Friday, January 30, 2026

മലയാള ചലച്ചിത്ര നിരൂപണത്തിന്റെ പ്രസക്തി

Kalakaumudi 2026 January 25-February 1


എ.ചന്ദ്രശേഖര്‍


(മുതിര്‍ന്ന ചലച്ചിത്ര നിരൂപകന്‍ എം.എഫ് തോമസിന്റെ എണ്‍പതാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് മാധ്യമപഠനകേന്ദ്രം തിരുവനന്തപുരത്തു സംഘടിപ്പിച്ച മലയാള ചലച്ചിത്ര നിരൂപണത്തിന്റെ പ്രസക്തി എന്ന സെമിനാറിലെ അവതരണത്തിന്റെ ലേഖനരൂപം)

മലയാള ചലച്ചിത്രനിരൂപണസാഹിത്യത്തിന്റെ പരിണാമഗതിയെ രണ്ടുള്‍പ്പിരിവുകളായി പരിഗണിക്കാം. ആശയവിനിമയോപാധികള്‍ കുറവായിരുന്ന വിവരവിനിമയസംവിധാനങ്ങളുടെ പ്രവേഗം തീരെ കുറവായിരുന്ന അറുപതുകളിലും എഴുപതുകളിലും അച്ചടിമാധ്യമങ്ങളിലൂടെ അനുശീലിച്ചുവന്ന ചരിത്രാലേഖനധാരയാണൊന്ന്. ഇനിയൊന്ന് പുസ്തകനിരൂപണമാതൃകയില്‍ ചലച്ചിത്രങ്ങളെ, പ്രധാനമായും അവയുടെ പ്രമേയത്തെയും ഇതിവൃത്തത്തെയും സാഹിത്യവിമര്‍ശനോപാധികളുടെ സഹായത്തോട നിരൂപണത്തിനും വിമര്‍ശനത്തിനും വിധേയമാക്കിക്കൊണ്ടുള്ള എഴുത്തുവഴിയാണ്. മാതൃഭൂമിയിലെ ചിത്രശാലയൊക്കെ അതിന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന പംക്തികളും.


ലോക സിനിമാസംരംഭങ്ങളെക്കുറിച്ച് താരതമ്യേന വളരെ കുറച്ചു മാത്രം അറിവുണ്ടായിരുന്ന കാലത്ത് വിദേശ പുസ്തകങ്ങളില്‍ നിന്നും അച്ചടിമാധ്യമങ്ങളില്‍ നിന്നും എഴുപതുകളുടെ ഉത്തരാര്‍ധത്തില്‍ കേരളത്തില്‍ ആഴത്തില്‍ വേരോട്ടം തുടങ്ങിയ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഫലമായുടലെടുത്ത ദൃശ്യസാക്ഷരതയുടെ ഫലമായും ഒക്കെ വിശ്വസിനിമാ മുന്നേറ്റങ്ങളെയും ചലച്ചിത്രപ്രസ്ഥാനങ്ങളെയും പറ്റിയൊക്കെ മലയാളത്തില്‍ ധാരാളം എഴുത്തുകളുണ്ടായി. നാദിര്‍ഷയും വിജയകൃഷ്ണനും എം.എഫ് തോമസുമൊക്കെ ആ ധാരയെ ബഹുദൂരം മുന്നോട്ടു കൊണ്ടുപോയവരാണ്. കോഴിക്കോടനിലൂടെ സിനിമാനിരൂപണശാഖയും പിന്നീട് ജനപ്രീതിയാര്‍ജ്ജിച്ചു. മൊണ്ടാഷും ജംപ് കട്ടുമടക്കം ചലച്ചിത്രത്തിന്റെ സാങ്കേതികസവിശേഷതകളെയും വിജയകൃഷ്ണനും മറ്റും വിശദമായി മലയാളപ്രേക്ഷകനു പരിചയപ്പെടുത്തിത്തന്നു. ക്‌ളാസിക് സിനിമകളിലധികവും നമുക്ക് സ്വന്തമെന്നോണം പരിചയമായത് അവരുടെ ലേഖനങ്ങളിലൂടെയാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു മലയാളി ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ പുരസ്‌കാരം നേടുന്നതും കേരളത്തില്‍ ചലച്ചിത്രനിരൂപണത്തിനും പുസ്തകത്തിനും പുരസ്‌കാരം ഏര്‍പ്പെടുത്തിയ വര്‍ഷം മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ അതേറ്റുവാങ്ങി റെക്കോര്‍ഡിട്ടതും വിജയകൃഷ്ണനാണ്(ചലച്ചിത്രസമീക്ഷ).എം.എഫ് തോമസിന്റെ ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ പുസ്തകങ്ങളും അന്നത്തെ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഗൗരവമായി സിനിമയെ സമീപിക്കുന്ന പ്രേക്ഷകര്‍ക്കും എത്രമേല്‍ ആശ്രയമായിരുന്നുവെന്ന് അവ നേടിയ ജനപ്രീതി സാക്ഷ്യപ്പെടുത്തും. വിശ്വചലച്ചിത്രകാരനായ അടൂര്‍ഗോപാലകൃഷ്ണനെ ഒരു സിനിമാഗ്രന്ഥരചയിതാവായി അവതരിപ്പിക്കുന്നതും അതിനദ്ദേഹത്തിനു ദേശീയ ബഹുമതി നേടിക്കൊടുക്കുന്നതും എം.എഫ്.തോമസ് കൂടി എഡിറ്ററായി സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സിനിമയുടെ ലോകം എന്ന ലേഖനസമാഹാരത്തിലൂടെയാണ്.  മണര്‍കാട് മാത്യുവിനെയും(ചലച്ചിത്ര സ്വരൂപം) ചിന്ത രവിയേയും(സിനിമയുടെ രാഷ്ട്രീയം), കള്ളിക്കാട് രാമചന്ദ്രനെയും (ലോകസിനിമ ഒരു മുഖദര്‍ശനം) കെ വേലപ്പനെയും(സിനിമയും സമൂഹവും) എസ് ജയചന്ദ്രന്‍ നായരെയും(കാഴ്ചയുടെ സത്യം) പോലെ ചില മാധ്യമപ്രവര്‍ത്തകരും സിനിമയെപ്പറ്റി സഗൗരവം മലയാളത്തില്‍ നിരന്തരം എഴുതുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

സൗന്ദര്യശാസ്ത്രപരമായി കലാസിദ്ധാന്തങ്ങളുടെ പിന്തുണയോടെ ഒരു സിനിമയെ അല്ലെങ്കില്‍ പല സിനിമകളെ ഇഴകീറി വിശകലനം ചെയ്യുകയും അതിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രസക്തി പരിശോധിക്കുകയും ചെയ്യുന്നവിധം ഉള്‍ക്കാഴ്ചയുള്ള ചലച്ചിത്രപഠനശാഖയ്ക്ക് തുടക്കമാവുന്നത് ഡോ. വി രാജകൃഷ്ണനിലാണെന്നു പറയാം. കാഴ്ചയുടെ അശാന്തി എന്ന പുസ്തകമാണ് ഈ വഴിക്ക് പുതിയ വിഹായസുകള്‍ തുറന്നിട്ടത്. തുടര്‍ന്ന് ഐ ഷണ്‍മുഖദാസ് (മലകളില്‍ മഞ്ഞുപെയ്യുന്നു) ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവും മലയാളം സര്‍വകലാശാലയിലെ സിനിമാപഠനവിഭാഗം സ്ഥാപകമേധാവിയുമായ മധു ഇറവങ്കര (മലയാള സിനിമയും സാഹിത്യവും) തുടങ്ങി പലരും ഈ രംഗത്തേക്ക് ഗവേഷണബുദ്ധിയോടെ കടന്നുവന്നു. ഇവയില്‍ രാജകൃഷ്ണന്റെയും ഷണ്മുഖദാസിന്റെയും ഗ്രന്ഥങ്ങളും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ എം.എഫ്.തോമസ് എഡിറ്ററായിത്തന്നെയാണ് സാക്ഷാത്കരിക്കപ്പെട്ടത്. തുടര്‍ന്ന് സാംസ്‌കാരിക/മാധ്യമ/രാഷ്ട്രീയ/സ്വത്വ/ലിംഗ/സാമൂഹിക സിദ്ധാന്തങ്ങളും മാനദണ്ഡങ്ങളുമുപയോഗിച്ച് സിനിമയെ ഇഴകീറി പഠിക്കുന്ന ഗൗരവമുള്ള ഗവേഷണപ്രബന്ധങ്ങളുണ്ടായി. വൈകാതെ സര്‍വകലാശാലാ തലത്തിലും സ്‌കൂള്‍ത്തലത്തിലും സിനിമ പഠനവിഷയവുമായി. ഡോ സി എസ് വെങ്കിടേശ്വരന്‍(സിനിമയുടെ ഭാവനാദേശങ്ങള്ഡ) പി.കെ സുരേന്ദ്രന്‍(ആഖ്യാനത്തിന്റെ പിരിയന്‍ ഗോവണികള്‍), കെ.ഗോപിനാഥന്‍(സിനിമയും സംസ്‌കാരവും) തുടങ്ങിയവര്‍ സാമൂഹിക-സാംസ്‌കാരികപഠനങ്ങളില്‍ ശ്രദ്ധിച്ചപ്പോള്‍ വി കെ ജോസഫ്(സിനിമയും പ്രത്യയശാസ്ത്രവും), ജി പി രാമചന്ദ്രന്‍(സിനിമയും മലയാളിയുടെ ജീവിതവും) തുടങ്ങിയവര്‍ സിനിമയുടെ രാഷ്ട്രീയ വായനകള്‍ നടത്തി.

ഡോ അരവിന്ദന്‍ വല്ലച്ചിറ(ആത്മനിന്ദയുടെ പൂക്കള്‍),ഡോ.ഷിറാസ് ഖാന്‍(നല്ല സിനിമ നല്ല സമൂഹം), എം.സി രാജനാരായണന്‍, (സിനിമ വേറിട്ട വഴികള്‍), ഡോ സുധ വാര്യര്‍(അനുകല്‍പനത്തിന്റെ ആട്ടപ്രകാരം), ഡോ. പി.എസ് രാധാകൃഷ്ണന്‍(ചരിത്രവും ചലച്ചിത്രവും-ദേശീയഭാവനയുടെ ഹര്‍ഷമൂല്യങ്ങള്‍), ഡോ ജോസ് കെ മാനുവല്‍(തിരക്കഥാസാഹിത്യം-സൗന്ദര്യവും പ്രസക്തിയും), ഡോ എന്‍ പി സജീഷ്(ശലഭച്ചിറകുകള്‍ കൊഴിയുന്ന ചരിത്രശിശിരത്തില്‍), എ.ചന്ദ്രശേഖര്‍ (ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍),ഡോ.കെ പി ജയകുമാര്‍(ജാതിവ്യവസ്ഥയും മലയാള സിനിമയും), ഡോ അജു കെ നാരായണന്‍ (സിനിമ മുതല്‍ സിനിമ വരെ), പി.ജി സദാനന്ദന്‍(സിനിമയടെ നീതിസാരം), കെ ബി വേണു(കെ.ജി.ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍) പി.എസ്.പ്രദീപ്(സ്വയംവരം മുതല്‍ സ്വം വരെ), വി വിജയകുമാര്‍ (നിണമണിയിച്ച നിഴലുകള്‍), ജോണി എം എല്‍ (നായകനിര്‍മ്മിതുയുടെ രാഷ്ട്രീയം), ഡോ. ആര്‍ വി എം ദിവാകരന്‍ ( കഥയും തിരക്കഥയും),അനില്‍കുമാര്‍ തെരുവോത്ത് (സിനിമയും സാങ്കേതികവിദ്യയും) തുടങ്ങിയവര്‍ സിനിമയുടെ മാധ്യമപരവും സൗന്ദര്യശാസ്ത്രപരവും സാങ്കേതികവുമായ സവിശേഷതകളെ സൈദ്ധാന്തികപിന്തുേെയാടെ വിചിന്തനം ചെയ്യുന്നു. പുതുതലമുറയില്‍ രാകേഷ് നാഥ്(വര്‍ത്തമാനസിനമയുടെ വര്‍ത്തമാനങ്ങള്‍), ബ്‌ളെയ്‌സ് ജോണി, അന്‍വര്‍ അബ്ദുള്ള(റിവേഴ്‌സ് ക്‌ളാപ്പ്), കെ.സി ജിതിന്‍(എഴുത്തിലെ ദൃശ്യങ്ങള്‍-ഉത്തരം മുതല്‍ ജെല്ലിക്കെട്ട് വരെ), ഡോ രാജേഷ് കെ എരുമേലി(കാഴ്ചയുടെ അപരലോകങ്ങള്‍), ഡോ എം.ആര്‍ രാജേഷ്( മലയാള സിനിമ-അനുവര്‍ത്തനത്തിന്റെ സംസ്‌കാര പഠനം), ഡോ രശ്മി, ഡോ.അനില്‍കുമാര്‍(വെള്ളിത്തിരയുടെ രാഷ്ട്രീയം), സുധീര്‍ പരമേശ്വരന്‍(അടൂരിന്റെ എലിപ്പത്തായം) തുടങ്ങിയവരാവട്ടെ മറുവായന, ദലിത്/സ്ത്രീവാദ/ക്വിര്‍ പൊളിറ്റിക്‌സ് തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മലയാള സിനിമകളെ വിമര്‍ശനവായനയ്ക്കു വിധേയമാക്കി. ഡോ.എം ജയരാജ്(മലയാള സിനിമ പിന്നിട്ട വഴികള്‍), ഡോ മീന ടി പിള്ളയേയും ഡോ.ശ്രീദേവി പി അരവിന്ദിനെയും ഡോ.പി ഗീതയേയും, ജെ ഗീതയേയും ദിവ്യ എസ് കേശവനേയും സി എസ് മീനാക്ഷിയേയുംപോലുള്ള വനിതകളും ഡോ പി കെ.രാജശേഖരനെപ്പോലുള്ള സാഹിത്യനിരൂപകരും സിനിമയെ ഗൗരവമായി പഠിക്കാനും ഗ്രന്ഥരൂപത്തില്‍ അപഗ്രഥിക്കാനും ശ്രമിക്കുന്നു. ഇതിന്റെയൊക്കെ പരിണതഫലമായി ഇന്നിപ്പോള്‍ ചലച്ചിത്രനിരൂപണം ബഹുശാഖാ സാംസ്‌കാരിക പഠനമായി രൂപവും ഭാവവും മാറിക്കഴിഞ്ഞു. നവഭാവുകത്വ നിരൂപണപഠനഗ്രന്ഥങ്ങളുമായി ധാരാളം പുതുമുഖങ്ങളും ചലച്ചിത്രഗ്രന്ഥരചയിലേക്ക് അനുദിനം കടന്നുംവരുന്നു.

ഇത്രയും ആമുഖമായി സൂചിപ്പിച്ചുകൊണ്ട് മലയാളത്തിലെ ചലച്ചിത്ര നിരൂപണത്തിന്റെ പ്രസക്തിയെപ്പറ്റി ചിന്തിക്കുമ്പോള്‍, സ്വാഭാവികമായി ചലച്ചിത്രനിരൂപണം എന്തിന് എന്നൊരു അനുബന്ധ ചോദ്യമാണ് ആദ്യമായി ഉയര്‍ന്നുവരുന്നത്. 

ഏതു തരം നിരൂപണമാണെങ്കിലും അത് സ്രഷ്ടാക്കള്‍ക്ക് വഴികാട്ടുന്നതാവണം, പുതിയ ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്നതാവണം, അനുവാചകന്റെ ആസ്വാദനനിലവാരത്തെ വികസിപ്പിക്കുന്നതാവണം. അതിനെല്ലാം പുറമേ നിരൂപകന് അത് പുതിയ തിരിച്ചറിവുകള്‍ പ്രദാനം ചെയ്യുന്നതുമാവണം. സാഹിത്യത്തിലായാലും സിനിമയിലായാലും കലയിലായാലും എന്തിന് സമൂഹത്തെയൊട്ടാകെ പരിഗണിക്കുമ്പോഴായാലും നിരൂപകന്റെ ധര്‍മ്മം, നിരന്തരം നവീകരിക്കുന്ന ഭാവുകത്വപരിസരങ്ങളില്‍ നിന്നുകൊണ്ട് സൃഷ്ടികളെ നവീകരിക്കുകയും സ്രഷ്ടാക്കള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും അനുവാചകര്‍ക്ക് സ്വയം നവീകരിക്കാനുള്ള പിന്തുണ നല്‍കുകയുമാണ്. 

എന്റെ കാഴ്ചപ്പാടില്‍,് സിനിമാ നിരൂപണമെന്നത് സ്വയം ജാഗ്രത കാത്തുസൂക്ഷിച്ചുകൊണ്ട് അതിസൂക്ഷ്മമായി ഓരോ സിനിമയേയും കാണുക എന്നതാണ്. സിനിമ കാണാന്‍ പഠിക്കുക എന്നതാണ് അതിനുള്ള കുറുക്കുവഴി. സിനിമയുണ്ടാക്കാന്‍ അതിന്റെ സാങ്കേതികവും ആവിഷ്‌കാരപരവുമായ പലകാര്യങ്ങളും പഠിക്കാനുള്ളതുപോലെതന്നെ പൂര്‍ണമായൊരു സിനിമയെ അതിന്റെ ചരിത്ര-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പരിസരങ്ങളില്‍ നിന്നുകൊണ്ട് ശരിയായും ആഴത്തിലും കാണാന്‍ പഠിക്കേണ്ടതുണ്ട്. ശരാശരി പ്രേക്ഷകനില്‍ നിന്നു വിഭിന്നമായി ഒരു നിരൂപകന്റെ സിനിമാക്കാഴ്ച വേറിട്ടതാവുന്നത് ഇങ്ങനെയാണ്. അതിന് നിരൂപകന്‍ ഏറെ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. അത്യാവശ്യം ചരിത്രബോധവും രാഷ്ട്രീയബോധ്യവും സാമൂഹികബോധവും സാംസ്‌കാരികബോധവും ആര്‍ജ്ജിക്കേണ്ടതുണ്ട്. മാറി മാറി വരുന്ന കാലത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. കലാപരമായ സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഇതൊന്നുമില്ലാതെ, വായില്‍ത്തോന്നിയത് കോതയ്ക്കു പാട്ടെന്ന മട്ടില്‍ തനിക്കിഷ്ടപ്പെട്ട സിനിമയെ, തനിക്കു സാമ്പത്തികമായോ അല്ലാതെയോ ഗുണമുണ്ടാക്കുന്ന സിനിമയെ ശ്‌ളാഘിക്കുകയും വൈയക്തികമായ കാരണങ്ങളാല്‍ ചില സിനിമകളെ മുച്ചൂടും നശിപ്പിക്കുംവിധം വിമര്‍ശിക്കുകയും ചെയ്യുന്ന നവമാധ്യമ ചലച്ചിത്രനിരൂപണം ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കര്‍മ്മമാണ് നിര്‍വഹിക്കുന്നത്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ. അതുകൊണ്ടുതന്നെ ഒരു സിനിമയുണ്ടാക്കാനുള്ള അത്യധ്വാനത്തെയും മുടക്കുമുതലിനെയും പൊതുവായി മാനിച്ചുകൊണ്ടുമാത്രമേ ചലച്ചിത്രനിരൂപണം അര്‍ത്ഥവത്തായും ആത്മാര്‍ത്ഥമായും നിര്‍വഹിക്കാനാവൂ. നിരൂപകന് ഇഷ്ടമാവാത്ത സിനിമയെപ്പറ്റി എഴുതാതിരിക്കാം. അല്ലെങ്കില്‍ അത് തീയറ്ററില്‍ നിന്നു പോയശേഷം മാത്രം എഴുതാം. മൗനവും പലപ്പോഴും വിമര്‍ശനായുധമാണ്.ഉപാധിയുമാണ്. മറിച്ചുള്ള ഖണ്ഡനവിമര്‍ശനം സിനിമപോലെ ഒരുപാടുപേരെയും വലിയ മുതല്‍മുടക്കിനെയും ആശ്രയിക്കുന്ന മാധ്യമത്തെസംബന്ധിച്ച് അഭിലഷണീയമല്ല. ഖണ്ഡനവിമര്‍ശനം മോശമാണെന്നല്ല, അതിന് സൈദ്ധാന്തികമോ സാംസ്‌കാരികമോ സാമൂഹികമോ രാഷ്ട്രീയമോ ആയ ധാര്‍മ്മികതയില്ലാതിരിക്കുന്നിടത്തോളം അതിന് നൈതികമായ ന്യായീകരണം ലഭിക്കുന്നില്ലെന്നുമാത്രമേ സൂചിപ്പിക്കാനുള്ളൂ.

ചലച്ചിത്രമേളകളിലെ ആള്‍ത്തിരക്കും അഭൂതപൂര്‍വമായ ചെറുപ്പക്കാരുടെ സാന്നിദ്ധ്യവും അവരുടെ സിനിമാചര്‍ച്ചകളുമൊക്കെ കണ്ട് പ്രേക്ഷകരെ ഇനിയൊന്നും കാണാന്‍ പഠിപ്പിക്കാനില്ല, അവരൊക്കെ സിനിമയെ ആഴത്തില്‍ തിരിച്ചറിയാന്‍ പാകത്തിനുള്ള ചലച്ചിത്രസാക്ഷരത കൈവരിച്ചു എന്നു വിചാരിച്ചാല്‍ അതു തെറ്റിദ്ധാരണയാണ്. ചലച്ചിത്ര പഠനമെന്നത് സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാലാതലത്തില്‍ വരെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തപ്പെടുകയും സിനിമാഗവേഷണമെന്നത് ഏറ്റവും ഗ്‌ളാമറുള്ളൊരു ഗവേഷണശാഖയായി പരിണമിക്കുകയും ചെയ്ത കാലത്ത് ചലച്ചിത്രമേളകള്‍ പോലുള്ള വേദികളിലെ ചെറുപ്പക്കാരുടെ കാഴ്ചചര്‍ച്ചകള്‍ സസൂക്ഷ്മം വീക്ഷിക്കുന്നൊരാള്‍ക്ക് അവരിലേറെപ്പേരും തങ്ങളുടെ മാത്രം ചുരുങ്ങിയ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് സിനിമ കാണുന്നവരാണെന്നു തിരിച്ചറിയാനാവും. ഒരുന്നത സിനിമാരചന കണ്ട് അതിന്റെ മനോഹരമായ ഛായാഗ്രഹണത്തിന്റെ സൂക്ഷ്മതലങ്ങളോ, സന്നിവേശ സവിശേഷതയുടെ വേറിട്ട പരീക്ഷണമോ, ശബ്ദലേഖനമികവിന്റെ തികവോ മാത്രമായെടുത്തു ചര്‍ച്ച ചെയ്യുന്നവര്‍ സിനിമയെ അതിന്റെ സമഗ്രതയില്‍ കലാസൃഷ്ടി എന്ന നിലയ്ക്ക്, സര്‍ഗാത്മകരചനയെന്ന നിലയ്ക്ക് കാണാതെ പോകുകയാണ് എന്നതാണ് പരമാര്‍ത്ഥം. സിനിമ സംവിധായകന്റെ കലയാണെന്ന പ്രാഥമികമായ പരിഗണനയിലൂന്നി ചലച്ചിത്രത്തെ സമീപിക്കുന്ന ഒരു നിരൂപകനും അതിന്റെ സാങ്കേതിക ഘടകങ്ങളെ മാത്രം അടിസ്ഥാനമാക്കി ഒരു സിനിമയെ വിലയിരുത്താനോ വിശകലനം ചെയ്യാനോ സാധിക്കില്ല. 

ചലച്ചിത്രഗവേഷണം ഗൗരവമാര്‍ജിക്കുന്നിടത്തും പതിയിരിക്കുന്ന ചില അപായസൂചനകള്‍ മലയാളസിനിമാനിരൂപണത്തിന്റെ സമകാലികാവസ്ഥ വിലയിരുത്തപ്പെടുമ്പോള്‍ സൂചിപ്പിക്കാതെ പോകുന്നത് നീതിയായിരിക്കില്ല. കേരളത്തില്‍ സര്‍വകലാശാലാ തലത്തില്‍ ഹ്യുമാനിറ്റീസില്‍ ഒരു വര്‍ഷം പുറത്തുവരുന്ന ഡിസര്‍ട്ടേഷന്‍-എംഫില്‍-പിഎച്ച്ഡി തീസസുകളില്‍ ഏറിയ പങ്കും സിനിമാ കേന്ദ്രീകൃതമാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അതിലധികവും തിരക്കഥാപഠനങ്ങളോ സിനിമയുടെ സാഹിത്യബന്ധത്തെ ആസ്പദമാക്കിയുള്ള പഠനങ്ങളോ ആയിരിക്കുകയും ചെയ്യും. ചലച്ചിത്രനിരൂപണത്തില്‍ ഇവയുണ്ടാക്കിവയ്ക്കുന്നൊരു വെല്ലുവിളി കാണാതിരിക്കരുത്. പല ഗവേഷണങ്ങളുടെയും വിഷയം തനിയാവര്‍ത്തനങ്ങളാവുന്നത് മുന്‍പാഠങ്ങളുടെ ലഭ്യതയുറപ്പാക്കിക്കൊണ്ടാണ്. പല ഗവേഷണങ്ങളും സ്വതന്ത്ര നിരൂപകരുടെ ലേഖനങ്ങളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നുമൊക്കെ വിഷയങ്ങള്‍ സ്വീകരിച്ചുകൊണ്ട് മൂലകൃതിയെ അപ്പാടെ തിരസ്‌കരിച്ചുകൊണ്ട്, അവയില്‍ സൂചിപ്പിച്ച ഗ്രന്ഥസ്രോതസുകളെ ആശ്രിയിക്കുന്ന പ്രണവതയുമുണ്ട്. ഇതിനേക്കാളൊക്കെ ഗൗരവപൂര്‍വം പരിഗണിക്കേണ്ടത്, ഇന്റര്‍നെറ്റിന്റെ ദുരുപയോഗമാണ്. ആധികാരികമെന്നു തോന്നിപ്പിക്കുംവിധം ഇന്റര്‍നെറ്റിലെ വിവരശേഖരത്തില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായ മുന്‍പഠനങ്ങളും ഉദ്ധരണികളും സ്വീകരിച്ചുകൊണ്ടാണ് ഗവേഷണ-പഠനങ്ങളിലധികവും പൂര്‍ത്തിയാക്കപ്പെടുന്നത്. എന്റെ നേരനുഭവത്തില്‍, സംസ്ഥാന പ്രത്യേകജൂറി പുരസ്‌കാരം നേടിയ ഹരിതസിനിമ എന്ന എന്റെ സിനിമാഗ്രന്ഥത്തിന്റെയും, ചലച്ചിത്ര അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ച് അക്കാദമി തന്നെ പ്രസിദ്ധീകരിച്ച മലയാള സിനിമയിലെ അടുക്കള എന്ന ഗ്രന്ഥത്തിന്റെയും അധ്യായങ്ങളുടെ സംഗ്രഹം അപ്പാടെ ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ തന്നെ സര്‍വകാശാലകളില്‍ നിന്ന് എം.ഫില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകൃതമായതറിയാം. പഠനത്തിലെ ഗ്രന്ഥസൂചിയില്‍ പ്രസ്തുത ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നതു കൊണ്ടുമാത്രം ആശയചോരണം അഥവാ പ്‌ളേജിയറിസം എന്ന ഗുരുതരമായ അനീതിയില്‍ നിന്ന് അവ മോചിതമാകുന്നില്ല. ഒപ്പുകടലാസിലെന്നോണം ഗ്രന്ഥങ്ങളുടെ ആശയം സംഗ്രഹിച്ചവയായിരുന്നു ആ പഠനങ്ങളെന്നുമോര്‍ക്കുന്നു. ഡോക്ടറല്‍ പ്രബന്ധങ്ങളുടെ കുറേക്കൂടി ഗൗരവമാര്‍ന്ന പ്രശ്‌നം മുന്‍പഠനങ്ങള്‍ക്കായി കൃതികള്‍ സ്വീകരിക്കുന്നതിലെ വീഴ്ചയാണ്. മലയാളത്തിലെഴുതപ്പെട്ട പഠനങ്ങളെ മലയാള ഗവേഷകര്‍ പോലും പരിഗണിക്കാത്ത അവസ്ഥയുണ്ട്. കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണ പഠനങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളിലെ ഗ്രന്ഥപ്പുരകളിലുള്ള മലയാള പുസ്തകങ്ങള്‍ പോലും വായിക്കാതെ പൂര്‍ത്തിയാക്കപ്പെടുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. അത്തരം പ്രബന്ധങ്ങള്‍ വായിക്കുമ്പോള്‍ അവ ഉപസംഹാരമായി മുന്നോട്ടുവച്ചിട്ടുള്ള കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്നേ നമ്മുടെയൊക്കെ പുസ്തകങ്ങളില്‍ അതിലും വിശദമായി അവതരിപ്പിച്ചതാണല്ലോ എന്നു തോന്നിയിട്ടുണ്ട്. ഗവേഷണപ്രബന്ധങ്ങളുടെ പുസ്തകരൂപങ്ങളെ ചലച്ചിത്രനിരൂപണമായി മുന്നോട്ടുവയ്ക്കുന്ന സാഹചര്യവുമുണ്ട്.

ഒരു നല്ല സിനിമ കാണുമ്പോള്‍, അതിലെ വളരെ നല്ലൊരു നിമിഷമോ ആവിഷ്‌കാരമോ കാണുമ്പോള്‍ കാഴ്ചക്കാരന്‍ എന്ന നിലയ്ക്ക് ചലച്ചിത്രനിരൂപകനുണ്ടാവുന്നൊരു ആത്മഹര്‍ഷമുണ്ട്. അതാണ് നിരൂപകനെന്ന നിലയ്ക്ക് എന്നെ ഏറ്റവും കൂടുതല്‍ ഉത്തേജിപ്പിച്ചിട്ടുള്ള കാര്യം. മറ്റൊന്നുകൂടിയുണ്ട്. അധികം ശ്രദ്ധിക്കപ്പെടാത്തൊരു സിനിമ അതിന്റെ ആദ്യകാഴ്ചകളിലെപ്പോഴെങ്കിലും കാണാന്‍ സാധിക്കുകയും അതിന്റെ മേന്മയെപ്പറ്റി എഴുതുകയും ചെയ്തശേഷം ആ സിനിമയ്ക്ക് ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങളും ബഹുമതികളും അംഗീകാരങ്ങളും ലഭിക്കുമ്പോള്‍ നിരൂപകനെന്ന നിലയ്ക്ക് ലഭിക്കുന്നൊരു ചാരിതാരത്ഥ്യമുണ്ട്. ഏതൊരു പുരസ്‌കാരത്തേക്കാള്‍ വ്യക്തിപരമായി ഞാന്‍ വിലമതിക്കുന്നത് അതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, അന്തരിച്ച ചലച്ചിത്ര പ്രതിഭ ഷാജി എന്‍ കരുണ്‍ പ്രത്യേക സാഹചര്യത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡയറക്ടറായ സമയത്ത് മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുപ്പുസമിതിയില്‍ ഞാനും എം.എഫ്.തോമസ് സാറും അംഗങ്ങളായിരുന്നു. അന്നു ചില പോരാട്ടങ്ങള്‍ക്കൊടുവില്‍ മത്സരവിഭാഗത്തിലേക്ക് ഞങ്ങള്‍ തെരഞ്ഞെടുത്ത രണ്ടു ചിത്രങ്ങളിലൊന്ന് ജയരാജിന്റെ ഒറ്റാല്‍ ആയിരുന്നു. അതിനെതിരേ പല ഭാഗത്തുനിന്നും വിമര്‍ശനങ്ങളുണ്ടായി. സിനിമയിലെ മാറ്റമറിഞ്ഞിട്ടില്ലാത്ത കുറേ പഴഞ്ചന്മാര്‍ വന്നിരുന്ന് ഓള്‍ഡ് സ്‌കൂള്‍ സിനിമകള്‍ തെരഞ്ഞെടുത്തു എന്നൊക്കെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപങ്ങളമുണ്ടായി. ഡോ ബിജുവും സനല്‍കുമാര്‍ ശശിധരനുമടക്കമുള്ളവരുടെ സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മത്സരവിഭാഗത്തില്‍ അവയുള്‍പ്പെടാത്തതില്‍ അവര്‍ക്കും വിഷമമുണ്ടായി. ഒരുവേള ഷാജി സാര്‍ പോലും ഞങ്ങളുടെ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും കുഴപ്പമുണ്ടായോ എന്നന്വേഷിച്ചു. പ്രേക്ഷകരെന്ന നിലയക്കും നിരൂപകരെന്ന നിലയ്ക്കും അന്നോളം ഞങ്ങളാര്‍ജ്ജിച്ച വിശ്വാസ്യതയാണ് അവിടെ ചോദ്യം ചെയ്യപ്പെട്ടത്. അതിന്റെ സമ്മര്‍ദ്ദം പക്ഷേ മേളയുടെ സമാനപന ചടങ്ങില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അലിഞ്ഞില്ലാതായി. ഐഎഫ്എഫ്‌കെയുടെ ചരിത്രത്തിലാദ്യമായി മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള അന്താരാഷ്ട്ര പുരസ്‌കാരം ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്നത് ഒറ്റാലിനായിരുന്നു. രാജ്യാന്തര നിരൂപക സംഘടനയായ ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം, മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ് വര്‍ക്ക് ഫോര്‍ പ്രമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമ (നാറ്റ്പാക്ക്) പുരസ്‌കാരം എന്നിവയും അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരവും ഒറ്റാലിനു കിട്ടി. ഏറ്റവും വലിയ സന്തോഷം സംഭവിക്കാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ.. ആ വര്‍ഷത്തെ ഓഡിയന്‍സ് പോള്‍ അഥവാ പ്രേക്ഷക പുരസ്‌കാരവും ഒറ്റാല്‍ നേടി. ചലച്ചിത്ര നിരൂപകന്‍ എന്ന നിലയ്ക്ക് അന്നെനിക്കുണ്ടായ ആത്മഹര്‍ഷം അനന്യമായൊരോര്‍മ്മയാണ്. ഇത്തരത്തിലുളള അനുഭവങ്ങള്‍ ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും നിരൂപകദൗത്യത്തില്‍ ഞാനെന്റെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചതിന്റെ കൃതാര്‍ത്ഥതയാണ് എനിക്കുണ്ടാവുക.. ചലച്ചിത്രനിരൂപണത്തിന്റെ പ്രസക്തിയെപ്പറ്റി പറയുമ്പോള്‍ ഒരു കാര്യം കൂടി സൂചിപ്പിച്ച് അവസാനിപ്പിക്കാം. ഒരു സിനിമയിലെ ഒരു രംഗമോ, നിമിഷമോ കാണുമ്പോള്‍, സംവിധായകനോ തിരക്കഥാകൃത്തോ സ്വപ്‌നത്തില്‍ പോലും ഉദ്ദേശിച്ചിട്ടില്ലാത്തൊരു വീക്ഷണകോണിലൂടെ അതിനെ കാണുകയും, മറ്റൊരു മാനം അതില്‍ കണ്ടെത്താനാവുകയും ചെയ്യുമ്പോള്‍ ആ നിരൂപണം ചലച്ചിത്രകാരനെ പോലും ഏതെങ്കിലും വിധത്തില്‍ വിസ്മയിപ്പിക്കുമ്പോള്‍ നിരൂപകന്റെ ദൗത്യം ലക്ഷ്യം കാണുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. അത്തരം അനുഭവങ്ങളും നിരൂപണജീവിതത്തില്‍ പലകുറി എനിക്കനുഭവവേദ്യമായിട്ടുണ്ട്. ചുരുക്കത്തില്‍ ചലച്ചിത്ര നിരൂപണമെന്നത്, ചലച്ചിത്രകാരന് പുതിയ വിഹായസുകള്‍, സാധ്യതകള്‍ കാണിച്ചുകൊടുക്കാനുള്ള പരിശ്രമങ്ങളാവണം. അയാള്‍ ആലോചിച്ചിട്ടുകൂടിയില്ലാത്ത മാനങ്ങള്‍ ബോധിപ്പിച്ചുകൊടുക്കുന്നതാവണം. അങ്ങനെവരുമ്പോഴേ ഓരോ ചലച്ചിത്രകാരനും അടുത്ത ചുവട് കൂടുതല്‍ കരുതലോടെയും സൂക്ഷ്മതയോടെയും വയ്ക്കൂ. 



Friday, January 23, 2026

ഘട്ടക്ക്: മധുമതിയെ സൃഷ്ടിച്ച സുവര്‍ണതാരം

Article published in Ritwick Ghatak Memoir published by Centre for Arts and Cultural Studies Trivandrum 2025.

എ.ചന്ദ്രശേഖര്‍

ജോണ്‍ ഏബ്രഹാമിനും അടൂര്‍ ഗോപാലകൃഷ്ണനും ഗുരുവായിരുന്ന, ഇന്ത്യന്‍ സിനിമയില്‍ സത്യജിത് റേയ്‌ക്കൊപ്പം പലപ്പോഴും നിരൂപകര്‍ പ്രതിഷ്ഠിക്കുന്ന സമകാലികനും സമശീര്‍ഷ്യനും എന്നതിലുപരി, ഇന്ത്യയിലെ ആദ്യകാല സൂപ്പര്‍ ഹിറ്റുകളിലൊന്നും, ഇന്ത്യന്‍ ഹൊറര്‍/പുനര്‍ജന്മ സിനിമാജനുസിന്റെ തന്നെ തുടക്കംകുറിച്ചതുമായ മധുമതിയുടെ തിരക്കഥാകൃത്ത് എന്ന നിലയ്ക്കാണ് ഋത്വിക് ഘട്ടക്ക് എന്ന മാസ്റ്റര്‍ ഫിലിം മേക്കറെ, വ്യക്തിപരമായി എനിക്കിഷ്ടം. സുവര്‍ണരേഖയും മേഘ ധാക്ക താരയും ഒന്നും അംഗീകരിക്കുന്നില്ല എന്നല്ല അതിനര്‍ത്ഥം. അതൊക്കെ ക്‌ളാസിക്കുകള്‍ മാത്രമല്ല, ആധുനിക ഇന്ത്യന് സിനിമയിലെ വഴിത്തിരിവുകള്‍ തന്നെയായിരുന്നു. പക്ഷേ മധുമതി (1958) ഇന്ത്യന്‍ കമ്പോള മുഖ്യധാരാസിനിമയില്‍ നടത്തിയ ഇടപെടലും ഇതിവൃത്തപരമായ സ്വാധീനവും ആഖ്യാനശൈലിയില്‍ കാഴ്ചവച്ച ഭാവുകത്വമാറ്റവും സമാനതകളില്ലാത്തതാണ്. മാത്രമല്ല, ഇന്ത്യന്‍ സമാന്തര സിനിമയുടെ, കലാമൂല്യം കൊണ്ടു മാത്രം മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന കലാസിനിമയുടെ പ്രയോക്താവ് എന്നതിലുപരി ഘട്ടക് എന്ന ചരിത്രപുരുഷനെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഐക്കോണിക്ക് ഹിറ്റ് സിനിമകളിലൊന്നിന്റെ തിരക്കഥാകൃത്തെന്ന നിലയ്ക്ക് അടയാളപ്പെടുത്തിയതുകൊണ്ടുതന്നെ മധുമതിക്ക് സിനിമാചരിത്രത്തില്‍ വേറിട്ടൊരു സ്ഥാനമുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമയിലെ പ്രേത/പുനര്‍ജന്മ സിനിമകള്‍ക്ക് ഒരു ക്‌ളാസിക്ക് മാതൃക ചമയ്ക്കാനായി എന്നതില്‍.

ഇന്ത്യന്‍ സിനിമയെ കൗമാരത്തിലേക്കു കൈപിടിച്ചു നടത്തിയ ബിമല്‍ റോയ് നിര്‍മ്മിച്ചു സംവിധാനം ചെയ്ത സിനിമയാണ് മധുമതി. ഋത്വിക് ഘട്ടക്കിന്റെ കഥയ്ക്ക് ഘട്ടക്കും രജീന്ദര്‍ സിങ് ബേദിയും ചേര്‍ന്നാണ് തിരക്കഥ ചമച്ചത്. ദിലീപ് കുമാറിനെ താരനിരയിലേക്കുയര്‍ത്തുകയും പ്രാണിനെ ഹിന്ദിസിനിമയിലെ എക്കാലത്തെയും മികച്ച പ്രതിനായകസ്ഥാനത്തേക്കുയര്‍ത്തുകയും ചെയ്ത സിനിമ. വൈജയന്തി മാലാ ബാലിയെ ബോളിവുഡ്ഡിലെ താരസുന്ദരിയാക്കിത്തീര്‍ത്ത ചിത്രം. സലില്‍ ചൗധരിയുടെ മാസ്മര ഈണത്തില്‍ പിറന്ന നിത്യനൂതന ഗാനങ്ങളവതരിപ്പിച്ച ദൃശ്യഖണ്ഡങ്ങള്‍. ഋഷികേശ് മുഖര്‍ജിയുടെ മാധ്യമബോധം വെളിവാക്കിയ ചിത്രസന്നിവേശം. ദിലീപ് ഗുപ്തയുടെ മനോഹരമായ ഛായാഗ്രഹണം. 1958 സെപ്റ്റംബര്‍ 12ന് പുറത്തിറങ്ങിയ മധുമതി ഹോളിവുഡ്ഡിലടക്കം പുനര്‍ജന്മ സിനിമകള്‍ക്ക് പ്രചോദനമായി എന്നത് അനിഷേധ്യമായ സത്യം. മിലന്‍ (1967) മുതല്‍ ഓം ശാന്തി ഓം (2007) വരെയുള്ള പുനര്‍ജന്മ സിനിമകളുടെ ആദിരൂപമായിട്ടാണ് ചലച്ചിത്ര നിരൂപകര്‍ മധുമതിയെ വിവക്ഷിക്കുന്നത്. ഇന്‍ഡോളജിസ്റ്റും ഗവേഷകയുമായ വെന്‍ഡി ഡോണിഗറുടെ അഭിപ്രായത്തില്‍, ദ് റീ ഇന്‍കാര്‍നേഷന്‍ ഓഫ് പീറ്റര്‍ പ്രൗഡ് (1975) എന്ന ഹോളിവുഡ് സിനിമയ്ക്കു പോലും പ്രചോദനമായത് മധുമതിയാണ്. ഈ ചിത്രത്തില്‍ നിന്നാണ് പിന്നീട് സൂപ്പര്‍ ഹിറ്റായ ഹിന്ദി ചിത്രം കര്‍സ് (1980) നിര്‍മ്മിക്കപ്പെട്ടത്. (കര്‍സിന്റെ സ്വതന്ത്ര പുനര്‍നിര്‍മ്മിതിയായിരുന്നു ഓം ശാന്തി ഓം). മലയാളത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ കഥയും തിരക്കഥയുമൊരുക്കി എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവി നിലയം (1964) എന്ന സിനിമയ്ക്കു പോലും മധുമതിയോടുള്ള വിദൂരഛായയും ചാര്‍ച്ചയും തള്ളിക്കളയാനാവുന്നതല്ല. പ്രണയവും പ്രേതാത്മാവും പ്രതികാരവും എന്ന പ്രമേയപരികല്‍പന തന്നെയായിരുന്നല്ലോ രണ്ടു സിനിമകളുടെയും കാതല്‍. ആമൂന്നു പ്ര കളുടെയും പ്രയോക്താവാകട്ടെ സാക്ഷാല്‍ ഋത്വിക് ഘട്ടക്കും. മലയാളത്തില്‍ 1976ല്‍ യൂസഫലി കേച്ചേരി മധുമതിക്ക് വനദേവത എന്ന പേരില്‍ ഒരു മലയാളം ഭാഷ്യം നല്‍കിയതും പരാമര്‍ശിക്കേണ്ടതു തന്നെ. ശരത്ചന്ദ്ര ഛതോപാദ്ധ്യായയുടെ ദേവദാസ് എന്ന കൃതിക്ക് ഇന്ത്യന്‍ സിനിമയില്‍ കല്‍പ്പിക്കപ്പെട്ടതും ലഭിച്ചതുമായ ക്‌ളാസിക്ക് മാനത്തിനും ഭാഷ-ദേശാന്തര സ്വീകാര്യതയ്ക്കും സമാനമാണ് മധുമതിക്കും നേടാനായത്. (ദേവദാസ് ആദ്യം ചലച്ചിത്രമാക്കിയും ബിമല്‍ റോയ് ആയിരുന്നു എന്ന കാര്യം സ്മരണീയമേ്രത)

യഥാര്‍ത്ഥത്തില്‍ മാധ്യമബോധവും സൗന്ദര്യബോധവും ലാവണ്യബോധവും ഒരുപോലെ സ്വന്തമായുള്ളൊരു അസാമാന്യ കഥാകൃത്തിന്റെ/തിരക്കഥാകാരന്റെ കരവിരുതാണ് മധുമതിയുടെ വിജയത്തിനു പിന്നില്‍.ഋത്വിക് ഘട്ടക്  എന്ന ദീര്‍ഘവീക്ഷണവും വിശാലവീക്ഷണവുമുള്ള ചലച്ചിത്രകാരന്റെ പ്രതിഭ തിരിച്ചറിയുന്നത്, തിരിച്ചറിയപ്പെടേണ്ടത് അങ്ങനെയാണ്.വെന്‍ഡി ഡോണിഗര്‍ ദ് വുമണ്‍ ഹൂ പ്രിറ്റന്‍ഡ് ടു ബി ഹൂ ഷീ വാസ്-മിത്ത്‌സ് ഓഫ് സെല്‍ഫ് ഇമിറ്റേഷന്‍ എന്ന പുസ്തകത്തില്‍, നായകന് തന്റെ പൂര്‍വജന്മത്തിലേക്കെന്നോണം ചില ദിവാസ്വപ്‌നദൃശ്യമുണ്ടാകുന്നതും അതുവഴി ഫ്‌ളാഷ്ബാക്കിലൂടെ പൂര്‍വജന്മകഥ വെളിവാകുന്നതുമായ ആവിഷ്‌കാരശൈലിയുടെ തുടക്കം മധുമിതിയിലാണെന്നു രേഖപ്പെടുത്തുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മലയാളത്തിലെ നവഭാവുകത്വ സിനിമയായ ലോക- ചാപ്റ്റര്‍ വണ്‍ ചന്ദ്ര യിലെ നീലിയില്‍ വരെ മധുമതിയുടെ ഛായയും നിഴലും സ്പഷ്ടമാകുന്നുവെങ്കില്‍ ആ കഥാപാത്രത്തെയും കഥാനിര്‍വഹണത്തെയും ആദ്യം സങ്കല്‍പ്പിച്ച ഘട്ടക് എന്ന പ്രതിഭയുടെ മഹാവീക്ഷണത്തിനു മുന്നില്‍ നമുക്കു ശിരസുനമിക്കാതെ വയ്യ.

അമേരിക്കയിലെ ലോവ സര്‍വകലാശാലയിലെ ഹിന്ദി വിദഗ്ധനും ദക്ഷിണേഷ്യന്‍ ഗവേഷകനുമായ ഫിലിപ്പ് ലല്‍ജന്‍ഡോര്‍ഫ് അഭിപ്രായപ്പെട്ടതുപോലെ മധുമതിയുടെ കഥാനിര്‍വഹണത്തിന് തിരക്കഥാകൃത്ത് സ്വീകരിച്ചിട്ടുള്ള ഫ്‌ളാഷ്ബാക്കിനുള്ളിലെ ഫ്‌ളാഷ്ബാക്ക് എന്ന അതിസങ്കീര്‍ണമായ ആഖ്യാനശൈലി ആല്‍ഫ്രഡ് ഹിച്ച് കോക്കിന്റെ റബേക്കയിലേതിനും വെര്‍ട്ടിഗോയിലേതിനും സമാനമാണ്.

2003-ല്‍ ബോളിവുഡ് സിനിമകളില്‍ ഏറ്റവും മികച്ചവ കണ്ടെത്താന്‍ ഔട്ട്ലുക്ക് മാസിക 25 പ്രമുഖ ഇന്ത്യന്‍ സംവിധായകരോട് ആവശ്യപ്പെട്ടപ്പോള്‍ അവരിധികം പേരും വോട്ട് ചെയ്ത്  11-ാം സ്ഥാനത്തു പ്രതിഷ്ഠിച്ചത് മധുമതിയെയാണ്. മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും, മികച്ച സിനിമ മികച്ച സംവിധായകന്‍, മികച്ച ഗായിക, എന്നിങ്ങനെ ഒന്‍പതു ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും നേടി ഇതിഹാസം സൃഷ്ടിക്കുകയായിരുന്നു മധുമതി.

പില്‍ക്കാല പ്രേതസിനിമകളുടെയെല്ലാം ആഖ്യാന-ആഖ്യാനക രൂപഘടനയുടെ ആദിരൂപമെന്നോണം,

 മലമുകളിലെ ഒരു മാളികയില്‍ അവിചാരിതമായി എത്തപ്പെടുന്ന നായകന് നേരിടേണ്ടിവരുന്ന അതീന്ദ്രിയ-അതിഭൗതിക അനുഭവങ്ങളാണ് മധുമതിയുടെ പ്രമേയം.

കൊടുങ്കാറ്റുള്ള ഒരു രാത്രിയില്‍, ദേവീന്ദര്‍ എന്ന എന്‍ജിനിയീര്‍ സുഹൃത്തിനൊപ്പം റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭാര്യയെയും കുട്ടിയെയും കൊണ്ടുവരാന്‍ ഒരു കുന്നിന്‍ റോഡിലൂടെ ഓടുന്നു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് അവര്‍ ഒരു പഴയ മാളികയില്‍ അഭയം തേടുന്നു. അവിടെ ദേവീന്ദറിന് ചില പഴയ ഓര്‍മ്മകള്‍ തികട്ടിവരികയാണ്. ജീവിതത്തിലാദ്യമായി എത്തപ്പെടുന്ന ആ ഹവേലി അയാള്‍ക്ക് ചിരപരിചിതമെന്നോണം അനുഭവപ്പെടുന്നു. മുന്‍വശത്തെ വലിയ മുറിയില്‍, വച്ച പഴയ ഛായാചിത്രം അയാള്‍ തിരിച്ചറിയുന്നു.അതയാളെ പൂര്‍വജന്മസ്മൃതികളിലേക്ക് പുനരാനയിക്കുന്നു.

ശ്യാംനഗര്‍ എസ്റ്റേറ്റിന്റെ മാനേജരായിരുന്ന കലാകാരനായ ആനന്ദ് മധുമതി എന്ന കാടിന്റെ മകളുമായി പ്രണയത്തിലായി, പാട്ടുകള്‍ അവനെ ദൂരെ നിന്ന് വേട്ടയാടി. മനുഷ്യത്വം തൊട്ടുതീണ്ടാത്ത എസ്റ്റേറ്റുടമ രാജ ഉഗ്രനരേന് തന്റെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കാത്ത ആനന്ദിനോട് ഉള്ളില്‍ പകയായിരുന്നു. ആനന്ദിന് സ്വന്തം പണിക്കാര്‍ക്കിടയില്‍ തന്നെ ശത്രുക്കളുണ്ട്.ഒരിക്കല്‍ ദൂരെ ഒരു ജോലിക്കായി ആനന്ദിനെ രാജ പറഞ്ഞുവിടുന്നു. മടങ്ങിയെത്തിയ ആനന്ദ് മധുമതിയെ കാണാതായ വിവരം ഞെട്ടലോടെ തിരിച്ചറിയുന്നു. അവളെ ഉഗ്ര നരേന്‍ പിടിച്ചു കൊണ്ടുപോയതു മനസ്സിലാക്കി ആനന്ദ അയാളുമായി ഏറ്റുമുട്ടലിലെത്തുന്നുവെങ്കിലും, ഉഗ്രനരേന്റെ ആളുകള്‍ അവനെ മര്‍ദ്ദിച്ചവശനാക്കു്‌നനു. ആളുകള്‍ ആനന്ദിനെ കൊട്ടാരത്തിന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍, മധുമതിയുടെ പിതാവ് അവരോട് ഏറ്റുമുട്ടുന്നു. അവരെ കീഴ്‌പ്പെടുത്തുന്നതില്‍ വിജയിക്കുന്നെങ്കിലും അയാളും മരിക്കുന്നു. ഇതിനിടെ, അവശനായ ആനന്ദിനെ ചരണ്‍ ദാസ് രഹസ്യമായി  ആശുപത്രിയിലെത്തിക്കുന്നു

ആനന്ദിനു ജീവന്‍ തിരികെക്കിട്ടുന്നെങ്കിലും മനസ്സ് കൈവിട്ട അവസ്ഥയിലായി. അലക്ഷ്യമായി മലകളിലൂടെ അലയുന്നൊരുഒരു ദിവസം, അയാള്‍ മധുമതിയെ പോലെ  ഒരു പെണ്ണിനെ കാണുന്നു. മാധവി എന്നു പരിചയപ്പെടുത്തിയ  അവളെ മധുമതിയെന്നു കരുതി പെരുമാറാന്‍ ശ്രമിക്കുന്ന അയാളെ അവളുടെ കൂട്ടത്തിലുള്ളവര്‍ തല്ലുന്നു. എന്നാല്‍, മാധവി ആനന്ദ് വരച്ച മധുമതിയുടെ രേഖാചിത്രം കണ്ടെത്തുന്നതോടെ അയാള്‍ പറയുന്നത് സത്യമാണ് എന്നു തിരിച്ചറിയുകയാണ്. ഉഗ്ര നരെയ്ന്റെ മുന്നില്‍ മധുമതിയായി അഭിനയിച്ച് അയാളെക്കൊണ്ട് അവളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റുപറയിക്കാനും ആനന്ദ് മാധവിയുടെ സഹായം തേടുന്നു.

ഉഗ്ര നരേന്റെ കൊട്ടാരത്തിലേക്ക് മടങ്ങിയ ആനന്ദ്, അടുത്ത ദിവസം അദ്ദേഹത്തിന്റെ ഛായാചിത്രം വരയ്ക്കാന്‍ അനുവാദം ചോദിക്കുന്നു. തുടര്‍ന്ന് നാടകീയമായ രീതിയില്‍ അയാള്‍ക്കു മുന്നില്‍ പ്രത്യക്ഷമാവുന്ന മധുമതിയായ മാധവിയെ കാണുന്ന ഉഗ്ര നരെയ്ന്‍ ആടിയുലയുന്നു. ഭയത്താല്‍ തന്റെ കുറ്റം അയാള്‍ ഏറ്റുപറയുന്നതിനെത്തുടര്‍ന്ന് ആനന്ദ് പറഞ്ഞിട്ട് മുറിക്ക് പുറത്ത് കാത്തുനിന്ന പോലീസ് അയാളെ അറസ്റ്റ് ചെയ്യുന്നു. എന്നാല്‍, ഉഗ്ര നരെയ്നിനോട് മധുമതിയെന്ന നിലയ്ക്ക് മാധവി ചോദിച്ച ചോദ്യങ്ങള്‍ മാധവിക്ക് അറിയാന്‍ കഴിയാത്ത കാര്യങ്ങളാണെന്ന് ആനന്ദ് ഞെട്ടലോടെ തിരിച്ചറിയുന്നു; മാധവി പുഞ്ചിരിച്ചുകൊണ്ട് പടികള്‍ ലക്ഷ്യമാക്കി നീങ്ങി. ആ സമയം മധുമതിയായി വേഷം ധരിച്ച യഥാര്‍ത്ഥ മാധവി, തിരക്കിട്ടവിടെയെത്തുന്നു. വഴിയില്‍  കാര്‍ കേടായതിനാല്‍ അവള്‍ വൈകിയ വിവരം അവള്‍ ആനന്ദിനെ ധരിപ്പിക്കുന്നു. മധുമതിയുടെ വേഷമിട്ട മാധവിയായി അത്രനേരം തങ്ങളോടൊപ്പമുണ്ടായത്  മധുമതിയുടെ ആത്മാവാണെനന്ന് ആനന്ദ് തിരിച്ചറിയുന്നു. അയാള്‍ ടെറസിലേക്ക് ഓടുന്നു, അവിടെ മധുമതിയുടെ ആത്മാവ് അവനെ വിളിക്കുന്നു. ഉഗ്ര നരേനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച മധുമതി താഴേക്കു വീണ അതേ മട്ടുപ്പാവില്‍ നിന്ന് ആനന്ദുമൊത്ത് അവളുടെ ആത്മാവും താഴേക്കു വീഴുകയും ആനന്ദ് മരിക്കുകയും ചെയ്യുന്നു.

ആനന്ദിന്റെയും മധുമതിയുടെയും കഥ കേട്ട, ദേവീന്ദറിനെ കാത്തിരിക്കുന്നത് ഭാര്യ സഞ്ചരിച്ച സൂഹൃത്തുമായി സാഹസികമായി സ്റ്റേഷനിലെത്തുന്ന ദേവീന്ദര്‍ കാണുന്നത് പരിക്കേല്‍ക്കാതെ പുറത്തുവരുന്ന ഭാര്യ രാധയെയാണ്. പക്ഷേ രാധ മധുമതിയാണെന്ന് അയാള്‍ തിരിച്ചറിയുന്നു. താന്‍ ആനന്ദിന്റെ പുനര്‍ജന്മവും. കഥയ്ക്കുള്ളിലെ കഥ എന്ന സങ്കേതം ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടാണ് ഘട്ടക്ക് മധുമതിയുടെ ആഖ്യാനം നിര്‍വഹിച്ചിട്ടുള്ളത്. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സ്വയം വഴിവെട്ടി മുന്നേറുന്നവരെയാണ് നാം മൗലികപ്രതിഭകളെന്ന് വാഴ്ത്തുക. മധുമതിയിലൂടെ ഇന്ത്യന്‍ കമ്പോള സിനിമയിലെ അപസര്‍പക ജനുസിന് തനതായ സ്വത്വം സമ്മാനിച്ച ഋത്വിക് ഘട്ടക്കിന്റെ മൗലികത പക്ഷേ, സമാന്തരസിനിമകളിലും ്അതിനേക്കാള്‍ തീവ്രതയോടെ നമുക്കു 

ഇന്ത്യന്‍ മിത്തുകളെകൂട്ടുപിടിച്ചാണ് ഘട്ടക് ഈ അനശ്വര പ്രണയ-പ്രേത-പുനര്‍ജന്മ ഇതിഹാസത്തിന്റെ കഥക്കൂട്ടുണ്ടാക്കിയിട്ടുള്ളത്. നാടോടിക്കഥകളുടെയും നാടന്‍ പാട്ടുകളുടെയും മറ്റും പൈതൃകങ്ങളെ അദ്ദേഹമതില്‍ സ്വാംശീകരിച്ചു.കുമയൂണ്‍ മലനിരകളില്‍ നടക്കുന്നതായി സങ്കല്‍പിക്കപ്പെട്ട കഥയ്ക്ക് നാടോടി സംഗീതത്തിന്റെ പിന്‍ബലവും ചാര്‍ത്തപ്പെട്ടു. അക്കാലത്തെ ഹിന്ദി സിനിമയുടെ മാതൃക പിന്തുടര്‍ന്ന് 11 ഗാനങ്ങളായിരുന്നു മധുമതിയില്‍ ഉള്‍പ്പെടുത്തിയത്. അവയില്‍ അസമിലെ ആദിവാസി നാടന്‍ പാട്ടിന്റെ ഈണം മുതല്‍ ജഗ്താ രഹോ എന്ന ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലസംഗീതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഈണം വരെയുള്‍ക്കൊള്ളുന്നു.. ദില്‍ തടപ് തടപ്, ആജാ രേ പരദേശി, സുഹാന സഫര്‍ തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തെയും മികച്ച അനശ്വര ചലച്ചിത്ര ഗാനങ്ങളായി ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു.

വിഖ്യാതമായ കാര്‍ലോവി വാരി രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമയായിരുന്നു മധുമതി. ഹിന്ദിയില്‍ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളിലൊന്നായി കവിയും തിരക്കഥാകൃത്തുമായ ജാവേദ് അഖ്തര്‍ മധുമതിയെ വിശേഷിപ്പിച്ചിട്ടുണ്ട്. അതുവരെ സാമൂഹികപ്രാധാന്യമുള്ള കഥകള്‍ മാത്രമൊരുക്കിയ ബിമല്‍ റോയി സാങ്കല്‍പിക പ്രേത-പ്രതികാര കഥയിലേക്കു കളം മാറ്റിയപ്പോള്‍ നേടിയത് സമാനതകളില്ലാത്ത വിജയമായിരുന്നു.

അതേസമയം, ഹിന്ദിയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ മധുമതിക്കു ജന്മം നല്‍കിയ ഘട്ടക്കിലെ ചലച്ചിത്രകാരന്‍ അതിന്റെ ചരിത്രവിജയത്തില്‍ ഒട്ടുമേ തൃപ്തനായിരുന്നില്ല എന്നതാണ് വൈചിത്ര്യം. മധുമതിയെപ്പറ്റി നിഷേധാത്മകമായൊന്നും സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെങ്കിലും തന്റെ സിനിമാ തട്ടകം ബോളിവുഡ്ഡിന്റേതല്ല എന്നദ്ദേഹം ഉറച്ചു വിശ്വസിക്കുകയും ഉറപ്പിച്ചു പറയുകയും ചെയ്തു. മധുമതിയുടെ വിജയാഘോഷങ്ങള്‍ക്കു പോലും നില്‍ക്കാതെ, മുംബൈയിലെ സിനിമയല്ല തന്റെ സിനിമ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, സങ്കല്‍പത്തിലെ സിനിമ സാര്‍ത്ഥകമാക്കുന്ന സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ബംഗാളിലേക്ക് മടങ്ങുകയായിരുന്നു. അതുപക്ഷേ, പില്‍ക്കാല ഇന്ത്യന്‍ സിനിമയ്ക്ക് ഈടുറ്റ ഒരു പിടി സുവര്‍ണസിനിമകള്‍ക്കുള്ള തുടക്കമായി മാറിയെന്നതും ചരിത്രം.


ജനം വരവേറ്റ ആത്മവിമര്‍ശനവും രാഷ്ട്രീയ ശരിയും

 article published in Kalakaumudi

എ.ചന്ദ്രശേഖര്‍


നടനും തി
രക്കഥാകൃത്തും ചലച്ചിത്രകാരനുമായ ശ്രീനിവാസന്റെ ചലച്ചിത്ര ജീവിതത്തെപ്പറ്റി


താന്‍ സ്വീകരിക്കാതെ വിട്ട സിനിമകളാണ് മലയാള സിനിമയ്ക്കായി താന്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന എന്ന് ആത്മവിശ്വാസത്തോടെ നെഞ്ചില്‍ കൈവച്ചു പറഞ്ഞ ശ്രീനിവാസന്‍ എന്ന നടന്റെ, തിരക്കഥാകൃത്തിന്റെ, സംവിധായകന്റെ, നിര്‍മ്മാതാവിന്റെ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ ജീവിതദര്‍ശനവും ആദര്‍ശവും. ആത്മവിമര്‍ശനത്തിലൂടെ, ഒരുപക്ഷേ രാഷ്ട്രീയശരിയുടെ കാഴ്ചപ്പാടില്‍ ഉടല്‍നിന്ദ(ബോഡി ഷെയ്മിങ്)യോളം നീളുന്ന സ്വയം പരിഹാസത്തിലൂടെ, സാമൂഹികവിമര്‍ശനം സാദ്ധ്യമാക്കിയ ചലച്ചിത്രകാരന്റെ, അതിനെയൊക്കെ മറികടക്കുന്ന രാഷ്ട്രീയ-സാമൂഹികബോധ്യം ശ്രീനിവാസനില്‍ മലയാളപ്രേക്ഷകര്‍ തിരിച്ചറിഞ്ഞു എന്നതിലാണ് അദ്ദേഹത്തിന്റെ കാലികവും മൗലികവുമായ പ്രസക്തി.മലയാള സിനിമയുടെ കഴിഞ്ഞ നാല് പതിറ്റാണ്ടുകളുടെ ഭാഷയും ഭാവവും മാറ്റിമറിച്ച ശ്രീനിവാസന്‍ അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മ്മാതാവായും പുതിയ തലമുറയ്ക്ക് മാര്‍ഗദര്‍ശനമാകുന്നതും അതുകൊണ്ടുതന്നെ.

1956 ഏപ്രില്‍ നാലിന് തലശ്ശേരിക്കടുത്തു പട്ടുവത്തു ജനിച്ച ശീനിവാസന്‍ സിനിമാഭ്രാന്തു പിടിച്ച് തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ മദ്രാസിലെത്തു(ഇന്നത്തെ ചെന്നൈ)ന്നത് സിനിമ പഠിക്കാനാണ്. തമിഴ്‌നാട് സര്‍ക്കാര്‍ പോളിടെക്‌നിക്കിന്റെ ഭാഗമായി ആരംഭിച്ച അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രാഭിനയം പഠിക്കാന്‍ ചേരുമ്പോള്‍, ഒരു സിനിമാനടന് അന്നത്തെ കാലത്ത് അത്യാവശ്യവും അനിവാര്യവുമായി വേണ്ടിയിരുന്ന ശരീരസൗഭാഗ്യമോ മുഖസൗന്ദര്യമോ ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. സഹപാഠിയായിരുന്ന രജനീകാന്തിനും ഇപ്പറഞ്ഞതൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഒരാള്‍ ലോകത്തേ ഏറ്റവും സ്വാധീനശക്തിയുള്ള ചലച്ചിത്രതാരമായി മാറിയപ്പോള്‍, ശ്രീനിവാസന്‍ മലയാള സിനിമയ്ക്കു മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്കും അനിവാര്യമായ ചലച്ചിത്രകാരനായിത്തീര്‍ന്നതിന് ചരിത്രം സാക്ഷി. ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍സ്റ്റാറായ രജനീകാന്തിനു പോലും ശ്രീനിവാസന്‍ രചിച്ച സിനിമകളുടെ റീമേക്കുകളില്‍ അഭിനയിക്കേണ്ടിവന്നതും ചരിത്രനിയോഗം


തിരയിടത്തെ മലയാളി

പി എ ബക്കറിന്റെ മണിമുഴക്കത്തിലൂടെ നടനായി അരങ്ങേറിയ ശ്രീനിവാസന്‍ ഇരുന്നൂറിലധികം ചിത്രങ്ങളിലെ ചെറുതും വലുതും ഗൗരവമുള്ളതും സരസവുമായ വേഷങ്ങളിലൂടെ തിരയിടത്തു പ്രതിനാധാനം ചെയ്തത് തനി മലയാളിയുടെ അഥവാ ശരാശരി മലയാളിയുടെ സ്വത്വമാണ്. കുശുമ്പും കുന്നായ്മയും ചേര്‍ന്ന വക്രബുദ്ധിയും കൂര്‍മ്മബുദ്ധിയുമുള്ള മലയാളിയെയാണ് അദ്ദേഹം അടയാളപ്പെടുത്തിയത്. ഒരു കഥ ഒരു നുണക്കഥ, നാടോടിക്കാറ്റ്, അക്കരെ അക്കരെ അക്കരെ, വരവേല്‍പ്പ്, സന്ദേശം, ചിത്രം, തേന്മാവിന്‍ കൊമ്പത്ത്, സന്മനസുള്ളവര്‍ക്കു സമാധാനം,ഒരുമറവത്തൂര്‍ക്കനവ്, അറബിക്കഥ, അയാള്‍ കഥയെഴുതുകയാണ്, ചിന്താവിഷ്ടയായാ ശ്യാമള, കഥ പറയുമ്പോള്‍, മിഥുനം, ഞാന്‍ പ്രകാശന്‍ തുടങ്ങിയവയിലെ കഥാപാത്രങ്ങള്‍ ഈ നീരീക്ഷണം ശരിവയ്ക്കുന്നതാണ്. മുപ്പതോളം ചിത്രങ്ങളില്‍ പ്രധാനവേഷം ചെയ്തിട്ടുണ്ടെങ്കിലും ശ്രീനിവാസന്റെ ഉപവേഷങ്ങള്‍ക്കു പോലും മലയാളികളുടെ ഓര്‍മകളില്‍ സ്ഥാനമുണ്ട്; സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനുവേണ്ടി ശ്രീനി സ്വയമെഴുതിയവതരിപ്പിച്ച വകയിലൊരു അമ്മാവന്റെ മകന്‍ കഥാപാത്രം തന്നെയുദാഹരണം. അത്തരത്തിലൊരു കഥാപാത്രത്തെ എഴുതാനും അവതരിപ്പിക്കാനും മലയാളത്തില്‍ ശ്രീനിവാസന്‍ കഴിഞ്ഞേ ഒരാളുള്ളൂ.

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ മോഹന്‍ലാല്‍ശ്രീനിവാസന്‍ കൂട്ടുകെട്ട്, പ്രഥമ ദൃഷ്ട്യാ ''തൊഴിലില്ലാത്ത യുവാക്കളുടെ കൂട്ടുകെട്ട്'' എന്ന യഥാതഥ ഹാസ്യത്തിന്റെ വാര്‍പ്പുമാതൃകയിലാണെങ്കിലും, ക്വിയര്‍ സിദ്ധാന്തത്തിലൂടെ കണ്ണിലൂടെ സാംസ്‌കാരിക വിമര്‍ശകരും ഗവേഷകരും അതിനെ പുനര്‍വായനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. നാടോടിക്കാറ്റ് ചിത്രത്രത്തിലെ പ്ട്ടണപ്രവേശം, അക്കരെയക്കരെയക്കരെ) ദാസനും വിജയനും പങ്കിടുന്ന താമസസ്ഥലം, സാമ്പത്തിക പാരസ്പര്യം, വൈകാരികത, പൊസസ്സീവ്‌നെസും അസൂയയും എന്നിവയെ കുടുംബ/ദാമ്പത്യ താളവുമായി താരതമ്യം ചെയ്ത്, ഹെറ്ററോനോര്‍മറ്റീവ് പഠനങ്ങള്‍ നടന്നിട്ടുണ്ട്. സമാനമായി മേലാള-കീഴാള ദ്വയത്തെ ആസ്പദമാക്കി ദാസനും വിജയനും സാമൂഹികപഠനങ്ങള്‍ക്കും വിഷയമായിട്ടുണ്ട്.സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ്പ്, പ്രിയന്റെ അക്കരെ അക്കരെ അക്കരെ തുടങ്ങിയ ചിത്രങ്ങളിലെ മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട്, നാട്ടില്‍ നിന്നു ഗള്‍ഫിലേക്കും പിന്നീട് അമേരിക്കയിലേക്കുമുള്ള യാത്രകളില്‍ 'ജോഡി'യായി നീങ്ങുമ്പോള്‍, ദേശീയ/ജാതിപുരുഷത്വ സ്വത്വങ്ങളുടെ സുരക്ഷക്കപ്പുറം, ഇണക്കം, കരുതല്‍ അസൂയ, വൈകാരികാശ്രയത്വം എന്നിവയിലൊക്കെ ക്വീര്‍ പാഠാന്തരം ചില ഗവേഷണ പഠനലേഖനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌ക്രീനില്‍  ഒരുമിച്ചുറങ്ങുന്ന ദാസനിലും വിജയനിലും ''ഞാന്‍ നിന്നൊപ്പമില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല'' എന്ന സംഭാഷണത്തിലും ക്വിയര്‍ പഠിതാക്കള്‍ ദൃഷ്ടാന്തം കണ്ടെത്തുന്നുമുണ്ട്. ഇതു തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ തിര രസതന്ത്രത്തെ മറ്റുള്ള ജോഡികളില്‍ നിന്ന് വേറിട്ടതാക്കുന്നത്..

ശ്രീനിവാസന്‍ എന്ന അഭിനേതാവിനെ വിലയിരുത്തുമ്പോള്‍ ഏറെയും പരാമര്‍ശിക്കപ്പെടുക അദ്ദേഹം ചെയ്ത അസംഖ്യം തമാശകഥാപാത്രങ്ങളാണെങ്കിലും നടനെന്ന നിലയ്ക്ക് ശ്രീനിയെ കാലം വിലയിരുത്തുക അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ചില ഗൗരവവേഷങ്ങളിലൂടെയാവുമെന്നാണ് എന്റെ നിശ്ചയം. ജി അരവിന്ദന്റെ ചിദംബരംത്തിലെ മുനിയാണ്ടി തീര്‍ച്ചയായും ആ പട്ടികയില്‍ ആദ്യസ്ഥാനത്തുണ്ടാവും. താന്‍ വേളികഴിച്ചു കൊണ്ടുവരുന്ന നിഷ്‌കളങ്ക നാട്ടിന്‍പുറത്തുകാരിയായ ശിവകാമി, താന്‍ ദൈവതുല്യം കണക്കാക്കുന്ന എസ്റ്റേറ്റ് മാനേജര്‍ ശങ്കരനുമൊത്ത് കിടക്കപങ്കിടുന്നതു നേരില്‍ക്കണ്ട് ജീവിതം ഒരു തൂക്കുക്കയറിലവസാനിപ്പിക്കുന്ന നിസ്സഹായനായ മുനിയാണ്ടി അഭിനയത്തില്‍ സമാനതകളില്ലാത്ത വേഷപ്പകര്‍ച്ചയാണ്. അരവിന്ദന്റെ മിനിമലിസ്റ്റ് ശൈലിക്കുള്ളില്‍, അധികം സംഭാഷണങ്ങളില്ലാതെ തന്നെ മുനിയാണ്ടി ശങ്കരന്റെ മനസില്‍ ആത്മനിന്ദയുടെയും കുറ്റബോധത്തിന്റെയും അഗ്നിക്കനലുകള്‍ വാരിവിതറുന്നുണ്ട്; പ്രേക്ഷകരിലും. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത പവിത്രം(1994) എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ജ്യേഷ്ഠസഹോദരനായ ഡോക്ടര്‍വേഷമാണ് ശ്രീനിവാസന്റെ വേറിട്ടതും ഗൗരവമുള്ളതുമായ മറ്റൊരു കഥാപാത്രം. അരിവയ്പ്പുകാരന്റെ കുടുംബത്തില്‍ നിന്ന് പഠിച്ച് ഡോക്ടറായതുകൊണ്ടുമാത്രം സമ്പന്നയായൊരു യുവതിയെ വിവാഹം കഴിക്കുന്നതോടെ വീട്ടുകാരില്‍ നിന്ന് മനഃപൂര്‍വം അകന്നു കഴിയേണ്ടിവരുന്ന ഡോ.രാമകൃഷ്ണന്‍ തന്റെ കുടുംബം തകരാതിരിക്കാനാണങ്ങനെ ചെയ്യുന്നതെന്ന് ഭാര്യയറിയാതെ അനിയനെ സഹായിക്കുന്നതിനോടൊപ്പം വ്യക്തമാക്കുന്നുണ്ട്. ഒരേ സമയം ഭര്‍ത്താവിന്റെയും മകന്റെയും കര്‍ത്തവ്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കാന്‍ പെടാപ്പാടുപെടുന്നൊരു സാധാരണക്കാരന്റെ നിസ്സഹായവസ്ഥ ഡോ രാമകൃഷ്ണന്റെ ശരീരഭാഷയില്‍ കൊണ്ടുവരാന്‍ ശ്രീനിവാസന് അധികം പണിപ്പെടേണ്ടിവന്നിട്ടില്ല. മറ്റേതൊരു നടനും നല്‍കാമായിരുന്ന ആ വേഷം ശ്രീനിവാസനെത്തന്നെ ഏല്‍പ്പിക്കാന്‍ രാജീവ്കുമാര്‍ തയാറായത് ചുരുക്കം സീനുകളിലൂടെ തന്നെ അദ്ദേഹം ആ കഥാപാത്രത്തിന്റെ സ്വത്വം സ്ഥാപിച്ചെടുക്കുമെന്ന വിശ്വാസത്തില്‍ത്തന്നെയാവണം. ചന്ദ്രശേഖരന്റെ ഒരു കൊച്ചു ഭൂമികുലുക്കം(1994)എന്ന ചിത്രത്തിലെ സംശയരോഗിയായ ഹരിയുടെ കഥാപാത്രത്തിന് വാഴ്‌വേ മായത്തിലെ സത്യന്റെ നായകവേഷത്തോടാണ് ചാര്‍ച്ച. സരസമായിട്ടാണ് പ്രതിപാദനമെങ്കിലും അതീവ ഗൗരവസ്വഭാവമുള്ള വേഷപ്പകര്‍ച്ചയായിരുന്നു അത്. അതുപോലെതന്നെയാണ് സ്വയമെഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്ര(1989)ത്തിലെ രമേശന്റെ വേഷവും, ഹിസ് ഹൈനസ് അബ്ദുള്ളയി(1990)ലെ വലിയമ്മാവന്‍ തിരുമസിനെ വകവരുത്താന്‍ മുംബൈയില്‍ നിന്നു വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കിക്കൊണ്ടുവരുന്ന രാജകുടുംബാംഗമായ രവി വര്‍മ്മയും, പ്രിയദര്‍ശനു വേണ്ടി തിരക്കഥയെഴുതിയ വെള്ളാനകളുടെ നാട്ടി(1988) ലെ അഴിമതിക്കെതിരേ നിലകൊണ്ട് ജീവിതം അപായപ്പെടുത്തുന്ന പഞ്ചായത്തു പ്രസിഡന്റ് സദാശിവനും, കെ.ആര്‍.മോഹന്റെ സ്വരൂപ(1992)ത്തിലെ ശേഖരനും ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികളി(2012)ല്‍ ഗുജറാത്ത് കലാപത്തിനിടെ ഒരു മുസ്‌ളിം യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച കഥാനായകന് ആശ്രയം നല്‍കുക വഴി ജീവന്‍ നഷ്ടമാകുന്ന ബീരാനിക്കയും, കമലിന്റെ പാവം പാവം രാജകുമാരനിലെ പി.കെ.ഗോപാലകൃഷ്ണനും, അവിര റബേക്കയുടെ തകരച്ചെണ്ടയിലെ പ്രധാന കഥാപാത്രവും, കെ ജി ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലത്തിലെ വികലാംഗനായ സാധാരണക്കാരനും, ലാല്‍ ജോസിന്റെ ഡയമണ്ട് നെക്കലെസി(2012) ലെ കഥാനായകന്റെ കടബാധ്യതകളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്ന മറുനാടന്‍ മലയാളിയായ വേണുവും, സുനില്‍ ഇബ്രാഹിമന്റെ ചാപ്‌േേറ്റഴ്‌സി(2012)ലെ സേതുവും രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത സൈബര്‍ത്രില്ലറായ കീട(2022)ത്തിലെ ബാലനും മകനും നടനുമായ വിനീത് രചിച്ചു സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തി(2012)ലെ നായികയുടെ പിതാവ് അബ്ദുല്‍ ഖാദറും, രാജേഷ് പിള്ളയുടെ മെഡിക്കോ ത്രില്ലറായ ട്രാഫിക്കി(2011)ലെ ഹെഡ് കോണ്‍സ്റ്റബിള്‍ സുദേവന്‍ നായരുമെല്ലാം ശ്രീനിവാസന്റെ നടനവൈഭവം പ്രകാശിപ്പിച്ച ഗൗരവമുള്ള വേഷങ്ങളായിരുന്നു. മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്്ഡി(2013)ല്‍ ആദ്യകാല ചലച്ചിത്ര പത്രപ്രവര്‍ത്തകന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണനായുള്ള വേഷപ്പകര്‍ച്ചയും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നതാണ്.



തിരക്കഥയിലെ ആക്ഷേപഹാസ്യത്തിന്റെ രാഷ്ട്രീയം  

അബദ്ധത്തില്‍ തിരക്കഥാകൃത്തായ ആള്‍ എന്നാണ് ശ്രീനിവാസന്‍ സ്വയം വിശേഷിപ്പിച്ചത്. 1986ല്‍ മലയാളത്തിലെ ഒറ്റയാന്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന മോഹന്റെ ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ വേളയില്‍ ചലച്ചിത്രപ്രസിദ്ധീകരണങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹമത് തുറന്നു പറഞ്ഞിട്ടുണ്ട്. അടിസ്ഥാനപരമായി താനൊരു നടനാണ്. അഭിനയിക്കാനാണ് സിനിമയിലെത്തിയത്. അഭിനയം തന്നെയാണ് തന്റെ തട്ടകവും. പക്ഷേ ചില അത്യാഹിതങ്ങളില്‍ പെട്ട്, മറ്റു വഴികളില്ലാതെ തിരക്കഥയെഴുതാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു താന്‍ എന്നാണ് ശ്രീനിവാസന്‍ വിശദീകരിച്ചത്. അതേപ്പറ്റി ആത്മസുഹൃത്തുകൂടിയായ പ്രിയദര്‍ശനും മോഹനും പിന്നീട് വിശദമാക്കുകയും ചെയ്തു. തിരക്കഥാകൃത്തായി രംഗത്തു വന്ന പ്രിയദര്‍ശന്റെ ആദ്യചിത്രത്തിന് അദ്ദേഹം തന്നെയാണ് തിരക്കഥയെഴുതിയത്. എന്നാല്‍ 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തീയതിയോടടുത്ത് പൂജയ്‌ക്കെത്തിയപ്പോഴാണ് പ്രിയന്‍ ശ്രീനിയോട് പറയുന്നത്. ഇതാണ് കഥ. ശ്രീനി എഴുതിക്കോ. തനിക്കു തിരക്കഥയെഴുതാനറിയില്ലെന്നു പറഞ്ഞ ശ്രീനിയോട് പ്രിയന്‍ പറഞ്ഞു. എന്നാല്‍ സിനിമ നടക്കില്ല. താരങ്ങളും സാങ്കേതികവിദഗ്ധരും എല്ലാമെത്തിയിട്ടുണ്ട്. താനെഴുതിയാല്‍ നാളെ ഷോട്ടെടുക്കാം. തനിക്കഭിനയിക്കണോ, എന്നാല്‍ എഴുതിക്കോ. അങ്ങനെ താന്‍ അകപ്പെട്ടിരിക്കുന്ന കെണിയുടെ വ്യാപ്തിതിരിച്ചറിഞ്ഞ് അവസാനനിമിഷം സിനിമ നടക്കാന്‍ വേണ്ടി ഒരപകടത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് ശ്രീനിവാസന്‍ തിരക്കഥാകൃത്തായത്. എന്നാല്‍ ശ്രീനിവാസനിലെ തിരക്കഥാകൃത്തിനെ നേരത്തേ തിരിച്ചറിഞ്ഞതുകൊണ്ടാണ് താന്‍ അയാളില്‍ അത്രമേല്‍ വിശ്വാസം വച്ചുപുലര്‍ത്തിയത് എന്ന് പ്രിയദര്‍ശന്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഓടരുതമ്മാവാ എഴുതിയ ആള്‍ എന്ന നിലയ്ക്കും മുന്‍ അനുഭവങ്ങളില്‍ ശ്രീനിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞതുംകൊണ്ടാണ് മോഹന്‍ ഒരു കഥ ഒരു നുണക്കഥ എഴുതാന്‍ ശ്രീനിവാസനെ നിര്‍ബന്ധിക്കുന്നത്. അന്നും താനൊരു എഴുത്തുകാരനല്ലെന്നും നടന്‍ മാത്രമാണെന്നുമുള്ള നിലപാടില്‍ തന്നെയായിരുന്നു ശ്രീനി. എന്നാല്‍ ശ്രീനിക്ക് ആ കഥ തിരക്കഥയാക്കാനാവുമെന്നും ശ്രീനി എഴുതിയാലേ താനത് സംവിധാനം ചെയ്യൂ എന്നുമുള്ള നിര്‍ബന്ധത്തില്‍ അണുവിടെ വ്യതിചലിക്കാതെ നിന്നുകൊണ്ടാണ് മോഹന്‍ ശ്രീനിയെക്കൊണ്ട് എഴുതിക്കുന്നത്. എന്നാല്‍ അതോടെ ശ്രീനിവാസന്‍ എന്ന നടനൊപ്പം തിരക്കഥാകൃത്തും മലയാള സിനിമയില്‍ സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യപ്പെടുകയായിരുന്നു എന്നതാണ് വാസ്തവം.മലയാളത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട തിരക്കഥകളില്‍ പലതും ശ്രീനിവാസന്റേതായി. സന്മനസ്സുള്ളവര്‍ക്ക് സമാധാനം (1986), ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്(1986), വരവേല്‍പ്പ്(1989), നാടോടിക്കാറ്റ്(1987), അക്കരെ അക്കരെ അക്കരെ(1990) എന്നിവ സഹകാല സാമൂഹിക-സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ചിത്രണങ്ങളായി.

സവിശേഷമുഖമില്ലാത്ത ലക്ഷക്കണക്കിനു മലയാളികളില്‍ ഒരാളായി എം എ പോലെ തൊഴിലധിഷ്ഠിതമല്ലാത്ത ബിരുദവും പേറി അലയുന്ന ടി പി ബാലഗോപാലന്‍ എം എ കള്‍ട്ട്ഫിഗറായി സ്ഥാനം നേടുന്നത് അയാളുടെ ആത്മസംഘട്ടനങ്ങളും ധര്‍മസങ്കടവും ഒരു തലമുറയുടേതുകൂടിയായി അടയാളപ്പെട്ടതുകൊണ്ടാണ്. ആ തലമുറയ്ക്ക് അയാളെ സ്വന്തം സ്വത്വത്തിന്റെ തിരപ്രതിനിധിയായി തിരിച്ചറിയാന്‍ സാധിച്ചതുകൊണ്ടും. ശരാശരി ബിരുദധാരിയുടെ പി എസ് സി സ്വപ്നങ്ങള്‍ക്കപ്പുറത്തൊരു ലോകം കനവുകണ്ട ലക്ഷക്കണക്കിനു മലയാളിയുവാക്കളുടെ സ്വപ്നനഷ്ടങ്ങളും ഒരിക്കലും പച്ചപിടിച്ചിട്ടില്ലാത്ത ഒരു കുന്ന് ഇടത്തരം വ്യവസായങ്ങളുടെ ശവപ്പറമ്പായ കേരളത്തിന്റെ ദുരവസ്ഥയയുമാണ് ആ ചിത്രങ്ങള്‍ പകര്‍ത്തിക്കാട്ടിയത്. അതില്‍ പൊലിഞ്ഞ സ്വപ്നങ്ങളായിരുന്നു വരവേല്‍പ്പിലെ ഗള്‍ഫ് മോട്ടോഴ്‌സും മിഥുന (1993)ത്തിലെ ദാക്ഷായണി ബിസ്‌കറ്റ്‌സും വെള്ളാനകളുടെ നാട്ടി (1988)ലെ കരാര്‍പണിയും. റവന്യൂ റിക്കവറിയിലോ, പാപ്പര്‍ ഹര്‍ജിയിലോ, ആത്മഹത്യയിലോ അകാലചരമമടയുന്ന എത്രയോ ചെറുകിടവ്യവസായ ഉടമകളുടെ ഉടല്‍പ്പാതികളായി ആ കഥാപാത്രങ്ങള്‍.

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു സംസ്ഥാനസര്‍ക്കാരിന്റെ ജൂബിലിസമ്മേളനത്തെ അഭിസംബോധനചെയ്യുമ്പോള്‍ അന്നാട്ടിലെ പഴയൊരു സിനിമയെ പേരെടുത്തു പരാമര്‍ശിക്കുക എന്നതു ചെറിയകാര്യമല്ല. അങ്ങനൊരു നേട്ടം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ത്രയത്തിന്റെ വരവേല്‍പ്പി(1989)നുണ്ടായി. വരവേല്‍പ്പിലെ ഗള്‍ഫ് മോട്ടോഴ്‌സ് ഉടമ മുരളീധരന്റെ ധര്‍മസങ്കടത്തെ കേരളത്തിന്റെ മുഴുവന്‍ പ്രതിസന്ധിയായിട്ടാണു പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി അന്നുദ്ധരിച്ചത്. ജീവിതപ്പച്ചപ്പുതേടി ഗള്‍ഫിന്റെ കനകകേദാരങ്ങളിലേക്കു പ്രവാസിയായി സ്വയം നിഷ്‌കാസനം ചെയ്യപ്പെട്ട ലക്ഷക്കണക്കായ മലയാളിയുവാക്കളുടെകൂടി പ്രതിനിധിയായി മുരളിയെ വായിക്കുമ്പോള്‍ അയാളെ സൃഷ്ടിച്ച തിരക്കഥാകൃത്തായ ശ്രീനിവാസനെ കൂടി സ്മരിക്കേണ്ടതുണ്ട്. 

നിര്‍ധനനില്‍ നിന്നു കാണാപ്പൊന്നിന്റെ വിളഭൂമി തേടിയുള്ള മലയാളിയുടെ പ്രവാസചരിത്രത്തിന്റെ ആദ്യക്ഷരങ്ങള്‍ നാടോടിക്കാറ്റിലും ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റി(1983)ലും പ്രതിനിധാനം ചെയ്തിരുന്നു.ഗള്‍ഫ് എന്നു കരുതി  ചെന്നൈയില്‍ ചെന്നിറങ്ങുകയാണു നാടോടിക്കാറ്റിലെ രാംദാസും വിജയനും. ഗാന്ധിനഗറിലെ ഭീംസിംഗ് കാ ബേട്ട രാംസിംഗിന് അവസാനം കൈവരുന്ന സൗഭാഗ്യമാകട്ടെ, മമ്മൂട്ടിയുടെ ബാലചന്ദ്രന്‍ വച്ചുനീട്ടുന്ന അക്കരെയ്ക്കുള്ള വിസയാണ്. ഒരര്‍ഥത്തില്‍, ഗാന്ധിനഗറിലെ സേതുവിന്റെ ബാക്കിയാണു വരവേല്‍പ്പിലെ മുരളി. ഗള്‍ഫില്‍ അരിഷ്ടിച്ചുകൂട്ടുന്ന സമ്പാദ്യംകൊണ്ടു നാട്ടിലൊരു വ്യവസായം തുടങ്ങി സ്വസ്ഥമായി കൂടാം എന്നു കനവുകാണുന്ന ശരാശരി പ്രവാസിയുടെ ആശകളും മോഹഭംഗങ്ങളുമാണു മുരളി പ്രതിഫലിപ്പിച്ചത്. ശ്രീനിവാസന്റെ തൂലിക ജന്മം നല്‍കിയ ഗള്‍ഫ് പ്രവാസി കഥാപാത്രങ്ങളില്‍  അതിശയോക്തിയുടെ അതിവര്‍ണം ചാലിച്ചതെന്ന് അല്‍പ്പമെങ്കിലും ആരോപിക്കപ്പെടാവുന്നത് അയാള്‍ കഥയെഴുതുകയാണ്(1998)എന്ന കമല്‍ ചിത്രത്തിലെ പൈങ്കിളി നോവലിസ്റ്റായ സാഗര്‍ കോട്ടപ്പുറമാണ്. കമ്പോളം ആവശ്യപ്പെടുന്ന അനുപാതത്തില്‍ വളിപ്പിന്റെ വര്‍ണം ചാലിച്ച പ്രസ്തുത കഥാപാത്രത്തിലും ശരാശരി ഗള്‍ഫുകാരന്റെ കല്യാണക്കനവുകള്‍ കാണാം; കച്ചവട രസതന്ത്രത്തിനൊപ്പിച്ചു സാമൂഹികവും മാന്ത്രികവും കുറ്റാന്വേഷണവുമടങ്ങുന്ന ജനപ്രിയ നോവലുകള്‍ പലപേരില്‍ പടച്ചുവിടുന്ന ആധുനികകാല കൂലിയെഴുത്തുകാരന്റെ നേര്‍ച്ചിത്രവും. ഇതിനിടയില്‍ നാം നിത്യേന കണ്ടുമുട്ടുന്ന ടി ടി സി അധ്യാപകന്‍ (ദൂരെ ദൂരെ ഒരു കൂടുകൂട്ടാം), കോണ്‍ട്രാക്ടര്‍ പവിത്രന്‍, (വെള്ളാനകളുടെ നാട്), ഗുമസ്തനായ വീട്ടുടമസ്ഥന്‍ ഗോപാലകൃഷ്ണപണിക്കര്‍ (സന്മനസ്സുള്ളവര്‍ക്കു സമാധാനം) ഇവരിലെല്ലാമുണ്ടായിരുന്ന സവിശേഷത, ഇവര്‍ ചുറ്റുപാടുനിന്ന് അടര്‍ത്തിയെടുത്തു എന്നു തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു എന്നതാണ്. ഇവരുടെ പേരുകളിലെ സര്‍വസാധാരണത്വം ശ്രദ്ധിക്കുക. അതുപോലും ഈ അതിസാധാരണത്വത്തിന്റെ പ്രതിബിംബമാണ്. മലയാളത്തത്തില്‍ സിനിമാക്കഥയ്ക്ക് ഓരോ തൊഴില്‍മേഖലയെ വിഷയമാക്കുക എന്നൊരു പ്രവണതയുണ്ടായതും അതോടെയാണ്. മുമ്പു തൊഴിലാളിവര്‍ഗത്തെക്കുറിച്ചോ ഫ്യൂഡല്‍ മാടമ്പിത്തത്തിനെതിരെയോ മാത്രമാണു തോപ്പില്‍ഭാസി-എസ് എല്‍ പുരം പ്രഭൃതികളുടെ തൂലിക വിഷയം കണ്ടെത്തിയതെങ്കില്‍ ശ്രീനിവാസനാവട്ടെ തട്ടാനിലും ആശാരിയിലും തുടങ്ങി ചെറുകിട കോണ്‍ട്രാക്ടറിലും, വീട്ടുടമസ്ഥനിലും, സര്‍ക്കാര്‍ ഉദ്യോഗസ്ഥനിലും, ബസുടമയിലും, വാച്ച്മാനിലും തന്റെ നായകന്മാരെ പ്രതിഷ്ഠിച്ചു.

മലയാള സിനിമയില്‍ ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് അടയാളപ്പെടുത്തപ്പെടുക, കമ്പോള മുഖ്യധാരയില്‍ ചലച്ചിത്രത്തുടര്‍ച്ചകള്‍ക്ക്, സ്വയം സമ്പൂര്‍ണങ്ങളായ ചലച്ചിത്രപരമ്പരകള്‍ക്ക് 

തുടക്കമിട്ടതിന്റെ പേരില്‍ക്കൂടിയായിരിക്കും.സിദ്ധീഖ്-ലാല്‍മാര്‍ ജീവന്‍ നല്‍കിയ ദാസനും വിജയനും (പേര് അതാവില്ല) എന്ന രണ്ടു തൊഴില്‍രഹിത ചെറുപ്പക്കാരുടെ ഗള്‍ഫ് സ്വപ്‌നം എന്ന കഥാതന്തു വികസിപ്പിച്ച് സത്യന്‍ അന്തിക്കാടിനു വേണ്ടി നാടോടിക്കാറ്റ് എഴുതിയപ്പോള്‍ ശ്രീനിവാസന്‍ വിചാരിച്ചിട്ടുണ്ടാവില്ല, അതൊരു ചലച്ചിത്രത്രയത്തിന്റെ നാന്ദിയാകുമെന്ന്. മലയാളികളുടെ സ്വത്വദൃഷ്ടാന്തമായി പരിണമിച്ച ദാസനും വിജയനും എന്ന കഥാപാത്രങ്ങള്‍ നേടിയ അഭൂതപൂര്‍വമായ ജനസ്വാധീനത്തെത്തുടര്‍ന്ന് 1988ല്‍ പട്ടണപ്രവേശം എന്ന പേരില്‍ അതിനൊരു രണ്ടാംഭാഗമെഴുതേണ്ടി വന്നു ശ്രീനിക്ക്. വ്യവസ്ഥാപിതാര്‍ത്ഥത്തിലുളളൊരു ചലച്ചിത്രത്തുടര്‍ച്ചയായിരുന്നില്ല അതെന്നു ശ്രദ്ധിക്കണം. മുഖ്യകഥാപാത്രങ്ങള്‍ ചെന്നു പറ്റുന്ന പുതിയ സാഹചര്യങ്ങളും പുതിയ കഥാപാത്രങ്ങളുമൊക്കെയായി സ്വതന്ത്രമായൊരു പുതിയ ചിത്രം തന്നെയായിരുന്നു പട്ടണപ്രവേശം. നിലവിലുണ്ടായിരുന്ന ആക്ഷന്‍-പൊലീസ്-അധോലോക ചിത്രങ്ങളെ കണക്കിന് ആക്ഷേപിക്കുന്നതായിരുന്നു അതിന്റെ ഗാത്രം. ആവനാഴിയിലെ മഹാവില്ലനെ പവനായി എന്ന കോമാളി കില്ലറാക്കിത്തീര്‍ക്കുകവഴി സിനിമയിലെ സ്പൂഫിങ്ങിനാണ് ശ്രീനി തുടക്കം കുറിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം, പ്രിയദര്‍ശനു വേണ്ടിയാണ്, സത്യന്‍ അന്തിക്കാടിന്റെ അനുമതിയോടെ അമേരിക്കയില്‍ ചിത്രീകരിച്ച അക്കരെയക്കരെയക്കരെയില്‍ ദാസനെയും വിജയനെയും ശ്രീനി മൂന്നാമതും കൊണ്ടുവന്നത്.

എന്നാല്‍ സ്‌ളാപ്സ്റ്റിക്ക് കോമഡിക്കും അര്‍ത്ഥമൊളിപ്പിച്ച ആക്ഷേപഹാസ്യത്തിനുപ്പുറം ഗൗരവമുള്ള തിരക്കഥകള്‍ക്കും ജന്മം നല്‍കിയ എഴുത്തുകാരനാണ് ശ്രീനിവാസന്‍.വിജയസാധ്യതയ്ക്കപ്പുറം ആഴമുള്ള തിരക്കഥകളിലധികവും സ്വയം സംവിധാനം ചെയ്യാനായി മാറ്റിവയ്ക്കുകയായിരുന്നു അദ്ദേഹം. വടക്കുനോക്കിയന്ത്രവും(1989), ചിന്താവിഷ്ടയായ ശ്യാമള(1998)യും പോലെ, ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ഒരു സംവിധായകനും ഒരുപക്ഷേ ദഹിച്ചേക്കാനിടയില്ലാത്ത കഥാതന്തുക്കള്‍ അദ്ദേഹം സംവിധാനം ചെയ്ത് മികവുറ്റതാക്കി. ശ്രീനിവാസന്റെ ഗൗരവമുള്ള തിരക്കഥകളില്‍ സുനിശ്ചയമായി ഉള്‍പ്പെടുന്നവയാണ് കമലിന്റെ ചമ്പക്കുളം തച്ചന്‍(1992) ഇരട്ടക്കുട്ടികളുടെ അച്ഛന്‍ (1997), മഴയെത്തുംമുമ്പേ (1995), അഴകിയ രാവണന്‍(1996) എന്നിവ. ഇവയില്‍ സിവി ബാലകൃഷ്ണന്റെ കഥയെ ഉപജീവിച്ച ഇരട്ടക്കുട്ടികളുടെ അച്ഛന്‍, ചമ്പക്കുളം തച്ചന്‍, മഴയെത്തുംമുമ്പേ എന്നീ ചിത്രങ്ങളുടെ ചലച്ചിത്രസമീപനം പതിവ് ശ്രീനിവാസന്‍ തിരക്കഥകളില്‍ നിന്ന് വിഭിന്നമായ രംഗപരിചരണവും ചലച്ചിത്രദര്‍ശനവും വച്ചുപുലര്‍ത്തുന്നവയാണ്. തിരക്കഥാകൃത്തെന്ന നിലയ്ക്കുള്ള കൈയൊതുക്കവും വൈവിദ്ധ്യവും വ്യക്തമാക്കുന്നതാണിവ.

ശ്രീനിവാസന്‍ തിരക്കഥകളെപ്പറ്റി ഏറെ കേട്ടിട്ടുള്ള ഒരാരോപണം അവയിലെ (അ)രാഷ്ട്രീയപരതയാണ്. സന്ദേശം(1990) എന്ന ചിത്രത്തെ ആരാഷ്ട്രീയവാദമായി നിരൂപകര്‍ വായിച്ചിട്ടുണ്ട്.  കേരളത്തിലെ പാര്‍ട്ടി രാഷ്ട്രീയം എങ്ങനെ കുടുംബബന്ധങ്ങളെ ചിതറിക്കുന്നുവെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയവും ഇടതും വലതും എന്ന് പേരിലുള്ള ആശയങ്ങളുമെങ്ങനെ ഭിന്നതയുടെ ഉപകരണങ്ങളായി മാറുന്നു എന്നും ചിത്രം തുറന്നുകാട്ടി. എന്നാല്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോട് ചിത്രം പുലര്‍ത്തിയ സമീപനം പിന്നീട് പലരാലും വിമര്‍ശിക്കപ്പെട്ടതായും, അതിന്റെ 'അപ്പോളിറ്റിക്കല്‍' സന്ദേശം തന്നെ പിന്നീട് ശ്രീനിവാസന്റെ പൊതുചിത്രത്തെ സ്വാധീനിച്ചതായും അഭിമുഖങ്ങളിലും ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്രീനിവാസരചനകളുടെ ഏറ്റവും ശ്രദ്ധേയമായ ഗുണം, സ്വന്തം സമൂഹത്തെയും സ്വന്തം തലമുറയെയും, ചിലപ്പോള്‍ തന്നിലെ എഴുത്തുകാരനെയും വരെ ചോദ്യം ചെയ്യുന്ന ആത്മവിമര്‍ശനമാണ്. മദ്ധ്യവര്‍ഗ്ഗ മലയാളിയുടെ കപടധാര്‍മ്മികത, പുരുഷാധിപത്യ മനോഭാവം, രാഷ്ട്രീയാന്ധ്യം, സ്വാര്‍ത്ഥത ഇവയെല്ലാം അദ്ദേഹം നായകന്മാര്‍ക്കുളളില്‍ നിക്ഷേപിക്കാറുണ്ട്. ശ്രീനിവാസ നായകന്മാര്‍ ബാഹ്യ ശത്രുവിനെ അല്ല, തന്റെ തന്നെ ദൗര്‍ബല്യങ്ങളെയും സ്വാര്‍ത്ഥതകളെയും നേരിടുന്നവനായി മാറുന്നു. തന്റെ പോരായ്മകളെ തിരിച്ചറിഞ്ഞ് വേദനിക്കുന്ന ഒരു നിസഹായനായ മാത്രമാണ് അവന്‍ സ്വീകരിക്കപ്പെടുന്നത്. താന്‍ കൂടി ഭാഗഭാക്കായ സാമൂഹികാവാസവ്യവസ്ഥയുടെ ഭാഗമായിട്ടാണ് അദ്ദേഹം കഥകളും കഥാപാത്രങ്ങളും രൂപപ്പെടുത്തിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ താന്‍പോരിമക്കാരല്ല, പോരായ്മകളുള്ളവരാണ്. ശ്രീനിവാസന്‍ സൃഷ്ടിച്ച കഥാസന്ദര്‍ഭങ്ങളിലെ ജീവിത സാഹചര്യങ്ങള്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക നിലപാടുകളെ പോലും ചോദ്യം ചെയ്യുന്ന രീതിയിലുള്ളതാണ്: തൊഴിലില്ലായ്മയും പ്രവാസഭ്രമവും, ഗള്‍ഫ് സ്വപ്നവും, ഗാര്‍ഹിക ജീവിതത്തിലെ പുരുഷാധിപത്യവും, 'മൂല്യങ്ങള്‍' കാത്തുസൂക്ഷിക്കുന്നതായി തോന്നുന്നെങ്കിലും ആന്തരിക ഭയങ്ങളും പകകളും നിറഞ്ഞ കുടുംബരംഗങ്ങളുമെല്ലാം കൈകാര്യം ചെയ്യുമ്പോള്‍, എഴുത്തുകാരന്‍ തന്നെ ആ സംസ്‌കാരത്തിന്റെ കുറ്റബോധം പങ്കുവഹിക്കുന്ന ആളായി പശ്ചാത്തലത്തില്‍ നില്‍ക്കുന്നു. പ്രേക്ഷകന് ചിരിക്കപ്പുറം ചില തിരിച്ചറിവുകളും സമ്മാനിക്കുകയെന്നതാണ് ശ്രീനി തിരക്കഥകളിലൂടെ ശ്രമിച്ചിട്ടുള്ളത്.

മലയാളിയുടെ നിത്യജീവിതത്തെ സ്വാധീനിക്കുകയും ജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്ത സംഭാഷണങ്ങളാണ് തിരക്കഥാകൃത്തായ ശ്രീനിവാസന്റെ സാംസ്‌കാരിക മൂലധനനിക്ഷേപങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നു നിരീക്ഷിക്കുന്നതില്‍ അപാകതയില്ല. നാടോടിക്കാറ്റില്‍ ദാസനും വിജയനും പങ്കുവയ്ക്കുന്ന നമുക്കെന്താ ഈ ബുദ്ധി നേരത്ത തോന്നാത്തത് എന്ന ചോദ്യവും എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന മറുപടിയും എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന ആത്മവിമര്‍ശനവും മലയാളി യുവാക്കളുടെ മാത്രമല്ല സമൂഹത്തിന്റെയൊട്ടാകെ ദൈനംദിന പ്രയോഗങ്ങളായി തീരുകയായിരുന്നു. വലിയ പ്രതീക്ഷകളോടെ വന്ന് പൊട്ടാത്ത അമിട്ടുകളായിത്തീരുന്ന സന്ദര്‍ഭങ്ങളെ അങ്ങനെ പവനായി ശവമായി എന്ന് മലയാളി വിശേഷിപ്പിച്ചു തുടങ്ങിയത് പട്ടണപ്രവേശത്തിലെ ശ്രീനി സംഭാഷണത്തില്‍ നിന്നാണ്. അഹിതം സംസാരിക്കുന്നതിനെ പ്രതിരോധിക്കാന്‍ പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന സന്ദേശത്തിലെ ശ്രീനിവാസന്‍ കഥാപാത്രത്തിന്റെ താക്കീത് മലയാളത്തിലെ ശൈലി തന്നെയായിമാറി.രാഷ്ട്രീയക്കാരുടെ ദുര്‍ഗ്രാഹ്യമായ വിശകലനങ്ങളെ വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃ്ഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു എന്ന സന്ദേശത്തിലെ ഡയലോഗ്ു കൊണ്ടാണ് സാംസ്‌കാരികകേരളം നേരിടുന്നത്. അക്കരെയക്കരയെയിലെ മീനവിയല്‍ എന്തായോ എന്തോ എന്ന അസമയത്തെ ഒഴികഴിവും, ഉദയനാണ് താരത്തിലെ മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ എന്ന ഡയലോഗും ചിന്താവിഷ്ടയായ ശ്യാമളയിലെ കൃത്രിമത്വം നിറഞ്ഞ ചിന്താവിഷ്ടയായ ശ്യാമളയിലെ അയ്യോ അച്ഛാ പോവല്ലേ അയ്യോ അച്ഛാ പോവല്ലേയും അതേ ചിത്രത്തിലെ ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ അപ്പോള്‍ ക്യാമറയും കൂടെച്ചാടട്ടെയും, വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിന്റെ കള്‍ട്ട് ഡയലോഗായിത്തീര്‍ന്ന താമരശ്ശേരി ചുരവും ഇപ്പോ ശരിയാക്കിത്തരാമും പടച്ചോനേ കാത്തോളീ....യും യാത്രക്കാരുടെ ശ്രദ്ധയ്ക്കിലെ ഈശ്വരാ ഭഗവാനെ എന്റെ അച്ഛന് നല്ലതുമാത്രം വരുത്തണേ എന്ന പ്രാക്കും അയാള്‍ കഥയെഴുതുകയാണിലെ ചോയ്ച്ച് ചോയ്ച്ച് പോകാമും എല്ലാം മലയാളിയുള്ളിടത്തെല്ലാം സംഭാഷണത്തില്‍ അബോധമായിക്കൂടി കടന്നുവരുന്നുണ്ടെങ്കില്‍ അതിന് പകര്‍പ്പവകാശം ശ്രീനിവാസനാണെന്നോര്‍ക്കുക.  അഴകിയ രാവണനില്‍ ശ്രീനി അവതരിപ്പിച്ച അബുജാക്ഷന്‍ തന്റെ മനസിലെ സിനിമ ആഖ്യാനിക്കുമ്പോള്‍ പറയുന്ന അവിടെ കല്യാണം ഇവിടെ പാലുകാച്ച് പാലുകാച്ചല്‍ കല്യാണം എന്ന സംഭാഷണം കേള്‍വിപ്പുറമേയ്ക്കുള്ള തമാശയ്ക്കും ഈണത്തിനുമപ്പുറം പാരലല്‍ കട്ടിങ് എന്ന ചലച്ചിത്ര ദൃശ്യവിന്യാസ സാങ്കേതികവിദ്യയെ അതിലളിതമായി പ്രതിപാദിക്കുന്നൊരു ക്‌ളാസിക് വാക്യമായിത്തന്നെ കണക്കാക്കേണ്ടതുണ്ട്. ഇതിലും വ്യക്തമായി ഫിലിം എഡിറ്റിങ്ങിന്റെ-മൊണ്ടാഷിന്റെ-സിദ്ധാന്തം പഠിപ്പിക്കാന്‍ പറ്റിയ ഒരൂ വാചകം ഉണ്ടാകേണ്ടിയിരിക്കുന്നു.

റോഷന്‍ ആന്‍ഡ്രൂസ് എന്ന യുവസംവിധായകനുവേണ്ടി 2005ല്‍ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഉദയനാണു താരത്തില്‍ തിരക്കഥാചോരണമടക്കം സിനിമയിലെ ദുഷിപ്പുകള്‍ക്കെതിരേ ശക്തമായ വിമര്‍ശനത്തിനു മുതിര്‍ന്ന ശ്രീനിവാസന്‍ അതിലെ മുഖ്യകഥാപാത്രമായ സരോജ് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി 2012ല്‍ സജിന്‍ രാഘവനു വേണ്ടി രചിച്ച പദ്മശ്രീ ഭരത് ഡോ സരോജ്കുമാര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വേരോടിയ താരാധിപത്യത്തെ കണക്കിനു പരിഹസിച്ചു.ഒരളവില്‍ അല്‍പം കടന്നുപോയോ എന്നു പോലും തോന്നിപ്പിക്കുന്നതായിരുന്നു ചിത്രത്തിലെ വിമര്‍ശനങ്ങള്‍. കമലിനു വേണ്ടി 1996ല്‍ എഴുതിയ മമ്മൂട്ടി ചിത്രമായ അഴകിയ രാവണനില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച അംബുജാക്ഷന്‍ എന്ന തിരക്കഥാകൃത്തിന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയില്‍ നിന്നു പ്രചോദിതമായി സന്തോഷ് വിശ്വനാഥ് 2015ല്‍ അതേപേരില്‍ ഒരു സ്വതന്ത്ര സിനിമ സംവിധാനം ചെയ്തതും ചരിത്രം. ഇത്തരത്തില്‍ ഒരു സിനിമയില്‍ നിന്ന് മറ്റൊരു തലമുറയില്‍പ്പെട്ടൊരു ചലച്ചിത്രപ്രവര്‍ത്തകന്‍ മറ്റൊരു സിനിമ നിര്‍മ്മിക്കുന്നത് ചെമ്മീനിനു ശേഷം അതാദ്യമായിട്ടായിരുന്നു. (ചെമ്മീനിലെ അനിയത്തി കഥാപാത്രത്തെ കേന്ദ്രമാക്കി പില്‍ക്കാലത്ത് മഞ്ജുവാര്യരെ വച്ച് അനില്‍ ആദിത്യന്‍ തിരകള്‍ക്കപ്പുറം എന്നൊരു ചിത്രമെടുത്തിട്ടുണ്ട്) സിനിമയുടെ വ്യാകരണം അക്കാദമികമായി പാലിച്ചുകൊണ്ട് തിരക്കഥകളെഴുതിയ മലയാളത്തിലെ മഹാനായ തിരയെഴുത്തുകാരനായിരുന്നില്ല ശ്രീനിവാസന്‍. പക്ഷേ അദ്ദേഹമെഴുതിയത് മലയാളിയുടെ മനസായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുമുനകള്‍ ചെന്നുതറച്ചത് മലയാളിയുടെ മനസകങ്ങളിലുമായിരുന്നു.


അര്‍ത്ഥപൂര്‍ണമായ സാറ്റയറുകളുടെ ചലച്ചിത്ര ശില്പി  

ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രങ്ങളുടെ എണ്ണം കുറവായതിന് ഒരു കാരണമുണ്ട്. അദ്ദേഹത്തിന്റെ തിരക്കഥകള്‍ക്ക് അത്രമേല്‍ വിലയുണ്ടായിരുന്നു മലയാള സിനിമയില്‍. അതുകൊണ്ടുതന്നെ എഴുതിത്തീരുന്നതിനു മുമ്പേ കൊത്തിക്കൊണ്ടുപോകാന്‍ സംവിധായകരുണ്ടായി. അങ്ങനെയുമല്ല പറയേണ്ടത്. മിക്കപ്പോഴും സത്യന്‍, പ്രിയന്‍, കമല്‍ തുടങ്ങിയ സംവിധായകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം എഴുതിയത്. അവയില്‍ നിന്നു വേറിട്ട് മറ്റൊരു സംവിധായകനെ ഒരുപക്ഷേ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടായേക്കുമെന്ന കഥാതന്തുക്കളാണ് സ്വന്തം സംവിധാന സംരംഭങ്ങള്‍ക്കായി അദ്ദേഹം നീക്കിവച്ചത്. അങ്ങനെയുണ്ടായതാണ് വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും.സ്വന്തം ശരീരപരിമിതികളില്‍ കടുത്ത അപകര്‍ഷബോധം വച്ചുപുലര്‍ത്തുകയും അതിസുന്ദരിയായൊരു ചെറുപ്പക്കാരിയെ വിവാഹം കഴിക്കുന്നതോടെ ആ ദൗര്‍ബല്യം മാനസികരോഗത്തിന്റെ മാര്‍ഗത്തിലേക്ക് ചലിക്കുകയും ചെയ്യുന്ന തളത്തില്‍ ദിനേശന്‍ എന്ന നിസ്സാഹയനായ ഒരാളുടെ കഥയായിരുന്നു വടക്കുനോക്കിയന്ത്രം. ഒഥല്ലോ സിന്‍ഡ്രോം മാനസികാവസ്ഥയുടെ ലളിതമാര്‍ന്ന ചലച്ചിത്രാഖ്യാനം. മികച്ച സിനിമയ്ക്കുള്‍പ്പെടെ മൂന്ന് കേരള സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ വടക്കുനോക്കിയന്ത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

 ചിന്താവിഷ്ടയായാ ശ്യാമള* (1998) കുടുംബത്തെയും ആത്മപരിഷ്‌കരണത്തെയും കുറിച്ചുള്ള സമൂഹ നിരൂപണമാണ്; ഒരു അദ്ധ്യാപികയായ സ്ത്രീയുടെ ആത്മവിശകലനയാത്രയും ഭര്‍ത്താവിന്റെ ഉത്തരവാദിത്തരാഹിത്യവും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ് ചിന്താവിഷ്ടയായ ശ്യാമള ചര്‍ച്ച ചെയ്തത്. ഒരര്‍ത്ഥത്തില്‍ ഇത് ശ്രീനി തന്നെ നായകവേഷത്തിലെത്തിയ കെ ആര്‍ മോഹന്‍ ചിത്രമായ സ്വരൂപത്തിന്റെ മറ്റൊരു ചലച്ചിത്രവ്യാഖ്യാനമായിരുന്നു. കമ്പോളത്തെ കൂടി പരിഗണിച്ചുകൊണ്ട് ഗൗരവമുള്ള വിഷയങ്ങളെ ചിരിയില്‍ പൊതിഞ്ഞ് ആവിഷ്‌കരിക്കുന്നതായിരുന്നു രണ്ടു ചിത്രങ്ങളും. അതുകൊണ്ടുതന്നെ അവയ്ക്ക് ഇന്നത്തെ തലമുറയിലും സ്വീകാര്യത ഉറപ്പാക്കാനുമാവുന്നു.


നിര്‍മ്മാതാവായ ശ്രീനിവാസന്‍

കസിനോ ഫിലിംസിന്റെ ബാനറില്‍ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന സിനിമയില്‍ നിര്‍മ്മാണ പങ്കാളിയായ ശ്രീനിവാസന്‍ പില്‍ക്കാലത്ത് സുഹൃത്തും നടനും ജനപ്രതിനിധിയുമായ മുകേഷുമായി ചേര്‍ന്ന് ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ രണ്ടു സിനിമകള്‍ നിര്‍മ്മിച്ചു. ഭാര്യാസഹോദരനായ മോഹനന്റെ സംവിധായകനായ അരങ്ങേറ്റം കുറിച്ച കഥപറയുമ്പോള്‍, മകന്‍ വിനീത് ശ്രീനിവാസന്‍ രചിച്ചു സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് (2012) എന്നീ ചിത്രങ്ങളായിരുന്നു അവ. രണ്ടും രണ്ടുതരത്തില്‍ കള്‍ട്ടായിത്തീരുകയും വിവിധ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യുകയും ചെയ്തു. നിര്‍മ്മാതാവെന്ന നിലയില്‍ അദ്ദേഹം താര പ്രാധാന്യത്തേക്കാള്‍ കഥയെയും എഴുത്തിനെയും മുന്‍നിര്‍ത്തുന്ന സിനിമകളെയാണ് പിന്തുണച്ചത്; മികച്ച ഉള്ളടക്കത്തിന് എന്നും പ്രേക്ഷക പിന്തുണ ഉണ്ടെന്ന് അദ്ദേഹം നിര്‍മ്മാതാവെന്ന നിലയ്ക്ക് വിപണിയെ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തി.

മലയാള ചലച്ചിത്രരംഗത്തെ നിരവധി പുതുമുഖങ്ങള്‍ക്ക് വേദിയൊരുക്കിയെന്നതാണ് ശ്രീനിവാസന്‍ എന്ന ചലച്ചിത്രകാരന്റെ പ്രസക്തി. മമ്മൂട്ടിയുടെ നായകവേഷത്തിലേക്കുള്ള സ്ഥിരപ്രതിഷ്ഠയ്ക്കു കാരണമായ മേളയിലേക്ക് അദ്ദേഹത്തെ നയിക്കുന്നത് ശ്രീനിവാസന്റെ ശുപാര്‍ശയാണ്. ലാല്‍ ജോസിനെയും റോഷന്‍ ആന്‍ഡ്രൂസിനെയും മോഹനനെയും പോലുള്ള സംവിധായകരെ സ്വതന്ത്രരായി അവതരിപ്പിക്കുന്നത് ശ്രീനിവാസനാണ്. സിബി മലയിലിന്റെ ആദ്യ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ശ്രീനിവാസനായിരുന്നു. ഇന്ത്യ കണ്ട മികച്ച സംവിധായകരിലൊരാളായി പില്‍ക്കാലത്ത് പേരെടുത്ത ജയരാജിന്റെ അരങ്ങേറ്റ ചിത്രമായ വിദ്യാരംഭത്തിന്റെ രചയിതാവും ശ്രീനിയാണ്. 

മലയാളിയുടെ നിത്യജീവിതത്തില്‍ നേടാന്‍ സാധിച്ച സ്വാധീനശേഷിക്കു ശേഷമേ വരൂ അദ്ദേഹത്തിനു ലഭിച്ച പുരസ്‌കാരങ്ങളുടെ അനന്തമായ പട്ടിക.

സന്ദേശം (1991) മഴയെത്തും മുന്‍പേ (1995) എന്നിവയ്ക്ക് രണ്ടുവട്ടം മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം.

 വടക്കുനോക്കിയന്ത്രം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ബഹുമതിയും, ചിന്താവി്ഷ്ടയായ ശ്യാമള മികച്ച സാമൂഹിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി.സന്ദേശത്തിന് മികച്ച കഥയ്ക്കുള്ള സംസ്ഥാന ബഹുമതി, തകരച്ചെണ്ടയിലെ പ്രകടനത്തിന് സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമര്‍ശം, 2007ല്‍ കഥപറയുമ്പോള്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ബഹുമതി എന്നിവനേടി. അഞ്ചുതവണ വിവിധ വിഭാഗങ്ങളില്‍ കേരള ഫിലിംക്രിട്ടിക്‌സ് ബഹുമതി നേടിയ ശ്രീനിവാസന്‍ 2023ല്‍ സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നവും സ്വന്തമാക്കി.

വ്യക്തിപരമായ ചില ഓര്‍മ്മകളോടെ ഈ കുറിപ്പവസാനിപ്പിക്കട്ടെ. 2000ല്‍ മലയാള മനോരമയുടെ ക്യാംപസ് ലൈന്‍ (പില്‍ക്കാലത്തെ യുവ) കേരളത്തിലെ തെരഞ്ഞെടുത്ത കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി നടനം 2000 എന്ന പേരില്‍ കോട്ടയം ആസ്ഥാനത്ത് ഒരു ത്രിദിന ചലച്ചിത്രക്യാംപം സംഘടിപ്പിക്കുന്നു. ഞാനാണ് അതിന്റെ മുഖ്യ സംഘാടകന്‍. അതിന്റെ രണ്ടാം ദിവസം ശ്രീനിവാസന്റെ സെഷനുണ്ട്. മനോരമയുടെ അന്നത്തെ സബ് എഡിറ്ററും ഇന്ന് കോട്ടയത്തെ ചീഫ് ന്യൂസ് എഡിറ്ററുമായ വിനോദ് നായര്‍ എന്ന പി വിനോദാണ് അദ്ദേഹത്തെ ക്ഷണിച്ചിട്ടുള്ളത്. അദ്ദേഹം കോട്ടയത്തെ അഞ്ജലി ഹോട്ടലില്‍ ചെക്കിന്‍ ആയിട്ടുണ്ട്. സംഘാടകരെന്ന നിലയ്ക്ക് ഞാനും വിനോദും, കുട്ടിസ്രാങ്കിലൂടെ തിരക്കഥാകൃത്തിനുള്ള ദേശീയ ബഹുമതി നേടിയ, മലയാള മനോരമയുടെ ഇപ്പോഴത്തെ ലീഡര്‍ റൈറ്ററുമായ ഹരികൃഷ്ണനും ചേര്‍ന്നു മുറിയില്‍ പോയി അദ്ദേഹത്തെ കണ്ടു. ക്ഷേമാന്വേഷണമാണ് ലക്ഷ്യം. ആദ്യമായാണ് ഞാനദ്ദേഹത്തെ നേരിട്ടു കണ്ടു സംസാരിക്കുന്നത്. കുറേനേരം അദ്ദേഹത്തോടൊപ്പം അന്നവിടെ ചെലവഴിക്കുകയും ഉരുളയ്ക്കുപ്പേരിപോലുള്ള അദ്ദേഹത്തിന്റെ തല്‍ക്ഷണ തമാശകളുടെ സാക്ഷിയാവുകയും ചെയ്തു. അദ്ദേഹത്തെ നേരത്തേ അറിയുന്ന വിനോദും ഹരിയുമുണ്ടായതുകൊണ്ടുതന്നെ, ഔപചാരികതയുടെ പേരില്‍ മാത്രം പേരുപറഞ്ഞു പരിചയപ്പെട്ട എന്നെ പിന്നീട് ഓര്‍ത്തുവയ്ക്കത്തക്ക യാതൊരടുപ്പവും അതിനുണ്ടായില്ല. എങ്കിലും ഞാനെഴുതിയിരുന്ന സിനിമാക്കുറിപ്പുകളും അഭിമുഖങ്ങളും കാണാറുണ്ട് എന്നൊരൊഴുക്കന്‍ മട്ടില്‍ അദ്ദേഹം പറഞ്ഞത്, ആദ്യമായി പരിചയപ്പെടുന്നൊരാളോടുള്ള ഔദാര്യമായേ ഞാനും കരുതിയുള്ളൂ. പില്‍ക്കാലത്ത് കന്യക വനിതാദ്വൈവാരികയുടെ പത്രാധിപരായിരിക്കെ ഒരിക്കല്‍ നാനയുടെ മുന്‍ പത്രാധിപസമിതിയംഗം കെ.സി.മധുകുമാറും പില്‍ക്കാലത്ത് ദേശീയബഹുമതി നേടിയ ചലച്ചിത്രകാരനായിത്തീര്‍ന്ന അന്നത്തെ കന്യകയുടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്ന എബ്രിഡ് ഷൈനിനും കൂടി ഓണപ്പതിപ്പിന് പ്രത്യേകാഭിമുഖത്തിനായി അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലെത്തി സംഭാഷണം തയാറാക്കുകയും ആദ്യമായി ഒരു പ്രസിദ്ധീകരണത്തിനുവേണ്ടി അവരുടെ സകുടുംബഫോട്ടോ പകര്‍ത്തുകയും ചെയ്തപ്പോള്‍ മധുച്ചേട്ടന്‍ വിളിച്ചു തന്ന ഫോണിന്റെ മറുതലയ്ക്കലെ ശബ്ദമായി ഞാനദ്ദേഹത്തോട് സംസാരിച്ചു. പഴയ മലയാള മനോരമയിലെ കൂടിക്കാഴ്ച സൂചിപ്പിച്ചുകൊണ്ടാണ് ഞാനദ്ദേഹത്തോട് സംഭാഷണം ആരംഭിച്ചത്. ഉവ്വ് മധു പറഞ്ഞു എന്ന മറുപടിയില്‍, ആ മുന്‍പരിചയം അദ്ദേഹം ഓര്‍ത്തെടുത്തതായി തോന്നിയില്ല. പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷം, കന്യകയ്ക്കു വേണ്ടിത്തന്നെ, ശ്രീനിവാസന്റെയും ഭാര്യയുയെടും ഒരു പ്രത്യേകാഭിമുഖത്തിനായി ഞാന്‍ നിയോഗിച്ചതനുസരിച്ച് ലേഖിക ഷെറിങ് പവിത്രന്‍ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയപ്പോള്‍ ഷെറിങ് കണക്ട് ചെയ്ത ഫോണില്‍ അദ്ദേഹവുമായി ഒരുവട്ടം കൂടി സംസാരിച്ചു. ഇത്തവണ, പഴയ മനോരമ പരിചയപ്പെടല്‍ ബോധപൂര്‍വം ഒഴിവാക്കിക്കൊണ്ട്, ചില ചലച്ചിത്രപഠനങ്ങളൊക്കെ എഴുതിയിട്ടുണ്ട് എന്ന നിലയ്ക്ക് ആരംഭിച്ച എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു-അല്ല നമ്മള്‍ നേരത്തെ പരിചയപ്പെട്ടിട്ടുണ്ടല്ലോ? ഞാന്‍ താങ്കളുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുമുണ്ട്. മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം താങ്കളെഴുതിയതല്ലേ? നേരത്തേ മനോരമയിലായിരുന്നോ? നമ്മള്‍ നേരിട്ടു കണ്ടിട്ടുണ്ടല്ലോ?. അത്ര തെളിഞ്ഞ ഓര്‍മ്മയുടെ ഉടമയായിരുന്നു ശ്രീനിവാസന്‍. ബുദ്ധിയുടെ കാര്യത്തില്‍, കൂര്‍മ്മബുദ്ധിയുടെയും വക്രബുദ്ധിയുടെയും സര്‍ഗാത്മകബുദ്ധിയുടെയും കാര്യത്തില്‍,ഫാസില്‍ എഴുതിയതുപോലെ പത്തുതലയുള്ള രാവണന്‍. അവസാനമായി അദ്ദേഹത്തെ നേരില്‍ കാണുന്നത് രണ്ടുവര്‍ഷം മുമ്പ്, കൊച്ചി ലെ മെറിഡിയനില്‍ നടന്ന 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരച്ചടങ്ങിലാണ്. ആ വര്‍ഷത്തെ സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്രരത്‌നം പുരസ്‌കാരം ശ്രീനിവാസനായിരുന്നു. എന്നാല്‍, രോഗാവശതയില്‍ അദ്ദേഹം അതു സ്വീകരിക്കാനെത്താന്‍ സാധ്യത കുറവാണെന്നതുകൊണ്ടുതന്നെ ഔപചാരികമായ ക്ഷണക്കത്ത് തപാലില്‍ അയച്ചതല്ലാതെ തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെട്ടതേയില്ല. വരുമെന്ന നേര്‍ത്ത പ്രതീക്ഷപോലും ഞങ്ങള്‍ സംഘാടകര്‍ക്കുണ്ടായില്ല. പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ചടങ്ങുതുടങ്ങുന്നതിന് പത്തുമിനിറ്റ് മുമ്പ് പത്‌നീസമേതനായി അദ്ദേഹം ലിഫ്റ്റിലൂടെ രണ്ടാം നിലയിലെ ഹാളിലേക്കെത്തി. ഉദ്ഘാടകനായി എത്താമെന്നേറ്റ പ്രമുഖനടന്‍ വരില്ലെന്നുറപ്പായ നിരാശയില്‍ നിന്ന ഞങ്ങള്‍ക്ക് അതൊരു വലിയ ആശ്വാസമായി. സവിനയം അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സാമാന്യം നല്ലൊരു പ്രസംഗവും നടത്തി, സ്വന്തം ബഹുമതി ഡോ ജോര്‍ജ്ജ് ഓണക്കൂറില്‍ നിന്നു സ്വീകരിച്ച ശേഷം മികച്ച നടനുള്ള ബഹുമതി വിജയരാഘവന് സമ്മാനിക്കാമനും അദ്ദേഹം തയാറായി. ആദ്യാവസാനം ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് അന്ന് മടങ്ങിയത്