Sunday, May 22, 2011

പുളിപ്പുള്ള മുന്തിരിയുടെ ചാതുര്‍വര്‍ണ്യം

ദേശീയ അവാര്‍ഡിനു പിന്നാലെ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവും പുറത്തായിരിക്കുന്നു. ചരിത്രത്തിലാദ്യമായി ഒരു മലയാള സിനിമയും നടനും ഈ രണ്ടു തലങ്ങളിലും ഒന്നാമതെത്തി റെക്കോര്‍ഡിട്ടതിന്റെ സന്തോഷത്തേക്കാള്‍, ആടിന്റെ അകിട്ടിലും ചോരചികയുന്ന മലയാളി സിനിക്കുകള്‍ക്ക് സലീം കുമാറിനെയും ആദാമിന്റെ മകന്‍ അബുവിന്റെ സ്രഷ്ടാവ് സലീം അഹമ്മദിനെയും ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക സ്വാഭാവികം. അതിന് അവരുടെ പ്രതികരണങ്ങള്‍ ബഹുസ്വരത്തിന്റെ ബഹുരസങ്ങള്‍ തന്നെയായി. സന്തോഷമോ സങ്കടമോ ഇല്ലാതെ അവാര്‍ഡ് തീരുമാനങ്ങളെ സ്വീകരിച്ചുകൊണ്ടാണ്, അവാര്‍ഡുകളില്‍ ഒന്നിന് അര്‍ഹനായ ലബ്ധപ്രതിഷ്ഠനായൊരു ചലച്ചിത്രകാരന്‍ പ്രതികരിച്ചതെങ്കില്‍, സലീം കുമാറിന്റെ സിനിമ താന്‍ കണ്ടിട്ടില്ലെന്ന മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കെത്തന്നെ, തന്റെ അഭിപ്രായത്തില്‍ കഴിഞ്ഞവര്‍ഷം കണ്ട സിനിമകളിലെ ഏറ്റവും മികച്ച നടനം പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയുടേതായിരുന്നെന്നാണ് അതിന്റെ സംവിധായകന്‍ പ്രതികരിച്ചത്. ശരീരഭാഷയിലും ഭാവാഭിനയത്തിലും അസാമാന്യമായ പകര്‍ന്നാട്ടം നടത്തുന്നതിനെയാണോ, കഥായുടെ കരുത്തില്‍ അനുതാപമുയര്‍ത്തുന്ന കഥാപാത്രത്തിന്റെ സ്‌നിഗ്ധതയെയാണോ അഭിനയമികവായി അംഗീകരിക്കുന്നതെന്നൊരു ചോദ്യത്തിനും തടുക്കമിടുകയായിരുന്നു രഞ്ജിത്, തന്റെ ചാനല്‍ പ്രതികരണങ്ങളിലൂടെ.

ഇവിടെ, ഒരു ചോദ്യം പ്രസക്തമാവുന്നു. പ്രമേയതലത്തില്‍, പ്രേക്ഷക അനുതാപത്തിന് ഏറെ അര്‍ഹമാവുന്ന കഥാപാത്രസൃഷ്ടിയാണ് എന്നുവരികിലും, ആദാമിന്റെ മകന്‍ അബുവിലെ സലീംകുമാറിന്റെ അഭിനയം, ശരീരഭാഷയുടെയും ഭാവദീപ്തിയുടെയും പകര്‍ന്നാട്ടത്തില്‍ മികവുള്ളതായിരിക്കാന്‍ വഴിയില്ലെന്നൊരു മുന്‍വിധി രഞ്ജിത്തിനെപ്പോലൊരു ചലച്ചിത്രകാരനുണ്ടായതെന്തുകൊണ്ട്? ചിത്രവും സലീമിന്റെ പ്രകടനവും കണ്ടിട്ടില്ല എന്ന മുന്‍കൂര്‍ ജാമ്യം അവിടെ നില്‍ക്കട്ടെ. പക്ഷേ, താന്‍ കണ്ടതില്‍ വച്ചേറ്റവും മികച്ച പ്രകടനം മമ്മൂട്ടിയുടേതാണെന്നു തന്നെയാണ് തന്റെ ഉത്തമവിശ്വാസമെന്ന്് ആത്മവിശ്വാസത്തോടെ അദ്ദേഹം ആവര്‍ത്തിച്ചുകേട്ടപ്പോഴാണ്, ഇങ്ങനെയൊരു മുന്‍വിധി അദ്ദേഹത്തിന് സലീമിനെയും മമ്മൂട്ടിയെയും പറ്റി ഉണ്ടല്ലോ എന്നു തോന്നിപ്പോവുന്നത്. സലീം മൂത്താലും മമ്മൂട്ടിയാവുമോ എന്നൊരു പരിഹാസമില്ലേ ഈ വാചകങ്ങളില്‍ എന്നാരെങ്കിലും സന്ദേഹം കൊണ്ടാല്‍, രഞ്ജിത് ക്ഷമിക്കുക.
മറ്റൊരു സംശയം, ഇതേ വാദഗതിവച്ചളക്കുമ്പോള്‍ ഗദ്ദാമയ്ക്കു കാവ്യമാധവനു ലഭിച്ചതും കഥാഗതിക്കനുസരിച്ച് കഥാപാത്രം നേടിയ അനുതാപത്തിന്റെ മെച്ചമല്ലേ എന്നുള്ളതാണ്. കഥയ്ക്കിടയില്‍ ചോദ്യവും ചോദ്യത്തിനിടയില്‍ ഉത്തരവും പാടില്ലല്ലോ.

സത്യജിത് റേയുടെ സിനിമയായാലും ശരി, ഒരു ബംഗാളിക്ക് ആസ്വദിക്കാനാവുന്നത്ര ആഴത്തില്‍ മറ്റുള്ളവര്‍ക്ക് ആസ്വാദ്യമാവില്ലെന്നും ആയതിനാല്‍ മലയാളിയില്ലാത്തതുകൊണ്ടാണ് കേന്ദ്രത്തിലിക്കുറി മലയാളത്തിന് ഇത്രയേറെ അംഗീകാരങ്ങള്‍ കിട്ടിയതെന്ന വാദത്തില്‍ കഴമ്പില്ലെന്നുമാണ് മറ്റൊരു ചാനലില്‍ ചര്‍ച്ചയ്‌ക്കെത്തിയ നടനും നിരൂപകനുമായ കെ.ബി.വേണു പറഞ്ഞത്. എന്തിന്, മലയാളികളാരുമില്ലാത്തതുകൊണ്ടാണ് തങ്ങളുടെ ചിത്രങ്ങള്‍ പരിഗണിക്കപ്പെടാതെ പോയതെന്നാണ് കമലുള്‍പ്പെടെയുളള അവാര്‍ഡുനേടാത്ത മറ്റു ചലച്ചിത്രകാരന്മാര്‍ പറയുന്നതെന്ന് സംവിധായകന്‍ ഹരികുമാറും പറഞ്ഞു.തന്റെ സദ്ഗമയയ്ക്ക് സബ് ടൈറ്റിലില്ലാത്തതിനാല്‍ ഒരു ദ്വിഭാഷിയെ ഏര്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചെന്നുകൂടി ഹരികുമാര്‍ പറഞ്ഞപ്പോള്‍, സിനിമയുടെ ഭാഷയെക്കുറിച്ചു തന്നെ സന്ദേഹം തോന്നിപ്പോയാല്‍, പ്രേക്ഷകരെ കുറ്റം പറയരുത്.കാരണം, പൊതുവില്‍ ചലച്ചിത്രത്തെക്കുറിച്ച് വായിച്ചും പറഞ്ഞും കേട്ടിട്ടുള്ളത്, ദൃശ്യങ്ങളുടേതുമാത്രമായ, കാഴ്ചയുടേതുമാത്രമായ ഭാഷയും വ്യാകരണവുമാണ് അതിന്റേതെന്നാണ്. അവിടെ സംസാരഭാഷയ്ക്ക് എന്തുകാര്യം എന്നാണെങ്കില്‍, ചോദിക്കുന്നവര്‍ ക്ഷമിക്കുക.

കിട്ടാത്ത മുന്തിരി പുളിക്കും എന്നത് മലയാളിയെസംബന്ധിച്ച് യാതൊരു നാണക്കേടും കൂടാതെ വെളിപ്പെടുന്ന സ്വഭാവവൈചിത്ര്യമാണ്. അത് നമ്മുടെ മുഖമുദ്ര തന്നെയായിരിക്കുന്നിടത്തോളം, അംഗീകാരം കിട്ടുന്നവരെ അല്‍പമൊന്ന് ഇടിച്ചു താഴ്ത്തുകയും, തനിക്കു കിട്ടാത്ത അവാര്‍ഡ് തട്ടിപ്പാണെന്ന് ഇകഴ്ത്തുകയും, തനിക്കു കിട്ടായാല്‍ അവാര്‍ഡ് ഓസ്‌കറാണെന്നു പുകഴ്ത്തുകയും ചെയ്യുന്നത് സ്വാഭാവികം മാത്രം.പ്രത്യേകിച്ച്, മുന്‍നിരയില്‍പ്പെടാത്ത ഒരാള്‍ക്ക് ബഹുമതി കിട്ടിയാല്‍, അയാളെ അപമാനിക്കുക എന്നതും നമുക്ക് ഒഴിച്ചുകൂടാനാവാത്ത ശീലങ്ങളിലൊന്നായി മാറിയിരിക്കുന്നു. ഉപ്പിലോളം വരുമോ ഉപ്പിലിട്ടത് എന്ന മട്ടില്‍ കലാഭവന്‍ മണിയേയും സലീം കുമാറിനെയും കാണുന്നതിന്റെ മനഃശാസ്ത്രവും ഇതുതന്നെയാവണം. സമൂഹത്തിലെ

ജാതിവ്യവസ്ഥയോളം പ്രാകൃതമായ ഈ മുന്‍വിധികള്‍ക്കിടയില്‍ നിഷ്പക്ഷമായ വിധിനിര്‍ണയങ്ങള്‍ക്ക് പുറത്തുനിന്ന് ആളുവരേണ്ട ഗതികേട് മലയാളിയുടെ മാത്രം തലവിധി.
ജാത്യാലുള്ളതു തൂത്താല്‍ പോവില്ല. മലയാളിയുടെ മനസ്സില്‍ ആഴത്തിലുള്ള വൃത്തികെട്ട ഈ അയിത്തചിന്തയും മാറില്ല. അതുകൊണ്ട്, മിസ്റ്റര്‍ സലീം കുമാര്‍. നിങ്ങള്‍ ധൈര്യമായി മുന്നോട്ടു പോവുക. ആത്മാര്‍ഥതയ്ക്കുള്ള അംഗീകാരം ഇവിടുന്നല്ലെങ്കില്‍ പുറത്തുനിന്നോ, ഇവിടുന്നാണെങ്കില്‍ പുറത്തുനിന്നുള്ളവരില്‍ നിന്നോ തീര്‍ച്ചയായും കിട്ടും. വെല്‍ഡണ്‍, കീപ്പിറ്റ് അപ്പ്.

3 comments:

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയപ്പെട്ട ശ്രീ ചന്ദ്രശേഖര്‍,
വളരെ നന്നായി ഈ കുറിപ്പ്.ഞാനുമെഴുതുന്നുണ്ട്.എഴുതാതിരിക്കാന്‍ പാടില്ല നമ്മള്‍.
സലീംകുമാറിനെ ആത്മാര്‍ത്ഥമായി ഞാന്‍ അഭിനന്ദിക്കുന്നു.

A.Chandrasekhar said...

Thank you susmesh.

Sapna Anu B.George said...

സിനിമ ഞാൻ കണ്ടിട്ടില്ല എൻകിലും ചന്ദ്രാ താൻകളുടെ അഭിപ്രയത്തോടു ഞാൻ യോജിക്കൂന്നു.സിനിമ കാണാൻ ഞാൻ കാത്തിരിക്കുന്നു.