Wednesday, April 22, 2020

ഓര്‍മ്മകളിലെ ഇ-ജങ്ക്!

എനിക്കു മുന്‍പും ശേഷവുമുള്ള തലമുറകളില്‍ നിന്നു വ്യത്യസ്തമായി എന്റെ തലമുറയ്ക്കു കിട്ടിയ ഭാഗ്യമോ ദൗത്യമോ ആണ് അനലോഗില്‍നിന്ന് ഇന്റര്‍നെറ്റിലേക്കുള്ള സാങ്കേതികവിദ്യാമാറ്റം. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ യഥേഷ്ടം സൈരവിഹാരം നടത്തുന്ന എനിക്കു മുന്‍പുള്ള തലമുറയുടെ കാര്യം ചോദിക്കാം. പക്ഷേ അവരിലധികവും സൈബര്‍ നവസാക്ഷരരാണ്. സൈബര്‍ വിസ്‌ഫോടനാന്തര പ്രയോക്താക്കള്‍. എനിക്കു ശേഷമുള്ളവരും അങ്ങനെ തന്നെ. ആദ്യത്തെ വിഭാഗത്തില്‍ പെട്ടവര്‍ ഏറെ വൈകി, ഏറെക്കുറെ ലക്ഷണയുക്തമായി രൂപപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ചു ശീലിച്ചവരായപ്പോള്‍ രണ്ടാമത്തെക്കൂട്ടര്‍ ജനിക്കുമ്പോഴേ അതുമായി ഇടപെട്ടവരായി. ഇതിനിടെ ഞങ്ങളുടെ തലമുറയാണ് ടൈപ് റൈറ്റിങ് പഠിച്ച് പിന്നീട് കംപ്യൂട്ടര്‍ കീ ബോര്‍ഡിലേക്ക് മാറേണ്ടിവന്നവര്‍. സാധാരണ വാച്ചിനു പുറമേ ഇലക്ട്രോണിക് വാച്ച് ആദ്യമായി ഉപയോഗിച്ചവര്‍. ലാന്‍ഡ്‌ഫോണില്‍ നിന്ന് പേജര്‍ വഴി മൊബൈലിലേക്കു മാറേണ്ടിവന്നവര്‍. പിക്ചര്‍ ട്യൂബ് കണ്ടിട്ട് എല്‍സിഡിയും പ്‌ളാസ്മയും വഴി എല്‍.ഇ.ഡിയിലേക്കു മാറിയവര്‍....ആ പരിവര്‍ത്തനകാലത്ത് അതിനൊപ്പം നില്‍ക്കുകയും അതിന്റെ വളര്‍ച്ച കണ്മുന്നില്‍ കാണുകയും അതിന്റെ സാങ്കേതികത പഠിച്ചെടുത്ത് അതില്‍ പ്രവര്‍ത്തിക്കാനാരംഭിക്കുകയും ചെയ്തവര്‍. ഞാന്‍ ഡിഗ്രിക്കു പഠിക്കുമ്പോഴേ നാട്ടില്‍ ഇലക്ട്രോണിക് ടൈപ്‌റൈറ്ററും മറ്റും വന്നുകഴിഞ്ഞിരുന്നു. പക്ഷേ പി.ജിക്കു പഠിക്കുമ്പോള്‍ മാത്രമാണ് ഡിടിപി വ്യാപകമാവുന്നത്. തിരുവനന്തപുരത്ത് ബ്രഹ്മ സോഫ്ട് ടെക് ആയിരുന്നു ആദ്യത്തെ ഡിടിപിക്കാര്‍. പിന്നീട് ടാന്‍ഡം വന്നു. അതിനൊപ്പം ആദ്യകാലത്തു തന്നെ തിരുവനന്തപുരത്ത് പുഷ്‌കലിച്ച ടെക്‌നോഗ്രാഫ് എന്ന ഡിടിപി കേന്ദ്രം ഞാന്‍ കൂടി പങ്കാളിയായി ചങ്ങാതികളായ സഹാനിയും വിനോദും ചേര്‍ന്ന് എന്റെ വീട്ടില്‍ തുടങ്ങുകയും പിന്നീട് വഴുതയ്ക്കാട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ക്രമേണ പങ്കാളികള്‍ക്കെല്ലാം മറ്റു ജോലികളായപ്പോള്‍ അവസാനിപ്പിക്കുകയും ചെയ്ത സ്ഥാപനം.
പറഞ്ഞുവന്നത് അതല്ല. ആദ്യമായി ഒരു സെല്‍ ഫോണ്‍ കാണുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും മലയാള മനോരമയില്‍ സബ് എഡിറ്ററായിരിക്കെയാണ്. നോക്കിയയുടെ ഗ്രേ/ബ്‌ളൂ നിറങ്ങളിലുള്ള ബെയ്‌സ് സെറ്റ്. ഒരു എല്‍.സി.ഡിസ്പ്‌ളേ. ഫോണും എസ് എം എസും മാത്രമേ സംവിധാനമുള്ളു. പിന്നെ സമയവും തീയതിയുമറിയാം. കാല്‍ക്കുലേറ്റും ചെയ്യാം. മെസേജയയ്ക്കാന്‍ പോലും പരിമിത കീ ബോര്‍ഡായതുകൊണ്ട് വളരെ ശ്രമകരമായിരുന്നു. മനോരമയില്‍ ഹാന്‍ഡ്‌സെറ്റുകള്‍ വരുന്നത് ഡസ്‌ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ്. ന്യൂസ് എഡിറ്റര്‍ തൊട്ടു മുകളിലോട്ടുള്ളവര്‍ക്കു കൂടാതെ പൊതു ആവശ്യങ്ങള്‍ക്ക് നാലോ അഞ്ചോ ഹാന്‍ഡ്‌സെറ്റുകള്‍. അന്നൊക്കെ എന്തോ ദിവ്യ സംഗതി കാണുന്നതുപോലെയായിരുന്നു അതിനോടുള്ള ഭയഭക്തി ബഹുമാനം. സ്‌പോര്‍ട്‌സ് ഡസ്‌ക്, ചരമഡസ്‌ക് ലോക്കല്‍ ഡസ്‌ക് ചീഫ് എന്നിവര്‍ക്കു പുറമേ ഓരോ യൂണിറ്റിന്റെയും പേജുകള്‍ ചെയ്യുന്ന ഡസ്‌ക് ചീഫ്മാര്‍ക്ക് ഓരോന്ന്. അത് ഡസ്‌കിന്റെ പൊതു സ്വത്താണ്. കോട്ടയത്തു നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ പ്രധാന യൂണിറ്റുകള്‍ക്ക് നേരത്തേ ഉണ്ടായിരുന്ന റിസീവര്‍ ലിഫ്റ്റ് ചെയ്താല്‍ നേരിട്ടു സംസാരിക്കാന്‍ സംവിധാനമുള്ള ഡെഡിക്കേറ്റഡ് ഹോട്ട്‌ലൈന്‍ ലാന്‍ഡ്‌ഫോണിനു പുറമേയായിരുന്നു ഈ ഹാന്‍ഡ് സെറ്റ്. നേരിട്ട് കോ ഓര്‍ഡിനേറ്ററേയോ ന്യൂസ് എഡിറ്ററെയോ ന്യൂസ് കോഓര്‍ഡിനേറ്ററെയോ റിപ്പോര്‍ട്ടര്‍മാരെയോ പോലും വേണമെങ്കില്‍ വിളിക്കാം എന്നതായിരുന്നു പ്രത്യേകത. പക്ഷേ, പുറത്തേക്ക് മറ്റൊരു നമ്പരിലേക്കും വിളിക്കാനാവില്ല. ക്‌ളോസ്ഡ് യൂസേഴ്‌സ് ഗ്രൂപ്പിനുള്ളില്‍ മാത്രം എത്രവേണെങ്കിലും വിളിക്കാം. ഡ്യൂട്ടിയനുസരിച്ച് ഡസ്‌ക് ചീഫ് ആവുമ്പോള്‍ ഒരു ചെങ്കോല്‍ തന്നെയായിരുന്നു ഈ ഹാന്‍ഡ്‌സെറ്റ്.
സ്വന്തമായി അതുപോലൊന്ന് കരസ്ഥമാക്കുന്നത് മനോരമ വിട്ട് 2000 നവംബറില്‍ തിരുവനന്തപുരത്ത് വെബ് ലോകം ഡോട്ട് കോമില്‍ (മലയാളം വെബ്ദുനിയ) ചേര്‍ന്നപ്പോഴാണ്. അന്ന് ജയിംസ് ബോണ്ട് സിനിമയിലൂടെ തരംഗമായിക്കഴിഞ്ഞിരുന്ന എറിക്‌സണ്‍ ഹാന്‍ഡ്‌സെറ്റ്. ഒരു ചെറിയ വാക്കിടോക്കിയുടെ വലിപ്പം. ഒരു ഫൗണ്ടന്‍പേനയുടെ വലിപ്പമുള്ള ആന്റിന. പിയേഴ്‌സ് ബ്രോസ്‌നന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്ന എറിക്‌സണെ അന്ന് സോണി ഏറ്റെടുത്തിരുന്നില്ല. എസ്സാര്‍ ഗ്രൂപ്പിന്റെ എസ്‌കോട്ടലും രാജീവ് ചന്ദ്രശേഖറിന്റെ ബിപിഎല്ലുമായിരുന്നു കേരളത്തിലെ അന്നത്തെ സേവനദാതാക്കള്‍. കവറേജൊക്കെ കണക്കാണ്. തിരുവനന്തപുരം വിട്ടാല്‍ കൊല്ലം പോലും റെയ്ഞ്ചില്ല. കൊച്ചിയില്‍ ചെന്നാല്‍ കിട്ടും. ടവറുകളുടെ കുറവു തന്നെ കാരണം. താരീഫിന്റെ കാര്യമാണ് വിചിത്രം. നിശ്ചിത തുക 750 രൂപയോ മറ്റോ പ്രതിമാസം. 25 കോളും 50 മേസേജും എന്തോ സൗജന്യം. ഒരു ഔട്ട്‌ഗോയിങ് കാളിന് 12 രൂപ. ഇന്‍കമിങിന് 6 രൂപ. (ആരെങ്കിലും ഇങ്ങോട്ടുവിളിച്ച് ഫോണെടുത്താല്‍ 6 രൂപ എടുക്കുന്നയാള്‍ കൊടുക്കണം.) മൂന്നു മിനിറ്റിനാണ് ഈ റേറ്റ്. സംസാരം നീണ്ടാല്‍ മിനിറ്റിന് 3 രൂപവച്ച് വീണ്ടും കൊടുക്കണം. ലാന്‍ഡ് ലൈനിലേക്കാണെങ്കില്‍ റേറ്റ് വീണ്ടും കൂടും. ആ സമയത്താണെന്നു തോന്നുന്നു മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പം ഞാനും ലോകത്തൊരുപക്ഷേ ഇന്ത്യയില്‍ മാത്രം നിലവിലുണ്ടായ മിസ്ഡ് കാള്‍ എന്ന സങ്കേതം കണ്ടെത്തുന്നത്. വീട്ടില്‍ കാളര്‍ ഐഡിയുള്ള ഫോണ്‍ വാങ്ങി വച്ചു. മോള്‍ അന്ന് എന്നോടൊപ്പം തിരുവനന്തപുരത്താണ്. ആവശ്യമുള്ളപ്പോള്‍ ലാന്‍ഡ്‌ലൈനിലേക്ക് മിസ്ഡ് കോള്‍ കൊടുക്കും. ഒന്നോ രണ്ടോ റിങ് കഴിഞ്ഞ് വയ്ക്കും. അച്ഛനോ അമ്മയോ അതു കണ്ട് തിരികെ വിളിക്കും. അപ്പോള്‍ 16 രൂപയുടെ സ്ഥാനത്ത് എട്ടു രൂപ മതിയാവും. പിന്നീട് അതും മാറി, ലാന്‍ഡ് ലൈനില്‍ നിന്ന് അച്ഛനുമമ്മയും എന്റെ ഓഫീസ് ലാന്‍ഡ് ലൈനിലേക്കു വിളിക്കും. അപ്പോള്‍ സാധാരണ ടെലികോം നിരക്കുകള്‍ മാത്രം കൊടുത്താല്‍ മതി. (അന്ന് ബിഎസ് എന്‍എല്‍ വിഎസ്എന്‍എല്‍ എന്നൊന്നും വഭജിച്ചിട്ടില്ല. ഇന്ത്യന്‍ ടെലിഫോണ്‍സ് എന്നേയുളളൂ) തൂങ്ങി വീഴുംവിധം മാണ്ടന്‍ ഹാന്‍ഡ്‌സെറ്റ് പോക്കറ്റില്‍ വച്ചുകൊണ്ടുപോകുന്നത് ഒരു ഗമയായിരുന്നു അന്നൊക്കെ.
ആദ്യം സ്വന്തമാക്കിയ ഹാന്‍ഡ്‌സെറ്റിന് വില 16000 രൂപയോ മറ്റോ ആയിരുന്നു. 9846099002 ആയിരുന്നു എന്റെ നമ്പര്‍. നല്ല ഭാരമായിരുന്നു. മൂന്നുനാലു വര്‍ഷം കഴിഞ്ഞപ്പോള്‍ അതിന്റെ ഗ്യാസൗട്ട് ആയി. അപ്പോഴേക്ക് അനില്‍ അമ്പാനിയുടെ റിലയന്‍സ് സിഡിഎംഎ സാങ്കേതികവിദ്യയില്‍ എല്‍ജിയുടെ സ്‌ളീക്ക് ഹാന്‍ഡ്‌സെറ്റുമായി കളത്തിലെത്തിയിരുന്നു. പോളിഫോണിക് റിങ് ടോണും ബ്‌ളൂ ഡൈനാമിക് ഡിസ്പ്‌ളേയുമായിരുന്നു സവിശേഷതകള്‍. പക്ഷേ വില വളരെ കൂടുതലായിരുന്നു. എന്നാല്‍ മാസവരി കുറവും. രണ്ടാമത്തെ കണക്ഷനായി അതിലും ഒന്നു സ്വന്തമാക്കി. അച്ഛനടക്കം ഉപയോഗിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് അതിന്റെ അസ്ഥിപഞ്ചരം വരെ വന്നശേഷമാണ് ഉപേക്ഷിച്ചത്. അപ്പോഴേക്ക് വോഡഫോണും എയര്‍ടെല്ലും ഐഡിയയും അടക്കം എത്രയോ കമ്പനികള്‍ വരികയും പലതിനെയും വിഴുങ്ങുകയുമൊക്കെ ചെയ്ത് നിരക്കുകള്‍ ജനകീയമാക്കിക്കഴിഞ്ഞിരുന്നു. ഞാനും പല കമ്പനികള്‍ മാറി കന്യകയുടെ പത്രാധിപരായെത്തി. അപ്പോഴെനിക്കുണ്ടായിരുന്നത് പഴയ ഹാന്‍ഡ്‌സെറ്റ് ആയിരുന്നു. ആയിടയ്ക്കാണ് സുഹൃത്തും കന്യകയ്ക്കു വേണ്ടി ഗള്‍ഫില്‍ നിന്ന് പലതും എഴുതിയയ്ക്കുന്ന എഴുത്തുകാരിയുമായ സപ്‌ന അനു നാട്ടിലേക്കു വരുന്നു എന്തെങ്കിലും ആവശ്യമുണ്ടോ എന്നന്വേഷിക്കുന്നത്. പൈസ വാങ്ങുമെങ്കില്‍ മാത്രം നല്ല ഒരു ഹാന്‍ഡ്‌സെറ്റ് കൊണ്ടുവരാമോ എന്നു ചോദിച്ചു. ആ നിബന്ധനയോടെ സപ്ന കൊണ്ടുവന്ന സാംസങിന്റെ ആദ്യകാല ഡുവല്‍ സിം ഹാന്‍ഡ്‌സെറ്റ് ആണ് ചിത്രത്തില്‍ ആദ്യം കാണുന്നത്. ഇന്നവന്‍ വാര്‍ദ്ധക്യത്തിന്റെ അറ്റത്താണ്.കീപാഡൊക്കെ പോയി. നിറം കൊണ്ടും പ്രകടനം കൊണ്ടും ഞാന്‍ ഏറെ ഇഷ്ടപ്പെട്ട ഹാന്‍ഡ്‌സെറ്റ്. കളര്‍ ഡിസ്പ്‌ളേ.നല്ല റിങ്‌ടോണ്‍സ്. മൂന്നു നാലു വര്‍ഷം ഉപയോഗിച്ചു. പിന്നീട് സദാസമയവും  ഹാന്‍ഡ്‌സെറ്റിന്റെ ഉപയോഗം ആവശ്യമായിട്ടുള്ള അമൃത ടിവിയുടെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ സ്ഥാനത്തേക്കു മാറിയപ്പോള്‍ കുറേക്കൂടി ബാറ്ററി ലൈഫ് ഉള്ളൊരു സെറ്റിന്റെ ആവശ്യം വന്നു. അക്കാലത്ത് വാര്‍ത്താവതാരകന്‍ കൂടിയായിരുന്ന ഇപ്പോള്‍ ദുബായ് ഹിറ്റ് എഫ് എമ്മിലുള്ള കൃഷ്ണകുമാറിന്റെ ഉപദേശപ്രകാരം ഒരു സിംഗിള്‍ സിം നോക്കിയ വാങ്ങി. അതുപക്ഷേ എന്റെ കൈവശം അധികം വാണില്ല. ബാറ്ററി കേടായി പിന്നീട് പെട്ടെന്ന് കറപ്റ്റഡ് ആയി. അപ്പോള്‍ പകരം വാങ്ങിയത് സാംസങിന്റെ ഒതുക്കമുള്ള സ്‌ളീക്ക് ആയ ഒരു സ്‌ളൈഡിങ് സെറ്റ് ആണ്. കീപാട് മൊത്തമായി സ്‌ളൈഡ് ചെയ്ത് ചെറുതാക്കി വയ്ക്കാവുന്ന ഒന്ന്. എനിക്കു വളരെ വളരെ ഇഷ്ടമായിരുന്ന സെറ്റ്.
ആയിടയ്ക്കാണ് കാനഡയില്‍ എന്റെ ഒരേയൊരു പെങ്ങളുടെ മകന്‍, ഞാന്‍ കൂടി വളര്‍ത്തി വലുതാക്കിയ എന്റെ ഒരേയൊരു അനന്തരവന്‍ ഗൗതം ജോലികിട്ടിയ സന്തോഷത്തിന് ചേച്ചി എനിക്കൊരു ആപ്പിള്‍ ഐഫോണ്‍ സമ്മാനിക്കുന്നത്. ഐഫോണ്‍ ഫോര്‍ ആയിരുന്നു അത്. ചിത്രത്തിലുണ്ട് ആള്‍. ഇപ്പോഴും പ്രവര്‍ത്തിക്കും. പക്ഷേ ടച്ചിന് പ്രശ്‌നം. വൈഡ് ടച്ചേ പ്രവര്‍ത്തിക്കൂ. പത്തുപതിനേഴു വര്‍ഷത്തെ സര്‍വീസുണ്ട്) അന്ന് ഐഫോണ്‍ സ്റ്റാറ്റസ് സിംബലാണ്. ആദ്യം കൈയില്‍ വരുന്ന ടച്ച് സ്‌ക്രീന്‍ ഫോണ്‍. അതുകിട്ടിയ ഗമയില്‍ ഞാനെന്റെ സാംസങ് ഭാര്യയ്ക്കു കൊടുത്തു. അതുവരെ എന്റെ പഴയ നോക്കിയ ഉപയോഗിച്ചുപോന്ന ഭാര്യയുടെ കൈയില്‍ സാംസങ് അധികം വാണില്ല. ടോയ്‌ലെറ്റില്‍ വീണു നനഞ്ഞ് അത് കേടായിപ്പോയി.
ഐഫോണ്‍ കൈവന്നപ്പോഴും എന്റെ ഫോണ്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. അപ്രതീക്ഷിതമായി അമൃത വിട്ട് വീണ്ടും കന്യകയില്‍ ചേക്കേറേണ്ടിവന്നപ്പോള്‍ മംഗളത്തിന്റെ ഔദ്യോഗിക സിമ്മിനൊപ്പം വര്‍ഷങ്ങളായി (ഇപ്പോഴും) ഞാനുപയോഗിക്കുന്ന വ്യക്തിഗത നമ്പരും കൊണ്ടുനടക്കേണ്ടതായി വന്നു. ഐഫോണിന് ഒറ്റസിമ്മല്ലേ പറ്റൂ. പിന്നെ നെറ്റ് ഉപയോഗിച്ചാല്‍ അതിന്റെ ബാറ്ററി അഞ്ചു മണിക്കൂറിലേറെ നില്‍ക്കില്ല. ഞാനാണെങ്കില്‍ ദിവസവും തിരുവനന്തപുരത്തു നിന്നു കോട്ടയത്തു പോയിവരികയാണ്. രാത്രി 11 മണിവരെയെങ്കിലും മൊബൈല്‍ ചാര്‍ജ് നില്‍ക്കണം. അങ്ങനെയാണ് താരതമ്യേന വിലകുറഞ്ഞ ഒരു രണ്ടാം സെറ്റിലേക്കു പോകുന്നത്. അന്നത്തെ ട്രെന്‍ഡ് ആയിരുന്ന കാര്‍ബണ്‍ എന്ന ഇന്ത്യന്‍ ബ്രാന്‍ഡിന്റെ ഹാന്‍ഡ്‌സെറ്റ് ആയിരുന്നു അത്. അതും നാലഞ്ചുവര്‍ഷം ഒരു കുഴപ്പവുമില്ലാതെ കൊണ്ടുനടന്നു. കണ്ടാല്‍ ബ്ലാക്ക് ബെറി പോലിരിക്കുന്ന ഒന്നായിരുന്നു അത്. അതു നശിച്ചപ്പോള്‍ ഓണ്‍ലൈനില്‍ ഒരു ബ്‌ളാക്ക്‌ബെറി വാങ്ങി. അതും അധികം വാണില്ല. അതിനൊക്കെ ശേഷമാണ് ഭാര്യയ്ക്കു വേണ്ടി സ്വന്തമായി ഒരു ടച്ച് ഫോണ്‍ വാങ്ങുന്നത്. അതുവരെയും പാവം ഞാന്‍ ഉപയോഗിച്ചുപേക്ഷിക്കുന്ന പഴയവയാണുപയോഗിച്ചിരുന്നത്. സാംസങിന്റെ ചെറിയ ടച്ച് സ്‌ക്രീനുള്ള ഡ്യുവോയാണ് അവര്‍ക്കുവേണ്ടി ആദ്യം വാങ്ങുന്നത്. പിന്നെ എന്റെ പഴയ ഐഫോണായി, പിന്നീട് ലെനോവോ, അതുകഴിഞ്ഞിപ്പോള്‍ സാംസങ്. ഞാനും വാങ്ങി ഒരു ലെനോവോ. ഇതിനിടയില്‍ എന്റെ മൊബൈല്‍ ദാരിദ്ര്യം കണ്ട ഭാര്യതന്നെ ഭാര്യാസഹോദരി വഴി യുഎസില്‍ നിന്ന് ഐഫോണിന്റെ എട്ട് എസ് കൊണ്ടുതന്നു. ഇപ്പോള്‍ അതും പിന്നെ അടുത്തിടെ സ്വന്തമാക്കിയ വിവോയുമാണ് കൈവശമുള്ള മോഡലുകള്‍. കോവിഡ്കാല ശുദ്ധികലശത്തില്‍ പലയിടത്തായി കിടന്ന പഴയ ഹാന്‍ഡ്‌സെറ്റുകളുടെ പപ്പും പൂടയുമൊക്കെ കണ്ടപ്പോള്‍ എടുത്തുവച്ച് ഒരു ചിത്രമാക്കി. കിടക്കട്ടെ ഓര്‍മ്മകളില്‍ ഒരു ഇ-ജങ്കും!


No comments: