Thursday, February 04, 2016

കല്‍പനാതീതം@ kalakaumudi

എ.ചന്ദ്രശേഖര്‍
നായികനടിയാവാനുള്ള എല്ലാ സാധ്യതകളുമുണ്ടായി രുന്നിട്ടും, ജൂനിയര്‍ തിരുവിതാംകൂര്‍ സിസ്റ്റേഴ്‌സില്‍പ്പെട്ട കല്‍പന മാത്രം എന്തുകൊണ്ടാണ് ആദ്യം മുതല്‍ക്കേ പ്രായത്തിനൊത്ത ക്യാരക്ടര്‍ വേഷങ്ങള്‍ തെരഞ്ഞെടുത്തു? കല്‍പനയ്ക്കു മുമ്പ്, സുകുമാരി, കെ.പി.എ.സി.ലളിത, കവിയൂര്‍ പൊന്നമ്മ തുടങ്ങി അപൂര്‍വം ചിലര്‍ മാത്രമാണ് അങ്ങനെ പ്രായത്തിനു നിരക്കാത്ത ക്യാരക്ടര്‍ കഥാപാത്രങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. അതു പക്ഷേ നടപ്പുകാലത്തെ തിരനായികാസങ്കല്‍പത്തിനിണയ രൂപവും ഗ്‌ളാമറുമില്ലാത്തതുകൊണ്ടായിരുന്നു. എന്നാല്‍ കല്‍പനയുടെ കാര്യം അതായിരുന്നില്ല. സഹോദരിമാരായ കലയും ഉര്‍വശിയും നായികമാരായി വന്നപ്പോഴും പക്ഷേ, കല്‍പന ഒരൊറ്റ സിനിമയിലൊഴികെ, വ്യവസ്ഥാപിത അര്‍ത്ഥത്തില്‍ നായിക ആയിട്ടില്ല. എന്തുകൊണ്ടായിരിക്കുമത്?
ഉത്തരം: അവര്‍ ബുദ്ധിയുള്ള നടിയായിരുന്നു. സൂപ്പര്‍നായകന്മാര്‍ക്കൊപ്പം, മരംചുറ്റിയോടി അവരുടെ നിഴലായി ഒതുങ്ങാതെ, അവര്‍ക്കൊപ്പം, ചിലപ്പോഴെങ്കിലും അവര്‍ക്കും മേലെ നില്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനായിരുന്നു കല്‍പനയുടെ ശ്രമം. ഉര്‍വശിയടക്കമുള്ള നടിമാര്‍ നായകന്മാര്‍ക്കൊപ്പം നിന്ന് ഏറെക്കാലത്തിനുശേഷം സ്വന്തം അഭിനയശേഷിയുടെ കരുത്തുകൊണ്ടു സ്വന്തമായ ഇരിപ്പിടം സ്ഥാപിച്ചപ്പോള്‍, കല്‍പന ആദ്യംമുതല്‍ക്കെ സ്വതന്ത്രമായൊരു തിരസ്ഥാനം (സ്‌ക്രീന്‍ സ്‌പേസ്) നേടിയെടുത്തു. കല്‍പനയുടെ സഹജമായ ഡിപ്ലൊമസി കൊണ്ടു താരങ്ങള്‍ക്ക് അതു ബോധ്യമായില്ലെന്നതുകൊണ്ട് കല്‍പന ഒരേ സമയം താരസിനിമകളുടെയും പുതുമുഖസിനിമയുടെയും ഭാഗമായി. വലിപ്പച്ചെറുപ്പമില്ലാതെ ആരുടെ സിനിമയിലും തന്റെ വേഷം ഭംഗിയാക്കി. ഒരു പക്ഷേ, കല്‍പനയുടെ ചലച്ചിത്രജീവിതത്തെ താരതമ്യം ചെയ്യാമെങ്കില്‍ അതു ജഗതി ശ്രീകുമാറിന്റെ താരസ്വത്വവുമായി മാത്രമാണ്. രണ്ടുപേരുടെയും കഥാപാത്ര തെരഞ്ഞെടുപ്പും ആവിഷ്‌കാരവും ഏതാണ്ട് സമാനരീതിയിലായിരുന്നു.
അകാലത്തില്‍ ക്രൂരനായ വിധി കവര്‍ന്നെടുത്ത ശേഷം, അനൂഗ്രഹീതയായ കല്‍പനയെപ്പറ്റി വന്ന അനുസ്മരണങ്ങളിലെല്ലാം ദൗര്‍ഭാഗ്യവശാല്‍ അവരെ ഒരു ഹാസ്യതാരമായി കള്ളിയിട്ട് അടയാളപ്പെടുത്താനാണു പൊതുവേ ശ്രമിച്ചു കണ്ടത്. ഇതര ഭാഷകളില്‍ അവര്‍ ചെയ്ത വേഷങ്ങളെപ്പറ്റി ചില അപൂര്‍വപരാമര്‍ശങ്ങളൊഴികെ, മലയാളത്തില്‍പ്പോലും കല്‍പനയുടെ കനപ്പെട്ട കഥാപാത്രങ്ങളോ പല തലങ്ങളുള്ള നടനത്തികവു വ്യക്തമാക്കിയ ചിത്രങ്ങളോ പരാമര്‍ശിക്കപ്പെട്ടുമില്ല. സ്വഭാവവേഷങ്ങളുടെ വന്‍ ജനകീയത കാരണമാകാം, ചാനലേതാണെങ്കിലും ടെലിവിഷനിലെ കോമഡി പരിപാടികളിലെ സ്ഥിരം ക്‌ളിപ്പിംഗുകളിലൊന്നായ ഡോ.പശുപതിയിലെ യു ഡി സി കുമാരി, കാവടിയാട്ട
ത്തിലെ ഡോളി, പൈ ബ്രദേഴ്‌സിലെ കോമളം തുടങ്ങിയ വേഷങ്ങള്‍ അത്രമേല്‍ പരാമര്‍ശിക്കപ്പെട്ടത്. പക്ഷേ, കല്‍പന എന്ന നടിയെ അടയാളപ്പെടുത്തുമ്പോള്‍ വിട്ടുപോകാതെ ഉള്‍പ്പെടുത്തേണ്ടിയിരുന്ന ചില വേഷങ്ങളും പ്രകടനങ്ങളുമുണ്ട്. ഒരുപക്ഷേ കല്‍പനയല്ലായിരുന്നു ചെയ്തതെങ്കില്‍ എന്ന് ആലോചിക്കാന്‍ കൂടി സാധിക്കാത്ത വേഷപ്പകര്‍ച്ചകള്‍. അവയിലൂടെക്കൂടിയായിരിക്കണം കല്‍പന ഓര്‍ക്കപ്പെടേണ്ടതും.
ബാലതാരമായി അഭിനയിച്ച രണ്ടുമൂന്നു സിനിമകള്‍ വിട്ടാല്‍ നായികയായി കല്‍പനയുടെ അരങ്ങേറ്റം ചലച്ചിത്രപ്രതിഭയായ ജി. അരവിന്ദന്റെ പോക്കുവെയിലില്‍ ആയിരുന്നു. യുവ കവിയായ ബാലുവിന്റെ (ബാലചന്ദ്രന്‍ ചുള്ളിക്കാട്) പെണ്‍സുഹൃത്തായ നിഷയായി. അയാളുടെ ജീവിതത്തില്‍ പ്രതീക്ഷകള്‍ നിറച്ചുകൊണ്ടു കടന്നുവരുന്നവളാണു നിഷ. പക്ഷേ, അയാളെ നിഷ്‌കരുണം ഉപേക്ഷിച്ച് അവള്‍ അച്ഛനോടൊപ്പം ബാംഗ്‌ളൂരില്‍ പോവുകയാണ്. ആഖ്യാനത്തില്‍ അതിസങ്കീര്‍ണമായ ചിത്രമായിരുന്നു പോക്കുവെയില്‍. ദാര്‍ശനികവും മനശാസ്ത്രപരവുമായ ഉളളടക്കവും. 1982ല്‍ വെറും പതിനെട്ടു വയസേ ഉള്ളൂ പോക്കുവെയിലിലഭിനയിക്കുമ്പോള്‍ കല്‍പനയ്ക്ക്. ഇനി ആ സിനിമ കാണാന്‍ അവസരം കിട്ടുമ്പോള്‍ ശ്രദ്ധിച്ചാലറിയാം, ആ സിനിമയുടെ അതിസൂക്ഷ്മതലത്തില്‍ കല്‍പന നല്‍കിയ ഭാവപ്പകര്‍ച്ച. ആ ഒററ സിനിമയില്‍ നിന്നറിയാം അഭിനേത്രി എന്ന നിലയ്ക്ക് കല്‍പനയുടെ റെയ്ഞ്ച്!
സാറാ ജോസഫിന്റെ റങ്കൂണ്‍ പുണ്യവാളന്‍ എന്ന കഥയെ അധികരിച്ച് എം.പി.സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ശയനം എന്ന സിനിമയില്‍ ബാബു ആന്റണി അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ രണ്ടു ഭാര്യമാരില്‍ ഒരാളായിട്ടാണു കല്‍പന അഭിനയിച്ചത്. ജീവിച്ചിരിക്കെ ചട്ടമ്പിയായൊരാള്‍ മരിച്ച ശേഷം അയാളുടെ ജഡം ദ്രവിക്കാതിരിക്കുന്നതും അളുകള്‍ അയാളെ പുണ്യവാനായി കരുതുകയും ചെയ്യുന്ന അപൂര്‍വമായൊരു കഥയായിരുന്നു അത്. അതില്‍ കല്‍പന പുലര്‍ത്തിയ കൈയടക്കം, അല്‍പമൊന്നു പിഴച്ചാല്‍ പാളിപ്പോകാവുന്ന വേഷം കല്‍പന എന്ന നടിയുടെ ചുമലില്‍ നിന്നുകൊണ്ടു മാത്രമാണു രക്ഷപ്പെടുന്നത്.
സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെന്നോണം അസാമാന്യ അഭിനയപ്രതിഭകളോടൊപ്പമഭിനയിക്കുമ്പോഴും നായികമാരുടെ നിറം മങ്ങുന്നതാണു പതിവ്, വിശേഷിച്ചും കമല്‍ഹാസനെയും രജനീകാന്തിനെയും പോലുള്ള മെഗാതാരങ്ങളുടെ സിനിമകളില്‍ മുഴുവന്‍ ഫ്രെയിമുകളിലും അവര്‍ നിറഞ്ഞുനില്‍ക്കുകയും അവരുടെ പ്രഭാവത്തില്‍ ഇതര താരങ്ങള്‍ക്കു പ്രഭയറ്റുപോവകുയും ചെയ്യുമ്പോള്‍, ഒരുപക്ഷേ അവരെപ്പോലും നിഷ്പ്രഭമാക്കുന്ന പ്രകടനം കാഴ്ചവച്ച അപൂര്‍വം അഭിനേതാക്കളെയുള്ളൂ. നടിമാരുടെ കാര്യം പറയാനുമില്ല.അങ്ങനെയൊരു നടിയായിരുന്നു കല്‍പന. ഉദാഹരണമായി കമല്‍ഹാസന്‍ നായകനായ സതി ലീലാവതി(1995) എന്ന സിനിമയെടുക്കുക. രമേശ് അരവിന്ദും ഹീരയും നായികാനായന്മാരായി അഭിനയിച്ച ഈ സിനിമയില്‍ കമല്‍ ഉപകഥാപാത്രമായിവന്നു നായകത്വത്തിലേക്കു വളരുന്ന വേഷമാണ് അഭിനയിച്ചത്. സുന്ദരിയായ കാമുകി ഹീരയെ തേടി പോകുന്ന രമേശ് അരവിന്ദിന്റെ യഥാര്‍ത്ഥത്തിലുള്ള ഭാര്യ ലീലാവതിയായിട്ടാണു കല്‍പന പ്രത്യക്ഷപ്പെട്ടത്. ചെറുപ്പക്കാരനായ നായകന്റെ സ്ങ്കല്‍പത്തിനൊത്തു വരാത്ത നാട്ടിമ്പുറത്തുകാരിയായ ഒരു പാവം വീട്ടമ്മയായ ലീലാവതി. മറ്റേതൊരു നടിയായാലും, കേവലമൊരു ഹാസ്യവേഷമായി തീര്‍ന്നേക്കാവുന്ന കഥാപാത്രം. പക്ഷേ, ആ സിനിമയുടെ മുഴുന്‍ അച്ചാണിയായിത്തീരുന്നത്, കമല്‍ എന്ന വിശ്വനടനെപ്പോലും പല രംഗങ്ങളിലും തനിക്കു താഴെ മാത്രം നിര്‍ത്തുന്ന പ്രകടനത്തിലൂടെ കല്‍പനയാണ്.
വാസ്തവത്തില്‍ ലീലാവതി, പഴയൊരു തമിഴ്‌സിനിമയിലെ സമാനവേഷത്തിന്റെ തനിയാവര്‍ത്തനമായിരുന്നു. 1985ല്‍ ഭാഗ്യരാജ് രചിച്ചു സംവിധാനം ചെയ്തു മുഖ്യവേഷത്തില്‍ പ്രത്യക്ഷപ്പെട്ട ചിന്നവീട് എന്ന സിനിമയില്‍ സൂന്ദരിയായ കാമുകിയില്‍ ഭ്രമിച്ചുവീഴുന്ന നായകന്റെ വെറും കണ്‍ട്രിയായ ഭാര്യ ഭാഗ്യലക്ഷ്മിയായിട്ടാണു കല്‍പന വേഷമിട്ടത്. സ്വതവേ സെന്റിമെന്റ്‌സ് വാരിയൊഴുക്കുന്ന  ഭാഗ്യരാജ് ശൈലിയിലുള്ള സിനിമയായിരുന്നിട്ടും, അതിവൈകാരികതയിലേക്ക് വഴുതിവീണേക്കാവുന്ന വേഷമായിരുന്നിട്ടും കല്‍പനയുടെ കൈകളില്‍ ശരീരഭാഷയില്‍ ഭാഗ്യലക്ഷ്മി എത്ര ഭദ്രമായിരുന്നെന്നോര്‍ക്കുക.
രഞ്ജിത് ഒരുക്കിയ കേരള കഫേ എന്ന ചിത്രദശകത്തില്‍ ആര്‍.ഉണ്ണിയുടെ രചനയില്‍ അന്‍വര്‍ റഷീദൊരുക്കിയ ബ്രിഡ്ജ് ആണ് നടിയെന്ന നിലയ്ക്കു കല്‍പനയുടെ മൂല്യമളക്കുന്ന സര്‍ഗമാപിനി. ദാരിദ്ര്യത്തിന്റെ ശാപത്തില്‍, അന്ധയായ അമ്മയ്ക്കും ഭാര്യയ്ക്കുമിടയില്‍ പെട്ടു നിര്‍ണായകമായ ജീവിതസന്ധിയ്‌ക്കൊടുവില്‍ പെറ്റമ്മയെ വഴിയിലുപേക്ഷിക്കേണ്ടി വരുന്ന നായകന്റെ ദുര്യോഗമായിരുന്നു ആ സിനിമയുള്ള ഉള്ളടക്കം. സ്വാഭാവികമായി, പ്രേക്ഷകരുടെ വെറുപ്പും വിദ്വേഷവും ശാപവും ഏറ്റുവാങ്ങേണ്ടി വരുന്ന കഥാപാത്രം. പക്ഷേ, കല്‍പനയുടെ ആ മരുമകള്‍ വേഷം പ്രേക്ഷക അനുകമ്പ ഒരളവെങ്കിലും നേടുന്നതില്‍ വിജയിച്ചെങ്കില്‍, കാരണം, ആ കഥാപാത്രത്തിന്റെ ദൈന്യം, നിസഹായാവസ്ഥ അക്ഷരത്തെറ്റില്ലാതെ മുഖത്തും ശരീരത്തിലും ആവഹിക്കാനായതുകൊണ്ടാണ്.
ഒരു പക്ഷേ, ഈ സിനിമകളൊന്നും കണ്ടിട്ടില്ലാത്തതുകൊണ്ടാവണം പുതിയതലമുറ കല്‍പനയെ ഹാസ്യറാണി, ഹാസ്യത്തിന്റെ തമ്പുരാട്ടി തുടങ്ങിയ വിശേഷണങ്ങളില്‍ മാത്രമൊതുക്കിയത്.നവരസങ്ങളില്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറ്റവും പ്രയാസം ഹാസ്യമാണെന്നതു സമ്മതിച്ചുകൊണ്ടുതന്നെ പറയട്ടേ, ഹാസ്യതാരങ്ങള്‍ക്കു നമ്മുടെ സിനിമയിലും നാടകത്തിലുമൊന്നും മുന്‍നിരയിലൊരു ഇരിപ്പിടം കൊടുത്തിട്ടില്ല, നാമൊരിക്കല്‍പ്പോലും. സുരാജ് വെഞ്ഞാറമ്മൂടിനെയോ സലീം കുമാറിനെയോ ഗൗരവത്തിലെടുക്കാന്‍ അവര്‍ക്കു ദേശീയ ബഹുമതി ലഭിക്കുംവരെ കാത്തിരുന്നവരാണു മലയാളികള്‍. സമാന ദുര്യോഗമാണു കല്‍പനയുടെ കാര്യത്തിലും സംഭവിച്ചത്.കല്‍പനയുടെ കാര്യത്തില്‍ മറ്റൊരു സങ്കടം കൂടിയുണ്ട്. മികച്ച സഹനടിക്കുളള ദേശീയ അവാര്‍ഡ് അവര്‍ക്കു നേടിക്കൊടുത്ത തനിച്ചല്ല ഞാന്‍ എന്ന സിനിമയും ഏറെപ്പേര്‍ക്കു കാണാനവസരമുണ്ടായ സിനിമയല്ല. എന്നാല്‍, അധികം നടിമാര്‍ക്കും സാധിക്കാതെ പോയൊരു ഭാഗ്യമായിരുന്ന ആ ചിത്രത്തിലെ റസിയ എന്ന വേഷം. അവാര്‍ഡ് കിട്ടിയതുകൊണ്ടല്ല അത്. മറിച്ച് യഥാര്‍ത്ഥ ജീവിതത്തെ അതിജീവിച്ചു നിര്‍മിച്ച ചിത്രത്തില്‍ ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയെ അവതരിപ്പിച്ചുകൊണ്ടാണ് ബഹുമാനിതയായത് എന്നതാണ്. ലക്ഷ്മിയമ്മ എന്നൊരു ബ്രാഹ്മണ സ്ത്രീയും റസിയയെന്ന മുസ്‌ളീം സ്ത്രീയും തമ്മിലുള്ള അപൂര്‍വ സൗഹൃദത്തിന്റെ കരളലിയിക്കുന്ന കഥ പറഞ്ഞ തനിച്ചല്ല ഞാനില്‍ കെ.പി.എ.സി. ലളിതയെപ്പോലെ മര്‍മ്മമറിഞ്ഞൊരു അഭിനേത്രിയോടു മത്സരിച്ചിട്ടായിരുന്നു കല്‍പനയുടെ ഈ നേട്ടമെന്നത് അതിന്റെ മൂല്യം കൂട്ടുന്നുണ്ട്.
കല്‍പന നായികാവേഷങ്ങള്‍ വേണ്ടെന്നുവച്ചതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നിരിക്കണം. അതായത്, അക്കാലത്തെ മിക്ക നായികമാരും, പലകുറി ദേശീയ ബഹുമതികള്‍ നേടിയവര്‍ വരെ, സ്വന്തം ശബ്ദത്തിലല്ല അഭിനയിച്ചിരുന്നത്. അവര്‍ക്കു ഡബ്ബിംഗ് കലാകാരികളുടെ ശബ്ദം കടംവാങ്ങേണ്ടിവന്നിരുന്നു. എന്നാല്‍, സ്വഭാവവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട നടിമാര്‍ക്ക് ശബ്ദകലാകാരികളുടെ ഡബ്ബിംഗ് വേണ്ടിവന്ന ചരിത്രം മലയാളത്തിലില്ല, വിശേഷിച്ച് ഹാസ്യം കൂടി ചെയ്യുന്നവര്‍ക്ക്. കല്‍പനയെ സംബന്ധിച്ചിടത്തോളം, ഒരിടക്കാലത്തിനുശേഷം അവരുടെ ആകാരം പോലെതന്നെ പ്രധാനമായിരുന്നു ശബ്ദവും.കഥാപാത്രപൂര്‍ണതയില്‍ കല്‍പനയുടെ ശബ്ദത്തിനും ശബ്ദനിയന്ത്രണത്തിനും നിര്‍ണയിക്കാനാവാത്ത പ്രാധാന്യമുണ്ടായിരുന്നു. കെ.പി.എ.സി. ലളിതയുടേതിനു സമാനമായ ഒരു തരം പകര്‍പ്പവാശനിക്ഷിപ്തമായ സവിശേഷത ആ ശബ്ദത്തിനുണ്ടായിരുന്നു. കല്‍പന അഭിനയിച്ച ഏതെങ്കിലും കഥാപാത്രത്തെ ആ ശാരീരം മാറ്റിനിര്‍ത്തി സങ്കല്‍പിക്കാനാവുമോ, ഒരു രസത്തിനെങ്കിലും?
നായികാനിര്‍വിശേഷമായ കൃശഗാത്രമൊന്നുമായിരുന്നില്ല കല്‍പനയുടേത്. വ്യവസ്ഥാപിത സൗന്ദര്യസങ്കല്‍പത്തില്‍ അല്‍പം തടിച്ച്, ഉരുണ്ട പ്രകൃതം. പക്ഷേ, അടിമുടി അഭിനേതാവായിരുന്നു കല്‍പന. കുറവുകളെപ്പോവും കഴിവാക്കിത്തീര്‍ക്കുന്ന നടമാന്ത്രികത. അതിനു കല്‍പനയെ കെല്‍പുള്ളവളാക്കിയതു തീര്‍ച്ചയായും ഭേദപ്പെട്ട ബുദ്ധിശക്തിയും അതിനൊത്ത നിരീക്ഷണപാടവവും തന്നെയാണ്. കല്‍പന ബുദ്ധിയുള്ള നടിയാവുന്നത് അങ്ങനെയാണ്. അത്യാവശ്യം ലോകവിവരമുള്ള, രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഭേദപ്പെട്ട അറിവും, സ്വന്തമായ വീക്ഷണവുമുള്ള സ്ത്രീയായിരുന്നു അവര്‍. അതുകൊണ്ടുതന്നെ വന്നെത്തുന്നൊരു കഥാപാത്രത്തെ മനനം ചെയ്ത് അതിനൊരു ഭാവവും താളവും നല്‍കുമ്പോള്‍ വ്യക്തി എന്ന നിലയ്ക്കുള്ള ഉള്‍ക്കാഴ്ച നടി എന്ന നിലയ്ക്കുള്ള അവരുടെ പ്രകടനത്തില്‍ പ്രതിഫലിക്കപ്പെട്ടത്.
പൊതുവേ മലയാളത്തിലെ അഭിനേതാക്കള്‍ ഒരുപോലെ സമ്മതിക്കുന്നതാണു ജഗതി ശ്രീകുമാറിനെപ്പോലുള്ളവരോടൊപ്പം അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ട്. അഭിനയത്തില്‍ മനോധര്‍മത്തിന്റെ പ്രയോക്താക്കളായ ശ്രീകുമാറും മറ്റും എത്ര റിഹേഴ്‌സലുകള്‍ കഴിഞ്ഞാലും, ഫൈനല്‍ ടേക്ക് സമയത്തു സൃഷ്ടിച്ചേക്കാവുന്ന മനോധര്‍മാധിഷ്ഠിതമായൊരു അധികമാനം, ഒരുമാതിരിപ്പെട്ടവരെയെല്ലാം പരിഭ്രമിപ്പിക്കുന്നതാണ്. ടൈമിംഗില്‍ അസാധ്യ ജാഗ്രത ആവശ്യപ്പെടുന്ന ജഗതിയും ഇന്നസെന്റും പോലുളളവര്‍ക്കൊപ്പമാണു തോളോടുതോള്‍ നിന്നുകൊണ്ട് കല്‍പന ഏറ്റവും കൂടുതല്‍ അഭിനയിച്ചതെന്നറിയുമ്പോഴാണ് ആ നടനവൈഭവം തിരിച്ചറിയാനാവുക.
സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി എന്ന സിനിമയില്‍ ജഗദീഷും ബൈജുവും കൂടി പരമേശ്വരന്‍ ആശാന്റെ വീടു തേടി വരുന്നൊരു രംഗത്ത് അവരെ സ്വീകരിച്ചിരുത്തി കുടിക്കാനെന്താ വേണ്ടതെന്നു ചോദിക്കുന്ന ശാലീനയായ യുവതിയായി വരുന്ന കല്പനയുടെ ഒരു ഡയലോഗുണ്ട്. ചായയോ കാപ്പിയോ? എന്നു ചോദിക്കുന്ന കല്‍പനയോട് കാപ്പി എന്നു പറയുന്ന ബൈജുവിനോട് കാപ്പിയോ അതെന്താ ചായകുടിക്കില്ലേ പട്ടീ എന്നു ചോദിച്ചു ചാടിവീഴുന്ന കല്‍പന. അപ്പോള്‍ മാത്രമാണ് അവര്‍ മനോരോഗിയാണെന്നു കാണികള്‍ തിരിച്ചറിയുന്നത്. ഒരു തലമുറ യുവത്വം ഏറ്റെടുത്ത ഡയലോഗായിരുന്നു ചായയോ കാപ്പിയോ എന്നത്. അതിനു കാരണം കല്‍പനയുടെ ഡയലോഗ് ഡെലിവറിയും നടനത്തികവുമായിരുന്നു.
ക്യാരക്ടര്‍ റോളുകള്‍ക്കു പക്ഷേ മറ്റൊരു കുഴപ്പമുണ്ട്.ഒരേ അച്ചില്‍ വാര്‍ത്ത സഹോദരി, തോഴി, അമ്മ, നാത്തൂന്‍ വേഷങ്ങളില്‍ തളച്ചിടാന്‍ എളുപ്പമാണെന്നതാണത്. അനിതരസാധാരണമായ കഴിവുണ്ടെങ്കില്‍ മാത്രമേ ഈ വെല്ലുവിളി മറികടക്കാനാവൂ. കല്‍പനയുടെ സംഭാവന, അങ്ങനെ കിട്ടിയ അസംഖ്യം കഥാപാത്രങ്ങള്‍ക്കുപ്പോലും വേറിട്ട വ്യക്തിത്വം നല്‍കി അസ്തിത്വമുള്ളതാക്കാനായി എന്നതാണ്. അതുകൊണ്ടാണ് ഒരു സീനില്‍ മാത്രം വന്നുപോകുന്ന കല്‍പനയുടെ കഥാപാത്രം, സിനിമ മറന്നാലും പ്രേക്ഷകമനസില്‍ മായാതെ അവശേഷിക്കുന്നത്.
മുപ്പത്താറു വര്‍ഷത്തോളം നീണ്ട അഭിനയജീവിതത്തില്‍ കല്‍പനയ്ക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യം, ഇതര നടിമാര്‍ക്കൊന്നും കിട്ടിയിട്ടില്ലാത്ത ഭാഗ്യമാണു വനിതാ പൊലീസ് (ഇന്‍സ്‌പെക്ടര്‍ ബല്‍റാം), വനിത ഇന്‍സ്‌പെക്ടര്‍(ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ഇഷ്ടം), വനിതാ ഓട്ടോഡ്രൈവര്‍(പുന്നാരം) തുടങ്ങി വൈവിദ്ധ്യമാര്‍ന്ന വേഷങ്ങള്‍. കല്‍പന കൂടി പങ്കാളിയായി നിര്‍മിച്ചു വിജി തമ്പി സംവിധാനം ചെയ്ത പിടക്കോഴി കൂവുന്ന നൂറ്റാണ്ടില്‍ (1994)കല്‍പനയ്ക്കു മറ്റൊരപൂര്‍വ ഭാഗ്യം കൂടി കിട്ടി. നിമിഷങ്ങള്‍ മാത്രം നീണ്ടു നില്‍ക്കുന്ന ഒരു ആണ്‍വേഷം. ചിത്രത്തിലെ നായികമാരില്‍ ഒരാളുടെ ഇരട്ടപിറന്ന സഹോദരനായിട്ടായിരുന്നു കല്‍പനയുടെ പ്രകടനം. നിമിഷങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഈ സീനിലെ കല്‍പനയുടെ ശരീരഭാഷ ശ്രദ്ധിക്കുന്നവര്‍ക്കു ബോധ്യമാവും നടിയെന്ന നിലയ്ക്കുള്ള അവരുടെ നിരീക്ഷണപാടവവും കഥാപാത്രത്തിലേക്കുള്ള കൂടുവിട്ടു കൂടുമാറ്റവവും.
അഭിനേത്രി എന്ന നിലയ്ക്കു കല്‍പനയ്ക്കു നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി എവിടെനിന്നായിരിക്കാം? തീര്‍ച്ചയായും അത് അവരുടെ അഭിനയകുടുംബത്തില്‍ നിന്നുതന്നെയായിരിന്നുരിക്കണം. പ്രത്യേകിച്ചും മുന്‍നിര നടികള്‍ തന്നെയായ സഹോദരിമാരില്‍ നിന്ന്. കലയോ ഉര്‍വശിയോ ആവാതിരിക്കാനുള്ള ശ്രമമായിരിക്കണം അവരെ മുന്‍മാതൃകയില്ലാത്തൊരു നടിയാക്കിത്തീര്‍ത്തത്.പകരം വയ്ക്കാനാവാത്ത പ്രതിഭ തുടങ്ങിയ ക്‌ളീഷേകള്‍ കല്‍പനയെപ്പോലൊരാളെ അനുസ്മരിക്കുമ്പോള്‍ എഴുതാതിരിക്കാനാവാത്തത്ര പ്രസക്തിയുള്ളൊരു തിരവ്യക്തിത്വമായി കല്‍പന മാറുന്നത് അവരുടെ ഈ കഠിനാധ്വാനം കൊണ്ടാണ്. എന്നാല്‍ വ്യക്തിയെന്ന നിലയക്ക് കല്‍പന ഒരിക്കലെങ്കിലും പരിചയപ്പെട്ടവര്‍ക്ക്, സംസാരിച്ചിട്ടുള്ളവര്‍ക്കു മറക്കാനാവാത്തതായിത്തീരുന്നത് കളങ്കമില്ലാത്ത അവരുടെ പെരുമാറ്റം കൊണ്ടാണ്. കലര്‍പ്പില്ലാത്ത വ്യക്തിത്വമായിരുന്നു അവരുടേത്. ജീവിതത്തില്‍ നേരിടേണ്ടി വന്ന നോവുകളില്‍ നിന്ന് രൂപപ്പെട്ട അവരുടെ വ്യക്തിത്വം മാനവികതിയലൂന്നിയ വിശാലവീക്ഷണത്തിലധിഷ്ഠിതമായിരുന്നു. അങ്ങനൊണു വാസ്തവത്തില്‍ കല്‍പന അനന്യയാവുന്നത്.

No comments: