Saturday, July 14, 2012

സിനിമകൊണ്ടൊരു പ്രായശ്ചിത്തം!

ല്‍പമൊന്നു കാലിടറിയാല്‍ അടിതെറ്റാവുന്ന നൂല്‍പ്പാലത്തി ലൂടെയുള്ള അതിസാഹസികമായ കൈവിട്ടു നടത്തം. അതാണു വാസ്തവത്തില്‍ രഞ്ജിത്തിന്റെ സ്പിരിറ്റ്. ഒരുപക്ഷേ, സിനിമകണ്ട കുറച്ചു പ്രേക്ഷകരെങ്കിലും ഇതിന്റെ രണ്ടാം ഭാഗം ഡോക്യുമെന്ററി പോലുണ്ട് എന്നു പരിഭവം പറയാന്‍ കാരണവും ഘടനാപരമായ ഈ നൂല്‍പ്പാലം തന്നെയായിരിക്കണം. കാരണം, ഡോക്യുമെന്ററിയും ഫിക്ഷനും ഡോക്യുഫിക്ഷനും ഇടകലര്‍ന്ന, അതീവ സങ്കീര്‍ണമായൊരു ചലച്ചിത്രസമീപനത്തിലൂടെയാണ് സ്പിരിറ്റ് ഇതള്‍വിരിയുന്നത്. സ്പിരിറ്റ് തീര്‍ച്ചയായും മലയാളത്തിലുണ്ടായ മികച്ച ചിത്രങ്ങളിലൊന്നാണ്. ഒരര്‍ഥത്തില്‍ സംവിധായകന്റെ തന്നെ പാലേരിമാണിക്യത്തിനും പ്രാഞ്ചിയേട്ടനും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സിനിമ. പക്ഷേ, സ്പിരിറ്റ് വേറിട്ടതാവുന്നത് മാധ്യമപരമായ അതിന്റെ സവിശേഷതകള്‍ കൊണ്ടോ, സോദ്ദേശ്യപരമായ അതിന്റെ ഉള്ളടക്കമോ കൊണ്ടു മാത്രമല്ല. മറിച്ച്, മലയാള സിനിമയിലെ പല പ്രവണതകള്‍ക്കും നേരെയുള്ള ശക്തമായ പ്രതിരോധം കൊണ്ടാണ്. മറ്റൊരു ഭാഷയില്‍പ്പറഞ്ഞാല്‍, ഒരു ചലച്ചിത്രകാരന് വന്നുപിണഞ്ഞ കൈബദ്ധങ്ങള്‍ക്ക് സിനിമ കൊണ്ടുതന്നെയുള്ള ഒരു പ്രായശ്ചിത്തമാകുന്നതുകൊണ്ടാണ്.

പ്രേക്ഷകരില്‍ എത്രപേര്‍ ഓര്‍ക്കുന്നുണ്ടെന്നറിയില്ല, വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 2000 ജനുവരി 26ന് മലയാളത്തില്‍ നരസിംഹം എന്ന പേരിലൊരു സിനിമ ഇറങ്ങി. മോഹന്‍ലാലിന്റെ ഡ്രൈവറും കടുത്ത ആരാധകനുമൊക്കെയായ ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദിന്റെ ബാനറില്‍ നിര്‍മ്മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ്. ദേവാസുരത്തിലൂടെ, ആറാം തമ്പുരാനിലൂടെ മോഹന്‍ലാലിന്റെ മീശ പിരിപ്പിച്ച് അദ്ദേഹത്തിന് ഒരു സൂപ്പര്‍ഹീറോ പരിവേഷം സമ്മാനിച്ച തിരക്കഥാകാരന്‍ രഞ്ജിത്ത് ബാലകൃഷ്ണന്റേതായിരുന്നു 'പോ മോനെ ദിനേശാ..' എന്ന പഞ്ച് ഡയലോഗ് ഉള്ള നരസിംഹം എന്ന സിനിമയുടെ കഥയും തിരക്കഥയും. മലയാളസിനിമയില്‍ അയല്‍വീട്ടിലെ ചെറുപ്പക്കാരന്‍ റോളുകള്‍ കൈകാര്യം ചെയ്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനായി വിളങ്ങിയിരുന്ന മോഹന്‍ലാലിനെ മാച്ചോ ഹീറോയാക്കി, മലയാളിയുടെ രജനീകാന്താക്കാനുള്ള ആദ്യത്തെ ഇഷ്ടിക വച്ച സിനിമ. പിന്നീട് മോഹന്‍ലാല്‍ എന്ന അനുഗ്രഹീത നടന് അതേ അച്ചിലെ എത്രയോ സിനിമകള്‍ക്ക് നിന്നു കൊടുക്കേണ്ടി വന്നു.

ഇനി രണ്ടാമതൊരു സിനിമ കൂടി ഓര്‍മയിലേക്കു കൊണ്ടുവരട്ടെ. തൊട്ടടുത്ത വര്‍ഷം, ഇതേ വാര്‍പ്പില്‍, ദേവാസുരം എന്ന സിനിമയില്‍ സൃഷ്ടിച്ച മംഗലശ്ശേരി നീലകണ്ഠന്‍ എന്ന മാച്ചോ കഥാപാത്രത്തിന് ഒരു മകനെ പടച്ച് മംഗലശ്ശേരി കാര്‍ത്തികേയനാക്കി, മീശയും മുടിയും വരെ പറപ്പിച്ച് 'സവാരിഗിരിഗിരി' കെട്ടിയാടിച്ച രാവണ പ്രഭു. അതിന്റെ സംവിധായകന്‍ ഒരു പുതുമുഖമായിരുന്നു. തിരക്കഥാരംഗത്ത് വര്‍ഷങ്ങളുടെ അനുഭവപരിചയവുമായി സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ച രഞ്ജിത് ബാലകൃഷ്ണന്റെ ആദ്യ ചിത്രം. രാവണപ്രഭു നിര്‍മ്മിച്ചതും ആശിര്‍വാദിന്റെ പേരില്‍ ആന്റണി പെരുമ്പാവൂര്‍....മോഹന്‍ലാലിന്റെ കൈവിരലുകളും കാല്‍വിരലുകളും വരെ ഞെരിഞ്ഞമരുന്ന മാച്ചോക്കിസം കാട്ടിത്തന്ന ആക്ഷന്‍ സിനിമ.

ലാലേട്ടനെ രജനീകാന്താക്കുന്ന തിരക്കില്‍ ആരാധന മൂത്ത ആന്റണിയും, ജനപ്രീതിയുടെയും കടപ്പാടുകളുടെയും കടുംകുരുക്കില്‍ മറ്റു നിവൃത്തികളില്ലാതെ മോഹന്‍ലാലും പിന്നീട് ഒഴുക്കിനൊത്തങ്ങു നീന്തിപ്പോയി. ഇതിനിടെ, സഹപ്രവര്‍ത്തകരില്‍ ചിലര്‍, വിട്ടുവീഴ്ചയില്ലാത്ത നരേറ്റീവ് സിനിമയുടെ പാതയില്‍ ദേശീയ രാജ്യാന്തര പ്രശ്‌സ്തിയും പ്രസക്തിയും നേടുന്നതു കണ്ടിട്ടോ എന്തോ, രഞ്ജിത്തിന് ഒന്നു കളം മാറ്റിപ്പിടിക്കണമെന്നു തോന്നി. അപ്പോള്‍ അച്ചി തൊട്ടതെല്ലാം കുറ്റമായി. മോഹന്‍ലാല്‍ അപ്രാപ്യനായി. ഉപഗ്രഹങ്ങളുടെ ഉള്ളില്‍ വാഴുന്ന കാണാച്ചന്ദ്രനായി. മലയാളസിനിമയിലെ ഹൈന്ദവബിംബങ്ങളുടെ അധിനിവേശത്തെക്കുറിച്ച്, അതിനെല്ലാം വഴിവച്ചയാള്‍ തന്നെ ചര്‍ച്ചയ്ക്കു കൂടിയതു പോലെതന്നെ, നരസിംഹവും വലിയേട്ടനും പടച്ചു വിട്ട പ്രതിഭ, താരാധിപത്യത്തിനെതിരെ ചാരിത്ര്യപ്രസംഗം നടത്തി. റോക്ക് ആന്‍ഡ് റോളും പ്രജാപതിയും അപ്പോള്‍ തീയറ്ററുകളില്‍ ഊര്‍ദ്ധ്വശ്വാസം വലിക്കുകയായിരുന്നുവെന്നത് പിന്നാമ്പുറം). മോഹന്‍ലാലായി അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മലയാളസിനിമയുടെ അപചയകാരണം; കൂടാതെ മോഹന്‍ലാലിന്റെ ഉപഗ്രഹങ്ങളും!ഈ ആരോപണപ്രത്യാരോപണങ്ങള്‍ക്കിടയില്‍ ശുദ്ധ നരേറ്റീവ് സിനിമകളിലൂടെയാണ് സംവിധായകന്‍ ശക്തമായി ഒരു തിരിച്ചുവരവു നടത്തിയതെന്ന്, അദ്ദേഹത്തിന്റെ കരിയര്‍ അടുത്തു വീക്ഷിക്കുന്ന പൊട്ടക്കണ്ണനും തിരിച്ചറിയാനാവുന്നതാണ്.

അതെന്തായാലും അദ്ദേഹത്തിന്റെ പരിഭവങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഫലപ്രാപ്തിയുണ്ടായി. ഉപഗ്രഹങ്ങള്‍ ഭൂമിയിലേക്കിറങ്ങി. ചന്ദ്രന്‍ മേഘപാളികളില്‍ നിന്നു പുറത്തു വന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറം സ്പിരിറ്റ് പോലെ ഒരു അതിസാഹസം, ഒരുപക്ഷേ മാധ്യമപരമായ ഒരു വെല്ലുവിളി തന്നെ ഏറ്റടുക്കാന്‍ രഞ്ജിത്തിനു സാധിച്ചതിനുപിന്നില്‍ മോഹന്‍ലാല്‍ എന്ന നടനും ആശിര്‍വാദ് പ്രൊഡക്ഷന്‍സും ആന്റണി പെരുമ്പാവൂരും തന്നെ പിന്തുണയായി വരേണ്ടിവന്നത് വിധിയോ വൈരുദ്ധ്യമോ ദൈവഹിതമോ?

ഏതായാലും, സ്പിരിറ്റ് ഒരു പ്രായശ്ചിത്തം തന്നെയാണ്. ഒരു അനുഗ്രഹീത നടനോട് അറിയാതെയാണെങ്കിലും ചെയ്തു പോയ അപരാധത്തിനുള്ള പ്രായശ്ചിത്തം. അദ്ദേഹത്തെ സുപ്പര്‍ ഹീറോയാക്കി ചെത്തകൊമ്പില്‍ കയറ്റുകയും മാറി നിന്ന് അദ്ദേഹത്തെത്തന്നെ കുറ്റം പറയുകയും ചെയ്തിട്ട്, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളെയും തന്നെ നന്നായി ഉപയോഗിച്ച് ആ കറകളൊക്കെയും കഴുകി കളയുന്നതിലൂടെ രഞ്ജിത് ബാലകൃഷ്ണന്‍ ഏതായാലും വിമലീകരിക്കപ്പെടുകയാണ്.ഇത്തരമൊരു വിമലീകരണമെന്ന നിലയ്ക്കാണ് ചലച്ചിത്ര ചരിത്രത്തില്‍ സ്പിരിറ്റ് അടയാളപ്പെടുത്തപ്പെടുക. നിലവിലെ മുതിര്‍ന്ന തലമുറ ചലച്ചിത്രപ്രവര്‍ത്തകരുടെ മാമൂല്‍ ധാരണകളുടെ ഉടച്ചുവാര്‍ക്കല്‍ തന്നെയാണ് സ്പിരിറ്റ്‌.

ചുണ്ടിന്റെ കോണിലൊളിപ്പിച്ചുവച്ച ചെറുപുഞ്ചിരിയോടെ ലേശം സര്‍ക്കാസ്റ്റിക്കായി ജീവിതത്തിനു നേരെ ക്യാമറ തുറന്നുപിടിക്കുന്ന പ്രാഞ്ചിയേട്ടന്‍ ശൈലിയുടെ പിന്തുടര്‍ച്ചതന്നെയാണ് സ്പിരിറ്റ്. കഥാകഥനത്തില്‍, ഒഴിയാബാധപോലെ തന്നെ പിടികൂടിയിട്ടുള്ള നായകന്‍ കഥപറയുന്ന സ്ഥിരം ശൈലി ഒഴികെ, സ്പിരിറ്റ് തീര്‍ത്തും പുതുമയുള്ള സിനിമതന്നെയാണ്. തീയറ്റര്‍ പരിചയത്തില്‍ നിന്ന് ആര്‍ജിച്ച ആര്‍ജ്ജവം അഭിനേതാക്കളെ കഥാപാത്രങ്ങളായി വാര്‍ത്തെടുക്കുന്നതില്‍ രഞ്ജിത്തിനെ തുണയ്ക്കുന്നത് കാണേണ്ട കാഴ്ച തന്നെ. അതുകൊണ്ടാണ് മണിയനായി നന്ദു ജീവിക്കുന്നത്. അനൂപ് മേനോന്റെ നേര്‍ത്ത നിഴല്‍ കൂടി ഒഴിവാക്കിയാല്‍, തിരക്കഥാകൃത്തുകൂടിയായ ശങ്കര്‍രാമകൃഷ്ണനില്‍ നിന്ന് മലയാളസിനിമയ്ക്ക് നടനെന്ന നിലയില്‍ ഇനിയും ഏറെ പ്രതീക്ഷയ്ക്കു വകയുണ്ടെന്നു തെളിയിക്കുന്ന സ്പിരിറ്റ്, സ്വതവേ അഭിനയിക്കാനറിയാത്ത ഒരു നടിക്കു കൂടി ശാപമോക്ഷം നല്‍കുന്നു. അഹല്യയായി മാത്രം അഭിനയിക്കാനറിയുന്ന (കല്ലിനു സമം എന്നു സാരം) കനിഹയെ സ്പിരിറ്റില്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങുമെങ്കില്‍ രഞ്ജിത്തിനു നന്ദി.

നറേഷനിലെ ഇനിയും കൈവിട്ടുകളയാന്‍ മടിക്കുന്ന ആവര്‍ത്തന വൈരസ്യങ്ങള്‍ക്കൊപ്പം രഞ്ജിത് ഇനിയും കൈയൊഴിക്കേണ്ട ഒരു ധാരണ കൂടിയുണ്ട്. പോപ്പുലര്‍ സിനിമയ്ക്ക് ഗാനങ്ങളും ഗാനരംഗങ്ങളും അത്യാവശ്യമാണ് എന്നതാണത്.

ഒരു നിമിഷം പോലും ബോറടിയെന്തെന്നറിയാതെ കണ്ടു തീര്‍ക്കാവുന്ന, കണ്ടാല്‍ ഹൃദയത്തില്‍ അല്‍പമെന്തെങ്കിലും ഏറ്റുവാങ്ങിക്കൊണ്ട് തീയറ്റര്‍ വിട്ടിറങ്ങി പോരാവുന്ന സിനിമ. സ്പിരിറ്റ് അതെല്ലാമാണ്. ഒപ്പം അതിമധുരത്തിലെ ഇളം മധുരം പോലെ, ഇടയ്ക്കിടെ സര്‍ട്ടിലായി പറഞ്ഞുപോവുന്ന കുറിക്കുകൊള്ളുന്ന ചില കമന്റുകള്‍. അതിശക്തനായൊരു സാമൂഹിക രാഷ്ട്രീയ നിരീക്ഷകനുമാത്രം സാധ്യമാവുന്നതാണ് അത്.

രഞ്ജിത്തിനു നന്ദി-ഈ പ്രായശ്ചിത്തത്തിന്. ഇതാണ് റിയല്‍ സ്പിരിറ്റ്.

1 comment:

V.K. Sanju said...

sir, thats the spirit. really bold perspctive abt the film, totally diffrnt frm the reviews read so far...