Sunday, September 26, 2010

പ്രാഞ്ചിയേട്ടന് നന്ദി, രഞ്ജിത്തിനു സ്തുതി

ചില സിനിമാക്കാരുണ്ട്. നമ്മേ കൊണ്ട് മനഃപൂര്‍വം ചീത്ത കേള്‍പ്പിക്കും. അവര്‍ക്ക് നല്ല സിനിമയെപ്പറ്റി ബോധമില്ലാത്തതുകൊണ്ടല്ല, മറിച്ച് ബോധപൂര്‍വം ചില തറസിനിമകള്‍ പടച്ചുവിട്ടുകളയും. ദേവാസുരവും, രണ്ടാം ഭാവവും, മായാമയൂരവും ഓര്‍ക്കാപ്പുറത്തും നന്ദനവും പോലെ ചില സ്പാര്‍ക്കുള്ള സിനിമകളെഴുതിയ രഞ്ജിത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ജയരാജിന്റെ ഇരട്ടപിറന്നപോലെയാണ് രഞ്ജിത്തിന്റെ സര്‍ഗപ്രവര്‍ത്തികള്‍ ചിലപ്പോള്‍. കയ്യൊപ്പ് പോലെ സത്യസന്ധമായ ഒരു സിനിമ ചെയ്തിട്ട് റോക്ക് ആന്‍ഡ് റോള്‍ പോലൊരു അയുക്തികമായ ബുള്‍ഷിറ്റ് ഒരുക്കിക്കളയും കക്ഷി! അതുകൊണ്ടു തന്നെ രഞ്ജിത്തിന്റെ ഒരു സിനിമ കണ്ട് അടുത്തതിനെപ്പറ്റി യാതൊരു മുന്‍വിധിയും സാധ്യമല്ല. മറ്റൊരു ഭാഷയില്‍, ഒരു സിനിമ നന്നാക്കിയാല്‍ അടുത്തത് കൂളമാക്കും എന്നൊരു മുന്‍വിധിയായാലും സാരമില്ലെന്നു സാരം!
എന്നാല്‍, തിരക്കഥയ്ക്കും, മലയാളത്തിലെ എണ്ണം പറഞ്ഞ നല്ല സിനിമകളില്‍ ഇടം പറ്റിയ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയ്ക്കും ശേഷം രഞ്ജിത്തും ക്രൂവും ഒരുക്കിയ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റില്‍ ഈ മുന്‍വിധി തകര്‍ത്തെറിയുകയാണ് സ്രഷ്ടാക്കള്‍. ഇവിടെ, മുന്‍വിധികളോടെ വിമര്‍ശിക്കാനെത്തുന്നവരെപ്പോലും രഞ്്ജിത് അടിയറവു പറയിക്കുന്നു-വേറിട്ട ചിന്തയുടെ, ഭാവനയുടെ സമര്‍ഥമായ നിര്‍വഹണത്തിലൂടെ.
വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് സത്യമാകാന്‍ ഇടയായത് ദിലീപ് എന്നൊരു നിര്‍മ്മാതാവിന്റെ പിന്തുണയാണെങ്കില്‍, ഇന്നത്തെ സവിശേഷമായ സാഹചര്യത്തില്‍ പ്രാഞ്ചിയേട്ടന്‍ പോലൊരു സിനിമ സാധ്യമാകാന്‍ കാരണം സംവിധായകന്‍ തന്നെ നിര്‍മാതാവായതുകൊണ്ടാണ് എന്നതില്‍ സംശയം വേണ്ട. എങ്കിലും, മലയാളത്തില്‍ ഒറ്റതിരിഞ്ഞ് ഒരു സിനിമയുണ്ടാകണമെങ്കില്‍ നടന്മാരോ സംവിധായകരോ തന്നെ സ്വയം നിര്‍മിക്കേണ്ടിവരുന്നു എന്നുവരുന്നത് വ്യവസായമെന്ന നിലയ്ക്ക് സിനിമയെ എവിടെക്കൊണ്ടു നിര്‍ത്തുന്നു എന്നൊരു ചിന്തയ്ക്കു കൂടി പ്രാഞ്ചിയേട്ടനും മലര്‍വാടിയും തിരിവയ്ക്കുന്നുണ്ട്.
മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്നതുപോലെ, പ്രാഞ്ചിയേട്ടന്‍ താരവ്യവസ്ഥകളെ, താര സാന്നിദ്ധ്യം കൊണ്ടു തന്നെ മറികടക്കുന്നുണ്ട്, അല്ലെങ്കില്‍ അതിജീവിക്കുന്നുണ്ട്. മലര്‍വാടി താരങ്ങളെ പാടെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് നിശ്ശബ്ദമായി കലഹിച്ചതെങ്കില്‍ പ്രാഞ്ചിയേട്ടന്‍ മമ്മൂട്ടി എന്ന മഹാതാരത്തെ അവതരിപ്പിക്കുമ്പോള്‍ തന്നെ ആ താരത്തിന്റെ പരിവേഷം തകര്‍ത്തെറിയുകയും നിഷേധിക്കുകയും ചെയ്യുന്നുണ്ട്. ഇതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ സവിശേഷത.
തറ വളിപ്പുകളെ പടിപ്പുരയ്ക്കപ്പുറം നിര്‍ത്തി, ചിരിക്കുവേണ്ടി ചിരി ഉദ്പാദിപ്പിക്കുന്ന സിനിമാശീലങ്ങള്‍ വിട്ട് നിത്യജീവിതത്തില്‍ ഒരുപക്ഷേ നാം കണ്ടു മുട്ടിയേക്കാവുന്ന വ്യക്തികളിലൂടെ, കടന്നുപോയേക്കാവുന്ന വിശേഷങ്ങളിലൂടെ നൈസര്‍ഗികമായി ഉത്പാദിപ്പിക്കുന്ന ചിരിയാണ് പ്രാഞ്ചിയേട്ടന്‍ നല്‍കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു ചിരി, റാംജിറാവു സ്പീക്കിംഗ് എന്നൊരു സിനിമ സമ്മാനിച്ചത് ഓര്‍ത്തുപോവുകയാണ്. പ്രാഞ്ചിയേട്ടന്‍ മുന്നോട്ടുവയ്ക്കുന്ന സോദ്ദേശ്യസന്ദേശങ്ങളൊക്കെ മാറ്റിനിര്‍ത്തിയാലും,കൈകൊണ്ട് ആറെഴുതുകയും കാലു വലത്തോട്ടു തിരിക്കുകയും ഒന്നിച്ചു ചെയ്യാമോ എന്നും വി.എസ് അച്യൂതാനന്ദന്‍ കേരളത്തിലെ എത്രാമത്തെ മുഖ്യമന്ത്രിയാണ് എന്ന ചോദ്യം ഇംഗഌഷില്‍ ചോദിക്കുന്നതെങ്ങനെ എന്നുമുള്ള ചില ചോദ്യങ്ങള്‍ വഴി, ഹിന്ദിയില്‍ രാജ്കുമാര്‍ ഹിരാണി ത്രി ഇഡിയറ്റ്‌സില്‍ മുന്നോട്ടുവച്ചതുപോലെയുളള ചില പ്രശ്‌നങ്ങളാണ് രഞ്ജിത്തും ഉന്നയിക്കുന്നത്. അതിലെ നിഷ്‌കളങ്കത്വം ദാര്‍ശനികമാണ്.
തന്നോട് സംവദിക്കുന്ന ഫ്രാന്‍സിസ് പുണ്യാളന്‍ ചിത്രത്തിനൊടുവില്‍ പ്രാഞ്ചിക്ക് കാണിച്ചു കൊടുക്കുന്ന മൂന്നു ദൃശ്യങ്ങളുണ്ട്. വിവാഹിതരായി സുഖമായി ജീവിക്കുന്നു എന്നു താന്‍ കരുതുന്ന പൂര്‍വകാമുകിയും ശത്രുവായ സഹപാഠിയും പരസ്പരം വഞ്ചിച്ചുകൊണ്ട് പ്രണയം അഭിനയിക്കുന്നതാണ് ആദ്യദൃശ്യം. തന്നെ വഞ്ചിച്ച ആദര്‍ശ് മേനോന്‍ ചത്തീസ്ഗഡില്‍ പൊലീസ് പിടിയിലാവുന്നതാണ് അടുത്തത്. തന്നോടുള്ള പ്രണയം മറച്ചുവച്ച തന്റെ കാമുകിയുടെ ഉള്ളലിരുപ്പാണ് മൂന്നാമത്തേത്. മലയാളിയുടെ സഹജമായ ഹിപ്പോക്രിസി-കാപട്യത്തിന്, ആത്മവഞ്ചനയ്ക്ക് നേരെയുള്ള അതിശക്തമായ കൂരമ്പുകളാണ് ഈ മൂന്നു കാഴ്ചകളും.അതിന്റെ പേരില്‍ മാത്രമായാലും രഞ്ജിത് അഭിനന്ദനമര്‍ഹിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂടും, സലീംകുമാറുമില്ലാതെ, ടിനിടോമിനെയും ഇടവേളബാബുവിനെയും വച്ചും ഒരു ചിത്രം പൊലിപ്പിക്കാമെന്നു തെളിയിക്കാനുള്ള ചങ്കുറപ്പുകാണിച്ചതിനും.

2 comments:

paarppidam said...

പ്രാഞ്ച്യേട്ടനെ കാണാന്‍ കഴിഞ്ഞില്ല. എന്തായാലും നാട്ടില്‍ വരുമ്പോള്‍ ആകാം എന്ന് കരുതുന്നു. താങ്കള്‍ പറഞ്ഞപോലെ രണ്‍ജിതിനു സംവിധായകന്‍ ജയരാജന്റെ ചില സമാനതകള്‍ ഉണ്ട്. റോക്ക് ആന്റ് റോള്‍, ചന്ദ്രോത്സവം തുടങ്ങിയ ചില “നേരം പോക്കുകള്‍” അതോ രണ്‍ജിതിന്റെ പേരില്‍ മറ്റാരെങ്കിലും എഴുതിയതോ?

ഈ ചിത്രത്തില്‍ സുരാജുണ്ടോ എങ്കില്‍ എത്ര നല്ല സിനിമയാണെങ്കിലും ആ പ്രദേശത്തേക്കില്ല. ഇന്നാള്‍ ആരോ പറഞ്ഞു തൃശ്ശൂര്‍ പൂരത്തിന്റെ ഇടയ്ക്ക് ലാലൂര്‍ക്കുള്ള വണ്ടി കൊണ്ടന്ന് നിര്‍ത്തിയ പോലെ ആണ് ഒരു സിനിമയില്‍ സുരാജിന്റെ റോള്‍ എന്ന്. കഷ്ടം.!!

Gopikrishnan said...

oru samsayam Anikuttan chetta..... Randam bhaavam Ranjith te aano? I think its from Ranjan Pramod

Gopikrishnan