയത്തും അതിഥികള്‍ക്കു വച്ചുവിളമ്പുന്ന കേരളാ ഹോട്ടലില്‍ ഒരു നിബന്ധനമാത്രമേ ഉള്ളൂ- ഉച്ചയൂണ് വേണമെങ്കില്‍ 11 മണിക്കു മുമ്പേ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യണം. അവിയലും തോരനും മെഴുക്കുപുരട്ടിയും അച്ചാറും തൈരുമൊക്കെയായി ഉച്ചയൂണ് തകര്‍പ്പന്‍.
ഹരിദ്വാറില്‍ നിന്ന് 24 കിലോമീറ്റര്‍ മാത്രംഅകലെയാണ് ഹൃഷികേശ്.ഹരിദ്വാര്‍ ക്ഷേത്രനഗരിയാണെങ്കില്‍ ഹൃഷികേശ് ആശ്രമനഗരിയാണ്. യോഗികളുടെ തീര്‍ത്ഥസ്ഥാനം. സന്യാസികളുടെ ധ്യാനനഗരി. ഡെറാഡൂണ്‍ താഴ് വാരത്തിന്റെ നഗരിയാണ് ഹൃഷികേശ്. ഹൃഷീകങ്ങളെ, ഇന്ദ്രിയങ്ങളെ വരുതിയില്‍ നിര്‍ത്തുന്ന ഈശ്വരന്റെ-മഹാവിഷ്ണുവിന്റെ നാടാണത്രേ ഹൃഷീകേശം. ഇവിടെ വച്ചാണ് കഠിനതപശ്ചര്യയിലൂടെ ഭഗവാന്‍ ഇന്ദ്രീയനിഗ്രഹം സാധ്യമാക്കിയതെന്നാണ് ഐതീഹ്യം. അതുകൊണ്ടുതന്നെയാണ് ഹൃഷികേശം തപോഭൂമിയായി മാറിയതും.സ്‌കന്ദപുരാണത്തില്‍ ഈ പ്രദേശം സൂചിപ്പിക്കപ്പെട്ടിട്ടുള്ളത് കുബ്ജമരാകമെന്ന പേരിലാണഅ. ഭഗവാന്‍ വിഷ്ണു റൈഭ്യ മഹര്‍ഷിക്കു മുമ്പാകെ മാഞ്ചോട്ടില്‍ പ്രത്യക്ഷപ്പെട്ടത് ഇവിടെയായിരുന്നത്രേ
കേദാര്‍ഖണ്ഡ് എന്ന് പുരാണങ്ങളില്‍ പരാമര്‍ശമുള്ള ഗഡ് വാളിലെ ഈ നഗരത്തിന് സമീപമാണ് മുനി കേ രേതി അഥവാ ഋഷിമാരുടെ മണ്ണ് സ്ഥിതിചെയ്യുന്നത്. സന്യാസിമാരുടെ പാവനഭുമിക.
ശിവാനന്ദാശ്രമവും രാംദേവ് യോഗാശ്രമവും കാലികമ്പിളിവാലസ്വാമിയുടെ സ്വര്‍്ണ്മാശ്രമവുമടക്കം ഒട്ടേറെ ധര്‍മ്മസ്ഥലികള്‍ കൊണ്ട് അനുഗ്രഹീതമാണീ പുണ്യഭൂമി.ചതുര്‍ധാമയാത്രയ്‌ക്കെത്തിയിരുന്നവര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയിരുന്ന കറുത്ത കമ്പിളി പുതച്ച യോഗിവര്യന്‍. പിന്നീട് ഇദ്ദേഹം കാലികമ്പിളീവാല എന്ന പേരില്‍ പ്രശസ്തനാവുകയും അദ്ദേഹത്തിന്റെ ധര്‍മ്മാശ്രമം ആ പേരില്‍ അറിയപ്പെടുകയും ചെയ്തു. പരിശുദ്ധമായ രുദ്രാക്ഷമരവും ചന്ദനമരവും ഈ ആശ്രമവാടികയെ ധന്യമാക്കുന്നു. നിരവധി കുരങ്ങന്മാരും, സിംഹവാലനും ഈ ആശ്രമത്തിലെ കൗതുകക്കാഴ്ചയാണ്.
120 വര്‍ഷത്തിലേറെ പഴക്കമുള്ള കൈലാസ് ബ്രഹ്മവിദ്യാപീഠമടക്കം നിരവധി സംസ്‌കൃത പാഠശാലകളാലും ധന്യമാണീ നഗരി. തെഹ്‌റി-ഗഡ്‌വാള്‍ ഹിമാലയപ്രദേശത്ത് 356 മീറ്റര്‍ കടല്‍നിരപ്പിനു മുകളിലായാണ് ഹൃഷികേശിന്റെ സ്ഥിതി. ത്രയമ്പകേശ്വരക്ഷേത്രം, ബലിതര്‍പ്പണത്തിനു പ്രശസ്തമായ ത്രിവേണി ഘട്ട്, നീലകണ്ട മഹാദേവക്ഷേത്രം എന്നിവയാണ് ഇവിടത്തെ മറ്റു പ്രമുഖ തീര്‍ഥാടനകേന്ദ്രങ്ങള്‍. പതിന്നാല് നിലയുള്ള ത്രയമ്പകേശ്വരക്ഷേത്രമാണ് അതില്‍ പ്രധാനം. പ്രതിഷ്ഠാവൈവിദ്ധ്യത്താലും സവിശേഷമാണ് ഈ ക്ഷേത്രം.
യോഗാഭ്യാസത്തിന്റെയും ധ്യാനത്തിന്റെയും ലോകതലസ്ഥാനമായിട്ടാണ് ഹൃഷികേശ് അറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ലോകമെമ്പാടുമുള്ള തീര്‍ഥയാത്രികരും ആത്മീയവിദ്യാര്‍ഥികളും ജ്ഞാനികളും ഇവിടെയെത്തി ധ്യാനമിരിക്കുന്നു.
ഗംഗയുടെ കിഴക്കന്‍ തീരത്താണ് ഈ ആശ്രമങ്ങളൊക്കെയും. ഇവിടേക്കായി അലറിപ്പായുന്ന ഗംഗയ്ക്കു കുറുക്കെ അരകിലോമീറ്ററോളം നീളത്തില്‍ രണ്ടു തൂക്കു പാലങ്ങളുണ്ട്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ലക്ഷ്മണ്‍ ഝൂലയും, സ്വാതന്ത്രാനന്തരം ശിവാനന്ദാശ്രമത്തിന്റെ കൂടി ശ്രമഫലമായി നിര്‍മിച്ച രാം ഝൂലയും. ഝൂല എന്നല്‍ പാലം. ഐതീഹ്യപ്പഴമയില്‍ ലക്ഷ്മണ്‍ ഝൂലയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. രാവണവധത്തിന്റെ പാപം കഴുകിക്കളയാന്‍ ഗംഗാതീരത്തെത്തിയ രാമന്‍ ഗംഗയില്‍ മുങ്ങവേ, അനുജന്‍ ലക്ഷ്മണന്‍ ഗംഗ മറികടന്നത് ഇന്ന് ഈ പാലം നിലനില്‍ക്കുന്ന സ്ഥാനത്തായിരുന്നത്രേ. ഇവിടെ പിന്നീട് 1869 ല്‍ ഒരു കയര്‍ പാലമുണ്ടാവുകയും അതു പ്രളയത്തില്‍ ഒലിച്ചുപോയപ്പോള്‍ 1924 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിലവിലുള്ള ഇരുമ്പു തൂക്കു പാലം നിര്‍മിക്കുകയും ചെയ്യുകയായിരുന്നു. ഇതിലേ നടക്കുമ്പോള്‍ പാലം ഉലയുന്നത് ഒരനുഭവമാണ്. താഴേ ആര്‍ത്തട്ടഹസിക്കുന്ന മഹാ ഗംഗ. സ്‌കൂട്ടറിലും സൈക്കിളിലും കാല്‍നടയാത്രികരെ വകഞ്ഞുമാറ്റി ഈ പാലത്തിലൂടെ പുഴകടക്കുന്നവര്‍. ലക്ഷ്മണ്‍ ഝൂല എപ്പോഴും തിരക്കിലാണ്.
ഇവിടെ നിന്ന് അല്‍പം മാത്രം അകലെയാണ് ശിവാനന്ദസ്വാമികളുടെ നേതൃത്വത്തില്‍ പണികഴിപ്പിച്ച രാംഝൂല. ആധുനിക വാസ്തുശാസ്ത്രത്തിന്റെ അത്ഭുതമാകുന്ന മറ്റൊരു തൂക്കു പാലം. ഐതീഹ്യപ്പെരുമയൊന്നുമില്ലെങ്കിലും ഇത് ഇന്ത്യന്‍ എന്‍ജിനീയറിംഗിന്റെ പ്രതിഭ വിളിച്ചോതുന്ന നിര്‍മ്മിതിയായി അവശേഷിക്കുന്നു.
ഹൃഷികേശിന് 12 കിലോമീറ്ററകലെ, രാജാജി ദേശീയോദ്യാനത്തിന്റെ ഭാഗമായുള്ള വനപ്രദേശത്താണ് വിഖ്യാതമായ വശിഷ്ഠ ഗുഹ.
ഹൃഷികേശം ഇന്ന് ഹിപ്പികളുടെ താവളം കൂടിയാണ്.ആത്മീയത കച്ചവടത്തിനു വഴിമാറുന്ന കാഴ്ച. സംസ്‌കാരം വിപണിയാവുന്ന ലോകം.ഇടുങ്ങിയ തെരുവുകളില്‍ ചിന്തുകച്ചവടത്തിനും രുദ്രാക്ഷക്കടകള്‍ക്കുമിടയില്‍ കഞ്ചാവിന്റെയും ചരസിന്റെയും ഇരുണ്ട മറ്റൊരു ലോകം. സാഹസികയാത്രയ്ക്കും ആത്മീയനിര്‍വാണത്തിനുമായി ലോകത്തെവിടെനിന്നെല്ലാമോ എത്തിച്ചേര്‍ന്നിട്ടുള്ള വിദേശീയര്‍. ഏറെയും 25-35 വയസിനിടയില്‍ പ്രായമുള്ളവര്‍.ചിലര്‍ വാടകയ്‌ക്കെടുത്ത ബൈക്കുകളില്‍.ചിലര്‍ കഞ്ചാവുപുകയുടെ നിര്‍വൃതിയില്‍...മദ്യപിച്ചു നില്‍പുറയ്ക്കാത്ത നാടന്‍ ഗൈഡുകളുടെ വലയില്‍കുടുങ്ങാതെ രക്ഷപ്പെടുക ദുഷ്‌കരം. കയ്യിലിരിക്കുന്ന എന്തും പിടിച്ചു പറിക്കുന്ന കുരങ്ങന്മാരെ കാള്‍ കഷ്ടം ഇവരാണ്. ഒറ്റയ്‌ക്കെത്തിയാല്‍ കഷ്ടപ്പെട്ടതു തന്നെ. എന്നാല്‍, കൂട്ടമായെത്തുന്ന ബിഹാറികള്‍ക്കും പഞ്ചാബികള്‍ക്കും മുന്നില്‍ ഇവര്‍ വെറും എലികള്‍. അല്ലെങ്കില്‍ ഗുണ്ടകള്‍ക്കു സമാനം പുലികളായി ചീറും ഇവര്‍.
ആത്മീയതയുടെ കാവിക്കപ്പുറം ഹൃഷികേശ് മറ്റൊരു ഗോവയോ, ഫോര്‍ട്ട് കൊച്ചിയോ കോവളമോ ആയേ മലയാളിക്ക് അനുഭവപ്പെടൂ.ഇവിടെ വിദേശിയര്‍ക്കു വേണ്ടതെല്ലാമുണ്ട്, ധാരാളം. ആത്മീയത മുതല്‍ വിദേശനാണയം വരെ. ലോകത്തെ ഏതു കറന്‍സിയും അന്നത്തെ വിലയില്‍ മാറ്റാവുന്ന ഫോറിന്‍ എക്‌സ്‌ചേയ്ഞ്ച് കൗണ്ടര്‍ മുതല്‍ ഇറ്റാലിയന്‍ റസ്‌റ്റോറന്റ് വരെ. ജര്‍മ്മന്‍ ഭക്ഷണം മാത്രം വില്‍ക്കുന്ന ബേക്കറി.കോഫി ഡേ കോഫി ഷോപ്പില്‍ കപ്പുച്ചിനോ നുണഞ്ഞിരുന്ന് പ്രണയം ആസ്വദിക്കുന്ന വിദേശികള്‍. ഇതൊക്കെ ഹൃഷികേശിന്റെ ആധുനിക കാഴ്ചകള്‍.വഴി നീളെ രുദ്രാക്ഷവും സാളഗ്രാമവും മുതല്‍ ആത്മീയബിംബങ്ങള്‍ പതിപ്പിച്ച ടീഷര്‍ട്ടും ഉടുപ്പുകളും വരെ വില്‍ക്കുന്ന കമ്പോളസ്ഥാപനങ്ങള്‍ നിരവധി.
വിചിത്രമായ മറ്റൊരു കാഴ്ചയും കണ്ടു ഹൃഷികേശില്‍. സ്വര്‍ഗാശ്രമത്തിലേക്കുള്ള വഴിമധ്യേ നടപ്പാതയ്ക്കിടതുവശത്തായി ഒരു വെജിറ്റേറിയന്‍ ഹോട്ടല്‍. ഹോട്ടല്‍ ഛോട്ടേവാല. കുടവയറനായി തലയില്‍ നീളന്‍ കുടുമയുളള ഒരു വാമനരൂപമാണ് ഹോട്ടലിന്റെ ഭാഗ്യമുദ്ര. ഈ വേഷത്തില്‍ രണ്ടുപേര്‍ ഹോട്ടലിന്റെ രണ്ടു കവാടത്തിനുമരികില്‍ ഉയര്‍ന്ന പീഠത്തിലിരുന്ന് തൂക്കിയിട്ട ഓട്ടുമണിയിലടിച്ച് യാത്രികരുടെ ശ്രദ്ധയാകര്‍ഷിച്ച് അവരെ അകത്തേക്കു ക്ഷണിക്കുന്നുണ്ട്. ഛോട്ടേവാല ഹോട്ടലിന് മറ്റു ചില സവിശേഷതകളുമുണ്ട്. വാമനരൂപം ഹോട്ടലിന്റെ ട്രേയ്ഡ്മാര്‍ക്കാണ്. മാത്രമല്ല, ഐ.എസ്. ഒ സര്‍ട്ടിഫിക്കേഷനുളള വെജിറ്റേറിയന്‍ ഭോജനാലയമെന്ന ബഹുമതിയും ഈ ഹോട്ടലിനു സ്വന്തം.
ആധുനികതയുടെ പ്രവാഹത്തില്‍ ഹൃഷികേശം അടിമുടി മാറ്റത്തിനു തുടിക്കുകയാണെങ്കിലും പുരാതന വാസ്തുശൈലിയില്‍ ഇടുങ്ങിയ തെരുവുകളുള്ള ഹരിദ്വാറില്‍ ചെല്ലുമ്പോള്‍ ഏതോ പ്രാക്തന സ്മൃതികളുടെ ആത്മീയതീരങ്ങളിലേക്ക് മനസ്സ് നീന്തിക്കയറിയില്ലെങ്കിലാണത്ഭുതം.
എ.ചന്ദ്രശേഖര്‍

2 comments:

Pranavam Ravikumar said...

Good pics.. Nice write up too... All the best!

Anurag said...

I love it. Thank you very much sir..