Tuesday, July 28, 2020

മഹച്ചരിതമാല ഒരോര്‍മ്മക്കുറിപ്പ്‌

മലയാള മനോരമയിലെ ഒരു പതിറ്റാണ്ട് നീണ്ട പത്രപ്രവര്‍ത്തന ജീവിതം വിട്ട് വെബ് ലോകം ഡോട്ട് കോം (മലയാളം വെബ്ദുനിയ) എന്ന മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര വെബ് പോര്‍ട്ടലില്‍ ചീഫ് സബ് എഡിറ്ററായി ചേരുമ്പോള്‍ എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു രാജശേഖരന്റെ ഭാര്യയും നിരൂപകയുമായ ഡോ.രാധിക സി.നായര്‍. നേരത്തെ, മാധ്യമരംഗത്ത് ഒരു ജോലിക്കായി ജീവിതത്തില്‍ ആദ്യമായി നേരിട്ട അഭിമുഖത്തില്‍ കേരളകൗമുദിയില്‍ എന്നോടൊപ്പം ഉദ്യോഗാര്‍ത്ഥിയായിരുന്നതുമുതല്‍ക്കെ പരിചയമുണ്ടെങ്കിലും രാജശേഖരനുമായി കൂടുതല്‍ അടുക്കുന്നത് വെബ് ലോകത്തില്‍ വച്ചാണ്. മിക്കദിവസവും വെബ് ലോകത്തിന്റെ ഓഫീസില്‍ വരും. സംസാരിച്ചിരിക്കും. അങ്ങനെയാണ് മഹച്ചരിതമാല എന്ന പദ്ധതിയെപ്പറ്റി പറയുന്നത്. അതിലെ കുറച്ച് വ്യക്തിചിത്രങ്ങള്‍ എഴുതിക്കൊടുക്കാമോ എന്നു ചോദിക്കുന്നു. ഞാനതു സമ്മതിക്കുന്നു. വിജ്ഞാനകോശ ഭാഷ ഞാന്‍ ആദ്യം വശത്താക്കുന്നത് രാജശേഖരന്റെ മാര്‍ഗനിര്‍ദ്ദേശത്തിലൂടെയാണ്. അതുവരെ ശീലിച്ചിട്ടുള്ള ഫീച്ചറെഴുത്തു ശൈലിയിലാണ് ഞാന്‍ മഹച്ചരിതമാല എഴുതിക്കൊടുത്തത്. നാടകീയത ഒഴിവാക്കി വസ്തുനിഷ്ഠമായി എഴുതണമെന്നു കാട്ടി രാജശേഖരന്‍ അവ തിരത്തി ഏല്‍പ്പിച്ചു. പിന്നീട് അവ അത്തരത്തില്‍ മാറ്റിയെഴുതി സമര്‍പ്പിക്കുകയായിരുന്നു. വരമൊഴി എന്ന മംഗ്‌ളീഷ് കീ ബോര്‍ഡില്‍ മലയാളത്തില്‍ ടൈപ് ചെയ്താണ് കൊടുത്തത്. ചലച്ചിത്ര സംബന്ധിയായ ഒരു പുസ്തകം (നിറഭേദങ്ങളില്‍ സ്വപ്‌നം നെയ്യുന്നവര്‍), കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ബുക്ക്, പി.എന്‍.മേനോനെപ്പറ്റി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച കാഴ്ചയെ പ്രണയിച്ച കലാപം എന്നീ പുസ്തകങ്ങള്‍ക്കു ശേഷം എന്റെ പേര് അച്ചടിച്ചു വരുന്ന മുഖ്യധാരാപ്രസാധകരുടെ ആദ്യ ചലച്ചിത്രേതര ഗ്രന്ഥമായിരുന്നു മഹച്ചരിതമാല.


2005ലാണ്. ഞാനന്ന് വെബ് ലോകം വിട്ടുകഴിഞ്ഞു. രാഷ്ട്രദീപികയിലാണ്. അപ്പോഴാണ് അടുത്ത സുഹൃത്തും മാധ്യമസഹജീവിയും നിരൂപകനും എഴുത്തുകാരനുമൊക്കെയായ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ.പി.കെ.രാജശേഖരന്റെ മുഖ്യ പത്രാധിപത്യത്തില്‍ ഡിസിബുക്‌സിന്റെ മഹച്ചരിതമാല മഹച്ചരിതങ്ങളിലൂടെ മാനവചരിത്രം എന്ന ബൃഹദ് റഫറന്‍സ് ഗ്രന്ഥം പുറത്തിറങ്ങുന്നത്. മാനവചരിത്രം നിര്‍ണയിച്ച 1000 മഹദ് വ്യക്തികളുടെ ചരിത്രമുള്‍ക്കൊള്ളുന്ന മൂന്നു വോള്യങ്ങളുള്ള വിജ്ഞാന ഗ്രന്ഥസമുച്ചയം ഡി.സി.ബുക്‌സാണ് പുറത്തിറക്കിയത്. അതിന്റെ ഇംപ്രിന്റ് പേജ്, മാധ്യമ/എഴുത്തു ജീവിതത്തില്‍ ഇന്നും എനിക്ക് അഭിമാനിക്കാവുന്ന ഒരു ഈടുവയ്പ്പുതന്നെയാണ്. ഡോ.സുകുമാര്‍ അഴീക്കോട്, പി.ഗോവിന്ദപ്പിള്ള, ഡോ.ജി.എന്‍.പണിക്കര്‍, എം.പി.പരമേശ്വരന്‍ എന്നിവരുടെ ഉപദേശകസമിതിക്കു താഴെ, പത്രാധിപരായ രാജശേഖരന്റെയും പേരിനു താഴെ ലേഖനസഹായം എന്ന ഉപശീര്‍ഷകത്തില്‍ കൊടുത്തിട്ടുള്ള 11 പേരുകളില്‍ മാധ്യമരംഗത്തെ തന്നെ സഹജീവികളായ പി.മനോജിനും, ഡോ.കെ.ശ്രീകുമാറിനും, എം.കെ.മനോജ്കുമാറിനും, ലീനചന്ദ്രനും വി,എസ് ശ്യാംലാലിനുമൊക്കെയൊപ്പം അവസാനമായി എന്റെ പേരും വായിക്കുമ്പോള്‍ ഇപ്പോഴും രാജശേഖരനോട് നന്ദി മാത്രം. 
ഈയിടെ ലോക്ഡൗണ്‍ ബോറടിക്കിടെ ഗ്രന്ഥശേഖരം പൊടിതട്ടി അടുക്കുന്നതിനിടെ വെറുതേ ഒന്നെടുത്തു മറിച്ചു നോക്കിയപ്പോള്‍ മലയാളത്തിലെ യശഃസ്തംഭങ്ങളായി/ആയിരുന്നു അഴീക്കോടിന്റെയും പിജിയുടെയും മറ്റും പേരുകള്‍ക്കൊപ്പം അവസാനമായെങ്കിലും എന്റെ പേരും കണ്ടപ്പോള്‍ തോന്നിയ സന്തോഷം, കൃതാര്‍ത്ഥത അതൊന്നു പങ്കുവയ്ക്കണമെന്നു തോന്നി. എഴുത്തുകാര്‍ക്ക്, മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം പേരടിച്ചു വരുന്ന പുസ്തകമോ ലേഖനമോ മാസികയോ കാണുമ്പോഴുള്ള സന്തോഷം നാഴികയ്ക്കു നാല്‍പതു വട്ടം ക്യാമറയെ അഭിമുഖീകരിച്ച് തത്സമയം റിപ്പോര്‍ട്ട് പറയുന്ന മാധ്യമത്തലമുറയ്ക്ക് മനസിലാവണമെന്നില്ല. എഴുതിയ ഒരു വാര്‍ത്തയ്‌ക്കോ, ലേഖനത്തിനോ പഠനത്തിനോ സ്വന്തം പേര് (ബൈലൈന്‍) അച്ചടിച്ചു കാണാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന പത്രപ്രവര്‍ത്തകരുടെ തലമുറയുമല്ല ഇന്നത്തേത്. രണ്ടുവര്‍ഷത്തെ പരിശീലനകാലത്തും ഒരു വര്‍ഷത്തെ പ്രൊബൈഷന്‍ കാലത്തും ബൈലൈന്‍ വെറും സ്വപ്‌നമായിരുന്ന മാധ്യമത്തലമുറയ്‌ക്കേ എന്റെ സന്തോഷം പങ്കിട്ടനുഭവിക്കാനാവൂ.