Sunday, December 04, 2016

അഭ്രകാമനകളുടെ ദൃശ്യകലാപങ്ങള്‍


article appeared in Kalapoornna Film Special 2016

സംവിധായകന്‍ ടിവി ചന്ദ്രന്റെ സിനിമാജീവതത്തെക്കുറിച്ച്

എ.ചന്ദ്രശേഖര്‍


സാമ്പ്രദായിക സിനിമാശീലങ്ങളെ നിഷേധിച്ച്, ദൃശ്യപരിചരണത്തില്‍ നിരന്തരം നവംനവങ്ങളായ പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്ന ചലച്ചിത്രകാരനാണ് ടിവി ചന്ദ്രന്‍. അദ്ദേഹത്തിന് സിനിമ ആത്മാവിഷ്‌കാര മാധ്യമമാണ്. കര്‍തൃത്വത്തിലൂന്നി നിന്നുള്ള ദൃശ്യകലാപങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകള്‍. അവ ഒരേ സമയം വൈകാരികവും ദാര്‍ശനികവുമായ ജീവിതസമസ്യകളെ ഉള്ളിലാവഹിക്കുകയും, ഘടനാപരമായ പുതിയ കാഴ്ചകളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. തിരച്ഛീനവും ലംബവുമായ ആഖ്യാനശൈലിയെ വെല്ലുവിളിച്ചുകൊണ്ട് അടരുകളേറെയുള്ള ബഹുതല കഥാനിര്‍വഹണശൈലി ആവിഷ്‌കരിച്ചുകൊണ്ടും അസാധാരണധൈര്യത്തോടെ സാമൂഹികവിഷയങ്ങളെ പ്രമേയമാക്കിക്കൊണ്ടുമാണ് ടി.വി.ചന്ദ്രന്‍ ഇതു സാധ്യമാക്കിയത്.
എഴുപതുകളില്‍ മലയാളത്തിലുണ്ടായ സാംസ്‌കാരികനവോത്ഥാനത്തിന്റെ ഭാഗമായി മലയാളസിനിമയിലുടലെടുത്ത പ്രതിബദ്ധ ചലച്ചിത്രപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ടിവി ചന്ദ്രന്റെ കടന്നുവരവ്. രാഷ്ട്രീയ അരാജകത്വവും വ്യക്തിയുടെ അന്യവല്‍ക്കരണവുമെല്ലാം ബാധിച്ചൊരു തലമുറയുടെ പ്രതികരണത്തിന്റെ സര്‍ഗാത്മക പ്രിതഷേധത്തിന്റെ ജിഹ്വകളായിത്തീര്‍ന്ന കലാസാംസ്‌കാരിക മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു സിനിമയിലെ ഈ നവതരംഗം. മാറുന്ന സാമൂഹികവ്യവസ്ഥയില്‍ വ്യക്തിയും സമൂഹവും തമ്മിലുള്ള പുതിയ സംഘര്‍ഷങ്ങളില്‍ അന്യവല്‍ക്കരിക്കപ്പെട്ട യുവത്വത്തിന്റെ നിഷേധാത്മകവിദ്വേഷം മുഴുവന്‍ ഏറ്റുവാങ്ങിയ/ പ്രതിഫലിച്ച കാലഘട്ടത്തില്‍, സൗകര്യപൂര്‍വം ജീവിക്കാനുള്ള എല്ലാ ഭൗതികാവസ്ഥകളുമുണ്ടായിട്ടും,റിസര്‍വ് ബാങ്കിലെ ആ സുരക്ഷിതത്വത്തെയെല്ലാം തൃണവല്‍ക്കരിച്ചുകൊണ്ടാണ് ചന്ദ്രനടക്കമുള്ളവര്‍ സിനിമയിലെത്തുന്നത്.
സൗഹൃദക്കൂട്ടായ്മയില്‍ ബക്കറും പവിത്രനുമൊക്കെച്ചേര്‍ന്നൊരുക്കിയ കബനീനദി ചുവന്നപ്പോള്‍ എന്ന വിവാദചിത്രത്തിലൂടെ 1975ലെ പ്രക്ഷുബ്ധക്കാലത്ത് നടനായിട്ടാണ് ചന്ദ്രന്റെ ഉദയം. പിന്നീട് സിനിമയുടെ ആത്മാവു കണ്ടെത്തിക്കൊണ്ടുള്ള ആ സര്‍ഗയാത്രയില്‍ അദ്ദേഹം രചയിതാവും സംവിധായകനുമായി. കേരളസമൂഹത്തെ അദ്ദേഹത്തിന്റെ സിനിമകള്‍ പലതും ഓര്‍മ്മപ്പെടുത്തി; വിശേഷിച്ചും ചരിത്രബോധമുള്ളൊരു സംവിധായകന്റെ സിനിമകളെന്ന നിലയ്ക്ക് അവ ചരിത്രത്തിനു നേരെ പിടിച്ച കണ്ണാടിയായി. മറ്റൊരു തലത്തില്‍ അവ മലയാളിയുടെ കപടസദാചാരത്തെ നോക്കി കൊഞ്ഞനം കുത്തി. വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പുതിയ പ്രഹേളികകള്‍ മുന്നോട്ടുവച്ചു. സമൂഹത്തിന്റെ രാഷ്ട്രീയനപുംസകത്വത്തിനു നേരെ ധാര്‍മികരോഷമുയര്‍ത്തി. ദൃശ്യമാധ്യമത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നാലു പതിറ്റാണ്ടിനിടെ അദ്ദേഹം നിര്‍മിച്ച പതിനാറോളം കഥാസിനിമകളിലൂടെ, വ്യക്തിയെന്ന നിലയില്‍ സമൂഹവുമായി നിരന്തരം കലഹിക്കുകയും കലപിക്കുകയുമാണ് ചന്ദ്രന്‍ ചെയ്തത്. അതുകൊണ്ടുതന്നെ 88 വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രഗതിയില്‍ ടിവി ചന്ദ്രന്റേത് അനിഷേധ്യസ്ഥാനം തന്നെയായി മാറി, അദ്ദേഹത്തിന്റെ സിനിമകളാവട്ടെ സുവര്‍ണദലങ്ങളും.

സ്ത്രീപക്ഷ സിനിമകളുടെ അപ്പോസ്തലന്‍
താനെടുക്കുന്നത് സാമൂഹിക സിനിമകളാണെന്നും അതു ഫെമിനിസ്റ്റ് സിനിമകളല്ലെന്നും ടിവി ചന്ദ്രന്‍ പറഞ്ഞിട്ടുണ്ടെങ്കിലും മലയാളത്തിലെ ഏറ്റവും ശക്തമായ സ്ത്രീപക്ഷ സിനിമകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ അഞ്ചെണ്ണമെങ്കിലും ചന്ദ്രന്റേതായിരിക്കും, തീര്‍ച്ച. ഹേമാവിന്‍ കാതലര്‍കള്‍ (തമിഴ്, 1979), ആലീസിന്റെ അന്വേഷണം(89),മങ്കമ്മ (97),സൂസന്ന(2000), പാഠം ഒന്ന് ഒരു വിലാപം (2003), വിലാപങ്ങള്‍ക്കപ്പുറം (2008), മോഹവലയം (2016) തുടങ്ങിയവയൊക്കെയും അതിലെ അതിശ്കതരായ നായികാസാന്നിദ്ധ്യത്തിന്റെ പേരില്‍ കൂടി ശ്രദ്ധിക്കപ്പെട്ടവയത്രേ.
നടപ്പു സാമൂഹിക വ്യവസ്ഥകളെ കാലാകാലം നിരാകരിക്കുകയും ഒരു പരിധിയിലേറെ ചോദ്യം ചെയ്യുകയും ചെയ്തതാണ് ചന്ദ്രന്‍ സിനിമകളുടെ പ്രസക്തി. കുടുംബം അനിവാര്യമായും അതിന്റെ രാഷ്ട്രീയ വിവക്ഷകളില്‍ പ്രതിലോമകരമാണെന്നും തങ്ങള്‍ ശരീരം കൊണ്ടും ജീവിതം കൊണ്ടും എന്തു ചെയ്യണമെന്നു സ്ത്രീകള്‍ തന്നെയാണെന്നുമുള്ള റാഡിക്കല്‍ ആശയം സ്വാശീകരിച്ച ഇതിവൃത്തമാണ് ഹേമാവിന്‍ കാതലര്‍കളുടെ തന്റേടമെന്ന് രവീന്ദ്രന്‍ ആ സിനിമയെ വിലയിരുത്തിക്കൊണ്ട് എഴുതി.തമിഴ് സിനിമയുടെ വ്യവസ്ഥാപിതശീലങ്ങളെ പ്രമേയത്തിലുപരി അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലൂടെയും വെല്ലുവിളിച്ച് അന്ന് മാദകവേഷങ്ങളില്‍ തിളങ്ങി നിന്ന അനുരാധയെയാണ് അദ്ദേഹം ഹേമയാക്കിയത്.
കണ്ണകിയെപ്പോലെ, സ്ത്രീശക്തിയെക്കുറിച്ചുള്ള ദ്രാവിഡ സങ്കല്‍പം വിളിച്ചുണര്‍ത്തുന്ന പ്രാക്തനരൂപമായിട്ടാണ് ചന്ദ്രന്റെ മങ്കമ്മ എന്ന കഥാപാത്രത്തെ നിരൂപകന്‍ ഒ.കെ.ജോണി വിശേഷിപ്പിച്ചത്. ഇന്ത്യാചരിത്രത്തിലെ രണ്ടു സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സാമൂഹികജീവിതത്തില്‍ സംഭവിച്ച പരുക്കുകളുടെയും ദുരന്തങ്ങളുടെയും നേര്‍ക്കാഴ്ചയായിരുന്നു മങ്കമ്മ. വ്യക്തിയില്‍ ഊന്നിനിന്നുകൊണ്ടുള്ള കഥാനിര്‍വഹണത്തില്‍ വിശാലമായ ചരിത്രം ഇതളഴിക്കുന്ന ടി.വി.ചന്ദ്രന്റെ ദൃശ്യപരിചരണസവിശേഷത വ്യക്തമായ സിനിമ കൂടിയാണത്.
ഫെമിനിസത്തിന്റെ പരിമിതികളെ അതിലംഘിക്കുന്ന സിനിമയായിട്ടാണ് ടി.വി.ചന്ദ്രന്റെ സൂസന്നയെ വിശേഷിപ്പിക്കാനാവുക. കാരണം, സ്ത്രീസ്വാതന്ത്ര്യത്തിന്റെ വ്യവസ്ഥാപിതാര്‍ത്ഥത്തിലുള്ള വിശകലനമോ വിലയിരുത്തലോ ആയിട്ടില്ല ഈ സിനിമ. മറിച്ച്, നരവംശത്തോളം പഴക്കമുള്ള സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സന്ദിഗ്ധതകളെയും വൈചിത്ര്യങ്ങളെയും നിര്‍വചനാതീതമായ ഗഹനതയേയുമാണ് സൂസന്ന കാണിച്ചു തന്നത്. സമൂഹത്തിന്റെ കാപട്യത്തെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം തുറന്നുകാട്ടി എന്നതായിരുന്നു ആ സിനിമയുടെ പ്രസക്തി.ഒരു പക്ഷേ, ഒന്നിടവില്ലാതെ തന്റെ എല്ലാ സിനിമകളിലും ചന്ദ്രന്‍ സ്വീകരിച്ചു പോന്ന നിശ്ചയദാര്‍ഡ്യത്തിലൂന്നിയ മാധ്യമസമീപനത്തിന്റെ ദൃഷ്ടാന്തം തന്നെയാണിത്.
കേരളീയ സമൂഹത്തിലെ കൃത്യവും വ്യക്തവുമാര്‍ന്ന സാമുദായിക, പ്രാദേശിക പ്രതിനിധാനത്തിലൂുന്നിയുളള സ്ത്രീവിരുദ്ധതയെയാണ് മലപ്പുറത്തെ അറബിക്കല്യാണത്തിനിരയായ ഷാഹിനയിലൂടെ (മീര ജാസ്മിന്‍) പാഠം ഒന്ന് ഒരു വിലാപത്തില്‍ അദ്ദേഹം വരഞ്ഞിട്ടതെങ്കില്‍, ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാഷിസ്റ്റ് കലാപത്തിന്റെ ദുരവസ്ഥയെയാണ് ഇരയായ നായികയുടെ ജീവിതപ്പോരാട്ടമായി വിലാപങ്ങള്‍ക്കപ്പുറത്തില്‍ ചന്ദ്രന്‍ ആവിഷ്‌കരിച്ചത്. നിര്‍മിക്കപ്പെട്ടനായികമാരെയല്ല, നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നായികമാരെയാണ് ടിവിചന്ദ്രന്‍ അവതരിപ്പിച്ചത് എന്നു കെ. ഗോപിനാഥന്‍ നിരീക്ഷിച്ചിട്ടുണ്ട്. അടച്ചുകെട്ടിയ ഇടങ്ങളെ ഭേദിച്ചു പുറത്തുകടക്കാന്‍ ശ്രമിക്കുന്നവരാണ് ഈ സ്ത്രീകളെല്ലാം. കയറിച്ചെല്ലാനുള്ളത് എന്നതിനേക്കാള്‍ ഇറങ്ങിപ്പോകാനുള്ള ഇടങ്ങളാണു വീടുകള്‍ എന്ന തോന്നലാണ് ചന്ദ്രന്റെ സിനിമകളുണ്ടാക്കുന്നത്. ഹേമാവിന്‍ കാതലര്‍കള്‍ മുതല്‍ ഭൂമിമലയാളം വരെയുള്ള സിനിമകളിലെ നായികമാരെല്ലാം വീടുപേക്ഷിച്ചവരാണെന്ന ഗോപിനാഥന്റെ നിരീക്ഷണം ഏറ്റവുമൊടുവില്‍ മോഹവലയത്തിലെ മൈഥിലിയുടെ ബാര്‍ ഡാന്‍സര്‍ വരെയും സാധുവാണെന്നു കാണാം.

സമയകാലങ്ങളുടെ മാന്ത്രികന്‍
ബക്കറിന്റെ കബനീനദി ചുവന്നപ്പോളില്‍(1975) നടനായി തുടങ്ങിയ പ്രതിബദ്ധത ചലച്ചിത്രകാരനെന്ന നിലയ്ക്ക് വ്യക്തിപരമായ അരാജകങ്ങള്‍ക്കെല്ലാമപ്പുറം ചിട്ടയൊത്ത നിലപാടുകളിലേക്കും രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകളിലേക്കും നയിച്ച സര്‍ഗാത്മക ജീവിതമാണ് ടിവി ചന്ദ്രന്റേത്. എന്നാല്‍ കലാകാരനെന്ന നിലയ്ക്കുള്ള ഈ പ്രതിബദ്ധതയ്‌ക്കെല്ലാമുപരി, മാധ്യമപരമായ പരീക്ഷണങ്ങള്‍ക്കു ധൈര്യവും പ്രതിഭയും വിനിയോഗിച്ചതിന്റെ പേരിലായിരിക്കും ടി.വി.ചന്ദ്രന്‍ എന്ന ചലച്ചിത്രകാരന്‍ സിനിമാചരിത്രത്തില്‍ മുന്‍നിരയിലിടം പിടിക്കുക. അത്രയൊന്നും സാങ്കേതികനിറവോ പൂര്‍ത്തിയോ അവകാശപ്പെടാനില്ലാത്ത കൃഷ്ണന്‍കുട്ടിയ്ക്കും ഹേമാവിന്‍ കാതലര്‍കളിനും ശേഷം അദ്ദേഹം സംവിധാനം ചെയ്ത ഓരോ സിനിമയും സിനിമയെന്ന മാധ്യമത്തിന്റെ ആവിഷ്‌കാരസവിശേഷതകളുടെ സമ്പൂര്‍ണാര്‍ത്ഥത്തില്‍ത്തന്നെയുള്ള പൂര്‍ത്തീകരണങ്ങളായി കണക്കാക്കേണ്ടതുണ്ട്. പൊന്തന്‍മാടയെന്ന സിനിമയോടെ, സങ്കരമാധ്യമെന്ന നിലയ്ക്ക് സിനിമയെന്ന അതിമാധ്യമത്തിന്റെ സാങ്കേതിക വെല്ലുവിളികളെ അനായാസകൈത്തഴക്കത്തോടെയാണ് ചന്ദ്രന്‍ എന്ന സംവിധായകന്‍ വഴക്കിയെടുക്കുന്നത്. അക്കാദമികശിക്ഷണങ്ങളുടെ പിന്‍ബലമില്ലാതെയാണിതെന്നോര്‍ക്കണം.
സ്ഥലകാലങ്ങളെ പരസ്പരം ഇഴപിരിച്ചുകൊണ്ടുള്ള ടി.വി.ചിന്ദ്രന്റെ ദൃശ്യപരീക്ഷണം, കാഴ്ചത്തലങ്ങള്‍ക്കു നല്‍കിയ നവീനത വാക്കുകള്‍ക്കതീതമാണ്. പൊന്തന്‍മാട(1993)യില്‍ മൂന്നു വ്യത്യസ്തകാലങ്ങളെ ഒന്നിച്ചു കൊണ്ടുവരുന്ന ഒരപൂര്‍വ രംഗസംഘാതമുണ്ട്. ഉണ്ട്.
1.കവുങ്ങിലിരുന്ന് ഏന്തി നോക്കുന്ന മാട. മാടയുടെ ദൃഷ്ടിയില്‍ തമ്പുരാന്റെ മുഖവും ആല്‍ബത്തിന്റെ പുറംചട്ടയും മാ്രതം. തമ്പുരാന്റെ മുഖത്തു വിഷാദം. ആല്‍ബത്തിലെ ചിത്രങ്ങള്‍ തടവിക്കൊണ്ടിരിക്കുകയാണയാള്‍. കവുങ്ങിന്മേലിരിക്കുന്ന മാട. പെട്ടെന്നു തമ്പുരാന്റെ മുറിയിലെ പാട്ടു നിലയ്ക്കുന്നു.
2.കവുങ്ങിലിരിക്കുന്ന മാട. മാടയുടെ മുഖത്തു വലിയ തോതില്‍ പ്രകാശം പരക്കുന്നു. മുറിയില്‍ നിന്ന് ഉച്ചത്തില്‍ ധൃതഗതിയിലുള്ള സംഗീതം. തമ്പുരാന്റെ മുറി നിറയെ മെഴുകുതിരികള്‍. റെക്കോഡില്‍ നിന്നുയരുന്ന സംഗീതത്തിന്റെ ചുവടുപിടിച്ചു ഫുള്‍സ്യൂട്ടണിഞ്ഞ തമ്പുരാന്‍ അദൃശ്യയായ പാര്‍ട്ട്ണറോടൊപ്പം നൃത്തം ചെയ്യുന്നു.
3.വെളിയില്‍ കവുങ്ങിലിരിക്കുന്ന മാടയുടെ മുഖത്തു മെഴുകുതിരികളുടെ പ്രകാശം. വെളിയില്‍നിന്നുള്ള വീടിന്റെ ദൃശ്യം. പ്രകാശവും സംഗീതവും. മുറിയില്‍ കറങ്ങിക്കറങ്ങി നൃത്തം ചെയ്യുന്ന തമ്പുരാന്‍. കൈകള്‍ ആരെയോ പിടിച്ചതുപോലെ നീട്ടിയിരിക്കുന്നു. തമ്പുരാന്റെ മുറിയുടെ വെളിയില്‍ അടച്ചിട്ട കതകിനരികില്‍ പെങ്ങളും കുട്ടികളും. മുറിയില്‍ നിന്നു വരുന്ന വെളിച്ചവും സംഗീതവും. പെണ്‍കുട്ടികള്‍ ചിരിയടക്കാന്‍ പാടുപെടുന്നു....
ഇവിടെ, മാട തമ്പുരാനെ കാണുന്നത് ഒരു കാലമാണ്. തമ്പുരാനോ, സ്വപ്‌നകാലത്തും. ഇതു രണ്ടും കാണുന്ന നമ്മള്‍ മറ്റൊരു കാലത്താണ്.
സൂസന്നയില്‍ ഒരു സീന്‍ സൃഷ്ടിച്ച് അതു പൂര്‍ണമാകുംമുമ്പു മറ്റു ചില സീനുകളിലേക്കുപോയി തിരിച്ചു വീണ്ടുംവന്ന് അപൂര്‍ണമായ ആദ്യത്തെ സീനിന്റെ ദൃശ്യപരമായ പൂര്‍ണത സൂഷ്ടിക്കുന്ന മൗലികമായ ദൃശ്യപരിചരണത്തെപ്പറ്റി ഇ.വി. ശ്രീധരന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇങ്ങനെ അപൂര്‍ണാവസ്ഥയില്‍ രംഗത്തിടപെട്ടു മറ്റു ചിലതൊക്കെ പരിശോധിച്ചു വീണ്ടും ആ രംഗം പൂര്‍ത്തീകരിക്കുന്ന രീതി മലയാളത്തില്‍ മറ്റാരും പരീക്ഷിക്കാത്തതാണെന്നാണു ശ്രീധരന്റെ നിരീക്ഷണം.
സൂസന്നയുടെ അടുത്തു അഞ്ചുപുരുഷന്മാരും തങ്ങളുടെ സങ്കടങ്ങള്‍ പറയാറുണ്ട്. സൂസന്ന അവരില്‍ സാന്ത്വനമായി നിറയാറുമുണ്ട്. അഞ്ചു വയസ്സന്മാരും പലപ്പോഴായി അവരവരുടെ കുടുംബപ്രശ്‌നങ്ങളും വേദനകളും സൂസന്നയോടു പറയുന്നത് ഇത്തരമൊരു ശൈലിയിലാണവതരിപ്പിച്ചത്. സൂസന്നയില്ലാത്ത ദൃശ്യങ്ങളിലൂടെ കടന്നുപോയി വീണ്ടും സൂസന്നയുടെ ദൃശ്യങ്ങളിലെത്തി വൈന്‍ഡ് അപ്പ് ചെയ്യുന്നു. അതുവഴി അവരഞ്ചുപേരുടെയും ജീവിതം അവളിലാണു പൂര്‍ത്തിയാവുന്നതെന്നു ധ്വനിപ്പിക്കുന്നു. ചടുലമായോ, ആലോചനപോലെയോ ചിന്തയുടെ കൂടുവിട്ടുകൂടുമാറല്‍ പോലെയോ ആണു സൂസന്നയുടെ ഓര്‍മ്മകളെയും പേടിസ്വപ്‌നങ്ങളേയും വര്‍ത്തമാനയാഥാര്‍ഥ്യങ്ങളെയും കൂട്ടികലര്‍ത്തി, ശൈലീവല്‍കൃതമായി ചന്ദ്രന്‍ പരിചരിച്ചിട്ടുള്ളതെന്ന് ജി.പി. രാമചന്ദ്രനും വിലയിരുത്തുന്നു.  ചരിത്രസംഭവവും വര്‍ഷവും മറ്റും അടയാളപ്പെടുത്തുക എന്ന രീതി ഈ ചിത്രത്തിലും സ്വീകരിക്കുന്നുണ്ട്. കൃഷ്ണന്‍കുട്ടി, മങ്കമ്മ, ഓര്‍മകളുണ്ടായിരിക്കണം (1995), കഥാവശേഷന്‍, ഭൂമിമലയാളം (2008) തുടങ്ങിയ സിനിമകളിലൊക്കെ ചരിത്രം കൊണ്ടുള്ള ഈ അടയാളപ്പെടുത്തലുകള്‍ ചന്ദ്രന്റെ സിനിമകളില്‍ പ്രകടമാണ്.
നിലവിലുള്ള ആവിഷ്‌കാരസങ്കേതങ്ങളിലൂടെ കാലത്തിന്റെ വിഭ്രമാത്മകതലങ്ങള്‍ തേടിയ ചന്ദ്രന്റെ സര്‍ഗാത്മക ഇന്ദ്രജാലത്തിന്റെ മറ്റൊരുദാഹരണമായിരുന്നു ഡാനി (2001). മൂന്നാമതൊരാളുടെയോ, അഭാവവ്യക്തിത്വത്തിന്റെയോ കാഴ്ചപ്പാടിലൂടെയുള്ള ബോധധാരാ കഥാകഥനങ്ങളാണു സാധാരണമെങ്കിലും കഥാനായകന്‍ നേരിട്ടു കഥപറയുന്ന രീതി സിനിമയില്‍ പുതുമയല്ല. ഡാനിയിലും കഥാപാത്രം സര്‍വനാമത്തില്‍ കഥ പറയുകയാണ്. ഒറ്റനോട്ടത്തില്‍ ലളിതമായ ആഖ്യാനസമ്പ്രദായം. പക്ഷേ കഥ പറയുന്ന നായകന്‍ കഥാവശിഷ്ടനാണെന്നതാണ് അതിനെ സവിശേഷമാക്കുന്നത്. മരിച്ചയാള്‍ കഥപറയുന്ന ആഖ്യാനത്തിന്റെ വര്‍ത്തമാനം കഥാപുരുഷന്റെ ജീവിതശേഷവും കഥാകാലം സമീപഭൂതവുമാവുന്നു. കഥാവശേഷന്‍ (2004),ആടുംകൂത്ത് (2005, തമിഴ്), വിലാപങ്ങള്‍ക്കപ്പുറം തുടങ്ങിയ സിനിമകളില്‍ സിനിമയുടെ ഈ മായിക സവിശേഷതയുടെ വേറിട്ട വിനിയോഗങ്ങള്‍ തുടര്‍ന്നും നാം കണ്ടു.മലയാളസിനിമയില്‍, സ്ഥലകാലങ്ങളെ അതിസങ്കീര്‍ണമായി കൈകാര്യം ചെയ്തു ചരിത്രത്തില്‍ ഇടം നേടിയ സിനിമയാണിവ. തത്സമയത്തെയും ഉള്‍സമയത്തെയും (സൈക്കോളജിക്കല്‍ സമയം) പരസ്പരം ഇടകലര്‍ത്തിക്കൊണ്ട് അവാച്യമായ ദൃശ്യാനുഭൂതിയാണ് ടി.വി.ചന്ദ്രന്‍ ഈ സിനിമകളില്‍ സമ്മാനിച്ചത്.
കൈരളി ടിവിക്കു വേണ്ടി ഒരുക്കിയ വരും വരായ്കകള്‍ എന്ന ഹ്രസ്വരൂപകത്തില്‍ അസാമാന്യ കൈയടക്കത്തോടെ ടി.വി.ചന്ദ്രന്‍ ഉപയോഗിച്ച ഫ്‌ളാഷ്‌ഫോര്‍വേഡ് സങ്കേതംകൂടി പരാമര്‍ശിക്കാതെ വയ്യ. ഇടതുപക്ഷസഹയാത്രികനായ അരവിന്ദന്‍ എന്ന സാധാരണക്കാരനാണു നായകന്‍. ബുദ്ധിജീവിച്ചങ്ങാതികളുമായുള്ള സദിരുകളില്‍ തന്റെയും അവരുടെയും ഭാവിയിലേക്കു മനക്കണ്ണു പായിക്കുകയാണയാള്‍. അസ്വസ്ഥപ്പെടുത്തുന്ന പരിവര്‍ത്തനങ്ങളാണ് അവരിലോരോരുത്തരിലും അയാള്‍ കണ്ടെത്തുന്നത്. പാവത്താനായ താന്‍ പീഢകനായി, കൊലപാതകിയായി ജയിലില്‍ പോകുന്നതുവരെ അയാള്‍ ഞെട്ടലോടെ തിരിച്ചറിയുന്നു. സുഹൃത്തുക്കളുടെ ഓരോരുത്തരുടെയും മാറ്റം, ടെലിവിഷന്റെ സവിശേഷതയായ സ്പ്ലിറ്റ് സ്‌ക്രീന്‍ (സ്‌ക്രീനിനെ രണ്ടും അതിലേറെയും പകുത്ത് ഒന്നിലേറെ ദൃശ്യങ്ങള്‍ ഒരേസമയം കാണിക്കുന്ന രീതി) സങ്കേതത്തിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഷേക്‌സ്പീയര്‍ നാടകങ്ങളിലെ ആത്മഗതശൈലി. ഒടുവില്‍ ജയില്‍മോചിതനാവുന്ന അരവിന്ദനെ സ്വന്തം മകള്‍ അവളുടെ മകള്‍ക്കു പരിചയപ്പെടുത്തുന്നത് ''ഇതാ അമ്മയ്ക്കു പരിചയമുള്ള ഒരു അങ്കിള്‍', എന്നാണ്. കാലത്തിലൂടെയുള്ള ഈ മുന്‍ചാട്ടം വല്ലാത്തൊരു ദൃശ്യാനുഭൂതിയാണു പകര്‍ന്നു നല്‍കുന്നത്.

താരങ്ങളുടെ സംവിധായകന്‍
വ്യവസ്ഥാപിത നിര്‍മാണരീതികളെ ഉല്ലംഘിക്കുമ്പോഴും താരപരിവേഷത്തിന്റെ പേരില്‍ അനുഗ്രഹീതരായ കലാകാരന്മാരെയോ സാങ്കേതികവിദഗ്ധരെയോ മാറ്റിനിര്‍ത്തിയിട്ടില്ല ടി.വി.ചന്ദ്രന്‍. അദ്ദേഹത്തിന്റെ തലവര മാറ്റിക്കുറിച്ച് ദേശീയ രാജ്യാന്തരതലത്തില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ പൊന്തന്മാടയില്‍ മമ്മൂട്ടി എന്ന മുഖ്യധാരാ താരത്തെ നടനായി ജ്ഞാനസ്‌നാനം ചെയ്യിക്കുകയായിരുന്നു അദ്ദേഹം. പോരാത്തതിന് ഇന്ത്യ കണ്ട മികച്ച നടന്മാരിലൊരാളായ നസിറുദ്ദീന്‍ ഷായെ കൂടി ഉള്‍പ്പെടുത്തുകവഴി അഭിനയത്തില്‍ ഒരു അദൃശ്യമത്സരത്തിനു കൂടി അവസരവുമൊരുക്കി സംവിധായകന്‍. ചന്ദ്രന്റെ ഓര്‍മകളുണ്ടായിരിക്കണം,ഡാനി തുടങ്ങിയ സിനിമകളിലും മമ്മൂട്ടിയുടെ താരപരിവേഷമായിരുന്നില്ല അഭിനയശേഷിയായിരുന്നു വെല്ലുവിളിക്കപ്പെട്ടത്.
സുരേഷ് ഗോപി, ദിലീപ്, ജയസൂര്യ, സിദ്ദീഖ്, നെടുമുടി വേണു, ശ്രീനിവാസന്‍, ജോയ്മാത്യു,ശ്രീജയ, മീര ജാസ്മിന്‍, ജ്യോതിര്‍മയി, പ്രിയങ്ക നായര്‍, മൈഥിലി, നവ്യ നായര്‍ തുടങ്ങിയ താരങ്ങളൊക്കെയും ചന്ദ്രന്‍ സിനിമകളുടെ ഭാഗമായിട്ടുണ്ട്. അന്യഭാഷകളില്‍ നിന്നു പാണ്ഡ്യരാജന്‍, മല്ലിക സാറാഭായ് തുടങ്ങി പലരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമാന്തരസിനിമ ഹാസ്യനടന്മാരായി മാറ്റിനിര്‍ത്തിയിരുന്ന ഇന്ദ്രന്‍സ്, സലീംകുമാര്‍ കൊച്ചിന്‍ ഹനീഫ തുടങ്ങി പലര്‍ക്കും ചന്ദ്രന്‍ സിനിമകളില്‍ നിര്‍ണായകവും വേറിട്ടതുമായ നടനനിയോഗങ്ങളുണ്ടായി. എങ്കിലും ഇവയിലെല്ലാം പ്രധാനം, തെന്നിന്ത്യന്‍ സിനിമകളില്‍ വേറിട്ട പ്രതിച്ഛായയുറപ്പിച്ച നടി വാണി വിശ്വനാഥിന്റെ പരിവര്‍ത്തനമായിരുന്നു. സൂസന്ന, ഡാനി തുടങ്ങിയ ചിത്രങ്ങള്‍ വാണിയുടെ പുനര്‍ജന്മമായെങ്കില്‍ അതിന്റെ കാരണക്കാരന്‍ ടി.വി ചന്ദ്രന്‍ എന്ന സംവിധായകനാണ്. നടീനടന്മാരെ മാത്രമല്ല ഏറ്റവും മികച്ച സാങ്കേതികവിദഗ്ധരെയും ചന്ദ്രന്‍ തന്റെ സിനിമകളുടെ ഭാഗമാക്കാന്‍ ശ്രദ്ധിച്ചു. മധു അമ്പാട്ടും വേണുവും കെ.ജെ.ജയനും, ഐസക് തോമസ് കോട്ടുകാപ്പള്ളിയും പോലുള്ളവരായിരുന്നു ചന്ദ്രന്‍ സിനിമകളുടെ കരുത്ത്.
സിനിമാജീവിതത്തിലെ വഴിത്തിരിവുകളിലെങ്ങോ ടിവി ചന്ദ്രന്‍ നിര്‍മാതാവായി. അദ്ദേഹത്തിന്റെ മകന്‍ യാദവന്‍ സഹസംവിധായകനുമായി. കാലത്തിനൊത്ത് പ്രമേയത്തിലും സങ്കേതത്തിലും സ്വയം നവീകരിച്ചുകൊണ്ട് സര്‍ഗയാത്ര തുടരുമ്പോഴും ചന്ദ്രന്റെ ആത്മമുദ്ര ആ രചനകളിലെല്ലാമുണ്ട്. അടിസ്ഥാനമായി അത് സാമൂഹികപ്രശ്‌നങ്ങള്‍ക്കു നേരെയുള്ള പ്രതിബദ്ധനായ പൗരന്റെ കലാപങ്ങളാണ്, വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള കലഹങ്ങളും.

No comments: