Saturday, October 29, 2016

മലയാളസിനിമയുടെ ത്രികാലങ്ങള്‍

 90 വയസു പിന്നിടുന്ന മലയാളസിനിമയിലേക്ക് ഒരു ഫഌഷ്ബാക്ക്


എ.ചന്ദ്രശേഖര്‍
 

സ്വതന്ത്ര കേരളത്തെക്കാള്‍ മുപ്പതുവയസിനു മൂപ്പുണ്ട് മലയാളസിനിമയ്ക്ക്. ലോകസിനിമയെ അപേക്ഷിച്ച് 30 വയസിന് ഇളപ്പവും! ഇന്ത്യയില്‍ ചലിക്കുന്ന ചിത്രം ഉത്സവമൈതാനികളിലും മറ്റുമുള്ള വിസ്മയക്കാഴ്ചകളിലൊന്നായിരുന്ന കാലം മുതല്‍ കേരളക്കരയ്ക്ക് അത് പരിചിതമായിരുന്നെങ്കിലും 1928ല്‍ തലസ്ഥാനത്തിനു തെക്ക് അഗസ്തീശ്വരത്തുള്ള ദന്തവൈദ്യന്‍ ഡോ.ജെ.സി.ഡാനിയല്‍ എഴുതി നിര്‍മിച്ചു സംവിധാനം ചെയ്ത വിഗതകുമാരനില്‍ തുടങ്ങുന്നു മലയാള സിനിമയുടെ ചരിത്രം. മൂന്നു സുവര്‍ണകാലഘട്ടങ്ങളായി 90 വര്‍ഷത്തെ ആ ചരിത്രത്തെ വിലയിരുത്തിയാല്‍, ലോകസിനിമയില്‍/ സാംസ്‌കാരികഭൂപടത്തില്‍/മലയാളിയുടെ ജീവിതത്തില്‍ അതു നേടിയെടുത്ത സ്വാധീനം അടയാളപ്പെടുത്താനാവൂം.

ഒന്നാം കാലം
ഭാഷയുടെ കാര്യത്തിലെന്നപോലെ, സിനിമയുടെ കാര്യത്തിലും തമിഴ്-ഹിന്ദി കൃതികളോടാണ് മലയാളത്തിനു കടപ്പാട്. ആദ്യകാലങ്ങളില്‍ നമ്മുടെ സിനിമയും വേരൂന്നിയതും പടര്‍ന്നുപന്തലിച്ചതും തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായിരുന്ന പഴയ മദ്രാസിലെ കോടമ്പാക്കത്തെ സ്റ്റുഡിയോ തളങ്ങളില്‍ തന്നെയായിരുന്നു. എന്തിലും വേറിട്ടു ചിന്തിക്കുന്ന മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു കാര്യം, നിശബ്ദകാലഘട്ടത്തില്‍ നമ്മുടെ ആദ്യ സിനിമ വിഗതകുമാരന്‍ നിര്‍മിക്കപ്പെട്ടത് തിരുവനന്തപുരം പട്ടത്തു സ്ഥാപിക്കപ്പെട്ട ട്രാവന്‍കൂര്‍ നാഷനല്‍ പിക്‌ചേഴ്‌സ് എ്ന്ന സ്റ്റുഡിയോയിലൂടെയാണെന്നതാണ്. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ. ഇതര ഇന്ത്യന്‍ സിനിമകളില്‍ നിന്നു വ്യത്യസ്തമായി, സാമൂഹികമായൊരു വിഷയത്തെ അധികരിച്ചാണ് നമ്മുടെ ആദ്യ കഥാസിനിമ നിര്‍മ്മിക്കപ്പെട്ടത്, അതില്‍ നായികയായതോ, പി.കെ. റോസി എന്നൊരു ദലിതയും!
നാഗര്‍കോവില്‍ സ്വദേശി സുന്ദര്‍രാജ് 1932ല്‍ നിര്‍മിച്ച മാര്‍ത്താണ്ഡവര്‍മയെന്ന രണ്ടാം നിശബ്ദ സിനിമയില്‍ തുടങ്ങുന്നു സാഹിത്യ ചാര്‍ച്ചയുള്ള, മലയാളസിനിമയുടെ ആദ്യസുവര്‍ണകാലം. പകര്‍പ്പവകാശലംഘനത്തിന്റെ പേരില്‍ സിവി രാമന്‍പിള്ളയുടെ ചരിത്രാഖ്യായികയുടെ ഈ ദൃശ്യാഖ്യാനം കോടതികയറുകയും പെട്ടിയിലാവുകയുമൊക്കെ ചെയ്‌തെങ്കിലും, മദ്രാസിലെ ഫ്‌ളോറുകളില്‍, തമിഴ് തെലുങ്ക് സിനിമകളുടെ ഷൂട്ടിങ് പകലുകള്‍ക്കു ശേഷമുള്ള രാവേളകളില്‍ മലയാളസിനിമ തഴച്ചുവളര്‍ന്നത് സാഹിത്യത്തോടുള്ള കറകളഞ്ഞ കൂറു വെളിപ്പെടുത്തിക്കൊണ്ടുതന്നെയാണ്. ഒരുപക്ഷേ ഇന്ത്യയില്‍ ബംഗാളി കഴിഞ്ഞാല്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഭാഷാസിനിമയായി മലയാളം മാറാന്‍ കാരണവും അതിന്റെ സാഹിത്യച്ചാര്‍ച്ച തന്നെ.1929ല്‍ സേലം മോഡേണ്‍ പിക്‌ചേഴ്‌സ് നിര്‍മിച്ച ആദ്യമലയാളം ശബ്ദചിത്രമായ ബാലനും പ്രസിദ്ധീകൃതമായ കഥയെ അതിജീവിച്ചുള്ളതായിരുന്നു.
സാങ്കേതികമായും മലയാള സിനിമ ഏറെ മാറ്റങ്ങളേറ്റുവാങ്ങി മുന്നേറിയ കാലമാണത്. അതിനു പ്രധാന കാരണക്കാര്‍ കുഞ്ചാക്കോയും പി.സുബ്രഹ്മണ്യവുമാണ്. 1949 ല്‍ കുഞ്ചാക്കോ ആലപ്പുഴ ആസ്ഥാനമാക്കി ഉദയ സ്റ്റുഡിയോയും 52ല്‍ തിരുവനന്തപുരം നേമത്ത് പി.സുബ്രഹ്മണ്യം മെറിലാന്‍ഡ് സ്റ്റുഡിയോയും നിലാ പ്രൊഡക്ഷന്‍സും ആരംഭിക്കുന്നതോടെയാണ് മലയാള സിനിമയുടെ ശുക്രദശ തുടങ്ങുന്നത്. വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങളും അവതരണശൈലിയുമായി കമ്പോളത്തില്‍ മത്സരം തന്നെയായിരുന്നു ഈ രണ്ടു സുറ്റുഡിയോകളും കാഴ്ചവച്ചത്. താരങ്ങളെയും സാങ്കേതികവിദഗ്ധരെയും മാസശമ്പളത്തിനു വച്ച് കോര്‍പറേറ്റ് നിര്‍മാണശൈലിക്കു തുടക്കമിട്ടതും ഇവര്‍ തന്നെ. 1952ല്‍ വെള്ളിനക്ഷത്രത്തിലൂടെ ഉദയയും ആത്മസഖിയിലൂടെ മെറിലാന്‍ഡും തുടക്കമിട്ടത് അതിശക്തമായൊരു സ്റ്റുഡിയോ യുഗത്തിനാണ്. വടക്കന്‍ പാട്ടും പുണ്യപുരാണകഥകളും ചരിത്രാഖ്യായികളും സമകാലിക സംഭവങ്ങളുമെല്ലാം സിനിമയ്ക്ക് വിഷയമാവുന്നത് ഈ സ്റ്റുഡിയോ പോരിന്റെ അനന്തരഫലമായാണ്. ഒരേ കഥ തന്നെ ഇരു സ്ഥാപനങ്ങളും വെവ്വേറെ ചിത്രീകരിക്കുന്ന കീഴ് വഴക്കം വരെയുണ്ടായി.
കച്ചവടനേട്ടത്തിനൊപ്പം കലാമേന്മയും ഇഴപിരിഞ്ഞ വളര്‍ച്ചയായിരുന്നു മലയാള സിനിമയുടേത്. 1952ല്‍, കുഞ്ചാക്കോയും കോശിയും ചേര്‍ന്നു നിര്‍മിച്ച ആദ്യ മെഗാഹിറ്റ്, തലസ്ഥാനത്ത് 258 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച, തിക്കുറിശ്ശി എഴുതി സംവിധാനം ചെയ്ത് മുഖ്യവേഷമഭിനയിച്ച ജീവിത നൗക പുറത്തിറങ്ങിയെങ്കില്‍ രണ്ടു വര്‍ഷത്തിനു ശേഷം, ചന്ദ്രതാര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.കെ.പരീക്കുട്ടി നിര്‍മിച്ച് ഉറൂബെഴുതി പി.ഭാസ്‌കരനും രാമു കാര്യാട്ടും ചേര്‍ന്നു സംവിധാനം ചെയ്ത നീലക്കുയിലും വന്നു. ദേശീയതലത്തില്‍ മികച്ച മലയാളസിനിമയ്ക്ക് രാഷ്ര്ടപതിയുടെ രജതകമലം നേടിയ ആദ്യ സിനിമയായിരുന്നു അത്, കലാമൂല്യത്തിലേക്കുള്ള ആദ്യത്തെ കാല്‍വയ്പ്. തൊട്ടടുത്ത വര്‍ഷം തന്നെ മറ്റൊരു വഴിത്തിരിവിനും സിനിമാ കേരളം സാക്ഷിയായി. ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിക്കൊണ്ട് ബംഗാളില്‍ സത്യജിത് റേ വിഖ്യാതമായ പാഥേര്‍ പാഞ്ജലി നിര്‍മിക്കും മുമ്പേ, 1955ല്‍ തൃശൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്കൂട്ടായ്മ പി.രാംദാസ് എന്ന മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്റെ നേതൃത്വത്തില്‍ ന്യൂസ് പേപ്പര്‍ ബോയ് നിര്‍മിക്കുന്നത് 1955ലാണ്. സാമൂഹികകഥകളായിരുന്നുവെന്നതാണ് ഇവയുടെയെല്ലാം സവിശേഷത. 1961 ല്‍ ഭാഷയിലെ ആദ്യ ബഹുവര്‍ണ സിനിമ, കണ്ടംബച്ച കോട്ട് പുറത്തിറങ്ങി
സത്യന്‍-പ്രേം നസീര്‍-മധു താരത്രയത്തിന്റെ പുഷ്‌കരകാലമായിരുന്നു അത്. മിസ് കുമാരി-ഷീല-ശാരദ, തിരുവിതാംകൂര്‍ സഹോദരങ്ങള്‍ (ലളിത പത്മിനി രാഗിണി) എന്നിവരില്‍ തുടങ്ങിയ താരപ്രഭാവം. രാമു കാര്യാട്ട്, പി.ഭാസ്‌കരന്‍, എ.വിന്‍സന്റ്, കെ.എസ്.സേതുമാധവന്‍ തുടങ്ങിയ സംവിധായകര്‍. മുതുകുളം രാഘവന്‍പിള്ളയില്‍ തുടങ്ങി ഉറൂബും വൈക്കം മുഹമ്മദ് ബഷീറും,
തോപ്പില്‍ ഭാസിയും എസ്.എല്‍.പുരം സദാനന്ദനും വരെ ഏറ്റെടുത്ത തിരയെഴുത്ത്. ഹിന്ദി തമിഴ് പാട്ടുകളുടെ ഈണാനുകരണങ്ങളില്‍ ബ്രദര്‍ ലക്ഷ്മണനില്‍  തുടങ്ങി അനുഗ്രഹീതരായ ദേവരാജനിലും ദക്ഷിണാമൂര്‍ത്തിയിലും ബാബുരാജിലും കൂടി വളര്‍ന്ന സംഗീതശാഖ.
ആത്മസഖിയിലൂടെ സത്യനും മരുമകളിലൂയെ പ്രേംനസീറും നിണമണിഞ്ഞ കാല്‍പ്പാടുകളിലൂടെ മധുവും അരങ്ങേറ്റം കുറിച്ചു. ജനപ്രിയ നോവലകളും കവിതയുമെല്ലാം സിനിമയായി. പ്രദര്‍ശനവിജയത്തിനൊപ്പം, ഇനിയും ഭേദിച്ചിട്ടില്ലാത്ത ചില ലോകറിക്കോര്‍ഡുകള്‍ക്കും മലയാളസിനിമ ഈറ്റില്ലമായി. ലോകത്ത് ഏറ്റവുമധികം സിനിമകളില്‍ നായകനായ ആള്‍ എന്ന നിലയ്ക്കു മാത്രമല്ല പ്രേംനസീര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ഷീലയ്‌ക്കൊപ്പം ഒരേ നായികയോടൊപ്പം ഒരേ സംവിധായകന്റെ (ശശികുമാര്‍) എറ്റവുമധികം സിനിമകളില്‍ അഭിനയിച്ചു എന്ന റെക്കോര്‍ഡും നസീറിനു സ്വന്തം. സത്യന്‍ അഭിനയചക്രവര്‍ത്തി എന്ന പേരില്‍ പ്രശംസനേടിയപ്പോള്‍, സത്യന്‍-നസീര്‍ ദ്വന്ദ്വത്തിലൂടെ ആദ്യ താരപ്പോരിനും തുടക്കമായി. സ്ഥാപനവല്‍കൃത ആരാധകക്കൂട്ടങ്ങള്‍ വളര്‍ന്നില്ലായിരുന്നെങ്കിലും ഇവരുടെ സിനിമകള്‍ പരസ്പരം മത്സരസ്വഭാവം കാഴ്ചവച്ചു. തൊട്ടു പിന്നാലെ വന്ന മധുവാകട്ടെ, ഭാവനായകന്‍ എന്ന പേരില്‍ ഹിറ്റുകളും കലാവിജയങ്ങളും മാറിമാറി സമ്മാനിച്ചു. തിക്കുറിശ്ശിക്കു ശേഷം, സംവിധാനം അഭിനയം എന്നിവയെല്ലാം നിര്‍വഹിച്ച മധു തിരുവനന്തപുരത്ത് ഉമാ സ്റ്റുഡിയോ സ്ഥാപിച്ച് വ്യവസായത്തിന്റെയും ഭാഗമായി.
രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ തകഴിയുടെ ചെമ്മീന്‍ (1966) പുറത്തിറങ്ങുന്നതോടെയാണ് ദേശീയതലത്തില്‍ മലയാളസിനിമ അവഗണിക്കാനാവാത്ത നിലയിലേക്കു വളരുന്നത്. മികച്ച സിനിമയ്ക്കുള്ള സ്വര്‍ണമെഡല്‍ നേടി. സാഹിത്യബന്ധം നിലനില്‍ക്കെത്തന്നെ അര്‍ത്ഥവത്തായ മാധ്യമപരീക്ഷണങ്ങള്‍ക്കു വഴിമരുന്നിട്ട കാലഘട്ടമായിരുന്നു അറുപതുകള്‍. എം.ടി. വാസുദേവന്‍ നായരുടെ കടന്നുവരവോടെ, പ്രാദേശിക വ്യവഹാര ഭാഷയ്ക്ക് മലയാളസിനിമയില്‍ ഇടം വന്നു. വള്ളുവനാടന്‍ സംസാരഭാഷയിലൂടെ എം.ടി സൃഷ്ടിച്ച മനൂഷ്യാവസ്ഥകള്‍ പുതിയ ഭാവുകത്വം സമ്മാനിച്ചു. സ്റ്റുഡിയോ വിട്ട് പുറത്തിറങ്ങി പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും ആ ഭാവുകത്വത്തിന്റെ പ്രതിഫലനമായി. വിന്‍സന്റിനെപ്പോലെ മികച്ച ഛായാഗ്രാഹകരും വയലാറിനെയും പി.ഭാസ്‌കരനെയും ശ്രീകുമാരന്‍തമ്പിയേയും പോലെ മികച്ച ഗാനരചയിതാക്കളെയും സിനിമയ്ക്കു ലഭിച്ചു. രാരിച്ചന്‍ എന്ന പൗരന്‍ (56), രണ്ടിടങ്ങഴി(61), മുടിയനായ പുത്രന്‍ (61), നിണമണിഞ്ഞ കാല്‍പ്പാടുകള്‍ (63), ഭാര്‍ഗവീ നിലയം (64), മുറപ്പെണ്ണ്(65), ഓടയില്‍ നിന്ന് (65), ഇരുട്ടിന്റെ ആത്മാവ് (66), നഗരമേ നന്ദി(67), അസുരവിത്ത് (68), തുലാഭാരം (68) യക്ഷി(68), ഓളവും തീരവും (69), അരനാഴികനേരം (70), കുട്ട്യേടത്തി (70), പ്രിയ (70), അനുഭവങ്ങള്‍ പാളിച്ചകള്‍ (71), ശരശയ്യ (71) എന്നിങ്ങനെ സാമൂഹികപ്രതിബദ്ധതയിലും മാനവികതയിലും ഊന്നിയ സിനിമകള്‍ കലാമേന്മയ്‌ക്കൊപ്പം പ്രദര്‍ശനവിജയവും ഉറപ്പാക്കി. വിദ്യാസമ്പന്നരായിരുനനു താരങ്ങളും സാങ്കേതികവിദഗ്ധരുമെന്നതാവാം അതിനു പ്രേരണ. സിനിമയുടെ കലാപരവും ജനകീയതയും തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ 1969ല്‍ ചലച്ചിത്ര അവാര്‍ഡ് ഏര്‍പ്പെടുത്തിയെങ്കിലും ആദ്യം അതു ലഭിച്ചത് കുമാരസംഭവം എന്ന സിനിമയ്ക്കായിരുന്നു.

രണ്ടാംകാലം 
എഴുപതുകളില്‍ തുടങ്ങി എണ്‍പതുകളില്‍ പൂര്‍ണവളര്‍ച്ചനേടിയ സമാന്തര/ കലാസിനിമയുടെ മുന്നേറ്റമാണ് സത്യത്തില്‍ മലയാള സിനിമയെ ലോകസിനിമാഭൂപടത്തില്‍ ചെറുതെങ്കിലും സവിശേഷമായൊരിടത്തിലുറപ്പിച്ചത്.അതിനു നാം കടപ്പെട്ടിരിക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യയുടെ ആദ്യത്തെ സിനിമാപാഠശാലയായ പുനെയിലെ ഫിലിം ആന്‍ഡി ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയോടും കേരളത്തിലെ രാഷ്ര്ടീയ സാമൂഹിക സവിശേഷതകളുടെ കൂടി ഭാഗമായുണ്ടായ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളോടുമമാണ്. ജോണ്‍ ഏബ്രഹാം, കെ.ജി.ജോര്‍ജ്, ആസാദ്, രാമചന്ദ്രബാബു തുടങ്ങി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് അക്കാദമികമായി സിനിമ പഠിച്ചിറങ്ങിയ പലരും കോടമ്പാക്കത്തെത്തിയിരുന്നെങ്കിലും അവര്‍ക്ക് അവരാശിച്ച മാറ്റം പരീക്ഷിക്കാന്‍ എഴുപതുകളിലെ ഈ നവതരംഗം വരെ കാത്തിരിക്കേണ്ടി വന്നു.
ഉള്‍നാടന്‍ ഗ്രാമമായ അടൂരിലെ മൗട്ടത്തു കുടുംബത്തില്‍ നിന്ന് ഗോപാലകൃഷ്ണന്‍ എന്നൊരു ശാസ്ത്രബിരുദധാരി പുനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു പഠിച്ചിറങ്ങുന്നതോടെയാണ് കേരളം ഫിലിം സൊസൈറ്റി മുന്നേറ്റത്തിന്റെ ആര്‍ജ്ജവം ആദ്യമനുഭവിക്കുന്നത്. കുളത്തൂര്‍ ഭാസ്‌കരന്‍ നായരെന്ന സുഹൃത്തുമൊത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍ സൃഷ്ടിച്ചത് വിപഌവകരമായ മാറ്റങ്ങളാണ്. സാമൂഹികമായും കേരളത്തിന്റെ സജീവ രാഷ്ര്ടീയത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതായി ആ മുന്നേറ്റം മാറിയതോടെയാണ് സംസ്ഥാനമൊട്ടാകെ അതു ജനകീയമായി വേരൂന്നിയത്. ഇന്ത്യയിലെ, ഒരു പക്ഷേ ലോകത്തെതന്നെ ആദ്യത്തെ ചലച്ചിത്ര സഹകരണസംഘം, ചിത്രലേഖ ഫിലിം കൊ-ഒപ്പറേറ്റീവ് 1969 ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായി. അവരുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു ചിത്രലേഖ ഫിലിം സൊസൈറ്റിയും. ലോക കഌസിക്കുകള്‍ കേരളം കണ്ടുശീലിക്കുന്നത് ചിത്രലേഖയിലൂടെയാണ്. ചിത്രലേഖയുടെ വിജയം കേരളമൊട്ടാകെ വിവിധ ഫിലിം സൊസൈറ്റികളുടെ രൂപീകരണത്തിനും വ്യാപനത്തിനും പ്രചോദനമായി.
ചിത്രലേഖയുടെ സംരംഭമായി 1971ല്‍ നിര്‍മാണമാരംഭിച്ച് 72ല്‍ പുറത്തിറങ്ങിയ സ്വയംവരം ഭാഷയിലെ ലക്ഷണയുക്തമായ ചലച്ചിത്രമായിമാറി. മധുവും ശാരദയുമടങ്ങുന്ന താരനിരയുണ്ടായിട്ടും, മികച്ച സിനിമയ്ക്കും  സംവിധായകനും നടിക്കുമുളള ദേശീയ അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സ്വയംവരം നടപ്പു സിനിമാശീലങ്ങളെ തട്ടിയകറ്റി. വേറിട്ട മാധ്യമപരിചരണത്തിലൂടെ ചിത്രം പുതിയൊരു സംവേദനശീലം ആവശ്യപ്പെട്ടു. രൂപശില്‍പത്തിലും സാങ്കേതികതയിലും ഏറെ പരീക്ഷണങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാളിക്കു പരിചയപ്പെടുത്തി. കൊടിയേറ്റം(77) എലിപ്പത്തായം(81), മുഖാമുഖം(84), അനന്തരം (87), മതിലുകള്‍ (90), വിധേയന്‍(93), കഥാപുരുഷന്‍ (95) തുടങ്ങി അടൂര്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അന്നേവരെ ഏറ്റവും കൂടുതല്‍ വിദേശമേളകളില്‍ ഇടം നേടിയ എലിപ്പത്തായം ലേകത്തെ മികച്ച സിനിമകളിലൊന്നായി ബ്രിട്ടണിലെ ഫിലിം ആര്‍ക്കൈവില്‍ ഇടം നേടുകയും ചെയ്തു. മങ്കടരവിവര്‍മയെപ്പോലൊരു ഛായാഗ്രാഹകനെയും ദേവദാസിനെപ്പോലൊരു ശ്ബദലേഖകനെയും എം.മണിയെപ്പോലൊരു സന്നിവേശകനെയും അടൂര്‍ മലയാളത്തിനു സമ്മാനിച്ചു. ഈ മുന്നേറ്റത്തിന്റെ ഭാഗമായിത്തന്നെയാണ് മലയാള സിനിമയെ കേരളത്തിലേക്കു പറിച്ചുനടുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി 1971ല്‍ തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പറേഷന്‍ രൂപികരിക്കുന്നത്. അതിന്റെ ഉടമസ്ഥതയില്‍ തിരുവല്ലത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ സമുച്ചയവും, കേരളത്തിലുടനീളം തീയറ്റര്‍ സമുച്ചയങ്ങളും സ്ഥാപിച്ചു. അതിനും മുമ്പേ യേശുദാസ് തിരുവനന്തപുരത്തു സ്ഥാപിച്ച തരംഗിണി സ്റ്റുഡിയോയിലൂടെ മലയാളസിനിമയുടെ റെക്കോര്‍ഡിങ് ഏതാണ്ടു പൂര്‍ണമായി കേരളത്തിലേക്കു മാറിയിരുന്നു. കേരളത്തിന്റെ ഔദ്യോഗിക രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തുടക്കമിട്ടതും കെ.എസ്.എഫ്.ഡി.സിയാണ്.
അടൂര്‍ തെളിച്ച വഴിയിലൂടെയാണ് മലയാളത്തിന്റെ ബദല്‍ സിനിമ പിച്ചവച്ചത്. എം.ടി.വാസുദേവന്‍ നായര്‍ ആദ്യമായി സംവിധാനം ചെയ്ത നിര്‍മാല്യവും (73) ദേശീയതലത്തില്‍ മികച്ച ചിത്രത്തിനും പി.ജെ.ആന്റണിയിലൂടെ മികച്ച നടനുമുളഅള അവാര്‍ഡുകള്‍ നേടിയെടുത്തു. സാമ്പ്രദായിക ശീലങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടുള്ള സിനിമാത്മകശൈലിയില്‍ ആകൃഷ്ടരായാണ് കാര്‍ട്ടൂണിസ്റ്റായ ജി.അരവിന്ദന്‍ തൊട്ടടുത്ത വര്‍ഷം, 73ല്‍ സിനിമയിലെത്തുന്നത്. രാഷ്ര്ടീയവും സാമൂഹികവും സാംസ്‌കാരികവുമായ പ്രതിബദ്ധതയ്‌ക്കൊപ്പം മാധ്യമസമീപനത്തിലും അതിന്റെ കലാപരിചരണത്തിലും അരവിന്ദന്‍സിനിമകള്‍ ഒരു പടികൂടി മുന്നേറി. കാഞ്ചനസീത (77) തമ്പ് (78), കുമ്മാട്ടി (79), എസ്തപ്പാന്‍ (80), പോക്കുവെയില്‍ (81), ചിദംബരം(85), വാസ്തുഹാര (91) തുടങ്ങി മാധ്യമലാവണ്യത്തിന്റെ വേറിട്ട രുചിഭേദങ്ങള്‍ പ്രകടിപ്പിച്ച അരവിന്ദന്റെ കാഞ്ചനസീത രാജ്യാന്തരതലത്തില്‍ ഇന്ത്യന്‍ സിനിമയെ കൂടുതലുയരത്തിലെത്തിച്ചു. അരവിന്ദന്റെ മനഃക്കണ്ണായി സഹകരിച്ച ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു തന്നെ വന്ന ഷാജി എന്‍ കരുണ്‍ ഛായാഗ്രാഹകന്‍ പിന്നീട് പിറവി (88) യിലൂടെ ഇന്ത്യന്‍ സിനിമ കണ്ട മികച്ച സംവിധായകയരിലൊരാളായി. മികച്ച മലയാള ചി്ത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ സ്വപ്‌നാട(75) ത്തിലൂടെ കെ.ജി.ജോര്‍ജ്, മണിമുഴക്കത്തിലൂടെ (76) പി.എ.ബക്കര്‍, അതിഥിയിലൂടെ കെ.പി.കുമാരന്‍ തുടങ്ങിവര്‍ ആ മുന്നേറ്റത്തിന്റെ തുടര്‍പതാകവാഹകരായി. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍(79), അമ്മ അറിയാന്‍(86) തുടങ്ങിയ ചിത്രങ്ങളിലൂടെ ജോണ്‍ ഏബ്രഹാം ബദല്‍ സിനിമയിലെ ആരാജകക്കാഴ്ചകള്‍ സമ്മാനിച്ചു. വേറിട്ട ചലച്ചിത്രസമീപനങ്ങളിലൂടെ ടി.വി.ചന്ദ്രന്‍, പി.ടി കുഞ്ഞുമുഹമ്മദ്, രാജീവ് വിജയരാഘവന്‍, പവിത്രന്‍, ലെനിന്‍ രാജേന്ദ്രന്‍,കെ.ആര്‍.മോഹനന്‍, രാജീവ് നാഥ്, തുടങ്ങി ജയരാജ് വരെയുള്ളവര്‍ ആ പാരമ്പര്യത്തിന്റെ പിന്‍തുടര്‍ച്ചക്കാരായി
താരങ്ങളെ തിരസ്‌കരിച്ച ആ മുന്നേറ്റത്തിലൂടെ മലയാളത്തില്‍ വേറിട്ട നടനശൈലിയുമായി പുത്തനൊരുപറ്റം അഭിനേതാക്കളുടെ ഉദയമുണ്ടായി. അടൂരിന്റെ തന്നെ കൊടിയേറ്റത്തിലൂടെ മികച്ച നടനുള്ള കേന്ദ്രപുരസ്‌കാരംഭരത് എന്ന ശീര്‍ഷകം നിലവിലുണ്ടായിരിക്കെ അവസാനം ഏറ്റുവാങ്ങിയ ഗോപിയും അരവിന്ദന്റെ തമ്പിലൂടെ കടന്നു വന്ന നെടുമുടിവേണുമായിരുന്നു ആ നിരയുടെ മുന്‍നിരക്കാര്‍. തിലകന്‍, കരമന ജനാര്‍ദ്ദനന്‍ നായര്‍, മുരളി, അശോകന്‍, കുഞ്ഞാണ്ടി, അസീസ്, സൂര്യ, ജലജ, നിത്യ തുടങ്ങിയ താരനിര താരസൗന്ദര്യത്തിന്റെ സാമ്പ്രദായിക കാഴ്ചപ്പാടുകളെ നിരാകരിച്ചു. ഒരുപക്ഷേ മലയാളത്തിലെ ഏറ്റവും അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളെയും മുഹൂര്‍ത്തങ്ങളെയും ലഭിച്ചതില്‍ ഈ താരനിരയ്ക്ക് അഭിമാനിക്കാം.
സിനിമയുടെ അക്കാദമികമൂല്യം തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യയിലാദ്യമായി ഒരു ചലച്ചിത്ര അക്കാദമി സ്ഥാപിക്കുന്നത് 1998ലാണ്. ഷാജി എന്‍.കരുണായിരുന്നു ആദ്യ അധ്യക്ഷന്‍.സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്രപുരസ്‌കാരങ്ങളും അക്കാദമിയുടെ ചുമതലയിലാണിപ്പോള്‍. 21 വര്‍ഷം മുമ്പ് കെ.എസ് എഫ് ഡിസി ആരംഭിച്ച കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയുടെ നടത്തിപ്പു ചുമതല പിന്നീട് ഈ അക്കാദമിയുടേതായി. ജനപങ്കാളിത്തം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയാണ് ഐ.എഫ്.എഫ്.കെ. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കോട്ടയത്ത് കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അടക്കം ഒട്ടേറെ സാങ്കേതിക സ്ഥാപനങ്ങളും തൊഴില്‍ സാധ്യതകളും വന്നതോടെ, അക്കാദമികനിലവാരത്തിലും മലയാള സിനിമയ്ക്കും ചലച്ചിത്രമേളയ്ക്കും നവമൂല്യം കൈവന്നു.

മൂന്നാം കാലം
സമാന്തരസിനിമ കമ്പോളത്തെ ധിക്കരിക്കുകയും ഉച്ചപ്പടങ്ങള്‍ എന്ന പേരില്‍ മറ്റൊരു വിപണിമൂല്യം നേടുകയും ചെയ്തതോടെ അതിന്റെ വാര്‍പ്പുമാതൃകയില്‍ കള്ളനാണയങ്ങളുണ്ടാവുകയും ചെയ്തതോടെ അവയോട് പ്രേക്ഷകര്‍ക്കുണ്ടായ സാമാന്യമായ അകലമാവണം, മുഖ്യധാരയെ മാറ്റിനിര്‍ത്താതെയുള്ള മൂന്നാമതൊരു താര തരംഗത്തിന് ഉദയത്തിനു നിദാനമായത്. ഐടി ഭാഷയില്‍ കണ്‍വേര്‍ജന്‍സ് എന്ന പദം കൊണ്ടുദ്ദേശിക്കുന്നതിനു തുല്യമായി കലാമൂല്യത്തെ സമാന്തരമായി മാറ്റിനിര്‍ത്താതെ കച്ചവടമൂല്യത്തിനൊപ്പം ചേര്‍ത്തുപിടിക്കുന്ന തരം സിനിമകളായിരുന്നു അവ.എണ്‍പതുകളുടെ രണ്ടാംപാതിയില്‍ വളര്‍ച്ച പ്രാപിച്ച അത്തരം സിനിമകളിലൂടെ ഒരുപറ്റം കറയറ്റ ചലച്ചിത്രകാരന്മാരും സാങ്കേതികവിദഗ്ധരും താരങ്ങളും ഉദയം ചെയ്തു. എം.ടി.വാസുദേവന്‍ നായര്‍ ദേവലോക(79)ത്തിലൂടെ അവതരിപ്പിച്ച മമ്മൂട്ടിയും, ഫാസിലിന്റെ മഞ്ഞില്‍വിരിഞ്ഞ പൂക്കളി(81)ലൂടെ ശ്രദ്ധേയനായ മോഹന്‍ലാലുമടങ്ങുന്ന ആ താരപ്രഭാവത്തില്‍ കലയും കച്ചവടും നന്നായി മെരുങ്ങി. അവ തമ്മിലുള്ള അന്തരം നന്നെ കുറഞ്ഞു. കലാമൂല്യമുള്ള സിനിമ പ്രദര്‍ശനവിജയം നേടുകയും പ്രദര്‍ശനവിജയം ലാക്കാക്കിയുള്ള സിനിമകള്‍ കലാമേന്മയില്‍ ശ്രദ്ധിക്കുകയും ചെയ്തു.
സേതുമാധവനും ശശികുമാറും എബിരാജും തുടങ്ങിവച്ച കമ്പോള ധാരയില്‍ അവരെ പിന്തുടര്‍ന്നു വന്ന ഹിറ്റ് മേക്കര്‍മാരായ ഹരിഹരനും ഐവിശശിയും മറ്റും ഈ താരങ്ങളെ വച്ച് ബഹുതാരസിനിമകള്‍ ഹിറ്റാക്കി. അതേസമയം പത്മരാജനും ഭരതനുമടങ്ങുന്ന മറുനിര കുറച്ചുകൂടി അര്‍ത്ഥവത്തായ മറ്റൊരുതരം സിനിമകള്‍ ആസ്വാദനത്തലത്തിലും ജനകീയവും സ്വീകാര്യവുമാക്കി.
മമ്മൂട്ടി-മോഹന്‍ലാല്‍ താരപ്രഭാവത്തെ കണ്ടില്ലെന്നുവയ്ക്കാന്‍ മാറ്റത്തിന്റെ പ്രോദ്ഘാടകരായ അടൂര്‍-അരവിന്ദന്‍-ഷാജി പ്രഭൃതികള്‍ക്കു പോലും സാധിച്ചില്ലെന്നതാണ് പൂര്‍വസൂരികളെ അപേക്ഷിച്ച് ഈ താരരാജാക്കന്മാര്‍ക്കു കിട്ടിയ പുണ്യം. അടൂരിന്റെ അനന്തരം, മതിലുകള്‍, വിധേയന്‍, ടിവി ചന്ദ്രന്റെ പൊന്തന്‍മാട(94), ഓര്‍മകളുണ്ടായിരിക്കണം, ഡാനി(2001) ഷാജിയുടെ കുട്ടിസ്രാങ്ക്(2009) എന്നീ സിനിമകളില്‍ മമ്മൂട്ടിയും അരവിന്ദന്റെ വാസ്തുഹാര(91) ഷാജിയുടെ വാനപ്രസ്ഥം(99) എന്നിവയില്‍ മോഹന്‍ലാലും നായകന്മാരായി. ദേശീയതലത്തില്‍ മൂന്നുതവണ മികച്ച നടന്മാര്‍ക്കുള്ള അവാര്‍ഡുകളും ഇവരെത്തേടിയെത്തി. ഇവരെ പിന്തുടര്‍ന്ന് സുരേഷ്‌ഗോപി മുതല്‍ ദിലീപും ബിജുമേനോനും വരെ വലിയൊരു പറ്റം കിടയറ്റ അഭിനേതാക്കളുടെ തലമുറ വളര്‍ന്നുവന്നു. സീമ, നളിനി, കാര്‍ത്തിക, രേവതി, മഞ്ജുവാര്യര്‍, മീരജാസ്മിന്‍ മുതല്‍ ഇങ്ങേയറ്റം പാര്‍വതിയും വരെയെത്തിനില്‍ക്കുന്നു കരുത്തുറ്റ നായികനിര.
ഇതിനു സമാന്തരമായി കമ്പോള മുഖ്യധാരയിലും മറ്റൊരു നവോത്ഥാനത്തിനു സാക്ഷ്യം വഹിച്ചു മലയാള സിനിമ. ബാലചന്ദ്രമേനോന്‍, സത്യന്‍ അന്തിക്കാട,് ശ്രീനിവാസന്‍, കമല്‍, രഘുനാഥ് പാലേരി ലോഹിതദാസ് തുടങ്ങിയ സംവിധായകരുടെ നേതൃത്വത്തിലുള്ള കുടുംബസിനിമകളുടെ മുന്നേറ്റമായിരുന്നു അത്. ജോഷിയും മറ്റും തുടക്കമിട്ട ജനപ്രിയ ഫോര്‍മുലകളില്‍ നിന്നു വേറിട്ടതായിരുന്നു അത്. രഞ്ജി പണിക്കര്‍, ഷാജി കൈലാസ് മുതല്‍ ബി.ഉണ്ണികൃഷ്ണന്‍ ജോഷിക്കും ഐവി.ശശിക്കും പിന്‍ഗാമികളായി. പ്രിയദര്‍ശന്‍, രാജീവ് കുമാര്‍, വി.കെ.പ്രകാശ് തുടങ്ങിയവര്‍ സാങ്കേതികവിദ്യയെയും കലയേയും ഒരുപോലെ കൂട്ടിയിണക്കി വന്‍ വിജയങ്ങള്‍ സമ്മാനിച്ചപ്പോള്‍, കലയും കച്ചവടും സമാസമം ചേര്‍ത്തുള്ള അര്‍ത്ഥവത്തായ സിനിമയ്ക്കു വേണ്ടി ജയരാജ്, ശ്യാമപ്രസാദ്, രഞ്ജിത്ത്, ആര്‍.ശരത്, ലാല്‍ ജോസ് തുടങ്ങിയ ചലച്ചിത്രകാരന്മാര്‍ സജീവമായി.
സാങ്കേതികതയിലും മലയാള സിനിമ ഏറെ വളര്‍ന്നു. ഉദയയുടെ അസ്തമയത്തോടെ അപ്പച്ചന്റെ നേതൃത്വത്തില്‍ 1976ല്‍ സ്ഥാപിതമായ നവോദയയുടെ ശ്രമഫലമായി ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്‌കോപ്പ് ചിത്രം  തച്ചോളി അമ്പു(78), ഏഷ്യയില്‍ ചിത്രീകരണജോലികള്‍ പൂര്‍ത്തിയാക്കിയ ആദ്യ 70 എംഎം സ്റ്റീരിയോഫോണിക് ചിത്രം പടയോട്ടം(82), ഇന്ത്യയിലെ ആദ്യ ത്രിമാനചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന്‍ (84) എന്നിവ പുറത്തിറങ്ങി. കറയറ്റ ഒരുപറ്റം സാങ്കേതികവിദഗ്ധരും ഇതിനിടെ ഉയര്‍ന്നു വന്നു. മധു അമ്പാട്ട്, സന്തോഷ് ശിവന്‍, വേണു, സണ്ണി ജോസഫ്, കെ.ജി.ജയന്‍, എം.ജി.രാധാകൃഷ്ണന്‍, റസൂല്‍ പൂക്കുട്ടി, ബീന വേണു, അജിത്ത് തുടങ്ങിയവര്‍ ദേശീയതലത്തില്‍ ശ്രദ്ധേയരായി. റസൂല്‍ പൂക്കിട്ടിയിലൂടെ ഇന്ത്യയില്‍ നിന്ന് ആദ്യമായൊരു സാങ്കേതികവിദഗ്ധന്‍ ഓസ്‌കര്‍ അവാര്‍ഡും നേടി.
ഡിജിറ്റല്‍ കാലഘട്ടത്തിന്റെ കടന്നുവരവോടെ, സിനിമ മറ്റൊരു പരിവര്‍ത്തനത്തിന്റെ പാതയിലാണിപ്പോള്‍. പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍പോളി, മുരളിഗോപി, അനൂപ് മേനോന്‍, ജയസൂര്യ തുടങ്ങിയ പുതുതലമുറ താരനിരയ്‌ക്കൊപ്പം ഒരുപറ്റം പുതുമുഖ ചലച്ചിത്രകാരന്മാര്‍ സാധ്യമാക്കിയ നവഭാവുകത്വസിനിമകളാണവ. ആഗോള മള്‍ട്ടീപഌക്‌സ് സംസ്‌കാരത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഈ സിനിമകളിലൂടെ സിനിമയുടെ കാഴ്ച കൂടുതല്‍ ജനകീയവും സിനിമാനിര്‍മാണസാങ്കേതികത കുറേക്കൂടി പ്രാപ്യവുമായി. രഞ്ജിത് ശങ്കര്‍, വിനീത് ശ്രീനിവാസന്‍, അമല്‍ നീരദ്, ആഷിഖ് അബു, അന്‍വര്‍ റഷീദ്, ജീത്തു ജോസഫ്, അഞ്ജലി മേനോന്‍ തുടങ്ങിയവരിലൂടെ ജനപ്രിയ മുഖ്യധാര കച്ചവടത്തിലൂന്നുമ്പോഴും കലാമൂല്യത്തിലും രൂപഭദ്രതയിലും വേറിട്ട പരീക്ഷണങ്ങള്‍ കാഴ്ചവയ്ക്കുന്നു. അതിനിടെ ഒത്തുതീര്‍പ്പില്ലാത്ത സിനിമകളുമായി യുവതലമുറയില്‍ സനല്‍കുമാര്‍ ശശിധരന്‍ (ഒരാള്‍പ്പൊക്കം, ഒഴിവുദിവസത്തെ കളി), വിപിന്‍ വിജയ് (ചിത്രസൂത്രം), ഡോ.ബിജു (വീട്ടിലേക്കുള്ള വഴി, പേരറിയാത്തവര്‍, വലിയ ചിറകുള്ള പക്ഷികള്‍), സലീം അഹ്മ്മദ് (ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി), പ്രിയനന്ദന്‍ (നെയ്ത്തുകാരന്‍, പുലിജന്മം), പ്രദീപ് നായര്‍ (ഒരിടം), മധുപാല്‍ (തലപ്പാവ്, ഒഴിമുറി), ജോയ് മാത്യു (ഷട്ടര്‍) തുടങ്ങിയവര്‍ കരുത്തുതെളിയിച്ചു. ഒരു ഇന്ത്യന്‍ സിനിമ ഇതുവരെ നേടിയെടുത്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ചലച്ചിത്രമേളകളിലൂടെ നേടിയ ഒറ്റാ(2015) ലിലൂടെ ജയരാജും, വര്‍ഷങ്ങളുടെ മൗനത്തിനു ശേഷം പിന്നെയും(2016) എന്ന സിനിമയിലൂടെ അടൂര്‍ ഗോപാലകൃഷ്ണനും, മോഹവലയ(2015) ത്തിലൂടെ ടിവി ചന്ദ്രനും, മകരമഞ്ഞിലൂടെ (2015) ലെനിന്‍ രാജേന്ദ്രനും സജീവമായ കാലത്ത്,  ദൃശ്യവും പ്രേമവും പുലിമുരുകനും പോലുള്ള കമ്പോള വിജയങ്ങളുടെ കാലത്ത്, മലയാള സിനിമയ്ക്ക് ഇനിയും പ്രതീക്ഷിക്കാനേയുള്ളൂ, അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍.
 



Friday, October 28, 2016

Book on DW Griffith

A brief biography of D W Griffith, the film theoretician, published by Kerala State Institute of Languages under its Arivu Niravu biographical series. The Book will be released in a function on 2016 Nov. 3rd at VJT Hall TVM, in connection with Bhasha Institute Book Fair.
This is my 9th book and second book in 2016.
Thanks to Mr T Aromal, Research Assistant, Kerala Bhasha Institute.
Request  your blessings