Saturday, February 27, 2010

പൊറാട്ടുനാടകത്തിനൊടുവില്‍

ലയാളസിനിമയിലെ ഊരുവിലക്കിനെച്ചൊല്ലി ഒരു വലിയ പൊറാട്ടുനാടകം, കേരളത്തില്‍ ഇന്നോളം അരങ്ങേറിയ സമാന സാംസ്കാരിക നാടകങ്ങളെപ്പോലെതന്നെ സ്വാഭാവികമായ പരിസമാപ്തിയിലെത്തുകയാണ്. ആത്മവിശ്വാസക്കുറവിന്റെയും വര്‍ഷങ്ങളിലൂടെ ഉള്ളിലിട്ടു തികട്ടിയ വര്‍ഗ്ഗീയവിഷത്തിന്റെയും ബഹിര്‍സ്ഫുരണങ്ങളുമായി തിലകന്‍ രംഗപ്രവേശം ചെയ്തതോടുകൂടായാണ് നാടകത്തിന്റെ നാന്ദി കുറിച്ചത്. വര്‍ഷങ്ങള്‍ക്കുമുമ്പ്, കേരളത്തില്‍ ഒരു പാവം പത്രപ്രവര്‍ത്തകനെതിരേ തിലകന്‍ നല്‍കിയ കേസില്‍, സ്വന്തം സുഹൃത്തുകൂടിയായ ആ മാധ്യമപ്രവര്‍ത്തകനോടു വിശ്വാസവഞ്ചനകാട്ടി തിലകനു വേണ്ടി സാക്ഷിപറയാന്‍ കോടതിയിലെത്തിയ മമ്മൂട്ടിക്കെതിരായിരുന്നു അദ്ദേഹത്തിന്റെ ഗ്വോഗ്വാ.
ഉടന്‍ സാംസ്കാരിക കേരളം ഉണര്‍ന്നെണീറ്റു. മാധ്യസ്ഥന്‍മാരുടെ റിലേ റാലി. കേരളത്തിലെ ഏതു സാമൂഹിക കൈകടത്തിലിനെതിരേയും ആഞ്ഞടിക്കുന്ന ഡോ.സുകുമാര്‍ അഴീക്കോട് സജീവമായി. പ്രായത്തിന്റെ വിവേകം നല്‍കിയ പക്വതയുമായി ജ. വി. ആര്‍.കൃഷ്ണയ്യര്‍ പറഞ്ഞതൊന്നും അദ്ദേഹത്തിന്റെ ചെവിയല്‍ പതിഞ്ഞില്ല. എന്നും തന്നെ സുകുമാരന്‍ എന്നു മാത്രം സംബോധനചെയ്യുന്ന കണ്ണൂരിലെ പുലി ടി.പത്മനാഭന്റെ ആക്രമണവും അദ്ദേഹം കണക്കിലെടുത്തില്ല.പല്ലു പോയാലും സിംഹംസിംഹം തന്നെയാണല്ലോ. എന്നാല്‍ അനവസരത്തിലും അസമയത്തിലുമുള്ള ആ ഗര്‍ജ്ജനം സൊമാലിയയിലെ പുലിയുടേതിനു സമമാണെന്ന വകതിരിവില്ലാതെപോയി സുകുമാര്‍ അഴീക്കോടിന്. മോഹന്‍ലാലിന്റെ വിഗ്ഗിലും മേയ്ക്കപ്പിലും മാത്രമല്ല, അദ്ദേഹത്തിന്റെ പിതൃസ്വത്തില്‍ വരെയെത്തി അഴീക്കോടിന്‍റെ സാംസ്കാരികദൃഷ്ടി. ലാല്‍ പരസ്യത്തിലഭിനയിക്കുന്നതിനെ വിമര്‍ശിച്ച പിണറായി വിജയന്റെ ഈ ഉറ്റ അനുഗാമി, പക്ഷേ കലണ്ടര്‍ മനോരമ തന്നെ എന്നാവര്‍ത്തിക്കുന്ന തിലകനെയും, കല്യാണ്‍ ഗ്രൂപ്പിനായി അഴകിയരാവണവേഷമണിഞ്ഞ മമ്മൂട്ടിയേയും സൌകര്യപൂര്‍വം വിസ്മരിച്ചു.(അനാവശ്യമായതു മറക്കുകയും ആവശ്യമായതു പൊലിപ്പിക്കുകയുമാണല്ലോ ഇടതുപക്ഷ സംസ്കാരം എന്നാവും അഴീക്കോടന്‍ തീസസ്).
ഇന്നസെന്റില്‍ നിന്നോ, മോഹന്‍ലാലില്‍ നിന്നോ ബി.ഉണ്ണികൃഷ്ണനില്‍ നിന്നോ പ്രതീക്ഷിക്കാത്തതില്‍ പലതും സാംസ്കാരികകേരളം എന്തോ കാരണം കൊണ്ട് സുകുമാര്‍ അഴീക്കോടില്‍ നിന്നു പ്രതീക്ഷിച്ചുപോയി. പക്വതയെന്നോ വകതിരിവെന്നോ വിളിക്കാവുന്ന എന്തോ ചിലത്. അത് അബദ്ധധാരണയായിരുന്നെന്ന് വൈകിയാണെങ്കിലും അദ്ദേഹം തെളിയിക്കുകയും ചെയ്തു. വ്യക്തിഹത്യയോളം നീണ്ട അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ മോഹന്‍ലാലിന്റേയോ ഇന്നസെന്റിനേയോ വെല്ലുന്നവിധം മാനനഷ്ടവ്യവഹാരസാധ്യതയുള്ളതായിരുന്നെന്ന് അദ്ദേഹമറിഞ്ഞില്ലെങ്കിലും കേരളത്തിലെ സംസ്കാരമുള്ളവര്‍ അറിഞ്ഞിട്ടുണ്ടാവും.
എല്ലാം കഴിഞ്ഞപ്പോള്‍, ഒരു സംശയം ബാക്കി. അറിവില്ലാത്തവര്‍ വിവരദോഷം പറഞ്ഞാല്‍ അവരുടെ അതേ ഭാഷയില്‍ മറുപടി പറയുന്നതാണോ, അതിനെ അര്‍ഹിക്കുന്ന വിധത്തില്‍ അവഗണിക്കുകയും സ്വന്തം നിലവാരം മൌനത്തിലൂടെ, പാകതയാര്‍ന്ന പ്രതികരണത്തിലൂടെ കാത്തുസൂക്ഷിക്കുന്നതാണോ സംസ്കാരം? കഥയ്ക്കിടയില്‍ ചോദ്യമില്ലെന്നതുപോലെ, ഈ ചോദ്യത്തിനിടയില്‍ ഉത്തരവുമില്ല. ഹ ഹ ഹ.
മറ്റൊരു സന്ദേഹം കൂടി ഇത്തരുണത്തില്‍ പ്രസക്തമാണെന്നു തോന്നുന്നു. അതും ദൌര്‍ഭാഗ്യവശാല്‍ സാംസ്കാരികകേരളത്തെ ഒന്നുലച്ച ഒരു സമകാലിക വിവാദത്തെക്കുറിച്ചുള്ളതുതന്നെ. തിലകനെ വിലക്കിയതേയുള്ളൂ. തിലകന്‍ ആരോപിക്കുന്നതു ശരിയാണെങ്കില്‍ കൈവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും സമ്മതിക്കാം. എന്നാല്‍ കേരളത്തിന് പൊതുവേ സമ്മതിച്ചുകൊടുക്കാന്‍ മടിയുളള ചില സത്യാവസ്ഥകളെ മുഖം നോക്കാതെ വ്യക്തമാക്കിയതിന്റെ പേരില്‍ സഖറിയയ്ക്കെതിരേ കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക പോലീസുകാര്‍ ശരിക്കും കൈവച്ചപ്പോള്‍ ഈ സാംസ്കാരിക പുലി-സിംഹങ്ങള്‍ക്ക് ഒച്ചയടപ്പായിരുന്നോ? അതോ എന്റെ കേള്‍വിക്കുറവാണോ എന്നറിയില്ല, ആരുടേയും ഗര്‍ജ്ജനം പോയിട്ട് ഓരിയിടല്‍ പോലും കേട്ടതായി ഓര്‍ക്കുന്നില്ല!
വിവാദം നടക്കുന്ന കാലത്തോ, അത് ആളിപ്പടര്‍ന്ന കാലത്തോ പ്രതികരിക്കാന്‍ മടിച്ചവരാണ് മലയാള സിനിമയിലുള്ള ഭൂരിപക്ഷവും. കാരണമുണ്ട്. കാരണവസ്ഥാനമുള്ള രണ്ടു മുഴുക്കിഴവന്‍മാര്‍ ഇടപെട്ട വിവാദനാടകത്തില്‍ സ്വന്തം മനഃസാക്ഷിക്കുനിരക്കുന്നതായാലും എന്തെങ്കിലും സത്യം വിളിച്ചുപറഞ്ഞുപോയാല്‍ കാരണവന്മാരുടെ പച്ചത്തെറി കേട്ടാലോ. എന്തിനാ വെറുതെ വീട്ടിലുള്ളവരെയും, മരിച്ചുപോയ സ്വന്തക്കാരെയും പോലും ഇവരുടെ തെറിയഭിഷേകം കേള്‍പ്പിക്കുന്നു? മൌനം വിദ്വാന്മാര്‍ക്കു ഭൂഷണം. ഇവിടെ മറ്റൊരുസംശയം. സ്വന്തം അഭിപ്രായം പറയാന്‍ തെറിഭീഷണി മുഴക്കുന്നതും, ആ ഭീഷണിയെപ്പേടിച്ച്, അഭിപ്രായസ്വാതന്ത്യ്രം പോലും വേണ്ട എന്നു വയ്ക്കുന്നതിലുമില്ലേ സാംസ്കാരിക ഫാസിസം? ഇതും ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യം.
സംഗതി, ബജറ്റിനും, പെട്രോള്‍ വിലവര്‍ധനയ്ക്കുമടക്കമുള്ള മറ്റൊരാഘോഷം വരുംവരെയുള്ള ഇടവേളയില്‍, മാധ്യമങ്ങള്‍ക്ക് ഉത്സവമായെങ്കിലും, ഈ വിവാദങ്ങള്‍ക്കിടയിലും, സാംസ്കാരികകേരളം തിരിച്ചറിയാതെ അവശേഷിക്കുന്ന മറ്റൊന്നുണ്ട്. മൈ നെയിം ഈസ് ഖാന്റെയും വാരണം ആയിരത്തിന്റെയും അവതാറിന്റെയും ദിഗ്വിജയങ്ങള്‍ക്കിടെ മലയാളസിനിമ എങ്ങോ അപ്രസക്തമാകുന്നു എന്നുള്ളതാണത്. ചില പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെയും അവര്‍ നേതൃത്വം നല്‍കുന്ന അച്ചുതണ്ടുകള്‍ക്കും ചുറ്റും മാത്രം വട്ടം ചുറ്റി വഴിതെറ്റുന്ന മലയാള സിനിമ ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റിലായിട്ട് കാലം കുറച്ചായി. അതിന്റെ നാഡീസ്പന്ദനവും, രക്തയോട്ടവും, മസ്തിഷ്കപ്രവര്‍ത്തനവും, കരള്‍-വൃക്കകളും മന്ദതാളത്തിലായിട്ടോ താളം തെറ്റിയിട്ടോ നാളേറെയായി. അതു നേരെയാക്കാനുള്ള ചികിത്സയോ സുഖചികിത്സയോ ആരും, ഒരു സാംസ്കാരികനായകനും നാളിതുവരെ നിര്‍ദ്ദേശിച്ചു കണ്ടില്ല. എന്തിന് അതെപ്പറ്റി പരിതപിച്ചുപോലും കണ്ടില്ല.
വിവാദമുണ്ടാക്കിയവരും, വ്യക്തമായ അജന്‍ഡയോടെ, ചിലരെ മുന്നില്‍ നിര്‍ത്തി വിവാദം കത്തിച്ചു ചൂടാക്കി, സ്വന്തം ലക്ഷ്യം കണ്ടവരും, കറുത്ത അജന്‍ഡകള്‍ക്ക് അറിഞ്ഞോ അറിയാതെയോ ചട്ടുകമായി നിന്നുകൊടുത്തവരും ഓര്‍ക്കാതെപോയ സത്യം ഒന്നുമാത്രം-സിനിമയുണ്ടെങ്കിലേ താരങ്ങളുള്ളൂ. സംഘടനകളുള്ളൂ. വിവാദങ്ങള്‍ക്കു വിദൂര സാധ്യതപോലുമുള്ളൂ. സ്വന്തം മകളുടെ താലിയറ്റാലും ശരി മരുമകന്റെ തലപോയിക്കണ്ടാല്‍ മതി എന്ന നിലപാടില്‍ അത്രയേറെ ഇന്നസെന്‍സ് കാണാനാവുന്നില്ല. അത്, കൌശലത്തിന്റെ മൌനാവരണമണിഞ്ഞ മമ്മൂട്ടിയുടേതായാലും ശരി, വായില്‍ വന്നതു പറഞ്ഞുപോയ മോഹന്‍ലാലിന്റെയോ ഗണേഷ്കുമാറിന്റെയോ ആയാലും ശരി. ഈ അധരവ്യായാമങ്ങള്‍ സിനിമയെ ഐ.സി.യു വില്‍ നിന്ന് ശ്മശാനത്തിലേക്കെടുക്കുകയേ ഉള്ളൂ എന്നോര്‍മിച്ചാല്‍ നന്ന്.
for more reading

5 comments:

Unknown said...

two thumbs up!

Sapna Anu B.George said...

ചന്രശേഖർജി,ഒരു മുൻകൂർജാമ്യത്തോടെ പത്രസമ്മേളനം നടത്തിയ അഴിക്കോട് പറഞ്ഞകാര്യം എന്തെ വിട്ടുപോയി? “സെക്രട്രിയേറ്റിലെ ഔർ വലിയ ഉദ്യോഗസ്ഥൻമോഹൻലാലിന്റെയും പ്യാരിലാലിന്റെയും സ്വത്തുവിവരങ്ങളെപ്പറ്റി വിളിച്ചുപറഞ്ഞ ഒരു വിവരം അടിസ്ഥാനരഹിതമാണെങ്കിൽമാപ്പു ചോദിച്ചുകൊണ്ട്, ഞാൻ ചോദിക്കട്ടെ”!!!!!സുകുകാർ അഴിക്കോട് കഥകളുടെയും കവിതകളുടെ ഉച്ചകോടിയിൽ എത്തിനിൽക്കുന്ന,കേരളം എന്ന വിശേഷണത്തിന്റെ കൂടെ,എഴുതിച്ചേർക്കപ്പെടുന്ന പേരുകൾ!!!ഇനി സാഹിത്യലോകവും കൈവിട്ടു പോകുകയാണോ!!!

A.Chandrasekhar said...

തിലകനെ "അമ്മ "സസ്പെന്ഡ് ചെയ്തു..തിലകന് സമാന്ദര സംഘടന ഉണ്ടാക്കുന്നു.
AMMA (THI) ENNAAVUMO.ATHO A(HA)MMA(THI) ENNO
ചോദിക്കുന്നത് എന്റെ ചങ്ങ്ങ്ങാതി ജയദേവന്‍

Sahani R. said...

തിലകനോളം അഭിനയമികവുള്ളവരും ഇല്ലാത്തവരുമായ പലര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുകയോ തഴയപ്പെടുകയോ ചെയ്യുന്നത് സിനിമയില്‍ പുതുമയല്ല. സിനിമയുടെ പ്രമേയം, കഥാപാത്രത്തിന്റെ ഘടന, പ്രേക്ഷകന്റെ അഭിരുചി തുടങ്ങിയവ ഇന്ന് എല്ലാ സങ്കല്പങ്ങള്‍ക്കും മേലെയാണ്. സിനിമ അതിന്റെ നിലനില്പിനായി കേഴുകയും പൊരുതുകയും ഒക്കെ ചെയ്യുമ്പോള്‍ ഫലിതബിന്ദുക്കളായി ചിലര്‍ വേണ്ടേ. കൊട്ടിഘോഷിക്കാന്‍ ചാനല്‍പ്പടയുമുണ്ടെങ്കില്‍ കാഴ്​ചസുഖം ഒന്നു വേറെ. മലയാളിയുടെ ഈ സതിലകനോളം അഭിനയമികവുള്ളവരും ഇല്ലാത്തവരുമായ പലര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുകയോ തഴയപ്പെടുകയോ ചെയ്യുന്നത് സിനിമയില്‍ പുതുമയല്ല. സിനിമയുടെ പ്രമേയം, കഥാപാത്രത്തിന്റെ ഘടന, പ്രേക്ഷകന്റെ അഭിരുചി തുടങ്ങിയവ ഇന്ന് എല്ലാ സങ്കല്പങ്ങള്‍ക്കും അതീതമാണ്. സിനിമ അതിന്റെ നിലനില്പിനായി കേഴുകയും പൊരുതുകയും ഒക്കെ ചെയ്യുമ്പോള്‍ ഫലിതബിന്ദുക്കളായി ചിലര്‍ വേണ്ടേ. കൊട്ടിഘോഷിക്കാന്‍ ചാനല്‍പ്പടയുമുണ്ടെങ്കില്‍ കാഴ്​ചസുഖം ഒന്നു വേറെ. മലയാളിയുടെ ഈ സൌഭാഗ്യങ്ങളെ എന്തിനാണ് എഴുതിക്കൊല്ലുന്നത്.
തനിയെ കൊഴിയാത്ത പൂക്കളില്ല, പിച്ചിമാന്താനും നുള്ളിനോവിക്കാനും ഇവരൊക്കെ നിന്നുതരുന്നത് ഒരൌദ്യാര്യമാണെന്നു കരുതുക. കിഴവന്മാരെന്നു പറഞ്ഞു അധിക്ഷേപിക്കുന്നത് ഉള്ളറിഞ്ഞാണോ. മുതിര്‍ന്നവര്‍ക്ക് മുന്നില്‍ നേരെ നില്​ക്കാന്‍ പോലും ധൈര്യമില്ലാത്ത ഒരു സാസ്​കാരികപൈതൃകത്തിന്റെ പിന്തുടര്‍ച്ചക്കാരല്ലേ നമ്മള്‍. ശരിതെറ്റുകളുടെ കണക്കെടുക്കുമ്പോള്‍ എത്ര ശരികളെയാണ് നാം തെറ്റായി കണ്ടതും കേട്ടതും വിശ്വസിച്ചതും, മറിച്ചും. രാമനാമം ജപിക്കാന്‍ വയസ്സറിയിക്കേണ്ട മലയാളജന്മങ്ങളെ സ്​തുതിച്ചുകൊണ്ട് ഞാനെന്റെ കൂട്ടില്‍ത്തന്നെ വിസര്‍ജ്ജിക്കാം.സൌഭാഗ്യങ്ങളെ എന്തിനാണ് എഴുതിക്കൊല്ലുന്നത്.
തനിയെ കൊഴിയാത്ത പൂക്കളില്ല, പിച്ചിമാന്താനും നുള്ളിനോവിക്കാനും ഇവരൊക്കെ നിന്നുതരുന്നത് 'ഒരൌദ്യാര്യ'മാണെന്നു കരുതുക. കിഴവന്മാരെന്നു പറഞ്ഞു അധിക്ഷേപിക്കുന്നത് ഉള്ളറിഞ്ഞാണോ. മുതിര്‍ന്നവര്‍ക്ക് മുന്നില്‍ നേരെ നില്​ക്കാന്‍ പോലും ധൈര്യമില്ലാത്ത ഒരു സാംസ്കാരികപൈതൃകത്തിന്റെ പിന്തുടര്‍ച്ചക്കാരല്ലേ നമ്മള്‍. ശരിതെറ്റുകളുടെ കണക്കെടുക്കുമ്പോള്‍ എത്ര ശരികളെയാണ് നാം തെറ്റായി കണ്ടതും കേട്ടതും വിശ്വസിച്ചതും, മറിച്ചും. രാമനാമം ജപിക്കാന്‍ വയസ്സറിയിക്കേണ്ട മലയാളജന്മങ്ങളെ സ്​തുതിച്ചുകൊണ്ട് ഞാനെന്റെ കൂട്ടില്‍ത്തന്നെ വിസര്‍ജ്ജിക്കാം.

Alby said...
This comment has been removed by the author.