Monday, March 02, 2009

SLUMDOG MILLIONNAIRE-AN INDIAN REJOINDER

What exactly are the hidden agendas of Hollywood that triggers promoting India and Indian technicians through Slumdog Millionnaire? What is the socio-economic impact that this film carry out in the Indian Film Industry? Amidst globalisation, a serious thinking over the subject. This article has been carried as the cover story by Samakalika Malayalam in their latest issue under the title HOLLYWOODINE KOTHIPPIKKUNNA INDIA.

കവാത്തു മറക്കുന്ന സായിപ്പ്?

എ.ചന്ദ്രശേഖര്‍

ഇന്ത്യന്‍ സിനിമയുടെ അന്തസ്സുയര്‍ത്തി ഓസ്കര്‍ താരനിശയില്‍ആര്‍ സ്ക്വയര്‍ (റഹ്മാന്‍-റസൂല്‍ പൂക്കുട്ടി) നേടിയ വന്‍ വിജയത്തിനു മുന്നില്‍ വാസ്തവത്തില്‍ ഹോളിവുഡ് കവാത്തു മറക്കുകയായിരുന്നു. കൊഡാക്ക് തീയറ്ററിലെ നിറസദസ്സില്‍ മാതാവിനെയും മാതൃഭൂമിയേയും മറക്കാത്ത എ.ആര്‍.റഹ്മാന്റെ പ്രസംഗവും എല്ലാ ശബ്ദത്തെയും ആവഹിക്കുന്ന നമ്മുടെ ഓംകാരത്തെയും സംസ്കാരത്തേയും ഓര്‍ത്തെടുത്ത റസൂല്‍ പൂക്കുട്ടിയുടെ പ്രസംഗവും ഇന്ത്യമാത്രമല്ല, ലോകമൊട്ടാകെ ജയ് ഹോ മനസില്‍ പാടിത്തന്നെയാണു നെഞ്ചേറ്റിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റലിയുടെ റോബര്‍ട്ടോ ബെനീഞ്ഞിക്കു ലൈഫ് ഈസ് ബ്യൂട്ടിഫുളിലൂടെ കൈവന്ന ഓസ്കര്‍ ലബ്ധിയെക്കാള്‍ റസൂല്‍-റഹ്മാന്‍മാരുടെ പുരസ്കാരങ്ങള്‍ക്കു തിളക്കമേറുന്നത് സായിപ്പിന്റെ കളത്തില്‍ കടന്നു കളിച്ചു നേടിയ വിജയം എന്ന നിലയ്ക്കുകൂടിയാണ്. ഇന്ത്യന്‍ സിനിമാ സംഗീതശാഖയോടുള്ള പാശ്ചാത്യന്റെ അവജ്ഞയ്ക്കേറ്റ തിരിച്ചടി കൂടിയാണിത്.ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെയും ഇന്ത്യന്‍ സിനിമയുടെ മാത്രം സവിശേഷതയായ ഗാനചിത്രീകരണരംഗങ്ങളേയും പരമപുച്ഛത്തോടെ മാത്രം കണ്ട എല്ലാവര്‍ക്കും, ഒരു ബ്രിട്ടീഷ് സിനിമാസംരംഭത്തിലൂടെ ഇതേ ഫോര്‍മുല നേടിയ അഭൂതപൂര്‍വമായ ജനപ്രീതിയും നിരൂപകപ്രശംസയും ചുട്ട മറുപടിയായി.മാത്രമല്ല, അതേ ഫോര്‍മുല ഓസ്കര്‍ താരനിശയുടെ വര്‍ണപ്പകിട്ടിന് ആക്കം കൂട്ടിക്കൊണ്ട് ലൈവ് ആയി അവതരിപ്പിക്കപ്പെട്ടതും ഇന്ത്യയുടെ മധുരപ്രതികാരമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഗാനരചയ്ക്കടക്കം കൈവന്ന നാല് ഓസ്കര്‍ ശില്‍പങ്ങളില്‍ നമ്മുടെ സിനിമയുടെ ഭാവിഭാഗധേയം തന്നെയാണുള്ളത്. നമ്മുടെ സിനിമ ഇനി എങ്ങോട്ട് എന്നതിന്റെ,. ഇപ്പോള്‍ എവിടെ എന്നതിന്റെ വിലയിരുത്തലും അളവുകോലും.ലോകനിലവാരത്തില്‍ നിന്ന് ഒട്ടും താഴെയല്ല സിനിമയില്‍ നമ്മുടെ വിഭവശേഷി എന്നതിന്റെ ചൂണ്ടുപലകയാണീ വിജയം.പക്ഷേ, ഈ രണ്ടു ചെറുപ്പക്കാരുടെയും നേട്ടം മറ്റു ചിലതുകൂടി മുന്നോട്ടു വയ്ക്കുന്നുണ്ട്. എത്ര എളിയ തുടക്കത്തില്‍നിന്നായാലും കഠിനാധ്വാനവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ അപ്രാപ്യമെന്ന് തോന്നുന്നതെന്തും സ്വന്തമാക്കാമെന്ന ശുഭാപ്തി റഹ്മാന്‍-റസൂല്‍ ദ്വയം ഒരുപോലെ ഓര്‍മപ്പെടുത്തുന്നു. ഓസ്കര്‍ പ്രസംഗത്തില്‍ റഹ്മാന്‍ സൂചിപ്പിച്ചതുപോലെ, സ്ളംഡോഗ് മില്യണെയര്‍ മുന്നോട്ടുവയ്ക്കുന്ന ശുഭപ്രതീക്ഷയോളമോ അതിനും മേലെയോ ആണിത്.സായിപ്പിന്റെ സാങ്കേതികതയില്‍ അവരെ അതിശയിപ്പിക്കുന്ന മെയ്വഴക്കവും ബുദ്ധികൂര്‍മതയും സമഗ്രതയും പൂര്‍ണതയുമാണ് റസൂലും റഹ്മാനും കാഴ്ചവച്ചത്. സിലിക്കണ്‍വാലിയില്‍ അമേരിക്കക്കാരനെ അതിശയിപ്പിക്കുന്ന മലയാളിബുദ്ധിയുടേതിനു സമാനമാണിത്. എന്നാല്‍, റഹ്മാനാകട്ടെ, ഒരു പടികൂടി കടന്ന്, പാശ്ചാത്യസംഗീതത്തിന്റെ അതിലോല ഭാവാത്മകത കൂടി ഒപ്പിയെടുത്ത,് ഹോളിവുഡ് പാശ്ചാത്തല സം ഗീതത്തിന്റെ സമകാലിക തലതൊട്ടപ്പന്മാരുമായി നേര്‍ക്കുനേര്‍ പോരാടിയാണ് മൌലിക സംഗീതത്തിനുള്ള ബഹുമതി സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഈ ഇരട്ട നേട്ടത്തിന്റെ മാറ്റും ഇര ട്ടിക്കുന്നു.ഒബാമ പ്രസിഡന്റായി അവരോധിക്കപ്പെട്ട് ചരിത്രം തിരുത്തിയ അമേരിക്കയിലാണ് ഇക്കുറി സാം സ്കാരിക രംഗത്ത് മാറ്റത്തിന്റെ ഇന്ത്യന്‍ ഓംകാരവും ജയ ഹോയും പ്രതിധ്വനിക്കുന്നതെന്നതും പ്രത്യേകം ശ്രദ്ധിക്കണം. റഹ്മാനും റസൂലുമല്ല ഇവിടെ വിഷയം. മറിച്ച് സ്ളംഡോഗ് മില്യണെയ്ര്‍ എന്ന ബ്രിട്ടീഷ് സിനിമയാണ്. സ്ളംഡോഗിലൂടെ ഇന്ത്യയുടെ അഭിമാനം മാനം മുട്ടെ ഉയരുന്നത് രോമാഞ്ചത്തോടെ കണ്ടിരുന്ന ഒരാളെന്ന നിലയില്‍ക്കൂടിയാണ് ഈ രണ്ടു ചെറുപ്പക്കാര്‍ക്കും ഈ അതുല്യനേട്ടം കൈപിടിയിലെത്തിച്ച സ്ളംഡോഗ് മില്യണെയര്‍ എന്ന സിനിമയുടെ അഭൂതപൂര്‍വമായ നേട്ടങ്ങളിലേക്ക് പിന്തിരിഞ്ഞു നോക്കുന്നത്. സ്ളംഡോഗ് മില്യണെയ്ര്‍ മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രമോ, അതുളവാക്കുന്ന സാധ്യതകളോ വാസ്തവത്തില്‍ ആത്മാര്‍ഥമാണോ? യഥാര്‍ഥത്തില്‍ ഇന്ത്യന്‍ സിനിമയ്ക്കുള്ള അംഗീകാരമാണോ സ്ളംഡോഗ് മില്യണെയ്ര്‍? ഇന്ത്യന്‍ ചേരിയുടെ ദാരിദ്യ്രം വിറ്റുകാശാക്കുന്നു തുടങ്ങി ഓസ്കര്‍ നാമനിര്‍ദേശം നടന്നപ്പോള്‍ത്തന്നെ ചിത്രം നേടിയെടുത്ത വിമര്‍ശനങ്ങള്‍ കുറച്ചൊന്നുമല്ല. ഇന്ത്യന്‍ കമ്പോള സിനിമയുടെ അതികായനായ അമിതാഭ് ബച്ചനില്‍ നിന്നുപോലും ഇത്തരത്തിലൊരു ആശങ്കാക്കുറിപ്പുണ്ടായതും ഓര്‍ക്കണം. (ഈ വിമര്‍ശനങ്ങള്‍ സത്യജിത് റേയുടെ പഥേര്‍ പാഞ്ജലിയില്‍ തുടങ്ങി കാലാകാലങ്ങളായി രാജ്യാന്തര പ്രശസ്തി നേടിയെടുക്കുന്ന എല്ലാ ഇന്ത്യന്‍ ചിത്രങ്ങള്‍ക്കും നേരെ ഉണ്ടായിട്ടുള്ളതുമാണ്) പ്രതീക്ഷിച്ചതുപോലെ തന്നെ സ്ളംഡോഗ് മില്യണെയ്റിന്റെ ചരിത്രവിജയത്തിനെതിരേ ധാരാവിയില്‍ പ്രതിഷേധപ്രകടനം അരങ്ങേറുകയും ചെയ്തു. അതൊക്കെ, വലന്റൈന്‍സ് ദിനത്തിനെതിരെയുള്ള പ്രതിഷേധവും പ്രതിരോധവും പോലെ മാത്രം കണക്കാക്കിയാല്‍ മതി. റഹ്മാന്‍ ഇതിനേക്കാള്‍ മികച്ച കമ്പോസിഷന്‍സ് മുമ്പ് ഇന്ത്യന്‍ സിനിമകള്‍ക്കുവേണ്ടിയും ശേഖര്‍ കപൂറിന്റെ ബ്രിട്ടീഷ് സംരംഭമായ എലിസബത്തിന്റെ പശ്ചാത്തലസംഗീതത്തിനു വേണ്ടിയും ഒരുക്കിയിട്ടുണ്ടെന്ന വിമര്‍ശനവും മറന്നേക്കാം. അതൊന്നും ഒരുപക്ഷേ അമേരിക്കന്‍ അക്കാദമിയുടെ അയ്യായിരം അംഗങ്ങളുടെ ശ്രദ്ധയില്‍ പതിഞ്ഞില്ലായിരിക്കാം. ഇവിടെ അത്തരം വിമര്‍ശനങ്ങളൊന്നുമല്ല ചര്‍ച്ചയ്ക്കെടുക്കുന്നത്. മറിച്ച് അതു മുന്നോട്ടുവയ്ക്കുന്ന ചില സാമ്പത്തിക പ്രത്യയശാസ്ത്രങ്ങളാണ്. എന്തുകൊണ്ട് ഒരു ശരാശരി ഇന്ത്യന്‍ സിനിമയുടെ കഥാവസ്തുവും ശില്‍പഘടനയുമുളള സ്ളംഡോഗ് മില്യണെയ്ര്‍ അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ അംഗങ്ങള്‍ക്ക് ഇത്രമേല്‍ ഇഷ്ടപ്പെട്ട സിനിമയായി എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് ഹോളിവുഡിന്റെ കച്ചവട താല്‍പര്യം മുതല്‍ ആഗോളവല്‍കരണത്തിന്റെ മൂലധനതാല്‍പര്യങ്ങളിലേക്കു വരെ അതിന്റെ വേരുകള്‍ നീളുന്നതു തിരിച്ചറിയാനാവുക. മുമ്പ് ഓസ്കറുകള്‍ വാരിക്കൂട്ടുകയും ആദ്യമായി ഒരു സാങ്കേതികപ്രവര്‍ത്തകയ്ക്ക് ഇന്ത്യന്‍ മണ്ണിലേക്ക് ഓസ്കര്‍ കൊണ്ടുവരികയും ചെയ്ത (ഭാനു അഥയ്യ-വസ്ത്രാലങ്കാരം) ഗാന്ധി ഇന്ത്യന്‍ സഹകരണത്തോടെയുള്ള ഇംഗ്ളീഷ് സംരംഭമായിരുന്നതു പോലെ സ്ളംഡോഗ് മില്യണെയ്ര്‍ പൂര്‍ണമായി ഇന്ത്യയില്‍ ചിത്രീകരിച്ച വിദേശചിത്രമാണ്. എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഈയിടെ റിലീസായ നമ്മുടെ ആകാശഗോപുരത്തോട് ഈ ചിത്രത്തെ ഉപമിച്ചു നോക്കാം. ലണ്ടണില്‍ ചിത്രീകരിക്കുകയും ബ്രിട്ടീഷ്/യു.എസ് സാങ്കേതിക പ്രവര്‍ത്തകരുടെ (സംഗീതസംവിധായകനടക്കം) സഹകരണം തേടുകയും ചെയ്ത ആകാശഗോപുരം പൂര്‍ണമായി ഒരു മലയാള സിനിമയാണല്ലോ. ഗാന്ധി കഥാവസ്തു ആവശ്യപ്പെടുന്നതുകൊണ്ടു മാത്രം ഇന്ത്യയില്‍ ചിത്രീകരിക്കപ്പെട്ടതാണ്. മഹാത്മാവ് ഇന്ത്യയുടെ മാത്രം സ്വകാര്യ സ്വത്തല്ലല്ലോ. പാസേജ് ടു ഇന്ത്യയും സിദ്ധാര്‍ഥയും ഇങ്ങനെ ചലച്ചിത്രമാക്കപ്പെട്ടവ തന്നെ. പക്ഷേ അവയ്ക്കുപിന്നില്‍ ഇസ്മയില്‍ മെര്‍ച്ചന്റ് എന്നൊരു ഇന്ത്യക്കാരന്‍ നിര്‍മാതാവിന്റെ സാന്നിദ്ധ്യമുണ്ട്; താല്‍പര്യവും. സ്ളംഡോഗ് മില്യണെയ്ര്‍ അങ്ങനൊരു ഇന്ത്യന്‍ താല്‍പര്യത്തിന്റെ പശ്ചാത്തലമുളള സിനിമയല്ല. ക്രിസ്റ്യന്‍ കോള്‍സണ്‍ എന്ന് നിര്‍മാതാവ് അടുത്തൊരു സിനിമ ചിന്തിക്കുമ്പോള്‍ വിപണിസാധ്യതയുള്ള, ലാഭത്തില്‍ നിര്‍മിക്കാന്‍ സാധ്യതയുള്ള ഒരു ചലച്ചിത്ര സംരംഭം എന്ന നിലയ്ക്ക് അവര്‍ക്കുമുന്നിലേക്ക് എത്തപ്പെടുന്ന ഒന്നാണ്. അതായത് ഏതൊരു ഹോളിവുഡ് സിനിമയേയും പോലെ വ്യക്തമായി ആസൂത്രണം ചെയ്ത് ബോധപൂര്‍വം നിശ്ചയിച്ചുറച്ച ചലച്ചിത്രപദ്ധതി.കോന്‍ ബനേഗ ക്രോര്‍പതിയെ അടിസ്ഥാനമാക്കി ചോദ്യോത്തരം എന്ന അര്‍ഥത്തില്‍ ക്യൂ ആന്‍ഡ് എ എന്ന പേരില്‍ വികാസ് സ്വരൂപ് എഴുതിയ നോവല്‍ ചലച്ചിത്രമാക്കപ്പെട്ടപ്പോള്‍ സ്വീകരിച്ച പേരില്‍പോലും വെള്ളക്കാരന്റെ ഇന്ത്യയൊടുള്ള കാഴ്ചപ്പാടിന്റെ രാഷ്ട്രീയമുണ്ട്. ഇല്ലെങ്കില്‍ എന്തുകൊണ്ട് ക്യൂ ആന്‍ഡ് എ തെരുവുപട്ടി ആയി? ഇവിടെയാണ് സ്വാഭാവികമായി ചില സംശയങ്ങള്‍ ഉയര്‍ന്നു വരിക. എന്തുകൊണ്ട് വികാസ് സ്വരൂപിന്റെ ഈ നോവല്‍ തന്നെ പ്രമേയമായി തെരഞ്ഞെടുത്തു? മുംബൈയുടെ ഇരുണ്ട മുഖം എന്ന, ഇതുവരെ ലോകസിനിമ സ്പര്‍ശിക്കാത്ത പുതുമണം മാറാത്ത വിഷയമായതുകൊണ്ടോ? പക്ഷേ എന്തിന് ചിത്രം പതിവു ഹോളിവുഡ് രീതിവിട്ട് തനത് ഹിന്ദി സിനിമയുടെ ദൃശ്യപരിചരണം സ്വീകരിച്ചു? സ്നേഹത്തിന്റെ പുതിയൊരു മാനം കാട്ടിത്തരുന്ന കഥാവസ്തുവായതുകൊണ്ട്, കഥാവസ്തു ആവശ്യപ്പെടുന്ന രൂപശില്‍പം അതായിരുന്നതുകൊണ്ട് എന്നെല്ലാം എളുപ്പത്തില്‍ പറഞ്ഞൊഴിയാം. എന്നിരുന്നാലും, ബോളിവുഡിന്റെ ആട്ടവും പാട്ടുമൊന്നും ആ ദൃശ്യപരിചരണത്തില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നില്ലല്ലോ. അതിന് ഗുള്‍സാറില്‍ നിന്ന് ഹിന്ദി വരികളെഴുതി വാങ്ങി റഹ്മാനെക്കൊണ്ടു ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ വേണ്ടിയിരുന്നില്ലല്ലോ. അവാര്‍ഡിനു മത്സരിക്കാന്‍ വേണ്ടി മാത്രമെന്നോണം സിനിമയുടെ അവസാനം ശീര്‍ഷകഗാനമായി ജയ് ഹോ എന്ന എന്നൊരു ഇന്ത്യന്‍ മസാല ഗാനരംഗം എന്തിനുള്‍പ്പെടുത്തി?(അതു സംവിധാനം ചെയ്ത ഇന്ത്യന്‍ സംവിധായകന്‍ ലവ്ലീന്‍ ഠണ്ടന്റെ പേര് ക്രഡിറ്റില്‍ വയ്ക്കാന്‍ മറന്നുപോയതിന് തന്നെ സ്വയം പഴിക്കുന്നുണ്ടായിരുന്നു അവാര്‍ഡ് പ്രസംഗത്തിനിടെ ഡാനി ബോയല്‍.ക്രഡിറ്റില്‍ വിട്ടുപോയ ഒരേയൊരു പേര്!) ഇതൊക്കെ തീര്‍ച്ചയായും ഡാനി ബോയല്‍ എന്ന സംവിധായകന്റെ വ്യക്തിതാല്‍പര്യം. അതിലൊന്നും ഇടപെടുന്നതോ ചോദ്യം ചെയ്യുന്നതിലോ കഴമ്പില്ലതാനും. മുംബൈയുടെ ഗലികളെയും അഴുക്കിടങ്ങളെയും പ്രമേയമാക്കി മുമ്പൊരു കനേഡിയന്‍ സിനിമ വര്‍ഷങ്ങള്‍ക്കുമുമ്പ് ആഗോളശ്രദ്ധ നേടിയിരുന്നത് ഈയവസരത്തില്‍ ഓര്‍ക്കാതെ പോവരുത്. കാമാട്ടിപ്പുരത്തിന്റെ ഇരുണ്ടമുഖം തുറന്നുകാട്ടിയ സലാം ബോംബെ പക്ഷേ സംവിധാനം ചെയ്തത് ഇന്ത്യന്‍ അസ്തിത്വമുള്ള കനേഡിയന്‍ പൌരത്വമുളള മീര നയ്യാരായിരുന്നു. ആഗോളവല്‍കരണം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു കാലമാണല്ലോ ഇത്. തീര്‍ച്ചയായും സ്ളംഡോഗ് ഈ സാമ്പത്തികപ്രതിസന്ധിക്കു മുമ്പേ ആസൂത്രണം ചെയ്യുകയും സാര്‍ഥകമാക്കുകയും ചെയ്ത ചലച്ചിത്രപദ്ധതിതന്നെയാണ്. എന്നിട്ടും സ്ളംഡോഗ് നേടിയ വിജയത്തില്‍ സംശയിക്കാന്‍ മാത്രം എന്താണുളളത്? അതിനു മുറുപടി തേടും മുമ്പ് സമകാലിക ബോളിവുഡ്ഡിലേക്കൊന്നു ദൃഷ്ടി പായിക്കാം. കുറച്ചുവര്‍ഷം മുമ്പുവരെ അധോലോകത്തിന്റെ കള്ളപ്പണം നിറഞ്ഞു നിന്ന ഹിന്ദി സിനിമ ഇന്ന് അടക്കിവാഴുന്നത് രാജ്യാന്തര കോര്‍പറേറ്റുകളുടെ ഇന്ത്യന്‍ അവതാരങ്ങളോ പ്രതിപുരുഷന്മാരോ ആണ്. യൂണിവേഴ്സല്‍, വാര്‍ണര്‍ ബ്രദേഴ്സ്, ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ്, പാരമൌണ്ട്, സോണി, തുടങ്ങിയ പ്രമുഖ അമേരിക്കന്‍ നിര്‍മാണ വിതരണ സ്ഥാപനങ്ങളൊക്കെയും ഇന്ത്യന്‍ സിനിമയില്‍ ലാഭം കണ്ട് ദശവത്സരപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. കോടികളില്‍ നിന്ന് ശതകോടികളിലേക്കു ബജറ്റു കുതിക്കുന്നു. ഏറ്റവും പുതിയ സാങ്കേതികത്വം എത്രയും വേഗം ലഭ്യമാക്കുന്നു. മലയാളത്തിന്റെ പ്രിയദര്‍ശന്‍ പോലും യൂണിവേഴ്സലുമായി പത്തുവര്‍ഷത്തേക്ക് പത്തു മെഗാ സിനിമകള്‍ക്കായി 100 കോടി രൂപയുടെ കരാറിലേര്‍പ്പെടുന്നു. ഇവിടെ മണ്ണടിഞ്ഞു പോവുന്നത് വര്‍ഷങ്ങളായി ഹിന്ദി സിനിമകള്‍ നിര്‍മ്മിച്ചിരുന്ന ഇടത്തരം ഇന്ത്യന്‍ നിര്‍മാതാക്കളുടെ തലമുറയാണ്. കാരണം മാര്‍വാടിയുടെ കടത്തില്‍ നിന്ന് അവര്‍ക്കു താങ്ങാനാവുന്നതല്ല ഹിന്ദി സിനിമയുടെ ഇന്നത്തെ ബജറ്റ്. യാഷ്ചോപ്ര തുടങ്ങി പ്രബലനിര്‍മാതാക്കളുമൊക്കെയായി ബഹുരാഷ്ട്ര കമ്പനികള്‍ ദീര്‍ഘകാല ധാരണകളിലും സഹകരണങ്ങളിലും ഏര്‍പ്പെടുന്നു. ഫലത്തില്‍ ഇവര്‍ ബഹുരാഷ്ട്ര നിര്‍മാണ-വിതരണ കമ്പനികളുടെ നിര്‍വാഹകര്‍ മാത്രമായി ചുരുങ്ങുന്നു എന്നത് ഇവര്‍ പോലും തിരിച്ചറിയാതെ പോകുന്ന മറ്റൊരു യാഥാര്‍ഥ്യം. സ്വന്തം നാട്ടില്‍ സിനിമ കൊണ്ടുണ്ടാക്കാവുന്ന പരമാവധി ഉണ്ടാക്കി കഴിഞ്ഞിട്ടാണ് ഹോളിവുഡ് ഇന്ത്യയിലേക്കു കണ്ണെറിയുന്നതെന്നോര്‍ക്കണം. അമേരിക്കയിലെ എണ്ണ മുഴുവന്‍ റിസര്‍വില്‍ വച്ച് റഷ്യയിലും മധ്യേഷ്യയിലും ചൂഷണസാധ്യതയാരായുന്ന അമേരിക്കന്‍ വ്യവസായ തന്ത്രത്തില്‍ കുറഞ്ഞതൊന്നുമല്ല ഇതും. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. അടുത്ത പത്തുവര്‍ഷത്തിനുള്ളിലോ അതിനും മുമ്പേയോ ഇന്ത്യ ലോകസിനിമയിലെ ഏറ്റവും ശക്തമായ വിപണിയായി മാറുമെന്ന് പഠനങ്ങള്‍ തറപ്പിച്ചു പറയുമ്പോള്‍ അത്തരത്തിലൊരു വിപണി സാധ്യത നോക്കാതിരിക്കാനാവില്ലല്ലോ ഹോളിവുഡിന്. പ്രത്യേകിച്ച് വ്യത്യസ്ത ഇന്ത്യന്‍ ഭാഷാസിനിമകള്‍ക്ക് സിംഗപ്പൂര്‍, ചൈന, ജപ്പാന്‍, ശ്രീലങ്ക, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍, മ്യാന്മര്‍, റഷ്യ, മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ശക്തമായൊരു വിപണി ഇപ്പോള്‍ തന്നെ നിലവിലുള്ളപ്പോള്‍. ഐ.ടി. വ്യവസായത്തില്‍ പരീക്ഷിച്ചു വിജയിച്ച പ്രോജക്ട് ഔട്ട്സോഴ്സിംഗ് (ബി. പി.ഒ) ഫലപ്രദമായ നിലയില്‍ ഇപ്പോള്‍ തന്നെ ഹോളിവുഡ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ സാങ്കേതികവിദഗ്ധരുടെ സേവനങ്ങള്‍ക്ക് പ്രായോഗികമാക്കുന്നുമുണ്ട്. സ്പൈഡര്‍മാന്‍ പോലുള്ള വന്‍കിട ചലച്ചിത്രപദ്ധതികളുടെ പോലും അതിസങ്കീര്‍ണ അനിമേഷന്‍ സങ്കേതങ്ങള്‍ പൂര്‍ത്തിയാക്കിയത് ഹൈദരാബാദിലെയും തിരുവനന്തപുരം ടൂണ്‍സ് അനിമേഷനിലെയും സാങ്കേതികതയുടെ കൂടി സഹായത്തോടെയായിരുന്നു. സ്വാഭാവികമായി ലോകസിനിമയുടെ സാങ്കേതികതലസ്ഥാനമെന്ന് അഹങ്കരിക്കുന്ന ഹോളിവുഡിലേതിനേക്കാള്‍ കുറഞ്ഞ മുതല്‍മുടക്കില്‍ അവിടുത്തേതിനൊപ്പമോ അതിനേക്കാളുമേറെയോ മികച്ച സാങ്കേതികവിദഗ്ധരെ ഇന്ത്യയും ഹോങ്കോങും പോലുള്ള ചലച്ചിത്രോല്‍പാദകരാഷ്ട്രങ്ങളില്‍ കിട്ടുമെന്നു തിരിച്ചറിയാന്‍ ഏറെ തലപുകയ്ക്കേണ്ടതില്ല. പക്ഷേ ഇന്ത്യയിലെ ഈ അനര്‍ഘാവസരം ലോകത്തിനുമുന്നില്‍ തുറന്നുകാട്ടണമെങ്കില്‍ അതിനൊത്ത ഒരു വിജയം ചരിത്രമാകേണ്ടതുണ്ട്. സ്ളംഡോഗ് മില്യണെയ്റിന്റെ ചരിത്ര പ്രസക്തി ഇതാണെന്നു കരുതുന്നതില്‍ തെറ്റില്ല. ഇന്ത്യന്‍ സിനിമ ഒന്നു പോലും കണ്ടിട്ടില്ലാത്ത, അഥവാ ഇന്ത്യയുടെ മുഖ്യധാരാസിനിമയുടെ വ്യാകരണവും ദൃശ്യസംസ്കാരവും തെല്ലും പരിചയമില്ലാത്ത അമേരിക്കന്‍ അക്കാദമിയുടെ അംഗങ്ങള്‍ക്ക് സ്ളംഡോഗ് ഐ ഓപ്പണര്‍ ആയിരുന്നിരിക്കാം. അതും സ്വാഭാവികംമാത്രം. സ്ഥിരം സയന്‍സ് ഫിക്ഷനും യുദ്ധചിത്രങ്ങളും കണ്ടുമടുത്ത അമേരിക്കന്‍ പ്രേക്ഷകന് ഇന്ത്യന്‍ സിനിമയുടെ ആട്ടവും പാട്ടും ഐസ്ക്രീമിലെ ചെറിപോലെ രുചിക്കും. ഇനി ഇടയ്ക്കെല്ലാമുണ്ടാവുന്ന ഇന്തോ-അമേരിക്കന്‍ സംയുക്ത സംരംഭങ്ങളായ ബെന്‍ഡിറ്റ് ലൈക്ക് ബെക്കാം, മിസ്ട്രസ് ഓഫ് സ്പൈസ്സ്, ബ്രൈഡ് ആന്‍ഡ് പ്രെജുഡിസ് പോലുള്ള പാന്‍-ഇന്ത്യന്‍ സിനിമകള്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കാനുമിടയില്ല. കാരണം അവയെല്ലാം അമേരിക്കന്‍ ഇന്ത്യക്കാരുടെ സൃഷ്ടികളായിരുന്നല്ലോ. അവര്‍ അന്നുവരെ കണ്ടു ശീലിക്കാത്ത ഒരു പുതിയ ദൃശ്യപരിചരണരീതി കണ്ടിട്ടാവാം സ്ളംഡോഗ് മില്യണെയ്റെ അക്കാദമി ഇത്രയേറെ ഹൃദയത്തിലേറ്റിയത്. ചുടുവെള്ളത്തില്‍ വീണ പൂച്ചയുടെ അവസ്ഥ. അനില്‍കപൂറും ഇര്‍ഫാന്‍ ഖാനും മറ്റും പ്രത്യാശിച്ചതുപോലെ, ഈ ചിത്രം കൂടുതല്‍ ഹോളിവുഡ് നിര്‍മാതാക്കളെ ഹിന്ദിയിലേക്ക്/ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടു വന്നെന്നിരിക്കും, സംശയമില്ല.കാരണം അങ്ങനെ കൂടുതല്‍ നിര്‍മാതാക്കള്‍ കടന്നുവരേണ്ടത് നമ്മുടേതിനേക്കാള്‍ ഇപ്പോള്‍ ഹോളിവുഡിന്റെ ആവശ്യമാണ്. കാരണം അവരുത്പാദിപ്പിക്കുന്ന ദൃശഖണ്ഡങ്ങള്‍ അവരുടെ പകുതി സംവിധാനംകൊണ്ടു മാത്രം, പകുതി മുതല്‍ മുടക്കില്‍,അതേ നിലവാരത്തില്‍ പുനുരല്‍പാദിപ്പിക്കാനുളള പ്രതിഭകളിവിടെയുണ്ട്. വിഖ്യാതനായ റെനറ്റോ ബെര്‍ത്ത പാതിവഴിക്കുപേക്ഷിച്ചുപോയ വാനപ്രസ്ഥത്തിന്റെ ഛായാഗ്രഹണം അദ്ദേഹം ഉള്‍ക്കൊണ്ട അതേ പരിചരണരീതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടതിന്റെ നാലിലൊന്നു സംവിധാനത്തില്‍ പൂര്‍ത്തിയാക്കിയ സന്തോഷ് ശിവന്മാരുടെ ഖ്യാതി കുറഞ്ഞപക്ഷം അവരില്‍ വിപണിതാല്‍പര്യമുള്ളവരെങ്കിലും കേട്ടിട്ടുണ്ടാവുമല്ലോ. അപ്പോള്‍ പിന്നെ വേണ്ടത് ഡസ്റിനേഷന്‍ ഉറപ്പിക്കലാണ്. അതിനുള്ള സൂപ്പര്‍ ലോഞ്ചിംഗ് പാഡ് ഓസ്കര്‍ വേദിയല്ലാതെ വെറെന്താണ്? പാഡ് സജീവമായി-ലോഞ്ചിംഗ് ഗംഭീരവുമായി. വര്‍ഷങ്ങള്‍ക്കുമുമ്പ് വിശ്വസുന്ദരിപട്ടവും ലോകസുന്ദരിപട്ടവും ഒറ്റയടിക്ക് ഇന്ത്യയിലെത്തിയ ഒരു സംഭവമുണ്ടായി. അന്നോളം ഈ രണ്ടു സൌന്ദര്യമത്സരവേദികളിലെയും ബാക്ക് ബെഞ്ചേഴ്സായിരുന്ന ഇന്ത്യയ്ക്കു കൈവന്ന ഇരട്ടനേട്ടം. സുസ്മിതസെന്നിനും ഐശ്വര്യാ റായിക്കും കിട്ടി റസൂല്‍-റഹ്മാന്മാര്‍ക്കെന്നപോലെ ഉജ്ജ്വല വരവേല്‍പ്. ലോകസൌന്ദര്യവിപണിയില്‍ ഒറ്റയടിക്ക് ആഘോഷപൂര്‍വം പ്രവേശനം കിട്ടിയ ഇന്ത്യയ്ക്ക് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കൈവന്നു അത്തരം കുറെയധികം സൌഭാഗ്യങ്ങള്‍.പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡന്‍, ലാറ ദത്ത....ഏറ്റവുമൊടുവില്‍ മിസ് വേള്‍ഡ് റണറപ്പായ മലയാളി പാര്‍വതി ഓമനക്കുട്ടന്‍ വരെ. (ഇന്ത്യന്‍ സൌന്ദര്യം ലോകമറിയണമെങ്കില്‍ വിശ്വ/ലോക സൌന്ദര്യപട്ടങ്ങളിലൂടെ വെളിപ്പെടണം എന്നൊരു സന്ദേശം ഇതുളവാക്കിയതുപോലെ, എത്ര മികച്ച സാങ്കേതികകലാകാരനായാലും അംഗീകാരത്തിന്റെ നെറുകയിലെത്തണമെങ്കില്‍ അമേരിക്കന്‍ പടത്തില്‍ പണിതരപ്പെടുത്തണം എന്നൊരു തെറ്റായ സന്ദേശം സ്ളംഡോഗ് സൃഷ്ടിക്കുന്നുമുണ്ട്).അതിനെന്താണിപ്പോള്‍ എന്നു ചിന്തിക്കും മുമ്പ് ഒന്നോര്‍ക്കുക. ഗോദ്റേജും ജെ.കെ. ഹെലന്‍ കര്‍ട്ടിസും മാത്രം അരങ്ങുവാണിരുന്ന ഇന്ത്യന്‍ ഹെയര്‍ഡൈ വിപണി ഇപ്പോള്‍ അടക്കിവാഴുന്നതാരെല്ലാമാണ്? അകാലനരബാധിക്കുന്നവര്‍ മാത്രമുപയോഗിക്കുന്ന ഹെയര്‍ ഡൈ എന്ന സങ്കല്‍പം തന്നെ മാറ്റിമറിച്ച് ഹെയര്‍ കളറിംഗ് വ്യാപകമാക്കിയത് ലോ റിയലല്ലേ? സൌന്ദര്യവര്‍ധകോല്‍പന്ന വിപണിയില്‍ എല്ലാ വിഭാഗത്തിലും നിലനിന്നിരുന്ന ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സ്ഥാനത്ത് ഇന്ന് ബഹുരാഷ്ട്ര ബ്രാന്‍ഡുകളാണ്. ഇപ്പോഴും വിപണിമൂല്യമുള്ള അപൂര്‍വം ചില ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ പോലും ബഹുരാഷ്ട്രകമ്പനികള്‍ വാങ്ങുകയോ നോട്ടമിടുകയോ ചെയ്തിരിക്കുന്നു. വിശ്വസുന്ദരികളായി ഇന്ത്യക്കാരെ അവരോധിച്ചതിനുപിന്നിലെ ബഹുരാഷ്ട്രകുത്തകകളുടെ താല്‍പര്യം അവിടെ നിരോധിക്കപ്പെട്ടതോ നിരോധനംനേരിട്ടേക്കാവുന്നതോ ആയ സൌന്ദര്യസംവര്‍ധകങ്ങള്‍ക്ക് ഇതുവരെ തുറന്നുകിട്ടിയിട്ടില്ലാത്ത ഒരു പൊട്ടന്‍ഷ്യല്‍ മാര്‍ക്കറ്റ്. മികച്ച ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ വിശാലമായ കച്ചവടസ്ഥലം. ഹോളിവുഡ് ബോളിവുഡില്‍ കാണുന്നതും അതുതന്നെയാണ്. ഒരു എക്സ്റന്‍ഡ് ഹബ്. ഇനിയും പൂര്‍ണമായും പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത, അതിസാധ്യതയുള്ള ചലച്ചിത്രവിപണി. അമേരിക്കയില്‍ നിര്‍മിക്കുന്നതിന്റെ നാലിലൊന്നു മുതല്‍മുടക്കില്‍ അതേനിലവാരത്തില്‍ ഉല്‍പന്നമുണ്ടാക്കുക. അതിന് ഓറിയന്റല്‍ ഹാങോവറിന്റെ വില്‍പനസൂത്രം കൂടി ചാലിച്ച് അമേരിക്കയിലടക്കമുളള ലോകവിപണിയില്‍ കച്ചവടമുറപ്പിക്കുക. ചൈനക്കാരന്റെയും ജപ്പാന്‍കാരന്റേയും മാര്‍ഷല്‍ ആര്‍ട്സ് ചിത്രങ്ങളോട് ഹോളിവുഡിന് ഇടക്കാലത്തുണ്ടായ പ്രണയത്തെപ്പറ്റിക്കൂടി ഒന്നോര്‍ത്തുനോക്കുക. ഹോങ്കോങ് സിനിമകളുടെ സ്വതന്ത്രമായ നിലനില്‍പ് ഹോളിവുഡ് അധിനിവേശത്തോടെ ഇല്ലാതാവുകയായിരുന്നു. ബോളിവുഡിലും ഈ ദുരന്തം അകലെയല്ലെന്നാണോ സ്ളംഡോഗ് മില്യണെയ്ര്‍ നല്കുന്ന മുന്നറിയിപ്പ്? വാല്‍കഷണം: നാളിതുവരെ “ഹോളിവുഡ് സിനിമയെ വെല്ലുന്ന” ഫ്രെയിമുകള്‍ നിര്‍മിക്കാനായിരുന്നു ഇന്ത്യന്‍ സംവിധായകരുടെ മത്സരം. അതിനുവേണ്ടി ഇംഗ്ളീഷ് സിഡികളന്വേഷിച്ചിരുന്ന, ഫിലിം ഫെസ്റിവലുകള്‍ തേടിയിരുന്ന നമ്മുടെ സ്പില്‍ബര്‍ഗുമാര്‍ ഇനി എന്തുചെയ്യും? ഒരു ശരാശരി ഹിന്ദി സംവിധായകന്റെ ഫ്രെയിമുകളൊരുക്കി ഓസ്കര്‍ ചരിത്രത്തില്‍ ഡാനി ബോയല്‍ ചരിത്രം രചിച്ചുകഴിയുമ്പോള്‍ ഇനി എന്തായിരിക്കും അവരുടെ ലക്ഷ്യം?

No comments: