Kala Kaumudi weekly May 11, 2025
എ.ചന്ദ്രശേഖര്‍
അന്തരിച്ച വിശ്വപ്രസിദ്ധ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന്റെ ചലച്ചിത്ര ജീവിതത്തെപ്പറ്റി
ഷാജി എന്‍ കരുണിന്റെ ജീവിതത്തില്‍ അനസൂയ കഴിഞ്ഞാല്‍ സിനിമ മാത്രമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. അനസൂയ അദ്ദേഹത്തിന്റെ കൗമാരത്തോഴിയും പിന്നീട് ജീവിതപങ്കാളിയുമായി. സിനിമ അദ്ദേഹത്തിന്റെ ബാല്യം തൊട്ട് അവസാനം വരെയും ശ്വാസവും ജീവനും പ്രേമകയുമെല്ലാമായി.
ഷാജി സിനിമ കണ്ടതും കാണിച്ചുതന്നതും ഛായം കൊണ്ടാണ്. മനസുകൊണ്ടെഴുതിയ അഭ്രകാവ്യങ്ങളാണ് ഷാജിയെ വിശ്വമറിയുന്ന ചലച്ചിത്രകാരനായ ഷാജി എന്‍ കരുണ്‍ ആക്കി മാറ്റിയത്.
ജീവിതത്തിന്റെ പൊരുളകങ്ങള്‍ ഷാജി ക്യാമറ കൊണ്ടു വരഞ്ഞിട്ടപ്പോള്‍ മാറ്റിനോടൊപ്പം മിഴവും മുപ്പുമേറി. ഛായാഗ്രാഹകനില്‍നിന്ന് ചലച്ചിത്രകാരനിലേക്കുള്ള പരകായ പ്രവേശത്തില്‍ ഷാജിക്കു വഴിതെറ്റാത്തത് ജീവിതത്തിന്റെ ഉള്‍ത്തുടികളൊപ്പുന്നതിലുള്ള ആര്‍ജവമൊന്നു കൊണ്ടുമാത്രമാണ്. സിനിമയുടെ സൗന്ദര്യശാസ്ത്രത്തില്‍ തന്റേതായ ദര്‍ശനം വച്ചുപുലര്‍ത്തിയ ചലച്ചിത്രകാരനായിരുന്നു ഷാജി. അതുകൊണ്ടുതന്നെ, ഓരോ സിനിമയ്ക്കും അതാവശ്യപ്പെടുന്ന ടെക്‌സ്ച്ചറിലും ഭാവത്തിലുമുള്ള ഛായാഗ്രഹണപദ്ധതിയാണ് അദ്ദേഹം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഒരേ വര്‍ഷം ഏതാണ്ട് ഒന്നിച്ചു തീയറ്ററിലെത്തിയ ഒരേ ടീമിന്റെ രണ്ടു സിനിമകള്‍, പഞ്ചാഗ്നിയും നഖക്ഷതങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ രണ്ടു സിനിമയിലും ഷാജി എന്‍ കരുണ്‍ എന്ന ഛായാഗ്രാഹകന്‍ സ്വീകരിച്ചിട്ടുള്ള വേറിട്ട ഛായാഗ്രഹണ-പ്രകാശവിതാനരീതികള്‍ മനസിലാവും.
ഒരു സംവിധായകന്റെ എല്ലാ രചനകളും തുടര്‍ച്ചയായി മൂന്നു തവണ വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തുക എന്ന അപൂര്‍വത ഷാജിക്കു സ്വന്തം (*ഒളിംപിക്‌സില്‍ ഇന്ത്യ അവസാന ലാപ്പില്‍ ഭാടിയെത്തിയതിനു തുല്യമാണ് എന്റെ 'കാന്‍' നേട്ടങ്ങള്‍. ഇനിയും മെച്ചപ്പെട്ട എത്രയോ രചനകളിലൂടെ മിടുക്കന്മാര്‍ ഇന്ത്യയുടെ കൊടിക്കൂറ അവിെ പാറിക്കാനിരിക്കുന്നു. ഫൈനലിലെത്താനായ കന്നിക്കാരിലൊരുന്റെ സംതൃപ്തിയൊന്നു മാത്രമാണ് എനിക്ക്.' ഷാജി എന്‍ കരുണ്‍ ലേഖകനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്)
ഋഷിതുല്യമായ പക്വതയോടെയാണ് ഷാജി ജീവിതത്തെയും സിനിമയെയും സമീപിച്ചിട്ടുള്ളത്. അതിന്റെ പരിപാകം ചലച്ചിത്രങ്ങളിലും ചാലിക്കപ്പെട്ടു. വൈകാരികമായി ഷാജിയുടെ ചിത്രങ്ങള്‍ മനസിലേക്ക് സംവദിക്കുന്ന, മനസിനോട് സംസാരിക്കുന്ന കാഴ്ചകളാണ്. അവിടെ മാനവികതയ്ക്കാണ് മുന്‍തൂക്കം. മനുഷ്യമനസുകളുടെ സ്വകാര്യതകളിലേക്ക് ക്യാമറാക്കാചത്തെ എക്‌സ്‌റെ കാര്‍ക്കശ്യത്തോടെ ഫോക്കസ് ചെയ്യാന്‍ അദ്ദേഹത്തിനായി.
ആരോ വാങ്ങി സമ്മാനിച്ച ഒരു ഓര്‍വോ ക്യാമറയായിരുന്നു കായംകുളം വേരാളിത്തറയില്‍ കരുണാക രന്റെയും കണ്ടച്ചിറ മേലേതെക്കതില്‍ ചന്ദ്രമതിയുടെയും മകന്റെ ബാല്യത്തിലെ കളിക്കോപ്പ്. ഇരുളും വെളിച്ചവുമായിരുന്നു കുഞ്ഞുഷാജിയുടെ ലോകം. തനിക്കു ചുറ്റുമുള്ള ജീവിതത്തിലേക്ക് കൂടുതല്‍ സൂക്ഷ്മമായി ആഴ്ന്നിറങ്ങാന്‍, ജീവിതത്തിന്റെ കറുപ്പും വെളുപ്പും വര്‍ണങ്ങളും കാണാന്‍ അതൊരു തിരിച്ചറിവായി കലാകാരന്‍ സ്വന്തം മാധ്യമം കണ്ടെത്തിയ ദിനങ്ങള്‍ പിന്നീട് ഇന്ത്യ കണ്ട മികവുറ്റ ചലച്ചിത്ര പ്രവര്‍ത്തകരിലൊരാളായി വളര്‍ന്ന ഷാജി എന്‍. കരുണ്‍ സ്വന്തം തട്ടകം തിരിച്ചറിഞ്ഞത് നന്നെ ചെറുപ്പത്തില്‍.
കൊല്ലത്തിനടുത്തു പെരുനാട്ട് 1952 ലാണു ജനനം. 1971ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നു രസതന്ത്രത്തില്‍ ബിരുദം. മകന്‍ ഡോക്ടറാകണമെന്ന് അച്ഛന് താല്‍പര്യം. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തില്‍ മെഡിസിന് അപേക്ഷിച്ചതിനൊപ്പം സ്വന്തം ഇഷ്ടമനുസരിച്ചു പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടി ലേക്കും ഒരപേക്ഷ. അപ്പോഴേക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു പഠിച്ചിറങ്ങി ഫിലിം സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചിരുന്ന അടൂര്‍ ഗോപാലകൃഷ്ണനെ ഒരു പൊതുസുഹൃത്തും അയല്‍വാസിയുമായ മുകുന്ദനോടൊപ്പം പോയി കണ്ട് കാര്യങ്ങളന്വേഷിച്ചിട്ടായിരുന്നു അപേക്ഷിച്ചത്. അതൊരു നിയോഗമായിരുന്നു.പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു 1974-ല്‍ മികച്ച വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ്, മികച്ച ഡിപ്‌ളോമ ചിത്രത്തിന്റെ ഛായാഗ്രഹണത്തിനുള്ള ആര്‍.ഡി മാഥൂര്‍ അവാര്‍ഡ്, ഛായാഗ്രഹണത്തിനു സത്യജിത്‌റേയുടെ പ്രത്യേക പരാമര്‍ശം എന്നിവയോടെ ഡിപ്‌ളോമ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുവന്ന ഷാജി മലയാളത്തില്‍ എഴുപതുകളിലും എണ്‍പതുകളിലും വളര്‍ന്നു വേരോടിയ സമാന്തര നവസിനിമാ പ്രസ്ഥാനത്തിന്റെ നട്ടെല്ലുകളിലൊന്നായി.
മൗനത്തിന്റെ നാനാര്‍ത്ഥങ്ങള്‍
മൗനം കൊണ്ടു സംവദിച്ച ഒരപൂര്‍വ സൗഹൃദമായിരുന്നു അതുല്യ ചലച്ചിത്രകാരനും ചിത്രകാരനും സംഗീതജ്ഞനുമെല്ലാമായിരുന്ന ജി അരവിന്ദനും ഷാജിയും തമ്മിലുടലെടുത്തത്. അരവിന്ദന്‍ മനസില്‍ കാണുന്നത് ഷാജി ക്യാമറയില്‍ കണ്ടു. ഷാജിയുടെ തോളില്‍ ഒരു കൈയമര്‍ത്തലിലൂടെയായിരുന്നു അരവിന്ദന്‍ ഒരു ഷോട്ട് ഒ.കെ ആണെന്ന് വ്യക്തമാക്കിയിരുന്നത്. കാഴ്ചയില്‍ പിണഞ്ഞ് അത്രമേല്‍ ദൃഢമായ ആത്മബന്ധം. 'മൂല്യപരമായ പ്രശ്‌നങ്ങളില്‍, സന്ദേഹങ്ങളില്‍, സിനിമയെപ്പറ്റിയുള്ള ദര്‍ശനങ്ങളില്‍, എന്നെപ്പോലെ ചിന്തിക്കുന്ന കുറെപ്പേരുടെ ചങ്ങാത്തമുണ്ടായി എന്നതാണ് എനിക്കു കിട്ടിയ നേട്ടം. അരവിന്ദേട്ടനുമായുള്ള സൗഹൃദം അത്തരമൊരു അനുഗ്രഹമായിരുന്നു.' എന്നാണ് ഷാജി ഓര്‍ത്തെടുത്തിട്ടുള്ളത്.
അരവിന്ദന്റെ രണ്ടാമത്തെ ചിത്രമായ 'കാഞ്ചനസീത' (1977)യിലാണു ഷാജിയെന്ന ഛായാഗ്രാഹകനെ ചരിത്രമറിഞ്ഞത്. കറുപ്പും വെളുപ്പും ഇഴപാകിയ, മനുഷ്യജീവിതത്തിന്റെ പ്രഹേളികകള്‍ കൊണ്ട് വെള്ളിത്തിരയില്‍ കവിത രചിച്ച 'കാഞ്ചന സീത'യിലൂടെതന്നെയാണ് ഷാജിക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡും ലഭിക്കുന്നത്ു.
പാടിപ്പതിഞ്ഞ ശീലുകളും ഓടിത്തീര്‍ന്ന വഴിത്താരകളും വിട്ട് സ്വതന്ത്രവും മൗലികവുമായ ദര്‍ശനങ്ങളുമായി സിനിമയുടെ വഴിയേ നടക്കാന്‍ അരവിന്ദന് തണലായത് സത്യത്തില്‍ ഷാജിയുടെ ദൃശ്യദര്‍ശനത്തിന്റെ പിന്തുണ കൊണ്ടുകൂടിയാണ്.ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിനും നല്‍കാനാവാത്ത ജീവിതദര്‍ശനം ലഭിക്കുന്നതിനും അരവിന്ദനുമായുള്ള സഹവാസം ഷാജിയിലെ കലാകാരന് പ്രയോജനപ്രദമായി. (ആ സൗഹൃദത്തിനുള്ള ഗുരുദക്ഷിണയായിരുന്നു ജി. അരവിന്ദന്‍ (1999) എന്ന ഹ്രസ്വചിത്രം.)
അരവിന്ദന്റെ 'തമ്പ്' (78), 'കുമ്മാട്ടി' (79), 'എസ്തപ്പാന്‍' (79) തുടങ്ങിയ ചിത്രങ്ങളിലൂടെ ഛായാഗ്രാഹകനെന്ന നിലയ്ക്ക് അനിഷേധ്യനായി വളര്‍ന്ന ഷാജിക്ക് 77-ലും, 79-ല്‍ 'എസ്തപ്പാനി'ലൂടെയും സംസ്ഥാന ബഹുമതി ലഭിച്ചു. 'എസ്തപ്പാന്‍' ആദ്യത്തെ ദേശീയ അവാര്‍ഡും കൊണ്ടെത്തിച്ചു. തുടര്‍ന്ന് അരവിന്ദന്റെ തന്നെ 'പോക്കുവെയില്‍' (81), കെ.ജി. ജോര്‍ജിന്റെ ''രാപ്പാടികളുടെ ഗാഥ', എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത 'മഞ്ഞ്' (83) മോഹന്റെ 'ഒരു കഥ ഒരു നുണക്കഥ' (86) എം.ടി. ഹരിഹരന്‍ കൂട്ടുകെട്ടിന്റെ 'പഞ്ചാഗ്‌നി' (86) 'നഖക്ഷതങ്ങള്‍' (86) മോഹന്‍ 'മംഗളം നേരുന്നു' (84) തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. കെ.ജി ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലം, ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍, പദ്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, കൂടെവിടെ, അരവിന്ദന്റെ മാറാട്ടം, കുമ്മാട്ടി തുടങ്ങിയ ചിത്രങ്ങളൊക്കെ ഷാജിയെന്ന ഛായാഗ്രാഹകനെ അടയാളപ്പെടുത്തിയ ചിത്രങ്ങളാണ്. മലയാള സിനിമയില്‍ കാല്‍പനികതയെ നിറങ്ങള്‍ കൊണ്ടു വരച്ചിട്ട രഘുനാഥ് പലേരിയുടെ ആദ്യസംവിധാന സംരംഭമായ നവോദയുടെ 'ഒന്നുമുതല്‍ പൂജ്യം വരെ' 86-ല്‍ വീണ്ടും മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ബഹുമതി ഷാജിയിലെത്തിച്ചു. ഹിന്ദിയില്‍ 'സ്വാമി', 'ഏക്ഛദിര്‍ മിലി സെ' തുടങ്ങി ചില ചിത്രങ്ങള്‍ക്കു ഛായാഗ്രാഹകനായി. കേരള ചലച്ചിത്രവികസന കോര്‍പറേഷന്റെ ചിത്രാഞ്ജലി സ്റ്റുയോയിലെ മാനേജറായിരിക്കെയാണ് ഷാജി ഈ ചിത്രങ്ങള്‍ക്കു വേണ്ടി ജോലിയെടുത്തത്. ഇതിനിടെ, ചിത്രാഞ്ജലിയിലെ സ്റ്റുഡിയോ മാനേജര്‍ പദവിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തിക്താനുഭവവും അദ്ദേഹത്തിനുണ്ടായി.
പിറവി കൊള്ളുന്ന സംവിധായകന്‍
സ്മിത പാട്ടിലും ഗോപിയും ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായ ചിദംബരം (85) വരെ അരവിന്ദന്റെ ഛായാഗ്രാഹകനായിരുന്ന ഷാജി 1987-ല്‍ സ്വതന്ത്രസംവിധായകനായി. കേരള രാഷ്ട്രീയത്തിലും മനുഷ്യമനഃസ്സാക്ഷിയി ലും മായാനോവായ ഒരു കറുത്ത അധ്യായത്തിന്റെ അ ഭ്രാവിഷ്‌കാരമായിരുന്നു 'പിറവി. കഴിവുറ്റ ഛായാഗ്രഹകനായിട്ടും സംവിധാനത്തിലേക്കു തിരിഞ്ഞപ്പോള്‍ ശിഷ്യനായ സണ്ണി ജോസഫിനേയാണദ്ദേഹം ഛായാഗ്രാഹകനായി ഒപ്പം കൂട്ടിയത്. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ പിറവിയിലെ മാധവ ചാക്യാരെ ജീവസുറ്റത്താക്കിയ പ്രേംജിക്കു മികച്ച നടനുള്ള ദേഗീയ അവാര്‍ഡും ലഭിച്ചു. തമിഴ് തെലുങ്കു നടി അര്‍ച്ചനയായിരുന്നു നായിക.
അടൂരിന്റെ സ്വയംവര'ത്തിനുശേഷം നാല് ദേശീയ പുരസ്‌കാരങ്ങള്‍ ഒന്നിച്ചു നേടിയ ചിത്രമാണ് 'പിറവി.' മലയാളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദേശ ബഹ്യമതികള്‍ നേടിയ ചിത്രമായി 'പിറവി'. കാന്‍ ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം. ലൊകാര്‍ണോ, ഫ്രാന്‍സ്, ഫൂക്കുവാക്ക, ലണ്ടന്‍, വെനീസ്, കാര്‍ലോവിവാരി തുടങ്ങിയ മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍. ഛായാഗ്രാഹണത്തില്‍ നിന്നു സംവിധായകനായി അസാമാന്യ പ്രതിഭ പ്രകടമാക്കുന്നവര്‍ക്കുള്ള ഈസറ്റ്മാന്‍ കൊഡാക്ക് അവാര്‍ഡ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ചലച്ചിത്രകാരനായി ആദ്യത്തെ ചാര്‍ളിപാപ്ലിന്‍ അവാര്‍ഡും 'പിറവി' ക്കായിരുന്നു.
മൂന്നു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണു ഷാജി പിന്നീടൊരു ചിത്രം സംവിധാനം ചെയ്യുന്നത്. 'പിറവി'യില്‍ അനപത്യദുഃഖ ത്തില്‍ വെന്തു വെണ്ണീറാവുന്ന ഒരച്ഛനെയും അമ്മയേയും സഹോദരിയെയുമാണ് അവതരിപ്പിച്ചതെങ്കില്‍ 'സ്വം' (1993) അതിന്റെ മറുപുറക്കാഴ്ചയായിരുന്നു. അവിടെ അച്ഛന്‍ നഷ്ടമാവുന്ന പുത്രന്റെയും, ഭര്‍ത്താവും മകനും നഷ്ടമാവുന്ന ഒരമ്മയുടെയും ധര്‍മസങ്കടങ്ങളിലേക്കാണ് ഷാജി ക്യാമറ തുറന്നുപിടിച്ചത്. സ്വച്ഛസംഗീതം പോലെ ഒരു ജീവിതം, അതിന്റെ എല്ലാ വര്‍ണങ്ങളൊടേയും ആവിഷ്‌കരിച്ച സംവിധായകന്‍ ഗൃഹനാഥന്റെ മരണശേഷമുള്ള കുടുംബത്തിന്റെ ജീവിതം കറുപ്പിലും വെളുപ്പിലുമാണ് ആവിഷ്‌കരിച്ചത്. അക്കാലത്ത് മലയാള സിനിമയില്‍ ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് പ്രോസസിങ് തന്നെ ഇല്ലാതായിക്കഴിഞ്ഞിരുന്നു. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് തന്റെ ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന ചിത്രത്തിനുവേണ്ടി കൊഡാക്കിനെക്കൊണ്ട് ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് റോളുകള്‍ പ്രത്യേകം നിര്‍മ്മിച്ചതറിഞ്ഞ ഷാജി അവരുമായി ബന്ധപ്പെടുകയും അവശേഷിച്ച ഫിലിം വരുത്തിക്കുകയും ഏറെ പണിപ്പെട്ട് അതു സംസ്‌കരിക്കുകയും ചെയ്താണ് സ്വമ്മിന്റെ രണ്ടാംപാതി പൂര്‍ത്തിയാക്കിയത്. സംസ്ഥാന രാജ്യാന്തര ബഹുമതികള്‍ക്കൊപ്പം 'സ്വം' ഷാജിക്ക് ഏറെ വിമര്‍ശനങ്ങളും നേടിക്കൊടുത്തുവെന്നതാണ് വൈരുദ്ധ്യം. ദേശീയ അവാര്‍ഡില്‍ ചിത്രം തഴയപ്പെട്ടു. എന്നാല്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഔദ്യോഗികമത്സരത്തിലേക്ക് സ്വം തെരഞ്ഞെടുക്കപ്പെട്ടു. വെണ്മണി ഹരിദാസിനെയും അദ്ദേഹത്തിന്റെ മകന്‍ ശരത്തിനെയും കന്നടനടി അശ്വിനിയേയും കേന്ദ്രകഥാപാത്രങ്ങളാക്കിയ ഈ ചിത്രത്തിലൂടെ ഹരിനായര്‍ എന്ന ഛായാഗ്രാഹകനെയും ഷാജി മലയാളത്തിനു പരിചയപ്പെടുത്തി. സ്വം സംസ്ഥാന തലത്തില്‍ മികച്ച രണ്ടാമത്തെ ചിത്രമായി. മികച്ച സംവിധായകനുള്ള അവാര്‍ഡും നേടി. ദേശീയ തലത്തില്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡും നേടി
നടനപ്രസ്ഥമായ 'വാനപ്രസ്ഥം'
മലയാളത്തില്‍ സമാനതകളില്ലാത്തൊരു ചലച്ചിത്രോദ്യമമായിരുന്നു മൂന്നാമത്തെ സിനിമയായ വാനപ്രസ്ഥം.
യൂറോ - അമേരിക്കന്‍ ഫിലിംസും മോഹന്‍ലാലിന്റെ പ്രണവം ആര്‍ട്‌സും ചേര്‍ന്നു നിര്‍മ്മിച്ച വാനപ്രസ്ഥത്തിന് സവിശേഷതള്‍ പലതായിരുന്നു. വിശ്വപ്രശസ്തനായ റെനെറ്റോ ബെര്‍ട്ടോയാണ് 'വാനപ്രസ്ഥ'ത്തിനു വേണ്ടി ഛായാഗ്രഹണമാരംഭിച്ചത് 'പാനവിഷന്‍' സങ്കേതത്തില്‍ പൂര്‍ത്തിയാക്കിയ ആദ ത്തെ മലയാള ചിത്രം. കഥകളി എന്ന രംഗകലയുടെ ചലച്ചിത്രപരമായ റഫാന്‍സ് എന്നാണ് 'വാനപ്രസ്ഥം' വായിക്കപ്പെട്ടത് കഥകളി നടനിലെ വ്യക്തിയും അഭിനേതാവും നമ്മിലെ ആത്മസംഘര്‍ഷങ്ങള്‍ പ്രതിപാദിച്ച വാനപ്രസ്ഥം സംവിധായകന്‍ ഉദ്ദേശിച്ച നിലയില്‍ ഒടുവില്‍ ചിത്രീകരിച്ചു നിര്‍ത്തത് സന്തോഷ ശിവനാണ്. തബല വിവാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ സംഗീതം പകര്‍ന്ന ആദ്യ മലയാളചിത്രം മോഹന്‍ലാലിലെ അഭിനേതാവിന്റെ സ്ഫുടം ചെയ്ത ആയുഷ്‌കാലവേഷമായിരുന്നു 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞുക്കുട്ടന്‍ കുടമാളൂര്‍ കരുണാകരന്‍ നായര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി കീഴ്പ്പടം കുമാരന്‍നായര്‍, കലാമണ്ഡലം ഗോപി, ഹരിദാസ് തുടങ്ങി കഥകളിയിലെ ലബ്ധപ്രതിഷ്ാരില്‍ പലരും വാനപ്രസ്ഥത്തിനു വേണ്ടി ക്യാമറയ്ക്കു മുന്നില്‍ ജീവിച്ചു.
വിവാദങ്ങളിലും അംഗീകാരങ്ങളിലും 'വാനപ്രസ്ഥം' ഒരുപോലെ റെക്കോര്‍ഡിട്ടു. സംസ്ഥാനതലത്തില്‍ പിന്തള്ളപ്പെട്ട ചിത്രം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മികച്ച ചിത്രത്തിനും നടനും അടക്കം ദേശീയ അവാര്‍ഡുകള്‍ 'വാനപ്രസ്ഥം' വാരിക്കൂട്ടി കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഏഷ്യന്‍ വിഭാഗത്തില്‍ സംഘാടകന്റെ തന്നെ ചിത്രം മത്സരത്തിനു വന്നതു(അന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്നു ഷാജി) വിദേശ ജൂറിയംഗങ്ങളടക്കം വിമര്‍ശിച്ചതു വിവാദമായി. കാന്‍, ലൊകാര്‍ണോ, പാരീസ് തുടങ്ങി നാല്പതോളം വിദേശമേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.വാനപ്രസ്ഥം മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡും നേടി.
ഇത്രയേറെ അംഗീകരിക്കപ്പെട്ട സംവിധായകനായിട്ടും ഹരിഹരന്റെ സര്‍ഗം' (92) പോലെ ചില ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പിന്നീടും അദ്ദേഹം സഹകരിച്ചു.
1997ല്‍ ഇംഗ്‌ളീഷ് ഹ്രസ്വചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ ഷംസ് വിഷന്‍(1996) തുടങ്ങിയ ഹ്രസ്വ കഥേതര ചിത്രങ്ങള്‍ വിവിധ രാജ്യാന്തര മേളകളില്‍ പ്രാര്‍ശിപ്പിച്ചെങ്കിലും ഷാജിയിലെ സര്‍ഗത്മകനായ ചലച്ചിത്രകാരനെ അദ്ദേഹത്തിലെ ഉദ്യോഗസ്ഥന്‍ വിഴുങ്ങുന്നതായിരുന്നു ആ ദിനങ്ങള്‍ വനവാസം വിട്ട്, ഷാജിയിലെ രചയിതാവ് വീണ്ടും സജീവമായത് 2002-ല്‍ 'നിഷാദി'ലൂടെയാണ് മത്സലന്‍ വാതുശ്ശേരിയുടെ ചെറുകഥയില്‍ നിന്ന് ബീജമുള്‍ക്കൊണ്ട് ഹിന്ദിയില്‍ ഒരു ചിത്രം. ഷാജിയുടെ എല്ലാ ചിത്രങ്ങളിലുമെന്നോണം നിഷാദിലും പ്രമേയം വേര്‍പാടാണ്. (വേര്‍പാടിലാണ് സ്‌നേഹം എന്ന വികാരം ഏറ്റവും പ്രകടമാവുക , ഒരു പക്ഷേ, അര്‍ത്ഥപൂര്‍ണവും.' ഷാജി) എഴുപതുകളുടെആരംഭത്തില്‍ യുദ്ധവും മറ്റ് രാഷ്ട്രീയ കലുഷതകളും തകര്‍ത്ത നിരപരാധികളുടെ ജീവിതങ്ങളാണ് നിഷാദിന്റെയും വിഷയം.
2007ല്‍ നടനും സംവിധായകനുമായ പി ശ്രീകുമാറിനെ നായകനാക്കി എ.കെ.ഗോപാലന്റെ ജീവിതകഥ പറഞ്ഞ എ.കെ.ജി എന്നൊരു ഹ്രസ്വ കഥാചിത്രമൊരുക്കി.
പിന്നീട് മൂന്നു വര്‍ഷത്തിനുശേഷമാണ് മമ്മൂട്ടിയെയും കമാലിനി മുഖര്‍ജിയേയും പദ്മപ്രിയയേയും കേന്ദ്രകഥാപാത്രങ്ങളാക്കിക്കൊണ്ട് കുട്ടിസ്രാങ്ക് എന്ന ബ്രഹദ് സിനിമ സംവിധാനം ചെയ്യുന്നത്. മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കതാകൃത്തായ പി എഫ് മാത്യൂസിനെയും മലയാള മനോരമയുടെ ലീഡര്‍ റൈറ്ററായ കെ ഹരികൃഷ്ണനെയും കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിച്ചത്. വിവിധ കാലാവസ്ഥകളില്‍ ജീവിതത്തിന്റെ കാലപ്പകര്‍ച്ചകള്‍ ആവിഷ്‌കരിച്ച ആഖ്യാനശൈലിയായിരുന്നു ചിത്രത്തിന്റേത്. കുട്ടനാട്ടിലെ ഒരു ബോട്ടുകാരനിലൂടെ അയാള്‍ ബന്ധപ്പെട്ട മൂന്നു സ്ത്രീകളുടെ ജീവിതങ്ങളിലൂടെ മൂന്നു കാലഘട്ടങ്ങളിലെ മൂന്നു കഥകള്‍, സാമൂഹികചരിത്രം ഒന്നിച്ചിഴനെയ്ത് അവതരിപ്പിച്ച ഒരപൂര്‍വ സിനിമ. ശ്രീലങ്ക മുതല്‍ കുട്ടനാടു വരെ നീണ്ട കഥാപശ്ചാത്തലത്തില്‍ ചവിട്ടുനാടകത്തിന്റെ കലാപ്രപഞ്ചവും വിളക്കിച്ചേര്‍ത്തിരുന്നു ഷാജി. അഞ്ജലി ശുക്‌ള ഛായാഗ്രഹണം നിര്‍വഹിച്ച് ഐസക്ക് തോമസ് കോട്ടുകാപ്പള്ളി സംഗീതം പകര്‍ന്ന് റിലയന്‍സ് ബിഗ് പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ഈ സിനിമ, മികച്ച ചിത്രം, തിരക്കഥ, ഛായാഗ്രഹണം, വേഷവിധാനം, ചിത്രസന്നിവേശം എന്നിവയ്ക്കുള്ള ബഹുമതികള്‍ നേടി. മൊണ്ട്രിയോള്‍, ബുസാന്‍, ദുബായ് എന്നിവിടങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ടു.
ഷാജിയുടെ ഒരു സിനിമയില്‍ അഭിനയിക്കണമെന്ന ജയറാമിന്റെ ആഗ്രഹനിര്‍ബന്ധത്തില്‍ നിന്നുണ്ടായ ചലച്ചിത്രമായിരുന്നു 2014ല്‍ പുറത്തിറങ്ങിയ സ്വപാനം. ഹരികൃഷ്ണന്റെയും സജീവ് പാഴൂരിന്റെയും തിരക്കഥയില്‍ ജയറാമിനെയും കാദംബരിയേയും മുഖ്യകഥാപാത്രങ്ങളാക്കിയ ചിത്രത്തിനു പക്ഷേ വാനപ്രസ്ഥത്തിന്റെ സ്വാധീനനിഴലില്‍ നിന്നു സ്വതന്ത്രമാവാനായില്ല. തിരക്കഥയുടെ ദൗര്‍ബല്യത്തെ സംവിധാനമികവിലൂടെയും മറികടക്കാനാവാതെ പോയ ചിത്രമായിരുന്നു സ്വപാനം. സജി നായര്‍ എന്ന ഛായാഗ്രാഹകനെ അടയാളപ്പെടുത്തിയ സിനിമ പക്ഷേ ഡി യുവരാജിന് മികച്ച ശബ്ദലേഖകനുള്ള ദേശീയ ബഹുമതി എത്തിച്ചുകൊടുത്തു. ഷാജി എന്‍ കരുണിന്റെ സര്‍ഗജീവിതത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടാതെ പോയ ഒരേയൊരു ചലച്ചിത്രോദ്യമമായിരിക്കുമിത്.
അര നൂറ്റാണ്ടോളം നീണ്ട ചലച്ചിത്ര സപര്യയില്‍ അദ്ദേഹം ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്തത് യുവതലമുറ താരങ്ങളായ ഷെയ്ന്‍ നിഗത്തെയും എസ്തര്‍ അനിലിനെയും പ്രധാനവേഷത്തിലവതരിപ്പിച്ച ഓള് (2018) ആണ്. നോവലിസ്റ്റായ ടിഡി രാമകൃഷ്ണന്റെ തിരക്കഥയില്‍ എ വി അനൂപ് നിര്‍മ്മിച്ച ഓള്, അതര്‍ഹിക്കുംവിധത്തിലുള്ള സ്വീകരണം നേടിയെടുത്തില്ലെങ്കിലും ഷാജി എന്‍ കരുണ്‍ എന്ന ചലച്ചിത്രകാരന്റെ ഏറ്റവും ദൃശ്യത്തികവാര്‍ന്ന ചലച്ചിത്രാവിഷ്‌കാരമായിത്തന്നെ പരിഗണിക്കേണ്ട ചിത്രമാണ്. എം.ജെ രാധാകൃഷ്ണന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ബഹുമതി നേടിക്കൊടുത്ത ചിത്രം ഫാന്റസി എന്ന നിലയ്ക്ക് വിഎഫ്എക്‌സ് സാങ്കേതികതയുടെ വിനിയോഗത്തിലും ഏറെ അണ്ടര്‍ റേറ്റഡ് ആയിപ്പോയ സിനിമയാണ്. പ്രാദേശിക മിത്തും കലാകാരന്റെ ആത്മസംഘര്‍ഷവുമെല്ലാം ഇഴചേര്‍ത്ത ഓള്, എന്താണ് യഥാര്‍ത്ഥ കലയെന്നും എന്താണ് കലാകാരന്റെ പ്രചോദനമെന്നും നിര്‍വചിക്കാന്‍ ശ്രമിച്ച സിനിമകൂടിയാണ്.
ഇന്ത്യയുടെ സാംസ്‌കാരികഭൂമികയ്ക്കു നല്‍കിയ സംഭാവനകളെ മാനിച്ച് രാജ്യം 2011ല്‍ അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചു.
സ്ഥാപനനിര്‍മ്മാണവും സംഘാടനവും
ചലച്ചിത്രകാരനെന്ന നിലയ്ക്കുപുറമേ മികച്ചൊരു സ്ഥാപനനിര്‍മ്മാതാവും സംഘാടനകനും എന്ന നിലകളിലും കേരളം ഷാജി എന്‍ കരുണിനെ കൃതാര്‍ത്ഥതയോടെ ചരിത്രത്തില്‍ സൂക്ഷിക്കും. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാനത്തു രൂപീകരിച്ച 'ചലച്ചിത്ര അക്കാദമി'യുടെ സ്ഥാപക ചെയര്‍മാനാകാനുള്ള ചരിത്ര ദൗത്യത്തിലൂടെ ചരിത്രത്തിലിടം നേടുക മാത്രമല്ല, വിട്ടുവീഴ്ചയില്ലാത്ത തന്റെ സിനിമാബോധ്യങ്ങളെ മുന്‍നിര്‍ത്തി, മലയാള സിനിമയ്ക്കു വേണ്ടി സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കാന്‍ ആ സ്ഥാന ലബ്ധിയെ അദ്ദേഹം വിനിയോഗിച്ചു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെ ലോകത്തെ മികച്ച ചലച്ചിത്രമേളയാക്കി വാര്‍ത്തെടുക്കുന്നതില്‍ ഷാജി എന്‍ കരുണ്‍ എന്ന മനുഷ്യന്റെ വിയര്‍പ്പും രക്തവുമുണ്ട്.സിനിമയുടെ നഷ്ടം അക്കാദമിയുടെ നേട്ടമായി. 1998-ല്‍ സ്ഥാപിതമായ കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ അന്നു മുതല്‍ 2001 വരെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ് കെ) നടത്തിപ്പോന്നതു ഷാജിയുടെ നേതൃത്വത്തിലാണ്.
സംസ്ഥാനത്തെ സിനിമാതീയറ്ററുകളില്‍ നിന്ന് ടിക്കറ്റ് നിരക്കി നോടൊപ്പം ഒരു രൂപ സര്‍വീസ് നികുതി പിരിച്ച് ചലച്ചിത്രരംഗത്തെ അവശ കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുക എന്ന ദൗത്യം വിഭാവന ചെയ്തതും നടപ്പാക്കിയതും ഷാജി അക്കാദമി അധ്യക്ഷനായിരിക്കെയാണ്. അക്കാദമി ജീവിതം ഷാജിയിലെ കലാകാരനെ ചെറിയ തോതിലെങ്കിലും തളര്‍ത്തിയിട്ടുണ്ട്. പക്ഷേ ആ വിവാദങ്ങള്‍ക്കോ, ആരോപണങ്ങള്‍ക്കോ തളര്‍ത്താനാവാത്ത ധിഷണയായിരുന്നു അദ്ദേഹത്തിന്റേത്.
ഷാജി എന്‍ കരുണ്‍ അദ്ധ്യക്ഷനായിരിക്കെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവല്‍ ബുക്ക് എഡിറ്റര്‍ എന്ന നിലയ്ക്ക് പ്രവര്‍ത്തിച്ച അനുഭവത്തില്‍ നിന്ന് അദ്ദേഹത്തിലെ കലാകാരന്റെ സംഘാടകന്റെ ഭാവുകത്വവും ദീര്‍ഘവീക്ഷണവും അടുത്തു നിന്നറിയാന്‍ അവസരം ലഭിച്ചിട്ടുണ്ടെനിക്ക്. ഐഎഫ് എഫ് ഐയുടെ ബ്രാന്‍ഡിങ്ങില്‍ അത്രമേല്‍ മനസര്‍പ്പിച്ചിട്ടുണ്ടദ്ദേഹം. 2000ല്‍ അദ്ദേഹം വിഭാവനചെയ്തത് 2025ല്‍ നമ്മുടെ ചലച്ചിത്ര മേള ലോകഭൂപടത്തില്‍ എവിടെ നില്‍ക്കണമെന്നാണ്. അതദ്ദേഹം എല്ലായ്‌പ്പോഴും എല്ലാ സംഘാടനസമിതികളിലും പറയാറുമുണ്ടായിരുന്നു. ഓരോ പദ്ധതിയും ഈ ദീര്‍ഘവീക്ഷമത്തോടെയാണ് അദ്ദേഹം ആസൂത്രണം ചെയ്തത്. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ അന്നത് പലര്‍ക്കും തിരിച്ചറിയാനായില്ലെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറം മേളയും അക്കാദമിയും അതിന്റെ ലക്ഷ്യങ്ങളില്‍ പലതും എത്തിപ്പിടിക്കുമ്പോള്‍ ഷാജി എന്‍ കരുണ്‍ എന്ന ക്രാന്തദര്‍ശിയുടെ പ്രതിഭയാണ് തിരിച്ചറിയപ്പെടുന്നത്. 88ല്‍ കേരളത്തില്‍ അരങ്ങേറിയ ആദ്യത്തേതും ഇന്ത്യയുടെ അവസാനത്തേതുമായ ഫിലിമോത്സവ് രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചര്‍ ഫിലിം മുതല്‍ മൂന്നു വര്‍ഷം മുമ്പു വരെ ഗോവ രാജ്യാന്തര മേളയുടെ സിഗ്നേച്ചര്‍ ഫിലിം വരെ അദ്ദേഹത്തിന്റെ രചനകളായിരുന്നു. 2016ല്‍ ഐക്യ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യസംഘാടകനായി താത്കാലികചുമതലയേറ്റെടുത്ത ഷാജിസാറാണ് അന്ന് തുറന്ന വേദിയായിരുന്ന തിരുവനന്തപുരത്തെ നിശാഗന്ധിയെ താത്കാലികമായി അടച്ചുകെട്ടി എസി തീയറ്ററാക്കി ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു ചലച്ചിത്രമേളയില്‍ ത്രിമാന സിനിമകള്‍ക്കു വേണ്ടി മാത്രമായി ഒരു സെഗ്മെന്റ് ഉള്‍പ്പെടുത്തിയത്.
താന്‍ ജീവനക്കാരനായിരുന്ന കേരള ചലച്ചിത്രവികസനകോര്‍പറേഷന്റെ ചെയര്‍മാനായിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. ചലച്ചിത്ര വികസന കോര്‍പറേഷനിലും ദീര്‍ഘവീക്ഷണത്തോടെ മലയാള സിനിമയെ നിര്‍ണായകമായി സ്വാധീനിക്കുന്ന പല പദ്ധതികളും അദ്ദേഹം ആവിഷ്‌കരിച്ചു നടപ്പാക്കി. കൈരളി ശ്രീ തീയറ്ററുകളെ ലോകനിലവാരത്തില്‍ പുതുക്കിപ്പണിതു. പ്രദര്‍ശനസാങ്കേതികതയും ആധുനികവത്കരിച്ചു. മലയാളസിനിമയിലെ സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ഊന്നല്‍ നല്‍കിക്കൊണ്ട് വനിതാ തിരക്കഥാകൃത്തുക്കളെ കണ്ടെത്താനുള്ള ശില്‍പശാലയും അവയില്‍ നിന്നു തെരഞ്ഞെടുത്ത സിനിമകള്‍ വനിതകളെ കൊണ്ടു സംവിധാനം ചെയ്യിച്ചു നിര്‍മ്മിക്കാനുള്ള പദ്ധതിയും വിഭാവനചെയ്തു. മിനി ഐജിയുടെ ഡൈവോഴ്‌സ്, ഇന്ദുലക്ഷ്മിയുടെ നിള, അപ്പുറം, ശ്രുതി ശരണ്യത്തിന്റെ ബി 22മുതല്‍ 44 വരെ, തുടങ്ങി രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട സ്ത്രീസംവിധായകരുടെ ചിത്രങ്ങള്‍ അത്തരത്തില്‍ പുറത്തുവന്നവയാണ്. പട്ടികവിഭാഗത്തില്‍പ്പെട്ടവരുടെ ചലച്ചിത്രസ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് കെഎസ്എഫ്ഡിസി നല്‍കിയ പിന്തുണയിലാണ് ഈയിടെ പുറത്തിറങ്ങിയ അരിക് പൂര്‍ത്തിയാക്കപ്പെടുന്നത്.
കോര്‍പറേഷന്റെ നേതൃത്വത്തില്‍ ലോകോത്തരനിലവാരത്തില്‍ ഇന്ററാക്ടീവായി കേരളത്തിന്റെ സിനിമാ ആവശ്യങ്ങള്‍ മുഴുവന്‍ അഭിസംബോധന ചെയ്യുന്നൊരു വെബ് പോര്‍ട്ടല്‍ എന്നതായിരുന്നു പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ഷാജിസ്വപ്നം. അതുപോലെതന്നെയാണ് സ്വതന്ത്ര സിനിമകള്‍ക്കു ഗുണകരമാകുംവിധം സി സ്‌പെയ്‌സ് എന്ന പേരില്‍ പൊതുമേഖലയിലാദ്യമായി ഒരു ഒടിടി പ്‌ളാറ്റ്‌ഫോമിന് കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തില്‍ അദ്ദേഹം രൂപകല്‍പന ചെയ്തത്. കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണമന്ത്രാലയത്തിന്റെ വേവ്‌സൊക്കെ സി സ്‌പെയ്‌സ് നിലവില്‍ വന്ന് രണ്ടു വര്‍ഷം കഴിഞ്ഞ് കഴിഞ്ഞവര്‍ഷമാണ് സാക്ഷാത്കരിക്കപ്പെടുന്നതോന്നോര്‍ക്കുക. ചിത്രാഞ്ജലി സ്റ്റുഡിയോയെ ലോകനിലവാരത്തിലൊരു ഫിലിം സിറ്റിയാക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്രനയം രൂപീകരിക്കാനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിക്കൂടി അദ്ദേഹം നിയമിക്കപ്പെടുന്നത്.
ആ പദ്ധതിയുടെ പേരിലും നിരവധി ആരോപണങ്ങളേറ്റുവാങ്ങേണ്ടിവന്നു അദ്ദേഹത്തിന്. അതിനിടെയില്‍ത്തന്നെയാണ് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സംസ്ഥാന ഘടകത്തില്‍ അദ്ദേഹത്തിനു നേരേയുണ്ടായ ആരോപണങ്ങളും നടപടികളും. പക്ഷേ, എല്ലാ ആരോപണങ്ങളെയും സര്‍ഗാത്മകത കൊണ്ടു ചെറുക്കാനായിരുന്നു ഷാജി എന്ന കലാകാരന്‍ ഇഷ്ടപ്പെട്ടത്. രോഗത്തിനു പോലും അദ്ദേഹത്തിന്റെ മനസിനെ കീഴടക്കാനായില്ല. അവസാനം വരെയും ആ മനസ് കര്‍മ്മനിരതമായിരുന്നു. പുതിയ സിനിമയും സിനിമയെപ്പറ്റിയുള്ള പുതിയ ഉള്‍ക്കാഴ്ചകളും സ്വപ്‌നം കണ്ട് അവയിലേക്ക് എത്തിപ്പിടിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യനാളുകള്‍. എംപുരാന്‍ വിവാദത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യമുയര്‍ത്തിപ്പിടിക്കാനുള്ള ചടങ്ങുമുതല്‍ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ വരെ അദ്ദേഹം നേരിട്ടെത്തി.
ചിലര്‍ വിടപറയുമ്പോള്‍, അവരുണ്ടായിരുന്നെങ്കില്‍ എന്നൊരു ശൂന്യത തോന്നും. മലയാളസിനിമയ്ക്ക് ഷാജി എന്‍ കരുണ്‍ അത്തരമൊരു ഇല്ലായ്മയാണ് അവശേഷിപ്പിക്കുന്നത്.സര്‍ഗാത്മകമായൊരു ബ്ലാക്ക് ഹോള്‍. ആ സര്‍ഗജീവിതത്തില്‍ സാക്ഷാത്കരിക്കപ്പെടാതെ ബാക്കിയായ അനേകം സിനിമാസ്വപ്‌നങ്ങളില്‍ പ്രേക്ഷകര്‍ക്കു നഷ്ടമാവുന്നത് ടി പദ്മനാഭന്റെ കടലും, പി പദ്മരാജന്റെ പ്രതിമയും രാജകുമാരിയും ആണ്. ആ രണ്ടു സിനിമകളെയും പറ്റി അത്രമേല്‍ വിഭാവനചെയ്തിട്ടുണ്ടായിരുന്നു ഷാജി എന്‍ കരുണ്‍.അവയുടെ ദൃശ്യവല്‍ക്കരണത്തിന്റെ മോഹനസ്വപ്‌നങ്ങള്‍ പ്രേക്ഷകരില്‍ മോഹഭംഗമാക്കി അവശേഷിപ്പിച്ചുകൊണ്ട് ദൃശ്യങ്ങളെ പ്രണയിച്ച ഒരതുല്യ കലാകാരന്‍ പകരം വയ്ക്കാനില്ലാത്ത പ്രതിഭ കൂടി യാത്രയാവുകയാണ്, അതിരുകളില്ലാത്ത ലോകത്തെ അനശ്വരദൃശ്യപഥങ്ങളിലേക്ക്.