Friday, May 28, 2021

പരസ്യമലയാളം!

അടുത്തകാലത്ത് കേട്ട ഏറ്റവും ഭാഷാഭാസമായ മൊഴിമാറ്റമാണ് ഫോഗ് പെര്‍ഫ്യൂമിന്റെ ഹിന്ദി ടിവി പരസ്യങ്ങള്‍ക്ക് ആരോ ചെയ്ത മലയാളം വിവര്‍ത്തനം. സ്‌റ്റേഷനറിക്കടക്കാരനോട് പരിചയക്കാരനായ യുവാവ് വന്നു ചോദിക്കുന്നതും ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ചായമോന്തുന്ന ഇന്ത്യന്‍ പട്ടാളക്കാരനോട് പാക്ക് ഭടന്‍ ചോദിക്കുന്നതും എന്താ നടക്കണേ? എന്നാണ്! ക്യാ ചല്‍ രഹാ ഹെ എന്ന ഹിന്ദി കൊച്ചുവര്‍ത്തമാനത്തിന് എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?/ എങ്ങനൊക്കെയുണ്ട് കാര്യങ്ങള്‍? /എങ്ങനെപോകുന്നു കാര്യങ്ങള്‍?എന്നീ അര്‍ത്ഥമാണുള്ളത്. ഒരു മലയാളിയും ഈ അര്‍ത്ഥത്തില്‍ എന്താ നടക്കണേ എന്നു ചോദിക്കില്ല. ഇനി അങ്ങനെ ചോദിക്കുന്നവരോട് സ്വതവേ തമാശക്കാരല്ലാത്തൊരു മലയാളി പോലും ഓ ചുമ്മാ ഒന്നു നടക്കാന്നു വിചാരിച്ചു എന്നോ മറ്റോ ആണ് മറുപടി പറയുക. ആ മറുപടി കാറ്റില്ലാത്ത ഫോഗിന്റെ പരസ്യലക്ഷ്യങ്ങളിലേക്ക് എത്തിക്കുകയേ ഇല്ല.

ദേശീയ പരസ്യങ്ങളുടെ മൊഴിമാറ്റങ്ങളില്‍ പലപ്പോഴും കണ്ടുവരുന്ന ഒരു അസ്‌കിതയാണ് ഇത്തരം വിവര്‍ത്തനം. മലയാളത്തിന്റെ ഭാഷാശൈലിയേ അല്ലാത്ത, മുടക്കൂ 100 രൂപ, നേടൂ 200! എന്ന ശൈലി (പേ 100 ആന്‍ഡ് ഗെറ്റ് 200 എന്ന ഇംഗ്‌ളീഷ് ശൈലിയുടെ വിവര്‍ത്തനം) പരസ്യങ്ങള്‍ വഴി മാത്രം മലയാളത്തിലെത്തിയതാണ്. ക്രിയ ആദ്യം വരുന്നത് മലയാളത്തിന്റെ വ്യാകരണവഴക്കമല്ല. ഒരു ഭാഷയില്‍, ഒരു പ്രദേശത്തിന്റെ സംസ്‌കാരത്തിനനുസൃതമായി തയാറാക്കുന്ന സ്‌ക്രിപ്റ്റ് ആ ഭാഷയുമായും സംസ്‌കാരവുമായും യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്തേക്കും ഭാഷയിലേക്കും പദാനുപദം ഭാഷമാറ്റുമ്പോള്‍ പറ്റുന്ന പ്രശ്‌നമാണിത്. പക്ഷേ, പലപ്പോഴും ഇതു പറഞ്ഞാല്‍ ഹിന്ദിവാലകള്‍ക്കു മനസിലാവില്ല. പണ്ട് വെബ് ലോകം ഡോട്ട് കോമിന്റെ ടാഗ് ലൈന്‍ മൊഴിമാറ്റത്തില്‍ നേരിട്ടനുഭവിച്ചിട്ടുള്ളതാണിത്. വെബ്ദുനിയ ഡോട്ട് കോം എന്നാണ് മാതൃസ്ഥാപനത്തിന്റെ പേര്. ആപ് കി ദുനിയ എന്നതാണ് അതിന്റെ ടാഗ് ലൈന്‍. അതിന് ഇതു നിങ്ങളുടെ ലോകം എന്നാണ് ഏതോ ഏജന്‍സിയിലെ കോപ്പിറൈറ്റര്‍ മൊഴിമാറ്റിയത്. വായിച്ചു വരുമ്പോള്‍ വെബ് ലോകം ഇതു നിങ്ങളുടെ ലോകം എന്ന്. ഇതിലെ ഇത് കല്ലുകടിയാണെന്നും വാസ്തവത്തില്‍ ഹിന്ദിയില്‍ പോലും ഇല്ലാത്തതാണെന്നും പറഞ്ഞുനോക്കിയിട്ട് മുതലാളിമാര്‍ക്ക് മനസിലാവുന്നില്ല. വെബ് ലോകം, നിങ്ങളുടെ ലോകം എന്നു വായിക്കുന്നതിലെ മുറുക്കം കിട്ടുന്നില്ലെന്ന് ഭാഷയറിയാവുന്ന സഹപ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടായി സമ്മതിച്ചിട്ടും ഹിന്ദിവാലകള്‍ക്ക് മടി. ഒടുവില്‍ ഒരുപാട് തര്‍ക്കിച്ചിട്ടാണ് ഇത് ഒഴിവാക്കിയത്. അന്നു മനസിലാക്കിയതാണ് കേന്ദ്ര പരസ്യ ഏജന്‍സികള്‍ക്കു വേണ്ടത് സ്വതന്ത്ര വിവര്‍ത്തകരെയല്ല, ഗൂഗിള്‍ ട്രാന്‍സ് ലേറ്റേഴ്‌സിനെയാണ് എന്ന്. ക്യാ ചല്‍ രഹാ ഹൈ എന്ന് ഗൂഗിളില്‍ അടിച്ചു കൊടുത്താല്‍ എന്താ നടക്കുന്നത്? എന്നു തന്നെയേ മലയാളത്തിലാക്കിക്കിട്ടൂ. പുളകിത് (പുളകിതം) എന്ന വാക്ക് ഇംഗ്‌ളീഷില് ലിപികളിലടിച്ചു കൊടുക്കുമ്പോള്‍ ഗൂഗിളില്‍ തെളിയുക പുല്‍കിറ്റ് എന്നു തന്നെയായിരിക്കും. അതാണ് ദുല്‍ഖര്‍ കമ്പിയും പിടിച്ചുകൊണ്ടുനില്‍ക്കുന്ന പരസ്യങ്ങളില്‍ എഴുതിയും പറഞ്ഞും കാണിക്കുന്ന മലയാളം. പരസ്യമലയാളം!


No comments: