Monday, December 10, 2012

ഷട്ടര്‍ തുറക്കുമ്പോള്‍


ഒരു സംവിധായകന്റെ ആദ്യ സിനിമ. അതും നാടകത്തില്‍ നിന്നു വന്നയാള്‍. ജോണ്‍ ഏബ്രഹാം പോലൊരു ഇതിഹാസത്തോടൊപ്പം സിനിമകളില്‍ സഹകരിക്കുകയും നായകനായഭിനയിക്കുകയും ചെയ്‌തൊരാള്‍.അത്തരമൊരാള്‍ സംവിധാനം ചെയ്യുന്ന ആദ്യസിനിമയ്ക്ക് സ്വാഭാവികമായി ചില ഹാങോവറുകളുടെ ബാധ്യതയുണ്ടാവേണ്ടതാണ്. എന്നാല്‍ ജോയ് മാത്യുവിന്റെ ഷട്ടര്‍ എന്ന സിനിമയ്ക്ക് അത്തരത്തില്‍ യാതൊരു വിഴുപ്പും ചുമക്കേണ്ടി വന്നില്ല എന്നുള്ളതുതന്നെയാണ്, ആദ്യമായും അവസാനമായും ആ സിനിമയെ വേറിട്ടതും ധൈര്യമുളള ഒന്നും ആക്കുന്നത്. ധൈര്യമെന്നു പറഞ്ഞത്,സ്വാഭാവികമായി ജോയ് മാത്യുവിനെപ്പോലെ ഒരു കനത്ത ചരിത്രമുള്ള ആളില്‍ നിന്നുണ്ടാവുന്ന സൃഷ്ടിക്ക് വന്നുപതിച്ചേക്കാവുന്ന ആര്‍ട്ട്ഹൗസ് മുദ്ര ബോധപൂര്‍വം ഒഴിവാക്കിയതാണ്. ഷട്ടര്‍ വേറിട്ടതാവുന്നതാവട്ടെ, പോസ്റ്റ് പ്രാഞ്ചിയേട്ടന്‍ കാലമലയാള സിനിമയുടെ ശൈലീ സവിശേഷതകളെ പിന്തുടരുന്നിടത്താണ്. പ്രാഞ്ചിയേട്ടന്‍ മുന്നോട്ടു വച്ച സറ്റയറും സര്‍ക്കാസവും, ചുണ്ടിലൊളിപ്പിച്ചു വച്ച പുഞ്ചിരിപോലെ, കറുത്തഹാസ്യമാക്കി മാറ്റുന്നുണ്ട് ഷട്ടര്‍. ശൈലീഭദ്രത ഘടനയില്‍ നിലനിര്‍ത്തുന്നതിനോടൊപ്പം, കൈത്തഴക്കം വന്ന സംവിധായകന്റെ സാന്നിദ്ധ്യവും ഷട്ടറിനെ കരുത്തുള്ളതാക്കുന്നു.
എന്നാല്‍, ഇതിലെല്ലാമുപരി, ഷട്ടര്‍ ജോയ് മാത്യു എന്ന ചലച്ചിത്രകാരനെ അടയാളപ്പെടുത്തുക അതിന്റെ തിരക്കഥയിലൂടെയായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ഥലകാലങ്ങളിലൂടെ അനായാസം അങ്ങോട്ടുമിങ്ങോട്ടും ഊയലാടിക്കൊണ്ടു തന്നെ മുഖ്യധാരയുടെ ലാളിത്യം ആവഹിച്ചുകൊണ്ടുള്ള കഥാനിര്‍വഹണരീതി. ജാഡകളുടെയും മുന്‍വിധികളുടെയും എല്ലാ കെട്ടുപാടുകളും കാറ്റില്‍പ്പറത്തിക്കൊണ്ട്, സിനിമയെ ബഹുജനമാധ്യമമായിത്തന്നെ സമീപിക്കുന്ന രീതി. പക്ഷേ, അപ്പോഴും സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘര്‍ഷങ്ങളെയും വ്യക്തികള്‍ തമ്മിലുളള ബന്ധവൈരുദ്ധ്യങ്ങളെയും ശക്തമായിത്തന്നെ അടയാളപ്പെടുത്തുന്നുണ്ട് ഷട്ടര്‍.
തിരക്കഥ ആദ്യരൂപത്തില്‍ ആദ്യം വായിച്ച ആളുകളില്‍ ഒരാള്‍ എന്ന നിലയില്‍, സദാചാരത്തിന്റെ ആവിഷ്‌കരണത്തില്‍ സാമൂഹികമായും സാമ്പ്രദായകമായും ചില വിട്ടുവീഴ്ചകള്‍ക്ക് തയാറായിട്ടുളളതിനോട് വിയോജിപ്പാണുള്ളതെങ്കിലും തിരക്കഥയുടെ ഉള്‍ക്കരുത്തിനെ അതു തെല്ലും ബാധിക്കുന്നില്ലെന്നതില്‍ സന്തോഷമുണ്ട്. ക്‌ളൈമാക്‌സിലെ ചില അതിനാടകീയതകളും കപടസദാചാരത്തെ കുത്തിനോവിക്കാത്ത ചലച്ചിത്രസമീപനവുമായിരുന്നില്ല തിരക്കഥയുടെ മൂലരൂപത്തില്‍ വായിച്ചത്. എന്നാല്‍, സിനിമ, തിരക്കഥയുടെ തല്‍സമാനാവിഷ്‌കരണം തന്നെയാവണമെന്നില്ലെന്ന ന്യായം നോക്കിയാലും, മാറ്റങ്ങള്‍ വഴി സിനിമ, പുതിയൊരു സര്‍ഗാത്മകനിലവാരം കൈവരിക്കുന്നു എന്നുള്ളതുകൊണ്ടും തന്നെയാണ് അതു സിനിമയുടെ നിര്‍വഹണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നു പറയുന്നത്.
കാസ്റ്റിംഗിലെ ഏകാഗ്രതയാണ് ഈ സിനിമയുടെ 50 ശതമാനം വിജയം. അക്കാര്യത്തില്‍ അരങ്ങിന്റെ പിന്‍ബലം ജോയ് മാത്യുവിനെ ചെറുതായൊന്നുമല്ല സഹായിച്ചിട്ടുള്ളത്. അടൂര്‍ ഗോപാലകൃഷ്ണന്റെയും  ശ്യാമപ്രസാദിന്റെയും സിനിമകളിലേതിനു തുല്യമായ പെര്‍ഫെക്ഷനാണ് കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ തേടുന്നതില്‍ ജോയ്മാത്യു കാത്തുസൂക്ഷിച്ചിരിക്കുന്നത്. സജിത മഠത്തില്‍ അതിശക്തമായ സാന്നിദ്ധ്യമായി സിനിമയില്‍ നിറഞ്ഞാടുന്നു. അഭിനേതാവിനെപ്പോലെ, ഹരിനായരുടെ ക്യാമറയും. ഇതുരണ്ടും, പിന്നെ, കോഴിക്കോടും ഈ സിനിമയെ ധന്യമാക്കുന്നു. 
ഷട്ടര്‍, കേരളത്തിലെ സമകാലിക മലയാളി ജീവിതത്തിനു നേരെയുള്ള സത്യസന്ധമായ തുറന്നുപറച്ചിലാണ്. തുറന്നു കാട്ടലാണ്. അല്ലെങ്കില്‍ ഒളിഞ്ഞുനോട്ടമാണ്. അതിനുളള ഉപാധിമാത്രമാണ് സിനിമയിലെ കടമുറിയുടെ താഴിട്ടുപൂട്ടിയ ഷട്ടര്‍. അതു തുറക്കുന്നതും അടയ്ക്കുന്നതും പച്ചയായ ജീവിതത്തിനു നേര്‍ക്കുനേരെയാണ്.

No comments: