Sunday, January 23, 2011

ഈ ശബ്ദത്തിനു മരണമില്ല

എന്നെ മാധ്യമപ്രവര്‍ത്തനരംഗത്തേക്കു കൈപിടിച്ചു നടത്തിയ ആള്‍ അനശ്വരനായി. ശബ്ദം കൊണ്ട് കോരിത്തരിപ്പിച്ച സതീഷ്ചന്ദ്രന്‍ സാറിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ നിശ്ശബ്ദ പ്രണാമം.
സതീഷ്ചന്ദ്രന്‍ അന്തരിച്ചു

ഈ ശബ്ദത്തിനു മരണമില്ല
മാതൃഭൂമി ദിനപ്പത്രം 23 ജനുവരി 2011

1980 കളുടെ അവസാനകാലം. തിരുവനന്തപുരത്തു നടക്കുന്ന നെഹ്രു ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും പെറുവും തമ്മിലുള്ള മത്സരത്തിന്റെ ദൃക്‌സാക്ഷി വിവരണമാണ്. 'കാലില്‍ പന്തുമായി വലതുവിങ്ങിലൂടെ ചാട്ടുളിപോലെ തോമസ് സെബാസ്റ്റ്യ ന്‍ അതാ മുന്നേറുകയാണ്. സമാന്തരമായിത്തന്നെ പാപ്പച്ചനുമുണ്ട്. പെനാല്‍റ്റി ബോക്‌സില്‍ വിജയന്‍ പമ്മി നില്‍ക്കുന്നു. തോമസില്‍നിന്ന് പന്ത് പാപ്പച്ചനിലേക്ക്.. അതാ വിജയന്റെ കൈവശം പന്ത് എത്തിക്കഴിഞ്ഞു. ഉഗ്രന്‍ ഷോട്ട്... ....ഗോള്‍... അല്ല... നേരിയ വ്യത്യാസത്തിന് പന്ത് പുറത്തേക്ക്' റേഡിയോ കമന്‍േററ്റര്‍ക്കൊപ്പം കേട്ടിരുന്നവരും ഒരേസമയം നിശ്വാസമുതിര്‍ത്തു. കസേരയുടെ അരികില്‍ ഇപ്പോള്‍ വീഴുമെന്ന നിലയില്‍ ഉദ്വേഗത്തോടെ ഇരിക്കുന്ന കേള്‍വിക്കാര്‍. സ്‌റ്റേഡിയത്തില്‍ നേരിട്ടു കളി കാണുന്നവര്‍ക്കുപോലും ഈ ആവേശമുണ്ടാവുമെന്നു തോന്നുന്നില്ല. അതു ജനിപ്പിക്കാന്‍ കഴിഞ്ഞത് ആ കമന്‍േററ്ററുടെ മികവാണ്. കളിയുടെ വേഗം വാക്കുകളില്‍ ആവാഹിക്കാന്‍ കഴിഞ്ഞ മികച്ച പ്രക്ഷേപകന്‍ സതീഷ് ചന്ദ്രന്‍. ശ്യാമളാലയം കൃഷ്ണന്‍ നായര്‍, നാഗവള്ളി ആര്‍.എസ്.കുറുപ്പ് എന്നിവര്‍ക്കു ശേഷം ആകാശവാണി സൃഷ്ടിച്ച സ്‌പോര്‍ട്‌സ് സ്റ്റാര്‍.

സതീഷ്ചന്ദ്രന്‍ മികവു പ്രകടിപ്പിച്ച പല മേഖലകളില്‍ ഒന്നു മാത്രമാണ് സ്‌പോര്‍ട്‌സ് കമന്ററി എന്നതാണ് വാസ്തവം. നാടകം, ഫീച്ചര്‍, റേഡിയോ ഡോക്യുമെന്ററി, കമന്ററി, ഫോണ്‍ ഇന്‍ പരിപാടി മൂന്നര പ്പതിറ്റാണ്ടുകാലത്തെ ആകാശവാണി സേവനത്തിനിടെ അദ്ദേഹത്തിന്റെ ശബ്ദം പതിയാത്ത മേഖലകള്‍ ചുരുക്കം. 'റേഡിയോ അമ്മാവന്‍' എന്ന കഥാപാത്രം മാത്രംമതി അദ്ദേഹത്തെ അനശ്വരനാക്കാന്‍. ഏതു നാടകത്തിലും നായകവേഷത്തിനായി സംവിധായകര്‍ മുഖ്യപരിഗണന നല്‍കിയിരുന്നത് സതീഷിനായിരുന്നുവെന്ന് ആകാശവാണിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും കോളേജ് കാലം മുതലുള്ള സുഹൃത്തുമായ രവീന്ദ്രന്‍ ചെന്നിലോട് ഓര്‍ത്തു. ഏതെങ്കിലും നാടകത്തില്‍ വേറൊരാള്‍ നായകനായാല്‍ സതീഷ് ചന്ദ്രനെ നായകനാക്കാത്തതെന്തെന്ന് ജനങ്ങള്‍ എഴുതിച്ചോദിക്കുന്ന അവസ്ഥപോലുമുണ്ടായിരുന്നു.

മനോഹരമായ ശബ്ദം സതീഷിന് വരദാനമായി ലഭിച്ചതാണ്. റൊമാന്റിക് രംഗങ്ങള്‍ യഥാര്‍ഥ ഭാവത്തോടെ ശ്രോതാക്കളില്‍ എത്തിക്കാന്‍ അദ്ദേഹമതു പ്രയോജനപ്പെടുത്തി. കേള്‍ക്കുമ്പോഴും നാടകം കാണുന്ന പ്രതീതി. ശബ്ദത്തിലൂടെ ദൃശ്യങ്ങള്‍ സൃഷ്ടിച്ചിരുന്ന മാന്ത്രികന്‍. തന്റെ കഥാപാത്രങ്ങള്‍ സദാ സന്തുഷ്ടരായിരിക്കണമെന്ന നിര്‍ബന്ധമായിരുന്നു സതീഷിന്. ദുഃഖ കഥാപാത്രം അദ്ദേഹത്തിന് എടുക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിലും ആ സന്തോഷം കാത്തുസൂക്ഷിച്ചു. ദുഃഖിതനായി ഒരിക്കല്‍പ്പോലും സതീഷ്ചന്ദ്രനെ കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ സാക്ഷ്യപത്രം. പ്രമേഹം വന്ന്കാല്‍ മുറിക്കേണ്ടിവരുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴും ഹൃദ്രോഗബാധയുണ്ടായപ്പോഴും വൃക്കരോഗം ബാധിച്ചപ്പോഴുമൊന്നും സതീഷിനെ ദുഃഖം ബാധിച്ചില്ല. എന്തു പറഞ്ഞാലും നര്‍മമാണ്, അവസാനം വരെയും.

സതീഷ് ആരോടും പിണങ്ങിയിരുന്നില്ല. പിണങ്ങേണ്ടി വരുന്ന എന്തെങ്കിലും കാര്യം മുന്നില്‍ വരികയാണെങ്കില്‍ അദ്ദേഹം അതേല്‍ക്കില്ല. സൗഹൃദങ്ങള്‍ക്ക് അങ്ങേയറ്റം വില കല്പിച്ചു. അതില്‍ വലിപ്പച്ചെറുപ്പങ്ങളില്ല. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആരും മറക്കാത്തത്ര ഹൃദ്യമായ പെരുമാറ്റം. ആകാശവാണിയിലെ 'മോസ്റ്റ് പോപ്പുലര്‍ ആര്‍ട്ടിസ്റ്റ്' എന്ന പദവി സതീഷ്ചന്ദ്രനു സ്വന്തം. റേഡിയോ സ്‌റ്റേഷനില്‍ മറ്റാവശ്യങ്ങള്‍ക്കു ചെല്ലുന്ന ഒട്ടുമിക്കവരും ഇങ്ങനെ ചോദിക്കാറുണ്ട് 'സതീഷ് ചന്ദ്രന്‍ സാറ് എവിടെയാ ഇരിക്കുന്നേ? ഒന്നു പരിചയപ്പെടാനാ...' അങ്ങനെ പരിചയപ്പെടുന്നവര്‍ വീണ്ടും വന്നു, സുഹൃത്തായി.

No comments: