Sunday, September 26, 2010

ദ് ബോയ്‌സ് ഓഫ് മലര്‍വാടി

ലര്‍വാടി ആര്‍ട്‌സ് ക്‌ളബ് കണ്ടു. വൈകിയതിനു ക്ഷമ. ഇടയ്‌ക്കൊരു ഹിമാലയന്‍ യാത്രയുണ്ടായിരുന്നതുകൊണ്ട് വായനയിലും സിനിമയിലും ഒരു ഷോര്‍ട്ട് ബ്രേക്ക്. അതുകഴിഞ്ഞെത്തിയശേഷമാണ് പെന്‍ഡിംഗ് സിനിമകള്‍ കണ്ടു തീര്‍ത്തത്. അക്കൂട്ടത്തില്‍ മലര്‍വാടിയും. തീര്‍ച്ചയായും വിനീത് ശ്രീനിവാസന്റെ കന്നിസംരംഭം അഭിനന്ദിക്കപ്പെടേണ്ടതു തന്നെ. പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്ക്. ഒന്ന്. ലബ്ധപ്രതിഷ്ഠരായ താരങ്ങളുടെ പിന്‍ബലം വേണ്ട എന്നു വച്ചതിന്. രണ്ട്.ഗാനരചനയടക്കം സിനിമയുടെ എല്ലാ മേഖലകളിലും ഒരു ബാലചന്ദ്രമേനോനായിത്തന്നെ അരങ്ങേറാന്‍ കാട്ടിയ ധൈര്യത്തിന്.
വഴി മാറി ചിന്തിക്കുന്ന യുവത്വത്തിന്റെ പ്രസന്നതയും പ്രസരിപ്പുമാണ് വാസ്തവത്തില്‍ ശയ്യാവലംബമായ മലയാളസിനിമയ്ക്ക് ഇന്ന് അത്യാവശ്യം. വിനീത് ആ അര്‍ഥത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍, തമിഴില്‍ സൂപ്പര്‍ സംവിധായകന്‍ ശങ്കര്‍ പുതുമുഖങ്ങളെ നായികാനായകന്മാരാക്കി നിര്‍വഹിച്ച ബോയ്‌സ് എന്ന സിനിമയോട് മലര്‍വാടിക്ക് ഏറെ കടപ്പാടുണ്ടെന്ന കാര്യം വിനീത് ശ്രീനിവാസനും മറക്കാനാവില്ലെന്നെനിക്കുറപ്പുണ്ട്. സംഗീതം ജീവിതമാക്കുന്ന ഒരു പറ്റം യുവാക്കളുടെ...അവരുടെ കൂട്ടത്തില്‍ കൂടുന്ന ഒരു യുവതിയുടെ, കഥ തന്നെയാണ് രണ്ടും എന്നതുമാത്രമല്ല, കഥയുടെ ക്‌ളൈമാക്‌സില്‍ വരെ വന്നുഭവിച്ച സാമ്യം കണ്ടില്ലെന്നു നടിക്കുന്നത് അസാധ്യം.അതിനര്‍ഥം മലര്‍വാടിയുടെ പുതുമകളെ, നന്മകളെ കണ്ടില്ലെന്നു വയ്ക്കുന്നു എന്നല്ല. തീര്‍ച്ചയായും മലര്‍വാടി ആഘോഷിക്കപ്പെടേണ്ട സിനിമ തന്നെയാണ്, പ്രത്യേകിച്ചും ഈ കാലയളവില്‍.
എന്തൊക്കെ കുറവുണ്ടെങ്കിലും, ഒരു കന്നി സംവിധായകന്റെ, അതി ധീരമായ പരിശ്രമം എന്ന നിലയ്ക്ക് മലര്‍വാടി അംഗീകരിക്കപ്പെടേണ്ടത്, മലയാള സിനിമയെ സ്‌നേഹിക്കുന്നവരുടെ കര്‍ത്തവ്യമോ കടമയോ ആണ്. അതുമാത്രമല്ല, ഇത്തരമൊരു സംരംഭത്തിന് ഇലയിട്ട് സദ്യ വിളമ്പിയ നടന്‍ ദിലീപിന്റെ ദൗത്യം, സിനിമയെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന ഒരു ചലച്ചിത്രപ്രവര്‍ത്തകന്റെ അര്‍പണബോധത്തിന്റെ കൂടി തെളിവുതന്നെയാണ്.
ഒരു കാര്യത്തിലേ, വിനീതിനോട് വേറിട്ട അഭിപ്രായമുള്ളു-സുരാജ് വെഞ്ഞാറമ്മൂടില്ലായിരുന്നെങ്കിലും, അച്ഛന്റെ തന്നെ കഥ പറയുമ്പോളിലേതിനു സമാനമായ കോട്ടയം നസീറിന്റെ കഥാപാത്രമില്ലായിരുന്നെങ്കിലും മലര്‍വാടി പൂത്തുലയുമായിരുന്നു.
ഒരു സംവിധായകന്റെ രണ്ടാമത്തെ സിനിമയാണ് ശരിക്കും അയാളുടെ ആദ്യ പരീക്ഷണം അഥവാ അഗ്നി പരീക്ഷണം.അതാണ് അയാളുടെ നിലനില്‍പ്പിനെ നിര്‍ണയിക്കുക. കേരളം കാത്തിരിക്കുന്നത് വിനീതിന്റെ അടുത്ത സിനിമയ്ക്കായാണ്. അതിലെങ്കിലും ആദ്യസിനിമയിലെ കുറവുകളും കൈകുറ്റപ്പാടുകളും ഒഴിവാക്കാന്‍ ശ്രമിക്കുക. താങ്കളില്‍ മലയാളത്തിന് ഏറെ പ്രതീക്ഷയാണുള്ളതെന്ന ബോധ്യം വെടിയാതിരിക്കുക.

No comments: