Monday, January 16, 2017

ദംഗല്‍ കച്ചവടത്തിലെ കല


article in Kalakaumudi
എ.ചന്ദ്രശേഖര്‍

ഒറ്റവാചകത്തില്‍ പ്പറഞ്ഞാല്‍ ആമിര്‍ ഖാന്‍ ഒരു പഠിച്ച കള്ളനാണ്. ഒരു വിഷയത്തില്‍ വളരെയേറെ കൈത്തഴക്കം സമ്പാദിക്കുകയും പിന്നീട് ആ തൊഴിലില്‍ വളയമില്ലാതെ ചാടുകയും ചെയ്യുന്നയാളെ പഠിച്ച കള്ളനെന്നു വിളിക്കാം. കാരണം അഭ്യാസത്തില്‍ അയാളുടെ ബോധപൂര്‍വമുള്ള ഉപേക്ഷകള്‍, ആരും ശ്രദ്ധിച്ചെന്നുപോലും വരില്ല. അത്രയ്ക്ക് വിശ്വസീയമായി ഒരു കൂട്ടത്തെ കണ്‍കെട്ടിനുവിധേയമാക്കുന്നവരെ പഠിച്ച കള്ളനെന്നല്ലാതെ എന്തു വിളിക്കുമെന്നാണ്? പി.കെ.യ്ക്കു ശേഷം, ആമിര്‍ ഖാന്റെ നിര്‍മാണ സംരംഭമായ ദംഗല്‍ എന്ന സിനിമയെ സൂക്ഷ്മമായി വിലയിരുത്തുമ്പോഴാണ് ചലച്ചിത്രമെന്ന മാധ്യമത്തില്‍, അതിന്റെ കമ്പോളവ്യാകരണത്തിലും വിപണനസങ്കേതത്തിലും ആമിര്‍ ഖാന്‍ എന്ന സിനിമാക്കാരന്‍ നേടിയിരിക്കുന്ന മേല്‍ക്കൈയ്യും കൈത്തഴക്കവും ബോധ്യമാവുക.

വാസ്തവത്തില്‍ എന്താണ് ദംഗല്‍ എന്ന സിനിമ? അല്ലെങ്കില്‍ ദംഗല്‍ എന്ന സിനിമയില്‍ ഇത്രമാത്രം ആഘോഷിക്കപ്പെടാനുള്ള എന്തൊക്കെ ഘടകങ്ങള്‍/സവിശേഷ ചേരുവ ആണുള്ളത്? തീര്‍ച്ചയായും, ആമിര്‍ ഖാന്റെ തന്നെ അഷുതോഷ് ഗവാരിക്കറുടെ ലഗാന്‍ (2001), ഷാരൂഖ് ഖാന്റെ ഛക് ദേ ഇന്ത്യ (2007), അടുത്തിടെ പുറത്തിറങ്ങിയ മേരീകോം, മില്‍ഖ സിങ്, അസറൂദ്ദീന്‍, ഇഖ്ബാല്‍, എം.എസ് ധോണി ദ് അണ്‍റ്റോള്‍ഡ് സ്‌റ്റോറി തുടങ്ങിയ ന്യൂ ജനറേഷന്‍ കായിക ജീവചരിത്രസിനിമകള്‍, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ തുടങ്ങിയവയുടെ തുടര്‍ച്ചയോ വിപുലീകരണമോ മാത്രമാണ് ദംഗല്‍. മറ്റൊരുതരത്തില്‍, ഇപ്പറഞ്ഞ ജീവചരിത്രസിനിമകളുടെ തുടര്‍ച്ചയായൊരു യഥാര്‍ത്ഥ ജീവിതകഥ തന്നെയാണ് ദംഗലിന്റേതും. ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് മഹാവീര്‍ സിങ് ഫോഗത് എന്ന ഹരിയാനക്കാരന്‍ ഫയല്‍വാന്റെയും അദ്ദേഹത്തിന്റെ രാജ്യാന്തര ചാമ്പ്യന്മാരായ പെണ്‍മക്കള്‍ ഗീത ഫോഗത്തിന്റെയും ബബിത ഫോഗത്തിന്റെയും കഥയില്‍ നിന്നു പ്രചോദനം കൊണ്ടതാണ് ഇതിന്റെ തിരക്കഥ. ഉള്ളടക്കത്തില്‍ അതിന് മിഥുന്‍ ചക്രവര്‍ത്തിയുടെ 84ലെ ബോക്‌സര്‍ സിനിമയോടൊക്കെയാണ് ചാര്‍ച്ച. സല്‍മാന്റെയും ഷാരൂഖിന്റെയും മറ്റ് ബയോപിക് സിനിമകളുടെയും പോലെ, അത്യാവശ്യം ഇച്ഛാശക്തി, പോരാത്തതിന് സ്‌പോര്‍ട്‌സ്മാന്‍സ്പിരിറ്റ്, എരിവിന് അല്‍പം ദേശഭക്തി, വഞ്ചന, പശ്ചാത്താപം എന്നിവയെല്ലാം ചേരുംപടി ചേര്‍ത്തുണ്ടാക്കിയ നാടകീയമായൊരു മുഖ്യധാരസിനിമ തന്നെയാണു ദംഗല്‍. എന്നാലും ദംഗല്‍ ഇവയില്‍ നിന്നെല്ലാം വേറിട്ടതായി, വ്യത്യാസപ്പെട്ടതായി കാണികള്‍ക്ക് അനുഭവപ്പെടുന്നു. അതാണു ആമിര്‍ ഖാനെന്ന പഠിച്ച കള്ളന്റെ കൈത്തഴക്കം.
സിനിമ എന്നതു തന്നെ ഒരു വിശ്വസിപ്പിക്കലാണ്. അയഥാര്‍ത്ഥ്യത്തെ അതുമല്ലെങ്കില്‍ അതിയാഥാര്‍ത്ഥ്യത്തെ സത്യമെന്നോണം കാണിയെ ബോധ്യപ്പെടുത്തുന്ന മാധ്യമം. പക്ഷേ, കാണാന്‍ മാനസികമായി പരുവപ്പെട്ടിരിക്കുന്ന പ്രേക്ഷകനെ കളിപ്പിക്കാതെ അവനെ കാഴ്ചയുടെ കെണിയില്‍പ്പെടുത്തിയിരുത്തണമെങ്കില്‍ അതിന് ചെറിയ മെയ് വഴക്കമൊന്നും പോരാ. അത്തരമൊരു ഇന്ദ്രജാലമാണ് ദംഗലിലൂടെ ആമിര്‍ ഖാന്‍ കാണിച്ചുതരുന്നത്. അതുകൊണ്ടുതന്നെയാണ് മള്‍ട്ടീപഌക്‌സ് സിനിമാസംസ്‌കാരം ഇഷ്ടപ്പെടുന്ന നവസിനിമാപ്രേക്ഷകര്‍ക്കിടയില്‍ ഒരു ഹിറ്റ് സിനിമയ്ക്കുള്ള രസക്കൂട്ട് നിര്‍വചിക്കുകയാണ് ദംഗല്‍ എന്ന നിരൂപണം ദംഗലിനെപ്പറ്റി ഉയര്‍ന്നുവന്നത്.നൂറുകോടി കഌബില്‍ നിന്ന് അതുക്കും മേലേ ദംഗല്‍ പടര്‍ന്നു കയറുന്നതു കാണുമ്പോള്‍ ഈ വിമര്‍ശനത്തിന്റെ സാധുത കൂടുതല്‍ വ്യക്തമാകുന്നുമുണ്ട്.
ഇന്ത്യ കണ്ട ഏറ്റവും മികച്ച സിദ്ധികളുള്ള.അനുഗ്രഹീത നടനാണ് ആമിര്‍ ഖാന്‍. കഴിവിനപ്പുറം സാമൂഹികപ്രതിബദ്ധതയും അതുകൊണ്ടുതന്നെ സ്വാഭാവികമായ സ്വതന്ത്ര ഇടപെടലുകളും കൊണ്ട് ഒരേ സമയം ശ്രദ്ധയിലും വിവാദത്തിലും ഇടം നേടുന്ന നടന്‍. കമ്പോള/കലാ വ്യത്യാസങ്ങളില്ലാതെ സിനിമയെ അതിന്റെ സമഗ്രതയില്‍ സമീപിക്കുകയും ആത്മാവിഷ്‌കാരത്തിനുപയോഗിക്കുകയും ചെയ്യുന്ന തികഞ്ഞ കലാകാരന്‍. അതുകൊണ്ടുതന്നെ വര്‍ഷത്തിലൊരിക്കലോ മറ്റോ ഒരു ആമിര്‍ ഖാന്‍ സിനിമ ഇറങ്ങുമ്പോള്‍ അതു പ്രതീക്ഷയോടെ കാത്തുനില്‍ക്കാന്‍ ഏറെ പ്രേക്ഷകപിന്ഗാമികളെ അദ്ദേഹത്തിനു നേടാനായതും. രജനീകാന്തിന്റെയും കമല്‍ഹാസന്റെയും ആമിര്‍ഖാന്റെയും ഷാരൂഖ് ഖാന്റെയും മറ്റും സിനിമകളുടെ കാര്യത്തിലെന്നപോലെ, ആമിറിന്റെ സിനിമയുടെയും സംവിധായകനാരെന്നോ രചയിതാവാരെന്നോ ഉള്ളതല്ല പൊതുവേ കണക്കിലെടുക്കപ്പെടുക. ദംഗലിന്റെ കാര്യത്തില്‍ത്തന്നെ അതെഴുതിയതാരെന്നതോ സംവിധാനം ചെയ്തതാരെന്നോ ആ സിനിമ ഇത്രയേറെ ആഘോഷിക്കപ്പെട്ടുകഴിഞ്ഞിട്ടും ശരാശരി പ്രേക്ഷകരില്‍ എത്രപേര്‍ക്ക് തിരിച്ചറിയാമെന്നതൊരു ചോദ്യമാണ്. പക്ഷേ, രജനീകാന്തിന്റേതില്‍ നിന്നു വ്യത്യസ്തമായി, അന്ധമായ താരപ്രഭാവത്തിലല്ല ദംഗലോ, ആമിറിന്റെ മുന്‍കാല ചിത്രങ്ങളോ വിപണനം ചെയ്യപ്പെട്ടിട്ടുള്ളതും വിപണിവിജയം കരസ്ഥമാക്കിയിട്ടുളളതും എന്നിടത്താണ് ഖാന്‍ വിഭിന്നനാവുന്നത്. ദംഗലിന്റെ കാര്യത്തിലും ഈ വ്യത്യസ്തത തന്നെയാണ് അതിന്റെ ലാവണ്യവും.
സാങ്കേതികമായും സൗന്ദര്യശാസ്ത്രപരമായുമുള്ള ഏത് അളവുകോലെടുത്താലും ദംഗല്‍ പി.കെ.യോളം അര്‍ത്ഥമാനങ്ങളുള്ളൊരു സിനിമയല്ല. എന്നാല്‍ ഇത്തരത്തിലൊരു താരതമ്യം ഒരുപക്ഷേ ഒരു മുഖ്യധാരാ കമ്പോളസിനിമയെ വിലയിരുത്തുമ്പോള്‍ സാധുവാണോ എന്നതും പരിഗണിക്കേണ്ടതുണ്ട്. മാത്രമല്ല, മറ്റൊന്നിനോളം വന്നില്ല എന്നതുകൊണ്ടു മാത്രം ഒന്ന് മോശമാവുന്നുമില്ല. ദംഗല്‍ ആമിര്‍ മറ്റേതൊരു സിനിമയേയും പോലെ, ഒരു പക്ഷേ ശാരീരികമായി അതിനേക്കാളേറെ ക്‌ളേശിച്ചു നിര്‍മിച്ച സിനിമയാണ്. ഒരു പക്ഷേ ഒരു നടന്‍ ഒരു സിനിമയ്ക്കുവേണ്ടി എത്രമാത്രം ശാരീരികമായ വെല്ലുവിളികള്‍ ഏറ്റെടുക്കുന്നുവെന്നതിന്റെ പില്‍ക്കാല റഫറന്‍സുകളിലൊന്നായി ഇതു മാറിയേക്കാം. ഇന്ത്യന്‍ ഗുസ്തി ചാംപ്യനു വേണ്ട പേശീബലമുള്ള ദൃഢശരീരക്ഷമത മുതല്‍ ഏതാണ്ട് 30 വര്‍ഷത്തോളം നീളുന്ന ജീവിതകാലഘട്ടങ്ങളില്‍ വിവിധ തലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് ആമിര്‍ ഖാന്‍. മേക്കപ്പും ഗ്രാഫിക്‌സുമടക്കം സിനിമയുടെ വ്യാജസങ്കേതങ്ങളുടെ പിന്തുണകളൊന്നും തേടാതെ ശരീരത്തെ കായികമായിത്തന്നെ മാറ്റിയെടുത്തും ശരീരഭാരം കൂട്ടിയുമൊക്കെത്തന്നെയാണ് ആമിര്‍ ഇതു സാധ്യമാക്കിയിരിക്കുന്നത്. അമ്പതുവയസുകാരനാകുമ്പോള്‍ കുംഭയുമൊക്കെയായി അദ്ദേഹത്തിനു വരുന്ന ശാരീരികമാറ്റത്തെ വിസ്മയത്തോടെയേ നോക്കിയിരിക്കാനാവുകയുള്ളൂ.
എന്നാല്‍ ദംഗലില്‍ ഏറെ ബുദ്ധിപൂര്‍വം ആമിര്‍ ഖാന്‍ പരീക്ഷിച്ചിട്ടുള്ളൊരു മാറ്റമാണ് ഈ താരസിനിമയുടെ ഏറ്റവും വലയി വിജയഘടകം. ആദ്യ ഫ്രെയിം മുതല്‍ അവസാനഫ്രെയിം വരെ പ്രത്യക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടെ, തന്റെ കഥാപാത്രത്തെയും താരവ്യക്തിത്വത്തെത്തന്നെയും സിനിമയുടെ പ്രമേയപരിസരങ്ങളില്‍ രണ്ടാം നിരയിലേക്ക് തള്ളിമാറ്റിക്കൊണ്ട് ചിത്രത്തില്‍ നായികമാരായ രണ്ടുപേര്‍ക്ക് മുന്‍നിരയിലേക്കു സ്ഥാനക്കയറ്റം നല്‍കുക വഴിയാണ് ബുദ്ധിപൂര്‍വം ആമിര്‍ തന്റെ താരവ്യക്തിത്വം അരക്കിട്ടുറപ്പിക്കുന്നത്. ബ്രഹ്മാണ്ഡം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നവന്‍ എപ്പോഴും കാഴ്ച്ചയ്ക്കപ്പുറത്താണെങ്കിലും ആ സാന്നിദ്ധ്യം തോന്നിപ്പിക്കുന്നതിലാണ് കലാകാരന്റെ വിജയം. തന്നേക്കാളേറെ പ്രാധാന്യം നല്‍കി തന്റെ സഹകഥാപാത്രങ്ങളെ മുന്നോട്ടു കൊണ്ടുവന്നു എന്ന ഖ്യാതി പുറമേ.
ലളിതമായൊരു കഥാവസ്തുവാണ് ദംഗലിന്റേത്. ഹരിയാനയിലെ ഫയല്‍വാന്മാരുടെ ഗ്രാമത്തില്‍ പിറന്ന മഹാവീറിന് ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളില്‍ പ്രതികൂല സാഹചര്യങ്ങളെയും സാമൂഹികമായ പരിമിതികളെയും അതിജീവിച്ച് ദേശീയ തലത്തില്‍ മികച്ച ഗുസ്തിക്കാരനാവാനായിട്ടും ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയിലൊരു ശിപായി തസ്തികയില്‍ തൃപ്തിപ്പെടേണ്ടിവരികയാണ്. അയാളുടെ അടഞ്ഞ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളില്‍ തുടര്‍ പരിശീലനങ്ങള്‍ക്കൊന്നും യാതൊരു സാധ്യതയുമില്ലാതെ പിതാവിന്റെ ആഗ്രഹപ്രകാരമാണ് അയാള്‍ തനിക്കൊട്ടുമിണങ്ങാത്ത തൊഴിലില്‍ ശരാശരി ഇന്ത്യക്കാരിലൊരാളായി ഒതുങ്ങുന്നത്. കുടുംബവും കുട്ടികളുമെല്ലാം അയാള്‍ക്ക് അങ്ങനെതന്നെയായിരുന്നു. ഭര്‍ത്താവ് അച്ഛന്‍ എന്ന നിലയിലെല്ലാം ചെയ്യേണ്ടതു ചെയ്തു എന്നല്ലാതെ ജീവിതത്തില്‍ തൃപ്തനായിരുന്നില്ലയാള്‍. തനിക്കു പിറക്കുന്ന മകനെയെങ്കിലും ലോകചാമ്പ്യനാക്കണമെന്നാശിക്കുന്ന അയാള്‍ക്ക് ജനിച്ചതു നാലും പെണ്‍കുട്ടികള്‍.
അന്നൊരുന്നാള്‍ സ്‌കൂളില്‍ തങ്ങളെ പരിഹസിച്ച ആണ്‍കുട്ടികളെ തല്ലിനിലംപരിശാക്കി വന്ന മൂത്ത രണ്ടു പെണ്‍കുട്ടികളുടെ ചെയ്തിയാണ് ലോകത്തിനു വിചിത്രമെന്നു തോന്നാവുന്ന ചിന്ത അയാളില്‍ കോരിനിറയ്ക്കുന്നത്. തനിക്കു നഷ്ടമായ ലോകചാംപ്യന്‍ഷിപ്പ് തന്റെ പെണ്‍മക്കളിലൂടെ എന്തു കൊണ്ടു നേടിക്കൂടാ? സന്തതസഹചാരിയായ അനന്തരവന്റെയും പൂര്‍ണമനസോടെയല്ലെങ്കിലുമുള്ള ഭാര്യയുടെയും സമ്മതത്തിന്റെ പിന്തുണയോടെ അയാള്‍ അവരെ കഠിനപരിശീലനത്തിനു വിധേയരാക്കുന്നു. പലപ്പോഴും ബാല്യം വിട്ടിട്ടില്ലാത്ത ആ ഇളം കൗമാരക്കാര്‍ക്ക് താങ്ങാനാവുന്നതിലുമപ്പുറമായിരുന്നു ആ കാര്‍ക്കശ്യം. പതിയെ അവര്‍ ആണുങ്ങളെപ്പോലെ കരുത്തുളളവരാകുന്നു. വാര്‍ഷിക ഗുസ്തിമത്സരത്തില്‍ ആദ്യ തോല്‍വി നേരിടുന്നെങ്കിലും പിന്നീടുള്ള തയാറെടുപ്പുകളുടെ ഫലമായി ഗീത വിജയം നേടുന്നു. അവളുടെ ജൈത്രയാത്രയില്‍ അഖേലേന്ത്യതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും രാജ്യം അവളെ പരിശീലനത്തിനായി ഡല്‍ഹിയിലേക്കു വിളിപ്പിക്കുകയും ചെയ്യുന്നതോടെ മകള്‍ക്കും അച്ഛനുമിടയില്‍ വളരുന്ന അഹവും അകല്‍ച്ചയും തുടര്‍ന്ന് ഇളയവളായ ബബിതയിലൂടെ അയാള്‍ നേടുന്ന ജയവും, ഗീതയുടെ പശ്ചാത്താപവും തിരിച്ചുവരവുമെല്ലാമാണ് എരിപുളിമസാലകളോടെ ബോളിവുഡിന്റെ ഏതാണ്ടെല്ലാ ചേരുവകളോടുംകൂടി ദംഗല്‍ അവതരിപ്പിക്കുന്നത്.
അപ്പോഴും ദംഗലിനെ ദംഗലാക്കുന്ന ഒന്നുണ്ട്. അത് ബോളിവുഡ് മസാലയിലെ ഏറ്റവും പ്രധാന രുചിക്കൂട്ടായ പ്രണയമാണ്. ചക് ദേ ഇന്ത്യയില്‍പ്പോലും നായകന്റേതല്ലാതെ ഉപകഥയായി നായികമാരിലൊരാളുടെ പ്രണയവും കിടപ്പറയും വരെ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ ദംഗലില്‍ മുഖ്യ ആഖ്യാനവസ്തുവിനെ വഴിതെറ്റിക്കുന്ന ഒരു ഘടകവുമില്ല. പേരിനുപോലും പ്രണയമോ റൊമാന്റിക് ശൈലിയില്‍ ഒരു ഗാനമോ ഇല്ല. പി.കെ.യിലും താരേ സമീന്‍പറിലുമെല്ലാം ഇവയുണ്ടായിരുന്നെന്നോര്‍ക്കുക. ഗാനങ്ങള്‍ പോലും കഥാഗതിക്ക് വേഗം കൂട്ടാനുള്ള ഉപാധിമാത്രമോ കഥാഗതിക്കൊപ്പമോ ആണ് ചേര്‍ത്തിട്ടുള്ളത്. ഒരു പക്ഷേ, മികച്ചൊരു ആക്ഷന്‍ ത്രില്ലറിന്റെ മൂശയിലാണ് ദംഗല്‍ വാര്‍ത്തിട്ടുള്ളത്. അതാണ് നിതിഷ് തിവാരി പീയൂഷ് ഗുപ്ത, ശ്രേയസ് ജെയ്ന്‍, നിഖില്‍ മെഹ്‌റോത്ര എന്നിവര്‍ ചേര്‍ന്നു സൃഷ്ടിച്ച തിരക്കഥയുടെ ഒന്നാമത്തെ വിജയം. ലഗാനില്‍ നിന്ന് ദംഗല്‍ വേറിട്ടതാവുന്നതും ഉദ്വേഗജനകമായ ഈ ചടുലത കൊണ്ടാണ്. ഒരു നിമിഷം പോലും സീറ്റില്‍ അമര്‍ന്നിരിക്കാന്‍ ഇടനല്‍കുന്നില്ല ദംഗല്‍. അതേസമയം, ആണ്‍കുട്ടിക്കു വേണ്ടി ഒരു ഗ്രാമം മുഴുവന്‍ മഹാവീറിനൊപ്പം പ്രതീക്ഷിച്ചിരിക്കുന്നതും മഹാവീറിന്റെ അനന്തരവന്റെ ചെയ്തികളും, മക്കളുടെ തന്നെ കുസൃതികളുമെല്ലാംവഴി മാന്യമായ ചിരിയടക്കമുള്ള എല്ലാ സാന്ത്വനവും കരുതിവച്ചിട്ടുമുണ്ട് സിനിമ.
കായികസിനിമയുടെ പൊതുവേയുള്ളൊരു പ്രശ്‌നം അതിന്റെ സാങ്കേതികതയാണ്. കളിയറിയാവുന്നവര്‍ക്കാണ് മിക്കപ്പോഴും അവ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവുക. ദംഗലും ഇക്കാര്യത്തില്‍ വിഭിന്നമല്ല. എന്നിരിക്കിലും മഹാവീര്‍ മക്കള്‍ക്ക് അടവുകള്‍ പറഞ്ഞുകൊടുക്കുന്ന രംഗങ്ങളില്‍ ഒട്ടും മുഷിപ്പിക്കാതെ തട്ടിലെ നിയമങ്ങള്‍ സിനിമയില്‍ വിവരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അവസാനരംഗങ്ങള്‍ അരോചകമാവാതെ രക്ഷപ്പെടുകയും ചെയ്തു.
കായികരംഗത്തെ ദുഷിച്ച പ്രവണതകളെ കണക്കിനു വിമര്‍ശിക്കുന്നുണ്ട് ദംഗല്‍. അഴിമതിയും കെടുകാര്യസ്ഥതയും മാത്രമല്ല, സ്വജനപക്ഷപാതിത്വവും അഹംഭാവവുമാണ് ഇന്ത്യന്‍ കായികമേഖലയുടെ ശാപമെന്ന് ചിത്രം പച്ചയ്ക്കു കാണിച്ചു തരുന്നു. പ്രതിരോധിക്കേണ്ടിടത്ത് ആക്രമിക്കുകയും ആക്രമിക്കേണ്ടിടത്തു പ്രതിരോധിക്കുയും പോലുള്ള അപക്വമായ അടവുനയങ്ങളും ചുവടുകളുമാണ്  രാജ്യാന്തര കളിയിടങ്ങളില്‍ ഇന്ത്യന്‍ താരങ്ങളെ ചിരിക്കാനുള്ള വകയാക്കിത്തീര്‍ക്കുന്നത്. വ്യക്തിയുടെ പരിശ്രമങ്ങളെ വ്യവസ്ഥാപിത ഇന്ത്യന്‍ കായികഭരണം എത്രമാത്രം തുച്ഛമായിട്ടാണ് പരിഗണിക്കുന്നതെന്ന് ദംഗല്‍ തുറന്നുകാട്ടുന്നു.
അതിഭാവുകത്വം ബോധപൂര്‍വം ഒഴിവാക്കിയിട്ടുള്ള ഈ സിനിമ ചലച്ചിത്രപരമായ ചില സാഹസികതകളുടെ പേരില്‍ക്കൂടി ശ്രദ്ധേയമാണ്. അതില്‍ പ്രധാനം ഇതിന്റെ ഛായാഗ്രഹണമാണ്. വിശേഷിച്ച് ഫോട്ടോഫിനിഷ് രേഖപ്പെടുത്തുന്ന എക്‌സ്ട്രീം സ്‌ളോ മോഷന്‍ ഗുസ്തി സീനുകള്‍. നടന്മാര്‍ക്കു പകരം വിദഗ്ധ ഡ്യൂപ്പുകളെ ഉപയോഗിക്കുന്ന ബോഡി ഡബിള്‍ സാങ്കേതികത ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ക്കൂടിയും ഗുസ്തിക്കാരല്ലാത്ത നടീനടന്മാരുടെ അതിസങ്കീര്‍ണവും സൂക്ഷ്മവുമായ അടവുചുവടുകള്‍ അത്രയേറെ തന്മയത്വമായി ആവിഷ്‌കരിക്കുന്നതില്‍ സേതു ശ്രീറാമിന്റെ ഛായാഗ്രഹണ മിതത്വം പാടവമായിത്തന്നെ അംഗീകരിക്കേണ്ടിയിരിക്കുന്നു. അതുപോലെ മറ്റൊന്ന് കോമണ്‍വെല്‍ത്ത് ഗെയിംസിന്റേതടക്കമുള്ള യഥാര്‍ത്ഥ ക്ലിപ്പിംഗുകളെ ചുളുവില്‍ തനിക്കാക്കി ചിത്രത്തിന് പരമാവധി ആധികാരികത പകര്‍ന്നു നല്‍കുന്ന സംവിധായകന്‍ നിതിഷ് തിവാരിയുടെയും എഡിറ്റര്‍ ബല്ലു സലൂജയുടെയും തന്ത്രവും.
എല്ലാറ്റിനുമുപരി ദംഗലിനെ മറക്കാനാവാത്ത ദൃശ്യാനുഭവമാക്കിമാറ്റുന്നത് അഞ്ചുപേരാണ്. ഗീതയുടെയും ബബിതയുടെയും ബാല്യ കൗമാരങ്ങളെ പ്രതിനിധാനം ചെയ്ത സൈറ വാസിമും സുഹാനി ഭട്‌നഗറും യൗവകാലം ആവിഷ്‌കരിച്ച ഫാത്തിമ സനാ ഷെയ്ക്കും സാനിയ മല്‍ഹോത്രയും അനന്തരവനായി വരുന്ന ഋത്വിക് സഹോറും (ബാലന്‍) അപര്‍ശക്തി ഖുറാനയും. ഇവരുടെ തികച്ചും തന്മയത്വമായ തിരപ്രത്യക്ഷം സിനിമയ്ക്കു നല്‍കിയ ആര്‍ജ്ജവം ചെറുതല്ല.
ദംഗലില്‍ ആരും ഇവരുടെ സാന്നിദ്ധ്യം തിരിച്ചറിയുന്നതേയില്ല. പകരം അവരവിടെ കാണുന്നത് കഠിനപ്രയത്‌നത്തിലൂടെ, എല്ലാ പരിമിതികളെയും മറികടന്ന് കോമണ്‍വെല്‍ത്തില്‍ ഇന്ത്യയ്ക്കു സ്വര്‍ണം നേടിത്തന്ന ഗീതയേയും, പ്രതികൂല ജീവിതാവസ്ഥകളെ, അധികാരത്തിന്റെ കുതികാല്‍വെട്ടുകളെ, മകളുടെ പോലും വൈകാരികമായ ഏറ്റുമുട്ടലുകളെ മനസ്ഥൈര്യത്തോടെ ചെറുത്തുനില്‍ക്കുകയും, സമൂഹത്തിന്റെ കളിയാക്കലുകളെയും കുറ്റപ്പെടുത്തലുകളെയും മറികടന്ന് സാമ്പത്തികമായ ഇല്ലായ്മയില്‍ നിന്നും എല്ലാ എതിര്‍പ്പുകളെയും അനുകൂലമാക്കി മാറ്റിയ മഹാവീര്‍ ഫോഗത് എന്ന മഹാവീരനായ നെടുനായകസ്വത്വത്തെയുമാണ്. അതു തന്നെയാണ് ഈ സിനിമ പ്രേക്ഷകമനസില്‍ ജീവിതത്തെ പ്രത്യാശയോടെ നോക്കിക്കാണാനുള്ള, ലിംഗഭേദങ്ങള്‍ക്കപ്പുറം സ്ത്രീശാക്തീകരണത്തിന്റെ സന്ദേശവാഹകമായ അനുഭവിമായി അവശേഷിക്കാന്‍ കാരണം.

No comments: