Sunday, July 22, 2012

ഹൃദയം അലിയിച്ചിട്ട സുലൈമാനി!

രോ സിനിമയും കണ്ടിട്ട്, ഇതാണ് ഈയിടെ കണ്ട ഏറ്റവും മികച്ച സിനിമ എന്ന് അഭിപ്രായം എഴുതേണ്ടി വരുന്നത് ഒരു മഹാഭാഗ്യമാണ്.ആ മഹാഭാഗ്യമാണ് പുതുതലമുറ സിനിമകള്‍ മലയാള പ്രേക്ഷകന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ആ സന്തോഷം പങ്കിട്ടുകൊണ്ടുമാത്രമേ ലിസ്റ്റന്‍ സ്‌റ്്‌റീഫന്റെ,അന്‍വര്‍ റഷീദിന്റെ, അഞ്ജലി മേനോന്റെ, ദുല്‍ക്കര്‍ സല്‍മാന്റെ ഉസ്താദ് ഹോട്ടലിനെപ്പറ്റി എഴുതാനാവൂ.

വാസ്തവത്തില്‍ ഉസ്താദ് ഹോട്ടല്‍ അടക്കമുള്ള സമീപകാല നവതരംഗസിനിമകള്‍, ജനപ്രിയ സിനിമകളുടെ മാമൂല്‍ ധാരണകളെ പൊളിച്ചെഴുതുകയാണ്. എണ്‍പതുകളില്‍ സെക്‌സും വയലന്‍സുമൊക്കെയായി അരങ്ങേറിയ ഭരത-പദ്മരാജന്‍മാരുടെ ഗ്രാമ്യസിനിമകളുടേതില്‍ നിന്നു വേറിട്ട ഭാവുകത്വമാണ് ആധുനിക മലയാള സിനിമ പങ്കുവയ്ക്കുന്നത്. അതു വിനിമയം ചെയ്യുന്നതും സംവദിക്കുന്നതും പുതിയതലമുറ മലയാളിയോടാണ്. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് ഈ സിനിമകള്‍ പ്രമേയമാക്കുന്നത്. സ്വാഭാവികമായി, അവ ചില തിരുത്തലുകള്‍ക്കു മുതിരുന്നുണ്ട്, ധൈര്യപ്പെടുന്നുമുണ്ട്. അത്തരം ധൈര്യത്തിന്റെ പേരില്‍ത്തന്നെയാണ് ഉസ്താദ് ഹോട്ടലും നാളെ അടയാളപ്പെടുത്തപ്പെടുക.

മണ്ണില്‍ തൊട്ടുനില്‍ക്കുന്ന പ്രമേയങ്ങളാണ് നവതരംഗ സിനിമകളുടേത്. അതുകൊണ്ടു തന്നെ അതില്‍ അതിമാനുഷരില്ല, ദുര്‍ബലരും, കരയുകയും ചിരിക്കുകയും ചെയ്യുന്ന പച്ചമനുഷ്യരുമേ ഉള്ളൂ. അവര്‍, തങ്ങളുടെ ജീവിതത്തകര്‍ച്ചകളില്‍, നേരിടേണ്ടിവരുന്ന പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നീറിയുരുകുന്നവരും, സങ്കടങ്ങളില്‍ നിന്ന്് ക്രമേണ പ്രത്യാശയില്‍ പിടിച്ചു കയറി രക്ഷപ്രാപിക്കുന്നവരുമാണ്. അതല്ലാതെ, ചോരയ്ക്കു പകരം ചോര പോലുള്ള ഫാസി്സ്റ്റ് മുദ്രാവാക്യസിനിമാ സങ്കല്‍പങ്ങളോട്് പുതുതലമുറ സിനിമകള്‍ യാതൊരു ചാര്‍ച്ചയും പുലര്‍ത്തുന്നില്ല. എന്നുമാത്രമല്ല, ഫാസിസ്റ്റ് ആശയങ്ങളോട് തെല്ലും അനുകമ്പ വച്ചുപുലര്‍ത്തുന്നുമില്ല. നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനല്ല, നിലവിലുള്ള നിയമവ്യവസ്ഥ സ്വന്തം ജീവിതത്തിന് വിലങ്ങുതടിയാവുമ്പോള്‍ പോലും, അതിനെ നിയമപരമായിത്തന്നെ നേരിടാനുള്ള ആര്‍ജ്ജവത്തോടെ, ജീവിതത്തില്‍ മുന്നേറാനാണ് ഉസ്താദ് ഹോട്ടല്‍ പോലൊരു സിനിമ പ്രേക്ഷകരോട്് അഭിസംബോധന ചെയ്യുന്നത്.

കഌഷേ ആയി തീരുമായിരുന്ന കഥാസന്ദര്‍ഭങ്ങള്‍ കുറവുള്ള സിനിമയല്ല ഉസ്താദ് ഹോട്ടല്‍. ഉപ്പൂപ്പാന്റെ ഹോട്ടല്‍ ബാങ്ക് മാനേജറും താന്‍ ജോലിചെയ്യുന്ന ഹോട്ടലിന്റെ ജനറല്‍ മാനേജറും ഉള്‍പ്പെടുന്ന ഭൂമാഫിയ ചുളുവില്‍ കൈവശപ്പെടുത്താന്‍ നടത്തുന്ന ഗൂഢാലോചന നായകനായ ഫൈസി തിരിച്ചറിയുന്നതുമുതല്‍ ഉസ്താദ് ഹോട്ടലിന്റെ കഥയ്ക്ക്, നാളിതുവരെ പറഞ്ഞു പോന്ന ഏതൊരു ജനപ്രിയ സിനിമയുടെയും പ്രതികാര ഫോര്‍മുല ആര്‍ജ്ജിക്കാന്‍ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല. വില്ലന്മാരെ വെല്ലുന്ന ബുദ്ധി ശക്തിയോടെ അവരെ തറപറ്റിക്കാന്‍ കൂട്ടാളികളോടൊത്ത് ഒരു നാടകം. അതുമല്ലെങ്കില്‍, എന്തിനും തയാറായി നിയമം കൈയ്യിലെടുത്ത് ഒരു തകര്‍പ്പന്‍ സംഘട്ടന രംഗശൃംഖല. മീശപിരിക്കാനും തച്ചുതകര്‍ക്കാനും കൈയ്യടിനേടാനുമുള്ള ധാരാളം സ്‌കോപ്പുണ്ടായിരുന്ന വഴിത്തിരിവ്. എന്നാല്‍ ഫൈസി ശ്രമിക്കുന്നത്, തന്റെ ജനറല്‍ മാനേജറോട് കാര്യം തുറന്നു പറഞ്ഞ് ഒരു ഒത്തുതീര്‍പ്പു നോക്കാനാണ്. അതു പൊളിഞ്ഞ് അപമാനിതനായി മടങ്ങേണ്ടി വന്ന ഫൈസിയുടെ പ്രതികാരം, ജി.എമ്മിന്റെ അതിഥികള്‍ക്കുമുന്നില്‍ ജീവനുള്ള ഒരുകോഴിയെ തുറന്നു വിട്ടുകൊണ്ടവസാനിക്കുന്നു. യൂറോപ്പില്‍ പഠിച്ചുവന്ന ഫൈസി എന്ന കഥാപാത്രത്തെക്കൊണ്ട്, രഞ്ജി പണിക്കര്‍ സ്‌റ്റൈലില്‍ നാല് ഇംഗഌഷ് ഡയലോഗോ, രഞ്ജിത് ശൈലിയില്‍ സാഹിത്യക്കൊഴുക്കട്ട കുത്തിനിറച്ച യമഗണ്ടന്‍ സംഭാഷണമോ പറയിപ്പിക്കാന്‍ നൂറ്റൊന്നു ശതമാനം സാധ്യതയുണ്ടായിരുന്ന സ്ഥാനത്താണ് തിരക്കഥാകൃത്ത് അഞ്ജലിമേനോനും സംവിധായകന്‍ അന്‍വര്‍റഷീദും കൂടി അസൂയാവഹമായ മിതത്വം പ്രകടമാക്കിയത്. ശില്‍പഭദ്രമായ തിരക്കഥയിലൂടെ അഞ്ജലി മേനോന്‍, നമ്മെ അസൂയപ്പെടുത്തുന്നു. നറേറ്റവിലെ കന്യാകാത്വം കൊണ്ട് അത്ഭുതപ്പെടുത്തുന്നു.

കുറഞ്ഞത് നാലുമിനിറ്റെങ്കിലും നീണ്ടു നിന്നേക്കാവുന്ന അതിസാഹസികമായൊരു സംഘട്ടനസാധ്യതയും കൂടി ഇതേപോലെ ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ ബോധപൂര്‍വം വേണ്ടെന്നു വച്ചിട്ടുണ്ട്, ഉസ്താദ് ഹോട്ടലില്‍. രാത്രി നായികയെ വീട്ടില്‍ക്കൊണ്ടാക്കാന്‍ പോകുംവഴി പൊട്ടവണ്ടി കേടാകുമ്പോള്‍ നായകനും നായികയും ലോറിയില്‍ കയറി വരവേ, ലോറി ഡ്രൈവറെയും കിളിയെയും വിഡ്ഢികളാക്കി രക്ഷപ്പെടുന്ന യുവമിഥുനങ്ങള്‍, പിന്തുടര്‍ന്നു വരുന്ന ആജാനുബാഹുവായ കിളിയില്‍ നിന്നു രക്ഷപ്പെടുന്നത്, സുരക്ഷിതമായൊരു ഒളിവിടം തേടിക്കൊണ്ടാണ്. നിയമവ്യവസ്ഥയെ ഉള്‍ക്കൊണ്ടുകൊണ്ട്, പാരമ്പര്യത്തിന്റെ എല്ലാ നന്മകളെയും ആവഹിച്ചുകൊണ്ട്, അംഗീകരിച്ചുകൊണ്ട് സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുളള യുവതയുടെ മോഹങ്ങളുടെ, ആഗ്രഹങ്ങളുടെ നേര്‍ചിത്രമായി ഉസ്താദ് ഹോട്ടല്‍ മാറുന്നത് ഇങ്ങനെയൊക്കെയാണ്. ഇവിടെ നായകന്‍ അതിമാനുഷനാവുന്നില്ലെന്നു മാത്രമല്ല, പ്രതിസന്ധികള്‍ക്കുമുന്നില്‍ മദ്യപനോ മറ്റോ ആയി സ്വയം നശിപ്പിക്കുന്നുമില്ല. പ്രായോഗികതയുടെ പാതയന്വേഷിച്ച് ജീവിതത്തെ വളരെ പോസിറ്റീവായി സമീപിക്കുന്നവരുടെ പ്രതിനിധിതന്നെയാണ് ദുല്‍ക്കറിന്റെ ഫൈസിയും. ഡബ്ബിംഗിലും ഭാവഹാവാദികളിലും മറ്റും ദുല്‍ക്കര്‍ പിതാവിനോടുപോലും താരതമ്യം ചെയ്യാനാവാത്തവണ്ണം വേറിട്ട വ്യക്തിത്വവും അസ്തിത്വവും പ്രകടമാക്കുന്നു.

കുടുംബബന്ധങ്ങളുടെ ഊടും പാവും, ഈര്‍പ്പവും ഊഷ്മാവും ഉള്‍ക്കൊള്ളുന്ന സിനിമകളാണ് നവതരംഗപരമ്പരയില്‍ ഉടലെടുക്കുന്നത്. ആ ഗണത്തില്‍പ്പെടുത്താവുന്നതു തന്നെയാണ് ഉസ്താദ് ഹോട്ടലും. പാരമ്പര്യത്തെ തള്ളിപ്പറയുകയല്ല, അതിന്റെ നന്മകള്‍ ആവഹിച്ചു ജീവിതം തുടരാനാഗ്രഹിക്കുന്ന ആധുനിക മലയാളിസമൂഹത്തിന്റെ സ്വത്വസവിശേഷതയാണ് ഈ സിനിമകളിലെല്ലാം ആവിഷ്‌കരിച്ചു കാണാനാവുന്നത്. കുടുംബബന്ധങ്ങളിലെ വിള്ളലുകളും വീഴ്ചകളും തീര്‍ച്ചയായും ഉസ്താദ് ഹോട്ടല്‍ കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷേ മനുഷ്യസഹജമായ മദമാത്സര്യങ്ങള്‍, അതൊക്കെ, ഒരു ദുരന്തത്തിനുമുന്നില്‍, അല്ലെങ്കില്‍ ബന്ധുവിനു വരുന്ന ഒരാവശ്യത്തിനുമുന്നില്‍ അലിഞ്ഞില്ലാതാവാനുള്ളതേയുള്ളൂ എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ട് ഈ സിനിമ. അച്ഛനും മകനും തമ്മിലായാലും, കാമുകനും കാമുകിയും തമ്മിലായാലും, ഏതൊരു പകയും വിദ്വേഷവും ഇങ്ങനെ ഒരു നിമിഷത്തില്‍ പുകഞ്ഞില്ലാതാവാനുള്ളതേയുള്ളൂവെന്നതാണല്ലോ വാസ്തവവും.

നന്മ പ്രമേയമാവുന്നതുകൊണ്ടു തന്നെ ഈ സിനിമയിലും, ഇതര നവതരംഗസിനിമകളില്‍ എന്ന പോലെ, വില്ലനോ വില്ലന്മാരോ ഇല്ല. പ്രതിനായകനോ നായികയോ ഇല്ല. പ്രതിനായകസ്ഥാനത്തു വന്നേക്കാമായിരുന്ന ഫൈസിയുടെ പിതാവിന്റെ കഥാപാത്രം പോലും, കഥയുടെ സ്വാഭാവിക പ്രയാണത്തില്‍ ജീവനുള്ള കഥാപാത്രമായിമാറുന്നു. അതുകൊണ്ടുതന്നെ സിദ്ദീഖിന്റെ കഥാപാത്രത്തില്‍ പ്രതിനായകത്വമല്ല, ആത്യന്തിക സ്‌നേഹമാണ് തെളിഞ്ഞുവിളങ്ങിയതും. ഒരു സൂലൈമാനിയില്‍ അലയടിക്കുന്നതാണ് പ്രണയമെന്നതാണ് ഉസ്താദ് ഹോട്ടല്‍ സമ്മാനിക്കുന്ന ഏറ്റവും വലിയ തത്വസംഹിത. മാതൃത്വത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി പൈതൃകം വാഴിച്ച സ്ത്രീയെ പോലും പരസ്പരം പോരടിച്ചു തകര്‍ക്കുന്ന രുദ്രകാളികളായി ചിത്രീകരിക്കുന്ന ഏഴുമണിപ്പരമ്പരകള്‍ക്കു മുന്നില്‍ സ്വന്തം കുഞ്ഞുങ്ങളെ ചടച്ചിരിത്തുന്ന അമ്മമാരും അച്ഛന്മാരും മക്കളെ അത്യാവശ്യം കൊണ്ടുകാണിക്കേണ്ട സിനിമയാണ് ഉസ്താദ് ഹോട്ടല്‍. കാരണം, മാറുന്ന ലോകക്രമത്തിന്റെ, ആഗോളവല്‍ക്കരണത്തിന്റെ സാംസ്‌കാരികാധിനിവേശത്തിന്റെ മലവെള്ളപ്പാച്ചിലില്‍ സ്വത്വ പ്രതിസന്ധിയുടെ ആശയക്കുഴപ്പത്തില്‍ പെട്ടുഴലുന്ന ആധുനിക ചെറുപ്പക്കാരുടെ പ്രതീകമായ ഫൈസിയുടെ കഥയിലൂടെ അവര്‍ ബ്ന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും കരുണയുടെയും സഹജീവിസ്‌നേഹത്തിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്നു വരാം. മധുരയിലെ, ജീവിക്കുന്ന ഇതിഹാസമായ കൃഷ്ണന്‍ നാരായണന്റെ (ഇതൊരു സാങ്കല്‍പിക കഥാപാത്രമല്ല, സിനിമയില്‍ ഒരു നടനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് എങ്കിലും) ജീവിതജ്യോതിലൂടെ അവര്‍ കനിവിന്റെ പുതുരുചിക്കൂട്ടുകള്‍ നുണഞ്ഞിറക്കിയെന്നു വരാം. അതാണ് ഈ സിനിമയുടെ സുകൃതം.

ഒരു ചലച്ചിത്ര നിരൂപണത്തില്‍ നിന്നു പ്രതീക്ഷിക്കുന്ന, സാങ്കേതിക വിലയിരുത്തലുകളും മറ്റും പാടെ ഒഴിവാക്കിക്കൊള്ളട്ടെ. കാരണം, അതിനൊക്കെ അതീതമാണ് ഉസ്താദ് ഹോട്ടല്‍ സമ്മാനിക്കുന്ന കാഴ്ചയുടെ രസാനുഭൂതി. ഒരു സിനിമ പൂര്‍ത്തിയാവുന്നത് പ്രേക്ഷകന്റെ ഉള്ളകത്തിലാണെങ്കില്‍, ഉസ്താദ് ഹോട്ടല്‍ കണ്ട ഏതൊരു പ്രേക്ഷകന്റെയും ഉള്ളില്‍ അതിന്റെ ഓര്‍മ്മത്തിരികള്‍ ഒളിവെട്ടമായെങ്കിലും അല്‍പം ബാക്കിയാകുമെന്നുറപ്പ്. ചിത്രത്തില്‍, ഉസ്താദ് തന്നെ പറയുന്ന ഒരു ഡയലോഗ് (വയറ് നിറയ്ക്കാന്‍ എളുപ്പമാണ്, മനസ്സു നിറയ്ക്കുക എന്നതാണ് പ്രധാനം.) ലേശം ഭേദഗതികളോടെ കടമെടുക്കട്ടെ. കാഴ്ചയുടെ വൈവിദ്ധ്യമാര്‍ന്നൊരു പ്രളയം തന്നെ കാണിക്കു മുന്നിലവതരിപ്പിക്കാന്‍ ആര്‍ക്കും സാധിക്കും. എന്നാല്‍ അവന്റെ ഹൃദയത്തിലേക്കു സംവദിക്കുന്ന ഒരു കാഴ്ചത്തുണ്ട് സമ്മാനിക്കുക എന്നതാണ് പ്രധാനം. അത്തരത്തില്‍ ഒരു കാഴ്ചത്തുണ്ട് സമ്മാനിക്കുകയാണ് ഉസ്താദ് ഹോട്ടല്‍ എന്ന സിനിമ.

തീര്‍ച്ചയായും ആധുനിക മലയാളസിനിമയിലെ നവയുഗപ്പിറവിക്ക് നാം കടപ്പെട്ടിരിക്കുന്നത്് നട്ടെല്ലുറപ്പുള്ള ഒരു ചെറുപ്പക്കാരന്‍ പ്രൊഡ്യൂസറോടാണ്. എണ്‍പതുകളില്‍ ഹരിപ്പോത്തനോ, പി വി ഗംഗാധരനോ, ജനറല്‍ പിക്‌ചേഴ്‌സ് രവിയോ ഒക്കെ പോലെ, ഇന്നിന്റെ സിനിമയ്ക്ക് രക്ഷകനായി അവതരിച്ചിട്ടുള്ള ലിസ്റ്റന്‍ സ്റ്റീഫന്‍ എന്ന പയ്യന്‍ നിര്‍മ്മാതാവ്. ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടല്‍....ഈ ചെറുപ്പക്കാരന്‍ നിര്‍മ്മിച്ച ഈ മൂന്നു സിനിമകളുടെ ശീര്‍ഷകങ്ങള്‍ക്കപ്പുറമൊരു വിശദീകരണം, ഈ വിലയിരുത്തലിന് ആവശ്യമുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. ലിസ്റ്റനു നന്ദി, അഞ്ജലിക്കും, അന്‍വറിനും. ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ചലച്ചിത്ര കാഴ്ചാനുഭവം കൂടി സമ്മാനിച്ചതിന്.

1 comment:

Sahani R. said...

നറേറ്റീവിലെ കന്യകാത്വമാണ് എനിക്കും ഇഷ്ടമായത്. അവ്യക്തഭാഷണങ്ങള്‍ ഒത്തിരിയുണ്ടായിരുന്നു, പലപ്പോഴും നമ്മള്‍ കൊതിച്ചിട്ടുള്ള സംസാരശൈലി. സിനിമയുടെ ശക്തിതന്നെയാണ് തിരക്കഥ. അഞ്ജലിയ്​ക്കാണ് ആദ്യസ്ഥാനം.