Wednesday, February 07, 2018

ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ

നടന്‍ വിജയിന്റെ തമിഴ്‌സിനിമകള്‍ തിരുവനന്തപുരത്തു
പുറത്തിറങ്ങുമ്പോള്‍ ആദ്യദിവസങ്ങളില്‍ കാണാന്‍ പോയാല്‍ ഉണ്ടാവുന്ന ഫാന്‍സിന്റെ ആവേശം പോലൊന്നായിരുന്നു അത്. പക്ഷേ ഇവിടെ സ്‌ക്രീനിലെ രംഗങ്ങള്‍ കണ്ട് ആത്മാര്‍ത്ഥമായി ആര്‍പ്പുവിളിച്ചതും അര്‍മ്മാദിച്ചതും സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള സാധാരണ കുട്ടികളായിരുന്നുവെന്നു മാത്രം. എന്തായാലും നാളിതുവരെയുളള സിനിമാക്കാഴ്ചയില്‍ ഈ സിനിമകാണല്‍ വേറിട്ടൊരനുഭവമായി. സിനിമയും കാണികളും ഒരുപോലെ ആത്മാര്‍ത്ഥമായിത്തീര്‍ന്ന മണിക്കൂറുകള്‍. നിരൂപകനും എഴുത്തുകാരനും സംവിധായകനുമായ വിജയകൃഷ്ണന്‍ സാര്‍ സംവിധാനം ചെയ്ത് കേരള ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി നിര്‍മിച്ച ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ എന്ന കുട്ടികളുടെ സിനിമയുടെ പ്രഥമപ്രദര്‍ശനം അങ്ങനെ മറക്കാനാവാത്ത ഹൃദ്യമായൊരു അനുഭവമായി. മുഖ്യധാരയുടെ പടിപ്പുറത്തു മാത്രം നിര്‍ത്തപ്പെടുന്ന ബാലസിനിമാ വിഭാഗത്തില്‍ അര്‍ത്ഥവത്തായ ഒരു പരീക്ഷണം തന്നെയാണ് സംസ്ഥാനമൊട്ടാകെ നിന്നുള്ള കുട്ടികള്‍ക്കായി അഭിനയക്കളരി നടത്തി തെരഞ്ഞെടുത്ത കുട്ടികളെ കഥാപാത്രങ്ങളാക്കിക്കൊണ്ട് ഒരു കാടും സ്‌കൂളും മാത്രം പശ്ചാത്തലമാക്കി നിര്‍മിക്കപ്പെട്ട ഈ സിനിമ. തുടക്കത്തിലെ ഏതാനും നിമിഷങ്ങളിലെ ചില കുട്ടികളുടെ അഭിനയത്തിലെ ചെറു വീഴ്ചകളൊഴിച്ചാല്‍ സിനിമ ഏറെ ഹൃദ്യമായ ദൃശ്യാനുഭവമാണ്. ആധുനികഭാവുകത്വത്തിന്റെ സഹജസ്വഭാവങ്ങള്‍ പ്രകടമാക്കുന്ന ദൃശ്യപരിചരണമാണിതില്‍. സംവിധായകന് ഏറ്റവും വലിയ പിന്തുണയായിട്ടുള്ളത് തീര്‍ച്ചയായും യദു വിജയകൃഷ്ണന്റെ ക്യാമറയും ലിയോ ടോമിന്റെ പശ്ചാത്തല സംഗീതവുമാണെന്നതില്‍ തര്‍ക്കമുണ്ടാവില്ല. നാളിതുവരെയുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ വച്ച് സാങ്കേതികതയില്‍ ഏറെ വിട്ടുവീഴ്ചകളൊന്നും വേണ്ടിവന്നിട്ടില്ലാത്ത ചിത്രമായിരിക്കുമിത്. ബേബി മാത്യു സോമതീരത്തെപ്പോലെ ഒരു സഹൃദയനായ നിര്‍മാതാവിന്റെ പിന്തുണയും അതിനദ്ദേഹത്തിനു സഹായകമായിട്ടുണ്ട്. ആദിവാസിജീവിതത്തെപ്പറ്റി സത്യസന്ധമായൊരു ദൃശ്യാഖ്യാനം നല്‍കാനായതിന് വിജയകൃഷ്ണന്‍ സാറിന് അകമഴിഞ്ഞ നന്ദി.
അറിയപ്പെടുന്ന താരങ്ങളില്‍ നന്ദുവിന്റെ കായികാദ്ധ്യാപകനെ കണ്ടപ്പോള്‍, അടുത്തിടെ കണ്ട നന്ദുവിന്റെ തന്നെ ചില പ്രകടനങ്ങളുമായി ചേര്‍ത്തു കാണുമ്പോള്‍ എവിടെയോ ജഗതിച്ചേട്ടന്റെ ചില മിന്നായങ്ങള്‍. നന്ദു അനായാസം തന്റെ കഥാപാത്രങ്ങള്‍ക്കു വഴങ്ങുന്ന കാഴ്ച സന്തോഷമാണ്.

Monday, February 05, 2018

മാതൃഭൂമി അക്ഷരോത്സവം ഃ ഒരു ദോഷൈകദൃക്കിന്റെ കാഴ്ചപ്പാടുകള്‍

മാതൃഭൂമിയുടെ പ്രഥമ അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ രണ്ടു ദിവസങ്ങളില്‍ സജീവമായ അനുഭവത്തില്‍ നിന്നു ചിലതു കുറിയ്ക്കട്ടെ.സ്വകാര്യ സംരംഭമായതുകൊണ്ടുതന്നെ സോഷ്യല്‍ ഓഡിറ്റിങിനു വിധേയമല്ലെന്നും അതുകൊണ്ടു തന്നെ ഈ അഭിപ്രായങ്ങള്‍ വ്യക്തിനിഷ്ഠമാണെന്നും കരുതി തള്ളാവുന്നതാണ്. പക്ഷേ 250 രൂപയുടെ സീസണ്‍ രജിസ്‌ട്രേഷന്‍ എടുത്ത് അതില്‍ പങ്കെടുത്ത, കഴിഞ്ഞ 40 കൊല്ലമായി മാതൃഭൂമി ദിനപ്പത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും വായനക്കാരനെന്ന നിലയില്‍ ഉപഭോക്താവെന്ന നിലയ്ക്ക് ഇങ്ങനൊരു വിലയിരുത്തലിനുള്ള ധാര്‍മ്മികതയുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണിതെഴുതുന്നത്.
എഴുത്തുകാരനെന്ന നിലയ്ക്കുള്ള സങ്കടമാകട്ടെ ആദ്യം. എം.ബി.ഐ.എഫ്.എല്‍ വേദികളിലെങ്ങും ചലച്ചിത്രസാഹിത്യം ഒരു സാഹിത്യരൂപമായിത്തന്നെ വകവച്ചു കണ്ടില്ല.മലയാളത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്നത് തിരക്കഥയും ചലച്ചിത്രവിമര്‍ശനവുമടങ്ങുന്ന സിനിമാസാഹിത്യമായിട്ടും, വിമര്‍ശനത്തിന്റെ വര്‍ത്തമാനവും ഭാവിയും വിലയിരുത്തുന്ന ഒരേയൊരു ചര്‍ച്ചയില്‍ ഡോ.സി.എസ്.വെങ്കിടേശ്വരന്റെ പങ്കാളിത്ത പ്രാതിനിധ്യത്തോടും ചലച്ചിത്ര ഗാനങ്ങളെപ്പറ്റിയുള്ള രവിമേനോന്‍ നയിച്ച് ഡോ.കെ.ജയകുമാറും ബിജിപാലും പങ്കെടുത്ത ചര്‍ച്ചയോടും ഒതുങ്ങുകയായിരുന്ന അത്. ചലച്ചിത്രഗാനനിരൂപണം ചലച്ചിത്രനിരൂപണമാവുമോ എന്ന ചോദ്യം പോലും ആ ചര്‍ച്ചാവേദികളില്‍ ഉയര്‍ന്നുവന്നതുമില്ല. ഇതിനേക്കാളെല്ലാം വിഷമം തോന്നിയ രണ്ടു സംഗതികളാണ് സിനിമ എന്ന മാധ്യമത്തിന്റെ സാംസ്‌കാരികത അടയാളപ്പെടുത്തുന്നതിന് മാതൃഭൂമി മേളയില്‍ ഉള്‍പ്പെടുത്തിയ അതി വിചിത്രമായ മറ്റൊരു വിഷയവും ആ വിഷയത്തിലെ പങ്കാളിത്തത്തിലുണ്ടായ അവഗണനയും അതിലേറെ അതിനു പിറ്റേന്ന് മാതൃഭൂമി പത്രം നല്‍കിയ അവഗണനയും.  ഫിലിം പോസ്റ്ററുകളിലെ കലയും അവയുടെ ആഖ്യാനസവിശേഷതയും എന്ന വിഷയത്തില്‍ (ഈ വിഷയത്തിന് അക്ഷരവുമായുള്ള ബന്ധമെന്തെന്നത് ആഖ്യാനസവിശേഷത എന്ന വാചകങ്ങളില്‍ ഉത്തരം തേടിസമാധാനിക്കുക തന്നെ) നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടിയിരുന്നത് ചലച്ചിത്ര നിരൂപകന്‍ ശ്രീ ഐ ഷണ്‍മുഖദാസ്, പോസ്റ്റര്‍ കലാകാരന്‍ സാബു കൊളോണിയ,റിയാസ് കോമു, ടി.പാര്‍വതി എന്നിവരായിരുന്നു. എന്നാല്‍ വന്നതോ ഷണ്‍മുഖദാസ് സാറും സാബുവും മാത്രം. സ്വാഭാവികമായി അതു സാബുവിന്റെ ആത്മപ്രക്ഷാളനം (തള്ളല്‍ എന്നു ഗ്രാമ്യം) ആയി ആ സെഷന്‍ മാറി. ഇടയ്ക്ക് പോസ്റ്റര്‍ ആഖ്യാനങ്ങളിലെ ലോക മാതൃകകളെ പറ്റി സൂചിപ്പിച്ച് ചര്‍ച്ചയെ ചരിത്രവാതായനങ്ങളിലേക്കും ലാവണ്യചിന്തകളിലേക്കും വഴിതിരിച്ചുവിടാനുള്ള ഷണ്‍മുഖദാസ് സാറിന്റെ പരിശ്രമത്തെപ്പോലും, താരചിത്രങ്ങളോ ചിത്രദൃശ്യങ്ങളോ ഉപയോഗിക്കാതെ മലയാളത്തില്‍ ആദ്യമായി താന്‍ ജയരാജിന്റെ അറേബ്യ എന്ന ചിത്രത്തിനുവേണ്ടിയുള്ള പോസ്റ്ററുകളില്‍ പരീക്ഷിച്ചിട്ടുണ്ട് എന്നിടയ്ക്കു കയറിക്കൊണ്ട് സാബു വൃഥാവിലാക്കി. മലയാളത്തില്‍ നിര്‍മാതാവു മുതല്‍ കലാസംവിധായകന്‍ വരെ പുതുമുഖങ്ങളായി 1981ല്‍ പുറത്തുവന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിനുവേണ്ടി മലമുകളില്‍ നിന്നു താഴേക്ക് നോക്കി ഹെഡ്‌ലൈറ്റ് കത്തിച്ചുനില്‍ക്കുന്ന ജീപ്പിന്റെയും ഓര്‍ക്കിഡ് തണ്ടിനോടടുപ്പിച്ച് വ്രീളാവതിയായ ഒരു സുന്ദരിയുടെ മുഖത്തിന്റെയും ഇന്ത്യന്‍ ഇങ്ക് സ്‌കെച്ചുമായി പി.എന്‍.മേനോന്‍ ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ഒരുവട്ടമെങ്കിലും കണ്ടതോര്‍ക്കുന്ന ഒരാളും പറയാന്‍ ധൈര്യപ്പെടാത്ത അവകാശവാദമാണ് സാബു വീണു കിട്ടിയ വേദിയില്‍ ഉന്നയിച്ചത്.
പി.എന്‍.മേനോനെപ്പോലെ, ഭരതനെപ്പോലെ, ഗായത്രി അശോകനെപ്പോലെ, എസ്.രാജേന്ദ്രനെപ്പോലെ, കുര്യന്‍ വര്‍ണശാലയെപ്പോലെ, ബാലന്‍ പാലായിയെപ്പോലെ മലയാള ചലച്ചിത്ര പോസ്റ്ററുകളില്‍ വിപ്‌ളവം സൃഷ്ടിച്ചവരെയും കാലിഗ്രാഫി കൊണ്ട് വിസ്മയിപ്പിച്ച സി.എന്‍.ശ്രീകണ്ഠന്‍ നായരെപ്പോലുള്ള കലാകാരന്മാരെയും അനുസ്മരിച്ചില്ലെന്നതു പോകട്ടെ, പോസ്റ്ററുകളിലെ സാഹിത്യം എന്ന ഘടകം പോലും ചര്‍ച്ചചെയ്യപ്പെടാതെ പോയി. അക്ഷരാര്‍ത്ഥത്തില്‍ അക്ഷരോത്സവത്തിന്റെ ചെലവില്‍ കൊളോണിയയുടെ ഗിര്‍വാണം. അതായിരുന്നു ആ സെഷന്‍. പിറ്റേന്നത്തെ പത്രത്തിന്റെ ആക്ഷരോത്സവ നഗരപ്പതിപ്പിലും പത്രത്തിനുള്ളില്‍ അക്ഷരോത്സവത്തിനായി നീക്കിവച്ച് പ്രത്യേക പേജിലും ഭൂതക്കണ്ണാടി വച്ചു പരിശോധിച്ചിട്ടും ഷണ്‍മുഖസാറിന്റെ ഒരു ചിത്രമല്ലാതെ ഈ ചര്‍ച്ചയെക്കുറിച്ചുള്ള ഒരു സിംഗിള്‍ കോളം വാര്‍ത്തപോലും കാണാനായതുമില്ല. അപ്പോള്‍ അവഗണന സിനിമയോടാണോ?
ഇനിയുള്ളത് വായനക്കാരനെന്നനിലയ്ക്കുള്ള ഒരഭിപ്രായമാണ്. മലയാളത്തില്‍ ഒരു ഷെര്‍ലക് ഹോംസ് ഉണ്ടാവാത്തതെന്ത് എന്ന ചര്‍ച്ച സജീവമായത് വിഷയമവതരിപ്പിച്ച ഡോ. പി.കെ.രാജശേഖരന്റെ വസ്തുനിഷ്ഠവും പ്രോജ്വലവുമായ ആമുഖവും ഇടപെടലും കൊണ്ടും ജി.ആര്‍.ഇന്ദുഗോപന്റെയും സി.വി.ബാലകൃഷ്ണന്റെയും ചില കാമ്പുള്ള നിരീക്ഷണങ്ങള്‍കൊണ്ടുമാണ്. ഒരു വിഷയത്തില്‍ ഒരാള്‍ അന്യനാവുന്നതെങ്ങനെ എന്നതിന്റെ പ്രത്യക്ഷീകരണമായിട്ടാണ് ഈ ചര്‍ച്ചയിലെ സുഭാഷ്ചന്ദ്രന്റെ പങ്കാളിത്തവും അഭിപ്രായപ്രകടനവും അനുഭവപ്പെട്ടത്. സിവിയും മറ്റും നിരൂപകര്‍ അപസര്‍പ്പകസാഹിത്യത്തെ മുഖ്യധാരാസാഹിത്യമായി പരിഗണിക്കാത്തതിനെയും രാജശേഖരനും ഇന്ദുഗോപനും സുഭാഷും സാഹിത്യകാരന്മാര്‍ ആഴത്തില്‍ ജ്ഞാനസമ്പാദനം നടത്തി ഗൗരവമായി ഡിറ്റക്ടീവ് സാഹിത്യമെഴുതാത്തിനെയുമൊക്കെ കുറ്റപ്പെടുത്തിയെങ്കിലും ഒരാള്‍പോലും അങ്ങനൊരു ഉത്തമ ഡിറ്റക്ടീവ് സാഹിത്യവും കൊണ്ടു ചെന്നാല്‍ ഇന്ന് ഏതു പ്രസാധകര്‍/പ്രസിദ്ധീകരണം അതു പ്രകാശനം ചെയ്യുമെന്നു മാത്രം ചിന്തിച്ചു കണ്ടില്ല. മാതൃഭൂമി ബുക്‌സ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ പുറത്തിറക്കിയ എണ്ണമറ്റ  ടൈറ്റിലുകളില്‍ എത്ര അപസര്‍പ്പക ഗ്രന്ഥങ്ങളുണ്ടായിരുന്നു എന്നു പരിശോധിച്ചാല്‍ തെളിയുന്നതാണിത്. അതുപോലെ ഈ ചര്‍ച്ചയില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടിയിരുന്നു എന്നു വ്യക്തിനിഷ്ഠമായി ഞാന്‍ കരുതുന്നത് പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എഴുതിയ ടി.പി.രാജീവനാണ്.അദ്ദേഹത്തിനുപറയാന്‍ കഴിയുമായിരുന്നു നല്ലൊരു അപസര്‍പ്പകനോവലെഴുതിയാല്‍ അത് എത്രമാത്രം സന്തോഷത്തോടെ വായനക്കാര്‍ സ്വീകരിക്കുമെന്ന്!

Sunday, February 04, 2018

ജൂഡ് ഉയര്‍ത്തുന്ന രസനകള്‍

ഒരു മരണത്തോട് നാം എന്നെന്നും കടപ്പെട്ടിരിക്കുന്നുവെന്നും മരണത്തെ മാറ്റിനിര്‍ത്തി കഥയെഴുതുന്നയാള്‍ കാഥികനല്ലെന്നും എഴുതിയത് ഏണസ്റ്റ് ഹെമിങ് വേയാണ്.
മലയാള സിനിമയില്‍ ഞെട്ടിപ്പിച്ച ചില മരണരംഗങ്ങളുണ്ട്. അതൊന്നും വലിയ ട്രാജിക്ക് എപ്പിക്കുകളിലല്ല.മറിച്ച് ചില ചെറിയ കുഞ്ഞുസിനിമകളിലാണ്. ബാലചന്ദ്രമേനോന്റെ കാര്യം നിസ്സാരത്തിലെ കെ.പി.ഉമ്മറിന്റെ മരണമാണ് അതിലൊന്ന്.പിന്നൊന്ന്, വേണു നാഗവള്ളിയുടെ സുഖമോദേവിയിലെ മോഹന്‍ലാലിന്റെ മരണമാണ്. അത് ഓര്‍ക്കാന്‍ കാരണം കെ.പി.എ.സി.സണ്ണി എന്ന അതുല്യ പ്രതിഭയുടെ നിമിഷങ്ങള്‍ മാത്രം നീളുന്ന പ്രകടനം കൊണ്ടാണ്. വിടപറയുംമുമ്പേയിലെ സേവ്യറിന്റെ മരണത്തേക്കാള്‍ നമ്മെ പിടിച്ചുലയ്ക്കുന്ന അപ്രതീക്ഷിതവും യാഥാര്‍ത്ഥ്യവുമായ മരണങ്ങളാണവ. അതിനു സമാനമായൊരു മരണമാണ് ശ്യാമപ്രസാദിന്റെ ഹേ ജൂഡിലെ നിർണായകമായ ഒരു മരണ രംഗവും. അതങ്ങനെയായിത്തീരാനുള്ള കാരണമാണെങ്കിലോ അനിതരസാധാരണമായ അഭിനയശേഷിയുള്ള ഒരു നടന്റെയും ഭാവനാസമ്പന്നനായൊരു സംവിധായകന്റെയും പ്രതിഭകള്‍ ഒന്നുചേര്‍ന്നതുകൊണ്ടാണുതാനും.തീര്‍ച്ചയായും അതൊരു നടന്റെയും നടനെ പരമാവധി ഉപയോഗിക്കാനറിയാവുന്ന ഒരു സംവിധായകന്റെയും വിജയമാണ്.
മലയാളത്തിലെ നവഭാവുകത്വസിനിമയുടെ ദൃശ്യഭാഷയുടെ ഛന്ദസും ചമത്കാരവും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശ്യാമപ്രസാദിന്റെ പുതിയ ചിത്രം തീര്‍ച്ചയായും നവഭാവുകത്വസിനിമകളുടെ പൊതു ധാരയില്‍ ഇതിനോടകം പലകുറി പലതരത്തില്‍ നിവര്‍ത്തിക്കപ്പെട്ട ഒരു കഥാവസ്തുവിനെത്തന്നെയാണ് ഇതിവൃത്തമാക്കുന്നത്. എന്നാല്‍ അതുകൊണ്ട് ഈ സിനിമ മോശപ്പെട്ടതാവുന്നില്ല.ഇകഴ്ത്തപ്പെടേണ്ടതുമല്ല. അസാമാന്യ സാങ്കേതിവോടെ ചിത്രീകരിക്കപ്പെട്ട ഇവിടെ പോലുളള മുന്‍കാലചിത്രങ്ങളില്‍ കൈ പതറിയ മാധ്യമബോധ്യമുളള സംവിധായകന്റെ തിരിച്ചുവരവായിട്ടാണ് ഹേ ജൂഡ് ആഘോഷിക്കപ്പെടേണ്ടത്, അടയാളപ്പെടുത്തപ്പെടേണ്ടതും. പ്രേക്ഷകന്റെ ഭാവുകത്വപരിണാമത്തെ തിരിച്ചറിയുന്നതില്‍ അകം പതറിയ സംവിധായകനെയാണ് ഇവിടെയില്‍ കണ്ടതെങ്കില്‍, പ്രേക്ഷകന്റെ മനസിലേക്കു സംവദിക്കുന്ന ചലച്ചിത്രകാരനെയാണ് ഹേ ജൂഡില്‍ കാണാനാവുക. അതുകൊണ്ടുതന്നെയാണ് ഹേ ജൂഡ് നല്ല സിനിമയാവുന്നതും. മലയാള സിനിമാചരിത്രത്തിന്റെ പേരേടില്‍ സൂക്ഷിക്കേണ്ട സിനിമയൊന്നുമല്ല ഹേ ജൂഡ്. പക്ഷേ തീര്‍ച്ചയായും അതു മനം മടുപ്പില്ലാതെ പ്രേക്ഷകനു കണ്ടിരിക്കാവുന്ന, കണ്ടുതീര്‍ക്കാവുന്ന ഒന്നുതന്നെയാണെന്നു നിശ്ചയം.ഹേ ജൂഡ് ബാക്കിയാക്കുന്നത് നിരാശകളല്ലെന്നത് അതിനേക്കാള്‍ നിശ്ചയം.