Saturday, April 09, 2011

ചുണയുള്ള ആണ്‍കുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനം


ചരിത്രം ആണ്‍കുട്ടികള്‍ക്കുള്ളതാണ്. അടിച്ചമര്‍ത്തലുകള്‍ക്കും പീഢനങ്ങള്‍ക്കുമെതിരായ ആത്മരോഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകളുടെയും, വിപ്ളവവീരന്മാരുടെ ആണത്തങ്ങളുടെയും ആഘോഷമാണത്. ഇന്ത്യാചരിത്രവും സാമ്രാജ്യത്വവാഴ്ചകള്‍ക്കെതിരായ ഇത്തരം എത്രയോ ചെറുത്തുനില്‍പ്പുകളുടെ കൂടി ആഖ്യാനഭൂമികയാണ്. കേരളേതിഹാസത്തിന്റെ ഏടുകളിലേക്ക് ഒരു സങ്കല്പവീരനെ ഇഴനെയ്തുകയറ്റി മനോഹരമായൊരു ദൃശ്യാഖ്യായിക രചിച്ചിരിക്കുകയാണ്, ഉറുമിയിലൂടെ ഒരു പറ്റം ആണ്‍കുട്ടികള്‍. മലയാളസിനിമയുടെ ചരിത്രത്തില്‍, ഒറിജിനാലിറ്റിയുടെ അഭാവം കൊണ്ട് സാംസ്‌കാരാധിപത്യത്തിനു മുന്നില്‍ നിലയില്ലാതായി മുങ്ങിത്താഴുന്ന പ്രതിഭാദാരിദ്ര്യത്തിനു നടുവില്‍ നിന്ന് പുതുക്കാഴ്ചയുടെ വിപ്ലവവുമായി ആണ്‍കുട്ടികളുടെ തുനിഞ്ഞിറങ്ങലാണ് ഉറുമി .


ഉറുമി ഒരേ സമയം സംവിധായകന്റെ സിനിമയാണ്, തിരക്കഥാകൃത്തിന്റെയും. മലയാളത്തില്‍ പ്രതിഭാദാരിദ്ര്യമുണ്ടെന്ന ആരോപണത്തിന് ജീവിക്കുന്ന മറുപടിയാണ് ശങ്കര്‍രാമകൃഷ്ണന്റെ കറതീര്‍ന്ന തിരക്കഥ. ദൃശ്യസാധ്യതകളുടെ പാരമ്യതയ്‌ക്കൊപ്പവും കാച്ചിക്കുറുക്കിയ സംഭാഷണങ്ങളുടെ രസതന്ത്രം ഗുരുമുഖത്തുനിന്നു തന്നെ രഞ്ജിത് ശിഷ്യന്‍ സ്വായത്തമാക്കിയിരിക്കുന്നുവെന്ന് ഉറുമി തെളിയിക്കുന്നു. മലയാളസിനിമയില്‍ സൃഷ്ടിയുടെ രസനയുള്ള ആണ്‍കുട്ടികളുടെ കുലം കുറ്റിയറ്റുപോയിട്ടില്ലെന്ന് ശങ്കര്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു.


ജീവിച്ചിരുന്നിട്ടാല്ലാത്തൊരു കൊത്ത്വാള്‍ കേളുനായനാരിലൂടെ വാസ് കോ ദ ഗാമയ്‌ക്കെതിരായ ദേശസ്‌നേഹത്തിന്റെ ചോരചിന്തിയ ചരിത്രം ചുരുളഴിച്ചു കാട്ടുന്ന സിനിമ, ആധുനികലോകത്തെ രാഷ്ട്രീയ ശിഖണ്ഡികളുടെ കൃത്രിമത്വത്തിന്റെ ഉടുമുണ്ടുമുരിഞ്ഞുകാട്ടുന്നു. ചരിത്രത്തെ സമകാലികലോകവ്യവസ്ഥയിലേക്കു പറിച്ചുനടുകവഴി യുക്തിയെ പഴങ്കഥയ്ക്കുള്ളിലെ അയുക്തികമായ ഒട്ടുവളരെ അതീന്ദ്രീയ ഇടപെടലുകളിലൂടെ ഫാന്റസിയുടെ തലത്തിലേക്കുയര്‍ത്തിയത് വേറിട്ടൊരു ദൃശ്യാനുഭവമായി. സന്തോഷ് ശിവനെപ്പോലൊരു ചലച്ചിത്രസാങ്കേതികരാവണന് ദൃശ്യങ്ങള്‍ കൊണ്ട് കൊളാഷുകള്‍ മെനയാന്‍ ആവോളം അവസരവുമായി ആ ഫാന്റസികള്‍. മറുഭാഷയില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന നായികനടിമാരുടെ പള്ളകാട്ടിയാട്ടങ്ങള്‍ക്ക് അതൊരു യുക്തിസഹജമായ ന്യായീകരണവുമായി. എന്നിരുന്നാലും, ഹിന്ദിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ജനീലിയ ഡിസൂസയെക്കാളും, മലയാളിയെങ്കിലും ഹിന്ദിയുടെ ഗ്രാമറും ഗഌമറും ഇണങ്ങുന്ന വിദ്യാബാലനും ഒപ്പത്തിനൊപ്പമായിരുന്നില്ല, മറുനാടന്‍ മലയാളിയായ നിത്യ മേനോന്റെ പ്രകടനം, മറിച്ച് അവരെ നിഷ്പ്രഭമാക്കുന്നതായിരുന്നു. ആകാശഗോപുരത്തിലും മകരമഞ്ഞിലും മറ്റും കണ്ട നടനമികവ് അതിന്റെ എല്ലാ പൂര്‍ണതയോടും കൂടി തിളങ്ങുന്നതായി ഉറുമിയില്‍.പൃഥ്വിരാജും പ്രഭുദേവയും ചേര്‍ന്ന നായകദ്വന്ദ്വം പൂതുമ നല്‍കുന്നു. അതുപോലെതന്നെ ഹിന്ദിയില്‍ നിന്നടക്കമുള്ള നാടകകലാകാരന്മാരുടെ പ്രത്യക്ഷവും. കണ്ടുമടുത്ത മുഖച്ചാര്‍ത്തുകളില്‍ ഈ പുതുമുഖങ്ങള്‍ വേറിട്ട അനുഭവമായി.


ഛായാഗ്രഹണത്തിലെയും സന്നിവേശത്തിലെയും സംഗീതത്തിലെയും ശ്രദ്ധ ആടയാഭരണങ്ങളുടെ കാര്യത്തില്‍ അല്‍പം കൂടി ആകാമായിരുന്നില്ലേ എന്ന സന്ദേഹത്തോടെ, ഇത്തരമൊരു സിനിമയ്ക്കുവേണ്ടി തുനിഞ്ഞിറങ്ങാന്‍ കാട്ടിയ ആര്‍ജ്ജവത്തിന് പൃഥ്വിരാജിനെ അഭിനന്ദിക്കട്ടെ. ഒപ്പം പ്രേക്ഷകസുഹൃത്തുക്കളോടൊരു അപേക്ഷയും-ഉറമി പോലുള്ള സിനിമകള്‍ വിജയിപ്പിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്. കണ്ട ക്രിസ്ത്യാനി സഹോദരങ്ങളെപ്പോലുള്ള യുകതി തൊട്ടുതീണ്ടാത്ത ചലച്ചിത്രാഭാസങ്ങള്‍ക്കുമുന്നില്‍ മസ്തിഷ്‌കം അടിയറവയ്ക്കുന്ന യുവതലമുറയെ വഴിതെളിച്ചുവിടാനും, അവര്‍ക്ക് കൂടുതല്‍ നല്ലത് അന്വേഷിക്കാനുള്ള പ്രചോദനമാകാനും അത് അത്യാവശ്യം കൂടിയാണ്‌



കണ്ടു മടുത്ത ദൃശ്യശൃംഖലകളില്‍ നിന്നുള്ള ആണ്‍കുട്ടികളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണ് ഈ സിനിമ. ഓഫ്ബീറ്റ് പന്ഥാവില്‍ മാത്രമല്ല, മുഖ്യധാരാശ്രേണിയിലും വേറിട്ട കാഴ്ചകള്‍ക്കിടമുണ്ടെന്ന് ഉറുമി സ്ഥാപിക്കുന്നു