Friday, September 11, 2020

ശ്യാമപ്രസാദിന്റെ സിനിമാജീവിതത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം

Shyamaayanam@manoramaonline 

ജി പ്രമോദ് AUGUST 25, 2020 10:45 AM IST

ദേശീയ നിലവാരത്തിലും അപൂര്‍വമായി ലോക നിലവാരത്തിലും എത്തിയ മലയാള സിനിമയിലെ തിളക്കമുള്ള പേരുകളിലൊന്നാണ് ശ്യാമപ്രസാദ്. കച്ചവട-കലാ സിനിമകള്‍ക്കിടെ രണ്ടു മേഖലകളുമായും അടുപ്പവും അകലവും സൂക്ഷിച്ച്, തനതായ ചലച്ചിത്ര ഭാഷയും ഭാവുകത്വവും സൃഷ്ടിക്കാന്‍ ശ്രമിച്ച ചലച്ചിത്രകാരന്‍. 1998-ല്‍ സാക്ഷാത്കരിച്ച കല്ലുകൊണ്ടൊരു പെണ്ണ് എന്ന മുഖ്യധാരാ സിനിമയില്‍ തുടങ്ങി ഈ വര്‍ഷം പൂര്‍ത്തിയാക്കിയ കാസിമിന്റെ കടല്‍ വരെയുള്ള ചെറുതും വലുതുമായ 15 ചലച്ചിത്രങ്ങള്‍. മലയാള സിനിമ കാലാകാലങ്ങളില്‍ കരസ്ഥമാക്കിയ നേട്ടങ്ങളുടെ നാള്‍വഴികളില്‍ ശ്യാമപ്രസാദിന്റെ പേരും അടയാളപ്പെടുത്തിയിട്ടുണ്ട്. അപൂര്‍ണമായ അദ്ദേഹത്തിന്റെ ചലച്ചിത്രയാത്രയിലെ സവിശേഷതകള്‍ പുസ്തകരൂപത്തില്‍ അടയാളപ്പെടുത്താനുള്ള ശ്രമങ്ങളിലൊന്നാണ് ശ്യാമായനം.അന്യഭാഷാ ചിത്രങ്ങളുടെ അനുകരണ ശ്രമങ്ങളില്‍ തുടങ്ങി തപ്പിയും തടഞ്ഞും വളര്‍ന്ന മലയാള സിനിമ ഇന്നു കേരളത്തിലെ ഏറ്റവും ജനകീയ കലാരൂപമാണ്. സാഹിത്യ-സാംസ്കാരിക-കലാ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധ ലഭിച്ചതും അംഗീകാരം കിട്ടിയതും അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ച നേടിയതുമായ മേഖല. ശുദ്ധ കലാകാരന്‍മാര്‍ മുതല്‍ കച്ചവടക്കാര്‍ വരെ ആശ്രയവും അഭയവും കണ്ടെത്തിയ മലയാള സിനിമയിലേക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന വര്‍ഷമാണ് ശ്യമപ്രസാദ് എത്തുന്നത്. എസ്.എല്‍.പുരം സദാനന്ദന്റെ പ്രശസ്ത നാടകത്തെ അവലംബിച്ചുള്ള സിനിമയിലൂടെ. നാടകത്തില്‍ തുടങ്ങി ടെലിവിഷന്‍ സ്ക്രീനിലെ ശ്രദ്ധേയ പരീക്ഷണങ്ങള്‍ക്കുശേഷമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമാ സംരംഭം വെളിച്ചം കണ്ടത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ബഹുമതി നേടിയ ആദ്യ ചലച്ചിത്രം സാധാരണ പ്രേക്ഷരില്‍ വലിയ ചലനം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടതിനൊപ്പം എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമാക്കാതെ വിസ്മൃതമായി. എന്നാല്‍ അതേ വര്‍ഷം പുറത്തിറങ്ങിയ അഗ്നിസാക്ഷി ശ്യാമപ്രസാദിന്റെ കരിയറില്‍ പൊന്‍തൂവലായി മാറി. ഒട്ടേറെ സംസ്ഥാന, ദേശീയ ബഹുമതികള്‍ നേടിയ ചിത്രം സവിശേഷതകളുള്ള ഒരു ചലച്ചിത്രകാരനായി അദ്ദേഹത്തെ മലയാളത്തില്‍ അടയാളപ്പെടുത്തി.

പ്രഥമ വയലാര്‍ പുരസ്കാരം നേടിയ ലളിതാംബിക അന്തര്‍ജനത്തിന്റെ നോവല്‍ അതേ പേരില്‍ തന്നെയാണ് ശ്യാമപ്രസാദ് ചലച്ചിത്രമാക്കിയത്. തിരക്കഥയും സംവിധായകന്റേതുതന്നെ. സാഹിത്യകൃതികളുമായുള്ള ശ്യാമപ്രസാദ് എന്ന സംവിധായകന്റെ അഭേദ്യമായ ബന്ധം തുടങ്ങുന്നതും അഗ്നിസാക്ഷിയില്‍ തന്നെ. പിന്നീടിങ്ങോട്ട് അദ്ദേഹം പൂര്‍ത്തിയാക്കിയ മിക്ക സിനികളുടെയും അവലംബം സാഹിത്യകൃതികള്‍ തന്നെയായിരുന്നു. പ്രധാനമായും ബംഗാളി നോവലുകളും ചെറുകഥകളും. കാസിമിന്റെ കടല്‍ എന്ന ചിത്രം അനീസ് സലീമിന്റെ നോവലിനെ അടിസ്ഥാനമാക്കിയും.ബംഗാളി സാഹിത്യവുമായുള്ള ശ്യാമപ്രസാദിന്റെ സൗഹൃദത്തില്‍നിന്ന് സ‍ഷ്ടിക്കപ്പെട്ട ശ്രദ്ധേയസിനിമയാണ് ഒരേ കടല്‍. സുനില്‍ ഗംഗോപാധ്യായയുടെ ഹിരക് ദീപ്തി യാണ് ഒരേ കടലായി മാറിയത്. അരികെ എന്ന സിനിമയ്ക്കും ആധാരമായത് സുനിലിന്റെ നോവല്‍ തന്നെ. ആര്‍ട്ടിസ്റ്റ് എന്ന സിനിമ പരിതോഷ് ഉത്തമിന്റെ നോവലില്‍ നിന്ന്. ശിര്‍ശേന്ദു മുഖോപാധ്യായയുടെയും ദിബ്യേന്ദു പാലിതിന്റെ കഥകളില്‍ നിന്ന് ഒരു ഞായറാഴ്ചയും.വൈകാരിക സങ്കീര്‍ണതകളിലേക്ക് ആഴ്ന്നിറങ്ങുന്ന ബംഗാളി നോവലുകളും ചെറുകഥകളുമാണ് ശ്യമപ്രസാദ് തന്റെ സിനിമകള്‍ക്ക് അവലംബമാക്കിയത്. ശൈലി ബാധ്യതയാകാതെ ജീവിതത്തില്‍ നിന്ന് നേരിട്ട് എഴുതുന്ന രീതി ആധുനികതയുടെ കാലത്ത് മലയാളത്തില്‍ അപൂര്‍വതയായിരുന്നു എന്നാണ് മലയാളകഥകള്‍ അധികം തിരഞ്ഞെടുക്കാതിരുന്നതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഒ.വി.വിജയനും മാധവിക്കുട്ടിയും മാത്രമാണ് ഇതില്‍നിന്നു വ്യത്യസ്തരായി ലോകസാഹിത്യത്തോടു കിടപിടിക്കുന്ന സൃഷ്ടികള്‍ മലയാളത്തിനു സമ്മാനിച്ചിട്ടുള്ളതെന്നാണ് അദ്ദേഹത്തിന്റെ ധീരമായ അഭിപ്രായം. ഖസാക്കിന്റെ ഇതിഹാസം ശ്യാമപ്രസാദ് സിനിമയാക്കുന്നു എന്നൊരു വാര്‍ത്ത ഒരിക്കല്‍ പരന്നതുമാണ്. എന്നാല്‍ അതൊരു അടഞ്ഞ അധ്യായമാണെന്ന് ഇന്നദ്ദേഹം അതിനെക്കുറിച്ചു തീര്‍ത്തുപറയുന്നു.ജീവിതഗന്ധിയായിരുന്നു എഴുപതുകളിലെയും എണ്‍പതുകളിലെയും ബംഗാളി എഴുത്തുകാരുടെ കഥകള്‍. ആര്‍ജവമുള്ള ശൈലി അവരുടെ സൃഷ്ടികളെ വേറിട്ടതാക്കി. രൂപപരമായ പരീക്ഷണങ്ങളും ശൈലിയിലെ പുതുമയ്ക്കും പകരം ജീവിതത്തെ അവര്‍ കേന്ദ്രസ്ഥാനത്തു നിര്‍ത്തി. ഇഴപിരിച്ചെടുക്കാനാവാത്ത മനുഷ്യബന്ധങ്ങളുടെ അനന്യ സൗന്ദര്യവും അത്ഭുതദീപ്തിയും ദുരന്തതീവ്രതയും ആവിഷ്കരിക്കാന്‍ ശ്രമം നടത്തി. ശ്യാമ പ്രസാദ് തന്റെ സിനിമകളിലൂടെ ശ്രമിച്ചതും ജീവിതം എന്ന പദപ്രശ്നത്തെ പൂരിപ്പിക്കാനുള്ള ഉദ്യമങ്ങളും സ്ത്രീ പുരുഷ ബന്ധങ്ങളുടെ കാണാക്കയങ്ങള്‍ വെളിപ്പെടുത്താനുള്ള പരിശ്രമങ്ങളും. സദാചാര ബാധ്യതയില്ലാതെ, സാമൂഹിക കെട്ടുപാടുകളില്ലാതെ അദ്ദേഹം ജീവിതത്തെ നോക്കി. ബന്ധങ്ങളെ മനസ്സിലാക്കി. സന്തോഷവും സങ്കടവും അസ്വസ്ഥതയും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളാക്കി.സ്തുതിവചനങ്ങള്‍ക്കും കയ്യടികള്‍ക്കും അപ്പുറം ശ്യാമ പ്രസാദ് എന്ന ചലച്ചിത്രകാരനും അദ്ദേഹത്തിന്റെ സിനിമകളും ആഴത്തിലുള്ള പഠനങ്ങള്‍ അര്‍ഹിക്കുന്നു എന്ന ഓര്‍മപ്പെടുത്തലാണ് ശ്യാമായനം.



No comments: