Tuesday, December 29, 2020

തമ്പിസാര്‍ സംതൃപ്തനാണ്‌, (ഞാനും!)

രാവിലെ പഴയ സഹപ്രവര്ത്തകന് കൂടിയായ ചങ്ങാതി മനോരമയിലെ ജയ്‌സണാണ് പറഞ്ഞത് പുതിയ ഗൃഹലക്ഷ്മിയിലെ ശ്രീകുമാരന്തമ്പിസാറിന്റെ കവര്‌സ്റ്റോറിയുടെ മെയിന് ഇമേജില് അദ്ദേഹം വായിച്ചുകൊണ്ടിരിക്കുന്നത് എന്റെ പുസ്തകമാണെന്ന്. ചാരുകസേരക്കൈ കൊണ്ട് മറഞ്ഞിട്ടുണ്ടെങ്കിലും പക്ഷേ പേരും എന്റെ പടവും വ്യക്തം.
പറഞ്ഞുവന്നതതല്ല. ഈ പുസ്തകത്തിനു വേണ്ട വിലയേറിയ പല വിവരങ്ങളും എനിക്കു പറഞ്ഞു തന്നത് ശ്രീകുമാരന് തമ്പിസാറാണ്. സാറുമായുള്ള സംഭാഷണം എന്റെ സുഹൃത്തും പൂര്വസഹപ്രവര്ത്തകനുമായ അനിയന് ദീപു ചന്ദ്രന് വീഡിയോയില് പകര്ത്തുകയും അതു ഞാന് യൂട്യൂബില് അപ് ലോഡ് ചെയ്ത് പുസ്തകത്തില് ക്യൂ ആര് കോഡ് വഴി കാണാനാവുന്നവിധം നല്കുകയും ചെയ്തു. പിന്നീട് പുസ്തകം ഇറങ്ങിയപ്പോള് ആദ്യത്തെ പതിപ്പുകളില് ഒന്നുതന്നെ അദ്ദേഹത്തിന് തപാലിലയച്ചു, കോവിഡ് മൂലം നേരിട്ടു ചെന്നു കൊടുത്ത് അനുഗ്രഹംവാങ്ങണമെന്ന ആശ മനസിലടക്കിക്കൊണ്ടു തന്നെ. മൂന്നാം ദിവസം രാത്രി പത്തുമണിയോടെയാണെന്നു തോന്നുന്നു ഒരു ഫോണ് വന്നു. നേരത്തേ ഉറങ്ങുന്ന ഞാന് ഞെട്ടിയെണീറ്റ് നോക്കുമ്പോള് തമ്പിസാറാണ്. ''മിസ്റ്റര് ചന്ദ്രശേഖര് എനിക്കു പുസ്തകം കിട്ടി. നന്നായിട്ടുണ്ട്,നന്ദി.'' എന്നു രണ്ടു വാചകം മാത്രം പറഞ്ഞ് സാര് ഫോണ് വച്ചു. എനിക്കാകെ നിരാശയായി. സാറിന് പുസ്തകം ഇഷ്ടമായില്ലേ? അതോ നേരിട്ടെത്തിക്കാഞ്ഞുള്ള പരിഭവമോ? രണ്ടു വാചകം പറഞ്ഞ് പടേന്ന് വച്ചിട്ടു പോയല്ലോ ? ഉറക്കം പോയതിലും സങ്കടം അതായിരുന്നു.
പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോട്ടയത്തു നിന്ന് കാറില് വരുന്ന വഴിക്ക് വീണ്ടും ഒരു ഫോണ്. തമ്പിസാറാണ്. ''മിസ്റ്റര് ചന്ദ്രശേഖര് (അങ്ങനെയേ സാര് വിളിക്കൂ. എനിക്കാണെങ്കില് അതു കേള്ക്കുമ്പോള് എന്തോ ഒരിതാണ്. ആരും അങ്ങനെ വിളിച്ചുകേള്ക്കാത്തതുകൊണ്ടാവും) ഞാനതു മുഴുവന് വായിച്ചു തീര്ത്തതിപ്പോഴാണ്. ഗംഭീരമായിരിക്കുന്നു കേട്ടോ? ഇത്രയൊക്കെ എങ്ങനെയെഴുതാനായെന്നാണ്. വളരെ നന്നായിരിക്കുന്നു. നിങ്ങളുടെ എഫേട്ടിനെ അഭിനന്ദിക്കാതിരിക്കാനാവില്ല.'' (ആത്മപ്രശംസയാണെങ്കില് പൊറുക്കണം ഇത് അദ്ദേഹം പറഞ്ഞ വാക്കുകളാണ്)
എനിക്ക് സന്തോഷമായി. തൃപ്തിയായി. അടുത്തിരുന്ന ഭാര്യ എന്റെ ഭാവവ്യത്യാസം അക്ഷരാര്ത്ഥത്തില് തിരിച്ചറിഞ്ഞു.
ഇപ്പോള്, ഗൃഹലക്ഷ്മിയില് എന്റെ പുസ്തകവുമായി തമ്പിസാറിരിക്കുന്നതു കാണുമ്പോള്, ഒ ഇതിലൊക്കെയിപ്പോഴെന്താ, അവിടെ ഉണ്ടായിരുന്ന പുസ്തകങ്ങളിലൊന്ന് വായിക്കുന്ന പോലൊരു പടമല്ലേ എന്നു ചോദിച്ചേക്കാം. പക്ഷേ എനിക്ക് അതു വലിയ സംഭവമാണ്. മറ്റൊരു മാധ്യമത്തില് അച്ചടിച്ചു വരുന്ന അതിപ്രശസ്തനായൊരു കാരണവപ്രതിഭ നമ്മുടെ പുസ്തകവുമായി ഇരിക്കുമ്പോള്...അതൊരു ഒന്നൊന്നര സന്തോഷം തന്നെയാണ്.
നന്ദി ജയ്‌സണ്. യു മെയ്ഡ് മീ മൈ ഡേ!
Image may contain: 1 person, sitting and text

No comments: